സാരസാഗരം

നാം സ്ഥാനാര്‍ത്ഥികള്‍ നമ്മുടെ വോട്ടിലാണ് നമ്മുടെ വിജയം

By Nasim Rahman

March 25, 2021

ജനിച്ചുവീണ ദിനം മുതല്‍ മനുഷ്യന്‍ സ്ഥാനാര്‍ത്ഥിയാണ്. വിവേകം വെച്ചേടം മുതല്‍ അവന്‍ തെരഞ്ഞെടുപ്പിലും മത്സരത്തിലുമാണ്. ഏത് സ്ഥാനത്തിനുവേണ്ടിയാണ് മത്സരിക്കുന്നത് എന്നറിയുക, ആരോടാണ് മത്സരിക്കുന്നത് എന്ന് മനസ്സിലാക്കുക, മത്സരത്തിനുവേണ്ടതെല്ലാം കരുതുക, വിജയത്തിനായി അധ്വാനത്തില്‍ മുഴുകുക, പിഴവുകളും പഴുതുകളുമടച്ച് ശ്രദ്ധപൂര്‍വ്വം പൊരുതുക, പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ ജാഗ്രതയോടെ കഴിയുക, കഴിവുകളെ മാത്രം ആശ്രയിക്കാതെ കഴിവുകള്‍ നല്‍കിയ സ്രഷ്ടാവില്‍ നിന്ന് ഉതവി ലഭിക്കാനുള്ള പ്രാര്‍ത്ഥനയില്‍ നിരതനാകുക. ഒരു സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽ വരേണ്ട മൗലികമായ കാര്യങ്ങളാണ് ഇവയെല്ലാം.

ദുനിയാവ് മുഅ്മിനിന്ന് മത്സരഭൂമിയാണ്. അവന്‍ തനിക്ക് ലഭിക്കാന്‍ കൊതിക്കുന്ന സ്ഥാനം പരലോകത്ത്, സ്വര്‍ഗ്ഗത്തിലാണ്. അവന്റെ പ്രതിയോഗികള്‍ ഒന്നല്ല, ഒരുപാടുണ്ട്. പിശാച് നയിക്കുന്ന, കാമ ക്രോധ ലോപ മോഹങ്ങളുടെ ഐക്യമുന്നണിയോടാണ് മുഅ്മിനിന്ന് പോരാടി ജയിക്കാനുള്ളതും സ്വര്‍ഗ്ഗീയപദവികള്‍ കരസ്ഥമാക്കാനുള്ളതും! നമുക്ക് ജയിക്കേണ്ടതില്ലെ? അതിന്ന് വേണ്ടതെല്ലാം ഒരുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതില്ലെ? തീര്‍ച്ചയായും.

അല്ലാഹുവിന്റെ വര്‍ത്തമാനം വായിച്ചു കൊണ്ട് നമുക്ക് ഈ മത്സരത്തിലേക്കാവശ്യമായ കരുക്കളൊരുക്കാവുന്നതാണ്. അല്ലാഹു പറഞ്ഞു: അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്. (അന്‍ഫാല്‍: 4)

രക്ഷിതാവിങ്കല്‍, ഒരു പദവിയല്ല, പല പദവികളാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. അതിന്ന് അവര്‍ ചെയ്യേണ്ടതെന്തൊക്കെയാണ്? നാം വായിച്ച ആയത്തിന്റെ മുകളിലെ വചനങ്ങള്‍ അക്കാര്യം അല്ലാഹു സുതരാം പറഞ്ഞു പോകുന്നുണ്ട്. നോക്കൂ: അല്ലാഹുവെ സൂക്ഷിക്കുക, തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കുക, അല്ലാഹുവിനെയും റസൂലിനേയും അനുസരിക്കുക, അല്ലാഹുവിനെപ്പറ്റി പറയപ്പെടുമ്പോള്‍ ഹൃദയത്തില്‍ നടുക്കമുണ്ടാകുക, അവന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടാകുക, അല്ലാഹുവില്‍ ആത്മാര്‍ത്ഥമായി ഭരമേല്‍പ്പിക്കുക, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക, അല്ലാഹു നല്‍കിയതില്‍ നിന്ന് പ്രതിഫലേച്ഛയോടെ ചെലവഴിക്കുക.

പ്രിയപ്പെട്ടവരേ, ദുനിയാവിലെ മത്സരത്തിൽ വീറുറ്റ വിജയം വരിച്ച് അല്ലാഹുവിൽ നിന്ന് സ്ഥാനങ്ങൾ ലഭിക്കാൻ നാം സഗൗരവം കണക്കിലെടുത്ത് പ്രാവർത്തികമാക്കേണ്ടവയാണ് മുകളിൽ പറഞ്ഞവയെല്ലാം. ഒന്നുകൂടെ അവ വായിച്ചു നോക്കുക: പടച്ചവനോടുള്ള ബാധ്യതകളും പടപ്പുകളോടുള്ള ബാധ്യതകളും അല്ലാഹു അവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് കാണാനാകും, അത്ഭുതമാണത്!

ദുനിയാവിലെ മത്സരത്തിൽ വിജയിക്കാൻ നമ്മുടെ വോട്ടു തന്നെയാണ് മുഖ്യം. അത് അസാധുവാകാതെ നോക്കലാണ് നമ്മുടെ ധർമ്മം. ഒരു കാര്യം ഓർത്തുകൊള്ളുക. നമ്മുടെ മത്സരം കൊഴുപ്പിക്കാൻ നേതാക്കളും അനുയായികളും കൂടെയില്ല. ആരവങ്ങളും തോരണങ്ങളും തീരെയില്ല. പോസ്റ്ററുകളും ചുവരെഴുത്തുകളും കാണുകയില്ല. റോഡ്ഷോകളും അനൌൺസ്മെൻ്റുകളും ഉപകരിക്കുകയില്ല. നമുക്കു വേണ്ടി നാമൊറ്റക്കാണ് പടയോട്ടം.

പിശാച് നയിക്കുന്ന പ്രതിയോഗികൾ പക്ഷെ, അങ്ങനെയല്ല. നമ്മെ തോൽപ്പിക്കാൻ അവരുടെ പക്കൽ പ്രചരണായുധങ്ങൾ ഒരുപാടുണ്ട്. ദുനിയാവിൻ്റെ മൊഞ്ച് തന്നെയാണ് അവരുടെ കയ്യിലെ മുന്തിയ ആയുധം. പ്രലോഭനങ്ങളായി വേറെയുമുണ്ട് നിരവധി. മദ്യമായി, മദിരയായി, പലിശയായി, കൈക്കൂലിയായി, കൊള്ളയായി, പീഢനമായി, പ്രീണനമായി, പാട്ടായി, കൂത്തായി അങ്ങനെയങ്ങനെ പലതും. ഇവയെയൊക്കെയും ധീരമായി നേരിട്ടുവേണം മുഅ്മിനുകളായ നമുക്ക് സ്വർഗ്ഗത്തിൽ നമ്മുടെതായ സ്ഥാനമുറപ്പിക്കാൻ. എന്തുവേണമതിന്? അതിന് നമ്മളും ആര്‍ജ്ജിക്കണം ചില ആയുധങ്ങള്‍. ഖുര്‍ആനിലൂടെയും പ്രവാചക സുന്നത്തിലൂടെയും നടന്നു നോക്കിയാല്‍ അവ എമ്പാടും നമുക്ക് കണ്ടെത്താനാകും.

ഒന്നാമത്തെത്, ശരിയായ ഈമാനും അതിന്നനുസൃതമായ കര്‍മ്മങ്ങളും തന്നെയാണ്. അല്ലാഹു പറഞ്ഞു: സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. (ത്വാഹ: 75)

മറ്റൊന്ന്, വിശ്വാസത്തോടൊപ്പം തന്നെ ദൈവബോധത്തിലേക്ക് നയിക്കുന്ന വിജ്ഞാനവുമാണ്. അല്ലാഹു പറഞ്ഞു: നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പദവികള്‍ ഉയര്‍ത്തുന്നതാണ്. (മുജാദില: 11) വേറൊന്ന്, സ്വജീവിതംകൊണ്ട് ദൈവസരണിയിൽ സമ്പൂർണ്ണമായ ത്യാഗപരിശ്രമങ്ങളിലേർപ്പെടുക എന്നതാണ്. അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിൻ്റെ ദൂതൻ(സ്വ) അരുളി: തീർച്ചയായും സ്വർഗ്ഗത്തിൽ നൂറ് പദവികളുണ്ട്. തൻ്റെ മാർഗ്ഗത്തിൽ ത്യാഗപരിശ്രമങ്ങളിലേർപ്പെട്ടവർക്കായി അല്ലാഹു സംവിധാനിച്ചതാണ് അവ. (ബുഖാരി)

പ്രിയപ്പെട്ടവരേ, നിത്യജീവിതത്തിൽ നാം സാധാരണ നിർവഹിച്ചുകൊണ്ടിരിക്കുന്ന ആരാധനകൾ പോലും പരലോകത്ത് ഉയർന്ന പദവികൾ ലഭിക്കാനുള്ള ഉപാധികളായിട്ടാണ് പ്രവാചകൻ(സ്വ) പഠിപ്പിച്ചിട്ടുള്ളത്. അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിൻ്റെ ദൂതൻ(സ്വ) അരുളി: പാപങ്ങളെ മായ്ചുകളയുകയും പദവികളിലേക്ക് ഉയർത്തുകയും ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങൾക്കു പറഞ്ഞു തരട്ടെ? സ്വഹാബികൾ പറഞ്ഞു: തീർച്ചയായും റസൂലേ. തിരുമേനി(സ്വ) പറഞ്ഞു: പ്രയാസ സന്ദർഭങ്ങളിലും പൂർണ്ണമായി വുദു ചെയ്യുക, മസ്ജിദുകളിലേക്കുള്ള കാലടികൾ വർദ്ധിപ്പിക്കുക, ഒരു നമസ്കാരം കഴിഞ്ഞാൽ മറ്റൊരു നമസ്കാരത്തിനായി പ്രതീക്ഷവെക്കുക. (മുസ്ലിം)

നമ്മുടെ ജീവിതത്തിന് വെളിച്ചം പകർന്നു നിൽക്കുന്ന ഖുർആനുമായുള്ള മുറിയാത്ത ബന്ധവും ജീവിത വിജയത്തിനും സ്വർഗ്ഗത്തിലെ സ്ഥാനലബ്ധിക്കും അനിവാര്യമാണെന്ന് റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഖുർആനിനിൽ നിന്ന് നാം എത്രകണ്ട് ഓതുന്നുവൊ അത്രകണ്ട് സ്ഥാനമാണ് സ്വർഗ്ഗത്തിൽ നമുക്ക് ലഭിക്കാനാകുക എന്നോർക്കണം. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. ദൈവദൂതനരുളി: നീ ഓതുക, ഓതിയോതി ഉയരുക. ഭൂമിയിൽ നീ ഓതിയിരുന്നതുപോലെ മുറിയാതെ ഓതിക്കൊണ്ടിരിക്കുക. സ്വർഗ്ഗത്തിലെ നിൻ്റെ സ്ഥാനം അവസാനം നീ ഓതിനിർത്തുന്ന ആയത്തിനടുത്താണ്. (തിർമിദി)

പ്രവാചക ശ്രേഷ്ഠൻ മുഹമ്മദു നബി(സ്വ)ക്കായി സ്വലാത്തു ചൊല്ലുന്നതും സഗൗരവം പരിഗണിക്കേണ്ട ആരാധനയാണ്. അല്ലാഹു കൃത്യമായി ഉദ്ബോധിപ്പിച്ച സംഗതിയാണത്. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (അഹ്‌സാബ്: 56) ഇതോടു ചേർത്ത് ഒരു നബി വചനം കൂടി വായിച്ചാൽ സ്വലാത്തിൻ്റെ പ്രാധാന്യം ബോധ്യമാകും.

അനസ്ബ്‌നു മാലിക്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ മേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയവന് പത്തു പ്രാവശ്യം കരുണചൊരിയുന്നതാണ്. അവനില്‍ നിന്ന് പത്തു പാപങ്ങള്‍ കൊഴിഞ്ഞു പോകുന്നതും, അവന്നായി പത്തു പദവികള്‍ ഉയര്‍ന്നു കിട്ടുന്നതുമാണ്. (നസാഈ)

പ്രിയപ്പെട്ടവരെ, ദുനിയാവിലെ മത്സരത്തിൽ നമുക്ക് നന്നായി അധ്വാനിക്കാം. അല്ലാഹു നമുക്കായി നൽകിയ വിജയമാധ്യമങ്ങളെല്ലാം ഉപയോഗപ്പെടുത്തി പിശാചിൻ്റെ മുന്നണിയെ പരാചയപ്പെടുത്തി സ്വർഗ്ഗപദവികൾ നേടാൻ പരിശ്രമിക്കാം. നമ്മുടെ വിജയത്തിന് നമ്മുടെ വോട്ടുകൾ നിർബന്ധമാണ്. പാഴാക്കാതിരിക്കുക. പ്രതീക്ഷാപൂർവ്വം സർവ്വശക്തനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കാം.