Memoir

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ

By Nasim Rahman

October 14, 2020

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇക്കഴിഞ്ഞ ഒക്റ്റോബർ 12 ന് 41 വർഷങ്ങൾ പിന്നിട്ടിരിക്കുകയയാണ്. കേരളം ഒരു ആഢ്യ സവർണ തറവാടായി നിലനിൽക്കണമെന്ന ചിലരുടെ പിടിവാശി ശ്രീനാരായണഗുരു യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസിലർ ആയി ഒരു മുസ്ലിം നാമധാരിയെ നിയമിച്ചത് കാരണം വീണ്ടും പുറത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയാണ് സവർണ മേലാളൻമാരുടെ നെറ്റി ചുളിയും വിധം മുസ്ലിം മുഖ്യമന്ത്രിയായി സി എച്ച് സത്യപ്രതിജ്ഞ ചെയ്തതിൻ്റെ സ്മൃതി പഥത്തിലൂടെ കേരള മുസ്ലിംകൾ കടന്നു പോവുന്നത്.

രാഷ്ട്രീയമായി സംഘടിച്ചുള്ള വിലപേശലുകൾ വഴി മുസ്ലിം സമുദായത്തിന് എവിടംവരെ എത്താമെന്ന് 1979 ഒക്റ്റോബർ 13 ന് ഇന്ത്യയിൽ, വിശേഷിച്ച് കേരളത്തിൽ പുറത്തിറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജിലുള്ള ചിത്രങ്ങൾ പറഞ്ഞുതരുന്നുണ്ട്.

മുസ്ലിം സമൂഹത്തെ മാറ്റിപ്പണിയുന്നതിലും കേരളത്തിൻ്റെ മുഖഛായ മാറ്റുന്നതിലും അനിഷേധ്യമായ പങ്കുവഹിച്ച സി എച്ചിൻ്റെ ജീവിതം ഓരോ സമുദായ സ്നേഹിക്കും രാഷ്ട്രീയ പ്രവർത്തകനുമുള്ള പാഠപുസ്തകമാണ്.

1927 ജൂലൈ 15ന്‌ കോഴിക്കോട്‌ നഗരത്തിൽ നിന്ന് ദൂരേക്ക്‌ മാറിയുള്ള അത്തോളി എന്ന ഉൾനാടൻ വടക്കൻ ഗ്രാമത്തിൽ ഒരു സാധാരണ ദരിദ്ര മാപ്പിള കുടുംബത്തിൽ ആണ്‌ മുഹമ്മദ്‌ കോയ ജനിച്ചത്‌. മലബാർ മുസ്‌ലിംകളുടെ സാംസ്കാരികവും വൈജ്ഞാനികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പിന്നോക്കാവസ്ഥകൾ അന്ന് വളരെ ഭീകരമായിരുന്നു. സംഘടിത നവോത്ഥാന പ്രസ്ഥാനങ്ങൾ പിച്ചവെച്ച്‌ നടന്നുതുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

സി. എച്ച്‌ സ്കൂളിൽ അവസാന വർഷങ്ങൾ പിന്നിടുന്ന നാൽപതുകളുടെ തുടക്കമായപ്പോഴേക്കും സർവേന്ത്യാ മുസ്‌ലിം ലീഗ്‌ മലബാറിൽ വലിയൊരു ജനകീയ പ്രസ്ഥാനമായിത്തുടങ്ങിയിരുന്നു. കോൺഗ്രസുമായുള്ള ലീഗിന്റെ വിയോജിപ്പുകൾ രാഷ്ട്രീയ സംവാദങ്ങളുടെ ഉള്ളടക്കം നിർണയിച്ചിരുന്ന കാലം. മുസ്‌ലിം സമുദായത്തെ സ്ത്രീ-പുരുഷ ഭേദമില്ലാതെ ആധുനിക വിദ്യാഭ്യാസത്തിന്‌ പ്രേരിപ്പിക്കുക കെ. എം. സീതി സാഹിബിന്റെ നേതൃത്വത്തിൽ മലബാറിൽ ലീഗിന്റെ വലിയൊരു അജണ്ടയായിരുന്നു. സ്കൂളുകളിൽ അന്നുണ്ടായിരുന്നത്‌ വളരെ ചുരുങ്ങിയ എണ്ണം മുസ്‌ലിം വിദ്യാർത്ഥികൾ മാത്രമാണ്‌. അവരിൽ പലരും ലീഗ്‌ ആശയങ്ങളിൽ ആകൃഷ്ടരാവുകയും കോഴിക്കോട്‌ കേന്ദ്രമാക്കി എം. എസ്‌. എഫ്‌ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. ഒരു സജീവ എം. എസ്‌. എഫുകാരൻ ആയി നിറഞ്ഞുനിന്നുകൊണ്ടാണ്‌ കോയ എസ്‌. എൽ. സി പാസാകുന്നത്‌.

1943ൽ സി. എച്ച്‌ തുടർ പഠനത്തിനായി കോഴിക്കോട്ടെ പഴയ സാമൂതിരി കോളജിൽ സയൻസ്‌ ഗ്രൂപ്പെടുത്ത്‌ ഇന്റർമീഡിയറ്റിനു ചേർന്നു. കോളജിൽ പ്രശസ്ത എം. എസ്‌. എഫ്‌ നേതാക്കളായിരുന്ന ഹസൻ രിദയും സി. എം. കുട്ടിയും ഉണ്ടായിരുന്നു. അവരുടെ കൂടെചേർന്ന് മുഹമ്മദ്‌ കോയ മുഴുസമയ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകൻ ആയി. പ്രഭാഷണമായിരുന്നു സി. എച്ചിനെ ശ്രദ്ധേയനാക്കിയ കല. കോഴിക്കോട്ടെ സർവേന്ത്യാ മുസ്‌ലിം ലീഗ്‌ വേദികളെ ജാഗരം ക്കൊള്ളിക്കുന്ന ചടുല വാഗ്മിയായ എം. എസ്‌. എഫ്‌ നേതാവായി ചുരുങ്ങിയ കാലം കൊണ്ട്‌ അദ്ദേഹം പേരെടുത്തു. പൊതുപ്രവർത്തന തിരക്കുകളും ശാസ്ത്രപഠനത്തിലുള്ള താൽപര്യമില്ലായ്മയും സമം ചേർന്നപ്പോൾ രണ്ടു വർഷത്തിനുശേഷം നടന്ന ഫൈനൽ പരീക്ഷയിൽ സി. എച്ച്‌ തോറ്റു. പിന്നെ മുസ്‌ലിം ലീഗ്‌ മാത്രമായി പ്രവർത്തന മണ്ഡലം. കുറുമ്പ്രനാട്‌ താലൂക്ക്‌ മുസ്‌ലിം ലീഗിന്റെ ഓഫീസ്‌ സെക്രട്ടറിയായി ജോലിയാരംഭിച്ചു. സമർത്ഥനായ സംഘാടകനും കണിശതയുള്ള ഓഫീസ്‌ ജീവനക്കാരനും കറതീർന്ന പ്രഭാഷകനുമായി കോഴിക്കോട്ടെ മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളുടെ നട്ടെല്ലായി തീരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ സി. എച്ച്‌ മുഹമ്മദ്‌ കോയ മാറി.

ബാഫഖി തങ്ങളും സീതി സാഹിബും സി. എച്ചിന്റെ പൊട്ടെൻഷ്യൽ മനസ്സിലാക്കി സംഘടനയുടെ മുൻനിരയിൽ ആ ചെറുപ്പക്കാരനെ കൊണ്ടുവന്നു നിർത്തി. തലശ്ശേരിയിൽ സീതി സാഹിബും സഹപ്രവർത്തകരും ആരംഭിക്കുകയും പിന്നീട്‌ മുസ്‌ലിം ലീഗിന്റെ ജിഹ്വയായിത്തീരുകയും ചെയ്ത ചന്ദ്രിക 1946ൽ കോഴിക്കോട്ടേക്ക്‌ മാറിയപ്പോൾ എഡിറ്റോറിയൽ സ്റ്റാഫിലേക്ക്‌ സി. എച്ചിനെ ഉൾപെടുത്താൻ ബാഫഖി തങ്ങളോട്‌ സീതി സാഹിബ്‌ ആവശ്യപ്പെട്ടു. അതൊരു പുതിയ ചരിത്രത്തിന്റെ നാന്ദിയായി. മുസ്‌ലിം ലീഗ്‌ നാനാഭാഗത്തുനിന്നും കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരുന്ന നാൽപതുകളുടെ ഉത്തരാർധം. സി. ച്ചിന്റെ യൗവനപ്രസന്നത അഗ്നി പടർത്തുന്ന അക്ഷരങ്ങളായി ചന്ദ്രികയുടെ താളുകളിൽ തേരോട്ടം തുടങ്ങി. സ്റ്റേജിലും പേജിലും ലീഗിന്റെ ഏറ്റവും മുഴക്കമുള്ള ശബദങ്ങളിൽ ഒന്നായി മുഹമ്മദ്‌ കോയ മാറി. ബാഫഖി തങ്ങളുടെയും സീതി സാഹിബിന്റെയും നിഴലായി വളർന്ന ‘കുട്ടി’, പിന്നീടുള്ള പതിറ്റാണ്ടുകളിൽ അവർ നിശ്ചയിച്ച വഴികളിൽ നടന്ന് അവയുടെ അറ്റങ്ങൾ കണ്ടു. ചന്ദ്രികയുടെ ചീഫ്‌ എഡിറ്ററും ഐ. യു. എം. എല്ലിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായി സി. എച്ച്‌ വളർന്നു. പാർട്ടിയുടെ തുടക്കക്കാരിൽ നിന്ന് ആദ്യാക്ഷരങ്ങൾ പഠിച്ചതുകൊണ്ടുതന്നെ, ലീഗിന്റെ ദർശനം സി. എച്ചിന്‌ വളരെ വ്യക്തമായിരുന്നു. കേവലമായ രാഷ്ട്രീയത്തിനപ്പുറത്ത്‌ മാപ്പിളമാരുടെ സർവതോന്മുഖമായ നവോത്ഥാനം എപ്പോഴും അദ്ദേഹം വിഭാവനം ചെയ്തു; സമുദായത്തിലെ പുരോഗമനാശയങ്ങളുടെ ഓരം ചേർന്ന് നിന്നു.

സ്വാതന്ത്ര്യത്തിനുശേഷം ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ്‌ രൂപീകരണാനന്തരം ഉണ്ടായ ദുർഘട സന്ധികളെ അതിജീവിക്കാനുള്ള ഒരു പതിറ്റാണ്ടിലധികം നീണ്ട പാർട്ടിപ്രയത്നങ്ങളിൽ നിറസാന്നിധ്യമായി നിലകൊണ്ടതുകൊണ്ടുതന്നെ, സ്ഥാപകരുടെ പ്രൗഢമായ ഒന്നാം നിരക്കുശേഷം ഹരിത പതാകയേൽപിക്കപ്പെടുക സി. എച്ചിന്റെ കൈകളിൽ ആയിരിക്കുമെന്ന് വ്യക്തമായിരുന്നു. 1961ൽ സീതി സാഹിബ്‌ നിയമസഭാ സ്പീക്കർ ആയിരിക്കെ മരണപ്പെട്ടപ്പോൾ സി. എച്ച്‌ ആണ്‌ പകരം സ്പീക്കർ ആയത്‌. പിന്നീട്‌ എം. പി ആയി ഡൽഹിയിൽ എത്തി. 1967ൽ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി സി. എച്ച്‌ അധികാരമേറ്റു. അതോടുകൂടി മുസ്‌ലിം ലീഗ്‌ കേരളത്തിലെ അനിഷേധ്യമായ രാഷ്ട്രീയ ശക്തിയായി. കേരളത്തിൽ ലീഗിന്‌ ശക്തമായ പ്രാതിനിധ്യമുള്ള മുന്നണി രാഷ്ട്രീയം വികസിച്ചതിലും ലീഗ്‌ പങ്കാളിയായ മുന്നണികൾ മന്ത്രിസഭയിൽ ലീഗിന്‌ സ്ഥിരമായി ഇടം നൽകുന്ന അവസ്ഥയുണ്ടായതിലും സി. എച്ചിന്റെ വ്യക്തിപ്രഭാവത്തിനും കുശാഗ്രബുദ്ധിക്കും ഭരണമികവിനും വളരെ വലിയ പങ്കുണ്ടായിരുന്നു. സി. എച്ചിന്റെ എഴുത്തുകൾ മുസ്‌ലിം ലീഗിന്‌ കേരളീയ പൊതുമണ്ഡലവുമായി വിപുലമായ സാംസ്കാരിക വിനിമയങ്ങൾ വളർന്നുവരാനും ഉപകരിച്ചു. അമുസ്‌ലിം സാഹിത്യകാരന്മാരും ബുദ്ധിജീവികളുമായുള്ള ലീഗ്‌ ബന്ധത്തിന്റെ പാലമായിരുന്നു സി. എച്ച്‌. അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങൾ വൻ തോതിൽ ഉള്ള നിരൂപകശ്രദ്ധയാകർഷിച്ചു. ഒരു മുസ്‌ലിം ലീഗുകാരൻ രാഷ്ട്രീയ്മായും സാംസ്കാരികമായും കേരളത്തിന്റെ പൊതുശ്രദ്ധാബിന്ദുവായി എന്നതായിരുന്നു സി. എച്ചിലൂടെ സംഭവിച്ചത്‌.

സി. എച്ചിന്റെ അധികാര പങ്കാളിത്തം മുസ്‌ലിം സമുദായത്തിന്റെ ഭൗതിക പുരോഗതിക്കും ആത്മാഭിമാനത്തിനും വലിയ അളവിൽ നിമിത്തമായി. ആഭ്യന്തരമടക്കം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തെങ്കിലും വുദ്യാഭാസമന്ത്രിയായാണ്‌ അദ്ദേഹം വിവിധ മന്ത്രിസഭകളിലായി ഏറ്റവുമധികം കാലം ഭരിച്ചത്‌. കേരളത്തിലെ മാതൃകാപരമായ പൊതുവിദ്യാഭ്യാസ വിപ്ലവത്തിൽ സി. എച്ചിന്‌ നിർണായകമായ പങ്കാണുള്ളത്‌. മലബാറിന്റെയും മാപ്പിളമാരുടെയും വിദ്യാഭ്യാസപുരോഗതിയുടെ ഭരണസ്വാധീനപരമായ അടിക്കല്ലുകൾ പണിതത്‌ സി. എച്ച്‌ എന്ന വിദ്യാഭ്യാസ മന്ത്രിയാണ്‌. മുസ്‌ലിം നിയന്ത്രണത്തിലുള്ള എയ്ഡഡ്‌ സ്കൂളുകളും കോളജുകളും വ്യാപകമായതും സ്കൂളുകളിലെ അറബി അധ്യാപകർക്ക്‌ സാമൂഹിക സുരക്ഷിതത്വം കൈവന്നതും അറബിക്‌ കോളജ്‌ പ്രസ്ഥാനം ഭദ്രമായതും കോഴിക്കോട്‌ സർവകലാശാല നിലവിൽ വന്നതുമെല്ലാം ആ കാലയളവുകളിൽ ആയിരുന്നു. അരീക്കോട്ടെ എൻ. വി. ഇബ്‌റാഹീം മാസ്റ്റർ സി. എച്ചിനെ വിദ്യാഭ്യാസ പദ്ധതികൾ തയ്യാറാക്കാൻ ബൗദ്ധികമായി സഹായിച്ച മുസ്‌ലിം ലീഗ്‌ നേതാക്കളിൽ ഒരാളായിരുന്നു.

1979ൽ സി. എച്ച്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു മുസ്‌ലിമും മുസ്‌ലിം ലീഗുകാരനും എത്തിയ പരമാവധി ഉയരം ആണത്‌. അയിത്തം കൽപിച്ച്‌ ദൂരെ നിർത്താൻ ശ്രമിച്ച മുസ്‌ലിം രാഷ്ട്രീയ സംഘശക്തി മുഖ്യമന്ത്രിയുടെ കസേര കയ്യാളുന്നത്‌ ‘മുഖ്യധാരാ’ രാഷ്ട്രീയം അത്ഭുതത്തോടെ കണ്ടു. പിന്നീടദ്ദേഹം ഉപമുഖ്യമന്ത്രിയും ആയി. ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച മുസ്‌ലിം ലീഗ്‌ കേരളത്തിൽ അതിന്റെ ലക്ഷ്യങ്ങൾ നേടിത്തുടങ്ങിയത്‌ സി. എച്ച്‌ എത്തിപ്പെട്ട സ്ഥാനങ്ങളിലൂടെയാണെന്ന് പറയാവുന്നതാണ്‌. മുസ്‌ലിം ലീഗിൽ പിളർപ്പുണ്ടാവുകയും സി. എച്ചും അദ്ദേഹത്തിന് ഗുരുസ്ഥാനീയൻ ആയിരുന്ന എം. കെ ഹാജിയും രണ്ട്‌ പക്ഷങ്ങളിലാവുകയും ചെയ്ത വേദനാജനകമായ സാഹചര്യം പക്ഷേ ആ സുവർണ്ണ കാലത്തുണ്ടായി. ആ മുറിവ്‌ കൂടുകയും ലീഗ്‌ ഒന്നാവുകയും ചെയ്ത ചരിത്രനിമിഷത്തിന്‌ സാക്ഷികളാകാൻ വിധിയുണ്ടാകാതെ രണ്ടു പേരും ഇഹലോകത്തോട്‌ വിട പറയുകയും ചെയ്തു.