അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കപ്പെടുകയും അതിന് ഉത്തരം തേടി ജീവിതം തീർക്കേണ്ടി വരികയും ചെയ്തവരാണ് ഇൻഡ്യയുടെ ചരിത്രത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ. ഒരു ചോദ്യചിഹ്നത്തിൻ്റെ അകമ്പടിയോടെയല്ലാതെ മുസ്‌ലിം അസ്തിത്വം നമ്മുടെ രാജ്യത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടേയില്ല എന്നു പറയുന്നതാണ് ശരി. അധികാര ഫാഷിസത്തിൻ്റെ ആധുനിക നാളുകളിൽ ഈ ചോദ്യ ചിഹ്നത്തിൻ്റെ ഓരോ അരികും മൂലയും വിദ്വേഷങ്ങളിൽ ഉരഞ്ഞ് മൂർച്ച കൂടുകയും വെറുപ്പു മാത്രം തിന്ന് തിടം വെയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ആശയപരമായ വിയോജിപ്പ് നിലനിൽക്കെത്തന്നെ ആശ്രയിക്കാവുന്ന ഒരിടം എന്ന നിലയിൽ ഇടതുപക്ഷത്തോട് ചായ്‌വ് കാണിക്കുന്നത്. എന്നാൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ വഴിമുട്ടി നിൽക്കുന്നവനെ ഊറ്റി ഉപയോഗിക്കാം എന്ന മനോഭാവമാണ് കേരളത്തിൽ ഇടതുപക്ഷം മുസ്‌ലിം ന്യൂനപക്ഷത്തോട് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇൻഡ്യയുടെ പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും ഇസ്‌ലാംഭീതി വിതയ്ക്കുന്നതും കൊയ്യുന്നതും ഫാഷിസമാണെങ്കിൽ കേരളത്തിൽ ഒരു വ്യത്യാസം കാണാം. കേരളത്തിന്റെ സെക്കുലർ പാടങ്ങളിൽ വെറുപ്പിൻ്റെ വിത്ത് ഇറക്കുന്നതും വളം നൽകുന്നതും വെള്ളം നനക്കുന്നതും ഫാഷിസ്റ്റുകളാണ്. എന്നാൽ മതേതരത്വത്തിൻ്റെ മേൽവിലാസമൊട്ടിച്ച ഇടത് ഇല്ലങ്ങളിൽ ഇരുന്ന് ഇതിൻ്റെയെല്ലാം ആദായം പറ്റുന്ന ഫ്യൂഡൽ മാടമ്പി കൂട്ടമായി ഇടതുപക്ഷം മാറിയിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് അഞ്ചാംമന്ത്രി അപകടമാണ്, യു. ഡി. എഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് ലീഗ് ആയിരിക്കും, മുഖ്യമന്ത്രിയാകാനാണ് കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവെച്ചത്, ന്യൂനപക്ഷ വകുപ്പ് മുസ്‌ലിം മന്ത്രി വഹിക്കുന്നത് ശരിയല്ല തുടങ്ങി ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിലും ഹലാൽ വിവാദത്തിലും വഖഫുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമെല്ലാം വളരെ പ്രത്യക്ഷമായ മുസ്‌ലിം വിരുദ്ധ നിലപാടുകൾ ലെഫ്റ്റ് പ്രൊഫൈലുകളിൽ നിന്ന് കാണേണ്ടി വന്നത്. താൽക്കാലികമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എടുക്കുന്ന ഇത്തരം യുക്തിരഹിത നിലപാടുകൾ കേരളം കാത്തുസൂക്ഷിച്ചു പോന്ന മതേതര പരിസരങ്ങൾക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ നിസാരമാവുകയില്ല എന്ന തിരിച്ചറിവ് ഇടതുപക്ഷ ഗവൺമെൻ്റിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
(ഐ. എസ്. എം. സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)