Opinion

ഹിന്ദുത്വമാണ്‌ ഗാന്ധിയെ കൊന്നത്

By Nasim Rahman

January 30, 2021

ഹിന്ദു-മുസ്‌ലിം മൈത്രി എന്നത് ഗാന്ധിയുടെ ഒരു തത്വമായിരിന്നുവെങ്കിലും അതൊരു വികാരമായി തീക്ഷ്ണരൂക്ഷത പ്രാപിച്ചത് 1947ന് ശേഷമാണ്. അധിനിവേശ ശക്തികൾ നിർമിച്ചുവെച്ച ഇരുട്ടിന്റെ മഹാഗഹനത വകഞ്ഞ് 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ അരുണകിരണങ്ങൾ ഉദിക്കാൻ തുടങ്ങിയപ്പോൾ ഗാന്ധി പക്ഷേ പ്രസ്തുത സ്വാതന്ത്ര്യത്തിൽ സംതൃപ്തനായിരുന്നില്ല. ഇൻഡ്യാ വിഭജനവും അതുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ കലാപങ്ങളുമായിരുന്നു സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ ‘ഐക്കൺ’ ആയി മാറിയ അദ്ദേഹത്തിന് ചർമം രോമഹർഷം പൂണ്ടു നിൽക്കേണ്ട ആ ദിനങ്ങളിൽ ഖേദചിന്തകളിൽ മുഴുകി കണ്ണുനനച്ച് നടക്കേണ്ടി വന്നത്.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരിക്കും വിഭജന കാലത്ത് ഇൻഡ്യയിൽ നടന്ന വർഗീയ കലാപങ്ങൾ. രണോത്സുക ഹിന്ദുത്വത്തിന്റെ സ്വതന്ത്ര ഇൻഡ്യയിലെ നൃശംസ രാഷ്ട്രീയത്തിന്റെ ഉദ്ഘാടനമായിരുന്നു പ്രസ്തുത വർഗീയ കലാപങ്ങൾ. ഒന്നുകിൽ പാക്കിസ്ഥാനിലേക്ക് പോവുക, അല്ലെങ്കിൽ തങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കുക;വിഭജനാനന്തര ഇൻഡ്യയിലെ മുസ്‌ലിംകളോട് ഹിന്ദുത്വം ഇറക്കിയ കല്പനകളായിരുന്നു ഇവ. പ്രസ്തുത തിട്ടൂരങ്ങൾ അനുസരിക്കാത്തവർക്കെതിരെ അവർ തേറ്റകൾ കാട്ടുകയും അവരെ കടിച്ചുകീറുകയും ചെയ്തു. ഉത്തരേന്ത്യയിലെ മുസ്‌ലിം ആരാധനാലയങ്ങളും, വ്യാപാര കേന്ദ്രങ്ങളും, മക്തബകളും അവർ കുടഞ്ഞെറിഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ജനിച്ചമണ്ണും തലമുറകളായി സമ്പാദിച്ചതും ഉപേക്ഷിച്ച് ദശലക്ഷക്കണക്കിനാളുകൾ പലായനം ചെയ്തു.

നിരാശയുടെ കാർമേഘങ്ങൾ നിറഞ്ഞു നിന്ന ആ അന്തരീക്ഷത്തിലൂടെ അർദ്ധനഗ്നനായ ഫക്കീർ അസ്വസ്ഥചിത്തനായ് നീങ്ങി. വംശഹത്യക്ക് വിധേയരായവരുടെ നെടുനിശ്വാസങ്ങളും ഗദ്ഗദങ്ങളും ആ പുരുഷരത്നം സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങി. അവരുടെ തേങ്ങലുകളിൽ അദ്ദേഹം സമാശ്വാസത്തിന്റെ തണലായി മാറി. ഹിന്ദുത്വം ചെയ്ത്കൂട്ടുന്ന ക്രൂരതകൾ ഹിന്ദുവായ തനിക്ക് മനസിലാവുന്നില്ലെന്ന് കലാപകാരികളോട് അദ്ദേഹം തുറന്നടിച്ചു. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ നഖശിഖാന്തം അദ്ദേഹം എതിർത്തു. ഗാന്ധിയുടെ ഈ സമീപനം ഹിന്ദുത്വവാദികൾക്ക് അദ്ദേഹത്തോടുള്ള ഈർഷ്യതയുടെ കാഠിന്യം വർധിപ്പിച്ചു.

പതിറ്റാണ്ടുകൾ മനസിനുള്ളിൽ നിറച്ചുവെച്ച ഗാന്ധിയോടുള്ള പകയാണ് 1948 ജനുവരി 30 ന് വെടിയുണ്ടകളായി അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തറച്ചത്. ഗാന്ധിവധം എന്നത് പെട്ടന്നൊരു സമയത്ത് ഗോദ്സെക്ക് പറ്റിയ കയ്യബദ്ധമായിരുന്നില്ല. മറിച്ച് കൃത്യമായ ഒരു ഹിന്ദുത്വ പദ്ധതിയായിരുന്നു അത്. ഹിന്ദുമഹാസഭക്കും, രാഷ്ട്രീയ സ്വയം സേവഘ് സംഘത്തിനും, അവയുടെ നേതാക്കൾക്കും പ്രത്യക്ഷവും പരോക്ഷവുമായ പങ്കുണ്ട് അതിൽ.

നാഥൂറാം വിനായക് ഗോദ്സെ ഗാന്ധിവധ ആസൂത്രണ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. വിനായക് ഗോദ്സെയെന്ന മഹാരാഷ്ട്രയിലെ തപാൽവകുപ്പിലെ ഉദ്യോഗസ്ഥന് 1919ൽ ജനിച്ച നാഥൂറാം അടക്കം മുഴുവൻ സന്തതികളും ആർ.എസ്.എസ് അംഗങ്ങളായിരുന്നു. ഒരു ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച ഞങ്ങൾ നാല് സഹോദരങ്ങളും കൗമാരവും യുവത്വവുമെല്ലാം ചെലവഴിച്ചത് ശാഖയിലായിരുന്നുവെന്ന് നാഥൂറാം ഗോദ്സെയുടെ സഹോദരനും, ഗാന്ധിവധക്കേസിലെ പ്രതികളിലൊരാളുമായ ഗോപാൽ ഗോദ്സെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സാവർക്കർ ആയിരുന്നു ഞങ്ങളുടെ ‘പൊളിറ്റിക്കൽ മെന്റർ’ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. (https://sabrangindia.in/article/gopal-godse-nathuram-did-not-leave-rss)

1932 ൽ ആർ. എസ്. എസിന്റെ ബൗദ്ധിക് കാര്യവാഹക് (Intellectual Worker) ആയ ഗോദ്സെ അതേ കാലയളവിൽ ഹിന്ദുമഹാസഭയിലും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഗോദ്സെ പത്രാധിപരായി ‘അഗ്രാണി’ എന്ന പേരിൽ ഒരു പത്രം തുടങ്ങാൻ 1944ൽ സാവർക്കർ 15000 രൂപ അഡ്വാൻസ് നൽകുന്നുണ്ട്. ‘ഹിന്ദുരാഷ്ട്ര’ എന്ന് പിന്നീട് പേര് മാറ്റിയ ഈ പത്രത്തിലൂടെയായിരുന്നു സാവർക്കർ തൂലിക പിടിച്ചുള്ള ആന്റി-ഗാന്ധി പ്രോപ്പഗണ്ട നിർവഹിച്ചത്. (https://www.ndtv.com/opinion/on-death-anniversary-10-savarkar-links-to-mahatmas-killing-2028057)

കടുത്ത സാവർക്കർ ഭക്തനായിരുന്ന മദൻലാല്‍ പഹ്‌വാ, ഗോദ്സെ, ആപ്തെ എന്നിവരുടെ നേതൃത്വത്തിൽ 1948 ജനുവരി 20 ന് ഗാന്ധിയെ വധിക്കാൻ ഒരു ശ്രമം നടന്നിരുന്നു. ഗാന്ധി പ്രാർത്ഥനായോഗം നടത്തിയിരുന്ന ബിർലാ മന്ദിരത്തിന് സമീപം ബോംബ് പ്രയോഗത്തിലൂടെയുള്ള പരിശ്രമം പക്ഷേ പരാജയപ്പെടുകയായിരുന്നു. ഗോദ്സെയും, ആപ്തെയും രക്ഷപ്പെടുകയും പഹ്‌വാ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. “അവൻ വരും, പരാജയപ്പെട്ട്പോയ ഈ ശ്രമം അവൻ വിജയിപ്പിക്കുക തന്നെചെയ്യും” എന്ന് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുമ്പോൾ മദൻലാൽ പഹ്‌വാ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. ‘അവൻ’ എന്ന് പഹ്‌വാ ഉദ്ദേശിച്ചത് ഗോദ്സെയെ ആയിരുന്നു.

മഹാരാഷ്ട്രയിലും, രാജസ്ഥാനിലും അന്നത്തെ യു.പിയിലുമെല്ലാം ഗാന്ധി വധത്തിനായുള്ള ഫണ്ട് ശേഖരണം തന്നെ ഹിന്ദുമഹാ സഭക്കാര്‍ നടത്തിയിരുന്നു. ആ ശേഖരണം അത്ര മോശപ്പെട്ടതായിരുന്നില്ല. ഭീമമായ സംഖ്യ തന്നെ പിരിഞ്ഞു കിട്ടിയിരുന്നതായും അതിന്റെ കണക്കുകളില്‍ നിന്ന് സവര്‍ക്കര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയിരുന്നതായും ഗോപാല്‍ ഗോദ്‌സെ വെളിപ്പെടുത്തിയിട്ടുണ്ട്. സാവർക്കുടെ കൃത്യമായ മാർഗനിർദേശങ്ങളോടെയും ഹൃദയംഗമമായ ആശീർവാദങ്ങളോടെയുമായിരുന്നു ഗാന്ധിവധം. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതിന് ശേഷം 1948 ജനുവരി 17 ന് ഗോദ്സെയും, ആപ്തെയും, ഞാനും സാവർക്കറിന്റെ വസതിയിലേക്ക് പോയി അവിടുന്ന് അനുഗ്രഹം വാങ്ങിയെന്നും, ദൗത്യം സുന്ദരമായി നിർവഹിച്ച് മടങ്ങി വരൂ എന്ന് അദ്ദേഹം ഉപദേശിച്ചതായും ദിഗംബർ ബാദ്ജ് എന്ന സാവർക്കറി ‘ദേവത’യായി കാണുന്ന ഗോദ്‌സെയുടെ സഹപ്രവർത്തകൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഈ കൂടിക്കാഴ്ചയെ സാവർക്കറുടെ സെക്രട്ടറിയായിരുന്ന ഗഞ്ചൻ ദാംലെയും ബോഡിഗാർഡ് അപ്പാ കസറും സത്യപ്പെടുത്തിയിട്ടുണ്ട്.

ഗാന്ധിവധത്തിന്റെ മുഖ്യ ആസൂത്രകൻ സാവർക്കർ തന്നെയാണെന്ന് 1948 ഫെബ്രുവരി 27ന് അന്നത്തെ ആഭ്യന്തര മന്ത്രി പട്ടേൽ പ്രധാനമന്ത്രി നെഹ്റുവിന് കത്തിൽ കാണാം. 1949 ഫെബ്രുവരി 10ന് സ്പെഷ്യൽ ജഡ്ജ് ആത്മാ ചരൺ വധശിക്ഷ വിധിച്ചതിന് ശേഷം ഗോദ്സെയും ആപ്തെയും സാവർക്കറുടെ കാൽക്കൽ വീഴുന്നുണ്ട്.

ഗോൾവാൾക്കർ വിഭാവനം ചെയ്ത ഹിന്ദുത്വരാഷട്രത്തിന്റെ പണി പുരോഗമിക്കുന്ന ഇൻഡ്യയിൽ ഇന്ന് രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ഗോദ്സെ ദേശഭക്തനാണ്! ഗാന്ധി രാജ്യദ്രോഹിയും! ഏതൊരു ആർ.എസ്.എസുകാരനും തങ്ങൾ മനസിലൊളിപ്പിച്ചിരുന്ന സാവർക്കർ-ഗോദ്സെ പ്രേമം ആര്യപ്രോക്ത ബ്രാഹ്മണ്യം രാജ്യം നിയന്ത്രിക്കുന്നതിന്റെ ബലത്തിൽ ഇന്ന് പുറത്ത് പറഞ്ഞ്കൊണ്ടിരിക്കുന്നു. കപടലേശമന്യേ പാർലമെന്റിൽ പോലും ഹിന്ദുത്വം ഗാന്ധി വെറുപ്പും, ഗോദ്സെ ഭക്തിയും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 2014 ജൂലൈയിൽ ഗാന്ധിയുമായി ബന്ധപ്പെട്ട സുപ്രധാനമായ 15,000ത്തിലധികം രേഖകൾ ആഭ്യന്തര മന്ത്രാലയത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ 2014 സെപ്റ്റംബറിൽ വെങ്കിടേഷ് നായക് വിവരാവകാശരേഖ പ്രകാരം നടത്തിയ അന്വേഷണത്തിനു ലഭിച്ച മറുപടിയിൽ പറയുന്നത്, രേഖകൾ നശിപ്പിച്ചിട്ടുണ്ട്; പക്ഷേ, അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയില്ലെന്നുമാണ്. ഗാന്ധി വധത്തി​ന്റെ രേഖകൾ അപ്രസക്തവും സൂക്ഷിക്കേണ്ടതില്ലാത്തവണ്ണം പാഴ്‌വിവരങ്ങളുമായി മാറിയിരിക്കുന്നു പുതിയ ഇന്ത്യയിൽ എന്നർഥം. ഗാന്ധിനിന്ദയും ഗോദ്സെ സ്തുതിയും സ്വാഭാവികവും സർവാംഗീകൃതവുമാക്കുന്നതിലൂടെ “ഗോദ്സെ ദേശഭക്തനായിരുന്നു, ഇപ്പോഴും ആണ്, ഇനിയും ആയിരിക്കും” എന്നാണ് ഹിന്ദുത്വം ‘പുതിയ ഇൻഡ്യയെ’ പറഞ്ഞു പഠിപ്പിക്കുന്നത്!