Study

സഹിഷ്ണുതയുടെ‌ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 2)

By Musthafa Thanveer

November 25, 2019

അസഹിഷ്ണുതയുടെ അധികാരരൂപമായി കത്തോലിക്കാ പൗരോഹിത്യം യൂറോപ്പിനെ അടക്കിഭരിച്ച ‘മധ്യകാല’ത്തെയാണ് ആധുനികത ‘നവോത്ഥാനം’ വഴി പുറകിലേക്കു തള്ളിയത്. മതവിചാരണ (inquisition) കോടതികള്‍ വിയോജിപ്പുകളെ മുഴുവന്‍ തടവിലിട്ടും ചാട്ടയടിച്ചും കുരിശില്‍ തറച്ചും ചുട്ടുകൊന്നും അടിച്ചേല്‍പിക്കല്‍ ആത്മരതിയുടെ ഉന്മാദത്തില്‍ തിമിര്‍ത്ത ‘മതാനുഭവം’ ആണ് യൂറോപ്പില്‍ മതപരിഷ്‌കരണത്തിനും (reformation) പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിനുമെല്ലാം വഴിയൊരുക്കിയത്. പരിഷ്‌കര്‍ത്താക്കള്‍ പൗരോഹിത്യത്തെ തള്ളിപ്പറയുകയും ബൈബിളിനെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും പുരോഗതിക്ക് പശ്ചാത്തലമൊരുക്കുകയും ചെയ്തു. പക്ഷേ, ക്രൈസ്തവ സമൂഹത്തില്‍ മതത്തിന്റെ വിഭിന്ന വ്യാഖ്യാനങ്ങള്‍ നിലവില്‍ വന്നത് ആഭ്യന്തര ശിഥിലീകരണത്തിന് നിമിത്തമായി. പിന്നെ യുദ്ധങ്ങളായിരുന്നു; വിവിധ ക്രിസ്തുമത ധാരകളുടെ പ്രാതിനിധ്യമവകാശപ്പെട്ട് പ്രദേശങ്ങള്‍ ചേരിതിരിഞ്ഞു നടത്തിയ ദാരുണമായ മനുഷ്യകൂട്ടക്കുരുതികള്‍! അവയാണ് ചരിത്രത്തില്‍ European wars of religion (യൂറോപ്യന്‍ മതയുദ്ധങ്ങള്‍) എന്നറിയപ്പെടുന്നത്. സി.ഇ 1520 മുതല്‍ 1651 വരെ, പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളെ നിണമണിയിച്ച് യൂറോപ്പില്‍ നടന്ന വിവിധ മതയുദ്ധങ്ങള്‍(11) ആയിരുന്നു പ്രബുദ്ധതാ എഴുത്തുകാരുടെ സഹിഷ്ണുതാ പര്യാലോചനകളുടെ പശ്ചാത്തലമെന്ന കാര്യം സുതരാം വ്യക്തമാണ്. മതമുണ്ടാക്കിയ രക്തച്ചൊരിച്ചിലിനെതിരില്‍ മതരഹിതമായ സ്വതന്ത്രചിന്ത (secular free thought) വളര്‍ത്തിക്കൊണ്ടുവന്ന ആശയമായി സഹിഷ്ണുത വായിക്കപ്പെട്ടത് ഇതുകൊണ്ടൊക്കെയാണ്‌.

യൂറോപ്യന്‍ പ്രബുദ്ധതയെ ഏകശിലാത്മകമായ ഒരു ദര്‍ശനമായി വ്യവഹരിക്കുകയും മതനിഷേധപരമായ ചിന്തകളാണ് അതിനെ സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുവാന്‍ പ്രാപ്തമാക്കിയതെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്ന് അക്കാദമിക ലോകത്ത് ഇപ്പോള്‍ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മതയുദ്ധങ്ങള്‍ക്കെതിരില്‍, മതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ, മതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെയല്ല അസഹിഷ്ണുതയുടെ വക്താക്കള്‍ പ്രതിനിധീകരിക്കുന്നതെന്ന് വാദിച്ച്, സംസാരിക്കുകയും പ്രബുദ്ധതാ തരംഗത്തിന്റെ ഭാഗമാവുകയും ചെയ്ത ബുദ്ധിജീവികളുണ്ടായിരുന്നുവെന്ന വസ്തുത ഗവേഷണങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.(12) അതെന്തുതന്നെയായിരുന്നാലും, അസഹിഷ്ണുത ഒരു മതപാഠവും സഹിഷ്ണുത ഒരു മതേതര പരികല്‍പനയുമാണെന്ന സമര്‍ത്ഥനം വസ്തുതകളെ വക്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് കാണാന്‍ വലിയ പ്രയാസമൊന്നുമില്ല. പ്രപഞ്ചനാഥൻ മനുഷ്യരില്‍നിന്നുതന്നെ തെരഞ്ഞെടുത്ത പ്രവാചകന്‍മാര്‍ വഴി അവര്‍ക്ക് പഠിപ്പിച്ചുകൊടുത്ത ജീവിതരീതിയാണ് മതം. മതത്തിന്റെ പേരില്‍ പുരോഹിതന്‍മാരും ഭരണാധികാരികളും ചെയ്തതും പറഞ്ഞതുമെല്ലാം മതം ആകണമെന്നില്ല; അവ പലപ്പോഴും മതത്തിന്റെ ദുര്‍വ്യാഖ്യാനങ്ങൾ മാത്രമായിരുന്നു.

ഭിന്നസ്വരങ്ങളോടുള്ള അസഹിഷ്ണുതയായി ‘മത’ത്തെ നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍, പ്രവാചകന്‍മാരുടെ ആശയലോകത്തെ റദ്ദ് ചെയ്ത് മതത്തിന്റെ കര്‍തൃത്വം വ്യാജമായി സ്വയം അവകാശപ്പെടുകയായിരുന്നുവെന്നാണ് ഇസ്‌ലാമിക വീക്ഷണം. ഓരോ പ്രവാചകന്‍മാരുടെയും കാലശേഷം അവരുടെ മൗലികമായ അധ്യാപനങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ച് വിശ്വാസികളെ അപഭ്രംശങ്ങളിലകപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമമുണ്ടായിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. മതഗ്രന്ഥങ്ങളില്‍ വാചകങ്ങളും ആശയങ്ങളും കടത്തിക്കൂട്ടി മതത്തെ അപനിര്‍മിക്കുവാന്‍ ശ്രമിച്ച ‘മതമുതലാളി’മാരെ ദൈവകോപം ലഭിച്ചവരായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌: ”തുച്ഛമായ ഭൗതികലാഭത്തിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട് പുസ്തകങ്ങള്‍ എഴുതിയശേഷം അവ ദൈവം അവതരിപ്പിച്ചവയാണെന്ന് പറയുന്നവര്‍ക്ക് നാശം! അവരുടെ കൈകള്‍ കൊണ്ട്എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് ശാപം!”(13)

മതത്തിന്റെ വീണ്ടെടുപ്പും പൂര്‍ത്തീകരണവുമായിരുന്നു അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ദൗത്യം. പൂര്‍വപ്രവാചകന്‍മാരുടെയെല്ലാം വേദഗ്രന്ഥങ്ങളും അധ്യാപനങ്ങളും മാറ്റിത്തിരുത്തി മതത്തെ അപമാനവീകരിച്ച പൗരോഹിത്യ, ഭരണകൂട ദുഷ്പ്രഭൃതികളുടെ പൈശാചികനൃത്തത്തിനറുതി വരുത്തി ദൈവിക ബോധനങ്ങളുടെയടിസ്ഥാനത്തില്‍ മതത്തെ യഥാര്‍ത്ഥ രൂപത്തില്‍ പുനപ്രബോധനം ചെയ്യുകയും പൂര്‍ണമാക്കുകയും ചെയ്യാനാണ് അവസാനത്തെ ദൈവദൂതനായി നബി (സ) നിയോഗിക്കപ്പെട്ടത്. ജഗന്നിയന്താവായ അല്ലാഹു അദ്ദേഹത്തിനവതരിപ്പിച്ചുകൊടുത്ത അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ മാനുഷികമായ കരവിരുതുകളില്‍ നിന്നുമുഴുവന്‍ സുരക്ഷിതമായി അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു; അന്തിമനാള്‍ വരെ അത് അങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും. മുഹമ്മദിന്റെ (സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാചകജീവിതത്തിലെ മൊഴികളും പ്രവര്‍ത്തനങ്ങളുമെല്ലാം കണിശമായി ഹദീഥുകള്‍ വഴി ശേഖരിക്കപ്പെട്ടിട്ടുണ്ട്; അതാണ് നബിചര്യ(സുന്നത്ത്) എന്നറിയപ്പെടുന്നത്. മതം എന്താണെന്ന് മാനവകുലത്തെ തെറ്റുപറ്റാതെ പഠിപ്പിക്കുന്ന സ്രോതസ്സുകളാണ് ഖുര്‍ആനും സുന്നത്തും. സഹിഷ്ണുത സുപ്രധാനമായ ഒരു മതമൂല്യമാണെന്ന് അവ രണ്ടും അസന്നിഗ്ധമായി ഊന്നിപ്പറയുന്നതാണ് നാം കണ്ടത്. അസഹിഷ്ണുതയുടെ വിഷസര്‍പ്പങ്ങള്‍ മതത്തിന്റെ കുപ്പായമിട്ട് ചരിത്രത്തിലെപ്പോഴെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ, അവിടെയൊന്നും ആ പുറംകുപ്പായത്തിനുള്ളില്‍ യഥാര്‍ത്ഥ മതമുണ്ടായിരുന്നില്ലെന്ന് അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ ഉറക്കെ പറയും. സഹിഷ്ണുത മുസ്‌ലിംകള്‍ക്ക് ഒരു മതേതര ആധുനിക ബിംബമല്ല; പ്രത്യുത വിട്ടുവീഴ്ച അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇസ്‌ലാമികാദര്‍ശമാണ്, ഇസ്‌ലാം തന്നെയാണ്!

യൂറോപ്യന്‍ പ്രബുദ്ധത, ഒരാദര്‍ശമെന്നതിനേക്കാള്‍ ചരിത്രപരമായ ഒരനിവാര്യതയായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി. മതവിഭാഗീയതയെക്കൂടി സന്ദര്‍ഭമാക്കി കൊടുമ്പിരികൊണ്ട പരിഷ്‌കരണകാല യുദ്ധങ്ങള്‍ ചരിത്രത്തെ സ്തംഭിപ്പിച്ചുനിര്‍ത്തുകയും സാമൂഹിക പുരോഗതി തടയുകയും ചെയ്യുമെന്ന അവസ്ഥ വന്നപ്പോള്‍ രക്ഷപ്പെടാനും പ്രതിസന്ധിയെ മറികടക്കാനുമുള്ള വഴിയെന്ന നിലയിലാണ് ‘സഹിഷ്ണുത’ ജ്ഞാനോദയ സാഹിത്യത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടത്. മതം മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും (liberty) മതം അടിച്ചേല്‍പിക്കുകയോ മതം കാരണമായി ആക്രമിക്കപ്പെടുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായിക്കൂടെന്നുമുള്ള, വ്യക്തിയുടെ (individual) അവകാശങ്ങളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രമീമാംസ നവോത്ഥാനകാലത്ത് യൂറോപ്പില്‍ രൂപപ്പെടുന്നത് ഒരു സൗകര്യമെന്ന നിലക്കുതന്നെയാണ്. ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്നു തോന്നുന്ന മതവ്യാഖ്യാനം സ്വീകരിക്കട്ടെയെന്നും വ്യത്യസ്ത മതദര്‍ശനങ്ങളെ പിന്തുടരുന്നവര്‍ക്കിടയില്‍ രാഷ്ട്രം വിവേചനങ്ങള്‍ കല്‍പിക്കരുതെന്നും മതത്തിന്റെ പേരില്‍ പരസ്പരം അസഹിഷ്ണുത കാണിക്കുന്നതവസാനിപ്പിച്ച് ജനങ്ങള്‍ ഒരുമിച്ചുനിന്ന് നാഗരിക പുരോഗതിക്കുവേണ്ടി അധ്വാനിക്കട്ടെയെന്നുമെല്ലാം യൂറോപ്പ് ‘തീരുമാനിച്ച’തോടെയാണ് ജനാധിപത്യവും ദേശരാഷ്ട്രങ്ങളുമെല്ലാം ഉണ്ടാകുന്നത്. ഈ വികാസങ്ങളെല്ലാം പക്ഷേ വ്യാവസായിക വിപ്ലവം വഴി ദ്രുതവളര്‍ച്ച പ്രാപിച്ച യൂറോപ്യന്‍ മുതലാളിത്തത്തിന്റെ മൂലധനമുന്നേറ്റം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ലക്ഷ്യമാക്കിയാണ് സംഭവിച്ചതെന്ന വസ്തുതയെ കണക്കിലെടുക്കാതിരുന്നുകൂടാ. മനുഷ്യന്റെ മഹത്വത്തെക്കുറിച്ചുള്ള ദാര്‍ശനികമായ തിരിച്ചറിവുകളില്‍ നിന്നെന്നതിനേക്കാള്‍ ദേശപുരോഗതി ലാക്കാക്കിയുള്ള ഒരു സാമൂഹികവിന്യാസമെന്ന നിലക്കാണ് സഹിഷ്ണുതയും തദടിസ്ഥാനത്തിലുള്ള ‘മതസ്വാതന്ത്ര്യ’വും യൂറോപ്പിൽ രൂപപ്പെട്ടതെന്ന് സാരം.

പ്രബുദ്ധത കൊട്ടിഘോഷിക്കപ്പെടുന്നത്ര പ്രബുദ്ധമായിരുന്നില്ലെന്നാണ് ഇതിനര്‍ത്ഥം. മാനവികബോധത്തിനുപകരം വ്യാവസായിക യുക്തികള്‍കൊണ്ട് നിര്‍ണയിക്കപ്പെട്ടതിനാല്‍തന്നെ യൂറോപ്യന്‍ ‘സഹിഷ്ണുത’ മൂലധനത്തിന്റെ വേലക്കാരനെപ്പോലെയാണ് നിലനിന്നത്. മൂലധനം അവശ്യപ്പെടുന്നതിനനുസരിച്ച് അത് ചുരുളുകയും നിവരുകയും ചെയ്തു. വിശ്വാസത്തിന്റെ പേരിൽ മനുഷ്യര്‍ക്കിടയില്‍ വിവേചനമരുതെന്ന് സിദ്ധാന്തിച്ചപ്പോള്‍ യൂറോപ്പ് അര്‍ത്ഥമാക്കിയത്‌ വെള്ളക്കാരായ ക്രിസ്ത്യാനികള്‍ ആഭ്യന്തരമായ മതവ്യാഖ്യാന ഭിന്നതകള്‍ക്കതീതമായി ഒന്നായി നില്‍ക്കണമെന്നു മാത്രമാണ്. ‘അവരൊന്നായി’ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലേക്കിരച്ചുകയറി കോളനികള്‍ സ്ഥാപിച്ച് കോളനിവാസികളെ ചവിട്ടിത്തേക്കുകയും കൊള്ളയടിക്കുകയും ചെയ്തതായിരുന്നു ‘പ്രബുദ്ധതയുടെ’ അനന്തരഫലം. കോളനികളിലേക്ക് സഹിഷ്ണുതക്ക്‌ പ്രവേശനം ഉണ്ടായിരുന്നില്ല. മതപരമായ അസഹിഷ്ണുത തിളച്ചുണ്ടായ കുരിശുയുദ്ധങ്ങളുടെ ഭൂതബാധയില്‍ നിന്നൊട്ടും മുക്തമാകാതെ മുസ്‌ലിമിനെ തല്ലിക്കൊല്ലേണ്ട അപരനായി കണ്ടുകൊണ്ട്തന്നെയാണ് കൊളോണിയല്‍ പടക്കപ്പലുകള്‍ യൂറോപ്പിനു പുറത്തേക്ക് പായനിവര്‍ത്തി പാഞ്ഞത്. കറുത്തവരെ പിടിച്ചുകെട്ടി അടിമകളാക്കി പിഴിയാന്‍ കൊളോണിയല്‍ ‘പ്രബുദ്ധത’ക്ക് ഒരു സഹിഷ്ണുതയും തടസ്സമായില്ല.

രാഷ്ട്രീയ കോളനികള്‍ ചുരുങ്ങുകയും സാമ്പത്തിക കോളനികളും സാംസ്‌കാരിക കോളനികളും ധൈഷണിക കോളനികളും വ്യാപകമാവുകയും ചെയ്ത നവമുതലാളിത്തത്തിന്റെ സമകാലത്തും മുസ്‌ലിംകള്‍ നേരിടുന്ന വിവേചനങ്ങള്‍ യൂറോപ്യൻ പൊതുബോധത്തിന്റെ ഉള്ളുപൊള്ളിക്കാത്തത് അതിന്റെ സഹിഷ്ണുതയുടെ അകംപൊള്ളയായതുകൊണ്ടാണ്; കറുത്തവരുടെ കാര്യത്തിലും അതുതന്നെയാണ് പ്രശ്‌നം. ഫ്രാന്റ്‌സ്ഫാനണ്‍ മുതല്‍ മാല്‍കം എക്‌സ് വരെയുള്ളവര്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തിലും, തലാൽ അസദിനെപ്പോലുള്ളവര്‍ ഉത്തരാധുനികതയുടെ സങ്കേതങ്ങളുപയോഗിച്ചും, യൂറോപ്പിന്റെ മനുഷ്യാവകാശ പരികല്‍പനയില്‍ ‘മനുഷ്യന്‍’ വെള്ളക്കാരന്‍ മാത്രമാണെന്ന് സ്ഥാപിക്കുന്നുണ്ട്.(14) യൂറോകേന്ദ്രിത വെളുത്ത വംശീയതയും പ്രൊട്ടസ്റ്റന്റ് അഹങ്കാരങ്ങളും സമം ചേര്‍ന്നുണ്ടായ യൂറോപ്യന്‍ പ്രബുദ്ധതാനന്തര സഹിഷ്ണുത ഒരു പകിട്ട് മാത്രമാണെന്ന് ഇതുകൊണ്ടൊക്കെ തന്നെ പറയേണ്ടിവരും. നമ്മുടെ കേരളത്തില്‍ തന്നെ ആധുനികത എത്ര അനായാസമായാണ് ഇസ്‌ലാംവിദ്വേഷവും കറുപ്പുപേടിയുമൊക്കെ ഒളിച്ചുകടത്തുന്നത്! ആ നിലക്ക് നോക്കുമ്പോള്‍, ഡൊണാള്‍ഡ്ട്രംപ് മെയ്ക്കപ്പുകളില്ലാത്ത പാശ്ചാത്യന്‍ ‘സഹിഷ്ണുത’ മാത്രമാണ് വിളംബരം ചെയ്യുന്നതെന്ന് പറയാവുന്നതാണ്.

വെളുത്ത ക്രിസ്ത്യാനിയെ മാത്രം യഥാര്‍ത്ഥ/പൂര്‍ണ മനുഷ്യനായി സങ്കല്‍പിക്കുകയും മറ്റുള്ളവരെ അധമ/അര്‍ധ അപരങ്ങളായി ചാപ്പ കുത്തുകയും ചെയ്യുന്ന ജ്ഞാനോദയ അബോധം പ്രസവിച്ചതുകൊണ്ടാണ് പടിഞ്ഞാറന്‍ ‘സഹിഷ്ണുത’ക്ക് ഉള്ളിലൊളിപ്പിച്ച കൊടിയ അസഹിഷ്ണുതകളുണ്ടായത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യരെ ഒന്നായി കാണാന്‍കഴിയാത്തവര്‍ക്കൊന്നും മനുഷ്യാവകാശങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാനാവില്ല. ഇസ്‌ലാമിന്റെ സഹിഷ്ണുത വ്യതിരിക്തമാകുന്നത് ഇവിടെയാണ്. ഒരു സൗകര്യമെന്ന നിലക്കോ ചരിത്രപരമായ അനിവാര്യതയെന്ന നിലക്കോ ഗത്യന്തരമില്ലായ്മകൊണ്ട് സ്വാംശീകരിച്ച ആശയമല്ല ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം സഹിഷ്ണുത. ദൈവദത്തമായ അതിന്റെ മനുഷ്യസങ്കല്‍പത്തില്‍നിന്ന് തികച്ചും ദാര്‍ശനികമായ അടിസ്ഥാനബോധ്യങ്ങളോടുകൂടി വികസിക്കുന്നതാണ് അത്.

(തുടരും)

കുറിപ്പുകൾ:

11. For a brief overview, see David J.B Trim, ‘The Reformation and Wars of Religion’, Liberty Magazine, May-June 2010. https://libertymagazine.org/article/the-reformation-and-wars-of-religion. 12. See, for instance, Juan Pablo Domínguez. ‘Religious Toleration in the Age of Enlightenment’, History of European ideas, Vol. 43, No. 4, pp 273-87. 13. ഖുര്‍ആന്‍ 2:79. 14. Frantz Fanon, Black Skins, White Masks (1952). Malcolm X and Alex Haley, The Autobiography of Malcolm X (1965). Talal Asad, Is Critique Secular? Blasphemy, Injury, and Free Speech (2009).