Reports

ശാസ്ത്ര ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ല: സമദാനി

By Nasim Rahman

August 28, 2021

മലപ്പുറം : മധ്യകാല ശാസ്ത്രത്തിന്റെ ചരിത്രം ക്വുർആനിനെ മാറ്റിനിർത്തി രേഖപ്പെടുത്താനാവില്ലെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. മുൻവിധിയില്ലാതെ ചരിത്രത്തെ അപഗ്രഥിച്ചവരെല്ലാം അത് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം വിമർശകൻ ഇ.എ. ജബ്ബാറുമായി ഇസ്‌ലാമിക പ്രബോധനും നിച്ച് ഓഫ് ട്രൂത്ത് ഡയരക്റ്റരുമായ എം.എം. അക്ബർ ഈ വർഷം ജനുവരി എട്ടിന് മലപ്പുറത്ത് നടത്തിയ സംവാദവും അതിനോടനുബന്ധിച്ച് വന്ന പഠനങ്ങളും പ്രൗഡ് മുസ്‌ലിംസ് പ്രസാധകർ പുസ്തക രൂപത്തിലാക്കിയത് കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ: കെ. എൻ. അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബിയിൽ നിന്നുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ യൂറോപ്യൻ ഭാഷകളിലേക്കുള്ള വിവർത്തനങ്ങളുടെ പ്രളയം തന്നെ നടന്നിട്ടുണ്ട്. ശാസ്ത്രലോകത്തെ മഹാപ്രതിഭകളിലധികവും മതവിശ്വാസികളായിരുന്നെന്നും സമദാനി കൂട്ടിച്ചേർത്തു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തക പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് നിസാമി പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. സമുദായത്തിലെ വ്യത്യസ്ത തുറകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. ഭിന്നവീക്ഷണങ്ങൾ പുലർത്തുമ്പോഴും പൊതുശത്രുവിനെതിരെ ബൗദ്ധികമായും രാഷ്ട്രീയമായും സംഘടിക്കാൻ സജ്ജരാണ് സമുദായമെന്ന് പരിപാടി അടിവരയിട്ടു. ഉസ്താദ് അബ്ദുല്‍ ഷക്കൂര്‍ അല്‍ ഖാസിമി, അലിയാര്‍ മൗലവി അല്‍ ഖാസിമി, ഇലവുപാലം ശംസുദ്ദീന്‍ മന്നാനി, ഡോ. ഹുസൈന്‍ മടവൂര്‍, ഉസ്താദ് ഇല്യാസ് മൗലവി, ഡോ. ഇ.കെ അഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കെ.കെ സുഹൈല്‍, ഉസ്താദ് അമീന്‍ മാഹി, റഷീദ് ഹുദവി ഏലംകുളം, എം.എം അക്ബര്‍, മമ്മുട്ടി അഞ്ചുകുന്ന്, സുഹൈൽ റഷീദ് എന്നിവർ സംസാരിച്ചു.