അല്‍ വലാഉ വല്‍ ബറാഅ്: വിദ്വേഷഭാവനകള്‍ക്കെതിരില്‍ വൈജ്ഞാനിക ചെറുത്തുനില്‍പുമായി മുസ്‌ലിം കേരളം
29 March 2017 | Reports
ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വലാഅ്, ബറാഅ് എന്നീ ക്വുര്‍ആനിക പരികല്‍പനകളുടെ വെളിച്ചത്തില്‍ മലയാളി മുസ്‌ലിംകള്‍ അമുസ്‌ലിംകളുമായുള്ള എല്ലാ തരം സൗഹൃദങ്ങളും അവസാനിപ്പിക്കണമെന്ന തരത്തില്‍ ഒരു പ്രഭാഷണത്തില്‍ വന്ന പരാമര്‍ശങ്ങള്‍ക്കെതിരില്‍ വൈജ്ഞാനികമായി പ്രതികരിച്ച് വിവിധ മുസ്‌ലിം പണ്ഡിതന്‍മാര്‍ രംഗത്തെത്തി. പ്രഭാഷണം പങ്കുവെച്ച വിദ്വേഷ ഭാവനകള്‍ ക്വുര്‍ആന്‍ പറയുന്ന വലാഇന്റെയും ബറാഇന്റെയും ദുര്‍വ്യാഖ്യാനമാണെന്നും കേരളത്തിലെ ഹിന്ദു-മുസ്‌ലിം സമുദായമൈത്രിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന എല്ലാ നിലപാടുകളെയും ചെറുത്തുതോല്‍പിക്കേണ്ടത് യഥാര്‍ത്ഥ മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണെന്നും പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, വിവാദ പ്രഭാഷണത്തിലെ ആശയങ്ങള്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒറ്റപ്പെടുത്തപ്പെട്ടിരിക്കുകയാണ്.
ഇടത്/സെക്യുലര്‍/ലിബറല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുകൊണ്ടുള്ള എതിര്‍പ്പുകളല്ല, മറിച്ച് കൃത്യമായും കണിശമായ ഇസ്‌ലാമിക ബോധത്തിന്റെ വെളിച്ചത്തിലുള്ള വിയോജിപ്പാണ് മതമെന്നാല്‍ കാലുഷ്യമാണെന്നു കരുതുന്നവരോട് കേരളത്തിലെ പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നത്. വലാഅ്, ബറാഅ് തുടങ്ങിയ സങ്കല്‍പങ്ങള്‍ ഇസ്‌ലാമികമല്ല എന്ന വീക്ഷണമല്ല, മറിച്ച് അവയ്ക്ക് പ്രഭാഷണത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന വിവക്ഷകള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് അവതരിപ്പിക്കപ്പെടുന്നത്. ബഹുദൈവത്വപരമായ ഹിന്ദുമതവിശ്വാസങ്ങളോടോ ആചാരങ്ങളോടോ ഇഴകിച്ചേരുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ലെന്ന് അനുബന്ധമായി വ്യക്തമാക്കിക്കൊണ്ടുതന്നെ ഊഷ്മളമായ മാനുഷിക സൗഹൃദങ്ങള്‍ക്ക് മതം തടസ്സമല്ലെന്നാണ് വിശദീകരണം. ദര്‍ശന ചാനലില്‍ മൈത്രിയുടെ പാരമ്പര്യം ഊട്ടിയുറപ്പിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഒരഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തയായപ്പോള്‍, ആഘോഷങ്ങളിലോ ആചാരങ്ങളിലോ ഉള്ള ഇടകലരലിനല്ല താന്‍ ആഹ്വാനം ചെയ്തതെന്നു വ്യക്തമാക്കി മുസ്‌ല്യാര്‍ രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 11ന് സുപ്രഭാതം ദിനപത്രത്തില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് ‘സൗഹൃദത്തിന്റെ വിളക്ക് കെടുത്തരുത്’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്.
മതപ്രഭാഷണങ്ങളെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ അച്ചടി-സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മര്‍കസുദ്ദഅ്‌വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗം സമുദായമൈത്രിക്ക് ആഹ്വാനം ചെയ്യുന്ന വിവിധ പ്രോഗ്രാമുകളുമായി രംഗത്തുണ്ട്. ഇതിനിടെ, സലഫി പണ്ഡിതന്‍മാരുടെ പുസ്തകങ്ങളിലൊന്നുമില്ലാത്ത വാദങ്ങളാണ് പ്രഭാഷകന്‍ അവരുടെമേല്‍ വെച്ചുകെട്ടിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് നവമാധ്യമങ്ങളില്‍ അറബി പരിജ്ഞാനമുള്ള നിരവധി ചെറുപ്പക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. പാരമ്പര്യ പള്ളിദര്‍സുകളില്‍ പഠിപ്പിക്കുന്നതടക്കമുള്ള മദ്ഹബ് ഗ്രന്ഥങ്ങളില്‍ വലാഉം ബറാഉം വിശദമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാനുഷികബന്ധങ്ങളെ നിരാകരിക്കുകയല്ല അവയുടെ താല്‍പര്യമെന്ന് സമസ്തയുടെ പ്രവര്‍ത്തകരും വിശദീകരിക്കുന്നു.
കേരളത്തിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് പരിചയമില്ലാത്ത ശബ്ദങ്ങളല്ല വലാഉം ബറാഉം. മുസ്‌ലിംകള്‍ക്കിടയിലുണ്ടാകേണ്ട ‘വലാഉം’ അമുസ്‌ലിംകളോടു കാണിക്കേണ്ട ‘ബറാഉും’ കേരളത്തില്‍ ഏറ്റവും വിശദമായി പ്രദിപാദിക്കപ്പെട്ടിട്ടുള്ളത് മമ്പുറം സയ്യിദ് അലവി തങ്ങളുടെ രചനകളിലാണ്. ഇബ്‌നുതയ്മിയയെപ്പോലുളള്ളവരെ ഉദ്ധരിച്ചുകൊണ്ട് കണിശമായി തന്നെ വലാഇനും ബറാഇനും ആഹ്വാനം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ ‘സയ്ഫുല്‍ ബത്താര്‍’ പോലുള്ള രചനകള്‍. എന്നാല്‍ മമ്പുറം തങ്ങള്‍ ഒരിക്കലും ഹിന്ദു വിദ്വേഷി ആയിരുന്നില്ലെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ, വലാഇന്റെയും ബറാഇന്റെയും ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെയുള്ള വൈജ്ഞാനിക ചെറുത്തുനില്‍പ്പാണ് ആവശ്യമെന്നു ചൂണ്ടിക്കാണിക്കെപ്പടുന്നു.
എം.എം അക്ബറിന്റെ മുഖ്യപത്രാധിപത്യത്തില്‍ നിച്ച് ഓഫ് ട്രൂത്ത് പ്രസിദ്ധീകരിക്കുന്ന ‘സ്‌നേഹസംവാദം’ മാസികയുടെ ഒക്‌ടോബര്‍ ലക്കത്തിലുള്ള അല്‍പം സുദീര്‍ഘമായ പത്രാധിപക്കുറിപ്പ് വലാഇന്റെയും ബറാഇന്റെയും യഥാര്‍ത്ഥ ഇസ്‌ലാമിക വിവക്ഷയെന്താണെന്ന് താത്വികമായി വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്. ‘മതം മൈത്രിയോ വിദ്വേഷമോ’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയല്‍ ആണ് മാസിക പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള പൊതുസാഹോദര്യത്തെയും മുസ്‌ലിംകള്‍ തമ്മിലുളള സവിശേഷ സാഹോദര്യത്തെയും ബഹുദൈവത്വത്തോട് മുസ്‌ലിംകള്‍ക്കുള്ള ആദര്‍ശപരമായ വെറുപ്പിനെയും ഒന്നും യഥാവിധി മനസ്സിലാക്കാനോ അവതരിപ്പിക്കാനോ ശേഷിയില്ലാത്തവരാണ് ഇസ്‌ലാമിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഒരുമ്പെടുന്നതെന്ന് പത്രാധിപര്‍ വിശദീകരിക്കുന്നു. വെറുപ്പല്ല, മുഴുവന്‍ മനുഷ്യരോടുമുള്ള ഗുണകാംക്ഷയാണ് ഇസ്‌ലാമിക പ്രബോധകരുടെ ഊര്‍ജ്ജം. അതു മനസ്സിലാക്കാതെ വെറുപ്പുകച്ചവടത്തിനൊരുങ്ങുന്നവര്‍ ശത്രുവിന്റെ ഉപകരണമായി മാറുകയാണ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തുന്ന മാസിക, വിദ്വേഷത്തെ സിദ്ധാന്തവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു.
കേരളത്തിലെ സമുദായമൈത്രി കോട്ടം തട്ടാതെ നില്‍ക്കുന്നതിന് വലിയ പ്രാധാന്യമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗ് കല്‍പിക്കുന്നത്. സൗഹൃദം തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പുതിയ സാഹചര്യം പരിഗണിച്ച് പര്‍ട്ടി ക്യാമ്പുകളില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടന്നിരുന്നു. ‘ബറാഅ്’ ദുര്‍വ്യാഖ്യാനിക്കുന്നതിനെതിരെ മതപണ്ഡിതന്മാര്‍ നടത്തിയ പ്രസ്താവനകള്‍ക്ക് വന്‍ കവറേജാണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക നല്‍കിയത്. പണ്ഡിതന്‍മാരും നേതാക്കളും ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞതോടെ വിദ്വേഷത്തിന്റെ നാമ്പുകളെ കേരളീയ മുസ്‌ലിം സമൂഹം തിരസ്‌കരിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്.