Opinion

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

By Nasim Rahman

December 21, 2021

കമ്മ്യൂണിസം മുഖം മൂടികൾ വലിച്ചെറിഞ്ഞ് സ്വരൂപം പ്രഖ്യാപിക്കുന്ന തിരക്കിലാണിപ്പോഴുള്ളത്. ഇത് തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. രാഷ്ട്രീയ കമ്മ്യൂണിസവും സൈദ്ധാതിക കമ്മ്യൂണിസവും തമ്മിൽ അന്തരങ്ങളുണ്ടെന്ന വർത്തമാനങ്ങൾക്ക് പ്രസക്തിയില്ല. യോജ്യമായ ജാഗ്രതയെങ്കിലും എല്ലാവരും ഈ വിഷയത്തിൽ പുലർത്തേണ്ടതുണ്ട്. സൈദ്ധാന്തിക യാത്രയിലെ ഇടത്താവളങ്ങളാണ് കമ്മ്യൂണിസത്തിന് കക്ഷി രാഷ്ട്രീയ ഇടങ്ങൾ എന്നതിന്റെ സൂചനകളാണ് ഭരണകക്ഷിയുടെ ചില തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.

നവ ലിബറൽ എന്ന ഓമനപ്പേരിൽ സാംസ്‌കാരിക നുഴഞ്ഞു കയറ്റങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.സ്വതന്ത്ര ലോകവും വിശ്വാസ രഹിത സമൂഹവും സൃഷ്ടിക്കുകയെന്നതിലേക്ക് ചുവടുവെപ്പുകൾ തുടരുകയാണ്. ജനാധിപത്യ രാഷ്ട്രത്തിൽ എല്ലാ ആശയങ്ങൾക്കും പ്രചാരണ സ്വാതന്ത്ര്യം ഉൾകൊള്ളാവുന്നതാണ്. എന്നാൽ ഭരണ സ്വാധീനത്തിൽ അവ അടിച്ചേൽപ്പിക്കുന്നത് ധിക്കാരമാണ്.

ഔദ്യോഗിക, വിദ്യാഭ്യാസ മേഖലകളിൽ മാത്രം അർഹമായ അവകാശങ്ങൾ നേടലല്ല, മറിച്ച് വിശ്വാസം അപകർഷതയില്ലാതെ ആചരിക്കാനും അനുധാവനംചെയ്യാനുമുള്ള സാഹചര്യം ഉണ്ടാവലും ന്യൂനപക്ഷ അവകാശങ്ങളിൽ പെട്ടതാണ്. അത്തരം കാര്യങ്ങൾ യാഥാസ്ഥികതയെന്ന ആരോപണങ്ങൾ ഉന്നയിച്ച് നിർത്തലാക്കാൻ ശ്രമിക്കുന്നതും ഗൗരവമായി പ്രതിരോധിക്കേണ്ടതാണ്. രാഷ്ട്രീയ ഭാവി നിലയുറപ്പിക്കാനുള്ള ഇത്തരം ഇടതുപക്ഷ പദ്ധതികളെ സമുദായവും ഇതര രാഷ്ട്രീയ പാർട്ടികളും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുതകളാണ്.

സംവരണം,സാച്ചാർ സ്കോളർഷിപ്, വഖഫ് നിയമനം പി. എസ്. സി ക്ക് വിട്ടത് തുടങ്ങിയവയിൽ പിണറായി സർക്കാർ കാണിച്ച അനീതി ന്യായീകരണ സാധ്യതകൾ പോലുമില്ലാത്ത തീരുമാനങ്ങളാണ്. ഇത്തരം അവകാശ നിഷേധങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ ഐക്യത്തോടെ കവചം തീർക്കേണ്ടതുണ്ട്. പരസ്പരം സാമൂഹിക ഐക്യത്തോടെ ജീവിച്ചവരെ അവകാശ തർക്കങ്ങളിൽ തമ്മിലകറ്റുകയും ഇടപെടാനുള്ള സമയത്ത് മനഃപ്പൂർവം മൗനം ആചരിക്കുകയും ചെയ്യുന്ന ഇടതുപക്ഷം കേരളീയ ജനതയോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. മുസ്‌ലിം സമൂഹത്തിനെതിരെ വെറുപ്പ് ഉൽപാദിപ്പിക്കുന്ന പ്രവണത വർധിപ്പിച്ചതിൽ പിണറായി സർക്കാരിന് അനൽപമായ പങ്കുണ്ട്.

(മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റാണ് ലേഖകൻ)