വിജയദശമി ദിനത്തില്‍ സ്ഥാപകദിനാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആര്‍.എസ്.എസ് രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ഗാന്ധിവധത്തിന് പശ്ചാത്തലമൊരുക്കിയതില്‍ സംഘത്തിനും ഹിന്ദുമഹാസഭാ നേതാവ് വി.ദി. സാവര്‍ക്കറിനുമുള്ള പങ്ക് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് മുംബൈയിലെ പ്രശസ്ത അഭിഭാഷകനും ചരിത്രകാരനും കോളമിസ്റ്റുമായ എ.ജി നൂറാനി രംഗത്തെത്തി. ‘ദി ഹിന്ദു’ ഗ്രൂപ്പ് പ്രസിദ്ധീരിക്കുന്ന ഫ്രന്റ്‌ലൈന്‍ ദ്വൈവാരികയിലെഴുതിയ ‘RSS & Gandhi’s Murder’ എന്ന ലേഖനത്തിലാണ് നൂറാനി തെളിവുകള്‍ നിരത്തി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
സംഘ് പരിവാറിനെതിരെ അടിസ്ഥാന രേഖകളുദ്ധരിച്ചുകൊണ്ടുള്ള മൗലിക പ്രബന്ധങ്ങള്‍ വഴി ഇന്‍ഡ്യന്‍ ഇംഗ്ലീഷ് മാധ്യമരംഗത്തിന് ചിരപരിചിതനായ നൂറാനി, ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് പറയുന്നവരെ വിരട്ടാനുള്ള ശ്രമങ്ങള്‍ ശക്തമായ പുതിയ സാഹചര്യം പരിഗണിച്ചാണ് വാദങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഗാന്ധി ഘാതകന്‍ നാഥൂറാം വിനായക് ഗോദ്‌സെയുടെ ആര്‍.എസ്.എസ് പശ്ചാത്തലം മുമ്പ് പലതവണ എഴുതിയതിന്റെ പേരില്‍ താന്‍ മാപ്പപേക്ഷിച്ചുവെന്നും ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് താന്‍ സമ്മതിച്ചുവെന്നുമുള്ള തരത്തില്‍ ചില സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കുപ്രചരണങ്ങളഴിച്ചുവിട്ടതില്‍ ക്ഷുഭിതനായാണ് നൂറാനി ഒരിക്കല്‍ കൂടി ഗാന്ധിവധത്തിന്റെ പിന്നാമ്പുറങ്ങള്‍ അനാവരണം ചെയ്യുന്നത്. മരിക്കുന്നതുവരെ ആര്‍.എസ്.എസിനെപ്പോലൊരു സംഘടനയോട് മാപ്പുപറയാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം ലേഖനാരംഭത്തില്‍ തുറന്നടിക്കുന്നു.
ഗോദ്‌സെ ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും സംഘവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും എല്‍.കെ. അദ്വാനി പ്രസ്താവിച്ചതിനെ തുടര്‍ന്ന് 1993 നവംബര്‍ 21ന് നാഥൂറാമിന്റെ ഇളയസഹോദരനും ഗാന്ധിവധ ഗൂഢാലോചനാ കേസ് പ്രതിയുമായിരുന്ന ഗോപാല്‍ ഗോദ്‌സെ ഫ്രന്റ്‌ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നൂറാനി ഉദ്ധരിക്കുന്നു. ”ഞങ്ങള്‍ എല്ലാ സഹോദരന്മാരും ആര്‍.എസ്.എസിലുണ്ടായിരുന്നു. വീട്ടില്‍ എന്നതിനേക്കാള്‍ ആര്‍.എസ്.എസിലാണ് ഞങ്ങള്‍ വളര്‍ന്നത്. ആര്‍.എസ്.എസ് ഞങ്ങള്‍ക്ക് കുടുംബം പോലെയായിരുന്നു” എന്നും ”നാഥൂറാം ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു” എന്നും ”താന്‍ ആര്‍.എസ്.എസ് വിട്ടിരുന്നതായി നാഥൂറാം കോടതിയില്‍ പറഞ്ഞത് ഗാന്ധിവധം ആര്‍.എസ്.എസിനേയും ഗോള്‍വാള്‍ക്കറെയും വലിയ പ്രശ്‌നക്കുരുക്കില്‍” അകപ്പെടുത്തിയതിനാലാണെന്നും ഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1944 മുതല്‍ നാഥൂറാം ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തുതുടങ്ങിയെന്ന് ഗോപാല്‍ പറയുന്നുണ്ട്. തീവ്രഹിന്ദുവര്‍ഗീയ ഗ്രൂപ്പുകളില്‍ സജീവമാവുകയാണ് ഗോദ്‌സെ കുടുംബത്തില്‍ മിക്കവരും ഗാന്ധിവധത്തിനുശേഷവും ചെയ്തത്. ഗോപാലിന്റെ പുത്രി സാവര്‍ക്കറുടെ ഇളയസഹോദരന്റെ മകനെയാണ് വിവാഹം കഴിച്ചത്. ഹിമാനീ സാവര്‍ക്കര്‍ എന്നറിയപ്പെട്ട ഇവര്‍ അഭിനവ് ഭാരതിന്റെ അധ്യക്ഷയായി പ്രശസ്തയായിത്തീര്‍ന്നു. ഗോപാല്‍ 2005ലും ഹിമാനി 2015ലും മരണപ്പെട്ടു.
ഗാന്ധിവധത്തിന് പശ്ചാത്തലമൊരുക്കിയതില്‍ ആര്‍.എസ്.എസിനും ഹിന്ദുമാഹാസഭക്കുമുള്ള പങ്ക് മഹാസഭക്കാരനും നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന പ്രഥമ ഇന്‍ഡ്യന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിക്ക് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വ്യക്തമായി എഴുതിയതിന്റെ രേഖകള്‍ നൂറാനി ഹാജറാക്കുന്നു. ഗാന്ധിവധത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിച്ചതിനെ സംബന്ധിച്ച സര്‍ക്കാര്‍ എഴുത്തുകുത്തുകളിലും ഇതുസംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. ഹിന്ദു-മുസ്‌ലിം മൈത്രിയെ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ഗാന്ധിയോട് വെറുപ്പ് വളര്‍ത്തുന്ന വരികള്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ തന്നെയുള്ളത് നൂറാനി ചൂണ്ടിക്കാണിക്കുന്നു. ഗോദ്‌സെ ആര്‍.എസ്.എസുകാരനും ഗാന്ധിവധം ആര്‍.എസ്.എസ് ഒരുക്കിവെച്ച ഹിംസാത്മക വര്‍ഗീയ പരിസരത്തിന്റെ സ്വാഭാവിക തുടര്‍ച്ചയുമാണെന്ന് 1947ല്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായിരുന്ന രാജേശ്വര്‍ ദയാല്‍ A Life of Our Times എന്ന ഗ്രന്ഥത്തില്‍ തുറന്നെഴുതിയതും നൂറാനി പരാമര്‍ശിക്കുന്നു. ഗാന്ധിവധത്തിന്റെ പശ്ചാത്തലം വിശദമായി ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ഡൊമനിക്ക് ലാപ്പിയറും ലാറി കോളിന്‍സും ചേര്‍ന്നെഴുതിയ Freedom at Midnight സംഘപരിവാര്‍ പാളയത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്ക് നിമിത്തമായിരുന്നു.
സാവര്‍ക്കറുമായി ഗോദ്‌സെക്കുണ്ടായിരുന്ന ഹൃദയബന്ധം സാവര്‍ക്കറെ ഇന്‍ഡ്യന്‍ പൊതുമണ്ഡലത്തില്‍ വിഗ്രഹവത്കരിക്കുവാനുള്ള ബി.ജെ.പി പരിശ്രമങ്ങള്‍ക്ക് എന്നും ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നു. സമര്‍ഥമായി വിസ്മൃതിയില്‍ തള്ളാന്‍ ശ്രമിക്കുന്ന ഗോദ്‌സെ-സാവര്‍ക്കര്‍ ഗാഢസൗഹൃദത്തെ ചര്‍ച്ചചെയ്യാനുള്ള എല്ലാ പരിശ്രമങ്ങളെയും അസഹിഷ്ണുതയോടുകൂടിയാണ് പാര്‍ട്ടി സമീപിക്കാറുള്ളത്. ഗുരുതുല്യം താന്‍ കണ്ടിരുന്ന സാവര്‍ക്കറാല്‍ പ്രചോദിതനായാണ് ഗോദ്‌സെ മഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ണിയാവുന്നത്. അപ്പോഴും ആര്‍.എസ്.എസ് ഗോദ്‌സെയുടെ രക്തത്തിലുണ്ടായിരുന്നു. മഹാരാഷ്ട്രയിലെന്നല്ല, ഇന്‍ഡ്യയില്‍ മുഴുവനായിതന്നെ ശക്തവും വ്യവസ്ഥാപിതവുമായ ഹിന്ദുസംഘാടനത്തിന് കഴിയുന്ന ഒരേയൊരു പ്രസ്ഥാനം ആര്‍.എസ്.എസ് ആണെന്ന് സാവര്‍ക്കര്‍ക്കുതന്നെ ഗോദ്‌സെ എഴുതിയത് നൂറാനി എടുത്തുകാണിക്കുന്നു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് അതിന്റെ ഗോദ്‌സെ മനസ്സ് തികട്ടിവന്ന സന്ദര്‍ഭങ്ങളെയും നൂറാനി ഓര്‍ത്തെടുക്കുന്നുണ്ട്.
1970 ജനുവരി 11ന് ഗാന്ധിക്കുമേല്‍ ‘ജനരോഷ’മാണ് വന്നുവീണതെന്ന് ഓര്‍ഗനൈസര്‍ പത്രാധിപക്കുറിപ്പിലെഴുതിയിരുന്നു. 1997 ഒക്‌ടോബര്‍ 5ന് കോടതിയില്‍ ഗോദ്‌സെ നല്‍കിയ മൊഴിയുടെ പുസ്തകരൂപത്തിന്റെയും ഗോപാല്‍ ഗോദ്‌സെയുടെ ഗാന്ധിവധത്തെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെയും പരസ്യങ്ങളുമായാണ് ഓര്‍ഗനൈസര്‍ പുറത്തുവന്നത്. സാവര്‍ക്കറെ കലവറയില്ലാതെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ഗോദ്‌സെ, സാവര്‍ക്കര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി കരുതലോടെയാണ് വിചാരണ വേളകളില്‍ സംസാരിച്ചത്. സാവര്‍ക്കര്‍ക്കെതിരില്‍ അന്വേഷണത്തിന്റെ മുനതിരിയാനിടയാക്കിയേക്കാവുന്ന വാക്കുകളൊന്നും ഉപയോഗിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. എന്നാല്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഗോദ്‌സെയുമായുള്ള കേവല പരിചയം പോലും നിഷേധിക്കുന്ന തരത്തില്‍ സാവര്‍ക്കര്‍ പെരുമാറിയത് ഗോദ്‌സെയെ വേദനിപ്പിച്ചുവെന്ന് രേഖകള്‍ ഉദ്ധരിച്ച് നൂറാനി സമര്‍ഥിക്കുന്നു.
ഗാന്ധിവധക്കേസില്‍ ഗൂഢാലോചനാകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സാവര്‍ക്കര്‍, ഗോദ്‌സെയുള്‍പ്പെടെയുള്ള സഹപ്രതികളോട് ചെങ്കോട്ടയിലും മറ്റും വെച്ചുനടന്ന വിചാരണകളുടെ സന്ദര്‍ഭങ്ങളില്‍ കുശലാന്വേഷണം നടത്താതിരിക്കാന്‍ പേലും ‘ശ്രദ്ധിച്ചു’. പ്രതികളിലൊരാളായിരുന്ന ഡി.എസ്. പര്‍ച്ചരയുടെ സംഘ് മനസ്സുണ്ടായിരുന്ന അഭിഭാഷകന്‍ പി.എല്‍. ഇനാംദാര്‍ തന്നെയാണ് താന്‍ സാക്ഷിയായ ഈ ‘നാടക’ത്തെക്കുറിച്ച് 1979ല്‍ The Story of the Red Fort Trail 1948-49 എന്ന പുസ്തകത്തില്‍ വിശദമായി എഴുതിയത്. തനിക്ക് ആത്മബന്ധമുള്ള സാവര്‍ക്കറുടെ ഒരു സ്പര്‍ശത്തിന്, അനുഭാവപൂര്‍ണമായ ഒരു വാക്കിന്, ഒന്നുമില്ലെങ്കില്‍ കരുണാര്‍ദ്രമായ ഒരുനോട്ടത്തിന്, നാഥൂറാം ഏറെ ആഗ്രഹിച്ചുവെങ്കിലും അത് സംഭവിച്ചില്ലെന്ന് ഇനാംദാര്‍ പറയുന്നു. ഗാന്ധിവധഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് വികാരഭരിതനായും വിതുംമ്പിയുമെല്ലാം പറഞ്ഞ് ശിക്ഷയില്‍നിന്നൊഴിവായ സാവര്‍ക്കര്‍ പക്ഷെ കുറ്റത്തില്‍ പലനിലക്കും പങ്കാളിയായിരുന്നുവെന്നാണ് ഇനാം ദാറിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാവുക.
ഗോദ്‌സെയും ആപ്‌തെയുമടക്കമുള്ളവര്‍ ഗാന്ധിവധം ആസൂത്രണം ചെയ്യുവാന്‍ വേണ്ടി സാവര്‍ക്കറുടെ വസതിയായ മുംബൈയിലെ സാവര്‍ക്കര്‍ സദനില്‍ പലതവണ ഒത്തുചേര്‍ന്നതിനും സാവര്‍ക്കര്‍ വധത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ പോലും അവയില്‍ നേതൃപരമായ പങ്കുവഹിച്ചതിനും താന്‍ സാക്ഷിയാണെന്ന് ഗോദ്‌സെയുടെ സുഹൃത്ത് ദിഗംബര്‍ ബാഡ്‌ഗെ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ മൊഴിക്കുപുറത്തുള്ള സ്വതന്ത്രമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് സാവര്‍ക്കര്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. ഗൂഢാലോചനയുടെ മുഴുവന്‍ വശങ്ങളും സമഗ്രമായി അന്വേഷിക്കുന്നതിനുവേണ്ടി 1966ല്‍ മുന്‍ സുപ്രീംകോടതി ജഡ്ജ് ജീവന്‍ലാല്‍ കപൂറിന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷനുമുന്നില്‍, ദിഗംബറുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ സാവര്‍ക്കറുടെ അംഗരക്ഷകന്‍ അപ്പാ രാമചന്ദ്രനും സെക്രട്ടറി ഗജനന്‍ വിഷ്ണുവും നല്‍കിയിരുന്നു. കോടതി അന്വേഷിച്ച, ‘ദിഗംബര്‍മൊഴി’ക്കുപുറമെയുള്ള തെളിവുകള്‍ പില്‍കാലത്ത് ലഭിച്ചുവെന്നാണിതിന് അര്‍ഥമെന്ന് നൂറാനി ചൂണ്ടിക്കാണിക്കുന്നു. വര്‍ഗീയ പ്രചരണവും അന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷ് മേലധികാരികള്‍ക്ക് മാപ്പെഴുതിക്കൊടുത്തതും ഗാന്ധിവധഗൂഢാലോചനയുടെ ഭാഗമായതുമടക്കമുള്ള കറകള്‍ ശരീരത്തിലുള്ള ഒരാള്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ ഗാന്ധിയുടെ കൂടെ ആദരപൂര്‍വം പ്രതിമാരൂപത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിലെ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നൂറാനിയുടെ ഇടപെടല്‍ വീണ്ടും തീപിടിപ്പിച്ചേക്കും.