Logo

 

ഈസ്റ്റർ: ഇസ്‌ലാമിക വിചാരങ്ങൾ

12 April 2020 | Editorial

By

ക്രൈസ്തവ സഹോദരങ്ങൾ ഒരു ഈസ്റ്റർ കാലം കൂടി കടന്നുപോവുകയാണ്‌. യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാർ പെസഹ വ്യാഴം, ദു:ഖ വെള്ളി, ഈസ്റ്റർ തുടങ്ങിയവ ആചരിച്ചതായി പുതിയനിയമത്തിൽ എവിടെയും കാണുന്നില്ല. എങ്കിലും, പിൽകാല ക്രൈസ്തവ സമൂഹത്തിൽ ആഗോളവ്യാപകമായി ഇവ പ്രാധാന്യപൂർവം ആചരിക്കപ്പെട്ട്‌ വരുന്നു.
പുതിയനിയമ കാനോനിലെ സുവിശേഷങ്ങൾ വിവരിക്കുന്നത്‌ പ്രകാരമുള്ള ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും അനുസ്മരണ ദിവസങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌.

യേശു എന്ന് കേൾക്കുമ്പോൾ ക്രിസ്തുമതം മാത്രമാണ്‌ പലരുടെയും മനസ്സിലെത്തുക. എന്നാൽ, യേശുവിന്‌ വലിയ പ്രാധാന്യമുള്ള മറ്റൊരു മതം കൂടി ലോകത്തുണ്ട്‌ – ഇസ്‌ലാം. ഇസ്‌ലാം പഠിപ്പിക്കുന്നത്‌, അന്തിമപ്രവാചകനായ മുഹമ്മദ്‌ നബിക്കുമുമ്പ്‌ മനുഷ്യരെ സന്മാർഗത്തിലേക്കും അതുവഴിയുള്ള മരണാനന്തര മോക്ഷത്തിലേക്കും ക്ഷണിക്കാനായി അനേകം പ്രവാചകൻമാരെ വിവിധ കാലഘട്ടങ്ങളിലായി വിവിധ ജനസമൂഹങ്ങളിലേക്ക്‌ പ്രപഞ്ചനാഥനായ അല്ലാഹു നിയോഗിച്ചിരുന്നു എന്നാണ്‌. അവരുടെ കൂട്ടത്തിൽ ശ്രദ്ധേയനായി ഇസ്രാഈൽ വംശത്തിലേക്ക്‌ നിയോഗിക്കപ്പെട്ട മഹാപ്രവാചകൻ യേശുവിനെ ഖുർആനും ഹദീഥുകളും പരിചയപ്പെടുത്തുന്നു. ഈസാ ഇബ്നു മർയം — മർയമിന്റെ പുത്രൻ ഈസാ — എന്നാണ്‌ ഇസ്‌ലാമിക പാരമ്പര്യത്തിൽ യേശു അറിയപ്പെടുന്നത്‌. എന്തൊക്കെയാണ്‌ ഇസ്‌ലാം ഈസാ നബിയെക്കുറിച്ച്‌ പറയുന്നത്‌ എന്ന് മനസ്സിലാക്കുന്നത് ഇത്തരുണത്തിൽ‌ പ്രസക്തമാണ്‌.

യേശു ഇസ്‌ലാമിൽ

വിശ്വാസികൾക്ക്‌ മാതൃകയായ വിശുദ്ധ ജീവിതം നയിച്ച മഹദ്‌ വനിതയായിരുന്നു ഈസായുടെ മാതാവായ മർയം. കന്യകയായ മർയത്തിന്റെ ഗർഭപാത്രത്തിൽ അല്ലാഹു അത്ഭുതകരമായ രീതിയിൽ ഈസായെ സൃഷ്ടിച്ചു. വിവാഹം കഴിയാതെ പ്രസവിച്ചതിനെ തുടർന്ന് മർയത്തിന്റെ ചാരിത്ര്യം ചോദ്യം ചെയ്തവരോട്‌ കുഞ്ഞു ഈസാ തൊട്ടിലിൽ കിടന്ന് യാഥാർത്ഥ്യം വിശദീകരിച്ചു. മുതിർന്നപ്പോൾ പ്രവാചകനായി നിയോഗിക്കപ്പെട്ട ഈസാ ഇസ്രാഈൽ സമൂഹത്തോട്‌ മോശെയുടെ തൗറാത്‌ മുറുകെ പിടിക്കാൻ ആവശ്യപ്പെട്ടു.

ഈസാക്ക്‌ അല്ലാഹു ഇഞ്ചീൽ എന്നു പേരായ വേദം അവതരിപ്പിച്ചുനൽകി. ഈസാ അല്ലാഹുവിന്റെ അനുമതി പ്രകാരം അത്ഭുതങ്ങൾ പ്രവർത്തിച്ചു. വെളുത്ത നിറവും വീതിയുള്ള നെഞ്ചും ചുരുണ്ട തലമുടിയും ആണ്‌ ഈസാക്ക്‌ ഉണ്ടായിരുന്നത്‌. പ്രപഞ്ചത്തിനുപുറത്തുള്ള അഭൗമ മണ്ഡലങ്ങളിലേക്ക്‌ മുഹമ്മദ്‌ നബിയെ അല്ലാഹു യാത്ര ചെയ്യിച്ച രാത്രിയിൽ (മിഅ്റാജ്‌) അദ്ദേഹം ഈസാ നബിയെ അവിടെവെച്ച്‌ കണ്ടുമുട്ടുകയുണ്ടായി.

ലോകാവസാനത്തിനുമുമ്പ്‌ ഈസാ ഒരിക്കൽ കൂടി ഭൂമിയിലേക്ക്‌ വരും. മുഹമ്മദ്‌ നബിയുടെ അനുയായിയായിക്കൊണ്ട്‌ മുസ്‌ലിംകളുടെ കൂടെയാണ്‌ അദ്ദേഹം അപ്പോൾ ജീവിക്കുക. മുസ്‌ലിംകളുടെ സംഘനമസ്‌കാരങ്ങളിൽ മുതൽ മക്കയിലെ തീർത്ഥാടനത്തിൽ വരെ അദ്ദേഹം പങ്കെടുക്കും. ചരിത്രത്തിൽ മുഹമ്മദ്‌ നബിക്കുമുമ്പ്‌ കടന്നുവന്ന പ്രവാചകന്മാരിൽ കാലക്രമത്തിൽ അവസാനത്തെയാൾ ഈസാ നബി ആണ്‌. അദ്ദേഹത്തിനും മുഹമ്മദ്‌ നബിക്കും ഇടയിൽ വേറെ പ്രവാചകന്മാർ ഉണ്ടായിട്ടില്ല. ഈസാ പ്രവാചകനാണെന്ന് അംഗീകരിക്കലും അദ്ദേഹത്തെ ആദരിക്കലും മുസ്‌ലിമിന്‌ വിശ്വാസത്തിന്റെ ഭാഗമാണ്‌‌.

ഈസ്റ്റർ: ഇസ്‌ലാം പറയുന്നത്‌

ഈസ്റ്ററിന്റെ ദർശനത്തോടുള്ള ഇസ്‌ലാമിക വിയോജിപ്പാണ്‌ താഴെ ചുരുക്കി നൽകുന്നത്‌. യേശുവിനെ കുരിശിൽ തറയ്ക്കാൻ ശത്രുക്കൾ പരിശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തെ അല്ലാഹു അവരിൽ നിന്ന് രക്ഷപെടുത്തി ഭൂമിയിൽ നിന്ന് ഉയർത്തിക്കൊണ്ടുപോവുകയാണ്‌ ഉണ്ടായത്‌.

“അവർ അദ്ദേഹത്തെ കൊന്നിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. അവർക്ക്‌ സാദൃശ്യം തോന്നിക്കപ്പെടുകയാണ്‌‌ ചെയ്തത്‌… അദ്ദേഹത്തെ കൊല്ലാൻ അവർക്കായിട്ടില്ല, ഉറപ്പ്‌! അദ്ദേഹത്തെ അല്ലാഹു തനിക്കിരികിലേക്ക്‌ ഉയർത്തുകയാണ്‌ ചെയ്തത്‌.” (ഖുർആൻ 4: 157, 158)

ക്രിസ്തുമതത്തിന്‌, യേശുവിന്റെ കുരിശുമരണം എന്ന ആശയം, കേവലമായ ഒരു ചരിത്രസംഭവമല്ല, മറിച്ച്‌ അതിന്റെ ദൈവശാസ്ത്രത്തിന്റെ അടിത്തറയാണ്‌.
കുരിശുമരണത്തെ നിഷേധിക്കുക വഴി, യേശുവിനെക്കുറിച്ചുള്ള ജീവചരിത്രപരമായ ഒരു തെറ്റിദ്ധാരണ തിരുത്തുക മാത്രമല്ല ഖുർആൻ ചെയ്യുന്നത്‌, പ്രത്യുത ക്രിസ്തുമതത്തിന്റെ ചില മൗലിക പരികൽപനകളെ തന്നെ ചോദ്യം ചെയ്യുകയാണ്‌.

ആദം സ്വർഗത്തിൽ വെച്ച്‌ വിലക്ക്‌ ലംഘിച്ചതുകൊണ്ട്‌ സകല മനുഷ്യരും പാപികളായിത്തീർന്നുവെന്നും ഇതിന്‌ മറുവിലയായിക്കൊണ്ടാണ്‌ ക്രിസ്തു കുരിശിൽ മരിച്ചതെന്നുമാണ്‌ ക്രൈസ്തവതയുടെ അടിസ്ഥാന സങ്കൽപം. ജന്മപാപം/ആദിപാപം എന്ന ഈ ആശയത്തെ ഇസ്‌ലാം നിരാകരിക്കുന്നു. ആദമിന്‌ സംഭവിച്ച അബദ്ധം അല്ലാഹു അദ്ദേഹത്തിന്‌ പൊറുത്തുകൊടുത്തിട്ടുണ്ട്‌. (ഖുർആൻ 2: 37) ആദം ചെയ്ത തെറ്റിന്‌ മുഴുവൻ മനുഷ്യകുലവും ഉത്തരവാദിയാവുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. കാരണം ഒരാളുടെ പാപഭാരം മറ്റുള്ളവർ വഹിക്കുക എന്നത്‌ ദൈവനീതിക്ക്‌ വിരുദ്ധമാണ്‌. മറ്റുള്ളവരുടെ പാപങ്ങൾ യേശു ഏറ്റെടുക്കുക എന്നതും അസംഭവ്യമാണ്‌. (ഖുർആൻ 35: 18)

മനുഷ്യർ ജനിക്കുന്നത്‌ പാപികളായിട്ടാണെന്ന ക്രൈസ്തവ തത്ത്വത്തോട്‌ ഇസ്‌ലാം വിയോജിക്കുന്നു. നിഷ്കളങ്കനായി, ശുദ്ധ പ്രകൃതിയോടെയാണ്‌ മനുഷ്യക്കുഞ്ഞ്‌ ജനിക്കുന്നത്‌. (ബുഖാരി). പാപം മനുഷ്യൻ മുതിരുമ്പോൾ കർമങ്ങളിലൂടെ ചെയ്തുകൂട്ടുന്നതാണ്‌, അല്ലാതെ ജന്മത്തിൽ പ്രപിതാവിൽ നിന്ന് അനന്തരമായി കിട്ടുന്നതല്ല. വിശ്വാസവും സൽകർമങ്ങളും പശ്ചാതാപവുമൊക്കെയാണ്‌ അല്ലാഹു അവ പൊറുക്കാനുള്ള വഴി. ജന്മപാപം തന്നെ ഒരു മിത്തായിരിക്കെ അത്‌ പരിഹരിക്കാൻ ഒരു രക്ഷകൻ എന്ന സങ്കൽപം അതിലും വലിയ മിത്താണ്‌ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ആദിപാപ, പാപപരിഹാരബലി സിദ്ധാന്തങ്ങൾ ഖുർആനിനു മാത്രമല്ല, ബൈബിൾ പഴയ നിയമത്തിന്റെ അധ്യാപനങ്ങൾക്കും എതിരാണ്‌ എന്ന് ഇസ്‌ലാമിക പ്രബോധകർ ചൂണ്ടിക്കാണിക്കുന്നു:

“മക്കൾക്കുവേണ്ടി പിതാക്കളെയോ പിതാക്കൾക്കുവേണ്ടി മക്കളെയോ വധിക്കരുത്‌. പാപത്തിനുള്ള മരണശിക്ഷ അവനവൻ തന്നെ അനുഭവിക്കണം.” (ആവർത്തനം 24: 16)

“പിതാക്കൾ പച്ച മുന്തിരിങ്ങ തിന്ന് മക്കളുടെ പല്ല് പുളിച്ചുവെന്ന് ആ നാളുകളിൽ അവർ പറയില്ല. ഓരോരുത്തരും അവനവന്റെ അകൃത്യം നിമിത്തമാണ്‌ മരിക്കുക. പച്ച മുന്തിരിങ്ങ തിന്നവന്റെ പല്ലേ പുളിക്കൂ.” (ജെറമിയാ 31: 30)

“പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിന്റെ തിന്മകൾക്കോ പിതാവ്‌ പുത്രന്റെ തിന്മകൾക്കോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാൻ തന്റെ നീതിയുടെ ഫലവും ദുഷ്ടൻ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും.” (എസക്കിയേൽ 18: 20)

ക്രൈസ്തവ പാരമ്പര്യത്തിൽ യേശുവിനെ ആദിപാപവുമായി ബന്ധിപ്പിക്കുന്ന വ്യാഖ്യാനത്തിന്റെ ഉപജ്ഞാതാവ്‌ യേശു ജീവിച്ചിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ ശിഷ്യനല്ലാത്ത പൗലോസ്‌ ആണ്‌.
പൗലോസിന്റെ തത്ത്വശാസ്ത്രത്തെ യേശുവിന്റെ ജീവചരിത്രം ഉപയോഗിച്ച്‌ സമർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട ലേഖനങ്ങളാണ്‌ സുവിശേഷങ്ങൾ എന്ന പേരിൽ‌ പുതിയനിയമ കാനോനിൽ ഉൾപെടുത്തപ്പെട്ടത്‌. അതുകൊണ്ടാണ്‌ അവ കുരിശുമരണത്തെ അസന്നിഗ്ധമായി പ്രഘോഷിക്കുന്നത്‌.

യഥാർത്ഥ യേശു കുരിശിൽ മരിച്ചിട്ടില്ല;
ആദിപാപത്തെക്കുറിച്ചോ താൻ അത്‌ പരിഹരിക്കാനായി കാൽവരിക്കുരിശിൽ മരിക്കാൻ പോകുന്നതിനെക്കുറിച്ചോ
കുരിശുമരണത്തിൽ വിശ്വസിക്കുന്നതുവഴിയുള്ള രക്ഷാ പദ്ധതിയെക്കുറിച്ചോ അദ്ദേഹം യാതൊന്നും സംസാരിച്ചിട്ടുമില്ല എന്ന ഇസ്‌ലാമിക നിലപാട്‌ മുസ്‌ലിംകൾക്കും ക്രൈസ്തവർക്കും ഇടയിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെയുള്ള വൈജ്ഞാനിക ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കേണ്ടതുണ്ട്‌ എന്ന് ഈ ഈസ്റ്റർ കാലത്ത്‌ ഞങ്ങൾ ഓർമ്മിക്കുന്നു. പരസ്പരം അറിയാനും മനസ്സിലാകാനും ഉള്ള ശ്രമങ്ങളാണല്ലോ മനുഷ്യർ എന്ന നിലയിൽ നമ്മുടെ വലിയൊരു ഗുണമായിത്തീരേണ്ടത്‌.


Tags :


mm

Admin