സാരസാഗരം

മിതത്വം നിലപാടാക്കുക ലക്ഷ്യത്തിലേക്കെത്താനാകും

By Admin

October 08, 2024

മനുഷ്യനെ സംസ്‌കരിക്കുകയാണ് ഇസ്‌ലാം.മനസ്സും ശരീരവും വാക്കും പ്രവൃത്തിയും ഒരുപോലെ നന്നാക്കിയെടുക്കുക.നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമുള്ളില്‍ ജീവിതത്തെ നിയതമായി കൊണ്ടുപോകാന്‍ പ്രോത്സാഹിപ്പിക്കുക.അതിന്നാവശ്യമായ ലളിത മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക.മനുഷ്യനെ പ്രയാസപ്പെടുത്തുക എന്നതല്ല ഇസ്‌ലാമിന്റെ ദൗത്യം.ഇസ്‌ലാം മനുഷ്യനോട് ചെയ്യാനാവശ്യപ്പെടുന്നതും ചെയ്യരുതെന്ന് പറയുന്നതും നിത്യജീവിതത്തില്‍ പാലിക്കാന്‍ പ്രയാസമുള്ളതല്ല. ദൂരെനിന്നല്ല, അടുത്തുനിന്നറിയുമ്പോഴാണ് അത് അനുഭവിക്കാനാകുന്നത്. പ്രഭാതം മുതല്‍ പ്രദോഷംവരെയുള്ള ജീവിതത്തില്‍ ഒരു മുസ്‌ലിം, മുസ്‌ലിമായി ജീവിച്ചിട്ട് എത്ര പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന് ചിന്തിച്ചാല്‍ അക്കാര്യം കൃത്യമായി ബോധ്യംവരും.

ജീവിച്ചുകൊണ്ടേ ആചരിക്കേണ്ടതാണ് ഇസ്‌ലാം.നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിന്റെ മൗലികമായ ആരാധനാകര്‍മ്മങ്ങള്‍ നിശ്ചിത സമയ-മാസ-വര്‍ഷങ്ങളില്‍ കൃത്യനിഷ്ഠയോടെ നിര്‍വഹിക്കുന്ന ഒരു മുസ്‌ലിം തന്റെ ദൈനംദിനജീവിതത്തില്‍, ജിവിച്ചുകൊണ്ടേ പാലിക്കേണ്ട കാര്യങ്ങളുണ്ട്.ആവശ്യങ്ങള്‍ക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത്, അവനെ പ്രകീര്‍ത്തിക്കുന്നത്, മാപ്പിരക്കുന്നത്, പ്രവാചകന്നുമേല്‍ സ്വലാത്തുചൊല്ലുന്നത്, പരസ്പരം സലാം പറയുന്നത്, പുഞ്ചിരിക്കുന്നത്, കുശലാന്വേഷണം നടത്തുന്നത്, ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നത്, സഹായിക്കുന്നത്, ധര്‍മ്മംകൊടുക്കുന്നത്, സദുപദേശം നല്‍കുന്നത്, മാതാപിതാക്കളോട് മാന്യമായി പെരുമാറുന്നത്, അവര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നത്, ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹവായ്പുകള്‍ കൈമാറുന്നത്, മക്കളെ തലോടുന്നത്, അഗതികളേയും അനാഥകളേയും വിധവകളേയും സഹായിക്കുന്നത്, കച്ചവടത്തില്‍ സത്യസന്ധത കാണിക്കുന്നത്, നിഷിദ്ധങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് അങ്ങനെയങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഇസ്‌ലാമനുശാസിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായിത്തന്നെ നാമറിയാതെ നമ്മളൊക്കെ ചെയ്തു പോകുന്നവയാണ്.

പ്രത്യേകം സമയം നിശ്ചയിച്ച് ചെയ്യേണ്ടതൊന്നുമല്ല മുകളില്‍ പറയപ്പെട്ടവയൊന്നും. മുസ്‌ലിമായി ജീവിക്കുക പ്രയാസമാണ് എന്ന പതിവുപല്ലവിക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല എന്ന് സാരം. ചില ഖുര്‍ആനിക വചനങ്ങള്‍ മേലുദ്ധൃത ആശയത്തെ കൂടുതല്‍ വ്യക്തമാക്കും. അല്ലാഹു പറഞ്ഞു:“അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.” (ബഖറ/286)“നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.” (ബഖറ/185)“മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല.” (ഹജ്ജ്: 78)“അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. (തഗാബുന്‍: 16)

അതേ സമയം ഈ പറയപ്പെട്ട മേഖലകളിലെല്ലാം മുസ്‌ലിമിന്റെ ധര്‍മ്മം നിര്‍വഹിച്ചു നിലകൊള്ളാന്‍ ഹൃദയസൂക്ഷ്മത അനിവാര്യമാണ്. അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസരണം അവന്റെ മാത്രം പ്രീതിക്കും പ്രതിഫലത്തിനുമായി കര്‍മ്മങ്ങളെല്ലാം ആത്മബോധത്തോടെ നിര്‍വഹിക്കുക എന്നതാണ് ഹൃദയസൂക്ഷ്മത കൊണ്ട് വിവക്ഷിക്കുന്നത്. ‘തഖ് വ അഥവാ സൂക്ഷ്മത എന്നത് ഇവിടെയാണ്’ എന്ന്, പ്രവാചക തിരുമേനി (സ്വ) സ്വന്തം നെഞ്ചിലേക്ക് ചൂണ്ടികൊണ്ട് വിശദീകരിച്ചത് ശ്രദ്ധേയമാണ്.വിശ്വാസ ജീവിതത്തില്‍ സദാ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം, അവയുടെ ചെറുപ്പ വലുപ്പം നോക്കാതെ സദ്പ്രവൃത്തികളായി ഹൃദയത്തില്‍ ഉറപ്പിക്കുകയും അവയ്‌ക്കെല്ലാം അല്ലാഹുവില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ നമ്മളിലുണ്ടാകണം. എങ്കിലാണ് ചെയ്യുന്ന കര്‍മ്മങ്ങളിലെല്ലാം താത്പര്യവും സൂക്ഷ്മതയും ഒപ്പം നൈരന്തര്യവും ജീവിതത്തില്‍ സജീവമാകൂ.

പറഞ്ഞു വന്നത് ഇസ്‌ലാമിന്റെ ലാളിത്യത്തെ കുറിച്ചാണ്. മതാചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ശരീരത്തെയും മനസ്സിനെയും കഴിവിനപ്പുറം ക്ലേശിപ്പിക്കുന്നത് മതദൃഷ്ട്യാ നിഷിദ്ധമാണ്. മുസ്‌ലിമിന്റെ വിശ്വാസ ജീവിതത്തിന് പ്രവാചക ശ്രേഷ്ഠന്‍ നല്‍കിയ നിയതമായ ചട്ടമുണ്ട്.അബൂ ഹുറയ്‌റ(റ) നിവേദനം. പ്രവാചകന്‍(സ്വ) അരുളി; “തീര്‍ച്ച, ഈ മതം ലളിതമാണ്. മതത്തില്‍ തീവ്രത കാണിക്കുന്നത്, അതിനെ കയ്യൊഴിക്കുന്നതിലേക്ക് വഴിവെക്കും. നിങ്ങള്‍ (വാക്-കര്‍മ്മ-സ്വഭാവാദികളില്‍) മിതത്വം പുലര്‍ത്തുക. (കര്‍മ്മങ്ങള്‍ അവയുടെ പൂര്‍ണ്ണതയോടെ നിര്‍വഹിക്കാനാകുന്നില്ലെങ്കില്‍) അതിനോടടുത്ത നിലയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുക. (ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം പ്രതിഫലമുണ്ടെന്ന്) സന്തോഷവാര്‍ത്ത നല്‍കുക. പകലിന്റെ ആദ്യത്തിലൊ പകലിന്റെ അന്ത്യത്തിലൊ രാത്രിയുടെ അവസാന യാമത്തിലൊ നിങ്ങള്‍ യാത്ര ചെയ്യുക. മിതത്വം നിലപാടാക്കുക; എങ്കില്‍ ലക്ഷ്യം നേടാനാകും.” (ബുഖാരി)

പലരും മതനിഷ്ഠകള്‍ പ്രയാസകരമാണെന്ന് പരിഭവം പറയുന്നതും അവയില്‍ നി്ന്ന് അകന്നു നില്‍ക്കുന്നതും, പ്രമാണങ്ങള്‍ പഠിപ്പിക്കും വിധം ദീനിനെ ബോധ്യപ്പെടുത്താത്തതുകൊണ്ടാണ്. അനാചാരങ്ങളും അത്യാചാരങ്ങളും ശരിയായ ആചാരങ്ങള്‍ക്കും ശരിയായ ആരാധനകള്‍ക്കും മീതെ പഠിപ്പിക്കപ്പെടുന്നതുകൊണ്ടാണ്. പാളക്കിത്താബുകള്‍ വെച്ചുകൊണ്ടുള്ള ചില പണ്ഡിതന്മാരുടെ പ്രസംഗ-പ്രബോധനങ്ങളാണ് മതം പ്രയാസമാണ് എന്ന പരിഭവത്തിന് വഴിവെക്കുന്നത്. അനാചാരങ്ങളും അത്യാചാരങ്ങളും മുസ്‌ലിംകളെയും ഗുരുതരമായി ബാധിക്കുന്ന സംഗതികളാണ്.

ഇസ്‌ലാമിക നിഷ്ഠകളില്‍ അതിരുവിട്ട നിലപാടെടുത്ത മൂന്നു സ്വഹാബികളെ നബി(സ്വ) ഗുണകാംക്ഷയോടെ തിരുത്തിയ സംഭവം ഹദീസുകളില്‍ പ്രസിദ്ധമാണ്. അനസ് (റ) നിവേദനം ചെയ്ത ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്:പ്രവാചക പത്‌നിയായ ആയിഷ(റ)യെ മൂന്നു സ്വഹാബികള്‍ സമീപിക്കുന്നു. നബി(സ്വ)യുടെ ആരാധനകളെക്കുറിച്ച് അന്വേഷിച്ചറിയുന്നു. ആരാധനാ നിര്‍വഹണത്തില്‍ പ്രവാചകനേക്കാള്‍ തങ്ങള്‍ വളരെ പിന്നിലാണെന്ന് മനസ്സിലാക്കുന്ന അവര്‍ ശപഥം ചെയ്യുകയാണ്.ഒരാള്‍ പറഞ്ഞു: ‘എന്നും രാത്രിയില്‍ ഞാന്‍ നമസ്‌കരിക്കുക തന്നെ ചെയ്യും.’മറ്റൊരാള്‍ പറഞ്ഞു: ‘ഞാന്‍ കാലം മുഴുവന്‍ നോമ്പുമുറിക്കാതെ വ്രതമനുഷ്ഠിക്കുക തന്നെ ചെയ്യും.’മൂന്നാമത്തെ ആള്‍ പറഞ്ഞു: ‘ഞാന്‍ വിവാഹം കഴിക്കുകയേ ഇല്ല, സ്ത്രീകളില്‍ നിന്നകന്ന് ആരാധനകളില്‍ മുഴുകും.’നബി(സ്വ) ഇക്കാര്യമറിഞ്ഞു. അവരെ മൂന്നുപേരേയും വിളിച്ചു വരുത്തി നിചസ്ഥിതിയറിഞ്ഞു. എന്നിട്ട് പ്രവാചകന്‍ അവരോടായി പറഞ്ഞു: “അല്ലാഹുവാണ, നിങ്ങളേക്കാള്‍ അല്ലാഹുവിനെ ഏറെ ഭയക്കുന്നവനും അല്ലാഹുവിനോട് ഏറ്റവും തഖ് വയുള്ളവനും ഞാനാണ്. പക്ഷെ, ഞാന്‍ നോമ്പെടുക്കാറുണ്ട്. നോമ്പ് മുറിക്കാറുമുണ്ട്.ഞാന്‍ രാത്രി നമസ്‌കരിക്കാറുണ്ട്, രാത്രി ഉറങ്ങാറുമുണ്ട്. ഞാന്‍ വിവാഹിതനാണ്, ബ്രഹ്‌മചാരിയല്ല. ഇതാണ് എന്റെ സുന്നത്ത്, എന്റെ സുന്നത്തിനോട് വിമുഖത കാണിക്കുന്നവന്‍ എന്നില്‍പ്പെട്ടവനല്ല.” (ബുഖാരി)

ഇസ്‌ലാം ജീവിച്ചു കൊണ്ട് ആചരിക്കണംആചാരങ്ങള്‍ പ്രമാണങ്ങളുടെ അതിരുകളില്‍ നില്‍ക്കണം.പരിധിവിടുന്നവയൊക്കെയും പ്രയാസങ്ങള്‍ വിളിച്ചു വരുത്തുംമതനിഷ്ഠകളിലാകുമ്പോള്‍ അത് മടുപ്പിലേക്കും മതവിരോധത്തിലേക്കു നയിക്കും.പ്രവാചകന്‍ അരുളിയില്ലേ; മിതത്വം നിലാപാടാക്കുക; ലക്ഷ്യത്തിലേക്കെത്താനാകും.