പ്രഭാപർവം

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ

By Admin

February 23, 2019

വിജയമാണ്‌ മനുഷ്യരെല്ലാം തേടുന്നത്‌. സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌, ആഗ്രഹങ്ങളുടെ സാഫല്യമാണ്‌, മോഹിപ്പിക്കുന്ന നേട്ടങ്ങളാണ്‌, വിജയമെന്ന് പറയാം. ഇഹലോകത്തും പരലോകത്തും വിജയങ്ങൾ കൊതിക്കുന്നവരാണ്‌ നമ്മളെല്ലാം. ‘എങ്ങനെ വിജയിക്കാം’ എന്ന് പഠിപ്പിക്കുന്ന ‘സെൽഫ്‌-ഹെൽപ്‌’ പുസ്തകങ്ങൾക്കാണ്‌ ഇന്ന് ഏറ്റവുമധികം വായനക്കാർ ഉള്ളത്‌. പക്ഷേ ‘സ്വയം-സഹായം’ കൊണ്ടുമാത്രം ആരും ഒരിടത്തും വിജയിക്കാൻ പോകുന്നില്ലെന്ന് വിനയാന്വിതരായി തിരിച്ചറിയുന്നവരാണ്‌ വിശ്വാസികൾ. സ്രഷ്ടാവും ഉടയവനും പരമാധികാരിയും സർവശക്തനും സമ്പൂർണാർത്ഥത്തിൽ ഏകനും ആയ അല്ലാഹുവിന്റെ കരുണയെയും സഹായത്തെയും ആശ്രയിച്ചുകൊണ്ടല്ലാതെ ഒരു ചെറുകിനാവ്‌ പോലും യാഥാർത്ഥ്യമാക്കാനാകാത്ത അതിനിസ്സാരരാണല്ലോ‌‌ മനുഷ്യർ. അതുകൊണ്ടുതന്നെ, ഓരോ അനക്കത്തിലും, ‘എനിക്ക്‌ കഴിയില്ല റബ്ബേ, നീ മാത്രമാണ്‌ കഴിയുന്നവൻ, എന്നെ സഹായിച്ചാലും’ എന്ന മനോഭാവം ഘനീഭവിച്ചുനിൽക്കുന്നവരാണ്‌ ഭാഗ്യവാന്മാർ. അവർക്കാണ്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ കഴിയുക, പ്രാർത്ഥിക്കുന്നവർക്ക്‌ മാത്രമാണ്‌ ജയിക്കാനാവുക, കാരണം അവരെ മാത്രമാണ്‌ റബ്ബ്‌ പരിഗണിക്കുക. ‘നിങ്ങളുടെ പ്രാർത്ഥനകൾ ഇല്ലായിരുന്നെങ്കിൽ എന്റെ റബ്ബ്‌ നിങ്ങളെ പരിഗണിക്കുകയേ ഇല്ലായിരുന്നു’ എന്ന് പ്രഖ്യാപിക്കാൻ മുഹമ്മദ്‌ നബിയോട്‌ അല്ലാഹു ഖുർആനിൽ ആവശ്യപ്പെടുന്നുണ്ട്‌ (25: ഫുർഖാൻ: 77).

മനുഷ്യൻ തന്റെ നില തിരിച്ചറിയുകയും അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കുകയും ചെയ്താൽ പ്രാർത്ഥന ജീവിതത്തിന്റെ ഭാഗമാകും; ആവശ്യങ്ങളോരോന്നും എണ്ണിപ്പറഞ്ഞ്‌ റബ്ബിനോടിരക്കുന്നത്‌ ശീലമാകും. അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുക എന്നുപറയുന്നതിന്റെ മുഖ്യമായ താൽപര്യം അല്ലാഹുവിനെ വിളിച്ച് ഇങ്ങനെ‌ സഹായങ്ങൾ തേടുകയാണ്‌. ‘പ്രാർത്ഥന-അതാകുന്നു ഇബാദത്ത്‌’ എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്‌. (അഹ്‌മദ്‌). ഇത്‌ പറഞ്ഞയുടനെ പ്രവാചകൻ ‘നിങ്ങളുടെ റബ്ബ്‌ പറയുകയും ചെയ്തിരിക്കുന്നു: നിങ്ങൾ എന്നെ വിളിച്ചുപ്രാർത്ഥിക്കുക, ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകും. നിശ്ചയം എനിക്ക്‌ ഇബാദത്ത്‌ ചെയാതെ അഹങ്കാരം കാണിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും’ എന്ന ആശയമുള്ള ഖുർആൻ വചനം (40: ഗാഫിർ: 60) പാരായണം ചെയ്യുന്നുണ്ട്‌. ആവശ്യങ്ങൾ നിവർത്തിച്ചുകിട്ടാൻ അല്ലാഹുവിനോട്‌ അപേക്ഷിക്കാതിരിക്കുന്നത്‌ നരകപ്രവേശം നിർബന്ധമാക്കുന്ന കൊടിയ ഔദ്ധത്യമാണെന്ന് ഈ ഖുർആൻ ഭാഗത്തിൽ നിന്ന് മനസ്സിലാക്കാം. തനിക്ക്‌ താൻ മതിയായവനാണെന്നോ അല്ലാഹുവിനോട്‌ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നോ ഉള്ള വിചാരം വരുമ്പോഴാണല്ലോ പ്രാർത്ഥനകൾ അന്യം നിന്ന് പോകുന്നത്‌. അത്തരം ഒരവസ്ഥ കുഫ്‌ർ ആയി മാറുന്ന അഹങ്കാരമല്ലാതെ മറ്റെന്താണ്‌! മനുഷ്യന്‌ സഹായം ചോദിക്കാൻ അല്ലാഹുവിനുപുറമെ വേറെയും അദൃശ്യശക്തികൾ ഉണ്ടെന്ന വിശ്വാസം ഇബാദത്തിലെ ശിർക്ക്‌ ആയിത്തീരുന്നു. അല്ലാഹു അല്ലാത്തവരെ വിളിക്കാതെ ശിർക്കിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ട്‌ മാത്രമായില്ല, ഉത്തരം കിട്ടും എന്ന ദൃഢബോധ്യത്തോടെ അല്ലാഹുവിനെ വിളിച്ചുകൊണ്ടേയിരിക്കണം തൗഹീദിന്റെ മധുരം അനുഭവിക്കാൻ. അല്ലാഹുവുമായുള്ള ആ ജൈവബന്ധമാണ്‌, ഇബാദത്ത്‌ എന്ന നിലയിൽ ഈ ആയത്ത്‌ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്‌.

‌തന്നോട്‌ ചോദിക്കുന്നവരെ ഇഷ്ടപ്പെടുകയും ചോദിക്കാതിരിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു. മറ്റുള്ളവർ സഹായാഭ്യർത്ഥനകളുമായി വളയുന്നത്‌ സ്വൈരക്കേടും ശല്യവുമായി തോന്നുക മനുഷ്യർക്കാണ്‌. താബിഉത്താബിഈങ്ങളിൽ പ്രമുഖനായ ഇമാം സുഫ്‌യാൻ ഇബ്നു സഈദ്‌ അഥ്ഥൗരിയുടെ ഒരു വാചകം ഇപ്രകാരമാണ്‌: ‘അല്ലാഹുവേ, നിന്നോട്‌ ചോദിക്കുന്നവരെയാണ്‌ നീ ഏറ്റവുമധികം സ്നേഹിക്കുന്നത്‌. നിനക്ക്‌ ഏറ്റവുമധികം അനിഷ്ടമുള്ളതാകട്ടെ, നിന്നോട്‌ ചോദിക്കാത്തവരോടും ആണ്‌. നിനക്കുപുറമെ ഇങ്ങനെ ആരും ഇല്ല റബ്ബേ!’ (ഇബ്നു അബീ ഹാതിം). അല്ലാഹുവിനോട്‌ ആവശ്യങ്ങൾ പറഞ്ഞ്‌ പ്രാർത്ഥിക്കുന്നത്‌ ആത്മീയമായ ശക്തിയില്ലാത്തവരാണ്‌ എന്ന സൂഫീ വീക്ഷണം ഖുർആൻ ആക്ഷേപിച്ച, അല്ലാഹുവിന്‌ കടുത്ത കോപമുള്ള, പ്രാർത്ഥനാ വൈമുഖ്യമാകുന്ന താൻപോരിമയുടെ മറ്റൊരു രൂപം മാത്രമാണ്‌. ജീവിതത്തിൽ പ്രശ്നങ്ങളും പ്രയാസങ്ങളും വരുന്നത്‌ അല്ലാഹുവിനോട്‌ കൂടുതൽ പ്രാർത്ഥിക്കുവാനും അതുവഴി അവന്റെ തൃപ്തിക്ക്‌ അർഹരാകുവാനും ഉള്ള അവസരങ്ങളാണെന്ന് സലഫുസ്സാലിഹുകൾ മനസ്സിലാക്കിയിരുന്നു. ‘മനുഷ്യപുത്രാ, നിന്റെ ഒരു ആവശ്യം നിറവേറിക്കിട്ടാൻ നിന്റെ നാഥന്റെ വാതിൽ നീ നിരന്തരം മുട്ടിക്കൊണ്ടിരിക്കുന്നുണ്ട്‌ എങ്കിൽ നീ അനുഗ്രഹീതനാണ്‌’ എന്ന് അവരിൽ പെട്ട ചിലർ പറഞ്ഞതായി കാണാം. (ഇമാം അഹ്‌മദ്‌ ഇബ്നു തയ്മിയ്യ/മജ്‌മൂഉൽഫതാവാ). അല്ലാഹുവുമായി സംസാരത്തിലേർപെടാൻ പ്രേരിപ്പിക്കുന്ന നിമിത്തങ്ങളുണ്ടാവുക ജീവിതത്തിലെ അനർഘ സൗഭാഗ്യം തന്നെയല്ലേ? പ്രാർത്ഥനക്കുത്തരം കിട്ടുക ഭാഗ്യമാണ് എന്നതുപോലെത്തന്നെ‌ പ്രാർത്ഥനകളുമായി റബ്ബിന്റെ മുന്നിലിരിക്കുന്ന ഖുർബതിന്റെ നേരങ്ങളുണ്ടാവുക എന്നതും ഒരു മഹാഭാഗ്യമാണെന്ന് എത്രപേർ ഓർക്കുന്നുണ്ട്‌? അതുവഴി നമ്മുടെ ഈമാനിന്‌ കിട്ടുന്ന ബലത്തെ, ജീവിതത്തിൽ നിറയുന്ന അല്ലാഹുവിനെകുറിച്ചുള്ള ദിക്‌റിനെ, ഖുശൂഇനും തഖ്‌വക്കും ലഭിക്കുന്ന നവഭാവുകത്വത്തെ ആർക്കും അളന്ന് തിട്ടപ്പെടുത്താൻ ആവില്ല.

ദുആഉകളില്ലാത്ത ജീവിതം എത്ര അശ്രദ്ധമാണ്‌, ആത്മഹത്യാപരമാണ്‌‌! ഖുദ്‌സിയായ ഒരു ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി നമ്മെ പഠിപ്പിച്ചതിന്റെ ആശയം ഇപ്രകാരമാണ്‌: “എന്റെ അടിമകളേ, നിങ്ങളിൽ ഞാൻ ഹിദായത്‌ നൽകാത്തവരെല്ലാം വഴികേടിലാകുന്നവരാണ്; അതുകൊണ്ട്‌ നിങ്ങൾ എന്നോട്‌ ഹിദായതിനെ ചോദിക്കുക, ഞാൻ നിങ്ങൾക്കത്‌ നൽകും. എന്റെ അടിമകളേ, നിങ്ങളിൽ‌ ഞാൻ ഭക്ഷണം നൽകാത്തവരെല്ലാം പട്ടിണി കിടക്കും; അതുകൊണ്ട്‌ നിങ്ങൾ എന്നോട്‌ ഭക്ഷണം ആവശ്യപ്പെടുക, ഞാൻ നിങ്ങൾക്ക്‌ ആഹാരം നൽകും. എന്റെ അടിമകളേ, നിങ്ങളിൽ ഞാൻ വസ്ത്രം നൽകാത്തവർക്കൊന്നും ഉടുതുണി കണ്ടെത്താനാവില്ല; അതുകൊണ്ട്‌ നിങ്ങൾ എന്നിൽ നിന്ന് ഉടയാടകൾ യാചിക്കുക, ഞാൻ നിങ്ങൾക്ക്‌ വസ്ത്രങ്ങൾ നൽകും. എന്റെ അടിമകളേ, നിങ്ങൾ രാവും പകലും തെറ്റുകൾ ചെയ്യുന്നവരാണ്, ഞാനാണ്‌ സർവ പാപങ്ങളും പൊറുക്കുന്നവൻ; അതുകൊണ്ട്‌ നിങ്ങൾ എന്നോട്‌ പാപമോചനം തേടുക, ഞാൻ നിങ്ങൾക്ക്‌ മാപ്പ്‌ നൽകും.” (മുസ്‌ലിം). ‌അതെ, മനുഷ്യന്റെ ഐഹികമായ നിലനിൽപും പാരത്രികമായ മോക്ഷവും സമ്പൂർണമായും അല്ലാഹുവിന്റെ ദയാവായ്പിനെ മാത്രം ആശ്രയിച്ചാണ്‌ നിൽക്കുന്നത്‌. സർവ മനുഷ്യരും അല്ലാഹുവിനോട്‌ നിരന്തരമായി തേടിക്കൊണ്ടിരിക്കേണ്ട വിഷയങ്ങളാണ്‌ ഈ ഹദീഥിൽ എണ്ണിപ്പറയുന്നത്‌. ‘പ്രാർത്ഥിക്കാൻ വിഷയമില്ലാതെ’ പോകുന്നവർ നിൽക്കുന്നത്‌ ബോധമില്ലായ്മയുടെ കൊടുമുടിയിലാണ്‌. ഇവയ്ക്കൊക്കെ പുറമെ, വ്യക്തിതലത്തിൽ നമുക്കൊക്കെ പ്രത്യേകമായുള്ള എന്തൊക്കെ പ്രയാസങ്ങളും അഭിലാ‌ഷങ്ങളുമുണ്ട്‌. എണ്ണിയെണ്ണി അവയൊക്കെ ഉറ്റവനായ ഉടയവനോട് ഇടയ്ക്കിടെ‌ ചോദിക്കാനുള്ള സമയം നമ്മൾ കണ്ടെത്തുന്നുണ്ടോ?

ഓർക്കുക, പ്രാർത്ഥനയിൽ നാം ചോദിക്കുന്നത്‌ മാലികും ഖദീറും കരീമും വദൂദും വഹ്ഹാബുമായ അല്ലാഹുവിനോടാണ്‌; എല്ലാം അവന്റേത്‌, എല്ലാം അവന്‌ കഴിയുന്നത്‌, അങ്ങനെയുള്ള അവനാകട്ടെ മാന്യതയുടെ പാരമ്യം, നമ്മെ ഏറ്റം സ്നേഹിക്കുന്നവൻ, കണക്കില്ലാതെ നൽകാൻ ഒരുങ്ങി നിൽക്കുന്നവൻ. ഇബ്‌റാഹീമിനുവേണ്ടി തീയിനെ തണുപ്പിച്ച, യൂനുസിനെ മത്സ്യത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയ, സകരിയ്യാക്ക്‌ വാർധക്യത്തിൽ കുഞ്ഞിനെ നൽകിയ, അയ്യൂബിന്‌ രോഗശാന്തി കൊടുത്ത, മൂസായുടെ ശത്രുവിനെ കടലിൽ മുക്കിയ, മുഹമ്മദിന്‌ ഹിജാസ്‌ കീഴ്പെടുത്തിക്കൊടുത്ത അല്ലാഹു! മഴക്കുവേണ്ടിയുള്ള നമസ്കാരത്തിന്‌ വന്നപ്പോൾ നമസ്കാരം കഴിയുന്നതോടെ മഴ പെയ്യും എന്ന തികഞ്ഞ ആത്മവിശ്വാസം ഉള്ളതുകൊണ്ട്‌ തിരിച്ചുപോകുമ്പോൾ നിവർത്താനുള്ള കുട കയ്യിൽ കരുതിയ ഒരു ചെറിയ കുട്ടിയുടെ കഥയുണ്ട്‌. അത്രയും കരുത്തുള്ള വിശ്വാസനൈർമല്യത്തോടെയാണ്‌ നാം അല്ലാഹുവിൽ നിന്ന് കാര്യങ്ങൾ നേടി എടുക്കേണ്ടത്‌. അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുമ്പോൾ‌ ‘അസ്‌മ്‌’ (ദൃഢബോധ്യം) വേണമെന്നും ‘കിട്ടുകയാണെങ്കിൽ കിട്ടട്ടെ’ എന്ന മനോഭാവം പാടില്ലെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്‌ (ബുഖാരി, മുസ്‌ലിം). ‘ആവശ്യം ഉന്നയിക്കുന്നതിൽ നിന്ന് ഇടക്കുവെച്ച്‌ പിന്തിരിയാതിരിക്കുകയും ചോദിച്ചത്‌ കിട്ടും എന്ന് ഉറപ്പിക്കുകയും ചെയ്യലാണ്‌ അസ്മ്‌’ എന്നാണ് ഹാഫിദ്‌‌ ഇബ്നു ഹജർ അൽ അസ്ഖലാനി വിശദീകരിച്ചിട്ടുള്ളത്‌. (ഫത്‌ഹുൽബാരി). ‘ഉത്തരം നൽകുന്ന വിഷയത്തിൽ അല്ലാഹുവിനെ സംബന്ധിച്ച്‌ നല്ല പ്രതീക്ഷ വെച്ചുപുലർത്തുകയാണ്‌ ‘അസ്മ്‌’ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ‘ എന്ന് ഇമാം യഹ്‌യാ അന്നവവിയും പറഞ്ഞിട്ടുണ്ട്‌ (ശർഹു സഹീഹി മുസ്‌ലിം). ഒരു നബിവചനത്തിന്റെ ആശയം ശ്രദ്ധിക്കുക: ‘ഞാൻ പ്രാർത്ഥിച്ചു, പക്ഷേ എനിക്ക്‌ ഉത്തരം കിട്ടിയില്ല’ എന്നുപറഞ്ഞ്‌ നിങ്ങൾ അക്ഷമ കാണിക്കാതിരിക്കുന്ന കാലത്തോളം നിങ്ങൾക്ക്‌ ഉത്തരം കിട്ടും. (ബുഖാരി, മുസ്‌ലിം). നാം അല്ലാഹുവിനോട്‌ ചോദിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ ഗുണത്തിനാവില്ല. അത്തരം സന്ദർഭങ്ങളിൽ നമ്മൾ ആവശ്യപ്പെട്ടത്‌ നൽകുന്നതിനുപകരം പരലോകത്ത്‌ നമുക്കായി പ്രത്യേക പ്രതിഫലങ്ങൾ ഒരുക്കിവെക്കുകയോ നമ്മുടെ ജീവിതത്തെ ചില അപകടങ്ങളിൽനിന്ന് കാക്കുകയോ ഒക്കെ ചെയ്താണ്‌ സ്നേഹനിധിയായ നാഥൻ പ്രാർത്ഥനക്ക്‌ ഉത്തരമേകുക. (അഹ്‌മദ്‌).

അതുകൊണ്ട്‌ നമുക്ക്‌ പ്രാർത്ഥിച്ച്‌ ജയിക്കുവാൻ തീരുമാനിക്കുക. പരിശ്രമങ്ങൾക്കൊപ്പം പ്രാർത്ഥനയെ ചേർത്തുനിർത്തിയാണ്‌‌ മോഹങ്ങളെ സഫലമാക്കേണ്ടതെന്നാണ്‌ അല്ലാഹുവിന്റെ ദൂതൻ നമ്മെ പഠിപ്പിച്ചത്‌: ‘നിനക്ക്‌ ഉപകാരമുള്ളവ നീ അഗ്രഹിക്കുക, അല്ലാഹുവിനോട്‌ സഹായം തേടുകയും ചെയ്യുക, നീ കഴിവുകേട്‌‌ കാണിക്കരുത്‌’ (മുസ്‌ലിം). കഴിവുറ്റവനായ അല്ലാഹു നമ്മുടെ കൂടെയുണ്ടായാൽ ഏത്‌ പദ്ധതിയാണ്‌ സാക്ഷാൽകൃതമാകാത്തത്‌, ഏത്‌ സ്വപ്നമാണ്‌ യാഥാർത്ഥ്യമാകാത്തത്‌! അതുകൊണ്ട്‌ ധൈര്യമായി കിനാവ്‌ കാണുകയും നന്നായി പണിയെടുക്കുകയും ചെയ്യുവിൻ സുഹൃത്തുക്കളെ, പ്രാർത്ഥിച്ച് അതിനെ വിജയിപ്പിക്കുവാൻ നിങ്ങൾക്ക്‌ നേരവും മനസ്സുമുണ്ടെങ്കിൽ.