ജനാധിപത്യത്തിനുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് മുറവിളികള്‍ ഒരു കേരളീയ അസംബന്ധം മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് ഭൗതികവാദത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കത്തെ പരിചയമുള്ളവര്‍ക്കെല്ലാമറിയാം. പാര്‍ട്ടി സമഗ്രാധിപത്യം നിലവില്‍ വരുത്താനുള്ള പരിശ്രമങ്ങളുടെ വഴിയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കാത്ത ഏകാധിപത്യ ഭരണകൂടങ്ങളെയാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത് എന്നത് ഒരു കേവല വസ്തുത മാത്രമാണ്. മനുഷ്യരെ കേവലം പദാര്‍ത്ഥ സംയുക്തങ്ങളും മൃഗതുല്യരുമായി കാണുന്ന ഒരു ഭൗതികവാദ ദര്‍ശനത്തിന്റെ ആദര്‍ശമൂശയില്‍ വാര്‍ക്കപ്പെട്ടവരെന്ന നിലയ്ക്ക് വിയോജിക്കുന്ന പൗരന്‍മാരുടെ അവകാശങ്ങളോ ജീവന്‍ തന്നെയോ ക്രൂരമായി ഗളഛേദം ചെയ്യപ്പെടുന്നത് അപരാധമായി കാണാന്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്ക് കഴിയില്ല. കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന നാടുകളിലെല്ലാം ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും കശാപ്പു ചെയ്യപ്പെടുകയാണ് ചെയ്തത് എന്നറിയാത്തവരല്ല മനുഷ്യാവകാശങ്ങളുടെ മൊത്ത വിതരണക്കാരായി അഭിനയിക്കുന്ന മലയാളി ഇടതു ബുദ്ധിജീവികള്‍. കേരളീയ പൊതുമനസ്സിനെ സമര്‍ഥമായി വഞ്ചിച്ച് പുരോഗമന മേല്‍വിലാസവുമായി നടക്കുന്ന കാപട്യക്കാരാണവര്‍. ഭരണകൂടങ്ങളുടെ അധികാര മുഷ്‌കിനെതിരെയുള്ള ആത്മാര്‍ത്ഥമായ വികാരങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവികളെ നയിക്കുന്നതെങ്കില്‍ ഈ മാസം അവരുടെ വിശകലനങ്ങള്‍ക്ക് വിധേയമാകേണ്ടത് ഒരു ചൈനീസ് നിഷ്ഠൂരതയാണ്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടത്തിയ കുപ്രസിദ്ധമായ കൂട്ടനരഹത്യയുടെ ഇരുപത്തിയൊൻപതാം വാര്‍ഷികമാണ് 2018 ജൂണ്‍ നാല്. കമ്മ്യൂണിസ്റ്റ് ഭൗതികവാദികളുടെ കാപാലികത്വത്തിന് കാല്‍നൂറ്റാണ്ട് തികഞ്ഞ 2014 ജൂണ്‍ ആദ്യവാരം ലോകമെമ്പാടും അതുസംബന്ധമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുകയും അപഗ്രഥന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു; ചൈനയിലും നമ്മുടെ സ്വന്തം കേരളത്തിലുമൊഴിച്ച്! ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയറിനെക്കുറിച്ച് ഉച്ചത്തില്‍ മിണ്ടിപ്പോകരുതെന്ന ഭരണകൂട വിലക്ക് അന്നുമുതല്‍ ഇന്നുവരെയുള്ളതാണ്. കേരളത്തില്‍ വിഷയം ചര്‍ച്ചയാകാതിരിക്കുന്നത് നമ്മുടെ ബുദ്ധിജീവികളുടെ പക്ഷപാതിത്വം കൊണ്ടുതന്നെ. കമ്മ്യൂണിസത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് സംസാരിക്കുന്നവന് സാംസ്‌കാരിക കേരളം ഊരുവിലക്ക് പ്രഖ്യാപിക്കുമെന്ന് ‘പ്രായോഗികമതികളായ’ ബുദ്ധിജീവികള്‍ക്കുമുഴുവന്‍ ബോധ്യമുണ്ട്. അങ്ങനെ, ‘ബുദ്ധിജീവികള്‍ക്കും ജീവിക്കേണ്ടേ സാര്‍’ എന്നൊരു ചോദ്യം വൃത്തികെട്ട ഈ മൗന വാല്‍മീകത്തില്‍നിന്ന് തലനീട്ടുന്നുണ്ട്.
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പാര്‍ലമെന്റ് സമ്മേളിക്കുന്ന ബീജിംഗിലെ പീപ്പിള്‍സ് ഹാളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരചത്വരങ്ങളിലൊന്നാണ്. മധ്യകാലഘട്ടത്തില്‍ ചൈനീസ് രാജാക്കന്‍മാര്‍ നിര്‍മിച്ച ‘ടിയാനന്‍മെന്‍’ എന്ന് പേരുള്ള ചരിത്രപ്രസിദ്ധമായ കൂറ്റന്‍ കവാടമാണ് ചത്വരനാമത്തിനാധാരം. 1989ലാണ് ഒരു ലക്ഷത്തോളം വരുന്ന വമ്പന്‍ ജനാവലിയുടെ -അവരില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു- പ്രതിഷേധ പ്രകടനത്തിന് ടിയാനന്‍മെന്‍ ചത്വരം വേദിയായത്. തൊള്ളായിരത്തിയെണ്‍പതുകളുടെ രണ്ടാം പകുതി കമ്മ്യൂണിസ്റ്റുകള്‍ക്ക് ഓര്‍ക്കാനിഷ്ടമുണ്ടാകില്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടത് തിരിച്ചറിഞ്ഞ് ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയ്ക്കയും പ്രഖ്യാപിക്കുകയും സോവിയറ്റ് യൂണിയന് ചരമക്കുറിപ്പെഴുതുകയും ചെയ്ത് ‘വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍’ ഇനിയുണ്ടാകില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മിഖായില്‍ ഗോര്‍ബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതൃത്വത്തിലേക്ക് വരുന്നത് 1985ലാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യു. എസ്. എസ്. ആറില്‍നിന്നുകേട്ട കുമ്പസാരങ്ങളും സംഭവിച്ച ശിഥിലീകരണങ്ങളും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മുഴുവന്‍ അലയൊലികളുണ്ടാക്കി. 1989ല്‍ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ‘ചുവന്ന ഭൂത’ത്തില്‍നിന്ന് വിമുക്തി നേടി. 1989 ഒക്ടോബര്‍ 23നാണ് ഹംഗറി കമ്മ്യൂണിസത്തെയുപേക്ഷിച്ച് ജനാധിപത്യത്തിലേക്ക് പ്രവേശിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുതലാളിത്ത രാജ്യമായ പശ്ചിമ ജര്‍മനിയിലേക്ക് ജനങ്ങള്‍ രക്ഷപ്പെടുന്നതൊഴിവാക്കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന കിഴക്കന്‍ ജര്‍മനി 1961ല്‍ നിര്‍മിച്ച കുപ്രസിദ്ധമായ ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടത് 1989 നവംബര്‍ ഒമ്പതിനായിരുന്നു. 1989 ഡിസംബര്‍ 10നാണ് വില്ലീസ് വിപ്ലവത്തിലൂടെ കമ്മ്യൂണിസത്തോട് ഗുഡ്‌ബൈ പറഞ്ഞ ചെക്കോസ്ലോവാക്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇങ്ങനെ കമ്മ്യൂണിസ്റ്റ് പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ ലോകവ്യാപകമായി പൊട്ടിത്തകര്‍ന്ന വര്‍ഷം എന്ന നിലയിലാണ് 1989 ചരിത്രത്തില്‍ സവിശേഷമായി മാറുന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടായ ഈ ചലനങ്ങളുടെ കൂടി പശ്ചാതലത്തിലാണ് 1989ല്‍ ചൈനയില്‍ ബീജിംഗ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ ധൈഷണിക നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമുണ്ടായത്.
പൗരാവകാശങ്ങള്‍ക്കും അധികാര വികേന്ദ്രീകരണത്തിനുംവേണ്ടി 1987ല്‍ ചൈനയില്‍ നടന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തോട് മൃദുസമീപനം സ്വീകരിച്ചുവെന്ന ‘കുറ്റം’ ചുമത്തപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഹുയാവോ ബോംഗ് 1989 ഏപ്രില്‍ 15ന് ഹൃദായാഘാതം മൂലം മരണപ്പെട്ട വൈകാരിക സന്ദര്‍ഭത്തെ സമരം വീണ്ടും സജീവമാക്കാനുള്ള രാസത്വരകമായി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കഴിഞ്ഞു. സമരം തികച്ചും സമാധാനപരമായിരുന്നു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും കവിതകള്‍ ആലപിച്ചും സന്ദേശ ബോര്‍ഡുകളുയര്‍ത്തിയും നിരാഹാരം കിടന്നും ടിയാനന്‍മെന്‍ ചത്വരത്തെ ജനാധിപത്യ സമരത്തിന്റെ ഹൃദയഭൂമിയാക്കി മാറ്റിയ പതിനായിരക്കണക്കിന് ചൈനീസ് പൗരന്‍മാര്‍ തീര്‍ത്തും നിരായുധരായിരുന്നു. എന്നാല്‍ ജൂണ്‍ മൂന്നാം തീയതി രാത്രിയോടുകൂടി അവരെ ലക്ഷ്യംവെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കവചിത വാഹനങ്ങള്‍ എല്ലാ യുദ്ധ സന്നാഹങ്ങളോടുംകൂടി പുറപ്പെട്ടു.
വഴിയിലുടനീളം നിരായുധരായ സമരക്കാരെ കൊന്നൊടുക്കരുതെന്നഭ്യര്‍ത്ഥിച്ച് പട്ടാള ടാങ്കുകളെ തടയാന്‍ ശ്രമിച്ച സിവിലിയന്‍മാരെ ബലം പ്രയോഗിച്ച് മറികടന്നുകൊണ്ട് ചത്വരത്തിലെത്തിയ സൈന്യം ജൂണ്‍ നാലിന് അവിടം ഒരു കുരുതിക്കളമാക്കി മാറ്റി. ആയിരക്കണക്കിന് നിസ്സഹായരായ ചൈനക്കാരുടെ നെഞ്ചു പിളര്‍ത്ത് വെടിയുണ്ടകള്‍ തലങ്ങും വിലങ്ങും പറന്നു. വിശാലമായ ഒരു ഭൂതലം മുഴുവന്‍ ഏകപക്ഷീയമായ ഭരണകൂടാക്രമണം വഴി ആ ഭരണകൂടത്തിന്റെ തന്നെ നിരായുധരായ പ്രജകളുടെ ചുടുരക്തം കൊണ്ട് ചെഞ്ചായമണിഞ്ഞ ദാരുണമായ രംഗത്തിന് ചൈന സാക്ഷിയായി. ചത്വരം സമരക്കാരെ തുടച്ചുനീക്കി ‘വൃത്തിയാക്കിയ’തിന്റെ പിറ്റേന്ന് (ജൂണ്‍ 5) നരമേധം തുടരാനിറങ്ങിയ ഒരു സൈനിക ടാങ്കുനിരയെ നടുറോഡില്‍ തടയാന്‍ തന്നാലാവുംവിധം ശ്രമിച്ചുനോക്കിയ ഒരു ചൈനീസ് പൗരനെ വഴിയില്‍നിന്ന് വലിച്ചുനീക്കി ‘ദൗത്യനിര്‍വഹണം’ തുടരാനായി പട്ടാളക്കാര്‍ മുന്നോട്ടുപോകുന്ന വീഡിയോ ദൃശ്യം ഒരു പത്രപ്രവര്‍ത്തകന്റെ കാമറയില്‍ പതിഞ്ഞത് ചൈനീസ് ഭരണകൂട ഭീകരതയുടെ നിത്യസ്മാരകമായി അന്താരാഷ്ട്ര ചാനലുകളിലിടം പിടിച്ചു. യൂറ്റ്യൂബിൽ ഇന്നും ലഭ്യമായ പരാമൃഷ്ട വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനകം വീക്ഷിച്ചുകഴിഞ്ഞിട്ടുള്ളത്.
ഇന്റര്‍നെറ്റ് തുറന്നുതരുന്ന അനേകം സാധ്യതകള്‍ ഉള്ളതുകൊണ്ട് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ അഴിഞ്ഞാടിയ ചുകപ്പു ഭീകരതയെക്കുറിച്ചറിയാന്‍ കേളുവേട്ടന്‍ പഠനകേന്ദ്രത്തിലിരുന്നുകൊണ്ടും ഇക്കാലത്ത് കഴിയുമെന്നുറപ്പാണ്. എന്നിട്ടും നമ്മുടെ അയല്‍രാജ്യത്തു നടന്ന ഭയാനകമായ ആ ജനാധിപത്യ ധ്വംസനത്തിന്റെ ചോര പൊടിയുന്ന വാര്‍ഷികങ്ങൾ മലയാളിയുടെ വായനാമേശയെ അലങ്കരിക്കുന്ന അസംഖ്യം ഇടതുപക്ഷ ആനുകാലികങ്ങള്‍ ‘അറിയാതെ പോകുന്നത്’ എന്തുകൊണ്ട്? ടിയാനന്‍മെന്‍ രക്തസാക്ഷികളുടെ ബന്ധുക്കള്‍ പലതരം മനുഷ്യാവകാശ കൂട്ടായ്മകള്‍ രൂപീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളെക്കൊണ്ടാവും വിധം നീതിക്കുവേണ്ടി സമരം ചെയ്യുന്നുണ്ട്. അവരുടെ ഇടനെഞ്ച് തകര്‍ക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ‘മതമൗലികവാദികളെ’ ജനാധിപത്യം പഠിപ്പിക്കാന്‍ നോമ്പുനോറ്റു നടക്കുന്ന പുകസ ബുജികള്‍ക്ക് എന്നാണ് കാതു മുളക്കുക? ‘ഇരകളുടെ മാനിഫെസ്റ്റോ’ ചൈനക്കുവേണ്ടി കൂടി പുറത്തിറങ്ങട്ടെ. എന്നിട്ടാകാം, കേരളത്തില്‍ ജനാധിപത്യത്തിന് ലാല്‍സലാം അര്‍പിക്കുന്നത്!