Middle East

സഹായതേട്ടം അല്ലാഹുവിനോട് മാത്രം

By Admin

September 22, 2024

ശൈഖ് അബ്ദുർറഹ്‌മാൻ അസ്സുദയ്സ്

(ചീഫ്‌ ഇമാം, അൽമസ്‌ജിദുൽഹറാം)

(മസ്ജിദുൽ ഹറാം ജുമുഅ ഖുത്വ്‌ബ, 2024 സെപ്റ്റംബർ 20)

മനുഷ്യരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും അവൻ്റെ ഏകത്വത്തെ അംഗീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക. നിങ്ങൾക്ക് അവനല്ലാത്ത ഒരു ആരാധ്യനോ രക്ഷിതാവോ ഇല്ല. പ്രവാചകന്മാർ നിയോഗിക്കപ്പെടാത്ത ഒരു ഇടവേളയ്ക്ക് ശേഷം ഇസ്‌ലാമിൻ്റെ രിസാലത്ത് നടപ്പാക്കാനും, മാലോകർക്ക് മതവിധികൾ പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടിയും അല്ലാഹു അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യെ നിയോഗിച്ചു. ശുദ്ധ പ്രകൃതരായ ആളുകൾ യാതൊരു എതിർപ്പുമില്ലാതെ അതിനെ സ്വീകരിച്ചു. സംശയങ്ങൾക്ക് സ്ഥാനമില്ലാത്ത തെളിഞ്ഞ, ആരാധനകൾ അഖിലം നിഷ്കളങ്കമായി അല്ലാഹുവിനർപ്പിക്കുക എന്ന മഹത്തായ വിശ്വാസ സംഹിതയുമായാണ് ഇസ്‌ലാം കടന്നുവന്നത്. അത് മനുഷ്യരുടെ ഹൃദയാന്തരങ്ങളിൽ സ്ഥാനം പിടിക്കുകയും, അവരെ ആത്മീയമായ ഔന്നിത്യങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തു.

ഋജുമാനസരായാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ട് പിശാച് അവരെ നേരായ വഴിയിൽ നിന്നും തെറ്റിക്കുകയും, വഴികേടിന്റെ വഴി അവർക്ക് മനോഹരമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഒരു ക്വുദ്സിയ്യായ ഹദീഥിൽ അല്ലാഹു ഇപ്രകാരം പറയുന്നു: “ഞാൻ എന്റെ അടിമകളെയെല്ലാം വക്രതയില്ലാത്തവരായാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ട് പിശാചുക്കൾ അവരെ സമീപിക്കുകയും ദീനിൽ നിന്ന് അവരെ വഴിതെറ്റിക്കുകയും, ഞാൻ അവർക്ക് അനുവദിച്ചു നൽകിയത് അവരോട് വിരോധിക്കുകയും, യാതൊരു പ്രമാണവും ഞാൻ ഇറക്കിത്തന്നിട്ടില്ലാത്തതിനെ എന്നിൽ പങ്കുചേർക്കാൻ കല്പിക്കുകയും ചെയ്തു.” (മുസ്‌ലിം)

അല്ലാഹു പറയുന്നത് നോക്കൂ: “കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല” (അൽ ബയ്യിനഃ 5). വിശ്വാസികളെ തീർച്ചയായും തൗഹീദ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റുബൂബിയ്യത്തിലും ആരാധനയിലും നാമഗുണ വിശേഷണങ്ങളിലും അവനെ ഏകനാക്കുക എന്നുള്ളതാണ്. “അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും” (അൽ അഅറാഫ്: 180)

തൗഹീദിന്റെ വെളിച്ചത്തെ സംരക്ഷിക്കലും അതിന്റെ ആശയത്തെയും നിബന്ധനകളെയും ഏറ്റെടുക്കലും കർമ്മങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ജീവിതകാലം മുഴുവൻ അതിനെ സംരക്ഷിക്കലും നമ്മുടെ ബാധ്യതയാണ്. തള്ളേണ്ടതിനെ തള്ളിയും സ്വീകരിക്കേണ്ടതിനെ സ്വീകരിച്ചും എല്ലാ വ്യതിയാനങ്ങളിൽ നിന്നും ശിർക്ക് ബിദ്അത്തുകളിൽ നിന്നും ദീനിനെ ശരിയായ രീതിയിൽ സംരക്ഷിക്കുക എന്നുള്ളത് മഹത്തായ ഈ മതത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. നബി (സ്വ) യുടെ ജീവിതം അതാണ് നമുക്കു മുന്നിൽ വരച്ചുകാട്ടുന്നത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ നിഷ്കളങ്കമായി അല്ലാഹുവിന്‌ വേണ്ടി മാത്രം അർപ്പിച്ചതായിരുന്നു.

വിശ്വാസികളേ, ഇസ്‌ലാം അതിന്റെ അനുവാചകരോട് ആവശ്യപ്പെടുന്നത് തൗഹീദിനെ നെഞ്ചോട് ചേർക്കുവാനും വിശ്വാസ ദൃഢതയോടും തവക്കുലിന്റെ വഴി സ്വീകരിച്ചും സലഫുകളുടെ മാർഗത്തിൽ മുന്നോട്ടുപോകുവാനും, മനുഷ്യന്റെ ചിന്തകളെയും ബുദ്ധിയേയും മലിനമാക്കുകയും, യാഥാർഥ്യങ്ങളിൽ നിന്ന് തെറ്റിക്കുകയും ചെയ്യുന്ന ഊഹാപോഹങ്ങളിൽ നിന്നും ഭാവനകളിൽ നിന്നും വിട്ടുനിൽക്കുവാനുമാണ്. മരിച്ചവരെയും ഔലിയാക്കളെയും ഇടയാളരാക്കി പ്രാർഥിക്കലും, ക്വബ്റുകളിലും അതിന്റെ മേൽ നിർമിച്ച എടുപ്പുകളിലും ഖുബ്ബയിലും തടവലുമെല്ലാം ഇസ്‌ലാം ശക്തമായി വിലക്കുന്നു. ചിലയാളുകൾ ഇത്തരം മക്വ്‌ബറകളിലേക്ക് പുണ്യം തേടി യാത്ര ചെയ്യുന്നു. ദറജകൾ ഉയർത്തുവാനും പ്രയാസങ്ങളെ തടുക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും രോഗ ശമനത്തിനും അവർ അല്ലാഹുവല്ലാത്തവരോട് ചോദിക്കുന്നു! അത് അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടാനും, പ്രയാസങ്ങൾ ദൂരീകരിക്കപ്പെടാനും കാരണമാകുമെന്ന് അവർ വാദിക്കുന്നു. അവർ പങ്കു ചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ ഉന്നതനാണ്. അല്ലാഹുനോട് ചോദിക്കേണ്ട കാര്യങ്ങളിൽ അവന്റെ സൃഷ്ടികളെ ആശ്രയിക്കാൻ പാടില്ല എന്ന് സംശയാതീതമായി അവൻ പ്രഖ്യാപിച്ചതാണ്.

ശൈഖ് അബ്ദുർറഹ്‌മാൻ അസ്സുദയ്സ്

മുസ്‌ലിം സമുദായമേ, നമ്മോട് കൽപ്പിക്കപ്പെട്ടതിൽ ഏറ്റവും മഹത്തായ കാര്യം അല്ലാഹുവിനെ ആരാധനകളിൽ ഏകനാക്കുക എന്നുള്ളതാണ്. വിലക്കപ്പെട്ടതിൽ ഏറ്റവും ഗുരുതരമായ കാര്യം അല്ലാഹുവിൽ പങ്കു ചേർക്കുക എന്നുള്ളതുമാണ്. അല്ലാഹു പറയുന്നു: “തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)” (അന്നഹ്ൽ: 36). “അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനേയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും” (അൽ ഇസ്റാഅ്: 22).

സ്വഹീഹായ ഹദീഥിലൂടെ നബി (സ്വ) യും ഇക്കാര്യം നമ്മോട് ഉണർത്തുന്നു, പ്രവാചകൻ ഒരിക്കൽ ഏറ്റവും ഗുരുതരമായ പാപം ഏതാണ് എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണ് നിന്നെ പടച്ചത് എന്നിരിക്കെ നീ അവന് തുല്യനായി മറ്റൊരാളുണ്ട് എന്ന് സങ്കൽപ്പിക്കലാണ്” (ബുഖാരി, മുസ്‌ലിം).

ശിർക്ക് എന്ന് പറഞ്ഞാൽ ബലി, നേർച്ച, പ്രാർഥന, ഇസ്തിഗാഥഃ, ഇസ്തിആനഃ, അഭയം തേടൽ, ഭയം, പ്രതീക്ഷ പോലെയുള്ള ആരാധനയുടെ ഏതെങ്കിലും ഒരു അംശം അല്ലാഹു അല്ലാത്തവർക്ക്‌ സമർപ്പിക്കലാണ്. അല്ലാഹു പ്രഖ്യാപിക്കുന്നു: “അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല” (അർറഅദ്: 14). “അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല” (ഫാത്വിർ: 13) “തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല” (അന്നിസാഅ്: 48) “തീര്‍ച്ചയായും ശിർക് വലിയ അക്രമം തന്നെയാകുന്നു” (ലുഖ്മാൻ:13).

അല്ലാഹു ഇത്ര ഗൗരവത്തോടുകൂടി ഉണർത്തിയ കാര്യമായിട്ട് കൂടി വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന മുസ്‌ലീങ്ങൾ ബിദ്അത്തിന്റെയും പുത്തൻ ആശയങ്ങളുടെയും പടുകുഴിയിലാണ് എന്നത് കൈപ്പേറിയ ഒരു യാഥാർത്ഥ്യമാണ്. ഇത്തരം പിഴച്ച വിശ്വാസങ്ങളിൽനിന്ന് ഇസ്‌ലാമിന്റെ അന്തസ്സിലേക്കും ഉയർച്ചയിലേക്കും തിരിച്ചുപോവുക എന്നതും, സഛരിതരായ സ്വഹാബത്ത് ഉൾപ്പെടെയുള്ള മുൻഗാമികളുടെ (അസ്സലഫുസ്സ്വാലിഹ്‌) പാത പിന്തുടരുക എന്നതുമല്ലാത്ത ഒരു പരിഹാരവും മുസ്‌ലിം ഉമ്മത്തിന് മുന്നിലില്ല. അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി (സ്വ) പറയുന്നു: ഏറ്റവും ഉത്തമ തലമുറ എന്റെ തലമുറയാണ്. പിന്നീട് അതിനു തൊട്ടു ശേഷം വരുന്നവരും, പിന്നീട് അവർക്ക് തൊട്ടു ശേഷം വരുന്നവരുമാണ്” (അൽബുഖാരി, മുസ്‌ലിം) ഇബ്നു മസ്ഊദ് (റ) പറയുന്നു : “ആരെങ്കിലും സന്മാർഗം പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മരിച്ചുപോയ സ്വഹാബത്തിന്റെ മാർഗം പിന്തുടരുക തീർച്ചയായും ജീവിച്ചിരിക്കുന്നവർ ഫിത്നകളിൽ നിന്ന് സുരക്ഷിതരല്ല. അവർ ഈ സമുദായത്തിലെ ഏറ്റവും ഉൽകൃഷ്ടരും, ഏറ്റവും നല്ല മനസ്സിന് ഉടമകളും, ആഴത്തിൽ അറിവുള്ളവരും, ലളിത ജീവിതം നയിച്ചവരുമാണ്”. (ഇബ്നു അബ്‌ദിൽ ബർറ്, ജാമിഉ ബയാനിൽ ഇൽമി വഫദ്ലിഹി)

ഉമർ ബ്നു അബ്ദിൽ അസീസ് പറയുന്നു: “റസൂൽ (സ്വ) യും ഖുലഫാഉ റാശിദുകളും നമുക്ക്‌ കാണിച്ചുതന്ന പാത സീകരിച്ചാൽ ക്വുർആനിനെ മുറുകെ പിടിക്കലും അല്ലാഹുവിന്റെ കൽപ്പനകളെ പൂർണ്ണമായി അനുസരിക്കലുമായി. അതിനെ മാറ്റം വരുത്താൻ ഒരാൾക്കും അർഹതയില്ല. അതിനു വിരുദ്ധമായ ഒരു വഴി സ്വീകരിക്കാനും പാടില്ല. ആ മാർഗം പിന്തുടർന്നവരാണ്‌ സന്മാർഗം സ്വീകരിച്ചവരും വിജയിച്ചവരും. അതിനെ ഉപേക്ഷിച്ച് മുഅ്മിനീങ്ങളുടെതല്ലാത്ത വഴി സ്വീകരിക്കുന്നവനെ അവൻ തിരിഞ്ഞ വഴിയിലേക്ക് അല്ലാഹു തിരിക്കുകയും അവനെ നരകത്തിലിട്ട് കരിക്കുകയും ചെയ്യുന്നതാണ്. അതെത്ര മോശമായ സങ്കേതം”. (അബ്ദുല്ലാഹ്‌ ഇബ്നു അഹ്‌മദ്‌, അസ്സുന്ന)

തൗഹീദുള്ളവരേ, നിങ്ങൾ നിങ്ങളുടെ കുടുംബത്തെ ഏകദൈവ വിശ്വാസത്തിന്റെ മഹിത സന്ദേശം പഠിപ്പിക്കുക. സച്ചരിതരായ സലഫിന്റെ മാർഗത്തിൽ അവരെ വളർത്തുകയും, കെട്ട ചിന്താധാരകളിൽ നിന്നും വിശ്വാസവൈകല്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: ” ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ തെറ്റിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌” (അൽ അൻആം: 153).

ഈ സാങ്കേതികവിദ്യകളുടെയും നവമാധ്യമങ്ങളുടെയും കാലഘട്ടത്തിലും തൗഹീദിന് വേണ്ടി നിലകൊള്ളലും ശിർക്കിനെതിരെ പോരാടലും അനിവാര്യം തന്നെയാണ്. ഈ രാജ്യം സ്ഥാപിതമായത് മുതൽ ലഭിക്കുന്ന അനുഗ്രഹങ്ങളുടെ മൂല കാരണം ഏകദൈവ വിശ്വാസവും ശിർക്കിനെതിരെയുള്ള പോരാട്ടവും തന്നെയാണ്. ഇത് രിസാലത്തിന്റെയും തൗഹീദിന്റെയും പ്രവാചകചര്യയുടെയും സലഫിയ്യത്തിന്റെയും മടിത്തൊട്ടിലാണ്. ഇവിടെ ശിർക്കിനും ബിദ്അത്തിനും പുത്തനാചാരങ്ങൾക്കും യാതൊരു സ്ഥാനവുമില്ല. അല്ലാഹു നമ്മെ ശരിയായ വിശ്വാസത്തിൽ നിലനിർത്തുകയും തൗഹീദിന്റെ പാതയിൽ നിലയുറച്ചു മരിക്കാനുള്ള തൗഫീഖ് നൽകുകയും ചെയ്യട്ടെ.(ആശയ വിവർത്തനം: ശരീഫ്‌ അൻസ്വാരി വാവൂർ)