ക്വുർആൻ കുതിരകളെ പ്രശംസിച്ച് സംസാരിക്കുന്ന അധ്യായമാണ് ആദിയാത്. യജമാനനിർദേശങ്ങൾ പ്രകാരം യാതൊരു വിമ്മിഷ്ടവുമില്ലാതെ കുളമ്പടിച്ച് കുതിച്ചോടുന്ന കുതിരയെ പ്രതിബദ്ധതയുടെ മനോഹരമായ ദൃശ്യാവിഷ്കാരമായി അല്ലാഹു അവതരിപ്പിക്കുന്നു. ഉടമ നൽകുന്ന പുല്ലിനും വെള്ളത്തിനും സംരക്ഷണത്തിനും കലവറയില്ലാത്ത കടപ്പാട് കാണിക്കാനുള്ള ഔചിത്യബോധം ആ സാധു ജീവിക്കുണ്ട്. എന്നാൽ പ്രപഞ്ചരക്ഷിതാവിന്റെ സഹസ്രക്കണക്കിന് അനുഗ്രഹങ്ങൾ അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്ന മനുഷ്യവർഗം അവന്റെ മാർഗത്തിൽ കുതിച്ചോടുന്നതിൽ ആലസ്യം കാണിക്കുന്നു. കുതിരകളെ പരാമർശിച്ചയുടനെ ‘നിശ്ചയമായും മനുഷ്യൻ തന്റെ റബ്ബിനോട് നന്ദികെട്ടവൻ തന്നെയാണ്; മനുഷ്യൻ തന്റെ സമ്പത്തിനെ അതിശക്തമായി സ്നേഹിക്കുന്നു, തീർച്ച!’ എന്ന ആശയമുള്ള വചനങ്ങൾ ആണ് ആദിയാതിൽ ഉള്ളത്. കുതിരയുടെ നിലവാരം പോലും ഇല്ലാത്തവരായി ചില മനുഷ്യർ അധപതിക്കാനുള്ള കാരണം ധനത്തോടുള്ള അവരുടെ ഇഷ്ടമാണെന്നാണ് ക്വുർആൻ നൽകുന്ന സൂചന.
അല്ലാഹുവാണ് മനുഷ്യർക്ക് സമ്പത്ത് നൽകുന്നത്. എന്നാൽ അല്ലാഹു പറഞ്ഞ വഴികളിൽ അത് ചെലവഴിക്കാൻ മനുഷ്യർ മടിക്കുന്നു. നന്ദികേടിന്റെ വൃത്തികെട്ട കോലങ്ങളിലൊന്നായ ഈ പിശുക്കിനെ നമ്മൾ തോൽപിക്കാതിരുന്നാൽ അത് നമ്മളെ തോൽപിക്കും; എന്നെന്നേക്കുമായി! സ്വർഗ്ഗത്തിലേക്കുള്ള വഴി ദാനധർമ്മങ്ങളും നരകത്തിലേക്കുള്ളത് അവയ്ക്കുള്ള വൈമുഖ്യവും ആണെന്നതാണ് ഇസ്‌ലാമിന്റെ സാമ്പത്തിക പാഠം. ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളെ സഹായിക്കാനും പാവപ്പെട്ടവരുടെ നടുനിവർത്താനും നമ്മുടെ പണം ഒഴുകുന്നില്ലെങ്കിൽ അല്ലാഹുവിന്റെ പരീക്ഷണത്തിൽ ദയനീയമായി പരാജയപ്പെടുകയാണ് നാം ചെയ്യുന്നത്. സമ്പത്ത് ഒരു ‘ഫിത്‌ന’ ആണെന്ന് ക്വുർആൻ ഓർമ്മിപ്പിക്കുന്നുണ്ട്. (64: തഗാബുൻ: 15). ദാരിദ്ര്യം ഫിത്‌ന ആണെന്ന് എല്ലാവർക്കും ബോധ്യമുണ്ടാകും. എന്നാൽ അതുപോലെ തന്നെയാണ് സമ്പത്തും എന്നാണ് അല്ലാഹു അറിയിക്കുന്നത്. ‘ഫിത്‌നതുൽ ഗിന'(സമൃദ്ധിയുടെ ഫിത്‌ന)യിൽ നിന്ന് തന്നെ രക്ഷപ്പെടുത്താൻ പ്രവാചകൻ സ്ഥിരമായി പ്രാർത്ഥിക്കാറുണ്ടായിരുന്നു. (ബുഖാരി). ‘എല്ലാ സമുദായത്തിനും ഓരോ ഫിത്‌ന ഉണ്ട്; എന്റെ സമുദായത്തിന് ഉള്ള ഫിത്‌ന ധനം ആണ്’ എന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. (തുർമുദി). ദാനം ചെയ്യാനുള്ള മടി വന്നാൽ ദാരിദ്ര്യത്തേക്കാൾ വലിയ ഫിത്‌ന ആണ് സമ്പന്നത. കൊടുക്കാതെ അടക്കിപ്പിടിച്ച ധനം നമുക്ക് കൊണ്ടുവന്ന് തരിക നരകമാണ്. അങ്ങനെയുള്ള ധനം ഫിത്‌ന അല്ലാതെ പിന്നെയെന്താണ്!
ഒരു നിമിഷത്തേക്ക് അല്ലാഹുവിനെയും പരലോകത്തെയും മറന്നുപോകുന്നതുകൊണ്ടാണ് അല്ലാഹുവിന്റെ മാർഗത്തിൽ പണം ചെലവഴിക്കാൻ നമുക്ക് ഉത്സാഹം നഷ്ടപ്പെടുന്നത്. ‘എനിക്കോ കുടുംബത്തിനോ അല്ലാതെ ഞാൻ പണം ചെലവഴിക്കുന്നതെന്തിന്’ എന്ന സ്വാർത്ഥത നുരഞ്ഞുപൊന്തുമ്പോൾ വാസ്തവത്തിൽ നാം മറന്നുപോകുന്നത് നമ്മെത്തന്നെയല്ലേ? ധനാധിക്യം കൊണ്ട് ഉന്മത്തരായവർ പണം എണ്ണിനോക്കി അഹങ്കരിക്കുന്നതിനെക്കുറിച്ചും ധനം തങ്ങളെ ഇഹലോകത്ത് ശാശ്വതരാക്കും എന്ന തരത്തിൽ പെരുമാറുന്നതിനെക്കുറിച്ചും ക്വുർആൻ സംസാരിക്കുന്നുണ്ട്. (104: ഹുമസ: 2, 3). കൊടുക്കേണ്ടതിനൊന്നും കൊടുക്കാതെ കെട്ടിപ്പൂട്ടിവെച്ച പണം ദുൻയാവിൽ പൂർണമായി ഉപേക്ഷിച്ച് മടങ്ങേണ്ടി വരും എന്ന ഓർമ എവിടെവെച്ചാണ് നമ്മിൽ ശോഷിച്ചുപോകുന്നത്! ഓരോ തലമുറയും ഞെളിയാനുപയോഗിക്കുന്ന ഒരു വിഭവവും വാസ്തവത്തിൽ അവരുടേതല്ല. എല്ലാവരും എല്ലാത്തിനോടും വിട പറഞ്ഞുപോകാൻ വന്ന ഹൃസ്വ സന്ദർശകർ മാത്രമാണ്. ക്വുർആൻ പറഞ്ഞതെത്ര ശരിയാണ്! ‘തീർച്ചയായും ഭൂമിയെയും അതിലുള്ളവരെയും അനന്തരമെടുക്കുന്നത് നാം (അല്ലാഹു) ആണ്, നമ്മിലേക്കാണ് അവരെല്ലാം മടക്കപ്പെടുന്നതും.’ (19: മർയം: 40). ഉടമസ്ഥർ ചമയുന്ന സന്ദർശകരെല്ലാം സാക്ഷാൽ ഉടമയായ അല്ലാഹുവുനുമുന്നിൽ നിന്ദ്യരും പരിഹാസ്യരും ആയിത്തീരുന്ന ഒരു ദിനം വരാനുണ്ട്. അത് മറന്നുപോകുംവിധം ധനത്തോട് പ്രേമത്തിലാകുന്നവരെല്ലാം സ്വയം നഷ്ടപ്പെടുത്തിയവരാകുന്നു! ‘നിന്റെ കയ്യിൽ എത്ര ധനം ഉണ്ടായാലും ധനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കാത്തിടത്തോളം കാലം നിനക്ക് അത് ഒരു ഉപദ്രവമല്ല; എന്നാൽ നിന്റെ ഹൃദയത്തെ ധനം കീഴടക്കിയാൽ നിന്റെ കയ്യിൽ യാതൊന്നും ഇല്ലെങ്കിലും അത് നിനക്ക് വിനാശകരമാണ്’ എന്ന് ഇമാം ഇബ്നുൽ ക്വയ്യിം അൽ ജൗസിയ്യ. (മദാരിജുസ്സാലികീൻ).
പണം ആവശ്യത്തിലും വളരെയധികം കെട്ടിക്കിടക്കുമ്പോൾ ജീവിതത്തിന്റെ ഒരു വക്കും പൊട്ടില്ലെന്ന ഉറപ്പോടെ ധൈര്യമായി എടുത്തുകൊടുക്കുന്ന നാണയത്തുട്ടുകളല്ല യഥാർത്ഥ ദാനം. ദാനധർമങ്ങളിലേർപ്പെടാൻ മാത്രം പണമൊക്കെ എനിക്കുണ്ടോ എന്ന് സംശയിക്കുന്ന സാധാരണക്കാരും, അതിധനാഢ്യതയുടെ നിറവുണ്ടായിട്ടും തന്റെ സമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ അതിതുഛമായ ‘സംഭാവന’കൾ നൽകി അവയുടെ പേരിൽ ‘ധർമ്മിഷ്ഠ’രായി അഭിമാനിക്കുന്ന പണക്കാരും തിരുനബിയുടെ ഈ ആശയത്തിലുള്ള പ്രസ്താവം ഓർക്കുന്നത് നന്നാകും: ‘നിനക്ക് ആരോഗ്യവും പണം പിടിച്ചുവെക്കാൻ ഉള്ള പ്രചോദനവും ദാനം നിമിത്തം ദാരിദ്ര്യം ബാധിക്കുമോ എന്ന ഭയപ്പാടും ഈ പണം എടുത്തുവെച്ചാൽ പണക്കാരനാകാം എന്ന പ്രതീക്ഷയും ഉള്ള അവസ്ഥയിൽ നീ നൽകുന്ന ദാനമാകുന്നു ഏറ്റവും മഹത്തായ ദാനം.’ (മുസ്‌ലിം).