Essay

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത്

By Nasim Rahman

March 16, 2023

ഇതാണ് ഫെമിനിസം എന്ന് ഒന്നിനെച്ചൂണ്ടി കണിശമായി പറയാനാവാത്ത രീതിയിൽ ചിതറിക്കിടക്കുകയാണ് ഇന്ന് ആ പ്രത്യയശാസ്ത്രം. എങ്കിലും തുല്യതയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിന്റെ സൃഷ്ടിപ്പിനു വേണ്ടി നിലകൊള്ളുക എന്നതാണ് അതിന്റെ ആപ്തവാക്യം എന്ന് സാമാന്യമായി പറയാം. വിവേചനപരമായ കുടുംബ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് സ്ത്രീക്ക് വിടുതൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങുകയും ആവശ്യങ്ങൾ വിപുലീകരിക്കുകയും പലതായി പിരിയുകയും പലവിധ പ്രത്യയശാസ്ത്രങ്ങളുമായി കൈകോർക്കുകയും കൊമ്പുകോർക്കുകയും എല്ലാം ചെയ്യുന്ന ഫെമിനിസ്റ്റ് ധാരകളെയാണ് ചരിത്രത്തിലും വർത്തമാനത്തിലും കണ്ടെത്താൻ കഴിയുക. സ്ത്രീകളുടേതായി ഫെമിനിസം അവതരിപ്പിച്ചിട്ടുള്ള, അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ പലതും പരിഹാരങ്ങൾ ആവശ്യമുള്ള പ്രശ്നങ്ങൾ തന്നെയാണ് എന്നതിൽ സംശയമില്ല. എന്നാൽ ആ പ്രശ്നങ്ങൾക്ക് ഫെമിനിസം കുറിച്ചുനൽകുന്ന പരിഹാരങ്ങൾ പുതിയ പ്രശ്നങ്ങളായി സ്ത്രീയെ വലയം ചെയ്യുന്ന കാഴ്ചയാണ് കാണാനാവുക. മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങൾക്കൊക്കെ സ്വതസിദ്ധമായുള്ള പരാധീനതകൾ ഫെമിനിസത്തിനു മാത്രമായി ഉണ്ടാകാതിരിക്കുകയില്ലല്ലോ.

ജൂത-ക്രിസ്തു മതങ്ങളുടെ മടിത്തട്ടിൽ വളർന്നു വന്ന യൂറോപ് തത്ഫലമായി സ്വാംശീകരിച്ചിരുന്ന, നിഖില മേഖലകളെയും ചൂഴ്ന്നുനിന്നിരുന്ന സ്ത്രീവിരുദ്ധതയുടെ മണ്ണിലാണ് ഫെമിനിസത്തിന്റെ വേരുകൾ ആഴ്ന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളും ഏറിയതോ കുറഞ്ഞതോ ആയ അളവുകളിൽ സ്ത്രീവിരുദ്ധത പേറുന്നവയാണെന്ന ധാരണ ഫെമിനിസത്തിൽ അന്തർലീനമാണ്. മതങ്ങൾ പൂർണമായി മായ്ക്കപ്പെടണമെന്നുള്ള വാദങ്ങളുടെയും മതത്തിലെ സ്ത്രീവിരുദ്ധമായ [എന്ന് അവർക്കു തോന്നുന്ന] ഭാഗങ്ങൾ മാത്രം മായ്ച്ചുകളഞ്ഞ് പരിഷ്കരിക്കണമെന്നുള്ള ഇസ്‌ലാമിക് ഫെമിനിസം പോലുള്ള, താരതമ്യേന പുതിയ ഫെമിനിസ്റ്റ് ആശയധാരയുടെ വാദങ്ങളുടെയും ഒക്കെ അടിസ്ഥാനം ഈ ധാരണയാണ്.

സ്ത്രീയുടെ അസ്തിത്വത്തിന് അഭിമാനകരമായ പുതിയ മാനങ്ങൾ നിർധരിച്ചുകൊടുത്തു എന്ന ഫെമിനിസ്റ്റ് അവകാശവാദങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു യാത്ര അനിവാര്യമാണ്. ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവകാലത്തെ സ്ത്രീയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയും വളരെ വ്യത്യസ്തയാണെന്ന് നമുക്കറിയാം. എന്നാൽ ഫെമിനിസം നേടിയെന്നു പറയുന്ന പല നേട്ടങ്ങളും നിരുപാധികം നേട്ടങ്ങളാണെന്ന് പറയാൻ നമുക്കാകുമോ? ആത്യന്തികമായ നന്മ സ്ത്രീക്ക് പ്രദാനം ചെയ്യുന്നവയാണോ ഈ നേട്ടങ്ങൾ? ഫെമിനിസത്തിന്റെ തുല്യതയ്ക്കു വേണ്ടിയുള്ള വിളറിപിടിച്ച ഓട്ടം സ്ത്രീ സ്വത്വത്തെ ആവശ്യമുള്ളതിനേക്കാൾ കുറുക്കിക്കളയുകയോ ആവശ്യത്തിലും കവിഞ്ഞ് വലിച്ചുനീട്ടുകയോ ആണ് ചെയ്തിട്ടുള്ളതെന്ന് കാണാനാകും. സ്ത്രീക്കുവേണ്ട ഒരു സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനു പകരം സമൂഹത്തിനു വേണ്ട സ്ത്രീകളെ സൃഷ്ടിച്ചെടുക്കുകയാണ് ഫെമിനിസം ചെയ്യുന്നത്. പല ചൂഷണപ്രത്യയ ശാസ്ത്രങ്ങളുടേയും ചൂണ്ടയിൽ തൊണ്ടകുടുക്കി ഫെമിനിസത്തിന് വിപ്ലവം മുഴക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.

പരിഹാരങ്ങളെക്കുറിച്ചു മാത്രമല്ല സ്ത്രീ പ്രശ്നങ്ങളെക്കുറിച്ചു പോലും ഫെമിനിസത്തിനു വ്യക്തമായ ധാരണയില്ല എന്നതാണ് യാഥാർഥ്യം. സ്ത്രീയുടെ ശാരീരിക സവിശേഷതകൾ അവളുടെ തുല്യതാപോരാട്ടങ്ങളിൽ വിളങ്ങുതടിയാവുന്നതെങ്ങനെയെന്ന് ഫെമിനിസ്റ്റ് ബുദ്ധിജീവികൾ വളരെ വിശദമായി പ്രതിപാദിക്കുന്നത് നമുക്ക് വായിക്കാനാകും. ആർത്തവവും ഗർഭധാരണവും പ്രസവവും മുലയൂട്ടലും ശിശുപരിപാലനവുമെല്ലാം പല രീതിയിൽ സ്ത്രീക്ക് പ്രയാസങ്ങളുണ്ടാക്കുന്നു എന്ന ശരിയിൽ പിടിച്ചുതൂങ്ങി, സ്ത്രീയെ തുല്യതയർഹിക്കുന്ന എല്ലാ ഇടങ്ങളിൽ നിന്നും പിറകോട്ടുവലിക്കുന്ന പ്രതിലോമകരമായ ശക്തിയായി അവയെ അടയാളപ്പെടുത്തുകയും അങ്ങനെ സ്വന്തം അസ്തിത്വത്തിൽ അഭിമാനമില്ലാത്തവരായി സ്ത്രീകളെ മാറ്റിയെടുക്കുകയുമാണ് സ്ത്രീവാദക്കാർ ചെയ്തത്. സ്ത്രീ നേരിടുന്ന വിവേചനങ്ങൾക്ക് ഉത്തരവാദികളായി പുരുഷന്മാരെയും മതങ്ങളേയും പ്രതിഷ്ഠിച്ചാലും, അവളുടെ ശരീരത്തിന് അതിലുള്ള പങ്ക് വിസ്മരിക്കാവതല്ല എന്ന നിഗമനത്തിൽ എത്തുകയായിരുന്നു ഫെമിനിസ്റ്റുകൾ. പുരുഷന്റെ ആസ്വാദനങ്ങൾക്ക് ഇത്തരം “തടസ്സങ്ങൾ” ഇല്ല എന്നും അതാണ്‌ അവനെ “സ്വതന്ത്ര”നാക്കുന്നത് എന്നുമുള്ള കണ്ടെത്തലുകൾ കൂടിയായപ്പോൾ പലതും കുടഞ്ഞെറിയേണ്ടതുണ്ടെന്ന് സ്ത്രീകളെ പഠിപ്പിക്കുകയായി. വിവാഹം, ഭർത്താവ്, കുട്ടികൾ, കുടുംബം തുടങ്ങിയ കെട്ടുപാടുകളിൽ അകപ്പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കുക എന്നത് ശക്തയായ സ്ത്രീയുടെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടു.മാര്‍ക്‌സിസത്തിന്റേയും മുതലാളിത്തത്തിന്റേയും തന്ത്രപരമായ ഒരു സമന്വയമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല ഫെമിനിസം എന്ന് ചിന്തിക്കേണ്ടിവരുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. ഒരേസമയം പീഡിതര്‍ക്കുവേണ്ടി തൊണ്ട കീറുകയും ഒളിവില്‍ പീഡകരെ തലോടുകയും ചെയ്യുന്ന വൈചിത്ര്യങ്ങളുടെ ഒരു മിശ്രിതമാണത്. ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന ആശയാബദ്ധങ്ങളെല്ലാം പെണ്ണിന്റെ പേരില്‍ പുനരവതരിപ്പിക്കുന്നുവെന്നല്ലാതെ സ്ത്രീ സ്വത്വത്തിന്റെ അകക്കാമ്പിനെ പ്രതിനിധീകരിക്കുകയോ ആത്യന്തികമായി അവളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയോ ചെയ്യുന്നില്ല ഫെമിനിസം. ഭൗതികനിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മനുഷ്യകുലത്തിന്റെ അധോഗതിയും പുരോഗതിയും അളക്കുന്ന മാര്‍ക്‌സിസവും മുതലാളിത്തവും മനസ്സിലാക്കാത്തതൊന്നും ഫെമിനിസവും മനസ്സിലാക്കുന്നില്ല; ഈ ആശയങ്ങള്‍ക്കു നിരക്കാത്തതൊന്നും പെണ്ണിന്റെ ആവശ്യമായി ഫെമിനിസ്റ്റുകള്‍ അംഗീകരിക്കുന്നുമില്ല. സ്വകാര്യസ്വത്തിന്റെ സംരക്ഷണത്തിനുവേണ്ടി പുരുഷന്‍ രൂപം നല്‍കിയ ചൂഷണവ്യവസ്ഥയാണ്  കുടുംബം എന്ന് ‘കണ്ടുപിടിച്ച’ മാര്‍ക്‌സിന്റെ ചിന്തകളാണ് ഫെമിനിസത്തിന്റെ ആശയാടിത്തറ. അടിമത്തത്തിന്റെ മറ്റൊരു രൂപമാണ് വിവാഹമെന്ന് പറഞ്ഞുവെച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഫ്രെഡറിക് ഏംഗല്‍സിന്റെ രചനകളില്‍ നിന്നാണ്  ഫെമിനിസത്തിന്റെ സ്ത്രീപക്ഷ(!!) ചിന്തകള്‍ പ്രാരംഭദശയില്‍ വിശദമായി നിര്‍ധരിക്കപ്പെട്ടത്. ചൂഷണമെന്ന പേരില്‍ മാത്രം മനുഷ്യബന്ധങ്ങളെ നിര്‍വചിച്ചു പരിചയിച്ച മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് സ്ത്രീയും പുരുഷനും സ്‌നേഹവും കാരുണ്യവും പങ്കുവെച്ചുകൊണ്ട് ആജീവനാന്തം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കഴിയുന്ന കുടുംബമെന്ന ആശയം ദഹനക്കേടുണ്ടാക്കുക സ്വാഭാവികമാണല്ലോ. ഒരു പാരസ്പര്യവുമില്ലാത്ത രണ്ടു വിപരീതധ്രുവങ്ങളായി ആണിനെയും പെണ്ണിനെയും അടയാളപ്പെടുത്തിയവര്‍ക്ക് കുടുംബത്തെ അംഗീകരിക്കാന്‍ കഴിഞ്ഞാലാണല്ലോ, നാം അത്ഭുതപ്പെടേണ്ടത്! മാര്‍ക്‌സിസത്തേയും കമ്മ്യൂണിസത്തേയും അംഗീകരിച്ചാലും ഇല്ലെങ്കിലും അതിന്റെ ‘ചൂഷണ വീക്ഷണ കോണിലൂടെ’ ലോകത്തെ നോക്കിത്തന്നെയാണ് സ്ത്രീ വിമോചനപ്രസ്ഥാനങ്ങളെല്ലാം ഇന്നും പ്രവര്‍ത്തിക്കുന്നത്.

സ്ത്രീക്കുവേണ്ടി ഇങ്ങനെ സമരം ചെയ്യുന്ന സ്ത്രീവാദികള്‍ പക്ഷേ, മുതലാളിത്തത്തിനു വേണ്ടിയാണ് തങ്ങള്‍ തൊണ്ടകീറെ മുദ്രാവാക്യം വിളിക്കുന്നതെന്ന് അറിയാതെ പോവുന്നു. ‘അടിമച്ചങ്ങല’ പൊട്ടിച്ചെറിഞ്ഞ് കുടുംബത്തിന് പുറത്തേക്കുപോവുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പറുദീസയാണെന്നു കരുതി പ്രവേശിക്കുന്നത് ചോരയും നീരുമൂറ്റുന്ന, ബുദ്ധിയും വിവേകവും പണയം വെപ്പിക്കുന്ന മുതലാളിത്ത തന്ത്രങ്ങള്‍ക്കുള്ളിലേക്കാണ്. വര്‍ധിച്ച ഉത്പ്പാദനവും വിപണനവും മാത്രം ലക്ഷ്യം വെക്കുന്ന മുതലാളിത്തം സാമ്പത്തിക സ്വാതന്ത്ര്യമെന്നും വ്യക്തിത്വ വികസനമെന്നുമെല്ലാമുള്ള പേരുകളില്‍ സ്ത്രീയെ കുടുംബത്തിന് പുറത്തെത്തിക്കുന്നത്, അവളുടെ രക്ഷകനായി സ്വയം അവരോധിക്കുന്നത്, വിശപ്പടക്കാന്‍ ജോലി ചെയ്യുകയെന്നതല്ലാത്ത മറ്റു വഴികളവള്‍ക്കില്ലാതാക്കാനാണ്; ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ശരീരത്തെ ലോകത്തിനുമുന്നില്‍ തുറന്നിടേണ്ടതെങ്ങനെയാണെന്ന് അവളെ പഠിപ്പിക്കാനാണ്; ആസ്വാദനത്തിനു പുതിയ എളുപ്പവഴികള്‍ സൃഷ്ടിച്ച് പുരുഷന്റെ ആസക്തികള്‍ക്കവളെ വിറ്റ് പണം വാരാനാണ്!! മുതലാളിത്തം കുടുംബം നശിപ്പിക്കുന്നത് അത് സ്ത്രീക്കേകുന്ന സംരക്ഷണം ഇല്ലാതാക്കാനാണ്. പുരുഷന്റെ അധ്വാനത്തിന്റെ ഫലങ്ങളാസ്വദിച്ചു ജീവിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളേയും കുടുംബത്തിനു പുറത്തുകൊണ്ടുവന്ന്, ആശ്രയമില്ലാത്തവരാക്കി പണിയെടുപ്പിക്കുകയെന്നതു തന്നെയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ആണിനൊപ്പം പെണ്ണും ജോലി ചെയ്യുമ്പോള്‍ ഉത്പാദനം വര്‍ധിക്കുന്നു; സ്ത്രീയും പുരുഷനും സമ്പാദിക്കുമ്പോള്‍ കമ്പോളത്തില്‍ സാധനങ്ങള്‍ക്കാവശ്യമേറുന്നു, മുതലാളിത്തത്തിന്റെ ആര്‍ത്തി തീരാത്ത കീശ ത്വരിതഗതിയില്‍ വീര്‍ക്കുന്നു. സമൂഹത്തിന്റെ ‘നല്ലപാതി’ വീട്ടില്‍ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്നാല്‍ അപ്രാപ്യമായേക്കുന്ന ഈ വക നേട്ടങ്ങളില്‍ കണ്ണുവെച്ചു തന്നെയാണ് മുതലാളിത്തം ജോലി ചെയ്യാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുന്നത്; പുറത്തിറങ്ങി ജോലി ചെയ്യാത്ത പെണ്ണിനെ ഒരു വിലയുമില്ലാത്തവളാക്കി ഇടിച്ചുതാഴ്ത്തുന്നത്.

ഉദാരലൈംഗികതയ്ക്കു മുതലാളിത്തം നല്‍കുന്ന അളവറ്റ പ്രോത്സാഹനത്തിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. ഉദാരലൈംഗികത ആണിനെ ഒരു ഭര്‍ത്താവിന്റെ കടമകള്‍ വഹിപ്പിക്കുന്നില്ല. പെണ്ണിനെയോ മക്കളെയോ കരുതലോടെ പോറ്റണമെന്ന് പുരുഷനോട് ആവശ്യപ്പെടുന്നില്ല. നിയമപരമോ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ ഒരു സംരക്ഷണവും ലൈംഗികാസ്വാദനപ്രധാനമായ ഈ ‘അത്യുദാരബന്ധം’ പ്രദാനം ചെയ്യില്ല എന്നതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ കൂലിത്തൊഴിലാളിയോ വില്‍പനച്ചരക്കോ ആവാതെ സ്ത്രീക്ക് ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനാവില്ല. പെണ്ണിനെ പണിയെടുപ്പിക്കുകയും ആണിനെ പരമാവധി ആസ്വദിപ്പിക്കുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ സൃഗാലബുദ്ധിയുടെ സന്താനം തന്നെയല്ലേ സ്ത്രീകളെ കമ്പോളത്തിലേക്ക് ‘വിമോചിപ്പിച്ചെടുക്കുന്ന’ ഫെമിനിസ്റ്റ് പ്രസ്ഥാനവും? സ്വന്തം ഇണയ്ക്കുമുമ്പില്‍ ശരീരം സമര്‍പ്പിക്കുന്നത് അടിമത്തവും നാട്ടിലെ മുഴുവന്‍ ആണുങ്ങള്‍ക്കുമുമ്പിലും തുണിയുരിഞ്ഞാടുന്നത് സ്വാതന്ത്ര്യവുമെന്ന് പാടുന്ന മുതലാളിത്തത്തിനൊപ്പമല്ലേ താളം പിഴയ്ക്കാതെ ഫെമിനിസ്റ്റുകളും ഏറ്റുപാടുന്നത്? മുതലാളിത്തത്തിനു ഭീഷണിയില്ലാത്തിടത്തോളം കാലം സ്ത്രീകളുടെ ‘വഴിവിട്ട’ ജീവിതത്തിനെതിരെ തങ്ങളുടെ ചെറുവിരലെങ്കിലും അനക്കാന്‍ ഫെമിനിസ്റ്റുകള്‍ക്കു ‘നിര്‍ദേശം’ ലഭിക്കുമെന്നു തോന്നുന്നില്ല. ‘വഴിയില്‍ തെളിക്കപ്പെടുന്ന’ ജീവിതമല്ല, ‘വഴിവിട്ട’ ജീവിതമാണ് വിമോചനത്തിലേക്കും വികസനത്തിലേക്കുമുള്ള വഴിയെന്ന് നാടുനീളെ പ്രഘോഷിക്കാന്‍ തന്നെയാണ് മുതലാളിത്തം ഫെമിനിസത്തെ ഓമനിച്ചു വളർത്തുന്നത്. പരിശുദ്ധിയും പാതിവ്രത്യവും കാത്തുസൂക്ഷിക്കുന്നത് ‘അപരിഷ്‌കൃത’മാണെന്ന് മുതലാളിത്ത മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഫലമായി തെറ്റുധരിച്ചിട്ടുള്ള ഫെമിനിസ്റ്റുകള്‍, സ്ത്രീസ്വാതന്ത്ര്യവര്‍ത്തമാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഒളിയമ്പിനെ കൂർമബുദ്ധികൊണ്ടല്ലാതെ തിരിച്ചറിയാൻ കഴിയാത്ത ഭീതിതമായൊരു സാഹചര്യത്തില്‍ തന്നെയാണ് തങ്ങളും പുലരുന്നതെന്ന് മനസ്സിലാക്കണം.

സ്ത്രീ ആരെന്നും യഥാര്‍ത്ഥ സ്ത്രീവിമോചനമെന്തെന്നും അതു തേടുകയും നേടുകയും ചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാതെ പോയതാണ് സ്ത്രീവാദികളുടെ അടിസ്ഥാന പിഴവ്. മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളെ അളവറ്റ് ആശ്രയിക്കുകയും കണ്ണടച്ച് പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ് അത്യന്തം സ്ത്രീവിരുദ്ധമായ ആശയങ്ങളെ സ്ത്രീപക്ഷമെന്ന് തെറ്റുധരിച്ച് പിന്തുടരേണ്ടി വരുന്നത്. പരിപൂര്‍ണമായും വേറിട്ടുനിന്നുകൊണ്ടൊരസ്തിത്വ രൂപീകരണം സ്ത്രീക്കോ പുരുഷനോ സാധ്യമല്ലെന്നും പാരസ്പര്യത്തില്‍ മാത്രം പൂര്‍ണത കൈവരിക്കാനാവുന്ന, ദൈവത്തിന്റെ സവിശേഷ സൃഷ്ടികളാണ് അവരെന്നും അറിഞ്ഞ് അംഗീകരിക്കാത്തതിനാലാണ് അവകാശങ്ങളെയും കടമകളെയും ചൊല്ലിയുള്ള അങ്ങാടിപ്പോരിന് നീതിയുക്തമായൊരു പരിഹാരം കാണാന്‍ ഫെമിനിസ്റ്റുകള്‍ക്ക് സാധിക്കാത്തത്.

ആണിനേയും പെണ്ണിനേയും ഒരേ ആത്മാവില്‍നിന്നു സൃഷ്ടിക്കുകയും അവരുടെ കഴിവുകളും കഴിവുകേടുകളും കടമകളും അവകാശങ്ങളുമെല്ലാം മറ്റാര്‍ക്കും കഴിയാത്ത ആഴത്തില്‍ അറിയുകയും ചെയ്യുന്ന ലോക രക്ഷിതാവായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്കെല്ലാം ഉത്തരം കിട്ടാത്തൊരു സമസ്യയായി മാത്രമേ ജീവിതത്തെ ദര്‍ശിക്കാനാവുകയുള്ളു. വളച്ചുകെട്ടലുകളില്ലാതെ, വൈരുദ്ധ്യങ്ങളുടെ കൂട്ടിക്കലര്‍ത്തലുകളില്ലാതെ, ആണാരാണെന്നും പെണ്ണാരാണെന്നും തുറന്നുപറയുകയും അവര്‍ എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും വ്യക്തമാക്കുകയും ചെയ്തുകൊണ്ടാണ് ഇസ്‌ലാം എല്ലാവിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും തടയിടുന്നത്. അര്‍ഹിക്കുന്ന അവകാശങ്ങള്‍ ആണിനും പെണ്ണിനും അനുവദിച്ചുകൊടുത്തുകൊണ്ട് രണ്ടു സ്വതന്ത്ര വ്യക്തികളായി അവരെ അംഗീകരിക്കുന്നതോടൊപ്പം പരസ്പരമുള്ള കടമകള്‍ കൊണ്ട് അവരിരുവരെയും കൂട്ടിയിണക്കുക കൂടിയാണ് ദൈവികമതം ചെയ്യുന്നത്. സ്ത്രീ ഇരയാക്കപ്പെടാനുള്ള, പുരുഷനാല്‍ വേട്ടയാടപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക വഴിയാണ് സ്ത്രീ സ്വാതന്ത്ര്യവും മാന്യതയുമെല്ലാം ഇസ്‌ലാം സംരക്ഷിക്കുന്നത്.

പൗരാണികവും ആധുനികവുമായ മതങ്ങളും ദര്‍ശനങ്ങളുമെല്ലാം പെണ്ണിനെ വെറുമൊരു ഭോഗവസ്തുവും പുരുഷാസ്വാദനത്തിനുള്ള കേവലോപാധിയുമായി ചുരുക്കാന്‍ മത്സരിക്കുന്നിടത്തുനിന്നാണ് സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ഇസ്‌ലാം വാചാലമാകുന്നത്. സ്ത്രീയുടെ അവകാശ ധ്വംസനത്തിന് നേതൃത്വം കൊടുക്കാന്‍ എല്ലാ കാലത്തും പുരുഷാധിപത്യ ശക്തികള്‍ ശ്രമിക്കുമെന്നുള്ളതുകൊണ്ടാണ് ഏറിയ ജാഗ്രതയില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ പെണ്ണവകാശങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുണര്‍ത്തുന്നത്. സ്ത്രീ വിമോചനത്തിന്റെ നേര്‍വഴിയാതെ നട്ടം തിരിയുന്ന ഫെമിനിസ്റ്റുകള്‍ വഴി തിരിയേണ്ടത് മാനവര്‍ക്കു മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിച്ച പരിശുദ്ധ ക്വുര്‍ആനിലാണ്, വനിതകളുടെ വിമോചകനായ മുഹമ്മദ് നബി (സ)യുടെ അധ്യാപനങ്ങളിലാണ്. ജീവിക്കാന്‍ പോലും അവകാശമില്ലാതിരുന്ന അറേബ്യയിലെ സ്ത്രീകളെ ലോകര്‍ക്കുമുഴുവന്‍ മാതൃകയായ സ്വഹാബീ വനിതകളായി ഉയര്‍ത്തിയെടുത്ത പ്രവാചകന്റെ (സ) ജീവിതത്തില്‍ തന്നെയാണ് സ്ത്രീവിമോചനത്തിന്റെ ഉത്തമ മാതൃക നാം അന്വേഷിക്കേണ്ടത്. സ്ത്രീക്ക് യാതൊരു വിധ സ്വാതന്ത്ര്യവും അനുവദിക്കേണ്ടതില്ലെന്ന മനുസ്മൃതിയിലെ പ്രഖ്യാപനവും ആദിപാപത്തിനു പ്രേരണ ചെലുത്തുക വഴി മനുഷ്യകുലത്തിന്റെ മുഴുവന്‍ കളങ്കങ്ങള്‍ക്കും കാരണക്കാരി സ്ത്രീയാണെന്ന ക്രിസ്തുമത ദര്‍ശനവും ശരീരത്തിന്റെ നിമ്‌നോന്നതികളുടെ അളവെടുത്ത് മാത്രം സ്ത്രീയുടെ മൂല്യം കണക്കാക്കുന്ന മുതലാളിത്ത രീതിശാസ്ത്രവും പരിഗണിക്കാന്‍ മടിക്കുന്ന സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന മതമാണ് ഇസ്‌ലാം. പെണ്ണിനെ ഉപയോഗിച്ച് ആണിനെ ‘മയക്കുന്ന കറുപ്പല്ല’, അവളെ സംരക്ഷിക്കുമെന്ന പരിപൂര്‍ണ ഉറപ്പാണ് ഇസ്‌ലാം. പഠിക്കാനും ചിന്തിക്കാനും വിമര്‍ശിക്കുവാനും സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുവാനും സ്വത്തു സമ്പാദിക്കാനും അനന്തര സ്വത്തിന് അവകാശിയായിത്തീരാനും ഇണയെ തെരഞ്ഞെടുക്കുവാനുമെല്ലാമുള്ള അവകാശങ്ങള്‍ ഇസ്‌ലാം സ്ത്രീക്കേകുന്നു. വിമര്‍ശനങ്ങള്‍ക്കവസരമില്ലാത്തവിധം സ്ത്രീക്കുവേണ്ടി ഇസ്‌ലാം നിലകൊണ്ടിട്ടും മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടി ചിലര്‍ ഇപ്പോഴും പൊഴിക്കുന്ന കണ്ണീരിന് ഫലിക്കാതെ പോയ സാമ്രാജ്യത്തോപായങ്ങളുടെ നിറമാണ്.

സ്ത്രീ സുരക്ഷയ്‌ക്കെന്നും പറഞ്ഞ് മനുഷ്യമസ്തിഷ്‌കത്തിന്റെ പരിമിതികള്‍ പടച്ച നിയമങ്ങള്‍ ഒടുക്കമില്ലാത്ത ചൂഷണങ്ങള്‍ക്കവളെ വിധേയയാക്കുകയോ താന്‍പോരിമയുടെ ഉത്തുംഗതയിലവളെ പ്രതിഷ്ഠിക്കുകയോ ചെയ്യാന്‍ മാത്രം ഉതകുന്നവയാണെന്നല്ലേ നമ്മുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്? പക്ഷം ചേര്‍ന്നുള്ള നിയമങ്ങളും വൈകാരികമായ കണക്കെടുപ്പുകളും പക്ഷം ചേരാതെ നീതി വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ തന്നെയല്ലേ വിഡ്ഢികള്‍?!

ആശയത്തിലും പ്രവർത്തനത്തിലും തുലോം വ്യത്യസ്തമായ ഫെമിനിസ്റ്റ് ധാരകൾ ഉണ്ടായിക്കൊണ്ടിരിക്കുക എന്ന പ്രക്രിയ ഇനിയുമിനിയും തുടർന്നുകൊണ്ടിരിക്കും. മനുഷ്യസ്വത്വം തന്നെ പുതിയ നിർവചനങ്ങളിലേക്ക് ചേക്കേറുന്ന വാർത്തമാനകാലത്ത് ട്രാൻസ് വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിക്കൂടി പോരാടുന്ന ട്രാൻസ് ഇൻക്ലൂസീവ് ഫെമിനിസ്റ്റുകളും ട്രാൻസ് വനിതകളെ സ്ത്രീകളായി പരിഗണിച്ചുകൂടെന്ന് വാദിക്കുന്ന ജെൻഡർ ക്രിറ്റിക്കൽ ഫെമിനിസ്റ്റുകളും ഇപ്പോൾ തന്നെ വിരുദ്ധ ചേരികളിൽ അവകാശപോരാട്ടങ്ങളിലാണ്. പുതിയ സ്വത്വ പരികല്പനകളിൽ അടയാളപ്പെടുത്തപ്പെടുന്ന സ്ത്രീയുടെ ആവശ്യങ്ങളും അവകാശങ്ങളും പുതിയതായിത്തീരും. LGBTQA+ പ്രത്യയശാസ്ത്രങ്ങൾ സ്വപ്നം കാണുന്ന മഴവിൽ ലോകത്ത് ഏഴല്ല എഴുപതിനായിരം വൈവിധ്യങ്ങളിലാണ് പ്രശ്നങ്ങൾ കൊടിനാട്ടുക എന്നത് ഫെമിനിസത്തിന് ഇനിയും പല രൂപമാറ്റങ്ങളും ആവശ്യമായി വരുമെന്നതിന്റെ സൂചന കൂടിയാണ്. അന്ന് ഫെമിനിസത്തെ നിർവചിക്കുക എന്നത് ഇന്നത്തേതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എങ്ങനെ നിർവചിച്ചാലും സങ്കീർണതകളുടെ അറ്റമില്ലാത്ത കയങ്ങളിലേക്കാണ് അത് സ്ത്രീയെ കൈപിടിച്ച് ആനയിക്കുകയെന്ന് മനസ്സിലാക്കാൻ ഇതുവരെ നാം പഠിച്ച പാഠങ്ങൾ നമുക്ക് മതിയാവുകയില്ലെന്നോ?!!