മുഖ്യമന്ത്രി മലപ്പുറത്തെ എറിഞ്ഞുകൊടുക്കുന്നത് ആര്‍ക്കാണ്?
4 October 2024 | Opinion
ഒരു പ്രദേശത്തെ മുഴുവൻ സംശയ നിഴലിലാക്കുന്ന അത്യന്തം അപകടകരമായ അഭിമുഖം മുഖ്യമന്ത്രി പിണറായി വിജയന്റേതായി ഹിന്ദുവിലൂടെ അച്ചടിച്ചു വന്ന ശേഷം, അവ നിഷേധിക്കുന്നതിനെടുത്ത കാലതാമസവും, അവയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും കൂടുതൽ ചർച്ചയായിരിക്കുകയാണ്.
മലപ്പുറത്തെ കുറിച്ച് കാലങ്ങളായി സംഘപരിവാരം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ചൂട്ടു വെക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു.
ഇടതു സഹയാത്രികനും, നിലമ്പൂർ MLA യുമായ പി വി അൻവർ ദിവസങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഗൗരവമായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി കേരളത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഉപയോഗിച്ച വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് പുതിയ വെളിപ്പെടുത്തലെന്ന് കോൺഗ്രസും മുസ്‌ലിം ലീഗുമൊക്കെ നേരത്തെ ആരോപിച്ചു കഴിഞ്ഞതാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സമുദായ സംഘടനകളിൽ നിന്നുൾപ്പെടെ ശക്തമായ എതിർപ്പ് വന്ന് തുടങ്ങിയപ്പോൾ മാത്രമാണ് ഒരു ദിവസത്തിന് ശേഷം ‘താൻ പറയാത്തതാണ് പത്രത്തിൽ അച്ചടിച്ചു വന്നത്’ എന്ന രീതിയിൽ ‘ഹിന്ദു’ പത്രത്തിന് ഒരു കത്ത് നൽകാൻ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായത്. പ്രസ്തുത കത്തിന് ‘ഹിന്ദു’ നൽകിയ മറുപടിയാകട്ടെ കൂടുതൽ സംശയങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേ കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളെയാണ് കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വെറുതെ ചിരിച്ചു തള്ളിയത്.
നേരത്തെ പി വി അൻവർ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് RSS നേതാക്കന്മാരുമായുള്ള സൗഹൃദവും, അവരുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുമൊക്കെ തെളിവ് സഹിതം വെളിപ്പെടുത്തിയിട്ടും വിശ്വസനീയമായ ഒരു അന്വേഷണവും ഇത് വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
കൂടാതെ, കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് വിജയിക്കുന്നതിനാവശ്യമായ സഹായം പോലീസിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു എന്നത് ഇടതു ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷിയായ സിപിഐ തന്നെ തുടർച്ചയായി ആരോപിച്ച് കൊണ്ടിരിക്കുകയുമാണ്. അവക്കൊന്നും വ്യക്തമായ മറുപടി പറയാൻ സാധിക്കാതെ പരുങ്ങലിലായ മുഖ്യമന്ത്രി, ചർച്ച വഴി തിരിച്ചു വിടാനായിരുന്നോ ‘ഹിന്ദു’ വിന് ഇങ്ങനെ ഒരു വിവാദ അഭിമുഖം നൽകിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നേരത്തെയും സിപിഐ എമ്മും ഇടതു നേതാക്കളും മലപ്പുറത്തെയും മുസ്ലിങ്ങളെയും സംശയത്തിലാക്കുന്ന നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
ലൗ ജിഹാദിനെക്കുറിച്ചും, മലപ്പുറത്തെ കുട്ടികളുടെ വിജയത്തെ കുറിച്ചും, ഡൽഹി യൂണിവേഴ്സിറ്റിയിലേക്കുള്ള മുസ്‌ലിം വിദ്യാർത്ഥികളുടെ പ്രവേശനത്തെകുറിച്ചുമൊക്കെ സിപിഎം നേതാക്കൾ നടത്തിയ ഗുരുതരമായ പ്രസ്താവനകളാണ് ഇന്നും മുസ്‌ലിങ്ങൾക്കെതിരെ ഉത്തരേന്ത്യയിലടക്കം സംഘപരിവാരം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽമുസ്ലിങ്ങൾക്കെതിരെ പുതിയൊരു ചർച്ചക്ക് ‘ആർ എസ് സിന് മരുന്നിട്ട് കൊടുക്കുന്ന’ പ്രസ്താവനയായിട്ടാണ് അദ്ദേഹത്തിന്റെ ‘ഹിന്ദു’വിലെ അഭിമുഖത്തെ കാണാൻ സാധിക്കുകയുള്ളൂ.