മുജാഹിദ് ഐക്യവും മുസ്ലിം നവോത്ഥാനത്തിന്റെ ഭാവിയും
14 December 2016 | Opinion
കേരളത്തിൽ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ മുൻകയ്യിൽ നടന്ന മുസ്‌ലിം നവോത്ഥാനത്തെ അപഗ്രഥിക്കുവാനുപയോഗിക്കാവുന്ന ഒരു പ്രാദേശിക മാതൃകയാണ് എന്റെ നാടായ അരീക്കോട്. അരീക്കോടിനെ തൊള്ളായിരത്തി നാൽപതുകളിൽ ഒരു മുജാഹിദ് ഗ്രാമമായി പരിവർത്തിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച എൻ. വി. അബ്ദുസ്സലാം മൗലവിയുടെ ജീവിതം ചർച്ച ചെയ്യുന്ന ചരിത്ര സമ്മേളനം ഞായറാഴ്‌ച അരീക്കോട്ടങ്ങാടിയിൽ നടന്നു. ഗുരുതുല്യനായ എൻ. വി. സകരിയ്യാ മൗലവിയുടെ കഴിഞ്ഞ ജുമുഅ ഖുതുബ പൂർണമായും അരീക്കോടിനെ സലഫീവത്കരിക്കുന്നതിൽ പങ്കുവഹിച്ച ആദ്യകാല പരിഷ്കരണ പ്രവർത്തകരെ വിശദമായി അനുസ്മരിക്കാനും അതിൽനിന്ന് പുതുതലമുറക്ക് ആവേശം പകരാനുമാണ് ഉപയോഗിച്ചത്. അരീക്കോട്ടെ മുജാഹിദുകൾക്ക് പ്രാദേശികസ്വത്വം കാഴ്ചയെയും കാഴ്ചപ്പാടുകളെയും പരിമിതപ്പെടുത്തുംവിധമുള്ള ശക്തമായ ഒരു കെട്ടുപാടാണെന്ന നിരീക്ഷണം പലരും പങ്കുവെച്ചിട്ടുണ്ട്. ഇത് ഒരർത്ഥത്തിൽ, ഐക്യസംഘത്തിന്റെ പിന്മുറക്കാർ കെ. എൻ. എം എന്ന ബഹുജനപ്രസ്ഥാനം സംസ്ഥാനാടിസ്ഥാനത്തിൽ പടുത്തയർത്തിയതിനുശേഷവും മറ്റു പല നാടുകളിൽനിന്നും വ്യത്യസ്തമായി ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പ്രാദേശിക സംഘം ശക്തമായി തന്നെ നിലനിൽക്കുകയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബൗദ്ധിക സ്രോതസ്സുകളിലൊന്നായി സുല്ലമുസ്സലാമിനെ വികസിപ്പിച്ചുകൊണ്ടുവരുന്നതിൽ അത് വിജയിക്കുകയും ചെയ്തതിന്റെ ഒരു മറുവശവുമാകാം. എന്നാൽ മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും ചർച്ച ചെയ്യാനുള്ള ഒരു പരിഛേദമായി അരീക്കോടിനെ ഉപയോഗിക്കുന്നതിന് ഇത് തടസ്സമാണെന്ന് തോന്നുന്നില്ല.
പരിഷ്കരണം:ഉള്ളടക്കവും ശൈലിയും
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ മതേതര ആധുനികതയോട് മുഖാമുഖം നിന്ന് കൊടുമ്പിരികൊണ്ട മുസ്‌ലിം നവോത്ഥാനത്തിൻറെ ഏതാണ്ടെല്ലാ തലങ്ങളെയും സമ്യക്കായി ഉൾക്കൊണ്ടു എന്നതാണ് അബ്ദുസ്സലാം മൗലവിയുടെ ഒരു സവിശേഷത. സമുദായത്തിന്റെ വിശ്വാസപരവും കർമപരവും സാംസ്കാരികവും ആയ സംസ്‌കരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള മതപ്രബോധനം അദ്ദേഹത്തിന്റെ ഏറ്റവും സുപ്രധാനമായ അജണ്ടയായിരുന്നു. ഐക്യസംഘത്തിന്റെ നവോത്ഥാനപദ്ധതിയെ കേവലമായ ഒരു സാമൂഹിക പരിഷ്‌കരണ സംരംഭമായി വിലയിരുത്താൻ ശ്രമിച്ചിട്ടുള്ള ചിലർ മതം സംഘത്തിന് പരിഷ്കരണത്തിനുള്ള ഒരു റ്റൂൾ മാത്രമായിരുന്നുവെന്ന് വരുത്താൻ ശ്രമിച്ചിട്ടുണ്ട്. യാഥാർത്ഥത്തിൽ പ്രപഞ്ചനാഥൻ പ്രവാചകന്മാരിലൂടെയവതരിപ്പിച്ച ദർശനം എന്ന നിലയിൽ ഇസ്‌ലാമിന്റെ തനത് ആശയങ്ങൾക്കുമാത്രമേ മനുഷ്യരുടെ മരണാനന്തര മോക്ഷത്തിനും ഇഹലോകത്തെ അഭിമാനകരമായ അസ്തിത്വത്തിനും നിമിത്തമാകാൻ കഴിയൂ എന്ന ഈമാനിക ബോധ്യത്തിലാണ് അബ്ദുസ്സലാം മൗലവിയടക്കമുള്ള ഐക്യസംഘം പ്രണേതാക്കളുടെ പരിഷ്കരണ രീതിശാസ്ത്രത്തിന്റെ വേരുകൾ ചികയേണ്ടത് എന്ന വസ്തുതയാണ് അത്തരക്കാർ മറന്നുപോകുന്നത്.
ലക്ഷ്യം നേടാൻ സമീപത്ത് എവയ്‌ലബ്‌ൾ ആയ ഒരു ഇന്സ്ട്രുമെന്റ് ആയല്ല അവർ മതത്തെ കണ്ടത്. അബ്ദുസ്സലാം മൗലവി ആവിഷ്കരിച്ച ക്വുർആൻ ക്ലാസ് പ്രസ്ഥാനത്തിന് പുതിയ ലോകസാഹചര്യത്തിൽ അപഗ്രഥനാപരമായ വലിയ മൂല്യമുണ്ട്. ഇന്ന് വ്യാപകമായി വിമർശിക്കപ്പെടുന്ന ‘ബാക്ക് റ്റു ടെക്സ്ററ്’ (പ്രമാണങ്ങളിലേക്ക് മടങ്ങുക) എന്ന സലഫീ പരികല്പനയുടെ എല്ലാ പ്രതിഫലനങ്ങളുമുള്ള ഒരു മിനിയേച്ചർ ആണത്. ബഹുദൈവാരാധനാപരവും പ്രമാണപിന്തുണയില്ലാത്തതുമായ സ്വൂഫീ സിദ്ധാന്തങ്ങളെയും അനുഷ്ഠാനങ്ങളെയും പ്രമോട്ട് ചെയ്യാനും സലഫീ ഇസ്‌ലാമിന്റെ ധൈഷണിക മേൽക്കൈ തകർക്കാനും അവ വഴി മുസ്‌ലിം സമൂഹത്തെ ആദർശപരമായി മതേതരവത്കരിക്കാനും ഉദ്ദേശിച്ച് സാമ്രാജ്യത്വം വികസിപ്പിച്ചതും ഫാഷിസം ഉപയോഗിക്കുന്നതും മുസ്‌ലിം സമൂഹത്തിലെ സലഫീ വിരുദ്ധർ ഏറ്റെടുക്കുന്നതുമായ പുതിയ നുണപ്രചാരണങ്ങൾക്കു മുന്നിൽ പതറി പ്രമാണങ്ങളിലേക്കുള്ള ക്ഷണം കോംപ്രമൈസ് ചെയ്യാതിരിക്കാനുള്ള ആർജ്ജവത്തിലായിരിക്കും നവോത്ഥാനത്തിന്റെ ഭാവിയുടെ ഒരു അടിത്തറ.
പ്രമാണങ്ങൾ മുസ്‌ലിംകളെ ഭീകരരും പ്രാകൃതരും ആക്കിത്തീർക്കുമെന്ന മീഡിയാ പ്രോപഗണ്ടയുടെ മുനയൊടിക്കാൻ പോന്ന ചരിത്രാനുഭവം കൂടിയാണ് അരീക്കോട്ടെ ക്വുർആൻ ക്ലാസ് പ്രസ്ഥാനം. നവോത്ഥാനം ലക്ഷ്യമാക്കിയ ആധുനീകരണം സഫലമാക്കിയ മോഡൽ വില്ലേജുകളിലൊന്നായി അരീക്കോടിനെ സാർത്ഥകമാക്കിയത് അതായിരുന്നുവല്ലോ. പ്രമാണങ്ങളിലേക്കുള്ള മടക്കമല്ല, മറിച്ച് അപ്പേരിൽ ചില അൽപജ്ഞാനികൾ നടത്തിയ മറ്റെന്തൊക്കെയോ ആണ് ഇടക്കാലത്ത് നവോത്ഥാനത്തിന്റെ നിറം കെടുത്തിയ ചില അപഭ്രംശങ്ങൾ ചില ഓരങ്ങളിൽ സംഭവിക്കാനിടയാക്കിയത് എന്ന് തിരിച്ചറിയാതിരുന്നാൽ രീതിശാസ്ത്രപരമായ അബദ്ധങ്ങളായിരിക്കും അനന്തരഫലം. ഹദീഥുകളെ സൂക്ഷമമായി പിന്തുടർന്നതല്ല, മറിച്ച് ഹദീഥുകളെ മനസ്സിലാക്കുവാനും അതിൽ നിന്ന് വിധികൾ നിർധരിക്കാനും അവയുപയോഗിച്ച് സ്ഥലത്തോടും കാലത്തോടും പിഴക്കാതെ സംവദിക്കാനുമുള്ള ആഴമുള്ളവർ കുറഞ്ഞുവന്നുണ്ടായ വിടവുകൾ ‘നികത്തിയവർ’ തീർത്തും ഉപരിപ്ലവമായി നടത്തിയ ‘മൗസ് ക്ലിക്കുകളാണ്’ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. 2002ലെ വേർപിരിയലിനുശേഷം പ്രവർത്തകർക്കിടയിൽ വളർന്നുവന്ന ചില അഭിപ്രായവ്യത്യാസങ്ങളിലെയെങ്കിലും രൂക്ഷത അത്തരക്കാരുടെ ‘സേവന’ഫലമായിരുന്നുവെന്ന് പറയാവുന്നതാണ്.
പ്രമാണങ്ങളോട് കലവറയില്ലാത്ത പ്രതിബദ്ധതയും പ്രമാണങ്ങളിലും പണ്ഡിതനിലപാടുകളിലും അഗാധ പരിജ്ഞാനവുമുള്ള പണ്ഡിതന്മാരുടെ സമൃദ്ധിയായിരിക്കും ഈ പ്രതിസന്ധിക്കുള്ള യഥാർത്ഥ പരിഹാരം. സുല്ലമുസ്സലാമിന്റെ പ്രിൻസിപ്പൽ സ്ഥാനത്ത് ശൈഖ് മൗലവിയെപ്പോലുള്ള അതിപ്രഗത്ഭനായ ഒരു ഹദീഥ് പണ്ഡിതനെ നിയമിച്ച് എൻ. വി പങ്കുവെച്ചത് യാഥാർത്ഥത്തിൽ ഈ ആഗ്രഹമാണ്. കെ. എം. മൗലവിയും എം. സി. സിയും ഉമർ മൗലവിയും കെ. പിയും അമാനി മൗലവിയും അലവി മൗലവിയും എ. പിയും ചെറിയമുണ്ടവുമെല്ലാം ധന്യമാക്കിയ ഒരു പ്രതലത്തിൽ നിന്ന് എത്ര പേരെ അതേ നിലവാരത്തിൽ ഇനി വളർത്തിക്കൊണ്ടുവരാനാകും എന്നതാണ് മൗലികമായ ചോദ്യം. അറബിക് കോളജുകൾ ആയിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ. അറബി ഭാഷയിൽ അന്താരാഷ്ട്ര നിലവാരത്തിൽ എഴുതാനും പ്രസംഗിക്കുവാനും കഴിവുള്ള മഹാപണ്ഡിതന്മാരെ വാർത്തെടുത്ത് ലോകസലഫീ വൃത്തങ്ങളിലേക്ക് പ്രതിനിധികളെ സംഭാവന ചെയ്യാനും ആശയവിനിമയങ്ങൾ സുഗമമാക്കാനും കഴിയുന്ന ഒരു തലത്തിലേക്ക് നവോത്ഥാനം ഇനിയെങ്കിലും വികസിക്കേണ്ടതുണ്ട്.
മിശ്കാത്തുൽ ഹുദാ എന്ന പേരിൽ എൻ. വി പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ ലക്കങ്ങൾ പരിശോധിക്കുന്നവർക്ക് അത് വിഭാവനം ചെയ്തിരുന്ന വൈജ്ഞാനിക സമഗ്രതയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അൽ മുർശിദിനും അൽ മനാറിന്റെ പഴയ ലക്കങ്ങൾക്കുമെല്ലാം യഥാർത്ഥത്തിൽ ഇത് ബാധകമാണ്. അമാനി മൗലവി-കെ.പി കാലത്തിനുശേഷം മതവിജ്ഞാനീയങ്ങളിൽ ഗൗരവതരമായ പുസ്തകമെഴുത്ത് താരതമ്യേന അപ്രധാനമായിത്തീരുകയും പ്രസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി പ്രഭാഷണരംഗത്ത് കേന്ദ്രീകരിക്കപ്പെടുകയും ചെയ്തതിന്റെ വലിയൊരു ദുരന്തം ആഴം അനാവശ്യമായ ഒരു ‘ഭാരം’ ആയി തോന്നിയ ഒരാൾകൂട്ടമായിരുന്നു. എന്നാൽ പ്രസംഗത്തിനുകൊടുത്ത ഊന്നൽ സാമൂഹിക പരിഷ്കരണം എളുപ്പമാക്കി എന്ന വസ്തുതയെ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും ഉൾക്കനം പ്രസ്ഥാനത്തിന്റെ വലിയ മുൻഗണനകളിലൊന്നായി തിരിച്ചെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തൗഹീദിലേക്കും സുന്നത്തിലേക്കും ഉള്ള ക്ഷണം സമുദായത്തെ അപരമാക്കി നിർത്തിക്കൊണ്ടല്ല ഐക്യസംഘം നിർവഹിച്ചത് എന്ന കാര്യവും ഇവിടെ സ്മരണീയമാണ്. തികഞ്ഞ ഗുണകാംക്ഷയിൽ നിന്നും സഹോദരബുദ്ധിയിൽ നിന്നും ഉടലെടുത്ത, പ്രബോധിതരുടെ കൂട്ടത്തിലൊരാളായി നിന്നുകൊണ്ടുള്ള സ്‌നേഹപൂർവമായ തിരുത്തൽ ശ്രമമായിരുന്നു അവർക്ക് ഇസ്വ്‌ലാഹ്. അതുകൊണ്ടുതന്നെ അതിന്റെ ഭാഷായും ശൈലിയും തികച്ചും മാന്യമായിരുന്നു. പരിഹാസത്തിനോ അധിക്ഷേപങ്ങൾക്കോ അതിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.
പരിഷ്കരണത്തിന് ശ്രമിച്ച പണ്ഡിതന്മാരുടെ ജീവിതങ്ങളാകട്ടെ, പരമ്പരാഗതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിഴൽ വീഴ്ത്തിയിരുന്ന ബഹുഭൂരിപക്ഷത്തിനടക്കം സൗഹൃദത്തിന്റെയും സഹായത്തിന്റെയും അഭയത്തിന്റെയും തണലും തണുപ്പും വെച്ചുനീട്ടിയ അത്താണികളുമായിരുന്നു. അരീക്കോട്ടെ സുന്നീ നേതാവായിരുന്ന അബൂബക്ർ ഖാസിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും ബാഫഖി തങ്ങളെയും പൂക്കോയ തങ്ങളെയും ആത്മസുഹൃത്തുക്കളാക്കുകയും മുസ്‌ലിം ലീഗ് പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുകയും സുന്നീ-മുജാഹിദ് വ്യത്യാസമില്ലാതെ സകലർക്കും സങ്കടങ്ങൾ വന്നുപറയാനുള്ള ‘കൊടപ്പനക്കൽ’ ആയി വാഴയിൽ തറവാടിന്റെ കോലായ തുറന്നിടുകയും ‘പ്രതിപക്ഷ’ ബഹുമാനത്തിന്റെ മൂർത്തിമദ് ഭാവമായ ഒരു പ്രബോധനസംസ്കാരം കാത്തുസൂക്ഷിക്കുകയും ചെയ്ത എൻ. വി അബ്ദുസ്സലാം മൗലവി തന്നെയായിരിക്കും നവോത്ഥാനത്തിന്റെ വർത്തമാനത്തിനും ഭാവിക്കും പിന്തുടരാവുന്ന മികച്ച പാഠപുസ്തകങ്ങളിലൊന്ന്. ആശയങ്ങളുടെ പ്രാധാന്യത്തെയും സംസ്കരണം എന്ന ലക്ഷ്യത്തെയും പുറകിലേക്ക് തള്ളി ‘ശത്രു’വിന്റെ ‘കാഴ്ചാ മൂല്യമുള്ള’ സ്ഖലിതങ്ങളും അകത്തുള്ളവരുടെ ‘ആസ്വാദനവും’ മുൻഗണനയാവുന്ന എൽ. സി.ഡി ബഹളങ്ങളിൽനിന്ന് രക്ഷപ്പെടുക തന്നെയാകും പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ കുതിപ്പിന് കരണീയമായിട്ടുള്ളത്. എന്നാൽ തൗഹീദും സുന്നത്തും പ്രമാണനിബദ്ധവും ഗുണകാംക്ഷാ നിർഭരവുമായി പങ്കുവെക്കുന്ന സദസ്സുകളാണ് അവക്ക് പകരമാകേണ്ടതെന്നും പ്രസ്തുത വിഷയങ്ങളിൽ നിന്ന് തന്നെയുള്ള തെന്നിമാറൽ ഇസ്ലാഹിനെ മരിക്കാൻ വിടുന്നതിന് തുല്യമായിരിക്കും എന്നും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.
വിദ്യാഭ്യാസം: ചോർന്നുപോകാൻ പാടില്ലാത്ത ലക്ഷ്യങ്ങൾ
ഐക്യസംഘത്തിന്റെ പ്രധാനപ്പെട്ട കൺസേണുകളിൽ ഒന്ന് ആധുനിക വിദ്യാഭ്യാസമായിരുന്നുവല്ലോ. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി അനിഷേധ്യമാംവിധം സംഘത്തിന്റെയും അത് രൂപീകരിച്ച കേരള ജംഇയത്തുൽ ഉലമയുടെയും പരിശ്രമങ്ങളോട് കടപ്പെട്ടതാണ്. ജംഇയ്യതുൽ ഉലമയുടെ പ്രവർത്തകനായിരുന്ന അബ്ദുസ്സലാം മൗലവി തന്റെ നാടായ അരീക്കോട്ട് ഈ രംഗത്ത് കൈവരിച്ച വിജയം ഉദാഹരണങ്ങളില്ലാത്തതാണ്. മിക്കവാറുമെല്ലാ വീടുകളിലും ആധുനിക വിദ്യാഭ്യാസത്തിന്റെ പടവുകൾ അതിന്റെ പരമാവധി വരെ കയറുകയും അതുവഴി ഏറ്റവും ഉന്നതമായ സർക്കാർ ജോലികൾ കരസ്ഥമാക്കുകയും ചെയ്തവർ വളരെമുമ്പുതന്നെ അരീക്കോട്ടുണ്ടായി വന്നത് മൗലവിയുടെ കർമസാക്ഷാത്കാരമായിരുന്നു. ബ്യുറോക്രസിയിലെ പ്രാതിനിധ്യം വഴി സമുദായത്തിന് കൈവരുന്ന സാമ്പത്തികവും അഭിമാനപരവും സ്വാധീനപരവുമായ ഉണർവ് അരീക്കോട്ട് പതിറ്റാണ്ടുകൾക്കുമുമ്പ് തന്നെ അനുഭവവേദ്യമായിരുന്നു. എന്നാൽ അതുമാത്രമല്ല നവോത്ഥാനം വിദ്യാഭ്യാസപ്രചാരണം കൊണ്ട് ലക്ഷ്യമാക്കിയതെന്ന വസ്തുത കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. ജീവിക്കുന്ന സ്ഥലത്തോടും കാലത്തോടും ഒരേ സമയം പൊസിറ്റീവും ക്രിറ്റിക്കലും ആയ ഇന്റലക്ച്വൽ എൻഗെയ്‌ജുമെന്റുകൾക്ക് യുവതയെ പ്രാപ്തമാക്കുക എന്ന ദൗത്യം അരീക്കോട്ടെ വിദ്യാഭ്യാസ വിപ്ലവം എത്രത്തോളം നിർവഹിച്ചു എന്ന് വിശകലനം ചെയ്യപ്പെടണം.
ആധുനിക വിദ്യാഭ്യാസം മുഹമ്മദ് അബ്ദുർറഹ്‌മാനെയും കെ. എം. സീതിയെയും ബി. പോക്കറിനെയും സാമ്രാജ്യത്വത്തിന്റെ പാശ്ചാത്യവത്കരണ സാംസ്കാരിക അജണ്ടകളെ ചെറുത്തുകൊണ്ടുതന്നെ അത് നിർമിച്ച മതനിരപേക്ഷ ജനാധിപത്യ പൊതുഇടത്തെ സൃഷ്ടിപരമായി ഉപയോഗിക്കാൻ പ്രാപ്തമാക്കിയതിന് ഐക്യസംഘത്തിന്റെ ചരിത്രം സാക്ഷിയാണ്. പൊതുമണ്ഡലത്തിൽ മതത്തെയും സമുദായത്തെയും ഡിഫൻഡ് ചെയ്യുന്ന ധൈഷണിക സാന്നിധ്യങ്ങളെ സംഭാവന ചെയ്യാൻ കഴിയാത്ത വിദ്യാഭ്യാസം ഒരു സാമ്പത്തിക സുരക്ഷാ പദ്ധതി മാത്രമാണ്. അരീക്കോട്ട് ആധുനിക വിദ്യാഭ്യാസത്തിൻറെ രണ്ട്/മൂന്ന് തലമുറകളിൽ നിന്ന് ഈ രീതിയിലൊരു വികാസം നടക്കാനാവശ്യമായ വിധത്തിലുള്ള ആഴമേറിയ ഒരു വായന-എഴുത്ത്-സാമൂഹിക ജാഗ്രതാ സംസ്കാരം എത്രത്തോളം ഉണ്ടായിവന്നു എന്ന ചോദ്യം വിമർശനാത്മകമായി ഉന്നയിക്കപ്പെടേണ്ടതുണ്ട്. ഇതേ ചോദ്യം തന്നെ കേരളത്തിന് മുഴുവൻ ബാധകമാക്കാവുന്നതാണ്. സാഹിത്യം, സാമൂഹികശാസ്ത്രം, നിയമം, മാധ്യമ പ്രവർത്തനം തുടങ്ങിയവയിലെ ഉന്നത പഠനം അപൂർവമാവുകയും കരിയറിസം പ്രൊഫെഷണൽ കോഴ്‌സുകളോടുള്ള അനുരാഗാത്മക ഭ്രമത്തിന്റെ രൂപത്തിൽ മുജാഹിദ് രക്ഷിതാക്കളെയും മക്കളെയും കീഴടക്കുകയും ചെയ്തതിന്റെ ഒരു അനന്തരഫലം കൂടിയാണിത്. ഇൻഡ്യാ രാജ്യത്ത് ബൗദ്ധിക രൂപീകരണവും വൈജ്ഞാനികോത്പാദനവും നടക്കുന്ന വിഖ്യാതമായ സർവകലാശാലാ ഡിപ്പാർട്മെന്റുകളിലെ മുസ്‌ലിം സാന്നിധ്യത്തിലെ സലഫീ പ്രാതിനിധ്യത്തെ അനുപാതപരമായി പരിശോധിച്ചാൽ തന്നെ ഇവ്വിഷയകമായ പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടും.
രാഷ്ട്രീയം:വീണ്ടെടുക്കേണ്ട പ്രബുദ്ധത
അബ്ദുസ്സലാം മൗലവിയുടെ കർമ്മകാണ്ഡം സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങൾകൊണ്ട് നിബിഢമാണെന്ന് അദ്ദേഹത്തെ വായിച്ചിട്ടുള്ളവർക്ക് മുഴുവനും അറിയാം. മലബാർ കലാപാനന്തരം മാപ്പിളമാർക്കിടയിൽ വികസിച്ചുവന്ന ജനാധിപത്യ പ്രബുദ്ധതയുടെ കർതൃസ്ഥാനത്തുണ്ടായിരുന്നത് ഐക്യസംഘം ആയിരുന്നു എന്നതുകൊണ്ടുതന്നെ ആദ്യകാല ഇസ്വ്‌ലാഹീ പണ്ഡിതൻമാരുടെ രാഷ്ട്രീയ സജീവത തികച്ചും സ്വാഭാവികമായിരുന്നു. ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തിലും തുടർന്നുള്ള അതിന്റെ പ്രയാണത്തിലും മുസ്‌ലിം സമുദായത്തിന്റെ അതുമായുള്ള ഇടപാടുകളിലും വളരെ ഡിസിസീവ് ആയ റോൾ ആണ് നവോത്ഥാന നായകർ വഹിച്ചത്. പാർലമെന്റിലും നിയമസഭയിലും കോടതിയിലും സിവിൽ സർവീസിലും രാഷ്ട്രീയപ്പാർട്ടികളുടെ നേതൃനിരയിലും സലഫികളുടെ സാന്നിധ്യം പിന്നീടെവിടെവെച്ച് എങ്ങനെയാണ് ദുർബലമായിപ്പോയത് എന്ന് പരിശോധിക്കുവാൻ കഴിയണം. രാഷ്ട്രഘടനയുടെ വർത്തമാനത്തോട് തികച്ചും ഉദാസീനമായി തലതിരിക്കുന്ന അന്തർമുഖത്വം ‘മതം’ എന്ന പേരിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തിനിടെ മുജാഹിദ് യുവതലമുറയിലെ വലിയൊരു വിഭാഗത്തിൽ രൂഢമൂലമാക്കിയ ഘടകങ്ങളെന്തൊക്കെയാണെന്ന് സൂക്ഷ്മമായി വിലയിരുത്തിയുള്ള തിരുത്തലുകൾ പ്രസ്ഥാനം കാലത്തെ അതിജീവിക്കണമെങ്കിൽ അത്യന്താപേക്ഷിതമാണ്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക രാഷ്ട്രവാദത്തിന്റെയും അതുത്പാദിപ്പിച്ച അരാഷ്ട്രീയതയുടെയും അക്കാലഘട്ടത്തിലെ ഏറ്റവും പ്രഖ്യാതനായ ശത്രുവായി എൻ.വി മാറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത അത്രയും സജീവമായിരുന്നത് കൊണ്ടുകൂടിയാണ്. പിൽകാലത്ത് ജമാഅത്ത് വിമർശനങ്ങളിലേർപ്പെട്ട ചിലരെങ്കിലും പരാജയപ്പെട്ടത് ആ രാഷ്ട്രീയ പ്രബുദ്ധത അനന്തരമെടുക്കുന്നതിലാണ്. മുഹമ്മദ് അബ്ദുർറഹ്‌മാന്റെ ശിഷ്യനായി കോൺഗ്രസ് പ്രവർത്തനം ആരംഭിച്ച മൗലവി പിന്നീട് സീതി സാഹിബിൽ ആകൃഷ്ടനായി സർവേന്ത്യാ മുസ്‌ലിം ലീഗുകാരനായി മാറുകയായിരുന്നു. സീതി ആയിരുന്നു എൻ. വിയുടെ പൊളിറ്റിക്കൽ മെന്റർ.
ചിന്തകനും പ്രഭാഷകനും പരിഭാഷകനും സംഘാടകനുമായി ലീഗ് രാഷ്ട്രീയത്തെ വളർത്തിയ അദ്ദേഹം ജിന്നയടക്കമുള്ള നേതാക്കളുമായുള്ള സംഭാഷണങ്ങൾ വഴി ഐ. യു. എം. എൽ രൂപീകരണം സാർത്ഥകമാക്കാൻ സീതി സാഹിബും ഖാഇദെ മില്ലത്തും നടക്കുമ്പോൾ നിഴലായി അവരുടെ കൂടെയുണ്ട്. പ്രഥമ മലബാർ ജില്ലാ ഐ. യു. എം. എൽ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി അബ്ദുസ്സലാം മൗലവി കർമരംഗത്ത് സജീവമാകുന്ന 1948 അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ കറേജിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ദേശരാഷ്ട്രത്തിന്റെ പുതിയ പരമാധികാരികൾ സാമുദായിക രാഷ്ട്രീയത്തെ ദേശദ്രോഹമായി നിർവചിക്കാനൊരുമ്പെട്ട സമയത്ത് ഭരണകൂട ധാർഷ്ട്യത്തെ ഭരണഘടനയുപയോഗിച്ച് വെല്ലുവിളിച്ച് മൗലവി പൊതുമണ്ഡലത്തിൽ ലീഗ് സൈദ്ധാന്തികനും നേതാവുമായി നിറഞ്ഞുനിന്നു. പാകിസ്ഥാൻ വിരോധമാകണം ഇന്ത്യൻ ദേശീയതയുടെ അടിത്തറയെന്ന് കരുതിയവർക്കെതിരെ അദ്ദേഹം പൊതുയോഗങ്ങളിലെ പ്രഭാഷണങ്ങളിൽപോലും തുറന്നടിച്ചു. ഹൈദരാബാദ് ആക്ഷന്റെ ഭാഗമായാണ് പൊലീസ് അദ്ദേഹത്തെ ലീഗ് പ്രവർത്തനത്തിന് ജയിലിലടക്കുന്നത്. അതേ പൊലീസ് 1961ൽ സീതി സാഹിബിന്റെ മരണവീട്ടിൽ തോക്കുകൾ താഴേക്ക് പിടിച്ച്‍ നിയമസഭാ സ്പീക്കർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത് കേരളത്തിന് കാണാൻ കഴിഞ്ഞു.
രാജ്യവിരുദ്ധമല്ലാത്തതിനെ രാജ്യവിരുദ്ധമായി പ്രഖ്യാപിച്ച് കണ്ണുരുട്ടാൻ ശ്രമിച്ച പൊലീസും സ്റ്റെയ്റ്റുമായുള്ള എൻകൗണ്ടറിൽ ജനാധിപത്യത്തിന്റെ സാധ്യതകളുപയോഗിച്ച് തന്റെ ഇടം പോരാടി വാങ്ങിയ മഹാമനീഷിയുടെ പേരാണ് അതുകൊണ്ടുതന്നെ എൻ. വി. അബ്ദുസ്സലാം മൗലവി. ഫാഷിസ്റ് ഇന്ത്യയിൽ സലഫീ പ്രവർത്തനത്തിന്റെ ഭാവി നിർണയിക്കുന്നവർക്ക് വഴിയും വെളിച്ചവുമാകാൻ എൻ. വിക്ക് തീർച്ചയായും കഴിയും. സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് അധികാര പങ്കാളിത്തം അനുപേക്ഷണീയമാണെന്ന് അദ്ദേഹം ഏറ്റവും നന്നായി തിരിച്ചറിഞ്ഞിരുന്നു. തന്റെ സഹോദരനായ എൻ. വി. ഇബ്റാഹീം മാസ്റ്ററെ പിൽക്കാല ലീഗ് രാഷ്ട്രീയത്തിൻറെ ധിഷണയായി വളർത്താൻ മൗലവിക്ക് കഴിഞ്ഞു. അരീക്കോട്ടുകാരൻ തന്നെയായ കെ. സി. അബൂബക്ർ മൗലവി ലീഗ് പ്രഭാഷണ വേദികളിൽ കത്തിപ്പടർന്നതും അദ്ദേഹത്തിന്റെ കൂടി പ്രചോദനത്തിലായിരുന്നുവല്ലോ. പിന്നീട് എത്ര പേർ അതുപോലെ അരീക്കോട്ടുനിന്നുണ്ടായി എന്ന് ചുരുക്കിയും കേരളത്തിൽനിന്നുണ്ടായി എന്ന് വികസിപ്പിച്ചും ചോദിക്കുവാനുള്ള വിവേകം തന്നെയായിരിക്കും നവോത്ഥാനത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഒരു മനോഭാവം. മുജാഹിദ് പ്രസ്ഥാനം അകംശാക്തീകരണത്തിന്റെ ഭാഗമായി നടത്തേണ്ട ആത്മപരിശോധനയുടെ സൂചകങ്ങൾ പലതും മാനവവിഭവശേഷീപരമായിരിക്കണമെന്നുകൂടിയാണ് ഈ ചോദ്യങ്ങൾ ഓർമപ്പെടുത്തുന്നത്.
ഇസ്്ലാമിക പ്രബോധനം: പിന്നോട്ടു പോകരുത്!
അമുസ്‌ലിംകൾക്കിടയിലെ ഇസ്‍ലാമിക പ്രബോധനത്തിന് ഒരു കൂട്ടായ്മയുണ്ടാക്കാൻ വേണ്ടിയുള്ള ആലോചനകൾ അരീക്കോട്ട് നടന്നപ്പോൾ അതിന് ‘മിശ്കാത്തുൽ ഹക്ക്വ്’ എന്ന് പേര് നിർദേശിച്ചത് അബ്ദുസ്സലാം മൗലവിയും ‘നിച്ച് ഓഫ് ട്രൂത്ത്’ എന്ന ആംഗലരൂപം ഉണ്ടാക്കിയത് ഇബ്‌റാഹീം മാസ്റ്ററും ആണ്. അമുസ്‌ലിംകൾക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കലും ഇസ്‌ലാം വിമർശനങ്ങൾക്ക് മറുപടി പറയലും മക്തി തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വക്കം മൗലവി ഇക്കാര്യത്തിൽ ബദ്ധശ്രദ്ധനായിരുന്നു എന്ന് മനസ്സിലാകാൻ ‘ദീപിക’യുടെ ലക്കങ്ങൾ മാത്രം പരിശോധിച്ചാൽ മതി. നവോത്ഥാന പൈതൃകത്തിന്റെ തുടിപ്പുകൾ തന്നെയാണ് കെ. എൻ. എമ്മിന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായ അബ്ദുസ്സലാം മൗലവിയെ നിച്ച് രൂപീകരണാലോചനകളിലെ നിർണായക സാന്നിധ്യമാക്കിയത് എന്നർത്ഥം. നിച്ച് ഓഫ് ട്രൂത്തിന് കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം കൊണ്ടുണ്ടായ വളർച്ച വിസ്മയകരമായിരുന്നു.
ഇസ്‌ലാമിന്റെ ശബ്ദം സമുദായഭിത്തികൾ ഭേദിച്ച് ജനകീയമായതിന്റെ അസ്വസ്ഥതകൾ ഫാഷിസം അധികാരഗർവിൽ രോഗാതുരമാംവിധം ഇസ്‌ലാമോഫോബിക് ആയിമാറിയിട്ടുള്ള പൊതുബോധത്തിന്റെ ബലത്തിലും ആനുകൂല്യത്തിലും പ്രബോധകരെ വേട്ടയാടിതീർക്കുന്നതിനാണ് ഇപ്പോൾ നാം സാക്ഷിയാകുന്നത്. നവോത്ഥാനത്തിന്റെ അതിപ്രധാനമായ ഒരു അജണ്ടയെ വിരട്ടി നിർവീര്യമാക്കാൻ ഭരണകൂട ഭീകരത പത്തി വിടർത്തുമ്പോൾ അതിനുമുന്നിൽ സുജൂദ് ചെയ്യാതിരിക്കാനുള്ള ആർജവം തൗഹീദീ പ്രസ്ഥാനത്തിന്റെ തവക്കുലിൽനിന്ന് നിർഗളിക്കാതിരിക്കില്ല. അബ്ദുസ്സലാം മൗലവിയുടെ നാട്ടിൽ തന്നെ പിറന്ന, കെ. എൻ. എം പ്രസിഡന്റ് ആയിരുന്ന ഡോ. എം. ഉസ്മാൻ സാഹിബ് നിരന്തരമായി നിർവഹിച്ച ഇസ്‌ലാമിനെ പൊതുസമൂഹത്തിനുമുന്നിൽ ധൈഷണികമായി സമർത്ഥിക്കുക എന്ന മഹാദൗത്യത്തിനാണ് സവർണ ഷോവിനിസം പുതിയ ഭീതിവ്യാപാരം വഴി ശവക്കച്ച തയ്‌ക്കാൻ നോക്കുന്നത്. മലയാളി മുസ്‌ലിമിന് തണൽ വിരിച്ച മതാതീതമായ മനുഷ്യസൗഹാർദത്തെക്കൂടി ഇസ്‌ലാമോഫോബിയ ഗളഛേദം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ കാലസന്ധിയിൽ ഇസ്‌ലാമിനെ തുറന്നുവെക്കലും ഇസ്‌ലാം സംബന്ധമായ അമുസ്‌ലിം ചോദ്യങ്ങളെ വൈജ്ഞാനികമായി അഭിമുഖീകരിക്കലും സമുദായത്തിന്റെ അസ്തിത്വ സംരക്ഷണത്തിനുപോലും അനിവാര്യമാണെന്നതാണ് സത്യം. ഇസ്‌ലാമിന്റെ ക്ലാസിക്കൽ ടെക്സ് റ്റുകളിൽ നിന്ന് നേരിട്ടുള്ള ഉദ്ധരണികൾസഹിതം സാധാരണക്കാരായ അമുസ്‌ലിംകളെയടക്കം ഇസ്‌ലാം വിമർശനങ്ങൾ സ്വാധീനിക്കുന്ന സൈബർ കാലത്ത് സമുദായങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം വളരുന്നത് തടയാൻ വിമർശനങ്ങൾക്ക് വസ്തുനിഷ്ഠമായ മറുപടികൾ പറഞ്ഞുകൊണ്ടല്ലാതെ സാധ്യമേയല്ല.
വെല്ലുവിളികൾ മലവെള്ളപ്പാച്ചിൽ പോലെ ആശ്ലേഷിക്കുന്ന സവിശേഷമായ സന്ദർഭത്തിലാണ് ഒരു സ്വപ്നം പോലെ മുജാഹിദ് ഐക്യം യാഥാർഥ്യമാകുന്നത്. പതിനാലു വർഷത്തെ ശൈഥില്യമേല്പിച്ച പരുക്കുകൾ മറികടന്ന് പുതിയ ചരിത്രം രചിക്കുവാനൊരുങ്ങുന്നതിന്റെ സന്തോഷം ബഹുവന്ദ്യരായ എം. മുഹമ്മദ് മദനിയുടെയും ഡോ. ഹുസയ്ൻ മടവൂരിന്റെയും അരീക്കോട്ടെ സംസാരങ്ങളിൽ തുളുമ്പി നിന്നിരുന്നു. കാലം കാത്തിരിക്കുന്നു, പരീക്ഷയുടെ ഫലമെന്താകുമെന്നറിയാൻ!