Essay

മുസ്‌ലിം നിർമിതികളും സംഘ്‌ പരിവാർ അസ്വസ്ഥതയും

By Musthafa Thanveer

December 05, 2018

ബാബരി മസ്ജിദ്‌ സംഘ്‌ കർസേവകർ തല്ലിത്തകർത്തിട്ട്‌ നീണ്ട ഇരുപത്തിയാറു സംവത്സരങ്ങൾ പിന്നിട്ടിട്ടും മസ്ജിദ്‌ പുനർനിർമ്മാണം എന്ന പ്രാഥമിക നീതി നടപ്പിലായിട്ടില്ലെന്ന് മാത്രമല്ല, മറ്റനേകം മധ്യകാല മുസ്‌ലിം നിർമിതികൾ ബാബരി മോഡൽ ലക്ഷ്യങ്ങളായി പരിവാരം ഇതിനകം പല രീതിയിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. മുസ്‌ലിം കെട്ടിടങ്ങൾക്കൊപ്പം മുസ്‌ലിം സ്ഥലനാമങ്ങൾ കൂടി അപ്രത്യക്ഷമാകുന്ന ഉത്തർ പ്രദേശ്‌ സാക്ഷാൽകരിക്കാൻ ആണല്ലോ ഷോവിനിസത്തിന്റെ പുതിയ കരുനീക്കങ്ങൾ.

മുസ്‌ലിം ഭരണകാലഘട്ടത്തോടുള്ള വെറുപ്പാണ് ഫാഷിസം എപ്പോഴും ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്ക് ‘തിന്നാന്‍’ കൊടുക്കുന്നത്. മധ്യകാലഘട്ടത്തില്‍ സുല്‍ത്വാന്‍മാരും മുഗളരും പണികഴിപ്പിച്ച ശ്രദ്ധേയമായ കെട്ടിടങ്ങളുടെ തലയെടുപ്പുള്ള ശേഷിപ്പുകള്‍ ആധുനിക ഇന്‍ഡ്യയുടെ അഭിമാനമുദ്രകളായി പരിലസിക്കുന്നത് ഉപഭൂഖണ്ഡത്തിന്റെ ചരിത്രവും സംസ്‌കാരവും നിര്‍മിക്കുന്നതില്‍ അനിഷേധ്യമായ പങ്കാണ് ഉത്തരേന്ത്യയിലെ മുസ്‌ലിം സംസ്‌കൃതിക്കുണ്ടായിരുന്നത് എന്ന വസ്തുതക്ക് ശബ്ദം നല്‍കുന്നത് സംഘ് സൈദ്ധാന്തികരെ അസ്വസ്ഥരാക്കുന്നു. ചരിത്രത്തിന്റെ വലിയ അടയാളങ്ങളെ എളുപ്പത്തില്‍ നിഷ്‌കാസനം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് പൊതുബോധത്തില്‍ അവയ്ക്കുള്ള സ്ഥാനം വ്യത്യാസപ്പെടുത്താനാണ് ഷോവിനിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഒന്നുകില്‍ പി.എന്‍ ഓക്കിനെപ്പോലെയുള്ള, ഇന്‍ഡ്യാചരിത്രമെന്ന പേരില്‍ പരിഹാസ്യമായ പെരുംനുണകള്‍ സമാഹരിച്ചിട്ടുള്ള ഗീബല്‍സുമാരെ ഉദ്ധരിച്ചും പിന്തുടര്‍ന്നും സുല്‍ത്വാന്‍-മുഗള സ്മാരകങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് പില്‍ക്കാലത്ത് ‘തട്ടിയെടുക്കപ്പെട്ട’ പ്രാചീന ഭാരതീയ നിര്‍മിതികളാണെന്ന് വാദിക്കുകയോ അല്ലെങ്കില്‍ ‘വിദേശ’ മുസ്‌ലിം എടുപ്പുകളായതിനാല്‍ അവ ഇന്‍ഡ്യയില്‍നിന്ന് നീക്കം ചെയ്യപ്പെടേണ്ടതാണെന്ന് ആക്രോശിക്കുകയോ ചെയ്തുകൊണ്ടുള്ള സംഘ് പ്രചരണയുദ്ധം കേവലം ഖുത്ബ് മിനാരത്തിന്റെ ഉയരത്തെയോ താജ് മഹലിന്റെ സൗന്ദര്യത്തെയോ അല്ല ഉന്നംവെക്കുന്നത്, പ്രത്യുത മുസ്‌ലിം അപരവല്‍ക്കരണത്തിന്റെ പൂര്‍ണ സാക്ഷാത്കാരത്തിനുള്ള ‘ചരിത്രപരമായ തടസ്സങ്ങള്‍’ നീങ്ങിക്കിട്ടലും ഹിന്ദുക്കളുടെ വര്‍ഗീയ ഏകോപനവുമാണ്.

ഇപ്പോള്‍ കേവലം തമാശകളായി തോന്നിയേക്കാവുന്ന മുസ്‌ലിം ഭരണത്തിന്റെ പല നാഗരിക അവശിഷ്ടങ്ങളുമായും ബന്ധപ്പെട്ട സംഘ് അവകാശവാദങ്ങള്‍ക്ക് ചോരപ്പുഴകളൊഴുക്കാനും മുകളില്‍ സൂചിപ്പിച്ച കുത്സിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള കെല്‍പ് കൈവരാന്‍ സമയം മാത്രമാണ് ആവശ്യമുള്ളതെന്ന് ബാബ്‌രി മസ്ജിദ് ദുരന്തത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ വ്യക്തമാകും. നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള, ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കാര്‍ക്കും വസ്തുനിഷ്ഠബന്ധങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ ജനതയെ ധ്രുവീകരിക്കാനും അതിലൊരു വിഭാഗത്തെ പ്രതിപ്പട്ടമണിയിച്ച് കല്ലെറിഞ്ഞു കൊല്ലാനും തലച്ചോറിനെ ‘പ്രാപ്തമാക്കുന്ന’ ഭ്രാന്തിന്റെ പേരാണ് ഹിന്ദു ദേശീയത; അത് വിജയിക്കുന്ന സാംസ്‌കാരികസ്ഥലിയുടെ പേരാണ് ആർ എസ്‌ എസിന്‌ ഭാരതം!

ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പടയോട്ടങ്ങള്‍ നയിച്ച, ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ഗസ്‌നി ഭരിച്ചിരുന്ന മുഇസ്സുദീന്‍ മുഹമ്മദ് ഗൂറി 1192ല്‍ പ്രഥ്വിരാജ് ചൗഹാനെ താനേശ്വറിനടുത്തുള്ള തറായിനില്‍വെച്ച് തോല്‍പിച്ചതോടെയാണ് വടക്കേ ഇന്‍ഡ്യയില്‍ സുല്‍ത്വാന്‍ ഭരണം ആരംഭിക്കുന്നത്. യുദ്ധാനന്തരം ഗസ്‌നിയിലേക്ക് മടങ്ങിയ മുഹമ്മദിന്റെ പ്രതിനിധിയായി ‘ഇന്‍ഡ്യന്‍ പ്രവിശ്യ’ ഭരിച്ചത് ഖുത്‌ബുദ്ദീന്‍ ഐബക് എന്ന പേരില്‍ വിശ്രുതനായിത്തീര്‍ന്ന, തറായിന്‍ യുദ്ധത്തില്‍ ഗസ്‌നി സൈന്യത്തിന്റെ തലപ്പത്തുണ്ടായിരുന്ന പ്രഗല്‍ഭനായ അടിമവംശ പടയാളിയായിരുന്നു. മുഹമ്മദിന്റെ മരണത്തോടെ ഖുത്ബുദ്ദീന്റെ സാരഥ്യത്തില്‍ ഡല്‍ഹിയില്‍ സുല്‍ത്വാന്‍ കാലഘട്ടത്തിന് സ്വതന്ത്രമായ അസ്തിവാരമായി.

മധ്യകാല മുസ്‌ലിം രാജ്യനൈതികതയുടെ ഭാഷയും രൂപകങ്ങളുമാണ് സാമ്രാജ്യത്വ വികസനത്തിന് മുഹമ്മദ് ഗൂറിയും ഖുത്ബുദ്ദീന്‍ ഐബക്കുമെല്ലാം ഉപയോഗിക്കുക എന്ന കാര്യം അവരുടെ സ്ഥലകാലത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അതിനെ നമ്മളിന്നുള്ള ലോകക്രമത്തിന്റെ യുക്തികളുപയോഗിച്ച് വിശകലനം ചെയ്യുന്നത് തികച്ചും അര്‍ത്ഥശൂന്യമായ ഏര്‍പ്പാടായിരിക്കും. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍, റഷ്യ, തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളുടെയെല്ലാം സാംസ്‌കാരികവും ദാര്‍ശനികവും വംശീയവുമായ ഘടകങ്ങള്‍ ഇടകലര്‍ന്നുനിന്ന സമൃദ്ധമായ നാഗരിക വൈവിധ്യമാണ് ക്വുത്വ്ബുദ്ദീനും സംഘവും വഴി ഇന്‍ഡ്യയിലെത്തിയത്. അബ്ബാസി ഖിലാഫത്ത് താര്‍താരികളുടെ കടന്നാക്രമണത്തില്‍ പതറിക്കൊണ്ടിരുന്ന സമയമായതിനാല്‍ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഖിലാഫത്തിനു കീഴിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളില്‍നിന്ന് പ്രഖ്യാതരായ പല മുസ്‌ലിം ബുദ്ധിജീവികളും താരതമ്യേന സുരക്ഷിതവും ഭദ്രവുമായ ഇസ്‌ലാമികരാജ്യമെന്ന നിലയില്‍ ഖുത്ബുദ്ദീന്റെയും ഇര്‍തുമിഷിന്റെയും ഇന്‍ഡ്യയിലെത്തിയതും ഇന്‍ഡ്യന്‍ ബഹുസ്വരതയെ സമ്പന്നമാക്കി. മുഈനുദ്ദീന്‍ ചിശ്തിയെപ്പോലുള്ളവര്‍ ഉപഭൂഖണ്ഡത്തിലെത്തിയ രാഷ്ട്രീയ സാഹചര്യം ഇതാണെന്നാണ് മനസ്സിലാകുന്നത്.

ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്രത്തെയും രാജ്യനയങ്ങളെ സാധൂകരിക്കുവാന്‍ വേണ്ടി അടിമവംശ സ്ഥാപകര്‍ വ്യാഖ്യാനിച്ചിരുന്നുവെന്ന് ഖുത്ബുദ്ദീന്‍ (മതത്തിന്റെ അച്ചുതണ്ട് എന്നര്‍ത്ഥം; ചില രേഖകളില്‍ ഖുത്ബുദ്ദൗലതി വദ്ദീന്‍ -രാഷ്ട്രത്തിന്റെയും മതത്തിന്റെയും അച്ചുതണ്ട്) എന്ന അപരാഭിധാനം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡ്യയിൽ ഇസ്‌ലാമിക ചിഹ്നങ്ങള്‍ ധാരാളമുള്ള ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാനും അവര്‍ സ്വാഭാവികമായും ശ്രമിച്ചിരുന്നിരിക്കണം. ചരിത്രത്തില്‍ രാജവംശങ്ങളെല്ലാം തങ്ങള്‍ പിന്തുടര്‍ന്നിരുന്ന മതങ്ങളുടെ ഭൗതിക സാക്ഷാത്കാരത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്ത ഒരു കാലത്തെക്കുറിച്ചാണല്ലോ നാം ചര്‍ച്ച ചെയ്യുന്നത്. തെക്കന്‍ ഡല്‍ഹിയിലെ മെഹറോളിയില്‍ പ്രതാപമുള്ള ഒരു ഇസ്‌ലാമിക ആരാധനാ സമുച്ചയം ഖുത്ബുദ്ദീന്‍ പണികഴിപ്പിച്ചുതുടങ്ങിയത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണ്. പുതിയൊരു പ്രദേശത്തെത്തിയ മുസ്‌ലിം സാമൂഹികതക്ക് സ്വാഭാവികമായും ആദ്യമാവശ്യം വിപുലമായ പള്ളിയും അനുബന്ധ സൗകര്യങ്ങളുമാണല്ലോ. നമസ്‌കാരത്തിനും മതപഠനത്തിനും സൗകര്യങ്ങളുള്ള സമുച്ചയത്തിന്റെ അടയാളമെന്ന നിലയില്‍ ഖുത്ബുദ്ദീന്‍ പണി കഴിപ്പിച്ച മിനാരത്തെയാണ് നാമിന്ന് ഖുത്ബ് മിനാര്‍ എന്നു വിളിക്കുന്നത്. അതിന്റെ ആദ്യനില മാത്രമാണ് അദ്ദേഹം ഉണ്ടാക്കിയത്. ബാക്കിയുള്ളവ ഇല്‍തുമിഷും തുടര്‍ഭരണാധികാരികളും നിര്‍മിച്ചവയാണ്. ഖുത്ബ് മിനാറിനെ പ്രാചീന ഹിന്ദു ആകാശ നിരീക്ഷണ ഗോപുരമായി സമര്‍ത്ഥിച്ച് ഖുത്ബുദ്ദീനെ ഇന്‍ഡ്യാ ചരിത്രത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ വെബ്‌സൈറ്റുകള്‍, അസന്നിഗ്ധമായ ചരിത്ര വസ്തുതകളെ ആള്‍ക്കൂട്ടത്തിന്റെ ആരവബലം മാത്രമുപയോഗിച്ച് മണ്ണിട്ടുമൂടാനാണ് ശ്രമിക്കുന്നത്. ഹിന്ദു ഭരണാധികാരികള്‍ പടുകൂറ്റന്‍ ക്ഷേത്രങ്ങളുണ്ടാക്കാന്‍ ഉത്സാഹിച്ചതുപോലെ മുസ്‌ലിം ഭരണാധികാരികള്‍ മനോഹരമായ മിനാരഗോപുരങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണെന്നും ചരിത്രത്തെ ചരിത്രമായി മനസ്സിലാക്കുന്നതിനുപകരം നമ്മുടെ ഇഷ്ടങ്ങളിലേക്ക് അതിനെ ഒടിക്കാനും നിവര്‍ത്താനും ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും മനസ്സിലാക്കാനുള്ള ബൗദ്ധികനിലവാരം വരെ ‘ദേശീയത’യുടെ വിഭ്രാന്തി പലര്‍ക്കും ഇല്ലാതാക്കുകയാണ്.

ഖുത്ബുദ്ദീന്‍ പണികഴിപ്പിച്ച മിനാരത്തില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ള ഖുര്‍ആന്‍ വാക്യങ്ങളിലൊന്ന് ‘മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരമില്ല’ എന്ന അര്‍ത്ഥത്തിലുള്ള ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ (2:256) ആണെന്ന കാര്യം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. ഇസ്‌ലാമിക പാരമ്പര്യത്തില്‍ അഭിമാനിക്കുകയും അതിനെ തങ്ങള്‍ ശരിയെന്നു മനസ്സിലാക്കിയ രീതിയില്‍ ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇന്‍ഡ്യയിലെ മുസ്‌ലിം ഭരണാധികാരികള്‍, അമുസ്‌ലിംകളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കരുതെന്ന ഖുര്‍ആനികതത്ത്വം ഉയര്‍ത്തിപ്പിടിച്ചവരുമായിരുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം ഭരണം സ്ഥാപിക്കപ്പെട്ടപ്പോള്‍ ഉണ്ടാക്കിയ പടുകൂറ്റന്‍ മിനാരത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തില്‍ നിന്ന് വിലക്കുന്ന ഖുര്‍ആന്‍ വചനം പ്രാധാന്യപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ടുവെന്ന വസ്തുത, മധ്യകാല ഇന്‍ഡ്യയെക്കുറിച്ചുള്ള വര്‍ഗീയ വ്യവഹാരങ്ങളെയെല്ലാം പൊളിക്കാന്‍ ശേഷിയുള്ളതാണ്.

സുല്‍ത്വാന്‍മാരുടെയും ബാബര്‍, ഹൂമയൂണ്‍ എന്നീ മുഗള്‍ രാജാക്കന്‍മാരുടെയും കാലത്ത് ‘ഡല്‍ഹി’ പ്രധാനമായും മെഹ്‌റോളി-തുഗ്ലക്കാബാദ്-നിസാമുദ്ദീന്‍ ഭാഗങ്ങളുള്‍ക്കൊള്ളുന്ന ഇന്നത്തെ മഹാനഗരത്തിന്റെ തെക്കന്‍ പരിഛേദമായിരുന്നു. ചെങ്കോട്ടയും ജുമാമസ്ജിദും നിര്‍മിക്കുകയും അവയെ കേന്ദ്രമാക്കി ഷാജഹാനാബാദ് എന്ന, ഇന്ന് നാം പഴയ ഡല്‍ഹി എന്നുവിളിക്കുന്ന നഗരസ്ഥലി പടുത്തുയര്‍ത്തുകയും ചെയ്തത് ഷാജഹാനാണ്. മുഗള ആഗമനത്തിനുമുമ്പുതന്നെ ആഗ്രയിലുണ്ടായിരുന്ന പഴയ കോട്ട ഡല്‍ഹിയിലേതുപോലെത്തന്നെയുള്ള മനോഹരമായൊരു ചെങ്കോട്ടയാക്കി വിപുലീകരിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്ത ഷാജഹാന്‍ ആഗ്രയിലെ മുഗള ആവാസവ്യവസ്ഥയുടെ സിരാകേന്ദ്രം അക്ബറിന്റെ സിക്കന്ദ്രയില്‍നിന്ന് ആഗ്രാ ചെങ്കോട്ടയിലേക്ക് ലബ്ധപ്രതിഷ്ഠമാക്കുന്നതിലും വിജയിച്ചു. ഡല്‍ഹിക്കും ആഗ്രക്കും പുറമെ ലാഹോറിലും ഷാജഹാന്‍ മനോഹരമായ ഒരു ചെങ്കോട്ട നിര്‍മിച്ചു.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തപ്പെടുന്നതുവരെ മുഗളകൊട്ടാരമായി തലയുയര്‍ത്തി നിന്ന ഡല്‍ഹിയിലെ ചെങ്കോട്ടയുടെ ഇന്‍ഡ്യയുടെ അധികാരകേന്ദ്രമെന്ന നിലയിലുള്ള ഭൂമിശാസ്ത്രപരവും ശില്‍പകലാപരവും വൈകാരികവും രാഷ്ട്രീയവുമായ പ്രസക്തിയും പ്രാധാന്യവും പ്രഭാവവും അതിനുശേഷം വിവിധ കാലങ്ങളില്‍ രാജ്യത്തെ നയിച്ചവര്‍ക്കെല്ലാം സുവ്യക്തമായിരുന്നു. ബ്രിട്ടീഷ് പിന്മാറ്റം വഴി സാധ്യമായ ആധുനിക ജനാധിപത്യ മതനിരപേക്ഷ സ്വതന്ത്ര ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എല്ലാ വര്‍ഷവും ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തേണ്ട വേദിയായി ചെങ്കോട്ട നിശ്ചയിക്കപ്പെട്ടത് യാദൃഛികമല്ല. ഇന്‍ഡ്യാരാജ്യത്തിന്റെ ചരിത്രവും അഖണ്ഡതയും പ്രൗഢിയും ലോകത്തിനുമുന്നില്‍ വിളംബരം ചെയ്യുന്ന പകരം വെക്കാനില്ലാത്ത ദേശീയ ചിഹ്നമായി മുഗള മുസ്‌ലിം സാമ്രാജ്യത്തിന്റെ കൊട്ടാരം നിലനില്‍ക്കുന്നത് സംഘ് ബുദ്ധിജീവികളുടെ സാംസ്‌കാരിക ഉപജാപങ്ങള്‍ക്ക് ദഹനക്കേടുണ്ടാക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇന്‍ഡ്യയുടെ തലസ്ഥാനനഗരിയും അതിനെ അദ്വിതീയമാക്കുന്ന എടുപ്പുകളും ഷാജഹാന്‍ എന്നൊരു മുസ്‌ലിം പേരുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്നതിന്റെ പ്രയാസം മറികടക്കാന്‍ ഷാജഹാനാബാദിന്റെ ചെറുതും വലുതുമായ എല്ലാ സ്മൃതിമുദ്രകള്‍ക്കുമെതിരില്‍ പരിവാരത്തിന്റെ ‘തീസിസും’ കര്‍സേവയും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

മുഗള കൊട്ടാരവും സാമ്രാജ്യവും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ എക്കാലത്തെയും വലിയ പറുദീസകളിലൊന്നായിരുന്നുവെന്ന വസ്തുതയെ പാടുപെട്ട് മറച്ചുവെച്ചാണ് ചെങ്കോട്ടയുടെ ശില്‍പികള്‍ക്കെതിരിലുള്ള വിദ്വേഷത്തിന്റെ ചരടില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ പരിവാരം ധൃഷ്ടമാക്കുന്നത്. ജഹാംഗീറിനും ഷാജഹാനുമെല്ലാം കീഴില്‍ ഹിന്ദുജീവിതം എത്ര സ്വസ്ഥമായിരുന്നുവെന്നറിയാന്‍ അവരുടെ കാലത്ത് കൊട്ടാരത്തിലെ ഉന്നതോദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ബ്രാഹ്മണന്‍ ചന്ദര്‍ബന്റെ പ്രശസ്ത രചനകളായ താരീഖ്-എ-രാജായി ദില്ലിയും ചഹാര്‍ ചമനും വായിച്ചുനോക്കിയാല്‍ മതിയാകും. ഹിന്ദു ഇന്‍ഡ്യക്കേറ്റ മരണപ്രഹരമായി മുസ്‌ലിം ഭരണാധികാരികളുടെ രംഗപ്രവേശനത്തെ വിഭാവനം ചെയ്യുന്ന ഹിന്ദു ദേശീയതയുടെ ചരിത്രവിരുദ്ധതയെ മുഗള ഭരണകാലത്തെ ഈ ഹിന്ദു അനുഭവ രേഖകള്‍ ആഴത്തില്‍ പൊള്ളിക്കുമെന്ന കാര്യമുറപ്പാണ്.

മുംതാസിനെ അടക്കാന്‍ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഷാജഹാന്‍ ആഗ്രയില്‍ പണികഴിപ്പിച്ച താജ് മഹലിനെ തേജോ മഹാലയ ശിവക്ഷേത്രമാക്കാന്‍ ‘ധൈര്യം’ കാണിക്കുന്നവരോട് ചരിത്രരചനാശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് സംവാദത്തിനു പോകുന്നതൊക്കെ ശുദ്ധ ബോറാണ്. എന്നാല്‍ ആ ‘ധൈര്യം’, മുസ്‌ലിമിനെ പച്ചക്കു കൊന്നുതിന്നാനുള്ള കൂടുതല്‍ ഭീകരമായ ‘ധൈര്യ’ത്തിന്റെ നിസ്സാരമായ മഞ്ഞുമലാഗ്രം മാത്രമാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. യു.പിയുടെ അധികാരത്തിലിരിക്കുമ്പോള് സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രം ലോകത്തുടനീളം താജ്‌ മഹൽ എന്ന മുസ്‌ലിം നിര്‍മിതിയാണെന്നു വരുന്നത് ദേശീയതയെ നേര്‍പിക്കുമെന്ന് യോഗി ആദിത്യനാഥ പ്രഭൃതികള്‍ക്ക് തോന്നുന്നതില്‍  അപ്രതീക്ഷിതമായി യാതൊന്നുമില്ല. അതിനെ പൈതൃകപട്ടികകളില്‍ നിന്നുമാത്രമല്ല, മണ്ണില്‍നിന്നുതന്നെ വെട്ടിമാറ്റിയാലേ അവര്‍ക്ക് ഉറക്കം സുഖമാകാന്‍ സാധ്യതയുള്ളൂ. കാരണം അത്ര മാരകമായ വിഷം ഉള്ളിലെടുത്താണ് അവരുടെ തലച്ചോര്‍ വികസിപ്പിച്ചിരിക്കുന്നത്.

ബാബ്‌രിയുടെ മുന്നനുഭവം വെച്ച് ഖുത്‌ബ് മിനാറിനെയും താജ് മഹലിനെയും ചുറ്റിപ്പറ്റിയുണ്ടാകുന്ന പുതിയ സംഘ് കാംപയ്‌നെ ഗൗരവതരമായി വിശകലനം ചെയ്യാനും ഫലപ്രദമായി ചെറുക്കാനും മതനിരപേക്ഷ ഇന്‍ഡ്യക്കുവേണ്ടി നിലകൊള്ളുന്നവര്‍ വിട്ടുവീഴ്ചയില്ലാതെ സന്നദ്ധമാകേണ്ടതുണ്ട്. ഇന്‍ഡ്യ എന്താണെന്ന ചോദ്യത്തിന് അത് പടുത്തുയര്‍ത്തിയ ഭരണാധികാരികളില്‍ ഖുത്‌ബുദ്ദീന്‍ ഐബക് മുതല്‍ ബഹദൂര്‍ശാ സഫര്‍ വരെയുള്ള മുസ്‌ലിംകള്‍ ഏറെ ശ്രദ്ധേയരാണ് എന്ന സത്യസന്ധമായ ഉത്തരം നല്‍കപ്പെടുന്ന സാഹചര്യത്തെ ചവിട്ടിമെതിച്ച് നിശബ്ദമാക്കാനുള്ള ഒരു ഷോവിനിസ്റ്റ് സൃഗാലതയും വിലപ്പോകില്ലെന്ന് പ്രായോഗികമായി കാണിക്കുവാന്‍ അവര്‍ക്കാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ചരിത്രസംരക്ഷണത്തിന്റെ ഭാവി. ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ അനുകൂലിക്കുന്നവര്‍ മാത്രമല്ല, അതിനെ മസ്ജിദിനുപകരം ‘തര്‍ക്കമന്ദിരം’ ആയി അവതരിപ്പിക്കുവാന്‍ സങ്കോചമില്ലാത്തവരും ബാബരിയുടെ മണ്ണിൽ യൂനിവേഴ്സിറ്റിയാണ്‌ അഭികാമ്യം എന്ന് കണ്ടെത്തുന്നവരും നമ്മുടെ ഭരണഘടനക്ക്‌ ചരമക്കുറിപ്പെഴുതുക തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടേ മതിയാകൂ.

1947 ഓഗസ്റ്റ് 15ന് രാജ്യം സ്വതന്ത്രമാകുമ്പോള്‍ ഉള്ള ചരിത്രസ്മാരകങ്ങളെ അതേപടി സംരക്ഷിക്കുകയാണ് റിപ്പബ്ലിക്കിന്റെ സാംസ്‌കാരിക ധര്‍മമെന്നും പ്രസ്തുത സ്മാരകങ്ങള്‍ നൂറ്റാണ്ടുകള്‍ക്കമുമ്പ് മറ്റേതോ മതവിശ്വാസ പ്രകാരമുള്ള നിര്‍മിതികളെ തകര്‍ത്തുകൊണ്ടാണെന്നുമുള്ള അവകാശവാദങ്ങള്‍ എവിടെ നിന്നെങ്കിലുമുയര്‍ന്നാല്‍ അവയ്ക്കനുസൃതമായി സ്മാരകങ്ങളില്‍ കൈവെക്കുന്നത് നിയമവാഴ്ചയുടെ തത്ത്വങ്ങള്‍ക്കെതിരാണെന്നുകൂടി ഇത്തരുണത്തില്‍ ശക്തമായി സ്പഷ്ടമാക്കപ്പെടേണ്ടതുണ്ട്. സംഘ്പരിവാറിന്റെ പച്ചയായ ചരിത്രനിഷേധത്തെ തുറന്നു കാണിക്കുമ്പോള്‍ തന്നെ, ആക്രമണോത്സുക ദേശീയതയുടെ ആന്ധ്യം ബാധിച്ചവര്‍ ചരിത്രത്തെക്കുറിച്ചു നടത്തുന്ന ആവേശ പ്രസംഗങ്ങള്‍ കേട്ട് രാജ്യത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ എന്തൊക്കെ നിലനില്‍ക്കണം, നിലനില്‍ക്കേണ്ടതില്ല എന്നു തീരുമാനിക്കാന്‍ ഒരു ആധുനിക റിപ്പബ്ലിക്കിനാവില്ല എന്നും ഭരണാധികാരികളും കോടതികളും ഓര്‍ത്തേ പറ്റൂ. ബാബ്‌രിയുടെ മണ്ണുമാന്തി ക്ഷേത്രാവഷ്ടങ്ങള്‍ തിരയാന്‍ പറഞ്ഞ് ബാബ്‌രിപള്ളി പ്രശ്‌നത്തില്‍ തീര്‍പ്പുപറയാന്‍ ആ ഗവേഷണത്തിന്റെ ഫലം കാത്തുനില്‍ക്കുന്ന തരം ഹാസ്യനാടകങ്ങള്‍ ഇന്‍ഡ്യ എന്ന ആധുനിക ആശയത്തിന്റെ എല്ലാ സൗന്ദര്യത്തെയും കെടുത്താന്‍ മാത്രം ഭീഷണമായ തട്ടിപ്പുകളാണ്. അവ ആവര്‍ത്തിക്കുകയെന്നാല്‍ മതനിരപേക്ഷതക്ക് ശവക്കച്ചയൊരുങ്ങുക എന്നു തന്നെയാണര്‍ത്ഥം.