Reports

മൗദൂദി, ഖുതുബ് ആശയധാരയെ പൂര്‍ണമായും തള്ളുന്ന അഭിമുഖവുമായി പ്രബോധനം വാരിക

By Admin

March 29, 2017

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും മൗദൂദിയെ പിന്തുടര്‍ന്നുകൊണ്ടുള്ള മതവ്യാഖ്യാനം ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ച വിഖ്യാത അറബ്ചിന്തകന്‍ സയ്യിദ് ഖുതുബിന്റെയും അടിസ്ഥാന വീക്ഷണങ്ങളെ തന്നെ തള്ളിക്കളയുന്ന അഭിമുഖവുമായി ജമാഅത്ത് മുഖപത്രമായ പ്രബോധനം വാരിക.

2016 സെപ്റ്റംബര്‍ 30ന്റെ വാരികയിലാണ് വിവാദപരാമര്‍ശങ്ങളടങ്ങിയ അഭിമുഖം കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് വസന്തത്തെ തുടര്‍ന്ന് ലോകശ്രദ്ധയാകര്‍ഷിച്ച തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശിയുമായി അല്‍ മുജ്തമഅ് നടത്തിയ സംഭാഷണത്തിന്റെ പരിഭാഷയാണ് പ്രബോധനം പ്രാധാന്യപൂര്‍വം എടുത്തുകൊടുത്തിരിക്കുന്നത്. ജമാഅത്ത്, ഇഖ്‌വാന്‍ മാതൃകയില്‍ തുനീഷ്യയില്‍ ഇസ്‌ലാമിക് ആക്റ്റിവിസവുമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട ഗനൂശി, എണ്‍പതുകള്‍ മുതല്‍ ഇസ്‌ലാമിസ്റ്റ് വീക്ഷണങ്ങളെ തള്ളിക്കളഞ്ഞ് പുതിയ വഴികളിലേക്ക് പ്രവേശിച്ചതിന്റെ പേരില്‍ ഏറെ വായിക്കപ്പെട്ട അറബ് ബുദ്ധിജീവിയാണ്. ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ പൂര്‍ണത അയാള്‍ ജീവിക്കുന്ന രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രാടിത്തറകളുമായാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്നും ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ മാത്രമേ മുസ്‌ലിമിന് പൂര്‍ണ മുസ്‌ലിമായി ജീവിക്കാന്‍ കഴിയൂ എന്നും ഇസ്‌ലാമികേതര രാഷ്ട്രങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയഘടനയുടെ ഗുണഭോക്താക്കളാകുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും ബഹുദൈവത്വപരമായ പാപമാണെന്നും താന്‍ ജീവിക്കുന്ന നാടിനെ ഇസ്‌ലാമിക രാഷ്ട്രമാക്കി തീര്‍ക്കാനാണ് മുസ്‌ലിം പരിശ്രമിക്കേണ്ടത് എന്നുമുള്ള നിലപാടുകളാണ് ‘ഇസ്‌ലാമിസ’ത്തെ മറ്റു മുസ്‌ലിംകളുടെ കാഴ്ചപ്പാടുകളോട് വേറിട്ടുനില്‍ക്കുന്ന ഒരു ആശയധാരയാക്കുന്നത്.

ഇന്‍ഡ്യയില്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും സഹകരിക്കുന്നത് മതവിരുദ്ധമാണെന്ന് സമര്‍ത്ഥിക്കാന്‍ മൗദൂദിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത് ഈ അടിത്തറകളെ പുണര്‍ന്നു കൊണ്ടായിരുന്നു. ഇസ്‌ലാമിസത്തിന്റെ രാഷ്ട്ര/രാഷ്ട്രീയ സങ്കല്‍പം ഇസ്‌ലാമികമല്ലെന്നു സമര്‍ത്ഥിക്കുന്ന നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചാണ് ഗനൂശി ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ വലിയ കോളിളക്കമുണ്ടാക്കിയത്. ഈജിപ്തില്‍ ഇസ്‌ലാമികേതര ഭരണകൂടത്തിനു കീഴില്‍ മന്ത്രിസ്ഥാനം വഹിച്ച യൂസുഫ് നബിയുടെയും അബ്‌സീനിയയില്‍ ഇസ്‌ലാം ആശ്ലേഷിച്ച ശേഷവും ഇസ്‌ലാമികേതരമായ രാഷ്ട്രനിയമങ്ങളനുസരിച്ച് ഭരണം തുടര്‍ന്ന നജ്ജാശി രാജാവിന്റെയും അനുഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നുദ്ധരിച്ചുകൊണ്ട് ഇസ്‌ലാമികേതരമായ രാഷ്ട്രസംവിധാനങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനമോ അധികാര പങ്കാളിത്തമോ മതവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ഗനൂശി എഴുതിയ പ്രബന്ധങ്ങള്‍ മൗദൂദിയുടെയും ഖുതുബിന്റെയും ഇവ്വിഷയകമായ സമീപനങ്ങളെയെല്ലാം പരസ്യമായിത്തന്നെ നിരാകരിച്ചു.

കേരളത്തിലെ ആദ്യകാല മുജാഹിദ് പണ്ഡിതന്‍മാര്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ലേഖനങ്ങളില്‍ ഇതേ സംഭവങ്ങള്‍ തന്നെയാണ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നതെന്നും അവയെ അംഗീകരിക്കാന്‍ സജീവ ഇസ്‌ലാമിസ്റ്റുകള്‍ പോലും സന്നദ്ധമാകുന്നതിന്റെ സൂചനയാണ് ഗനൂരിയുടെ ചുവടുമാറ്റമെന്നും കേരളത്തിലെ മുസ്‌ലിം സംഘടനാചർച്ചകളില്  ഗനൂശിയുടെ പ്രബന്ധങ്ങള്‍ പുറത്തുവന്നയവസരത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ നിലപാടുകള്‍ ചില സാഹചര്യങ്ങളോട് പ്രതിപ്രവര്‍ത്തിച്ചുണ്ടായ തീവ്രതയായിരുന്നുവെന്നും അവയെ പുനരാലോചിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് താന്‍ നിലപാടുകള്‍ മാറ്റിയതെന്നുമാണ് ഗനൂശി അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. മൗദൂദിയെയും ഖുതുബിനെയും വിട്ട് മാലിക് ബിന്നബിയെപ്പോലുള്ളവരുടെ ചിന്തകള്‍ തന്നെ സ്വാധീനിക്കുകയായിരുന്നു. ജനാധിപത്യം പോലുള്ള ആധുനിക രാഷ്ട്രീയ മൂല്യങ്ങളെ ‘ജാഹിലി’ സമൂഹവും ജാഹിലീ രാഷ്ട്രവുമായി പരിചയപ്പെടുത്തുന്ന സയ്യിദ് ഖുതുബിന്റെ ആലോചനകളോട് വിടപറഞ്ഞാണ് താന്‍ അവയെ സൃഷ്ടിപരമായി സമീപിക്കാന്‍ ശ്രമിക്കുന്നത്. ‘ഇത് ഇസ്‌ലാമിനെ ഉപേക്ഷിച്ച് ആധുനിക പടിഞ്ഞാറന്‍ ദര്‍ശനങ്ങളെ പുല്‍കാനുള്ള ശ്രമമല്ലേ?’ എന്ന ചോദ്യത്തിന് ഇസ്‌ലാമില്‍നിന്ന് അണുഅളവ് വ്യതിചലിക്കാതെ തന്നെ ആധുനിക സംവിധാനങ്ങളോട് എങ്ങനെ ഗുണപരമായി സഹവര്‍ത്തിക്കാമെന്ന് ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദ, റശീദ് രിദ തുടങ്ങിയ പരിഷ്‌കര്‍ത്താക്കള്‍ വിജയകരമായി കാണിച്ചുതന്നിട്ടുണ്ട് എന്ന് ഗനൂശി മറുപടി പറയുന്നു.

രശീദ് രിദയുടെ ചിന്തകളാല്‍ നന്നായി സ്വാധീനക്കപ്പെട്ടിരുന്ന, കെ.എം മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ സലഫീ ചിന്താധാരയുണ്ടായിരുന്ന  കേരളത്തിലെ മുസ്‌ലിം ലീഗ് സ്ഥാപകര്‍ ഇതേ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജമാഅത്തെ ഇസ്‌ലാമിയെയും മൗദൂദിയെയും വിമര്‍ശിച്ചിരുന്നുവെന്ന വസ്തുതയുടെ വെളിച്ചത്തില്‍ പ്രബോധനം വാരികയിലെ ഗനൂശിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു. മതപ്രബോധനം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വേര്‍പെടുത്തണമെന്നും ഗനൂശി അഭിമുഖത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മതപ്രബോധനവും രാഷ്ട്രീയ പ്രവര്‍ത്തനവുമെല്ലാം ഒരേ സംഘടനയുടെ കുടയ്ക്കുകീഴിലാകണമെന്നു കരുതുന്നത് വിവേകശൂന്യതയാണ്. രണ്ടിനെയും സ്വതന്ത്രമായി കണ്ട് വെവ്വേറെ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് അവ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. മതപ്രബോധനത്തിന് സമസ്ത, നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും ഉപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ ‘ദീന്‍, ദുന്‍യാ രണ്ടാക്കി; ഇസ്‌ലാം ദീനിനെ തുണ്ടാക്കി’ എന്ന് മലബാറിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളെയും വിമര്‍ശിച്ചിരുന്ന പ്രബോധനം വാരികയില്‍ ഇത്തരമൊരു വീക്ഷണം പ്രസിദ്ധീകരിക്കപ്പെടുന്നത് വന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുമെന്ന കാര്യമുറപ്പാണ്.

(ലേഖകരുടെ എല്ലാ വീക്ഷണങ്ങളും മില്ലി റിപ്പോര്‍ട്ടിന്റേതാകണമെന്നില്ല. വാര്‍ത്തകള്‍/വിശകലനങ്ങള്‍ millireport@gmail.com എന്ന വിലാസത്തില്‍ അയക്കുക)