പ്രഭാപർവം

ആത്മസുഹൃത്തിനെ അല്ലാഹു തന്നതാണ്‌

By Admin

July 13, 2018

‘ചങ്ക്‌’ ഇപ്പോൾ ആത്മമിത്രത്തെ കുറിക്കാനുള്ള വാക്കായി മാറിയിട്ടുണ്ട്‌. sweetheart, bosom friend എന്നൊക്കെ ഇംഗ്ലീഷിൽ പ്രയോഗങ്ങളുണ്ട്‌. ഇഷ്ടം പൂക്കുന്നത് നെഞ്ചിനകത്താണല്ലോ. മിടിക്കുന്ന ഹൃദയബന്ധമാണ്‌ ആത്മസൗഹൃദം. കളങ്കമില്ലാത്ത സ്നേഹം നമുക്കായി നിറച്ചുവെച്ച ഒരു കൂട്ടുകാരനെ കൊതിക്കാത്തതാരാണ്‌? അതിനു കാരണമുണ്ട്‌. മനുഷ്യന്‌ ജീവിക്കാൻ ഏറ്റവുമാവശ്യമുള്ളത്‌ സ്നേഹമാണ്‌. അടുപ്പങ്ങളാണ്‌ ഒരാളെ നേരെ നിർത്തുന്നത്‌. അതില്ലാത്തവരുടെ ജീവിതം ഭയാനകമായിരിക്കും.

ഗാഢമായ സുഹൃദ്ബന്ധം എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. മനസ്സിൽ ആഴത്തിൽ വിത്ത്‌ വീണ്‌ കരുത്തോടെ വളരേണ്ട ആർദ്രതയാണത്‌. ‘എനിക്ക്‌ ‘ഉച്ച’ത്തിൽ ചിന്തിക്കാവുന്നത്‌ ആത്മമിത്രത്തിനരികിലാണ്‌’ എന്ന് അമേരിക്കൻ ചിന്തകനായ റാൽഫ്‌ എമേഴ്സൺ എഴുതുന്നുണ്ട്‌. നമ്മുടെ ഉള്ള്‌ ധൈര്യമായി തുറക്കാവുന്ന ഒരാളെ ജീവിതത്തിൽ ഒപ്പം നടക്കാൻ കിട്ടുക വലിയൊരു സൗഭാഗ്യമാണ്‌. ‘അവസാനിപ്പിക്കാൻ കഴിയുന്ന സൗഹൃദം യഥാർത്ഥത്തിൽ ആരംഭിച്ചിട്ടുതന്നെയില്ല’ എന്ന് ഫ്രഞ്ച്‌ എഴുത്തുകാരനായ മെലിൻ. മരണത്തോടെ മാത്രം പിരിയുകയും മരണാനന്തരം പുനസമാഗം കൊതിക്കുകയും ചെയ്യുന്ന ഇഷ്ടങ്ങൾ തളിർക്കുന്നതെങ്ങനെയാണ്‌? നമ്മിലേക്ക്‌ ചേർന്നുനിൽക്കാനും നമുക്കുവേണ്ടി വെയിലുകൊള്ളാനും ആഗ്രഹിക്കുന്നവർ രൂപപ്പെടുന്നതെങ്ങനെയാണ്‌?

വിശ്വാസിയെ സംബന്ധിച്ചേടത്തോളം സാന്ത്വനം പകരുന്ന സ്നേഹങ്ങളെല്ലാം അല്ലാഹുവിന്റെ സമ്മാനങ്ങളാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. വിശ്വാസത്തിനും സൽകർമ്മങ്ങൾക്കുമുള്ള പരിഗണനയായി അല്ലാഹു നമുക്ക്‌ ഭൂമിയിൽ സ്നേഹം ഒരുക്കിവെക്കുമെന്നാണ്‌ ഖുർആനിന്റെ ഭാഷ (19:96). അല്ലാഹുവിന്‌ നമ്മോടുള്ള സ്നേഹമാണ് അല്ലാഹു ഏർപ്പാടാക്കുന്ന പല മനുഷ്യരുടെ കോലത്തിൽ നമ്മെ തേടിയെത്തുന്നത്‌. ആ സ്നേഹങ്ങളില്ലായിരുന്നെങ്കിൽ നാം പല വിധേന നിസ്സഹായരായിപ്പോയേനെ. സ്നേഹം കൊണ്ട്‌ തോൽപിച്ചുകളയുന്ന ഒരു ആത്മമിത്രം നമുക്കുണ്ടെങ്കിൽ മറക്കാതിരിക്കുക, അല്ലാഹുവിന്റെ സമ്മാനമാണയാൾ. അല്ലാഹു ഒരാളെ സ്നേഹിച്ചാൽ ആ സ്നേഹം മലക്കുകൾക്കിടയിൽ വെച്ച്‌ പ്രഖ്യാപിക്കുമെന്നും ഭൂമിയിലെ മനുഷ്യരിൽ അയാളോടുള്ള സ്നേഹം നിക്ഷേപിക്കുമെന്നും പ്രവാചകൻ പറഞ്ഞുതന്നിട്ടുണ്ട്‌. (ബുഖാരി, മുസ്‌ലിം). സ്നേഹം ആകാശത്തുനിന്ന് ഭൂമിയിലെത്തുന്നതാണെന്നോർക്കുന്നവർക്ക്‌ സൗഹൃദം ഒരു ആത്മീയ അനുഭവമാക്കി മാറ്റാൻ കഴിയും.

സൗഹൃദം തരളിതമാകേണ്ടതെങ്ങനെയൊക്കെയാണെന്നതിനെ സംബന്ധിച്ച്‌ ആധുനിക മനശാസ്ത്ര പഠനങ്ങൾ ഒട്ടേറെയുണ്ട്‌. മുഹമ്മദ്‌ നബി ഇവ്വിഷയകമായി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ അവയുടെയെല്ലാം അന്തസത്ത ഉൾകൊള്ളുന്നവയാണ്‌. സ്നേഹം ഒളിപ്പിച്ചുവെക്കാനുള്ളതല്ല, മറിച്ച്‌ പറയാനും പ്രകടിപ്പിക്കാനും ഉള്ളതാണെന്ന് തിരുദൂതർ പഠിപ്പിച്ചു. ഒരാളോടിഷ്ടം തോന്നിയാൽ അരികിൽ ചെന്ന് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’വെന്ന് പറയണമെന്നാണ്‌ അവിടുന്ന് ഉപദേശിച്ചത്‌ (അബൂദാവൂദ്‌). നബിനിർദേശം ഉൾകൊണ്ട ഒരു പ്രവാചകശിഷ്യൻ തന്റെ പിറകിലൂടെ വന്ന് തോളിൽ കയ്യിട്ട്‌ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞതായി താബിഉകളിൽ പ്രമുഖനായ മുജാഹിദ്‌ (റ) ഉദ്ധരിക്കുന്നുണ്ട്‌ (അൽ അദബുൽ മുഫ്‌റദ്‌). സമ്മാനങ്ങൾ കൈമാറുന്നത്‌ സ്നേഹബന്ധത്തെ ഊട്ടിയുറപ്പിക്കുമെന്ന് പ്രവാചകന്റെ സന്തതസഹചാരിയായിരുന്ന അനസ്‌ തന്റെ മകനായ ഥാബിതിനെ പഠിപ്പിക്കുന്നത്‌ കാണാം. (അൽ അദബുൽ മുഫ്‌റദ്‌)

പ്രവാചകന്റെ സ്നേഹഭാജനമായിരുന്നു ഖദീജയുടെ അടിമയായിരുന്ന സയ്ദ്‌ ഇബ്നു ഹാരിഥ. തന്നെക്കാൾ എട്ടോ ഒൻപതോ വയസ്സിന്‌ ഇളയതായിരുന്ന സയ്ദിനെ തിരുദൂതർ സ്നേഹവാത്സല്യങ്ങൾ കൊണ്ട്‌ മൂടി. മക്കക്കാർ സയ്ദിനെ ‘ഹിബ്ബു മുഹമ്മദ്‌’ (മുഹമ്മദിന്റെ ഇഷ്ടം) എന്ന് വിളിച്ചു. ചെറുപ്പത്തിൽ അടിമക്കച്ചവടക്കാരുടെ കയ്യിലകപ്പെട്ട സയ്ദ്‌ മക്കയിലുണ്ടെന്നറിഞ്ഞ ദൂരദേശക്കാരായ അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും സയ്ദിനെ തിരികെ കൊണ്ടുപോകാൻ വന്നു. ഖദീജയുടെ ഭർത്താവിന്റെ സ്നേഹവലയം വിട്ട്‌ ഞാൻ എങ്ങോട്ടുമില്ലെന്ന തരത്തിലുള്ള സയ്ദിന്റെ മറുപടി കേട്ട്‌ അവർ അമ്പരന്നു. താഇഫിൽ നിന്ന് പ്രവാചകനെ കല്ലെറിഞ്ഞോടിക്കുമ്പോൾ അവിടുത്തെ ചോര തുടച്ചുകൊടുത്ത്‌ കൂടെയുണ്ടായിരുന്നത്‌ ആ സ്നേഹസാമീപ്യത്തിനായി വീടും നാടും വേണ്ടെന്ന് വെച്ച സയ്ദ്‌‌ ആയിരുന്നു. അല്ലാഹു തന്റെ ദൂതനുവേണ്ടി കരുതിവെച്ച കലർപ്പില്ലാത്ത ഇഷ്ടങ്ങൾ എത്ര വർണാഭമായ ചിത്രങ്ങളാണ്‌‌ ചരിത്രത്തിൽ കൊത്തിവെച്ചത്‌‌!

സ്നേഹം നിറഞ്ഞൊഴുകിയ ലോലഹൃദയനായിരുന്നു മുഹമ്മദ്‌ നബി. കിട്ടിയതിനേക്കാൾ സ്നേഹം അദ്ദേഹം കൊടുത്തു. ഒരാളോടുള്ള പ്രവാചകന്റെ സ്നേഹം അയാളുടെ മക്കളിലേക്കും അനർഗളമായി പടർന്നു. ആത്മബന്ധങ്ങളെ നട്ടുനനച്ച്‌ വളർത്തേണ്ടതെങ്ങനെയന്ന് അദ്ദേഹം കാണിച്ചുതന്നു. സയ്ദിന്റെയും ആഫ്രിക്കൻ അടിമസ്ത്രീ ഉമ്മു അയ്മന്റെയും പുത്രനായ ഉസാമയെ നബി സയ്ദിനെ സ്നേഹിച്ച അതേ ശക്തിയിൽ സ്നേഹിച്ചു. അൽ ഹിബ്ബു ഇബ്നുൽ ഹിബ്ബ്‌ (സ്നേഹഭാജനത്തിന്റെ പുത്രനായിപ്പിറന്ന സ്നേഹഭാജനം) എന്ന അപരാഭിധാനം നബിയുടെ പരിലാളനകൾ ഉസാമക്ക്‌ നേടിക്കൊടുത്തു. പേരമക്കളായ ഹസന്റെയും ഹുസയ്ന്റെയും കൂടെ സയ്ദിന്റെ മകൻ ഉസാമ പ്രവാചകന്റെ മടിയിൽ കളിച്ച്‌ വളർന്നു. അവരുടെ വെളുത്ത തൊലിയും ഉസാമയുടെ കറുത്ത തൊലിയും തിരുദൂതരുടെ ഉമ്മകളും തലോടലുകളും വിവേചനമില്ലാതെ ഏറ്റുവാങ്ങി. പത്നി ആഇശയോട്‌ നബി പറഞ്ഞു: ‘ഉസാമയെ സ്നേഹിക്കുക, കാരണം നിശ്ചയമായും ഞാൻ അവനെ സ്നേഹിക്കുന്നു.’ (തുർമുദി). ആത്മസുഹൃത്തിനെയും മകനെയും തന്റെ ഭാര്യയുടെയും സന്തതികളുടെയും മനസ്സിലേക്ക്‌ പ്രതിഷ്ഠിക്കുവാനുള്ള പ്രവാചകപരിശ്രമം സ്നേഹത്തിന്റെ എത്ര ഉന്നതമായ വിതാനമാണ്‌! ഹസനെയും ഉസാമയെയും ഒരുമിച്ച്‌ മടിയിലിരുത്തി പ്രവാചകൻ ഇപ്രകാരം പറയുമായിരുന്നു: “അല്ലാഹുവേ, ഇവരെ നീ സ്നേഹിക്കണേ! നിശ്ചയമായും ഞാൻ ഇവരെ സ്നേഹിക്കുന്നു.” (ബുഖാരി). തലമുറകളിലേക്കു നീണ്ടുനിന്ന നബിയുടെ പ്രാർത്ഥനയെക്കാൾ വലുതെന്താണ്‌ സയ്ദിന്റെ‌ സ്നേഹത്തിന്‌ പകരം കിട്ടാനുള്ളത്‌! അല്ലെങ്കിലും പ്രാർത്ഥനകളില്ലാത്ത സ്നേഹം‌ എത്ര ചിന്താശൂന്യമാണ്‌‌! അബൂ ദർദ്ദാഇൽനിന്ന് നിവേദനം ചെയ്യുന്ന ഹദീഥിന്റെ ആശയം ശ്രദ്ധിക്കുക: “ഒരു മുസ്‌ലിം തന്റെ സഹോദരനുവേണ്ടി അയാളുടെ അസാന്നിധ്യത്തിൽ നടത്തുന്ന പ്രാർത്ഥനക്ക്‌ ഉറപ്പായും ഉത്തരം നൽകപ്പെടും.” (മുസ്‌ലിം).