Study

ഇന്‍ഡ്യയെ ആക്രമിക്കാൻ ഹദീഥോ -4

By Musthafa Thanveer

June 17, 2020

മുഹമ്മദ് നബി (സ) പറഞ്ഞ ‘ഇന്‍ഡ്യാ യുദ്ധം’, ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുള്ള ഒരു സംഭവമല്ലെന്നും അന്ത്യനാളിനോടനുബന്ധിച്ച് സംഭവിക്കാനുള്ളതാണെന്നും അഭിപ്രായമുള്ള ചില മുസ്‌ലിം പണ്ഡിതന്‍മാരുണ്ട്. ഹദീഥില്‍ ഗസ്‌വതുല്‍ ഹിന്ദിനോടൊപ്പം ഈസബ്‌നു മര്‍യത്തിന്റെ (യേശുക്രിസ്തു) സൈന്യത്തിലുണ്ടാകുന്ന മുസ്‌ലിംകളെയും മുഹമ്മദ് നബി (സ) പരാമര്‍ശിച്ചതും രണ്ടു കൂട്ടര്‍ക്കും ഒരേ പ്രതിഫലം സുവിശേഷമറിയിച്ചതുമായിരിക്കാം അവരില്‍ ചിലരെയെങ്കിലും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈസാ നബി (അ) ഒരിക്കല്‍കൂടി ഭൂമിയിലേക്ക് വരുമെന്ന് മുസ്‌ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നതാണ്. ഇത് ലോകാവസാനം അടുക്കുമ്പോഴാണ്‌ എന്ന കാര്യം ഹദീഥുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, രണ്ട് സൈനിക നീക്കങ്ങളെ, രണ്ടിലെയും അംഗങ്ങള്‍ക്ക് ഒരേ പ്രതിഫലമുണ്ടെന്ന് പറയാനായി, ഒരേ പ്രസ്താവനയില്‍ ഒരുമിച്ച് പരാമര്‍ശിച്ചു എന്നത് രണ്ടും ഒരേ കാലത്ത് സംഭവിക്കാനുള്ളതാണെന്നതിന് ‌തെളിവാകുന്നില്ല. ”ഇന്‍ഡ്യാ യുദ്ധം കഴിഞ്ഞ് മടങ്ങുന്നവര്‍ ഈസബ്‌നു മർയത്തെയും സംഘത്തെയും കണ്ടുമുട്ടും” എന്ന് നബി (സ) പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഗസ്‌വതുല്‍ ഹിന്ദ് അന്ത്യനാളിന് മുന്നോടിയായി ഭാവിയില്‍ സംഭവിക്കാനുള്ളതാണെന്ന് ഉറപ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ നബി (സ) പറഞ്ഞതായി കാണുന്ന നിവേദനങ്ങള്‍ ദുര്‍ബലവും അസ്വീകാര്യവുമാണെന്ന് മുകളില്‍ നാം സൂചിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ, ഗസ്‌വതുല്‍ ഹിന്ദ്, റോമന്‍/പേര്‍ഷ്യന്‍ യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാവിയില്‍ സംഭവിക്കാനുള്ളതാണെന്ന സൂചന ഹദീഥിന്റെ വാചകത്തിലുണ്ടെന്ന വാദത്തില്‍ കഴമ്പൊന്നുമുണ്ടെന്ന് തോന്നുന്നില്ല.

‘ഗസ്‌വതുല്‍ ഹിന്ദ്’ അന്ത്യനാളിന്റെ അടയാളമാണെന്ന തരത്തില്‍ ചില ആദ്യകാല മുസ്‌ലിം പണ്ഡിതാഖ്യാനങ്ങളില്‍ ഉള്ളതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന വേറൊരു കാര്യം. ഇവിടെ കണക്കിലെടുക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട്. മുഹമ്മദ് നബി(സ)ക്കും ലോകാവസാനത്തിനുമിടയില്‍ എത്ര നൂറ്റാണ്ടുകളുണ്ടെന്ന്, അല്ലാഹു അറിയിക്കാത്തതുകൊണ്ടുതന്നെ, നമുക്കറിയില്ല. പ്രവാചകനുപോലും ഇല്ലാത്ത ഈ അറിവ് മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കൊന്നും സ്വാഭാവികമായും ഉണ്ടാവുകയില്ലല്ലോ. മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ടതുതന്നെ അന്ത്യനാളിന്റെ ഒരടയാളമായിട്ടാണ് ഇസ്‌ലാമിക പാരമ്പര്യത്തില്‍ എണ്ണപ്പെടുന്നത്.(39) താനും അന്ത്യനാളും ചൂണ്ടുവിരലും നടുവിരലും പോലെ അടുത്താണെന്ന് തിരുനബി സൂചിപ്പിച്ചിട്ടുണ്ട്. പ്രവാചകപരമ്പര അവസാനിച്ചുവെന്നു പറയുന്നതിന്റെ അര്‍ത്ഥം ലോകം അതിന്റെ അന്ത്യത്തോട് കുറെയേറെ അടുത്തുവെന്നാണല്ലോ. എന്നാല്‍ ഈ ‘കുറെയേറെ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏകദേശം എത്രയാണെന്നുപോലും ആര്‍ക്കും അറിയില്ല. നമ്മളിന്ന് മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് ഒന്നര സഹസ്രാബ്ദത്തോളം പിന്നിട്ടുകഴിഞ്ഞ ഒരു ലോകത്താണ് ജീവിക്കുന്നത്. ഇത്രയും കാലം ലോകം അവസാനിക്കാതെ മുന്നോട്ടുപോകുമെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് സ്വാഭാവികമായും അറിയുമായിരുന്നില്ല; ഇനിയെത്ര കാലം കൂടി ലോകത്തിന് ആയുസ്സുണ്ടെന്ന് ഇപ്പോള്‍ നമുക്ക് അറിയാത്തതുപോലെത്തന്നെ. ലോകാവസാനം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നതുകൊണ്ട്, മുഹമ്മദ് നബി(സ)ക്കുശേഷമുണ്ടായ അദ്ദേഹത്തിന്റെ ഓരോ പ്രവചനപ്പുലര്‍ച്ചയെയും ലോകാവസാനത്തിന്റെ ഒരു അടയാളമായിത്തന്നെയാണ്, ലോകാവസാനത്തിലേക്ക് നാം ഒന്നുകൂടി അടുത്തതിന്റെ സൂചനയായിത്തന്നെയാണ്, പണ്ഡിതന്‍മാര്‍ മനസ്സിലാക്കിപ്പോന്നത്. റോമിലും പേര്‍ഷ്യയിലും മുസ്‌ലിംകള്‍ നേടിയ വിജയങ്ങളടക്കം, സ്വാഭാവികമായും, അന്ത്യനാളിന്റെ അടയാളങ്ങള്‍ തന്നെയായിരുന്നു. ഇതേപോലെ മുഹമ്മദ് ബ്‌നു ഖാസിം ഇന്‍ഡ്യയിലെത്തിയതിനെയും ലോകാവസാനത്തോടനുബന്ധിച്ച ഒരു സംഭവമായി മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ത്യനാളിന്റെ അടയാളങ്ങളെല്ലാം നമുക്കുശേഷം ഭാവിയില്‍ മാത്രം സംഭവിക്കാനുള്ളതാണ് എന്ന തെറ്റിദ്ധാരണ മധ്യകാല ഇസ്‌ലാമിക സാഹിത്യങ്ങളുടെ ഭാഷയുമായുള്ള അപരിചിതത്വത്തില്‍ നിന്നുകൂടി ഉണ്ടാകുന്നതാണെന്ന് ചുരുക്കം.

‘ഇന്‍ഡ്യാ യുദ്ധം’ അന്ത്യനാളിനു തൊട്ടുമുമ്പുള്ള കാലങ്ങളില്‍ സംഭവിക്കാനുള്ള, നമ്മെ സംബന്ധിച്ചേടത്തോളം ഭാവിയില്‍ വരാനിരിക്കുന്ന ഒരു കാര്യമാണെന്ന് ഹദീഥോ ഹദീഥിന്റെ വ്യാഖ്യാനങ്ങളോ തെളിയിക്കുന്നില്ലെന്നു മാത്രമാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്; അല്ലാതെ അങ്ങനെയൊരു അഭിപ്രായം ശരിയാകാന്‍ യാതൊരു സാധ്യതയുമില്ല എന്നല്ല. റോമക്കാരുമായുള്ള മുസ്‌ലിംകളുടെ യുദ്ധം തന്നെ, സ്വഹാബിമാരുടെ കാലത്ത് സംഭവിച്ചതിനു പുറമെ അന്ത്യനാളിനോട് വളരെയടുത്ത്, ഈസാ നബിയുടെ പുനരാഗമനത്തോടനുബന്ധിച്ച് വീണ്ടും സംഭവിക്കുമെന്നും ചില ഹദീഥുകളില്‍ അക്കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നും അഭിപ്രായമുള്ള പണ്ഡിതന്‍മാരുണ്ട്. ലോകാവസാനത്തോടടുത്ത് നടക്കുന്ന അത്തരം യുദ്ധങ്ങളുടെ ശ്രേണിയില്‍പെട്ട ഒന്നാണ് ‘ഗസ്‌വതുല്‍ ഹിന്ദ്’ എന്ന വീക്ഷണം, ശരിയോ തെറ്റോ ആകാന്‍ സാധ്യതയുള്ള ഒരു പണ്ഡിതാഭിപ്രായമാണ്; വ്യക്തമായ തെളിവില്ലാത്ത എല്ലാ വിഷയങ്ങളിലെയും പണ്ഡിതാഭിപ്രായങ്ങളെയും പോലെ. ആ പണ്ഡിതാഭിപ്രായം ശരിയാണെന്നു വന്നാല്‍ അതിനര്‍ത്ഥമെന്തായിരിക്കും?

അന്ത്യനാളടുക്കുമ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ലോകമോ രാഷ്ട്രീയ സാഹചര്യമോ ആയിരിക്കില്ല നിലവിലുണ്ടാവുകയെന്ന് ഹദീഥുകളില്‍നിന്ന് വ്യക്തമാണ്. മുസ്‌ലിം ലോകം ആഭ്യന്തര യുദ്ധങ്ങളില്‍ മുങ്ങുകയും ഒടുവില്‍ അവയ്ക്ക് വിരാമം കുറിച്ച് ഒരു നേതാവിനു കീഴില്‍ മുസ്‌ലിം സമൂഹം മുഴുവന്‍ രാഷ്ട്രീയമായി ഐക്യപ്പെടുകയും ശേഷം ഇമാം മഹ്ദി എന്ന് അറിയപ്പെടാന്‍ പോകുന്ന അദ്ദേഹത്തിന്റെ ഇസ്‌ലാമിക സേന മുസ്‌ലിം ലോകത്തിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുകയും ചെയ്യുമെന്നും, യുദ്ധങ്ങള്‍ കൊടിമ്പിരി കൊള്ളവേ ധാരാളം ജൂതന്‍മാരെ കൂടെക്കൂട്ടി അന്തിക്രിസ്തു (മസീഹുദ്ദജ്ജാല്‍) എന്ന വ്യാജവാദി പ്രത്യക്ഷപ്പെട്ട് ലോകത്തുടനീളം സഞ്ചരിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുമെന്നും തദവസരത്തില്‍ ഈസബ്‌നു മര്‍യം ആകാശത്തുനിന്ന് ഇറങ്ങിവന്ന് ഇമാം മഹ്ദിയുടെ സംഘത്തില്‍ ചേരുമെന്നും ദജ്ജാലിനെ വധിക്കുമെന്നും പിന്നീട് ഈസബ്‌നു മര്‍യം ഇസ്‌ലാമിക ഭരണാധികാരിയായി നീതനിഷ്ഠമായി ലോകം ഭരിക്കുമെന്നും ലോകത്ത് ക്ഷേമവും സമൃദ്ധിയും നിലവില്‍ വരുമെന്നും ശത്രുക്കളുമായുള്ള ഇസ്‌ലാമിക യുദ്ധങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുമെന്നും ശേഷം അദ്ദേഹം സാധാരണ നിലയില്‍ മരണപ്പെടുമെന്നും തുടര്‍ന്ന് ഒരു കാറ്റില്‍ ലോകത്ത് അന്നുള്ള മുസ്‌ലിംകളെല്ലാം മരിച്ചുപോകുമെന്നും അവിശ്വാസികള്‍ മാത്രം ബാക്കിയാകുന്ന ലോകത്ത് അധര്‍മങ്ങള്‍ വ്യാപകമാവുമെന്നും അപ്പോഴാണ് അതിഭീകരമായ നിലയില്‍ ലോകാവസാനം സംഭവിക്കുകയെന്നും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.(40)

ലോകക്രമം അടിമുടി മാറിമറിഞ്ഞ ശേഷമാണ് അന്ത്യനാളുണ്ടാവുകയെന്ന് ഈ വിവരണങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ്. നബി(സ)യുടെ ജീവിതകാലത്ത് നമ്മളിന്ന് ജീവിക്കുന്ന ഇന്‍ഡ്യ എന്ന ദേശരാഷ്ട്ര രൂപമില്ല എന്നു മനസ്സിലാക്കുന്നതുപോലെത്തന്നെ പ്രധാനമാണ്, 1947 ഓഗസ്റ്റ് 15ന് രൂപീകൃതമായ ഈ ഇന്‍ഡ്യ ലോകാവസാനം വരെ ഇതേപോലെ തുടര്‍ന്നു കൊള്ളണമെന്നില്ല എന്ന് തിരിച്ചറിയുന്നതും. ഇന്‍ഡ്യ മാത്രമല്ല, ദേശരാഷ്ട്രങ്ങള്‍ എന്ന സംവിധാനം തന്നെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടായി വന്ന ഒരു പ്രതിഭാസം മാത്രമാണ്; അത്‌ ചരിത്രത്തിലേക്ക് നിഷ്‌ക്രമിക്കുന്ന അവസ്ഥയും ഭാവിയിലുണ്ടാകാം. നമ്മളിന്ന് ജീവിക്കുന്ന സ്ഥലകാലത്തെ ചരിത്രവല്‍ക്കരിച്ച് അതിന്റെ താല്‍ക്കാലികത മനസ്സിലാക്കാനുള്ള ബൗദ്ധിക ത്രാണിയില്ലാതെ ഇന്‍ഡ്യന്‍ ദേശീയതയെ അനാദിയും അനന്തവുമായി കരുതുന്നവര്‍ക്ക് ഭാവിയെ സംബന്ധിച്ച ഒരു പ്രവചനത്തെയും സമചിത്തതയോടെ സമീപിക്കാനാവില്ല. നമുക്കിപ്പോള്‍ സങ്കല്‍പ്പിക്കാനാവാത്ത ലോക സാഹചര്യങ്ങള്‍ ജന്മം കൊള്ളുകയും അതില്‍ പുതിയ രാഷ്ട്രീയ സംവിധാനങ്ങളും ചേരികളും നിയമങ്ങളും പ്രശ്‌നങ്ങളും രൂപപ്പെടുകയും ആഗോള യുദ്ധങ്ങള്‍ കൊടിമ്പിരി കൊള്ളാന്‍ ആരംഭിക്കുകയും ചെയ്താല്‍, വിശാലമായ അല്‍ ഹിന്ദിന്റെ ഏതെങ്കിലും ഒരു പ്രവിശ്യയുടെ അന്നത്തെ ഭരണകൂടത്തോട് ഏതെങ്കിലും ഒരു ഇസ്‌ലാമിക സേന യുദ്ധം ചെയ്യുന്ന സന്ദര്‍ഭമുണ്ടാവുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. ഇമാം മഹ്ദിയുടെയും ഈസബ്‌നു മര്‍യത്തിന്റെയുമൊക്കെ ലോകഭരണം നിലവില്‍ വരുന്ന ഒരു കാലത്ത്, ഇന്നത്തെ ഭൂപടങ്ങള്‍ ചരിത്രത്താളുകള്‍ മാത്രമാകുന്ന ഒരു സമയത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇപ്പോഴത്തെ ഇന്‍ഡ്യനവസ്ഥയുമായി എന്ത് ബന്ധമുണ്ടാകുമെന്നാണ് ഹിന്ദുത്വരും മിഷനറിമാരും കരുതുന്നത്? ‘ഗസ്‌വതുല്‍ ഹിന്ദ്’ ഈസാ നബി(അ)യുടെ പുനരാഗമന വേളയിലോ അതിനു തൊട്ടുമുമ്പോ നടക്കാനുള്ള ഒരു ഭാവി സംഭവമാണെന്ന് കരുതുന്ന പണ്ഡിതന്‍മാരുടെ അനുമാനം ശരിയാണെന്നു വന്നാലും, ഇന്നത്തെ ഇന്‍ഡ്യയോട് അതിലെ മുസ്‌ലിംകള്‍ മതപരമായി ശത്രുത പുലര്‍ത്താന്‍ ബാധ്യസ്ഥരാണെന്ന വാദത്തിന് ഒരു തെളിവും ആ ഹദീഥില്‍ നിന്ന് കിട്ടുകയില്ലെന്ന് സാരം.

നിലനില്‍ക്കുന്ന ലോകക്രമത്തിന്റെ സമ്പൂര്‍ണമായ പതനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സൈനിക മുന്നേറ്റങ്ങളും പുതിയ രൂപത്തിലുള്ള ഒരു ഭരണസംവിധാനത്തിന്റെ ഉദയവുമൊക്കെ അന്ത്യനാളുമായി ബന്ധപ്പെടുത്തി പ്രവചിക്കുന്നത് ഇസ്‌ലാം മാത്രമാണോ? തീര്‍ച്ചയായും അല്ല. എല്ലാ മതങ്ങള്‍ക്കും അവയുടേതായ ഒരു ലോകാവസാന ശാസ്ത്രം (Eschatology) ഉണ്ട്. ഹിന്ദു പാരമ്പര്യത്തില്‍ ഇത് ഒരു യുഗത്തിന്റെ അവസാനവും അടുത്ത യുഗത്തിലേക്കുള്ള സംക്രമണവും എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. നാമിപ്പോള്‍ ജീവിക്കുന്നത് കലിയുഗത്തിലാണെന്നാണ് സങ്കല്‍പം. കലിയുഗത്തിന്റെ അവസാന ഘട്ടത്തില്‍ കല്‍ക്കിയുടെ രൂപത്തില്‍ വിഷ്ണു പത്താമത്തെ അവതാരമെടുത്ത് വരുമെന്ന വൈഷ്ണവ പരികല്‍പന ഇന്നത്തെ ഇന്‍ഡ്യയില്‍ വളരെ പ്രബലമാണ്. കല്‍ക്കി, ദേവദത്ത എന്നു പേരുള്ള അതിവേഗ കുതിരയുടെ പുറത്ത് കയ്യില്‍ വാളും പിടിച്ച് വിശ്വസഞ്ചാരം നടത്തുമെന്നും നിലവിലുള്ള ഭരണാധികാരികളെ മുഴുവന്‍ വധിക്കുമെന്നും ലോകത്തിന്റെ പരമാധികാരിയായി ചുമതലയേറ്റെടുത്ത് ‘ധര്‍മം’ പുനഃസ്ഥാപിക്കുമെന്നുള്ള ഹൈന്ദവ വിശ്വാസത്തിന്റെ(41) അര്‍ത്ഥം, നിലവിലുള്ള ഇന്‍ഡ്യയെ തകര്‍ക്കാനും അതിന്റെ ഭരണാധികാരികളെ തോല്‍പിക്കാനും ദൈവം അവതരിക്കുന്നത് പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നവരാണ് ഹിന്ദുക്കളെന്നും അതിനാല്‍ അവര്‍ ദേശക്കൂറില്ലാത്തവരും പൗരത്വം റദ്ദ് ചെയ്യപ്പെടേണ്ടവരും ആണെന്നും ആണോ? ലോകത്തിലുള്ള മുഴുവന്‍ ഭരണാധികാരികളെയും കൊന്ന് അഖില ലോക ഹിന്ദുരാജ്യം സ്ഥാപിക്കാന്‍ ദൈവമെത്തുന്ന ദിനം കാത്ത് കണ്ണിലെണ്ണയൊഴിച്ച് നില്‍ക്കുന്ന ഒരു ജനവിഭാഗമായി ഹിന്ദുക്കളെ മനസ്സിലാക്കി അവര്‍ക്ക് മുഴുവന്‍ ലോകരാഷ്ട്രങ്ങളും വിസ നിഷേധിക്കേണ്ടതുണ്ടോ?

ഹദീഥിലെ ‘ഇന്‍ഡ്യാ യുദ്ധം’ ലോകാവസാനത്തോടനുബന്ധിച്ച് സംഭവിക്കാനുള്ളതാണെന്ന ചില മുസ്‌ലിം പണ്ഡിതരുടെ മനസ്സിലാക്കലിനെ മുസ്‌ലിംകള്‍ക്കുനേരെയുള്ള ദേശീയതയുടെ മസിലുപെരുപ്പിക്കലിനെ ന്യായീകരിക്കാന്‍ ആയുധമാക്കുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകര്‍ക്കുമില്ലേ ഒരു ലോകാവസാന ശാസ്ത്രം? ആ ലോകാവസാന ശാസ്ത്രമാകട്ടെ, മുസ്‌ലിംകളെപ്പോലെത്തന്നെ യേശുവിന്റെ രണ്ടാം വരവിനെ പ്രധാന പ്രമേയമായി സ്വീകരിക്കുന്നതുമാണ്. ദരിദ്രനും സാധാരണക്കാരനുമായിട്ടാണ് യേശുവിന്റെ ഒന്നാം വരവുണ്ടായതെങ്കില്‍, ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരിയായിക്കൊണ്ടാണ് അദ്ദേഹത്തിന്റെ രണ്ടാം വരവുണ്ടാവുക എന്നല്ലേ പുതിയ നിയമ പരാമര്‍ശങ്ങളുടെ വെളിച്ചത്തിലുള്ള ക്രൈസ്തവ വിശ്വാസം? ഭാവിയില്‍ ആയിരം വര്‍ഷം ഭൂമിയുടെ പരമാധികാരിയായി ഉഗ്രപ്രതാപമുള്ള ഒരു ചക്രവര്‍ത്തിയെപ്പോലെ യേശു വാഴുമെന്നും ക്രൈസ്തവര്‍ക്കും ക്രിസ്തുമത വിശ്വാസത്തിനും അന്ന് അധികാരത്തിന്റെ പിന്‍ബലം ലഭിക്കുമെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന മിഷനറിമാര്‍ ഒന്നു വിശദീകരിക്കുമോ, അന്ന് ഇന്‍ഡ്യയെ മാത്രം ഇപ്പോഴുള്ള അതേ ദേശരാഷ്ട്ര മാതൃകയില്‍ ആ അധികാരവ്യാപ്തിക്കുപുറത്ത് സ്വതന്ത്രമായി തുടരാന്‍ യേശു അനുവദിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? തീര്‍ച്ചയായും അല്ല. ഇന്‍ഡ്യ എന്ന ഇന്നത്തെ രാജ്യരൂപവും അതിന്റെ ഭരണാധികാരികളും ഭരണഘടനയും നശിച്ച് യേശു സ്ഥാപിക്കുവാന്‍ പോകുന്ന ദൈവരാജ്യത്തിലേക്ക് ഈ ഭൂവിഭാഗം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ നല്ല ഒന്നാന്തരം ദേശവിരുദ്ധരാണെന്ന ഒരു സിദ്ധാന്തമുണ്ടാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? ശാന്തമായി അതിനെക്കുറിച്ചാലോചിച്ചാല്‍, നിലനില്‍ക്കുന്ന ഇന്‍ഡ്യ എന്ന സംവിധാനത്തെ ഒരു നിത്യസനാതന വ്യവസ്ഥയായി സങ്കല്‍പ്പിച്ചുകൊണ്ട് ലോകാവസാനവുമായി ബന്ധപ്പെട്ട, ദേശീയതയുടെ അതിര്‍ത്തിവരകളെ മുറിച്ചുകടക്കുന്ന മതപരികല്‍പനകളെ വിശകലനം ചെയ്യുന്നതിന്റെ യുക്തിരാഹിത്യം മിഷനറിമാര്‍ക്കു തന്നെ മനസ്സിലാക്കാം.

ലോകപ്രശസ്തരായ മുസ്‌ലിം പണ്ഡിതന്‍മാര്‍ ജീവിക്കുകയും ബൃഹത്തായ ഹദീഥ് ഗവേഷണങ്ങള്‍ നടക്കുകയും ചെയ്ത, ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമിക വൈജ്ഞാനിക നവജാഗരണത്തിന്റെ പ്രഭവകേന്ദ്രമായി പരിലസിക്കുവാന്‍ മാത്രം ഈ രംഗത്ത് പ്രഖ്യാതമായ പൈതൃകമുണ്ടായിരുന്ന മുസ്‌ലിം കേന്ദ്രങ്ങളാണ് വടക്കേ ഇന്‍ഡ്യയിലെ പല നഗരങ്ങളും.(42) ഇന്‍ഡ്യാ യുദ്ധവുമായി ബന്ധപ്പെട്ട ഹദീഥുകള്‍ ഈ പണ്ഡിതപാരമ്പര്യത്തിന്റെ ശ്രദ്ധയില്‍ വരാതിരുന്നതുകൊണ്ടല്ല അവരൊന്നും ഇന്‍ഡ്യാ വിരുദ്ധരാകാതിരുന്നത്. മറിച്ച് ജ്ഞാനത്തിന്റെ മിഴിവുള്ളതിനാല്‍ അവയുടെ സാരമെന്താണെന്ന് തിട്ടമുണ്ടായിരുന്നതുകൊണ്ടാണ്. ഇസ്‌ലാം ഇന്‍ഡ്യയിലെത്തിയ കാലം മുതല്‍ മുസ്‌ലിംകള്‍ ഈ നാട്ടുകാരായിട്ടാണ് ഇവിടെ ജീവിച്ചത്; അവരെ ജീവിക്കുന്ന ദേശത്തിനുവേണ്ടി നിലകൊള്ളാനാണ് അവരുടെ പണ്ഡിതന്‍മാര്‍ പഠിപ്പിച്ചത്. ഇന്‍ഡ്യയെ മുസ്‌ലിംകളുടെ കൂടി നാടായി കണ്ടതുകൊണ്ടുതന്നെ ഇന്‍ഡ്യയിലേക്ക് കൊളോണിയല്‍ അധിനിവേശങ്ങളുണ്ടായപ്പോള്‍ ക്വുര്‍ആനിലും ഹദീഥിലും ജിഹാദിന് പ്രേരിപ്പിച്ചുകൊണ്ടുള്ള വചനങ്ങളെ അടിസ്ഥാനമാക്കി ഇവിടുത്തെ മുസ്‌ലിം സമൂഹം ചെയ്തത് കൊളോണിയല്‍ ശക്തികള്‍ക്കെതിരില്‍ ഈ നാടിനെ സംരക്ഷിക്കാനായി ജിഹാദ് ചെയ്യുകയാണ്. പതിനാറാം നൂറ്റാണ്ടില്‍ കുഞ്ഞാലി മരക്കാര്‍മാര്‍ അറബിക്കടലില്‍ പറങ്കികള്‍ക്കെതിരിലാരംഭിച്ച ‘ഇന്‍ഡ്യാ അനുകൂല’ ജിഹാദ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ശാഹ് ഇസ്മാഈലും സയ്യിദ് അഹ്‌മദും വടക്കേ ഇന്‍ഡ്യയില്‍ ബ്രിട്ടീഷുകാര്‍ക്കും ശിങ്കിടികള്‍ക്കുമെതിരില്‍ ധീരോദാത്തമായി തുടരുന്നുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഊടും പാവും തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ജിഹാദിനിറങ്ങിയ മുസ്‌ലിം പണ്ഡിതന്‍മാരുടെയും സാധാരണക്കാരുടെയും ആത്മാര്‍പ്പണവും ത്യാഗവുമായിരുന്നു.(43)

അറബ് സാമ്രാജ്യത്തിന്റെ വികാസഗതിയില്‍ ഇന്‍ഡ്യയിലേക്കും സ്വാഭാവികമായ ഇസ്‌ലാമിക പടയോട്ടങ്ങളുണ്ടാകുന്നതിനെക്കുറിച്ച ഹദീഥ്‌ സൂചനകളെ സംവഹിച്ച ഇസ്‌ലാമിക പാരമ്പര്യം, മുസ്‌ലിംകള്‍ ഇന്‍ഡ്യയിലെത്തിയതുമുതല്‍ യുദ്ധം ചെയ്തു നശിപ്പിക്കേണ്ട ശത്രുരാജ്യമായല്ല, പ്രത്യുത യുദ്ധം ചെയ്തു സംരക്ഷിക്കേണ്ട മാതൃരാജ്യമായാണ് ഇന്‍ഡ്യയെ വിലയിരുത്തിയത് എന്ന വസ്തുതക്ക് ഏറ്റവും വലിയ സാക്ഷി ഈ ചരിത്രം തന്നെയാണ്. ഇന്‍ഡ്യക്കുവേണ്ടി അവര്‍ നയിച്ച കൊളോണിയല്‍വിരുദ്ധ യുദ്ധങ്ങളില്‍, ഹിന്ദുക്കളായ ഇന്‍ഡ്യക്കാരെ കൂടിയാണ് അവര്‍ സംരക്ഷിച്ചത്. പോപ്പിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട്ടുവന്ന് മനുഷ്യരെ ചവിട്ടിമെതിച്ച ക്രൈസ്തവ മതഭ്രാന്തനായിരുന്ന ഗാമയോട് കുഞ്ഞാലിമാര്‍ പോരാടിയത് സാമൂതിരിയുടെയും അദ്ദേഹത്തിന്റെ ഹിന്ദു പ്രജകളുടെയും പക്ഷത്തുനിന്നുകൊണ്ടാണ്; കാരണം അതാണ് ഇസ്‌ലാം അവരെ പഠിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ജിഹാദായി കണ്ട മുസ്‌ലിം പണ്ഡിതന്‍മാര്‍, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ കരുത്തുറ്റ അടിത്തറയിലാണ് ആ ജിഹാദിനെ കെട്ടിപ്പടുത്തത്. ദേശീയ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന്, ഖിലാഫത്ത് സംഘാടനങ്ങളിലൂടെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന മുസ്‌ലിം പണ്ഡിതന്‍മാര്‍, ദേശീയ പ്രസ്ഥാനത്തിന്റെ കൂടി പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നുള്ള ഉദ്ധരണികളുപയോഗിച്ച് തങ്ങളുടെ നിലപാടിനെ സാധൂകരിച്ചതും ഇന്‍ഡ്യാ ചരിത്രത്തില്‍ സുവിദിതമാണ്. അവരുടെ കൂടി വിയര്‍പ്പിന്റെ ഫലമാണ് ഇന്‍ഡ്യ എന്ന സ്വതന്ത്ര ദേശരാഷ്ട്രവും അതിന്റെ ഭരണഘടനയും.

ഭരണഘടന മുഴുവന്‍ പൗരന്‍മാരോടുമുള്ള രാജ്യത്തിന്റെ കരാറാണ്. ഇന്‍ഡ്യയിലെ പൗരന്‍മാര്‍ എന്ന നിലയില്‍ ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ജീവനും സ്വത്തും മതവും അഭിമാനവും തുല്യതയും നീതിയും ഭരണഘടന ഉറപ്പുനല്‍കുന്നു; രാജ്യത്തിന്റെ നിയമവ്യവസ്ഥക്ക് വിധേയമാകാന്‍ എല്ലാ പൗരന്‍മാരോടുമെന്ന പോലെ മുസ്‌ലിംകളോടും അതാവശ്യപ്പെടുകയും ചെയ്യുന്നു. കരാര്‍പാലനം മതപരമായ ധര്‍മമായി കരുതുന്ന മുസ്‌ലിംകള്‍, മാതൃകാപരമായ പൗരജീവിതമാണ് സ്വാതന്ത്ര്യം മുതല്‍ ഇന്നുവരെ ഇന്‍ഡ്യയില്‍ നയിച്ചുകൊണ്ടിരിക്കുന്നത്; അതിനിയും അങ്ങനെത്തന്നെ തുടരാനാണ് ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അവരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതും. അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡ്യ എന്താണെന്നും ‘ഗസ്‌വതുല്‍ ഹിന്ദു’മായി അതിനുളള ബന്ധമില്ലായ്മ എന്താണെന്നും നിശ്ചയമുളളതുകൊണ്ടാണിത്. സ്വതന്ത്ര ജനാധിപത്യ മതേതര ദേശരാഷ്ട്രം എന്ന ആശയത്തോട് സ്വാതന്ത്ര്യസമരകാലത്ത് മുഴുവന്‍ കലമ്പുകയും സ്വാതന്ത്ര്യാനന്തരം അത് നശിച്ച്‌ തല്‍സ്ഥാനത്ത് ഹിന്ദുരാജ്യം സ്ഥാപിതമാകുന്നത് സ്വപ്നം കാണുകയും ചെയ്ത സംഘ്പരിവാര്‍, സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വാലയായി നിന്ന ഇന്‍ഡ്യന്‍ മുസ്‌ലിമിനെ ഇന്‍ഡ്യ എന്താണെന്ന് പഠിപ്പിക്കുവാന്‍ മുതിരുന്നതിലെ അശ്ലീലം അതിഭീകരമത്രെ. ദേശസ്‌നേഹത്തിന്റെ പുത്തന്‍കുപ്പായം ധരിച്ച് മുസ്‌ലിംകളുടെ ഹൃദയം പരിശോധിക്കാനൊരുങ്ങുന്ന മിഷനറിമാര്‍ക്ക്, കൊളോണിയല്‍വിരുദ്ധ പോര്‍മുഖങ്ങളില്‍ ഇന്‍ഡ്യന്‍ പക്ഷത്തുനിന്ന എത്ര പൂര്‍വ്വികരെ ഓര്‍മയുണ്ട്? മുസ്‌ലിംകള്‍ ചോര കൊടുത്തും വിയര്‍പ്പ് കൊടുത്തും ഉണ്ടാക്കിയ രാജ്യത്തെക്കുറിച്ച് അവരോട് ഗിരിപ്രഭാഷണം നടത്താന്‍ വരുന്നതിനുമുമ്പ് ആ കണക്കൊന്നെടുക്കാന്‍ മിഷനറിമാര്‍ സന്നദ്ധമാകുന്നത് നല്ലതാണ്.

ഇന്‍ഡ്യയില്‍ ഒരു ഇസ്‌ലാമിക യുദ്ധം നടക്കും എന്ന വസ്തുതയിലേക്ക് മുഹമ്മദ് നബി (സ) വെളിച്ചം വീശിയത്, ഇപ്പോള്‍ ഇസ്‌ലാമോഫോബിക് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന അര്‍ത്ഥങ്ങളിലൊന്നുമല്ലെന്നാണ് ഹദീഥുകളുടെ സന്ദര്‍ഭവും ഇസ്‌ലാമിക ചരിത്രവും വെച്ചുകൊണ്ട് ഇവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇന്‍ഡ്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍, കശ്മീരിലെയും മറ്റ് ഗവണ്‍മെന്റ് വിരുദ്ധ വികാരത്തെ മൂലധനമാക്കി പ്രവര്‍ത്തിക്കുന്ന ചില ഭീകരപ്രസ്ഥാനങ്ങള്‍ ‘ഇന്‍ഡ്യാ യുദ്ധ’ ഹദീഥുകളെയും ചിലപ്പോള്‍ തങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാറുണ്ട്. ഇസ്‌ലാമിനെ അപ്പാടെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് മുസ്‌ലിം മുഖ്യധാരയില്‍നിന്നു വിഘടിച്ച് ഭീകരപ്രസ്ഥാനങ്ങള്‍ മുസ്‌ലിം ലോകത്തുണ്ടായത് എന്നറിയാവുന്നവര്‍ക്ക് ഒരു ഹദീഥിനെ അവര്‍ ദുര്‍വ്യാഖ്യാനിക്കുന്നു എന്നതില്‍ അത്ര അത്ഭുതകരമായി യാതൊന്നും ഇല്ല തന്നെ. എന്താണ് ഇസ്‌ലാം എന്നു പഠിക്കുവാന്‍ ഇസ്‌ലാമിനെ വക്രീകരിക്കുവാന്‍ മാത്രമറിയുന്ന ഭീകരപ്രസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്കില്ല. ആര്‍.എസ്.എസ് എന്ന ഭീകരപ്രസ്ഥാനത്തിന്റെ അനുയായികള്‍ക്ക്, മറ്റു ഭീകരപ്രസ്ഥാനങ്ങളോടും അവയുടെ വ്യാഖ്യാനങ്ങളോടും അനുഭാവവും കൗതുകവും തോന്നുന്നുണ്ടെങ്കില്‍, അതിന് മുസ്‌ലിംകളെ പഴിച്ചിട്ട് കാര്യമില്ല.

ഈസാ നബി(അ)യുടെ പുനരാഗമനത്തോടടുപ്പിച്ചാണ് ഹദീഥില്‍ പറഞ്ഞ ‘ഇന്‍ഡ്യാ യുദ്ധം’ ഉണ്ടാവുക എന്ന ധാരണയില്‍ നബി(സ)യുടെ പ്രവചനം ‘പരാജയപ്പെടാതിരിക്കാന്‍’ വേണ്ടി ഇന്‍ഡ്യാവിരുദ്ധ സായുധസംഘമുണ്ടാക്കാനും ഈസാ നബി(അ)യെ ‘വരുത്താനും’ മുസ്‌ലിംകളെ ഉപദേശിക്കുന്ന മിലിറ്റന്റ് ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ അവരോട് നമുക്ക് പറയാനുള്ളത്, നബി(സ)യുടെ ഹദീഥുകള്‍ സ്വാഭാവികമായി പുലരുമെന്നും കൃത്രിമമായ രംഗാവിഷ്‌കാരത്തിലൂടെ പുലര്‍ച്ച പ്രാപിക്കേണ്ട ഗതികേട് അവക്കില്ലെന്നുമാണ്. ഇന്‍ഡ്യാ യുദ്ധം നടത്തണമെന്ന് കല്‍പനയല്ല ഹദീഥിലുള്ളത്, മറിച്ച് അതിലെ അംഗങ്ങള്‍ക്ക് രക്ഷയുണ്ടെന്ന സന്തോഷ വാര്‍ത്തയാണ്. ഈസാ നബി(അ)യെയും ഇമാം മഹ്ദിയെയും ബോധപൂര്‍വം അധ്വാനിച്ച് വരുത്തണമെന്നല്ല ഹദീഥ്, മറിച്ച് സമയമാകുമ്പോള്‍ അവര്‍ വരുമെന്നാണ്. ഏതോ തരത്തിലുള്ള ഒരു ഇസ്‌ലാമിക യുദ്ധം ഇന്‍ഡ്യയില്‍ ന്യായമായ സാഹചര്യങ്ങള്‍ കൊണ്ട് സ്വാഭാവികമായി സംഭവിക്കുമെന്നാണ് ഹദീഥിന്റെ സൂചന; അത് കഴിഞ്ഞുപോയതാണെങ്കിലും അന്ത്യനാളിനോടടുപ്പിച്ച് വരാനുള്ളതാണെങ്കിലും-അല്ലാതെ, ആ ഹദീഥ് ഉളളതുകൊണ്ട് അതിനെ ശരിവെക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ പോയി യുദ്ധമുണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഇമാം മഹ്ദിയെക്കുറിച്ച ഹദീഥുകളെല്ലാം പഠിച്ച് അവയിലെ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആളാക്കി തന്നെ മാറ്റാന്‍ കഠിനാധ്വാനം ചെയ്ത് ഒടുവില്‍ ഇമാം മഹ്ദിയാണ് താന്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് മുസ്‌ലിംകള്‍ക്കു മുന്നിലേക്കുവന്ന ചിലര്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള ഹദീഥുകള്‍ തിരക്കഥയെഴുതി അഭിനയിച്ച് ഫലിപ്പിക്കാനുള്ളവയല്ലെന്നും അവ സ്വാഭാവികമായി സംഭവിക്കുകയാണ് ചെയ്യുകയെന്നുമുള്ള അടിസ്ഥാനധാരണ പോലും ഇല്ലാതിരുന്ന അത്തരക്കാരെ പിന്തുടര്‍ന്ന് ‘ഇന്‍ഡ്യാ യുദ്ധം’ അഭിനയിച്ചുണ്ടാക്കാന്‍ പുറപ്പെടുന്നവര്‍ക്ക് ഹദീഥുകളുടെ പ്രവചനസമ്പ്രദായത്തെക്കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലോകാവസാന ശാസ്ത്രത്തില്‍ അഭിരമിച്ച് ഇങ്ങനെ കിറുക്ക് വരുന്ന അപൂര്‍വം പേര്‍ എല്ലാ സമുദായങ്ങളിലും ഉണ്ട്. ആധുനിക കാലത്ത്, താന്‍ യേശു മടങ്ങി വന്നതാണെന്ന് അവകാശപ്പെട്ടുകൊണ്ട് അനുയായികളുമായി ജീവിക്കുന്ന അഞ്ചോളം ക്രൈസ്തവ കൾട്ട് ഫിഗറുകളെക്കുറിച്ച് നാഷണല്‍ ജിയോഗ്രഫിക് മൂന്നുവര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.(44) ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും റോമിലുണ്ടായ ജൂതകലാപങ്ങള്‍ മുതല്‍ ഇരുപത് മുതല്‍ മുപ്പത്തിയഞ്ച് ദശലക്ഷം വരെ മനുഷ്യരെ കുരുതികൊടുത്ത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈനയില്‍ തകര്‍ത്താടിയ ക്രൈസ്തവ സായുധ പ്രക്ഷോഭം (Taiping Rebellion) വരെ ഇസ്രായേലി പാരമ്പര്യത്തില്‍ അന്ത്യനാളുമായി ബന്ധപ്പെട്ട് മിശിഹയുടെ ആഗമനം പ്രവചിക്കുന്ന ഭാഗങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഉണ്ടായവയാണ്.(45) യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും ഈ മതദുര്‍വ്യാഖ്യാനധാര പിന്തുടരാന്‍ ആരെങ്കിലും മുസ്‌ലിം സമുദായത്തില്‍നിന്ന് ശ്രമിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഇസ്‌ലാമികാധ്യാപനങ്ങളെ യഥാവിധി മനസ്സിലായിട്ടില്ലെന്ന് തിരിച്ചറിയാനുള്ള വിവേകം ഇന്‍ഡ്യയിലെ മുസ്‌ലിംകള്‍ക്കുണ്ട്. അവരുടേതാണ് യഥാര്‍ത്ഥ ഇസ്‌ലാം എന്ന സംഘ്മി/ഷനറി പ്രചാരണത്തില്‍ വീണുപോകാന്‍ മാത്രമുള്ള വൈജ്ഞാനിക ദാരിദ്ര്യം മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കില്ല. നബി (സ) പറയുന്നത് മാത്രമാണ് മുസ്‌ലിംകള്‍ക്ക് ബാധകം; അദ്ദേഹത്തിനുമേല്‍ ആരെങ്കിലും വെച്ചുകെട്ടുന്നതൊന്നും ഏറ്റെടുക്കാന്‍ ഈ സമുദായത്തിന് പാടില്ല തന്നെ!

(അവസാനിച്ചു)

കുറിപ്പുകള്‍

39. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ജുമുഅ -ബാബു തഖ്ഫീഫിസ്സ്വലാതി വല്‍ ഖുത്വ്ബതി).

40. വിശദവിവരങ്ങള്‍ക്ക് കാണുക -ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി, ക്വിസ്സ്വത്തുല്‍ മസീഹിദ്ദജ്ജാലി വനുസൂലി ഈസാ വ ക്വത്‌ലുഹു ഇയ്യാഹു അലാ സിയാക്വി രിവായതി അബീ ഉമാമ (അൽ മക്‌തബബതുൽ ഇസ്‌ലാമിയ്യ,2000).

41. ശ്രീമദ് ഭാഗവതം. ഭാഗവതത്തിന്റെ മലയാള പരിഭാഷയും വ്യാഖ്യാനവും ലഭ്യമാണ്. പണ്ഡിറ്റ് പി.ഗോപാലന്‍ നായര്‍, ശ്രീമദ് ഭാഗവതം (ഗുരുവായൂര്‍ ദേവസ്വം, 1987).

42. For an overview, See Barbara D. Metcalf, Islamic Revival in British India: Deoband, 1860-1900 (Princeton University Press, 1982).

43. See, for instance, Seema Alavi, Muslim Cosmopolitanism in the Age of Empire (Harvard University Press, 2015).

44. https://www.nationalgeographic.com/magazine/2017/08/new-messiahs-jesus-christ-second-coming-photos/.

45. https://www.britannica.com/topic/millennialism.