Memoir

തട്ടമിട്ടുള്ള രാഷ്ട്രീയ ജീവിതം

By Admin

January 18, 2023

ഫാത്വിമ മുസഫ്ഫർ എന്ന എന്റെ പേരുകേൾക്കുമ്പോൾ കറുത്ത അബായയും മുന്നിലേക്ക് നീളത്തിൽ ഇറങ്ങി നിൽക്കുന്ന വെളുത്ത മഫ്തയുമാണ് എന്നെ അറിയുന്നവരുടെയൊക്കെ മനസ്സിലേക്ക് ആദ്യം വരിക. സ്ഥായിയായ ഒരു വസ്ത്രധാരണരീതി ഒരാളുടെ സ്വത്വത്തിന്റെ അടയാളമായി അയാളിലും മറ്റുള്ളവരിലും ഉറച്ചുപോകുന്ന പ്രക്രിയയുടെ ഭാഗമാണത്. രാഷ്ട്രീയം എന്ന എന്റെ കർമമേഖല കൂടുതൽ തെളിവോടെ എന്റെ വസ്ത്രത്തെ പൊതുഇടത്തിൽ സ്ഥാപിക്കുന്നുണ്ട്. എന്റെ ജീവിതം ഒരു സാധാരണ മുസ് ലിം വനിതയുടേതിനേക്കാൾ പ്രകടമാണ്. നൂറുകണക്കിന് ആളുകൾക്കു മുമ്പിൽ നിരന്തരമായി പ്രത്യക്ഷപ്പെടുക എന്നത് ഒരു പൊതുപ്രവർത്തകയുടെ കർത്തവ്യനിർവഹണത്തിന്റെ ഭാഗമാണ്. ആൾക്കൂട്ടത്തിൽ ഒരാൾ എന്നതിനേക്കാൾ, ആൾക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കപ്പെടേണ്ട ആളായുള്ള ആ നിൽപ്പ് സ്വാഭാവികവും സുഖകരവുമായാലേ ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ ഞാൻ പ്രാപ്തയാവുകയുള്ളൂ എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഹിജാബിന് എന്റെ ജീവിതത്തിലുള്ള നാനാർത്ഥങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിക്കേണ്ടതുണ്ട്.

ഇസ് ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ ഉദ്യമിച്ച പിതാമഹനും പിതാവുമൊക്കെയാണ് ദൈവികദർശനത്തിലുറച്ച എന്റെ നിലപാടുകളുടെ അടിത്തറ ഭദ്രമാക്കിയത്. ആദ്യമായി ക്വുർആൻ തമിളിലേക്ക് വിവർത്തനം ചെയ്ത മൗലാനാ അബ്ദുൽ ഹമീദ് അൽബാക്വവിയുടെ കൊച്ചുമകളാണ് ഞാൻ. ഇസ് ലാമിക പണ്ഡിതനായിരുന്ന എന്റെ പിതാമഹൻ സ്വാതന്ത്ര്യസമര സേനാനിയും ഖിലാഫത്ത് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു. മൗലാനാ അബുൽ കലാം ആസാദ് ഇവിടെ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഉർദു പ്രസംഗങ്ങൾ തമിളിലേക്കു പരിഭാഷപ്പെടുത്തിയത് എന്റെ പിതാമഹനായിരുന്നു. പിതാമഹൻ തയ്യാറാക്കിയ തമിൾ ക്വുർആൻ പരിഭാഷ എഴുതിയെടുത്തത് എന്റെ പിതാവായ എ. കെ. എ. അബ്ദുസ്സ്വമദ് ആയിരുന്നു. ഇരുപതുവർഷക്കാലം പാർലമെന്റ് അംഗമായിരുന്ന എന്റെ ഉപ്പ രണ്ടു തവണ വീതം ലോക്‌സഭയിലും രാജ്യസഭയിലും സാന്നിധ്യമറിയിച്ചു. വിദ്യാഭ്യാസ വിചക്ഷണനായി അറിയപ്പെടുന്ന അദ്ദേഹം നിയമസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്റെ ഉമ്മയോ സഹോദരിയോ പർദ പോലുള്ള നീളൻ മേൽകുപ്പായം ഒരിക്കലും ധരിച്ചു കണ്ടിട്ടില്ല. മുഖവും മുൻകയ്യുമല്ലാത്ത ശരീരഭാഗങ്ങൾ മറച്ചുകൊണ്ട് ഉമ്മ സാരിയിലും സഹോദരി സാരി/ ചുരിദാറിലുമാണ് പുറത്തിറങ്ങുക. പക്ഷേ, ഞാനൊരു പൊതുപ്രവർത്തകയായപ്പോൾ എന്റെ ജോലിയെ എല്ലാതരത്തിലും എളുപ്പമാക്കുന്നതാവണ്ടേ എന്റെ വസ്ത്രം എന്ന് ഞാൻ ചിന്തിച്ചു. ഇസ് ലാമിൽ ആഴത്തിൽ അറിവു നേടാൻ പരിശ്രമിക്കുന്ന വ്യക്തിയെന്ന നിലയിൽ പൂർണാർത്ഥത്തിലുള്ള ഹിജാബാണ് എന്നെ മദിച്ച സന്ദേഹങ്ങൾക്കുള്ള മറുപടിയായി മനസ്സിൽ വന്നു നിറഞ്ഞത്. അങ്ങനെയാണ് പർദ എന്റെ തെരഞ്ഞെടുപ്പായത്. പുറംമോടിയെക്കുറിച്ചുള്ള ചിന്തകൾക്ക് തീരെ അടിപ്പെടാതിരിക്കാൻ അതിന്റെ നിറം കറുപ്പാവട്ടെ എന്നും ഞാൻ തീരുമാനിച്ചു.

വിശുദ്ധ ക്വുർആനിലെ മുപ്പത്തിമൂന്നാം അദ്ധ്യായം സൂറത്തുൽ അഹ്‌സാബിലെ അൻപത്തി ഒമ്പതാം വചനത്തിൽ സ്ത്രീകൾ തിരിച്ചറിയപ്പെടാനും ആക്രമിക്കപ്പെടാതിരിക്കാനും ഏറ്റവും അനുയോജ്യമായ വസ്ത്രമായാണ് ഹിജാബിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ഇസ് ലാമിക വസ്ത്രധാരണത്തിലൂടെ ഒരു സ്ത്രീക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്ന സുരക്ഷ അനുഭവിച്ചറിഞ്ഞുകൊണ്ടാണ് വർഷങ്ങളായി എന്റെ ദിനങ്ങൾ കടന്നുപോവുന്നത്. രാഷ്ട്രീയമെന്ന കർമഭൂമി മറ്റു പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാണല്ലോ. ഇവിടെ രാഷ്ട്രീയത്തിൽ സജീവമായ സ്ത്രീകൾ കുറവാണ്. പുരുഷന്മാരോട് ചേർന്നു പ്രവർത്തിച്ചല്ലാതെ രാഷ്ട്രീയത്തിൽ ഫലം പ്രതീക്ഷിക്കാനാവില്ല. രാഷ്ട്രീയ ജീവിതത്തിൽ അനേകം പുരുഷൻമാർക്കിടയിൽ ഒരേയൊരു സ്ത്രീയായി പലപ്പോഴും നിൽക്കേണ്ടി വന്നിട്ടുണ്ട്. പൊതുപരിപാടികളും റാലികളും പ്രതിഷേധപ്രകടനങ്ങളും ധർണകളും രാഷ്ട്രീയത്തിൽ അവിഭാജ്യവുമാണ്. ഈ അർത്ഥത്തിൽ വീടിനു പുറത്ത് ജീവിക്കുന്നവരാണ് രാഷ്ട്രീയക്കാർ. പൊതുജീവിതത്തിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം പറയട്ടെ: ഇസ് ലാമിക വേഷത്തിലല്ലാത്ത സ്ത്രീകളുടെ സഹപ്രവർത്തകരും അല്ലാത്തവരുമായ പുരുഷന്മാർ വളരെ സ്വാതന്ത്ര്യത്തോടെ അവരെ സമീപിക്കുന്നു, അവരുമായി ഇടപഴകുന്നു. ആ സ്ത്രീകൾ അതാഗ്രഹിക്കുന്നില്ലെങ്കിൽ കൂടി അവരുടെ വസ്ത്രധാരണം പുരുഷന്മാരെ കൂടുതൽ സ്വതന്ത്രരാക്കുന്നു. ഞാൻ ഇത് പറയുന്നത് ഹിജാബ് ധരിച്ച എന്നോട് അവർ കൂടുതൽ ബഹുമാനത്തോടെ പെരുമാറുകയും എന്നിൽ നിന്ന് ഒരു ശാരീരിക അകലം പാലിക്കാൻ ബദ്ധശ്രദ്ധരാവുകയും ചെയ്യുന്നത് നിരീക്ഷിച്ചിട്ടുള്ളതുകൊണ്ടാണ്. എന്റെ വളരെ അടുത്ത് നിൽക്കാതിരിക്കാനും എന്നെ സ്പർശിക്കാതിരിക്കാനും അവർ കാണിക്കുന്ന ജാഗ്രത, ഞാൻ ആരാണെന്ന് എന്റെ വസ്ത്രം അവരോട് സംസാരിക്കുന്നതുകൊണ്ടാണ് എന്നെനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് അല്ലാഹുവിന്റെ വചനങ്ങളുടെ സത്യത ഞാൻ നിത്യവും അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്. മുപ്പതുവർഷക്കാലത്തെ എന്റെ പൊതുജീവിതം ഇതിന് സാക്ഷ്യം വഹിക്കുന്നു.

ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക, വാർത്താമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുക, അഭിമുഖങ്ങളിൽ പങ്കെടുക്കുക തുടങ്ങിയവ എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഈ സമയങ്ങളിലെല്ലാം ആളുകൾ എന്റെ ശരീരാവയവങ്ങളോ സൗന്ദര്യമോ കണ്ണുവെച്ചളക്കുകയാണോ എന്ന് ഗൗനിക്കേണ്ടതില്ലാതെ എന്റെ ആശയങ്ങൾ സുവ്യക്തമായി ജനസമക്ഷം അവതരിപ്പിക്കാൻ ഹിജാബാണെന്നെ സഹായിക്കുന്നത്. ഞാൻ എന്താണോ അതുമാത്രമായി ഞാൻ പ്രത്യക്ഷപ്പെടുന്നു; ശക്തിയേറിയ ഒരു പരിച പോലെ അതെന്നെ സുരക്ഷിതയാക്കുന്നു.

പർദയ് ക്കുള്ളിൽ മുസ് ലിം സ്ത്രീകൾ അടിച്ചൊതുക്കപ്പെട്ടതോർത്ത് കണ്ണീർവാർക്കുന്നവർ വിമോചനവും ശാക്തീകരണവും ഏറ്റവും എളുപ്പത്തിലും പൂർണതയിലും ഹിജാബിലൂടെ പ്രാപ്യമാവുന്നത് കണ്ണുതുറന്നു കാണേണ്ടതാണ്. സ്ത്രീകളുടെ വസ്ത്രം ചെറുതാവുംതോറും വിമോചിതരാവുന്നത് അവരല്ല, അവർക്കു ചുറ്റുമുള്ള പുരുഷന്മാരുടെ ആസ്വാദന താൽപര്യങ്ങളാണെന്ന കാര്യം കാണാതിരിക്കുന്ന ഗുരുതരമായ അന്ധതയാണവരെ ഗ്രസിച്ചിരിക്കുന്നത്. സ്ത്രീശരീരത്തിലേക്ക് പുരുഷന്മാരുടെ ശ്രദ്ധ തെറ്റിക്കാത്ത വസ്ത്രധാരണം അവരുമായി സഹകരിച്ച് കരുത്തുറ്റ ആശയങ്ങൾ ലോകത്തിന് സമ്മാനിക്കാൻ വഴിതുറക്കുമെന്നതാണ് സത്യം, അതുതന്നെയാണ് എന്റെ അനുഭവവും.

സാമ്പത്തികവും ബൗദ്ധികവുമായ വ്യത്യാസങ്ങൾ പ്രകടമായ ഒരു സമൂഹത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. പ്രബുദ്ധരായവരും പാമരരായവരും പണക്കാരായവരും പണിക്കാരായവരും ആ കൂട്ടത്തിലുണ്ട്. ഹിജാബിന്റെ ലാളിത്യമാണ് ഇവിടെ എന്നെ അവരിൽ ഒരാളാക്കുന്നത്. ഞാൻ നേടിയെടുത്ത വിദ്യാഭ്യാസം ബൗദ്ധിക വ്യവഹാരങ്ങളെ കൂടുതൽ എളുപ്പമാക്കിത്തരുന്നു. എന്റെ സാമ്പത്തികസ്ഥിതി വെളിവാക്കാത്ത വസ്ത്രം അഭ്യസ്തവിദ്യരല്ലാത്ത, സമൂഹത്തിന്റെ താഴേ തട്ടിലുള്ളവർക്ക് പ്രശ്‌നപരിഹാരങ്ങളാരാഞ്ഞ് സമീപിക്കാവുന്ന വ്യക്തിത്വമായി എന്നെ അടയാളപ്പെടുത്തുന്നു. ഒരു പൊതുപ്രവർത്തകയെന്ന നിലയിൽ വളരെ ആശ്വാസകരവും ആസ്വാദ്യകരവുമാണ് ഇത്തരമൊരവസ്ഥ.

ഹിജാബ് എനിക്കെന്താണ് എന്ന ചോദ്യത്തിന് ഒറ്റവരിയിലൊരുത്തരം നൽകാനാവാത്തത് ഇതുകൊണ്ടൊക്കെയാണ്. ഹിജാബ് എന്റെ വിശ്വാസത്തിന്റെ അടയാളമാണ്; ഒരു പൊതുപ്രവർത്തക എന്ന നിലയിൽ പല നിലക്കും അതെനിക്ക് ആശ്വാസമാണ്, ധൈര്യമാണ്. അതെനിക്ക് അന്തസ്സു നൽകുന്നതും എന്റെ ജോലിയെ പല നിലയിൽ എളുപ്പമാക്കുന്നതുമാണ്.

എന്റെ നാട്ടിൽ ഞാനാരാണെന്ന് അറിയുന്നവർക്കിടയിൽ ഞാൻ ആദരിക്കപ്പെടുന്നു, എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കപ്പെടുന്നു. എന്നാൽ അപരിചിതർ എന്റെ വസ്ത്രം കണ്ട് അവമതിപ്പോടെ എന്നെ നോക്കുകയും അവഗണിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾക്കും ഞാൻ സാക്ഷിയായിട്ടുണ്ട്. 2004–ൽ ചെന്നൈയിലുള്ള അമേരിക്കൻ കോൺസുലേറ്റ് ഹവായിൽ നടക്കുന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ എന്റെ പേര് ശിപാർശ ചെയ്യുകയും എനിക്കവിടെ എത്തിച്ചേരാൻ സാധിക്കുകയും ചെയ്തു. അവിടെയെത്തിയ എൺപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ നിന്ന് ഞാനടക്കമുള്ള പതിനാല് പേരെ “തീവ്രവാദവും സുരക്ഷയും’ എന്ന വിഷയത്തിലുള്ള ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. വെള്ള മുഖമക്കനയും കറുപ്പ് അബായയും തന്നെയായിരുന്നു എന്റെ വേഷം. വലിയൊരു സദസ്സിനെ അഭിമുഖീകരിക്കാൻ പ്രാപ്തയല്ല ഞാനെന്ന് എന്റെ വസ്ത്രം കണ്ട് അവർ വിചാരിച്ചതുകൊണ്ടാവാം, ആ ദ്വിദിന സംഗമത്തിന്റെ സമാപനം അടുക്കുംവരെ സ്വയമൊന്ന് പരിചയപ്പെടുത്താൻ പോലും അവരെനിക്ക് അവസരം തന്നില്ല. മറ്റെല്ലാവർക്കും അവസരം ലഭിക്കുകയും ചെയ്തു. സമ്മേളനം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് അവർ എനിക്ക് സംസാരിക്കാൻ സമയം അനുവദിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ വളരെ നന്നായി വിഷയം അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അടുത്ത ഒരു മാസക്കാലം അമേരിക്കയിലെ ആറു സംസ്ഥാനങ്ങളിലായി ഈ സമ്മേളനങ്ങൾ തുടർന്നു. അവിടെയെല്ലാം ഞാൻ പോവുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഒടുക്കം സമാപനസമ്മേളനത്തിൽ star of the group ആയി എല്ലാവരും ഏകസ്വരത്തിൽ എന്നെ തെരഞ്ഞെടുത്തു. കഴിവും പ്രാഗത്ഭ്യവും ബുദ്ധിശക്തിയും ഹിജാബികൾക്ക് അന്യമാണെന്ന പാശ്ചാത്യൻ പൊതുബോധത്തെ അടിച്ചുടച്ചു എന്നതായിരുന്നു അന്നത്തെ എന്റെ വിജയം. ഹിജാബ് ശരീരത്തിനും സൗന്ദര്യത്തിനുമുള്ളതാണെന്നും ചിന്താശേഷിയെ ഹിജാബ് ഇടുക്കുകയോ തളക്കുകയോ ചെയ്യില്ലെന്നും എന്റെ നേട്ടം അവരെ ബോധ്യപ്പെടുത്തിയിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ഇരുപതിലധികം രാജ്യങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അവിടെയുള്ള ആളുകളുമായി സംവദിച്ചിട്ടുണ്ട്. യാത്രകളിൽ, അത് വിമാനത്തിലായാലും തീവണ്ടിയിലായാലും, ഹിജാബ് ഒരു അനുഗ്രഹമായിട്ടാണ് ഞാൻ അനുഭവിച്ചിട്ടുള്ളത്. പക്ഷേ, പലപ്പോഴും, ഇസ് ലാമോഫോബിയയുടെ വ്യാപനം കാരണം, സംശയദൃഷ്ടിയോടെ നിരീക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് ബോധവതിയാവാറുണ്ട്. എങ്കിലും എല്ലാവരോടും ചിരിക്കുകയും ആശയവിനിമയത്തിന് മുതിരുകയും നല്ല പെരുമാറ്റം മുഖമുദ്രയാക്കുകയും ചെയ്യുമ്പോൾ സംശയങ്ങളുടെ കാർമേഘങ്ങൾ പെയ്‌തൊഴിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആളുകൾ എന്നെ എങ്ങനെ പരിഗണിക്കുന്നു എന്നതിനേക്കാൾ മറ്റുള്ളവരോട് മോശമായി പെരുമാറിയാൽ അല്ലാഹു എന്നെ എങ്ങനെയായിരിക്കും പരിഗണിക്കുക എന്നതാണ് ഗൗരവതരമായി ഞാൻ ചിന്തിക്കാറുള്ളത്.

ആളുകളുടെ മനസ്സിനകത്ത് സ്ഥാനമുറപ്പിക്കുന്ന പെരുമാറ്റം ഹിജാബിനോടൊപ്പം ധരിക്കണം എന്നാണ് വിശ്വാസിനികളോട് എനിക്ക് പറയാനുള്ളത്. അതിന് തുറിച്ചുനോട്ടങ്ങൾക്കുമുമ്പിൽ ഭയചകിതരാവാതിരിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കണം. അറിവു നേടുമ്പോൾ നിങ്ങൾ തന്റേടമുള്ളവരാകും. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും ഹിജാബും വിദ്യാഭ്യാസവും നിങ്ങൾക്ക് മുന്നേറുവാനുള്ള ഊർജ്ജമാവും. അഞ്ചു ഭാഷകൾ സംസാരിക്കുകയും ഒട്ടേറെ അന്താരാഷ്ട്ര പുരസ് കാരങ്ങൾ നേടുകയും ചെയ്ത ഹിജാബിയാണ് ഞാൻ. വിശ്വാസവും വിശ്വാസിനിയുടെ വസ്ത്രവും തടയുന്ന മതിലുകളല്ല, ഉയർത്തുന്ന പടികളാണെന്ന് എന്നെപ്പോലെ നിങ്ങളും അറിയണം. എങ്കിലേ ഹിജാബിനെതിരെ യുദ്ധകാഹളം മുഴങ്ങുമ്പോൾ അവകാശസമരങ്ങളിൽ ഉറച്ചുനിൽക്കുന്നൊരു മറച്ച ശരീരം വേരുപിടിക്കുകയുള്ളൂ.

ഫാഷിസം നാടുവാഴുമ്പോൾ ന്യൂനപക്ഷങ്ങളെന്നും സമരമുഖത്താണ്. ഹിജാബിനു പുറത്തിറങ്ങിയില്ലെങ്കിൽ കോളെജിന് പുറത്തിറങ്ങേണ്ടിവരുമെന്ന ഭീഷണിയാണ് ഭരണകൂടത്തിന്റെ പുതിയ സമ്മാനം. ഇൻഡ്യയിൽ പലയിടത്തും അസ്വസ്ഥത നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിലൂടെയാണ് ഹിജാബികൾ ഇന്ന് നടന്നുനീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഹിജാബി പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമങ്ങൾ പോലും അനുസരിക്കാൻ തയ്യാറാവാത്ത ധാർഷ് ഠ്യക്കാരായി മുദ്രകുത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അരങ്ങേറുന്നത്. ഇത് മുസ് ലിം സ്ത്രീകൾക്ക് നിർബന്ധമായ വസ്ത്രമല്ലെന്നും അതിനാൽ ഹിജാബ് ഭരണഘടന ഉറപ്പുനൽകുന്ന മതാവകാശത്തിന്റെ പരിധിക്ക് പുറത്താണെന്നും വാദിച്ചുജയിക്കുകയാണ് പദ്ധതി. വിശ്വാസികളുടെ പിരടിയിൽ പിടിച്ചുചെയ്യിക്കുന്ന ഒരു കർമവും ഇസ് ലാമിൽ ഇല്ലെന്ന് ഇവർ ആദ്യം മനസ്സിലാക്കട്ടെ. അഞ്ചുനേരത്തെ നമസ് കാരം മുസ് ലിമിന്റെ നിർബന്ധ ബാധ്യതയാണ്. എന്നാൽ നമസ് കരിക്കാത്ത ഒരാളെ പിടിച്ചുകൊണ്ടുപോയി നമസ് കരിപ്പിക്കുന്ന രീതി മുസ് ലിങ്ങൾക്കില്ല. നോമ്പും സകാത്തും ഒക്കെ ഇതുപോലെത്തന്നെയാണ്. ഈ കർമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മുസ് ലിങ്ങളെ ബോധവാന്മാരാക്കാൻ നിരന്തരം ഉൽബോധനങ്ങൾ നടത്തുകയാണ് ചെയ്യുക.

വിശ്വാസിനി എങ്ങനെ വസ്ത്രം ധരിക്കണമെന്ന ചോദ്യത്തിന് ഇസ് ലാമിന്റെ ഉത്തരമാണ് ഹിജാബ്. ഹിജാബ് എന്താണ്, എങ്ങനെയാണ്, എന്തിനാണ് എന്നതിനെല്ലാം ക്വുർആനും പ്രവാചകനും വിശദീകരണം നൽകിയിട്ടുണ്ട്. പക്ഷേ, ഹിജാബ് അണിയുന്നുണ്ടോ ഇല്ലേ എന്നത് വ്യക്തികളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. സ്വന്തം തെരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങളനുഭവിക്കുന്നതും അവരവർ തന്നെയാണ്. അതുകൊണ്ട് ഹിജാബ് ഇടാത്ത മുസ് ലിങ്ങളെ നോക്കി “അവരുടെ മതവും ഇസ് ലാമല്ലേ, പിന്നെ നിങ്ങൾക്കുമാത്രമെന്താണിങ്ങനെയൊരു നിർബന്ധം” എന്നോ “അവരൊന്നും തലമറയ് ക്കുന്നില്ലല്ലോ, അപ്പോൾ തല മറച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ലല്ലോ” എന്നൊന്നും ഞങ്ങളോട് ചോദിക്കേണ്ടതില്ല. മുസ് ലിം സ്ത്രീക്ക് അല്ലാഹു നിശ്ചയിച്ച വസ്ത്രമാണിത്. അത് ഞങ്ങൾ വിശ്വാസിനികളുടെ ബാധ്യതയാണ്. ആ ബാധ്യത നിർവഹിക്കാൻ താൽപര്യമില്ലാത്തവരുണ്ട് എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അത് ഞങ്ങളിടുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നുണ്ടെങ്കിൽ ചികിത്സ വേണ്ടത് നിങ്ങൾക്ക് മാത്രമാണ്.

മതവും ജാതിയുമുള്ളൊരു ഭരണകൂടമാണ് ഇൻഡ്യയുടെ ദുരന്തം. ഭരണം കയ്യാളുന്നവർ secular ആവുകയും ഭരിക്കപ്പെടുന്നവർ നിർഭയം മതം പിൻപറ്റുകയും ചെയ്യുന്ന ഒരു രാജ്യമായിരുന്നു ഭരണഘടനാ ശിൽപികൾ ഇവിടെ പണിതുയർത്തിയത്. എന്നാൽ ഇന്ന് ബഹുസ്വരതയുടെ ബലമുള്ള നൂലുകൾ വർഗീയതയുടെ വിഷപ്പുകയേറ്റു നിറം മങ്ങി നിൽക്കുന്നു. പക്ഷേ, നിറം മാറാത്ത നേരും ഭരണഘടനയും എന്നും നമ്മുടെ ചേരിയിലാണ്. ജനാധിപത്യ പോരാട്ടങ്ങളിൽ ഉറച്ചുനിൽക്കാൻ, നിലപാടുകൾ മായാതെ അടയാളപ്പെടുത്താൻ അതു നമുക്ക് മതിയായ ധൈര്യമാണ്, മൂർച്ചയേറിയ ആയുധവുമാണ്.

(PROFOUND PRESS പ്രസിദ്ധീകരിച്ച ‘തട്ടവും തിട്ടൂരങ്ങളും’ എന്ന പുസ്തകത്തിൽ നിന്ന്)