പ്രൊഫൗണ്ട് പ്രസ് പുറത്തിറക്കിയ നബി പറയുന്നു എന്ന പുസ്തകം മാസങ്ങൾക്ക് മുൻപാണ് എന്റെ കൈകളിലെത്തുന്നത്. നബി ﷺ യുടെ അതിവിശിഷ്ടമായ 150 വാമൊഴികളാണ് നബി പറയുന്നു പുസ്തകത്തിന്റെ ‘ജീവൻ’. നബി വചനങ്ങൾ ഏതൊരു വിശ്വാസിയേയും കൗതുകം നിറഞ്ഞ വായനയിലേക്കും ചിന്തയുടെ ആഴങ്ങളിലേക്കും വഴി നടത്തുന്ന മൊഴിമുത്തുകളാണ്. എത്ര ആവൃത്തിയാണ് വായിച്ചത് എന്ന് കൃത്യമായി പറയാനാവുന്നില്ല! അല്ലെങ്കിലും പ്രവാചക ചര്യയെ വായിക്കുന്നതും പഠിക്കുന്നതും ഏത് സത്യവിശ്വാസിക്കാണ് കേവല ‘തവണകളിൽ’ ഒതുക്കാനാവുക?
ഹദീഥ് ഗ്രന്ഥങ്ങൾ വായിക്കുമ്പോഴും ഹദീഥുകൾ കേൾക്കുമ്പോഴും പ്രവാചകന്റെ ﷺ ജീവിതത്തിലെ സംഭവങ്ങളും അദ്ദേഹത്തിന്റെ മൊഴിമുത്തുകളും ജീവനോടെ നേരിട്ട് അനുഭവിക്കുന്ന പ്രതീതിയുണ്ടാവാറുണ്ട്. സംശയ ദൂരീകരണത്തിന് അറിവുള്ളവരുടെ സാന്നിധ്യം ആവശ്യമാണെങ്കിലും ഏകാന്തമായ വായന അപര സാന്നിധ്യമുള്ള കേൾവിയേക്കാൾ കൂടുതൽ ഇഷ്ടമായിരുന്നു.
അമൂല്യമായ തത്വജ്ഞാനത്തിന്റെ മഹാസാഗരമാണ് പ്രവാചക വചനങ്ങൾ. അതിന്റെ ആശയപ്രഭ ആഴത്തിലുള്ള കാഴ്ചപ്പാടുകൾ നൽകാൻ പ്രാപ്തിയുള്ളതാണ്. പ്രവാചകന്റെ ﷺ വാക്ക്, പ്രവർത്തി, അംഗീകാരം, അദ്ദേഹത്തിന്റെ സൃഷ്ടി സ്വഭാവ സവിശേഷതകൾ എന്നിവയായി അദ്ദേഹത്തിന്റെ അനുചരന്മാരിൽ നിന്ന് പിൻതലമുറക്കാരിലൂടെ കണ്ണി മുറിയാതെ സത്യസന്ധമായി നിവേദനം ചെയ്യപ്പെട്ട ഉദ്ധരണികൾക്കാണ് സാങ്കേതികാർത്ഥത്തിൽ ഹദീഥ് എന്ന് പറയുന്നത്. ഈ പുസ്‌തകത്തിലുള്ള “സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്; ഒരു കരിഞ്ഞ കുളമ്പ് മാത്രമേ നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ അതെങ്കിലും കൊടുക്കൂ!” (പുറം 90) എന്ന നബി വചനം നോക്കൂ. ഊഷ്മളമായ സാമൂഹിക അന്തരീക്ഷം നിലനിർത്താനും രൂപപ്പെടുത്താനുമെല്ലാം പ്രാപ്തിയുള്ള ഈ ഉപദേശം ആ മഹാവിജ്ഞാന സാഗരത്തിൽ നിന്നുള്ള ഒരു ഉദാഹരണം മാത്രമാണ്.
പ്രവാചകനെﷺ കാണാനും അനുഭവിക്കാനും സാധിക്കാത്ത സത്യവിശ്വാസികൾക്ക് അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥങ്ങളെക്കാൾ കൂടുതൽ നബി ﷺ തങ്ങളുടെ സാമീപ്യത്തോളം അനുഭൂതി നൽകുന്ന അനുഭവമാണ് ഓരോ തിരുവചനങ്ങളും. പ്രവാചകനെ മുഴുവൻ സൃഷ്ടികളെക്കാളും സ്നേഹിക്കുന്ന സത്യവിശ്വാസികൾക്ക് അത് നൽകുന്ന മാനസിക അനുഭൂതി അതിരുകളില്ലാത്തതാണ്.അദ്ദേഹത്തെ നേരിട്ട് കേൾക്കുന്ന പ്രതീതിയാണ് പ്രവാചകന്റെ സംസാരങ്ങളായി നിവേദനം ചെയ്യപ്പെട്ട ഹദീസുകൾ വിശ്വാസിയുടെ മനസ്സിൽ ഉണ്ടാക്കുക.
ഇതെല്ലാം കൊണ്ടുതന്നെ മലയാളക്കരക്ക് പ്രഫൗണ്ട് പ്രസ് സമ്മാനിച്ച അമൂല്യമായ സംഭാവനയാണ് നബി പറയുന്ന എന്ന കൊച്ചു പുസ്തകം എന്ന് പറയാം. profound tv പുറത്തിറക്കിയിരുന്ന ‘ഹദ്ദഥനാ’പരമ്പരയിലെ ആദ്യത്തെ 150 ഹദീഥുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറം ചട്ടയും പേജുകളും നിറങ്ങൾ ചാർത്തി മനോഹരമാക്കിയതോടൊപ്പം, സരളവും സാഹിത്യ സമ്പുഷ്ടവുമായ മലയാള പരിഭാഷയും പുസ്തകത്തെ ഏതൊരു സാധാരണക്കാരന്റെയും ഹൃദയം ‘തട്ടിക്കൊണ്ടുപോകാൻ’ പ്രാപ്തിയുള്ളതാക്കിയിട്ടുണ്ട്. ഓരോ പേജിലും ഒരോ ഹദീഥ് മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിന് നൽകിയ ചുരുങ്ങിയ വാക്കുകളിലുള്ള മനോഹരമായ തലക്കെട്ടുകൾക്ക് ഹദീഥിന്റെ ആശയത്തെ മുഴുവൻ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ കൗതുകകരമായ വസ്തുതയാണ്. ഹൃദ്യമായ പരിഭാഷയോടൊപ്പം ഹദീസുകളുടെ ആധികാരികത പരിശോധിച്ചതിലെ കണിശതയും പുസ്തകത്തെ വേറിട്ടതാക്കുന്നുണ്ട്.
പ്രിയപ്പെട്ടവർക്ക് നൽകുന്ന കൊച്ചു സമ്മാനങ്ങൾ പോലും അവരിലുണ്ടാക്കുന്ന സന്തോഷം ചെറുതായിരിക്കില്ല. ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ കഴിയുന്ന ഒരു കൊച്ചു പുസ്തകമായി ഇതിനെ ഒരുക്കിയതിന് പിന്നിലെ ലക്ഷ്യവും അതുതന്നെയായിരിക്കും. 150 പ്രവാചക വചനങ്ങൾ അടുക്കിവെച്ച പുസ്തകം ഇഷ്ടക്കാർക്ക് സമ്മാനിച്ച് അതിന്റെ ആശയം അവരുടെ മനസ്സുകളിൽ മാറ്റങ്ങളുടെ തിരയനക്കം തീർക്കുമ്പോഴാണ് ഈ സമ്മാനം വലുതാകുന്നത്.
ആഘോഷങ്ങളും സമ്മാനങ്ങളും ആർഭാടമായിത്തീരുന്ന കാലത്ത്, ചില ഇഷ്ടക്കാരുടെ സന്തോഷവേളകളിൽ ഈ സുന്ദരമായ കൈപുസ്തകം സമ്മാനമായി നൽകാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യത്തോടെ ഞാൻ ഓർക്കുന്നു. മികച്ച അറിവും മാർഗ്ഗദർശനവും നൽകുന്ന ഈ കൈപ്പുസ്തകം ഇഷ്ടക്കാരുടെ സന്തോഷവേളകളിൽ ഉപഹാരമായി നൽകുന്നതോടൊപ്പം മസ്ജിദുകളിലും, വീടുകളിലെ അതിഥി മുറികളിലും വെക്കുന്നത് പ്രബോധന വീഥിയിൽ നമ്മളാൽ കഴിയുന്ന ഒരു കാൽവെപ്പായിരിക്കും. അത് വായിച്ച് ജനങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന പക്ഷം അവർക്ക് കുറഞ്ഞു പോകാതെ നമുക്കും പ്രതിഫലം കിട്ടാനുള്ള ഒരു കാരണവുമാവും.
കാഴ്ചയിൽ വളരെ ലളിതവും എന്നാൽ സമൂഹത്തിൽ ഒരുപാട് ആഴത്തിൽ പ്രതിഫലനങ്ങളുണ്ടാക്കാൻ പ്രാപ്തിയുള്ളതുമായ ഈ കൊച്ചു ഗ്രന്ഥം ഓരോ പ്രബോധകനും വലിയ പ്രചോദനമാണ്. അല്ലാഹു ഇതിന്റെ അണിയറ പ്രവർത്തകരെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.കോപ്പികൾക്ക്: +918921739075