Study

കറുപ്പിന്‌ ശ്വാസം മുട്ടുന്ന ജനാധിപത്യം

By Musthafa Thanveer

May 29, 2020

ആ വെളുത്ത പൊലീസുകാരന്റെ മുട്ടുകാലിനുകീഴിൽ ഞെരിഞ്ഞമർന്ന് എനിക്ക്‌ ശ്വാസം കിട്ടുന്നില്ലെന്ന് പല തവണ വിളിച്ചുപറഞ്ഞ്‌ ജോർജ്‌ ഫ്ലോയ്ഡ്‌ അമേരിക്കയിലെ മിനിയാപൊളിസിലെ തെരുവിൽ വെച്ച്‌ ജീവൻ വെടിഞ്ഞപ്പോൾ ഒരിക്കൽ കൂടി നഗ്നമാക്കപ്പെട്ടത്‌ കൊട്ടിഘോഷിക്കപ്പെടുന്ന പടിഞ്ഞാറൻ ജനാധിപത്യത്തിന്റെ ‘മനുഷ്യസമത്വ’ ദർശനം തന്നെയാണ്‌. പാശ്ചാത്യൻ വെള്ളക്കാരൻ മാത്രം മനുഷ്യനും ആഫ്രിക്കൻ കറുത്ത വർഗക്കാരൻ മൃഗവുമാകുന്ന അതിന്റെ ഉള്ളടരുകളെ വലിച്ചുകീറി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിയാൻ മിനിയാപൊളിസിന്റെ നഗരസ്ഥലികളിൽ പടർന്നുകയറുന്ന പ്രക്ഷോഭങ്ങൾക്ക്‌ അത്രയെളുപ്പമൊന്നും കഴിയുമെന്ന് തോന്നുന്നില്ല. തവിട്ടുനിറമുള്ള തൊലിയുള്ളതുകൊണ്ട്‌ വേറെ റോഡിലൂടെ യാത്ര ചെയ്തും ബസ്സിന്റെ പിൻസീറ്റിലിരുന്നും വലിയ റസ്റ്റോറന്റുകളിലേക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടും വർണവംശീയതയുടെ നിന്ദകളേറ്റുവാങ്ങിയ ഇൻഡ്യൻ/പാക്കിസ്ഥാനി കുടിയേറ്റക്കാരുടെ കഥകൾ നമ്മൾ കേട്ടത്‌ യൂറോപ്യൻ പ്രബുദ്ധത ജനാധിപത്യത്തെ പ്രസവിച്ച്‌ ‘നാട്‌ നന്നാക്കുന്നതിനു’ മുമ്പല്ല, മറിച്ച്‌ ആധുനികത അതിന്റെ എല്ലാ പകിട്ടോടെയും ചിരിച്ചുനിന്ന അൻപതുകളിലും അറുപതുകളിലും ആണ്‌; അതും ആധുനിക മനുഷ്യാവകാശ പരികൽപനയുടെ പറുദീസയായി പരിലസിച്ചുനിൽക്കുന്ന അമേരിക്കൻ ഐക്യനാടുകളിൽ നിന്ന്!

യൂറോപ്യന്‍ പ്രബുദ്ധത, ഒരാദര്‍ശമെന്നതിനേക്കാള്‍ ചരിത്രപരമായ ഒരനിവാര്യതയായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി. മാനവികബോധത്തിനുപകരം വ്യാവസായിക യുക്തികള്‍കൊണ്ട് നിര്‍ണയിക്കപ്പെട്ടതിനാല്‍തന്നെ യൂറോപ്യന്‍ ‘സമത്വം’ മൂലധനത്തിന്റെ വേലക്കാരനെപ്പോലെയാണ് നിലനിന്നത്. മൂലധനം അവശ്യപ്പെടുന്നതിനനുസരിച്ച് അത് ചുരുളുകയും നിവരുകയും ചെയ്തു. മനുഷ്യർക്കിടയിൽ വിവേചനമരുതെന്ന് സിദ്ധാന്തിച്ചപ്പോള്‍ യൂറോപ്പ് അര്‍ത്ഥമാക്കിയത്‌ വെള്ളക്കാരായ ക്രിസ്ത്യാനികള്‍ ആഭ്യന്തരമായ മതവ്യാഖ്യാന ഭിന്നതകള്‍ക്കതീതമായി ഒന്നായി നില്‍ക്കണമെന്നു മാത്രമാണ്. ‘അവരൊന്നായി’ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലേക്കിരച്ചുകയറി കോളനികള്‍ സ്ഥാപിച്ച് കോളനിവാസികളെ ചവിട്ടിത്തേക്കുകയും കൊള്ളയടിക്കുകയും ചെയ്തതായിരുന്നു ‘പ്രബുദ്ധതയുടെ’ അനന്തരഫലം. കോളനികളിലേക്ക് സമത്വത്തിന്‌‌ പ്രവേശനം ഉണ്ടായിരുന്നില്ല. ഫ്രാന്റ്‌സ് ഫാനണ്‍ മുതല്‍ മാല്‍കം എക്‌സ് വരെയുള്ളവര്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തിലും, തലാൽ അസദിനെപ്പോലുള്ളവര്‍ ഉത്തരാധുനികതയുടെ സങ്കേതങ്ങളുപയോഗിച്ചും, യൂറോപ്പിന്റെ മനുഷ്യാവകാശ പരികല്‍പനയില്‍ ‘മനുഷ്യന്‍’ വെള്ളക്കാരന്‍ മാത്രമാണെന്ന് സ്ഥാപിക്കുന്നുണ്ട്.(1) യൂറോകേന്ദ്രിത വെളുത്ത വംശീയതയും പ്രൊട്ടസ്റ്റന്റ് അഹങ്കാരങ്ങളും സമം ചേര്‍ന്നുണ്ടായ യൂറോപ്യന്‍ പ്രബുദ്ധതാനന്തര ‘സമത്വം’ ഒരു പകിട്ട് മാത്രമാണെന്ന് ഇതുകൊണ്ടൊക്കെ തന്നെ പറയേണ്ടിവരും. ഫ്ലോയ്ഡിനെപ്പോലുള്ളവരുടെ നിലവിളികൾ അതിന്റെ ബധിരകർണങ്ങളിൽ മാത്രമേ പതിക്കൂ.

ഇസ്‌ലാമിലെ മാനവസമത്വം വ്യതിരിക്തമാകുന്നത് ഇവിടെയാണ്. മനുഷ്യസമത്വം മുസ്‌ലിംകള്‍ക്ക് ഒരു മതേതര ആധുനിക ബിംബമല്ല; പ്രത്യുത വിട്ടുവീഴ്ച അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇസ്‌ലാമികാദര്‍ശമാണ്, ഇസ്‌ലാം തന്നെയാണ്! ഒരു സൗകര്യമെന്ന നിലക്കോ ചരിത്രപരമായ അനിവാര്യതയെന്ന നിലക്കോ ഗത്യന്തരമില്ലായ്മകൊണ്ട് സ്വാംശീകരിച്ച ആശയമല്ല ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം അത്‌; പ്രത്യുത ദൈവദത്തമായ അതിന്റെ മനുഷ്യസങ്കല്‍പത്തില്‍നിന്ന് തികച്ചും ദാര്‍ശനികമായ അടിസ്ഥാനബോധ്യങ്ങളോടുകൂടി വികസിക്കുന്നതാണ്. സകല വംശീയ അഹംബോധങ്ങളെയും അടിവേരോടെ തന്നെ നിരാകരിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. കാരണം, ഏതെങ്കിലും പ്രദേശത്തിന്റെയോ ഗോത്രത്തിന്റെയോ വംശത്തിന്റെയോ ശബ്ദമല്ല ഈ മതം; മറിച്ച്‌ സകല മനുഷ്യരുടെയും സ്രഷ്ടാവായ പ്രപഞ്ചനാഥന്റെ അരുളപ്പാടുകളാണ്. പ്രപഞ്ചസ്രഷ്ടാവ് ഏകനും അദ്വിതീയനുമാണ് എന്ന ഇസ്‌ലാമിന്റെ കേന്ദ്രപ്രമേയം തന്നെയാണ് അതിന്റെ മനുഷ്യദര്‍ശനത്തിന്റെയും പ്രഭവസ്ഥാനം. സ്രഷ്ടാവ് ഏകനാണെന്നു പറയുന്നതിന്റെ സ്വാഭാവിക താല്‍പര്യം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അവന്‍ ഒരേയൊരാളാണ് എന്നത്രെ. ഒരേ ദൈവം മനുഷ്യരായി പടച്ചുവിട്ടവര്‍ക്കിടയില്‍ പിന്നെ ജന്മസിദ്ധമായ ഉച്ചനീചത്വങ്ങള്‍ക്ക് സാധുതയുണ്ടാകുന്നതെങ്ങനെ? ഖുര്‍ആന്‍ പറയുന്നു: ”അല്ലയോ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം ഗോത്രങ്ങളും കുടുംബങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതാ ബോധമുള്ളവനാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ്.”(2)

മാനവസമൂഹത്തെ സംബന്ധിച്ച ഏറ്റവും ലളിതമായ, എന്നാല്‍ അധീശ മനോഭാവമുള്ളവരാൽ നിരന്തരമായി മറച്ചുവെക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് പരിശുദ്ധ ഖുർആനിലൂടെ ജഗന്നിയന്താവായ അല്ലാഹു ഇപ്രകാരം ഓര്‍മിപ്പിക്കുന്നത്. ഒരു ആണിനെയും പെണ്ണിനെയും പടച്ച് അവരെ പരസ്പരം ഇണ ചേര്‍ത്തതില്‍ നിന്നുണ്ടായ മക്കളും പേരമക്കളും ശാഖോപശാഖകളായി ഭൂമിയിൽ വ്യാപിച്ചതാണ്‌ മനുഷ്യസമൂഹം. വ്യത്യസ്തമായ കുടുംബ/ഗോത്ര പരമ്പരകൾ ഭൂമുഖത്ത് നിലനില്‍ക്കുന്നത്‌ മനുഷ്യർക്ക്‌ പരസ്പരം പരിചയപ്പെടാനാവശ്യമായ മേല്‍വിലാസപരമായ അടയാളങ്ങള്‍ എന്ന നിലക്ക് മാത്രമാണ്. അവ ആര്‍ക്കും ഔന്നത്യമോ അധമത്വമോ നല്‍കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. മഹത്വം കൈവരുന്നത് ജീവിതവിശുദ്ധിയിലൂടെ മാത്രമാണ്; അതിലെ ഏറ്റക്കുറച്ചിലുകളാണ് ദൈ‌ വദൃഷ്ടിയില്‍ മനുഷ്യരെ വലിയവരും ചെറിയവരും ആക്കുന്നത്. ദേശം, ഭാഷ, വംശം, നിറം -ഒന്നും ഒരാളെയും അവകാശങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ അര്‍ഹമാക്കുന്നില്ല. വിശ്വമാനവികതയുടെ ഉജ്ജ്വലമായ ഈ വിളംബരത്തില്‍ നിന്നാണ് ഇസ്‌ലാമിന്റെ സമത്വസങ്കൽപം ആരംഭിക്കുന്നത്. മുഹമ്മദ് നബി (സ) തന്റെ അനുചരന്‍മാരോട് പറഞ്ഞു: ”അല്ലാഹു നിങ്ങളില്‍ നിന്ന് അജ്ഞതയെ എടുത്തുമാറ്റിയിരിക്കുന്നു. അജ്ഞതയുടെ ഫലമായി സ്വന്തം കുടുംബപരമ്പരയെക്കുറിച്ച് നിങ്ങള്‍ നടത്തിവരുന്ന വീമ്പുപറച്ചിലുകളും അവന്‍ നിങ്ങളില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നു.”(3)ഏതെങ്കിലും ഗോത്രത്തില്‍ പിറന്നതിന്റെ പേരില്‍ മനുഷ്യന്‍ ഉന്നതനോ അധമനോ ആകുമെന്ന പ്രാചീന അറബ് ബോധത്തെ അജ്ഞതയില്‍ നിന്ന് നിര്‍ഗളിക്കുന്ന ഔദ്ധത്യമായിക്കണ്ട് ഇസ്‌ലാം നിരോധിച്ച കാര്യമാണ് പ്രവാചകന്‍ (സ) ഇവിടെ അനുസ്മരിക്കുന്നത്. ഗോത്ര വര്‍ഗീയത അജ്ഞതയില്‍ നിന്നുടലെടുക്കുന്നതാണ്; വ്യര്‍ത്ഥമായ മിഥ്യാധാരണകളില്‍നിന്ന്. ‘ഒരേയൊരുദൈവം, ഒരൊറ്റ ജനത’ എന്ന ഇസ്‌ലാമിക ജ്ഞാനം മനുഷ്യനെ മോചിപ്പിക്കുന്നത് അറിവുകേടിന്റെ ഫലമായുള്ള അത്തരം അഹങ്കാരങ്ങളില്‍ നിന്നാണ്.

ഗോത്രപക്ഷപാതം മാത്രമല്ല, ദേശീയ സങ്കുചിതത്വവും വര്‍ണാഭിമാനവുമെല്ലാം പൈശാചികം തന്നെയാണ്. നബി(സ)യുടെ പ്രസ്താവന മറ്റൊരു ഹദീഥില്‍ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത് നോക്കുക: ”മനുഷ്യരേ നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്; ആദമാകട്ടെ, മണ്ണില്‍ നിന്നാണ് പടക്കപ്പെട്ടത്! അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിങ്ങളില്‍ ഏറ്റവും നല്ലവരാണ് ഏറ്റവും ഉന്നതര്‍. അറബി അനറബിയെക്കാളോ കറുത്തവൻ വെളുത്തവനെക്കാളോ വെളുത്തവന്‍ കറുത്തവനെക്കാളോ ശ്രേഷ്ഠനല്ല. ശ്രേഷ്ഠത കൈവരിക്കുന്നത്‌ ധർമനിഷ്ഠ വഴി മാത്രമാണ്.”(4)

എത്ര മനോഹരമാണ് ഇസ്‌ലാമിന്റെ മനുഷ്യദര്‍ശനമെന്ന് നോക്കൂ! സമത്വം ഇവിടെ ഭംഗിവാക്കല്ല; പ്രത്യുത ദൈവവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമായുള്ള ആദര്‍ശമാണ്. ആദം മണ്ണില്‍നിന്നാണ് പടക്കപ്പെട്ടതെന്ന ഇസ്‌ലാമിക പ്രഖ്യാപനത്തെ ഒന്നുകൂടി വിശദീകരിച്ചുകൊണ്ട് പ്ര‌വാചകന്‍ (സ) ഇപ്രകാരം പറഞ്ഞതായി കാണാം: ”ഭൂമിയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ശേഖരിച്ച ഒരു പിടി മണ്ണില്‍നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അതുകൊണ്ട് ആദമിന്റെ മക്കള്‍ ഭൗമവൈവിധ്യത്തിന്റെ സാദൃശ്യവും വഹിച്ചാണ് വരുന്നത്. അവരില്‍ ചിലര്‍ ചുവന്നിട്ടാണ്, മറ്റു ചിലര്‍ വെളുത്തിട്ടാണ്, ചിലര്‍ കറുത്തിട്ടാണ്‌, വേറെ ചിലര്‍ ഇവയ്ക്കിടയിലുള്ള സങ്കരനിറക്കാരാണ്.”(5) മനുഷ്യവൈവിധ്യത്തില്‍ നിന്ന് വംശസിദ്ധാന്തങ്ങള്‍ ചമച്ച് വെളുത്തവരുടെയും ആര്യന്‍മാരുടെയും ‘വലുപ്പം’ സ്ഥാപിച്ച യൂറോപ്യന്‍ ‘പ്രബുദ്ധത’യോട് കലഹിക്കുകയാണ് ഇവിടെ ഇസ്‌ലാമിന്റെ മാനവികത. മനുഷ്യര്‍ക്കിടയില്‍ എന്തുകൊണ്ട് നിറവ്യത്യാസമെന്ന് ചോദിച്ചാല്‍ മനുഷ്യൻ മണ്ണിൽ നിന്നാണെന്നും വിവിധയിനം മണ്ണുകള്‍ ഉള്‍ചേര്‍ന്നതുകൊണ്ടാണ് പലതരം നിറങ്ങൾ വന്നതെന്നും ഇസ്‌ലാം അസന്നിഗ്ധമായി ഉത്തരം പറയും; ആ ഉത്തരം എല്ലാവിധ വംശമേധാവിത്വ വാദങ്ങളെയുമാണ് ആഞ്ഞുപ്രഹരിക്കുന്നത്. ഭൗമോപരിതലത്തിലെ നിറവൈവിധ്യത്തിന്റെ പ്രതിഫലനമായുള്ള ഒരു വര്‍ണരാജിയായി മനുഷ്യവൈവിധ്യത്തെ വായിക്കാന്‍ ഇസ്‌ലാം മാത്രമേയുള്ളൂ.

നിറത്തിന്റെ മാത്രമല്ല, രൂപത്തിന്റെയും കാര്യം അതുതന്നെയാണ്. എത്രതരം മുഖങ്ങളാണ് മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്! എണ്ണിയാലൊടുങ്ങാത്ത മുഖഛായകള്‍ ലോകത്ത് പടര്‍ന്നുകിടക്കുന്നു. അവയില്‍നിന്ന് ചില മുഖങ്ങളെ ‘വിരൂപ’മെന്നടയാളപ്പെടുത്തി അവയുള്ള ജനസമൂഹങ്ങളെ ‘പരിണാമം’ പൂര്‍ത്തിയായിട്ടില്ലാത്ത അവികസിത മനുഷ്യസമൂഹങ്ങളായി ദൂരെ നിര്‍ത്താന്‍ ‘ജ്ഞാനോദയ’ സഹിഷ്ണുതക്കാര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അവരുടെ ‘പ്രബുദ്ധത’യുടെ ഭാഗമല്ലാതെ തന്നെ സൗന്ദര്യത്തിന്റെ പേരിലുള്ള കൊമ്പുകുലുക്കലുകള്‍ മനുഷ്യസമൂഹത്തെ ശ്രേണീവല്‍ക്കരിച്ചിട്ടുണ്ട്. ആദമിന്റെ മക്കളായി സകല മനുഷ്യരെയും പരിഗണിക്കുന്ന ഇസ്‌ലാമിന് അത്യന്തം വിരൂപമായ ഈ ‘സൗന്ദര്യശാസ്ത്ര’ത്തെ അംഗീകരിക്കുക തരിമ്പും സാധ്യമല്ല തന്നെ. നബി (സ) പറഞ്ഞു:

”നിങ്ങള്‍ക്കാര്‍ക്കെങ്കിലും നിങ്ങളുടെ ഒരു സഹോദരനുമായി പോരടിക്കേണ്ടി വന്നാല്‍ അവന്റെ മുഖത്തെ നിങ്ങള്‍ ആക്രമണത്തില്‍ നിന്നൊഴിവാക്കുക; കാരണം ആദമിന്റെ സൃഷ്ടിപ്പ്‌ അല്ലാഹുവിന്റെ രൂപകല്‍പനയാണ്.”(6)”നിന്റെ മുഖം അല്ലാഹു വിരൂപമാക്കിത്തീര്‍ക്കട്ടെ എന്ന് ഒരാളോട് നിങ്ങള്‍ പറയരുത്. കാരണം ആദം സന്തതികള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരമകാരുണികനായ അല്ലാഹുവിന്റെ രൂപകല്‍പനയിലാണ്.”(7)

ആദമിന്റെയും ആദം സന്തതികളുടെയും മുഖങ്ങള്‍ അല്ലാഹുവിന്റെ രൂപകല്‍പനയാണെന്നിരിക്കെ അവ മുഴുവന്‍ ആദരവര്‍ഹിക്കുന്നുവെന്നും ഒരാളോട് പോരടിക്കുകയോ ശണ്ഠ കൂടുകയോ ചെയ്യേണ്ടി വന്നാല്‍ പോലും അയാളുടെ മുഖം അല്ലാഹുവിന്റെ രൂപകല്‍പനയാണെന്ന കാര്യമോർത്ത്‌ അതിനെ ആക്രമിക്കുന്നതില്‍ നിന്നും ശപിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് നബി(സ) അനുശാസിക്കുന്നത്. അല്ലാഹുവിന്റെ മഹത്തായ ഡിസൈന്‍ ആണ് ലോകത്തെ എല്ലാ മുഖഛായകളുമെന്ന സ്മരണ വിശ്വാസി കൂടെക്കൊണ്ടു നടക്കണമെന്നാണ് ഈ അധ്യാപനത്തിന്റെ താല്‍പര്യം. ചില മനുഷ്യരുടെ മുഖങ്ങളോടുള്ള വംശീയമായ അവമതിപ്പുകള്‍, അതിനാല്‍ തന്നെ തികഞ്ഞ മതവിരുദ്ധതയും ദൈവവിരുദ്ധതയുമാണ്. നിലനില്‍ക്കുന്ന സാമൂഹിക അവബോധത്തിന്റെ ചുഴിയിലകപ്പെട്ടുകൊണ്ട് പദപ്രയോഗങ്ങളിൽ അത്തരം അവമതിപ്പുകള്‍ കടന്നുവരുന്നതിനെ വരെ അതിശക്തമായാണ് ഇസ്‌ലാം നിരോധിച്ചത്. പ്രവാചകശിഷ്യനായ അബൂദര്‍റ് (റ) ഒരിക്കല്‍ നീഗ്രോ മാതാവിനുപിറന്ന മറ്റൊരു പ്രവാചകാനുചരൻ ബിലാലിനെ (റ) ‘കറുത്തവളുടെ മകനേ’ എന്ന് ആക്ഷേപഭാവത്തില്‍ വിളിച്ചതറിഞ്ഞപ്പോള്‍ നബി(സ) അബൂദര്‍റില്‍ നിന്ന് മുഖം തിരിക്കുകയും ”മുഹമ്മദിന് ഖുര്‍ആന്‍ അവതരിപ്പിച്ചുതന്ന അല്ലാഹു തന്നെയാണ് സത്യം; കര്‍മം കൊണ്ടല്ലാതെ ഒരാളും മറ്റൊരാളേക്കാള്‍ ഉന്നതാകുന്നില്ല” എന്ന് ക്ഷുഭിതനായി പറയുകയും ചെയ്തത് ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.(8)

ഗോത്രം കൊണ്ടും പ്രദേശം കൊണ്ടും നിറം കൊണ്ടും മുഖം കൊണ്ടും അധമനാണെന്ന് മുദ്രകുത്തി മക്കക്കാർ പീഡിപ്പിച്ചിരുന്ന ബിലാൽ എന്ന നീഗ്രോയെ പ്രവാചകശിഷ്യന്മാരുടെ മുൻനിരയിൽ കൊണ്ടുവന്ന് നിർത്തി ആദരിക്കുകയും മദീനയിലെ പള്ളിയിൽ നിന്ന് ബാങ്ക്‌ വിളിക്കാനുള്ള മഹത്തരമായ അവസരം ബിലാലിന്‌ നൽകി അദ്ദേഹത്തിന്റെ വിളിയാളങ്ങൾക്ക്‌ അച്ചടക്കത്തോടെ ഉത്തരം നൽകുന്നവരാക്കി ‘ഉന്നതകുലജാതരായ’ ഖുറയ്ശികളെ മാറ്റുകയും ചെയ്ത പ്രവാചകനാണ്‌ മുഹമ്മദ്‌ നബി(സ). ഒന്നാലോചിച്ചുനോക്കൂ, ഇസ്രായീലൽ വംശജ അല്ലാത്തതിനാലും കറുത്ത നിറമായതിനാലും ബൈബിൾ പാർശ്വവൽകരിച്ച ഹാജറിനെ അബ്രഹാമിന്റെ ചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ നിർത്തുകയും ഹാജറിന്റെ കാലടിപ്പാടുകൾ സഫക്കും മർവക്കുമിടയിൽ നിഷ്ഠാപൂർവം പിന്തുടരാൻ ലോകത്തിലെ മുഴുവൻ വിശ്വാസികളെയും ഹജ്ജിന്റെയും ഉംറയുടെയും അവസരങ്ങളിൽ നിർബന്ധിക്കുകയും ചെയ്ത ആദർശമാണ്‌ ഇസ്‌ലാം. നബി(സ) മക്കയുടെ ഭരണാധികാരിയായപ്പോൾ അതിപവിത്രമായ കഅബക്കുള്ളിലേക്ക്‌ അദ്ദേഹത്തിന്റെ കൂടെ അകമ്പടിയായി പ്രവേശിച്ചത്‌, അഭിജാതരെന്ന് അറിയപ്പെട്ടവരെല്ലാം നോക്കിനിൽക്കെ, ബിലാലും അടിമയായി മക്കയിലെത്തിയ സയ്ദ്‌ ഇബ്നു ഹാരിഥയുമായിരുന്നുവെന്ന് നമുക്ക്‌ മറക്കാതിരിക്കുക.

ആധുനിക ജനാധിപത്യത്തിന്റെ മറക്കുടയ്ക്കുള്ളിൽ മനസ്സിൽ നുരഞ്ഞുപൊന്തുന്ന വംശീയതയെ ഒളിപ്പിക്കുന്ന വലതുപക്ഷ നവനാസ്തിക യുക്തിവാദികൾ അടക്കമുള്ള എല്ലാ മുതലാളിത്ത ബുദ്ധിജീവികളും, ഒഴിവുകിട്ടുമ്പോൾ ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്രവും ഒന്ന് വായിക്കുന്നത്‌ നല്ലതാണ്‌- അൽപം വെളിച്ചം അകത്ത്‌ കടന്നേക്കും; കറുപ്പിനെ ആശ്ലേഷിക്കാൻ മനസ്സ്‌ വളർന്നേക്കും; വൃത്തികെട്ട ‘വലിയവൻ’ വിചാരങ്ങൾ ചെറുതായെങ്കിലും ഒന്നുടഞ്ഞേക്കും. അത്രയ്ക്കൊന്നും ചെയ്യാൻ സമയമില്ലെങ്കിൽ മുസ്‌ലിം പള്ളികളിലേക്ക്‌ ഒന്നെത്തി നോക്കുകയെങ്കിലും ചെയ്യാം. കറുത്തവരും വെളുത്തവരും കാലും തോളും ചേർത്തുവെച്ച്‌ ഞങ്ങളൊന്നാണെന്ന് പ്രഖ്യാപിച്ച്‌ പടച്ചവനുമുന്നിൽ കുമ്പിടുന്നത്‌ കാണാം. ഒന്നുകൂടി ഉജ്ജ്വലമായി ഈ വിശ്വാസത്തിന്റെ ആവിഷ്കാരം കാണണമെങ്കിൽ ഹജ്ജിലേക്ക്‌ കണ്ണുതുറന്നാൽ മതി -സകല വൈവിധ്യങ്ങൾക്കും അതീതമായി ആഗോള മനുഷ്യസാഹോദര്യം ദൈവസ്മരണയുടെ ബലത്തിൽ പൂത്തുലയുന്ന അതിമനോഹര ദൃശ്യം നിങ്ങളവിടെ കാണും. കറുപ്പിനെപ്പേടി മാറണമെങ്കിൽ, അതുകൊണ്ടുതന്നെ, അമേരിക്ക മക്കക്ക്‌ പഠിക്കുകയാണ്‌ വേണ്ടതെന്ന് നമുക്ക്‌ ഉറക്കെപ്പറയുക.

കുറിപ്പുകൾ:

1. Frantz Fanon, Black Skins, White Masks (1952). Malcolm X and Alex Haley, The Autobiography of Malcolm X (1965). Talal Asad, Is Critique Secular? Blasphemy, Injury, and Free Speech (2009).

2. ഖുര്‍ആന്‍ 49:13.

3. തിര്‍മിദി, ജാമിഅ്.

4. അഹ്മദ്‌, മുസ്‌നദ്. തിര്‍മിദി, ജാമിഅ്.

5. അബൂദാവൂദ്, സുനന്‍. തിര്‍മിദി, ജാമിഅ്.

6. മുസ്‌ലിം, സ്വഹീഹ്.

7. ഇബ്‌നു അബീ ആസിം, അസ്സുന്ന.

8. ബയ്ഹഖി, ശുഅ്ബുല്‍ ഈമാന്‍.