അല്ലാഹു ഉറുമ്പുകളുടെ സംസാരം കേൾക്കാനും ഗ്രഹിക്കാനും അവസരം നൽകി അനുഗ്രഹിച്ച പ്രവാചകനായിരുന്നു ഇസ്രാഈല്യരുടെ രാജാവായിരുന്ന സുലയ്മാൻ നബി. ഒരു താഴ്‌വാരത്തിലൂടെ തന്റെ സൈന്യവുമായി കടന്നുപോകുമ്പോൾ ‘സുലയ്മാന്റെയും പട്ടാളക്കാരുടെയും ചവിട്ടേൽക്കാതെ മാളങ്ങളിലൊളിച്ചോളിൻ’ എന്ന് ഒരു ഉറുമ്പ് സംഘത്തിന്റെ നേതാവ് കൂടെയുള്ള ഉറുമ്പുകളോട് വിളിച്ചുപറയുന്നത് അല്ലാഹു സുലയ്മാൻ നബിയെ കേൾപിച്ചു. വിസ്മയഭരിതനായ സുലയ്മാൻ പ്രവാചകൻ നടത്തിയ പ്രാർത്ഥനയുടെ ആശയം ഇപ്രകാരമായിരുന്നു: ‘ റബ്ബേ, എനിക്ക് നീ നൽകിയ അനുഗ്രഹത്തിന് നന്ദി കാണിക്കാൻ നീ എനിക്ക് കഴിവ് നൽകണേ.’ (ഖുർആൻ 27: 19).
ഉറുമ്പുകളെ കേൾക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് അല്ലാഹു മറ്റൊരു മനുഷ്യനും നൽകിയതായി അറിവില്ല. പക്ഷേ വേറെ എത്രയെത്ര കഴിവുകളാണ് നമ്മിലോരോരുത്തർക്കും അവൻ നൽകിയിരിക്കുന്നത്! അത്ഭുതമനോഹരമായ സിദ്ധികൾ. എല്ലാ മനുഷ്യർക്കും ഒരുപോലെയല്ല എല്ലാ കഴിവുകളും ലഭിച്ചിരിക്കുന്നത്. ഒന്നോർത്തുനോക്കൂ, നമ്മുടെ ചുറ്റുമുള്ളവരേക്കാൾ നാം മികച്ചുനിൽക്കുന്ന എത്രയോ ശേഷികളുണ്ട്. ഓർമ്മ, ഗ്രാഹ്യം, വിശകലന ബുദ്ധി, ഭാഷാ പാടവം, വാഗ്മിത, എഴുത്ത്, സർഗധനത, നേതൃഗുണം, ആരോഗ്യം, അങ്ങനെയങ്ങനെ…
ഈ കഴിവുകൾക്കപ്പുറത്തുള്ള ഒരു കഴിവുണ്ട്. കഴിവുകൾക്ക് നന്ദി കാണിക്കാനുള്ള ആ കഴിവാണ് ഏറ്റവും അനുഗ്രഹീതമായ കഴിവ്. ആ കഴിവിനായാണ് സുലയ്മാൻ നബി അല്ലാഹുവിനോട് ചോദിക്കുന്നത്. സവിശേഷമായ ഒരു ശേഷി തനിക്ക് നൽകപ്പെടുമ്പോൾ സുലയ്മാൻ നബി ആലോചിക്കുന്നത് അതിന് അല്ലാഹുവിനോട് യഥാവിധി നന്ദി കാണിക്കണമല്ലോ എന്നാണ്, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുമോ എന്നാണ്. നമുക്ക് മികവ് നൽകപ്പെട്ട ശേഷികൾ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും സേവനം ചെയ്യാൻ ഉപയോഗിച്ച് പ്രസ്തുത ശേഷികൾ നൽകി നമ്മെ അനുഗ്രഹിച്ച അല്ലാഹുവിന് നദിയുള്ളവരായിത്തീരാൻ നമുക്ക് കഴിയാറുണ്ടോ? അതോ ഇതെല്ലാം അല്ലാഹു തന്നതാണെന്ന ഓർമ്മ തന്നെ നഷ്ടപ്പെടുന്ന, നന്ദി കാണിക്കണമല്ലോ എന്ന വേവലാതി പോലും ഇല്ലാത്ത നിർഭാഗ്യവാന്മാരായി നാം മാറുന്നുണ്ടോ?
‘അല്ലാഹുമ്മ അഗിന്നീ അലാ ദിക്‌രിക വ ശുക്‌രിക വ ഹുസ്നി ഇബാദതിക’ എന്ന ഒരു പ്രാർത്ഥന നമസ്കാരങ്ങൾക്കൊടുവിൽ ശീലമാക്കാൻ നബി(സ) ആവശ്യപ്പെട്ടിട്ടുണ്ട് (അബൂദാവൂദ്, നസാഇ). ‘അല്ലാഹുവേ, നിന്നെ ഓർക്കാനും നിനക്ക് നന്ദി ചെയ്യാനും ഏറ്റവും നന്നായി നിനക്ക് ഇബാദത് ചെയ്യാനും എന്നെ സഹായിക്കണേ’ എന്നാണ് അർത്ഥം. അല്ലാഹു തന്നവയെക്കുറിച്ചുള്ള സജീവമായ ഓർമ്മ (ദിക്‌ർ) ഉണ്ടായാലേ നന്ദി (ശുക്‌ർ) ഉണ്ടാകൂ. ദിക്ർ ദുർബലമാകുമ്പോൾ ശുക്ർ അന്യം നിന്നുപോകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അൽഹംദുലില്ലാഹ് എന്ന് പറയാനുള്ള മാനസികാവസ്ഥ ആ അനുഗ്രഹങ്ങളേക്കാൾ വലിയ അനുഗ്രഹമാണെന്ന് തിരുനബി പറഞ്ഞതായി ഹദീഥിലുണ്ട്. (ഇബ്നുമാജ). ഒരു അനുഗ്രഹത്തിന് നന്ദി കാണിക്കാൻ കഴിയുക എന്നതുതന്നെ ഒരു അനുഗ്രഹം ആണെന്ന് ഇമാം ശാഫിഈ.
അല്ലാഹു നൽകിയ കഴിവുകളെ അവന്റെ മാർഗത്തിൽ സാധ്യമായതിന്റെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് ജീവിതത്തെ സാർത്ഥകമാക്കേണ്ടത്. ഹെലൻ കെല്ലറിനെ ആലോചിച്ചുനോക്കൂ. ശൈശവത്തിലേ ബധിരയും അന്ധയുമായിത്തീർന്ന പെൺകുട്ടി. കഠിനാധ്വാനത്തിലൂടെ എത്രയധികമാണ് അവർ അവരുടെ ജീവിതത്തിന്റെ വൃത്തം വികസിപ്പിച്ചത്! വിരലുകൾ കൊണ്ട് അക്ഷരങ്ങൾ വായുവിൽ ചുഴറ്റിയെഴുതാൻ പരിശീലിച്ചുകൊണ്ട് ആരംഭിച്ച ഹെലൻ ലോകത്തെ അമ്പരപ്പിച്ച് സംസാരിക്കാൻ തുടങ്ങുകയും അന്ധർക്കുവേണ്ടിയുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അന്ധതയും ബധിരതയും ഉള്ളവർക്ക് എന്തൊക്കെ ചെയ്യാനാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അവർ മാറ്റി എഴുതിയത്. നമുക്കൊക്കെ എന്തുമാത്രം കഴിവുകൾ ഉണ്ട്! അവ വെച്ച് ഇപ്പോൾ ചെയ്യുന്നത്ര കാര്യങ്ങൾ മാത്രമേ ഇസ്‌ലാമിനുവേണ്ടി ശരിക്കും നമുക്ക് ചെയ്യാനാകൂ എന്ന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ? എവിടെ വെച്ചാണ് പൈശാചികമായ ആലസ്യത്തിനും ഒത്തുതീർപ്പിനും നാം കീഴടങ്ങുന്നത്?
നമുക്ക് നൽകപ്പെട്ട കഴിവുകളെ ബോധപൂർവം പരിപോഷിപ്പിച്ചും ഉപയോഗിച്ചും ഇസ്‌ലാമിക മുന്നേറ്റങ്ങളെ സ്നിഗ്ധമാക്കുന്നതിൽ നമ്മുടെ സംഭാവനകൾ ഉറപ്പിക്കണം എന്നും അപ്പോൾ മാത്രമാണ് അല്ലാഹുവിന്റെ സഹായമുണ്ടാവുക എന്നും മുഹമ്മദ് നബി ഓർമ്മിപ്പിച്ചിട്ടുണ്ട്. ‘നാടുകൾ നിങ്ങൾക്ക് തുറന്നുകിട്ടും, ശത്രുക്കളെ നിങ്ങളാൽ അല്ലാഹു നിലക്ക് നിർത്തും, പക്ഷേ അമ്പെയ്ത്ത് പരിശീലിക്കുന്നതിൽ നിങ്ങൾ അലംഭാവം കാണിക്കരുത്’ എന്ന് അവിടുന്ന് അനുചരനോട് പറഞ്ഞു. (മുസ്‌ലിം). പഠിക്കാനും എഴുതാനുമുള്ള കഴിവ് ജീവിതം പൊടിഞ്ഞുപോകുമാറ് ഇസ്‌ലാമിന്റെ മാർഗത്തിൽ ഉപയോഗിച്ചപ്പോഴാണ് മഹാപണ്ഡിതന്മാരും അവരുടെ ബൃഹദ് രചനകളും ഉണ്ടായത്. മാതൃകകളായി നിന്നവർ മരിച്ചുപോകുമ്പോൾ വെളിച്ചം പടർത്തുന്ന തുടർച്ചകളാകാൻ പുതുതലമുറ ആത്മാർത്ഥമായി ശ്രമിക്കേണ്ടതല്ലേ?