Feature

യുണൈറ്റഡ് അറബ് ലിസ്റ്റ് ; ഇസ്രാഈലിന്റെ ഭരണ സഖ്യത്തിൽ വരുന്ന ആദ്യ അറബ് പാർട്ടി

By Nasim Rahman

June 14, 2021

ജറുസലേം: 12 വർഷം നീണ്ടുനിന്ന നെതന്യാഹു യുഗം അവസാനിക്കുന്നതോടൊപ്പം മറ്റൊരു ദിശാമാറ്റം കൂടി ഇസ്രാഈൽ രാഷ്ട്രീയത്തിൽ സംഭവിച്ചിരിക്കുകയാണ്. ഇസ്രാഈലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് പാർട്ടി ഭരണ സഖ്യത്തിൽ വന്നിരിക്കുന്നു. എട്ട് ചെറുകക്ഷികൾ ചേർന്ന് രൂപവത്കരിച്ച ഭരണസഖ്യത്തിലെ ഒന്നായി മാറി മൻസ്വൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാ മിസ്റ്റ് പാർട്ടിയായ യുണൈറ്റഡ് അറബ് ലിസ്റ്റ് ആണ് ചരിത്രം രചിച്ചിരിക്കുന്നത്.

പാർലമെന്റിൽ നാലു സീറ്റുകളുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടി ഇസ്രാഈലിന്റെ ഇരുപത് ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. ജൂൺ രണ്ടിനായിരുന്നു നഫ്താൽ ബന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ മൻസ്വൂർ അബ്ബാസ് ഒപ്പുവെച്ചത്. നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ നാടിനെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ഇത്തരം സഖ്യങ്ങളുടെ ഭാഗമാവുക വഴി ചെയ്യുന്നതെന്ന് മൻസ്വൂർ അബ്ബാസ് പറഞ്ഞു. അറബ് മുസ്‌ലിംകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഈ കരാർ നിമിത്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ബാസിന്റെ ഈ നീക്കത്തെ അവസരവാദ രാഷ്ട്രീയമെന്ന പേരിൽ അറബ് വംശജർ തന്നെ വിമർശിക്കുന്നുണ്ട്.

120 അംഗ നെസറ്റിൽ 61 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അബ്ബാസിന്റെ പാർട്ടിയടക്കമുള്ള എട്ട് കക്ഷികൾ കൂടിച്ചേർന്ന സഖ്യത്തിന്റെ പിന്തുണയിൽ നഫ്താലി ബന്നറ്റ് ചുമതലയേൽക്കുന്നത്. യാമിന പാർട്ടി നേതാവും തീവ്രവലതുപക്ഷക്കാരനുമായ നഫ്താലി ബന്നറ്റ് ആദ്യ രണ്ട് വർഷമായിരിക്കും പ്രധാനമന്ത്രിയായി തുടരുക. അവസാന രണ്ട് വർഷം അതിഡ് പാർട്ടി തലവൻ യാഇർ ലാപിഡ് അധികാരം പങ്കിടും.

നെതന്യാഹുവിന്റെ ഭരണശൈഥില്ല്യത്തെ മാത്രം മുതലെടുത്തുവന്ന ഈ ഭരണമാറ്റം കൊണ്ട് ഇസ്രാഈൽ രാഷ്ട്രീയ പോളിസികളിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണെന്നും, ഇടതുപക്ഷ സംഘടനകളും അറബ് രാഷ്ട്രീയ പാർട്ടിയും മുന്നണിയുടെ ഭാഗമാണെങ്കിലും അത് എത്രത്തോളം അറബ് സൗഹൃദമാവുമെന്ന് കണ്ടറിയേണ്ടിവരും എന്നതാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.