Review

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം

By Nasim Rahman

September 28, 2021

1953ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ, വടകര ജുമഅത്ത് പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ദർസിന്റെ സമീപത്ത് മുസ്‌ലിം ലീഗിന്റെ പൊതുയോഗം നടക്കുകയുണ്ടായി. സമുദായ രാഷ്ട്രീയ വഴിയിൽ നക്ഷത്രശോഭ വിതറിയ സി.എച്ച്. മുഹമ്മദ് കോയ എന്ന മഹാ തേജസ്വിയെ എം.സി. വടകര എന്ന തൂലികാനാമത്തിൽ ലീഗ് രചന-സാഹിത്യ വൃത്തങ്ങളിൽ പ്രശസ്തനായ എം. സി. ഇബ്രാഹിം ആദ്യമായി കാണുന്നത് അവിടെവച്ചാണ്. തന്റെ നിറയൗവനത്തിന്റെ മൂർദ്ധന്യതയിൽ ആവേശം സ്ഫുരിക്കുന്ന സ്വരത്തിലും സ്ഫുടതയിലും മുസ്‌ലിം ലീഗ് ദർശനത്തെക്കുറിച്ച് സി. എച്ച് നടത്തിയ തീപ്പൊരിപാറുന്ന വാഗ്ധോരണി എം.സിയുടെ കൗമാര മനസ്സിനെ വല്ലാതെ ആകർഷിക്കുകയുണ്ടായി. പിന്നീട് കാലങ്ങൾക്ക് ശേഷം ബാഫഖി തങ്ങളുടെ ഒരു സ്ഥാപനത്തിൽ വെച്ചാണ് സി.എച്ചുമായി എം.സി നേരിട്ട് സംസാരിക്കുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് അയച്ച ഒരു ചെറുകഥ പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്നാണ് സി. എച്ചിനോട് എം. സി ആദ്യമായി നടത്തിയ സംസാരത്തിന്റെ സംഗ്രഹം.

തന്റെ എഴുത്തു ജീവിതത്തിൽ സി. എച്ചിന്റെ പരിലാളന എം. സിക്ക് പിന്നീട് വേണ്ടുവോളം ലഭിച്ചു. അക്ഷരങ്ങൾക്ക് അഴക് വർധിപ്പിച്ചുകൊണ്ട് സമുദായ രാഷ്ട്രീയത്തെ തൂലികയുപയോഗിച്ച് സമുദ്ധരിക്കാൻ എം.സിയെ പ്രേരിപ്പിച്ചതും സി.എച്ചിന്റെ പ്രചോദനമായിരിക്കാം.

വായന, എഴുത്ത്, സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷത്തിന്റെയത്ര മുന്നോട്ടു പോകുവാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ല. ലീഗിന്റെ ചരിത്രം പോലും വരമൊഴിക്ക് പകരം വാമൊഴിയിൽ നിന്നാണ് ജനങ്ങൾ മനസ്സിലാക്കിയിരുന്നത്. ഈ ബോധ്യമാണ് ‘സി. എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ എന്ന പുസ്തകത്തിന്റെ രചനയിലേക്ക് എം. സിയെ എത്തിച്ചത്. റഹീം മേച്ചേരി ആയിരുന്നു ആ ദൗത്യത്തിനു പിന്നിലെ പ്രധാന ചാലകശക്തി.

സി.എച്ചിന്റെ വ്യക്തിത്വം മാത്രം വിശദീകരിക്കുന്ന ശൈലിയല്ല ഈ പുസ്തകത്തിന്റേത്. മറിച്ച് സി. എച്ചിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള മുസ്‌ലിം ലീഗിന്റെ ചരിത്രം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സി. എച്ച് ജീവിച്ചകാലഘട്ടത്തിലെ ഇൻഡ്യൻ രാഷ്ട്രീയം, വിശിഷ്യാ കേരള രാഷ്ട്രീയം ലീഗ് ദർപ്പണത്തിലൂടെ കാണാൻ ശ്രമിക്കുകയാണ് ഈ പുസ്തകം എന്ന് പറഞ്ഞാലും തെറ്റില്ല. 1983 വരെയുള്ള, അഥവാ സി.എച്ച് മരണപ്പെടുംവരെയുള്ള ഇന്ത്യൻ രാഷ്ട്രീയ നഭോമണ്ഡലത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങൾ ഒന്നും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്താൻ എം. സി മറന്നു പോയിട്ടില്ല.

“മലയാള കവിതയ്ക്കും നോവലിനും വെച്ച മഷികൊണ്ട് രാഷ്ട്രീയവും ചരിത്രവും വരക്കുന്ന എഴുത്തുകാരൻ” എന്ന് ചന്ദ്രിക മുൻ പത്രാധിപർ സി. പി. സൈതലവി എം.സി. വടകരയെ വിശേഷിപ്പിച്ചതോർക്കുന്നു. ‘സി. എച്ച്. മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ വായിച്ചവർക്ക് സി.പി. സൈതലവിയുടെ പ്രസ്താവനയിൽ തെല്ലും അതിശയോക്തി ഇല്ല എന്ന് ബോധ്യപ്പെടും. അത്രയും മനോഹരമായ ഭാഷാപ്രയോഗങ്ങളും, ഭാവനാത്മകതയും ഉപയോഗിച്ചാണ് ഈ രചന നിർവഹിക്കപ്പെട്ടിട്ടുള്ളത്. ഒരു ഉദാഹരണം, സി. എച്ച്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മുഹൂർത്തം എം. സി അവതരിപ്പിക്കുന്നതിങ്ങനെയാണ് : “ചരിത്രപ്രസിദ്ധമായ ഒക്ടോബർ 12. അതൊരു വെള്ളിയാഴ്ച്ചയായിരുന്നു. ലോകത്തിലെ പല സുപ്രധാന സംഭവങ്ങളും നടന്നിട്ടുള്ളത് വെള്ളിയാഴ്ചകളിലാണ്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ തുല്യമായൊരധ്യായം ഇതൾവിടരുന്നത് കണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിടർന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും മുസ്‌ലിം ലീഗ് പ്രവർത്തകർ കിട്ടാവുന്ന വാഹനങ്ങളിൽ തിരുവനന്തപുരത്തേക്ക് കുതികുതിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഒരു മുസ്‌ലിം ലീഗുകാരൻ മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ”. സി. എച്ച് മന്ത്രിസഭയുടെ രാജി അടയാളപ്പെടുത്തുന്നത് ഇങ്ങനെ: “തന്റെ മന്ത്രിസഭയുടെ അവസാനത്തെ യോഗം ചേർന്നതിനുശേഷം ഡിസംബർ ഒന്നാം തീയ്യതി മുഖ്യമന്ത്രി സി. എച്ച് മന്ത്രിസഭയുടെ രാജി ഗവർണ്ണർക്ക് സമർപ്പിച്ചു. അന്ന് മുഹറം പത്തായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ അനേകം ദു:ഖസംഭവങ്ങളുടെ സ്മരണകൾ തുടിക്കുന്ന ദിനം”.

സി. എച്ചിന്റെ ജീവചരിത്രവും, ലീഗിന്റെ രാഷ്ട്രീയചരിത്രവും, ലീഗിന്റെ തത്വങ്ങളും, കേരളത്തിലെ മുന്നണി രാഷ്ട്രീയവും എല്ലാം ഉൾപ്പെടുത്തിയുള്ള ഒരു ‘ഹിസ്റ്റോറിക്കൽ ഫിക്ഷൻ’ ആയിട്ടാണ് ഈ ഗ്രന്ഥം വായനക്കാരന് അനുഭവപ്പെടുക.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് സി.എച്ചിന്റെ ജനനവും ബാല്യവും വിശദീകരിക്കുന്നതിനൊപ്പം അധിനിവേശാനന്തര ഇൻഡ്യയിലെ മോഹങ്ങൾ പോലും മരവിച്ചു പോയ മുസ്‌ലിം ജനവിഭാഗത്തിന്റെ സംഘർഷങ്ങൾ ഇരമ്പുന്ന ജീവിതസ്ഥലികളെ വിശദീകരിക്കുന്നുണ്ട്. സ്വാതന്ത്രത്തിന്റെ “സ്വർണരശ്മികൾ ഉദയം ചെയ്തിട്ടും നിറഞ്ഞമനസ്സോടെ പുഞ്ചിരിക്കാൻ ഞങ്ങൾക്കായില്ല. സ്വാതന്ത്ര്യത്തോടൊപ്പം കുത്തിയൊലിച്ചത് ചോരപ്പുഴകളായിരുന്നു. ആ പുഴകളിലൂടെ പൊങ്ങു തടികൾ പോലെ ഒഴുകിയൊലിച്ചുപ്പോയത് ഞങ്ങളുടെ തലകളായിരുന്നു”- എം.സിയുടെ വൈകാരികമായ അവതരണം.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തപ്പെട്ടതിനെത്തുടർന്ന് അഭൂതപൂർവ്വമായ കൂട്ടക്കൊലക്ക് വിധേയമായ മുസ്‌ലിം സമുദായത്തിന്റെ ചിത്രവും, സർ സയ്യിദിന്റെ ഇടപെടലുകളും, അദ്ദേഹത്തിന്റെ ദർശനങ്ങൾ ‘മുസ്‌ലിം ലീഗ് ‘ ആയി പിൽക്കാലത്ത് മാറിയതും, എം.സി വിവരിക്കുന്നുണ്ട്. അതിനിടയിലൂടെ സി. എച്ചിന്റെ ജീവിതം പറയാൻ വിട്ടുപോകുന്നുമില്ല. കേരളത്തിൽ മുസ്‌ലിം ലീഗ് വേരുറച്ചതും വിശദമായിത്തനെ പ്രതിപാദിക്കുന്നുണ്ട്.

സി. എച്ചിന്റെ വികാരമായിരുന്ന ‘ചന്ദ്രിക’ യെക്കുറിച്ച് ഒരധ്യായം തന്നെയുണ്ട്. ചന്ദ്രികയാണ് മലബാറിൽ മുസ്‌ലിം ലീഗിന്റെ രൂപവൽക്കരണത്തിന് കളമൊരുക്കിയത് എന്ന രീതിയിലാണ് എം.സി വിവരിക്കുന്നത്. 1932ൽ തലശ്ശേരിയിൽനിന്ന് ഒരു സ്വതന്ത്രവാരികയായി തുടങ്ങിയ ചന്ദ്രികയുടെ വൃത്തപരിധി വികസിപ്പിക്കാൻ സി. എച്ച് നിർവഹിച്ച സേവനങ്ങളും സ്മരിക്കുന്നുണ്ട്.

1942 ഒക്ടോബറിൽ കൊയിലാണ്ടി ശാഖ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ആയതു മുതൽ 1983 സെപ്റ്റംബറിൽ മരണപ്പെടുന്നത് വരെ സി.എച്ച് വഹിച്ച പദവികളും സാരഥ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒന്നു പോലും വിടാതെ പറയുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. തോൽവി ഉറപ്പായ മണ്ഡലങ്ങളിൽ പോലും അനായാസമായി ജയിച്ചു കയറിയ സി.എച്ചിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ പോവുമ്പോൾ ആ വ്യക്തിപ്രഭാവം വായനക്കാരന് ബോധ്യമാവും.

സമുദായ പുരോഗതിയെക്കുറിച്ച് സ്വപ്നം കാണാൻ സി. എച്ചിനെ പ്രേരിപ്പിച്ചത് സർ സയ്യിദാണെന്ന് ഈ പുസ്തകത്തിലെ വരികളിൽ നിന്ന് മനസ്സിലാക്കാം. മുസ്‌ലിംകളുടെ ഒരു കോളേജ് പോലും അക്കാലത്ത് ഇല്ലാതിരുന്ന തിരുകൊച്ചിയിലെ സമുദായ നേതാക്കളെ വിമർശിച്ചും ശാസിച്ചും ചന്ദ്രികയിൽ സി.എച്ച് എഴുതിയ മുഖ പ്രസംഗത്തിലെ ഒരു ഭാഗം ‘തിരുകൊച്ചി കാര്യങ്ങൾ ‘ എന്ന അധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. ‘ഒരു മുസ്‌ലിം കോളേജിന്റെ ആവശ്യകത’ എന്ന തലക്കെട്ടിലുള്ള പ്രസ്തുത മുഖപ്രസംഗം വായിക്കുമ്പോൾ അലിഗഡ് എം. എ. ഒ കോളേജിലെ യോഗങ്ങളിൽ സർ സയ്യിദ് നടത്തിയിരുന്ന പ്രസംഗങ്ങളാണ് ഓർമ്മവരിക. സർ സയ്യിദിന്റെ സ്വപ്ന സാക്ഷാത്കാരമാണ് വിദ്യഭ്യാസ മന്ത്രിയായിരുന്നപ്പോൾ സി.എച്ച് കൊണ്ടുവന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി, മമ്പാട് കോളേജ്, കൊല്ലം ടി. കെ. എം. കോളേജ്, എടത്തല അൽ അമീൻ കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, മണ്ണാർക്കാട് കല്ലടി കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് അടക്കം 13 കോളേജുകൾ.

കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ സ്ഥാനം മുതൽ കേരള മുഖ്യമന്ത്രി വരെയുള്ള മുഴുവൻ അവസരങ്ങളെയും ഒരു ഷാർപ്പ് ഷൂട്ടറെപ്പോലെ സമുദായത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് പ്രയോജനപ്പെടുത്തിയ സി. എച്ചിന്റെ ഇടപെടലുകൾ ഈ ഗ്രന്ഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കാണാം. അവകാശങ്ങൾക്കും നീതിക്കും വേണ്ടി പൊരുതാൻ ഒട്ടും അലസത കാണിച്ചില്ല. സ്വസമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടിയപ്പോഴും ഇതരസമുദായങ്ങളെ ഒരിക്കൽപോലും അദ്ദേഹം നോവിച്ചില്ല.

സി. എച്ച് രംഗത്ത് വരുമ്പോഴുണ്ടായിരുന്ന മുസ്‌ലിം സമുദായത്തിന്റെ സ്ഥിതിയും അദ്ദേഹം വിടവാങ്ങിയപ്പോൾ സമുദായം എത്തിനിന്ന സ്ഥിതിയും തമ്മിൽ എത്ര വലിയ അന്തരമാണുള്ളതെന്ന് പുസ്തകത്തിന്റെ അവസാന പേജിൽ എം. സി ചോദിക്കുന്നുണ്ട്. സമുദായത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആ സമർപ്പിത തേജസിന്റെ കർമ്മ വ്യഗ്രമായ രാഷ്ട്രീയ ജീവിതം വായനക്കാരനെ ബോധ്യപ്പെടുത്താൻ ഈ ഒരൊറ്റ ചോദ്യത്തിന് കഴിയും.

1985 ൽ ഹരിത ബുക്സും, 1996 ൽ റിയാദിലെ സി. എച്ച് സ്മാരകവേദിയും 2007 ൽ കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും , 2013ൽ ഒലീവ് ബുക്സും പുറത്തിറക്കിയ ‘സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ ഗ്രെയ്സ് ബുക്സ് 2019 പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഗ്രെയ്സ് ബുക്സിന്റെ മൂന്നാം പതിപ്പ് 2021 ൽ പുറത്തിറങ്ങിയിട്ടുണ്ട്.