Reports

സുഊദി അറേബ്യയെ ‘കോടതി കയറ്റാന്‍’ അനുവദിക്കുന്ന നിയമവുമായി അമേരിക്ക

By Admin

March 29, 2017

കാപ്പിറ്റോള്‍ ഹില്‍ (വാഷിംഗ്ടണ്‍ ഡി.സി): സുഊദി അറേബ്യയെയും സുഊദി പൗരന്‍മാരെയും ‘കോടതി കയറ്റാന്‍’ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അനുമതി നല്‍കുന്ന വിവാദ നിയമം പ്രസിഡന്റ് ബരാക് ഒബാമയുടെ വീറ്റോ മറികടന്ന് പാസാക്കി അമേരിക്കന്‍ കോണ്‍ഗ്രസ് ലോകത്തെ ഞെട്ടിച്ചു. Justice Against Sponsor of Terrorism Act (JASTA) എന്ന പേരിലുള്ള വിചിത്ര നിയമമാണ് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം സ്‌പോണ്‍സര്‍ ചെയ്തത് സഊദി അറേബ്യയാണെന്ന് വാദിച്ച് സുഊദിക്കെതിരെ അമേരിക്കന്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനും നിയമനടപടികള്‍ സ്വീകരിക്കാനും സുഊദിയില്‍ നിന്ന് നഷ്ടപരിഹാരം നേടാനും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് JASTA.

ഭീകരവാദത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായിത്തീരുകയും ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ മുസ്‌ലിം നാടുകളിലേക്ക് അമേരിക്ക ആരംഭിച്ച അധിനിവേശങ്ങള്‍ക്ക് നാന്ദി കുറിക്കുകയും ചെയ്ത വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനാക്രമണത്തില്‍ നേര്‍ക്കുനേരെയോ അല്ലാതെയോ സുഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് മുസ്‌ലിം രാജ്യങ്ങള്‍ക്കൊന്നും യാതൊരു പങ്കുമില്ലെന്ന് കൃത്യമായി അറിഞ്ഞിട്ടും ഇതുപോലൊരു നിയമം നിര്‍മിക്കപ്പെട്ടതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സുഊദി അറേബ്യയെ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരസംഘങ്ങളുടെ കര്‍തൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സുഊദിയെ പ്രതിചേര്‍ക്കാനുള്ള പരിശ്രമം പുതിയ അധിനിവേശങ്ങള്‍ക്ക് വഴിതുറക്കാനുള്ള കുതന്ത്രമാണോ എന്ന ആശങ്കയിലാണ് അറബ് ലോകം. മുസ്‌ലിം ലോകത്ത് ഭീകരപ്രസ്ഥാനങ്ങള്‍ ഉടലെടുത്ത നാള്‍ മുതല്‍ക്കുതന്നെ അവയെ നഖശിഖാന്തം എതിര്‍ത്ത പാരമ്പര്യമാണ് സുഊദി ഭരണകൂടത്തിനും ഭരണകൂടാംഗീകാരമുള്ള സുഊദി മതപണ്ഡിതര്‍ക്കുമുള്ളത്.

സുഊദിയുടെയും സുഊദിയുമായി സൗഹൃദം പുലര്‍ത്തുന്ന യു.എ.ഇ, ഖത്തര്‍, കുവയ്ത്ത് തുടങ്ങിയ അയല്‍ അറബ് രാഷ്ട്രങ്ങളുടെയും ശത്രുവായി അറിയപ്പെടുന്ന ഇറാനുമായി അമേരിക്ക ഈയിടെ ബന്ധം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ വേണം പുതിയ സംഭവവികാസങ്ങളെ അപഗ്രഥിക്കാനെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. ഭീകരപ്രസ്ഥാനങ്ങളെയും ഭീകരാക്രമണങ്ങളെയും സ്‌പോണ്‍സര്‍ ചെയ്തുവെന്ന് അമേരിക്ക തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് ഇറാന്‍. ഇറാനി പിന്തുണയോടെ നടന്ന ചില ആക്രമണങ്ങളുടെ ഇരകളെ ഇറാനെതിരെ തിരിയുന്നതില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം പിന്തിരിപ്പിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. ആണവ റിയാക്ടറുകളുടെ പേരില്‍ കൊടുമ്പിരി കൊണ്ട അമേരിക്കന്‍-ഇറാന്‍ വാക്‌പോര് ഒരു നാടകമായിരുന്നുവോ എന്ന് സംശയിക്കുന്നവരും ഇപ്പോള്‍ ഏറെയാണ്. പോര് അവസാനിപ്പിച്ച് സഖ്യകക്ഷികളാവുകയും വ്യാപാരബന്ധങ്ങള്‍ ഊഷ്മളമാവുകയും ചെയ്ത അമേരിക്കയും ഇറാനും ചേര്‍ന്ന് എണ്ണ വില്‍പനയുടെ അമരസ്ഥാനത്തുനിന്ന് സുഊദിയെ പിന്തള്ളുവാനുള്ള ചരടുവലികള്‍ നടത്തുന്നുവെന്ന ആരോപണം അറബ് മാധ്യമങ്ങളില്‍ ശക്തമായിരുന്നു.

ഒരു വിദേശരാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ദേശരാഷ്ട്രം എന്ന സങ്കല്‍പത്തിന്റെ തന്നെ കടയ്ക്കല്‍ കത്തിവെക്കുകയുമാണ് പുതിയ നിയമനിര്‍മാണം വഴി അമേരിക്കന്‍ കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ തന്നെ പലരും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു രാഷ്ട്രത്തെ തങ്ങളുടെ കോടതിയില്‍ കൊണ്ടുവന്നു നിര്‍ത്താന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന തിട്ടൂരം അന്താരാഷ്ട്ര മര്യാദകളുടെ നിലനില്‍പ്പിനുതന്നെ ശക്തമായ ആഘാതമേല്‍പിക്കും. പുതിയ നിയമനിര്‍മാണം അംഗീകരിക്കാനാകാത്ത ധാര്‍ഷ്ട്യമാണെന്ന് സുഊദി അറേബ്യ ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കക്കെതിരെ ശക്തമായി ആഞ്ഞടിച്ച് സുഊദി നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സുഊദി പത്രങ്ങളില്‍ അമേരിക്കക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുന്ന നിരവധി ലേഖനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

നിയമനിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും പിന്നീട് പുനര്‍ചിന്തനകള്‍ക്ക് സന്നദ്ധമായതായും പറയപ്പെടുന്നുണ്ട്. നിയമത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച കൃത്യമായ അറിവില്ലാതെയാണ് പിന്തുണ നല്‍കിയതെന്നാണ് ഇവരുടെ വിശദീകരണം. സമാനമായ നിയമങ്ങള്‍ നിര്‍മിക്കുവാന്‍ മറ്റു രാജ്യങ്ങളും സന്നദ്ധമായാല്‍ അമേരിക്ക പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് പുനരാലോചനകള്‍ക്ക് കളമൊരുങ്ങിയിരിക്കുന്നത്. ഹിരോഷിമ, നാഗസാക്കി അണുവിസ്‌ഫോടനങ്ങളും വിയറ്റ്‌നാം, അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങളും സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ ഇരകള്‍ അമേരിക്കയെ കോടതി കയറ്റുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് കടുത്ത ആശയക്കുഴപ്പം പടര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ അധിനിവേശങ്ങളോടുള്ള സ്വാഭാവികമായ വിരോധങ്ങളെയാണ് ഭീകരപ്രസ്ഥാനങ്ങള്‍ മുതലെടുത്തതെന്ന വസ്തുതയുടെ വെളിച്ചത്തില്‍ ഭീകരവാദത്തില്‍ തന്നെ അമേരിക്കക്ക് പങ്കാരോപിക്കാമെന്നും മാധ്യമ ചര്‍ച്ചകളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന മനോരോഗ സമാനമായ ഇസ്‌ലാം ഭീതിയുടെ പ്രതിഫലനമാണ് കോണ്‍ഗ്രസില്‍ നിയമത്തിനുലഭിച്ച പിന്തുണയെന്നാണ് സമചിത്തതയുള്ള അമേരിക്കന്‍ ചിന്തകരുടെ വിലയിരുത്തല്‍.

സുഊദി അറേബ്യയെ ഒരു ഭീകരരാഷ്ട്രമാക്കി തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള തീവ്ര വലതുപക്ഷ പ്രചാരണങ്ങള്‍ അമേരിക്കയുടെ സാമാന്യ പൊതുബോധമായി പരാവര്‍ത്തനം ചെയ്യപ്പെടുകയും അതിനെ തൃപ്തിപ്പെടുത്താന്‍ ജനപ്രതിനിധികള്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന അപകടകരമായ രാഷ്ട്രീയ കാലാവസ്ഥയാണ് നിലവില്‍ വരുന്നത്. സുഊദി വിരുദ്ധ നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പക്ഷത്തിന് ജനപിന്തുണ കുറഞ്ഞേക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസില്‍ നിയമത്തിനുള്ള കരഘോഷങ്ങളായി പരിണമിച്ചതെന്ന് ഇവര്‍ വിശദീകരിക്കുന്നു. കോണ്‍ഗ്രസില്‍ നിയമത്തിനുകൂലമായി വന്ന ഓരോ വോട്ടും പ്രസിഡന്റ് ഇലക്ഷനില്‍ ആയിരക്കണക്കിന് വോട്ടുകളായി കൊയ്യാമെന്ന് ജനപ്രതിനിധികള്‍ കരുതിയെങ്കില്‍ വോട്ടിനപ്പുറത്ത് സത്യസന്ധതയോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും എന്ന് കരുതേണ്ടി വരില്ലേ എന്ന ചോദ്യവും വ്യാപകമായി ഉന്നയിക്കപ്പെടുന്നുണ്ട്.