പെരുത്തിഷ്ടമായിരിക്കും ചിലർക്ക് ചിലരെ. ഇഷ്ടമുള്ളവരുടെ സന്നിധിയിൽ അവരുടെ സാമീപ്യമനുഭവിച്ച് കഴിഞ്ഞുകൂടാൻ മനുഷ്യർ ആഗ്രഹിക്കുന്നു. സ്നേഹം എപ്പോഴും അടുപ്പത്തിനായുള്ള തേട്ടമാണ്. സ്നേഹിക്കുന്നവരെ തൊട്ടിരിക്കാനുള്ള മനുഷ്യാഭിലാഷം ജന്മസഹജമാണ്. ആനന്ദവും നിർവൃതിയും സ്നേഹസമാഗമങ്ങളിലാണെന്ന് നമ്മളെപ്പോഴും അറിയുന്നു.
വിശ്വാസിക്ക് ഏറ്റവുമധികം ഇഷ്ടമാരെയാണ്? അല്ലാഹുവിനെയായിരിക്കുക എന്നത് വിശ്വാസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ തേട്ടമാണ്. ഏറ്റവും ശക്തമായ സ്നേഹം അല്ലാഹുവിനോടായിരിക്കുക എന്നതും അല്ലാഹുവിനെ സ്നേഹിക്കുന്ന അളവിൽ മറ്റൊന്നിനെയും സ്നേഹിക്കാതിരിക്കുക എന്നതും തൗഹീദിന്റെ ഭാഗമാണെന്ന് ഖുർആൻ (2: 165). നമുക്കേറ്റവും പ്രിയം അല്ലാഹുവിനെയായിരിക്കണം എന്ന് അറിയുന്നതുപോലെത്തന്നെ പ്രധാനമാണ് നമ്മെ ഏറ്റവുമധികം സ്നേഹിക്കുന്നത് അല്ലാഹുവാണെന്ന് അറിയുന്നതും. അൽ വദൂദ് എന്ന് സ്വയം നാമകരണം ചെയ്ത സ്നേഹനാഥനോളം നമ്മെ ഇഷ്ടപ്പെടുന്ന മറ്റൊരാളും ഇല്ല. ‘അല്ലാഹു അവരെ സ്നേഹിക്കും, അവർ അല്ലാഹുവിനെയും സ്നേഹിക്കും’ എന്ന് മാതൃകാപരമായ ഒരു ജനതയുടെ വിശേഷണമായി ഖുർആൻ പറയുന്നത് കാണാം (5: 54).
അല്ലാഹുവിനെ സ്നേഹിക്കുക എന്നത് കാണാതെ പഠിച്ചവസാനിപ്പിക്കാനുള്ള വിശ്വാസതത്ത്വമല്ല, പ്രത്യുത ജീവിതാനുഭവമായി വളരേണ്ട തിരിച്ചറിവാണ്. അല്ലാഹുവിനോടുള്ള അദമ്യമായ സ്നേഹത്തെക്കൊണ്ട് ഹൃദയം നിറച്ചുനോക്കൂ, നമ്മെ വലയം ചെയ്തുനിൽക്കുന്ന അല്ലാഹുവിന്റെ സ്നേഹഗാഢതയിലേക്ക് അകക്കണ്ണ് തുറക്കും. അപ്പോൾ അവന്റെ സാമീപ്യത്തിന്റെ കുളിരനുഭവിക്കാൻ ആത്മാവ് വെമ്പും. ദൈവസാമീപ്യത്തിന്റെ സംതൃപ്തിയാഗ്രഹിച്ച് സൂഫികൾ നിർമ്മിച്ച സാധനകൾ പൈശാചികമായ ‘അനുഭൂതി’കൾ മാത്രമാണ് യഥാർത്ഥത്തിൽ ‘സമ്മാനിക്കുന്നത്’. അല്ലാഹുവിനോടടുക്കാനുള്ള വഴികൾ അല്ലാഹു തന്നെയാണ് പഠിപ്പിക്കേണ്ടതെന്ന് ഓർത്തിരിക്കാനുള്ള വിനയമില്ലാതെ ‘ആത്മജ്ഞാന’ത്തിന്റെ അഹങ്കാരത്തിൽ ‘ആരാധനാരീതികൾ’ സ്വന്തമായി ‘കണ്ടുപിടിക്കാൻ’ ഒരുമ്പെട്ട പമ്പര വിഡ്ഢികളാണ് സൂഫികൾ. അല്ലാഹുവുമായുള്ള അടുപ്പത്തിൽ സമയം ചെലവഴിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് ‘ഖാൻഖാഹുകളിൽ’ ‘അല്ലാഹ്, അല്ലാഹ്’ എന്ന് ഉന്മാദം കൊള്ളുന്ന ഭക്തിപ്രകടനക്കാരിൽ നിന്നല്ല, മറിച്ച് അല്ലാഹുവിന്റെ സംസാരമായ ഖുർആനിൽ നിന്നും അവന്റെ പരിശുദ്ധ പ്രവാചകന്റെ ജീവിതത്തിൽ നിന്നുമാണ്.
എന്താണ് അല്ലാഹുവിന്റെ സ്നേഹസന്നിധിയിൽ കഴിച്ചുകൂട്ടാനുള്ള വഴി? തിരുനബി പറഞ്ഞതിന്റെ ആശയം ഇങ്ങനെ: ‘അടിമ തന്റെ റബ്ബിനോട് ഏറ്റവും അടുത്ത അവസ്ഥയിൽ ആകുന്നത് സുജൂദിൽ ആയിരിക്കുമ്പോഴാണ്.’ (മുസ്‌ലിം). സുജൂദിന്റെ മധുരത്തിലാണ് ഇഹലോക ജീവിതത്തിൽ നാം അല്ലാഹുവിന്റെ അടുത്താകുന്നത്. അല്ലാഹുവിനോട് ഇഷ്ടമുള്ളവരോട് സുജൂദ് പറയുകയാണ്- ‘ഇതാ, ഇതിലേ, ഇതിലേ!’ സ്നേഹപാരവശ്യത്തിൽ അല്ലാഹുവിന്റെ സാമീപ്യം കൊതിക്കുന്നവർക്ക് അല്ലാഹു നിശ്ചയിച്ചുതന്നിട്ടുള്ള അനിതരസാധാരണമായ ഖുർബതിന്റെ അവസ്ഥയത്രെ സുജൂദ്. മരണാനന്തരം ഉയിർപ്പിക്കപ്പെടുമ്പോൾ എന്റെ സമുദായം അവർ ചെയ്ത സുജൂദുകൾ കാരണം പ്രകാശം പ്രവഹിക്കുന്നവരായിരിക്കും എന്ന് പ്രവാചകൻ സുവിശേഷം അറിയിച്ചു (തിർമിദി). അല്ലാഹുവിനോട് അടുത്ത് കിടന്നവരുടെ മുഖം അന്ത്യനാളിൽ പ്രത്യേകം പ്രശോഭിക്കാതെ തരമില്ലല്ലോ! അല്ലാഹുവിന്റെ സന്നിധിയനുഭവിച്ചുണ്ടാകുന്ന ആത്മനിർവൃതി യഥാവിധി ഉൾകൊള്ളാൻ നമ്മുടെ സുജൂദുകൾക്ക് കഴിയുന്നുണ്ടോ?
ഒരു ദിവസം നമസ്കാരങ്ങളുടെ ഭാഗമായുള്ള നിർബന്ധ സുജൂദുകൾ തന്നെ മുപ്പത്തിനാലെണ്ണമുണ്ട്. താനുമായുള്ള അടുപ്പത്തിന്റെ തീവ്രാവസ്ഥ ചുരുങ്ങിയത് മുപ്പത്തിനാലു തവണ ഓരോ ദിവസവും പ്രാപിക്കാൻ മുസ്‌ലിംകൾക്കവസരം നൽകിയ അല്ലാഹുവിന്റെ കാരുണ്യമെത്ര വലുതാണ്! പ്രപഞ്ചാതീതനും അത്യുന്നതുനുമായ സ്രഷ്ടാവ് ഓരോ മനുഷ്യനെയും താനുമായുള്ള സാമീപ്യത്തിന്റെ സന്തോഷം നുകരാൻ ദിനംപ്രതി ഒരുപാടുവട്ടം അനുവദിക്കുന്നത് മനുഷ്യനോടുള്ള അവന്റെ അപാരമായ സ്നേഹാധിക്യം കൊണ്ടാണ്. പക്ഷേ നാം പലപ്പോഴും അല്ലാഹു കനിഞ്ഞനുവദിച്ച സന്ദർഭങ്ങളുടെ മൂല്യം ഓർക്കുന്നതിൽ പരാജയപ്പെടുന്നു. യാന്ത്രികമായ കെട്ടിമറിയലുകളായി പലരുടെയും നമസ്കാരങ്ങൾ ചിതറിവീഴുന്നു. ഏകാഗ്രതയോടെ അല്ലാഹുവിനോടുള്ള ഇഷ്ടം കാണിക്കാനും അവന്റെ സാമീപ്യമനുഭവിക്കാനും അവനെ താണുവണങ്ങി ആരാധിക്കാനുമുള്ള അസുലഭമായ അവസരമായി സുജൂദിനെ ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ നാം തന്നെയാകുന്നു ഹതഭാഗ്യർ. പ്രവാചകൻ ഓർമ്മപ്പെടുത്തി: ‘റുകൂഉം സുജൂദും അവയുടെ പൂർണതയിൽ നിർവഹിക്കുക.’ (മുസ്‌ലിം). ‘നിങ്ങൾ റുകൂഉം സുജൂദും ചെയ്യുമ്പോൾ ഏറ്റവും നന്നായി ചെയ്യുക.’ (നസാഇ).
സുന്നത്ത് നമസ്കാരങ്ങൾ വഴി നാം വർധിപ്പിക്കുന്നത് സുജൂദുകൾ കൂടിയാണ്; വേറെ വാക്കുകളിൽ പറഞ്ഞാൽ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച് ഭൂമിയിൽ മുഖമമർത്തി കിടക്കാവുന്ന അനർഘനിമിഷങ്ങളെ. നമസ്കാരത്തിന്റെ ഭാഗമല്ലാതെയും സുജൂദ് ചെയ്യാൻ എത്രയോ അവസരങ്ങളുണ്ട്. ജീവിതത്തിലെ തിരക്കുകളിൽ നിന്ന് സുജൂദിന്റെ അനുഗ്രഹീതാവസ്ഥയിലേക്ക് ഇടയ്ക്കിടെ മടങ്ങി അല്ലാഹുവിനെ ‘കണ്ടെത്താൻ’ ഒരുക്കമുണ്ടെങ്കിൽ ‘സമാധാനം’ തിരഞ്ഞ് നാലുപാടും പായേണ്ടി വരില്ല. ‘സ്വർഗപ്രവേശനത്തിന് നിമിത്തമാകുന്ന/അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പ്രവർത്തനം’ ഏതെന്ന് ആരാഞ്ഞ അനുചരന് പ്രവാചകൻ പ്രത്യുത്തരം നൽകിയത് ഇപ്രകാരമായിരുന്നു: ‘അല്ലാഹുവിന് സുജൂദ് ചെയ്യുന്നത് അധികരിപ്പിക്കുക; നിശ്ചയം അല്ലാഹു നിന്റെ പദവി ഉയർത്തുകയും പാപം പൊറുത്തുതരികയും ചെയ്തുകൊണ്ടല്ലാതെ ഒരു സുജൂദും നീ നിർവഹിക്കുന്നില്ല.’ (മുസ്‌ലിം).
പടച്ചവനിൽ നിന്ന് പടപ്പുകളെ അകറ്റാനാണല്ലോ ഇബ്‌ലീസ് ശ്രമിക്കുന്നത്. പടച്ചവനിലേക്ക് പടപ്പുകളെ അടുപ്പിക്കുന്ന സുജൂദ് അവന് തീർത്തും അരോചകമായിരിക്കും. ഖുർആൻ പാരായണം ചെയ്യുന്ന മനുഷ്യർ സജദയുടെ സന്ദർഭങ്ങളിൽ സുജൂദിൽ വീഴുന്നത് കാണുമ്പോൾ ശയ്താൻ ഒറ്റയ്ക്കിരുന്ന് കരയുമെന്നാണ് മുഹമ്മദ് നബി വിശദീകരിച്ചുതന്നത്. ‘എനിക്ക് നാശം, ആദം സന്തതി സുജൂദിന് ആജ്ഞാപിക്കപ്പെടുമ്പോൾ സുജൂദ് ചെയ്ത് സ്വർഗം നേടുന്നു. ഞാനാകട്ടെ, സുജൂദിന് വിസമ്മതിക്കുകയും നരകാർഹനാവുകയും ചെയ്തിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടായിരിക്കും ഈ പൈശാചിക വിലാപം. (മുസ്‌ലിം). സുജൂദ് സ്വർഗത്തിലേക്കുള്ള മനുഷ്യപ്രയാണത്തെ സ്നിഗ്ധമാക്കുന്നു. സുജൂദില്ലാത്ത മനുഷ്യജീവിതങ്ങൾ ഇബ്‌ലീസുമായി താദാത്മ്യപ്പെടുന്നു, നരകം തെരഞ്ഞെടുക്കുന്നു. അല്ലാഹുവിന്റെ തൃപ്തി, പിശാചിന്റെ അസൂയ-അതാകുന്നു സുജൂദിന്റെ അനന്തരം.
അറിഞ്ഞുവെക്കുക: ജീവിതത്തിൽ സംഭവിച്ചുപോകുന്ന പാപങ്ങൾക്കപ്പുറവും നാം ചെയ്ത സുജൂദുകളെ അല്ലാഹു സന്തോഷൂർവം പരിഗണിക്കും. അല്ലാഹുവിൽ പങ്കുചേർക്കാതെ മരണപ്പെട്ട, എന്നാൽ വേറെയൊരുപാട് തിന്മകൾ കാരണം നരകത്തിലെറിയപ്പെട്ട ചില അടിമകളെ അവരുടെ നെറ്റിയിലെ സുജൂദിന്റെ അടയാളങ്ങൾ നോക്കി തിരിച്ചറിഞ്ഞ് നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്വർഗത്തിലെത്തിക്കാൻ അല്ലാഹു മലക്കുകളെ പറഞ്ഞയക്കുന്ന രംഗം നബി വിവരിച്ചിട്ടുണ്ട്. സുജൂദ് ചെയ്തിരുന്നവരുടെ നെറ്റിയിൽ അല്ലാഹു ഉണ്ടാക്കിക്കൊടുക്കുന്ന അടയാളത്തെ നരകാഗ്നി തിന്നുകയില്ലെന്നും അവിടുന്ന് ആ സന്ദർഭത്തിൽ പറഞ്ഞു (മുസ്‌ലിം). എത്ര മനോഹരമാണിത്! അല്ലാഹു, അവനോട് മനുഷ്യൻ ഏറ്റവും അടുത്തായി നിന്ന സുജൂദീ സമയങ്ങളുടെ ശേഷിപ്പുകൾ മായ്ക്കാൻ നരകത്തെപ്പോലും അനുവദിക്കുന്നില്ല, ആ മനുഷ്യൻ പാപിയായിത്തീർന്നാൽ പോലും. പാപങ്ങളുടെ ഭാരത്തിൽ നിന്ന് സുജൂദിന്റെ സ്മരണകൾ അയാളെ കരകയറ്റുന്നു. പ്രിയരേ, നമുക്കൊരുപാട് സുജൂദുകൾ ഉണ്ടായിരിക്കട്ടെ. അവയുടെ മധുരം നമ്മെ മരണാനന്തരവും പിന്തുടർന്നുകൊണ്ടേയിരിക്കട്ടെ.