Study

മക്തി തങ്ങളുടെ കഠോരകുഠാരം: പശ്ചാത്തലവും പാഠവും

By Musthafa Thanveer

March 29, 2017

മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ക്കുതന്നെ കത്തോലിക്കാ മിഷനറിമാരുടെ സാന്നിധ്യം അനുഭവിച്ച കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവര്‍ത്തനത്തിന്റെ വേലിയേറ്റം സംഭവിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. കേരളത്തിലെ യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന  ദൗത്യം പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. സുറിയാനി മലയാളത്തിനു പകരം മാനക മലയാളം സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിക്കുക, മലയാളം/ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ വേണ്ടി ഗവണ്‍മെന്റ് സഹകരണത്തോടുകൂടി സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുക, ശുദ്ധമലയാളത്തില്‍ ബൈബിളും മതസാഹിത്യങ്ങളും പ്രസിദ്ധീകരിച്ച് ക്രിസ്തീയ വിജ്ഞാനങ്ങള്‍ ജനകീയമാക്കുക തുടങ്ങിയ സമുദായ നവീകരണ ലക്ഷ്യങ്ങളോടൊപ്പം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന മിഷനറി ലക്ഷ്യംകൂടി ചേര്‍ത്തുവെക്കുകയാണ് ബ്രിട്ടീഷ് തണലില്‍ കേരളത്തിലെത്തിയ പാശ്ചാത്യന്‍ പ്രൊട്ടസ്റ്റന്റ് പണ്ഡിതന്‍മാര്‍ ചെയ്തത്. തിരുവിതാംകൂറില്‍ മതതല്‍പരനായ കേണല്‍ മണ്‍റോ ബ്രിട്ടീഷ് റസിഡന്റായി നിയമിക്കപ്പെട്ടതോടുകൂടിയാണ് തെക്കന്‍ കേരളത്തില്‍ മിഷനറി സാന്നിധ്യം ശക്തമായത്. ചര്‍ച്ച് മിഷനറി സൊസൈറ്റി(CMS)യുടെ കീഴില്‍ അദ്ദേഹം തിരുവിതാംകൂറിലേക്ക് 1816 ല്‍ ഏതാനും ആംഗ്ലിക്കന്‍ മിഷനറിമാരെ കൊണ്ടുവന്നു. 1829ല്‍  പുതിയ നിയമത്തിന്റെയും 1841 ല്‍ പഴയ നിയമത്തിന്റെയും സമ്പൂര്‍ണ മലയാള വിവര്‍ത്തനങ്ങള്‍ ബെഞ്ചമിന്‍ ബെയ്‌ലിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ചരിത്രത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ മലയാളം ബൈബിളുകളായിരുന്നു അവ. വടക്കന്‍ കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് പ്രബോധനങ്ങള്‍ക്ക് തുടക്കമിട്ടത് ബാസല്‍ മിഷന്‍ സൊസൈറ്റി (BMS) ആണ്. മംഗലാപുരം ആസ്ഥാനമാക്കി 1834 മുതല്‍ തന്നെ ബാസല്‍ മിഷന്റെ ശാഖ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. തലശ്ശേരിയില്‍ ജര്‍മന്‍ മിഷനറിയായിരുന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ മിഷന്‍ സജീവമായതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈപുല്യം കൈവന്നു. മലയാളത്തില്‍ അഗാധമായ വ്യുല്‍പത്തിയുണ്ടായിരുന്ന ഗുണ്ടര്‍ട്ട് 1859ല്‍ ബൈബിളിന്റെ പരിഷ്‌കരിച്ച മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. ബൈബിളിനു പുറമെ ക്രിസ്തുമതാശയങ്ങള്‍ വിവരിക്കുന്ന അനേകം ലഘുലേഖകളും പുസ്തകങ്ങളും ശുദ്ധമലയാളത്തില്‍ ഇക്കാലയളവില്‍ സി. എം. എസ്സും ബി. എം. എസ്സും പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിയും. ഗുട്ടന്‍ബര്‍ഗിനെ ഏറ്റവുമധികം ഉപയോഗിച്ചത് മലയാളത്തിലും പ്രൊട്ടസ്റ്റന്റ് മിഷനറിമാരാണ് എന്നതാണ് സത്യം. പ്രൊട്ടസ്റ്റന്റ് അച്ചടി വിപ്ലവത്തിലൂടെയാണ് യഥാര്‍ഥത്തില്‍ ഒരു മലയാള സാഹിത്യ പൊതുമണ്ഡലം കേരളത്തില്‍ നിലവില്‍ വന്നതും മലയാള ഭാഷയുടെ വ്യാകരണ, പദ ഏകീകരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതും. 1847ല്‍ കേരളത്തിലെ ആദ്യത്തെ പത്രമായി അറിയപ്പെടുന്ന രാജ്യസമാചാരം ആരംഭിച്ചതും 1868ല്‍ മലയാള ഭാഷയില്‍ രചിക്കപ്പെട്ട ആദ്യത്തെ കേരളചരിത്രമായി വിശേഷിപ്പിക്കപ്പെടുന്ന കേരളപ്പഴമ പ്രസിദ്ധീകരിച്ചതും 1870ല്‍ കേരളത്തിന്റെ ആദ്യ ഭൂമിശാസ്ത്ര വിവരണങ്ങള്‍ മലയാള രാജ്യം എന്ന പേരില്‍ പുറത്തിറക്കിയതും 1872 ല്‍ ആദ്യത്തെ മലയാള നിഘണ്ടു തയ്യാറാക്കിയതും ബി. എം. എസ് മിഷനറിയായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് എന്ന വസ്തുത തന്നെ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രഭാഷണങ്ങളും സാഹിത്യങ്ങളും വഴി ക്രിസ്തുമത ആശയപ്രചരണം മുമ്പൊന്നുമില്ലാത്ത വിധം സജീവമാവുകയും മുകളില്‍ വിവരിച്ച പ്രകാരം മലയാള ഭാഷ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിന്റെ നാവായിത്തീരുകയും ചെയ്തുവെന്നതാണ് പത്തൊന്‍പതാം നൂറ്റാണ്ടിനെ കേരള ചരിത്രത്തില്‍ വ്യതിരിക്തമാക്കുന്നത്. മലബാറിലാണ് സ്വാഭാവികമായും ഇത് മുസ്‌ലിംകളെ സാരമായി അഭിമുഖീകരിച്ചത്. ത്രിയേക ദൈവവിശ്വാസത്തിലേക്കുള്ള ക്ഷണംകൊണ്ടും കഠിനമായ നബിവിമര്‍ശനങ്ങള്‍കൊണ്ടും മലബാറിന്റെ അന്തരീക്ഷം പിന്നീടൊരിക്കലും അത്രത്തോളം മുഖരിതമായിരിക്കാന്‍ തരമില്ല. ചരിത്രപണ്ഡിതനായ ഡോ. എം.ഗംഗാധരന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, “അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടത്ത് ക്രിസ്തുമത പ്രചാരകര്‍ മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളും അവര്‍ വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര്‍ ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തുമതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ”(ഡോ. എം.ഗംഗാധരന്‍,  ‘സനാഉല്ലാഹ് മക്തി തങ്ങള്‍ : ജ്ഞാനം കൊണ്ടു പൊരുതിയ പരിഷ്‌കര്‍ത്താവ്’, അവതാരിക/കെ. കെ. മുഹമ്മദ് അബ്ദുല്‍കരീം (എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണകൃതികള്‍ (കോഴിക്കോട്: വചനം ബുക്‌സ്, 2006),   പുറം 13.)

എന്നാല്‍ മലബാറിലെ അന്നത്തെ മുസ്‌ലിം പണ്ഡിതന്‍മാര്‍ പൊതുവില്‍ അച്ചടിമാധ്യമങ്ങളിലൂടെ വ്യാപകമായിത്തീര്‍ന്ന ഈ ത്രിത്വ പ്രചരണത്തെ സംബന്ധിച്ച് അജ്ഞരായിരുന്നു. പൊന്നാനിയായിരുന്നു അന്നത്തെ മാപ്പിളമാരുടെ സാംസ്‌കാരിക തലസ്ഥാനം. പൊന്നാനായില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച വലിയ ജുമുഅത്ത് പള്ളിയില്‍ നടന്നുവന്നിരുന്ന പ്രശസ്തമായ പള്ളി ദര്‍സിലെ പാരമ്പര്യ സ്വൂഫീ പണ്ഡിതന്‍മാര്‍ക്കായിരുന്നു മലബാര്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക നേതൃത്വം. കേരളത്തില്‍ അന്നും എല്ലാവരുടെയും സംസാര ഭാഷ മലയാളമായിരുന്നുവെങ്കിലും വിവിധ മതസമുദായങ്ങള്‍ വ്യത്യസ്തമായ ലിപികളാണ് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്. മുസ്‌ലിംകള്‍ പരമ്പരാഗതമായി അറബിമലയാളം ലിപി ഉപയോഗിച്ചുവന്നിരുന്നവരും നായര്‍ സമുദായത്തില്‍ സാര്‍വത്രികമായിരുന്ന, പിന്നീട് എല്ലാവരാലും സ്വീകരിക്കപ്പെട്ട, മാനക മലയാള ലിപിയില്‍ വായിക്കാനും എഴുതാനും അറിയാത്തവരുമായിരുന്നു. സ്വാഭാവികമായും പൊന്നാനിയിലെ വൈജ്ഞാനിക വിനിമയങ്ങള്‍ മുഴുവന്‍ അറബിമലയാള ലിപിയിലാണ് നടന്നിരുന്നത്. ‘ഗുട്ടന്‍ബര്‍ഗ്’ പൊന്നാനിയിലും സാന്നിധ്യമറിയിച്ചിരുന്നുവെന്നതാണ് സത്യം. അച്ചടിശാലകളുടെ നാടായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ പൊന്നാനി മാറിയിരുന്നു. എന്നാല്‍ മുസ്‌ലിം പണ്ഡതന്‍മാരുടെ അറബിമലയാള രചനകള്‍ അച്ചടിക്കുകയായിരുന്നു അവയുടെ ദൗത്യം. അവ ആവേശപൂര്‍വം വായിച്ച ഒരു മാപ്പിള വായനാ സമൂഹവും പൊന്നാനിക്കുചുറ്റും വളര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം സമുദായത്തിനുപുറത്ത് മിഷനറി ഇടപെടലുകളിലൂടെ മലയാളം കൈവരിച്ചുകൊണ്ടിരുന്ന വളര്‍ച്ചയെക്കുറിച്ചും നായര്‍ മലയാള ലിപി കേരളീയരുടെ പൊതുലിപിയായി മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അവർ അജ്ഞരായിരുന്നു. മലയാളം പഠിക്കുന്നതും പൊതു പള്ളിക്കൂടങ്ങളില്‍ പോകുന്നതും നിരുല്‍സാഹപ്പെടുത്തുന്ന സമീപനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് പലനിലക്കും അകന്നുപോയിരുന്ന പൊന്നാനിയിലെ സ്വൂഫീ പണ്ഡിതന്‍മാര്‍ക്കുണ്ടായിരുന്നത് എന്നത് കാര്യങ്ങള്‍ പിന്നെയും വഷളാക്കി. ത്രിയേക ദൈവവിശ്വാസവും നബിനിന്ദയും പ്രതിപക്ഷമോ മറുചോദ്യങ്ങളോ ഇല്ലാതെ മലയാളി പൊതുസമൂഹത്തില്‍ പതിറ്റാണ്ടുകളോളം പ്രചരിപ്പിക്കാന്‍ ക്രിസ്തുമത മിഷനറിമാര്‍ക്ക് കഴിഞ്ഞു എന്നതായിരുന്നു മാപ്പിളമാരുടെ അറബിമലയാള ആത്മരതിയുടെ അനന്തരഫലം.

മിഷനറിമാരോട് മറുചോദ്യങ്ങളുയര്‍ത്തിയ ഉത്തരേന്ത്യന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് കേരളത്തില്‍ പിന്തുടര്‍ച്ചയുണ്ടായത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ്. യമനിലെ ഹദറമൗത് പ്രവിശ്യയിലെ തരീം പട്ടണത്തില്‍നിന്ന് പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ തെന്നിന്ത്യയിലേക്ക് പലായനം ചെയ്തുവന്ന അനേകം അറബ് മുസ്‌ലിം പണ്ഡിത കുടുംബങ്ങളിലൊന്നില്‍ 1847ല്‍ പൊന്നാനിക്കടുത്ത വെളിയങ്കോട് എന്ന മുസ്‌ലിം കേന്ദ്രത്തില്‍ ജനിച്ച സയ്യിദ് ഥനാഉല്ലാഹ് മക്തി സക്വാഫ് തങ്ങള്‍ എന്ന യുഗപ്രഭാവനാണ് മാപ്പിളമാര്‍ക്കിടയില്‍ മിഷനറി വിരുദ്ധ ആദര്‍ശ ചെറുത്തുനില്‍പ്പിന് തുടക്കമിട്ടത്. അറബ് കുടുംബ പാരമ്പര്യവും പിതാവിന് പേര്‍ഷ്യന്‍/ ഉര്‍ദു സാഹിത്യലോകവുമായുണ്ടായിരുന്ന ബന്ധവും കാരണം പൊന്നാനി പണ്ഡിതന്‍മാരുടെ പല നിലപാടുകളും മതപരമായ അടിസ്ഥാനമില്ലാത്തവയാണെന്ന് മക്തി തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ മറ്റു മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍നിന്ന് വ്യത്യസ്തമായി ചാവക്കാട് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ പഠിതാവായി ചേരാനും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വ്യുല്‍പത്തി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏറെത്താമസിയാതെ അഭ്യസ്തവിദ്യനായ തങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. അന്നത്തെ മലയാള സാഹിത്യലോകത്ത് മിഷനറിമാര്‍ക്കുണ്ടായിരുന്ന സ്വാധീനം തങ്ങള്‍ക്ക് ബോധ്യപ്പെടുന്നത് അങ്ങനെയാണ്.

ഇസ്‌ലാമിക ഏകദൈവവിശ്വാസത്തെയും മുഹമ്മദീയ പ്രവാചകത്വത്തെയും വിമര്‍ശിച്ചും ത്രിത്വസിദ്ധാന്തം സ്ഥാപിച്ചും അച്ചടിമഷി പുരണ്ടുകൊണ്ടിരുന്ന മലയാള അക്ഷരങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ പൊന്നാനിയുടെ അറബിമലയാള മതിലുകള്‍ ഭേദിച്ച് ശുദ്ധ മലയാള സാഹിത്യ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്ന് മക്തി തങ്ങള്‍ തിരിച്ചറിയുകയായിരുന്നു.പ്രവാചകന്റെ യഥാര്‍ഥ ചിത്രം മലയാളിക്കുമുന്നില്‍ അവതരിപ്പിക്കുന്നതിനും യേശു പഠിപ്പിച്ചിട്ടില്ലാത്ത ത്രിയേക ദൈവ വിശ്വാസം യേശുവിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന മിഷനറി കാപട്യം കേരളീയ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ച തങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ലഭിക്കാന്‍ 1882ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ തന്റെ ഗവണ്‍മെന്റ് ജോലി രാജിവെച്ചു. ജോലി രാജിവെച്ച് വെളിയങ്കോട്ടുനിന്നും കൊച്ചിയിലേക്കു പോയി കൊച്ചിയെ തന്റെ പ്രവര്‍ത്തനകേന്ദ്രമായി സ്വീകരിക്കുകയാണ് തങ്ങള്‍ ചെയ്തത്. അറബി മലയാള പ്രസിദ്ധീകരണങ്ങള്‍ മാത്രം അച്ചടിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിരുന്ന വെളിയങ്കോടു പോലുള്ള ഒരു അടഞ്ഞ പൊന്നാനിപ്രവിശ്യയില്‍നിന്ന് തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള ഒരു ശുദ്ധമലയാള മതാന്തര സംവാദം അക്കാലത്ത് സാധ്യമേ ആയിരുന്നില്ല. എന്നാല്‍ കൊച്ചി, മലയാള അച്ചുകൂടങ്ങളുടെയും പത്രപ്രസിദ്ധീകരണങ്ങളുടെയും സര്‍വോപരി ഇംഗ്ലീഷ് മിഷനറിമാരുടെയും പറുദീസയായിരുന്നു. കൊച്ചിയിലെ നഗരസംസ്‌കൃതിയുടെയും പ്രസാധന സംസ്‌കാരത്തിന്റെയും ആശയ/ഭാഷാ ബഹുസ്വരതയുടെയും തുറസ്സിലാണ് തന്റെ ആദര്‍ശയുദ്ധം നടക്കേണ്ടതെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കണം. ഇതിനുപുറമെ, മക്തി തങ്ങളോട് സഹകരിക്കാന്‍ സന്നദ്ധതയുള്ള ചില മുസ്‌ലിം പൗര പ്രമുഖര്‍ അന്ന് കൊച്ചിയിലുണ്ടായിരുന്നു. കൊച്ചിയില്‍ അക്കാലഘട്ടത്തില്‍ ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബാംഗ്ലൂര്‍ സ്വദേശി ഹാജി അബ്ദുല്‍ കരീം സാഹിബിന്റെ ശിഷ്യന്‍മാരായിരുന്ന ക്വാദിര്‍ശാ ഹാജി ബാപ്പു സാഹിബിനെപ്പോലുള്ളവരായിരുന്നു അത്.

ജോലി രാജിവെച്ച് ക്രിസ്തുമതപഠനത്തില്‍ മുഴുകിയ മക്തി തങ്ങളുടെ ആദ്യത്തെ ക്രിസ്തുമത വിമര്‍ശനപഠനം – അതുതന്നെയായിരുന്നു മക്തി തങ്ങളുടെ ആദ്യ പുസ്തകവും ഒരു മുസ്‌ലിമിന്റെ കൈകൊണ്ട് എഴുതപ്പെട്ട ആദ്യത്തെ മലയാള പുസ്തകവും – 1884ല്‍ കഠോരകുഠാരം എന്ന പേരില്‍ പുറത്തുവന്നു. ത്രിത്വം യേശുവോ മുന്‍ പ്രവാചകന്‍മാരോ പഠിപ്പിച്ചിട്ടില്ലാത്ത ഒരു വ്യാജ സിദ്ധാന്തമാണ് എന്ന് ബൈബിളും ക്രൈസ്തവ ഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ച കഠോരകുഠാരം കേരളീയ പൊതുമണ്ഡലത്തില്‍ വമ്പിച്ച കോളിളക്കങ്ങളാണുണ്ടാക്കിയത്. പ്രതിഭാധനരായ ക്രൈസ്തവ മിഷനറിമാര്‍ അന്ന് കേരളത്തില്‍ ജീവിച്ചിരുന്നിട്ടും അവര്‍ക്കാര്‍ക്കും കഠോരകുഠാരത്തിന് വസ്തുനിഷ്ഠമായ മറുപടിയെഴുതാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. കുഠാരം എന്ന മലയാള പദത്തിനര്‍ത്ഥം കോടാലി എന്നാണ്. കഠോരകുഠാരം എന്നുപറഞ്ഞാല്‍ കഠിനമായ പ്രഹരശേഷിയുള്ള കോടാലി എന്നര്‍ത്ഥം. ത്രിയേക ദൈവസങ്കല്‍പത്തെ തകര്‍ക്കുന്ന മൂര്‍ച്ചയുള്ള ഖഡ്ഗം എന്ന അര്‍ത്ഥത്തിലാണ് തങ്ങള്‍ തന്റെ പുസ്തകത്തിന് ആ പേരു നല്‍കിയത്. പില്‍കാലത്ത് രചിച്ച നാരിനരാഭിചാരി എന്ന കൃതിയല്‍ തങ്ങള്‍ തന്നെ ഈ പേരിന്റെ ഔചിത്യം വിവരിക്കുന്നുണ്ട്. അദ്ദേഹം എഴുതി: ”ആദ്യരചിതമായി 1884ല്‍ പ്രസിദ്ധപ്പെടുത്തിയ കഠോരകുഠാരം എന്ന ഗ്രന്ഥം ത്രിയേകവൃക്ഷത്തിന്നാസകലാല്‍ ഖണ്ഡിക്കുന്ന ഒരു മഹാ കുഠാരമായിത്തീര്‍ന്നു.”( മക്തി തങ്ങള്‍, നാരിനരാഭിചാരി/കെ. കെ. മുഹമ്മദ് അബ്ദുല്‍കരീം (എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണകൃതികള്‍ (കോഴിക്കോട്: വചനം ബുക്‌സ്, 2006), പുറം 637).ത്രിയേകത്വത്തെ ഒരു വൃക്ഷമായി പരിഗണിച്ചാല്‍ ആ വൃക്ഷത്തെ കടപുഴക്കുവാനുള്ള മൂര്‍ച്ച പുസ്തകത്തില്‍ താന്‍ നിരത്തിയ വാദങ്ങള്‍ക്കുണ്ട് എന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

അല്‍പംകൂടി സൂക്ഷ്മമായി വായിച്ചാല്‍ ഈ പുസ്തകത്തിന്റെ നാമകരണത്തില്‍ ആയുധത്തിന്റെ ഇസ് ലാമിക വിവക്ഷയില്‍ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് വരുന്ന ഭേദങ്ങളെ സംബന്ധിച്ച മക്തി തങ്ങളുടെ ബോധ്യം പ്രതിഫലിക്കുന്നതായി മനസ്സിലാക്കാം. ബ്രിട്ടീഷ് ഗവണ്‍മെന്റുമായും ചൂഷക ഭൂവുടമകളുമായുള്ള മാപ്പിള കര്‍ഷകരുടെ ഒറ്റയും തെറ്റയുമായുള്ള സായുധ സംഘട്ടനങ്ങളിലേക്ക് ജിഹാദിന്റെ വിശാലഭാവങ്ങള്‍ പരിമിതപ്പെട്ടുപോയ ഒരു കാലത്താണ് മക്തി തങ്ങളുടെ ജീവിതം. മുസ്‌ലിംകള്‍ക്കുചുറ്റും ഒരു പുതിയ സാഹിത്യലോകം രൂപപ്പെട്ടുവരികയും അവിടെ ഇസ്‌ലാം വിരുദ്ധമായ ആശയങ്ങള്‍ മുഴങ്ങുകയും ചെയ്യുമ്പോള്‍ അക്ഷരാഭ്യാസം നേടി അവിടേക്ക് കടന്നുചെന്ന് ആശയപരമായ കടന്നാക്രമണം നടത്തുകയാണ് ഏറ്റവും വലിയ ജിഹാദ് എന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു തങ്ങള്‍. ഒരു പുസ്തകത്തിന് കോടാലി എന്ന് പേരിടുക വഴി പേന ആയുധമാണെന്നും പേജുകള്‍ അടര്‍ക്കളമാണെന്നും മുസ്‌ലിം സമുദായത്തെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. വൈകാരിക വേലിയേറ്റങ്ങളല്ല, സുചിന്തിതമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ജിഹാദിന്റെ താല്‍പര്യമെന്ന് ആ മഹാമനീഷി തിരിച്ചറിഞ്ഞു. 1912ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ വെച്ച് മരണപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് തന്റെ തൂലിക ശിഷ്യനായ സി. വി. ഹൈദ്രോസ് സാഹിബിന് നല്‍കിക്കൊണ്ട് ”ഇനി ഈ പേന കൊണ്ട് നീ ഇസ്‌ലാമിനുവേണ്ടി ജിഹാദ് ചെയ്യുക” എന്ന് അദ്ദേഹം പറഞ്ഞതും ഇതേ തിരിച്ചറിവുകളെ തന്നെയാണ് സൂചിപ്പിക്കുന്നത്.

നാടുവാഴിത്തത്തില്‍നിന്നും നാട്ടുരാജ്യ വ്യവസ്ഥിതിയില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനം കൂടിയാണ് കൊളോണിയില്‍ കാലത്ത് ഇന്‍ഡ്യയില്‍ നടക്കുന്നത് എന്നും ജനാധിപത്യം നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ കരുത്തിലാണ് മലയാള സാഹിത്യ മണ്ഡലം ക്രിസ്തുമത പ്രചരണംകൊണ്ട് നിറയുന്നതെന്നും വ്യവസ്ഥിതി മാറ്റത്തെ പഴിചാരുന്നതിനുപകരം ജനാധിപത്യം ഉറപ്പുനല്‍കുന്ന മതപ്രചരണാവകാശം പൊസിറ്റീവായി ഉപയോഗപ്പെടുത്തുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത് എന്നും സൂചിപ്പിച്ചുകൊണ്ടാണ് തങ്ങള്‍ കഠോരകുഠാരം ആരംഭിക്കുന്നത്. പ്രതിലോമകാരികളും നിഷേധാത്മക ചിന്തക്കാരുമായി ‘വിപ്ലവം’ നടിക്കുന്നതിനുപകരം നിലവിലുള്ള സംവിധാനത്തെ എങ്ങനെ ഇസ്‌ലാമിക പ്രബോധനത്തിന് അനുഗുണമായി ഉപയോഗപ്പെടുത്താം എന്നാണ് മുസ്‌ലിം യുവത്വം ആലോചിക്കേണ്ടത് എന്ന നിത്യപ്രസക്തമായ സന്ദേശമാണ് തങ്ങള്‍ സമുദായത്തിന് നല്‍കാന്‍ ശ്രമിച്ചത്. എല്ലാവര്‍ക്കും അവരവരുടെ മതനിലപാടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന ഒരു സാമൂഹാന്തരീക്ഷം ഇസ്‌ലാമിനാണ് ഏറ്റവും ഗുണകരമാവുകയെന്നും ഇസ്‌ലാമിനോട് ആദര്‍ശസംവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു ദര്‍ശനത്തിനുമാകില്ല എന്നതാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. മുസ്‌ലിംകള്‍ ഇടപെടാത്തതുകൊണ്ടും പരിശ്രമിക്കാത്തതുകൊണ്ടും മാത്രമാണ് കേരളത്തില്‍ ത്രിത്വവിശ്വാസത്തിന് പ്രഭാവമുണ്ടാകുന്നത് എന്നും സമഗ്രമായ ഒരു ത്രിത്വഖണ്ഡനം രചിച്ച് ഈ അവസ്ഥയെ നേരിടാന്‍ മുസ്‌ലിംകളെ ഗവണ്‍മെന്റ് നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും തന്റെ പുസ്തകം ആ വഴിക്കുള്ള പരിശ്രമങ്ങള്‍ എന്തുമാത്രം വലിയ നേട്ടങ്ങളാണ് മുസ്‌ലിംകള്‍ക്ക് നല്‍കുക എന്നതിന്റെ തെളിവായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മിഷനറിമാര്‍ മതം പ്രചരിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അതിന് അവര്‍ക്കുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും താന്‍ നിഷേധിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കഠോരകുഠാരത്തിന്റെ ‘പീഠിക’ യില്‍ തങ്ങള്‍ എഴുതി: “ഇങ്ങനെ ഈ പ്രവൃത്തിയെ (മിഷനറി പ്രവര്‍ത്തനത്തെ) ഒരു തൊഴിലാക്കി നിശ്ചയിച്ചു അതിനുവേണ്ടി അനേകം പണം ചെലവഴിച്ചും നാനാ അധ്വാനങ്ങളും കഷ്ടനഷ്ടങ്ങളും സഹിച്ചും പലേടങ്ങളിലും പോയി ഉപദേശിക്കുന്നു. എന്നുതന്നെയല്ല, ശാസ്ത്രങ്ങളും വേദങ്ങളും വായിച്ചു അതിന്റെ താരതമ്യങ്ങള്‍ അതിന്റെ ശക്തി പോലെ അറിഞ്ഞു പല പുസ്തകങ്ങള്‍ ചമച്ചുവിറ്റും പാഠശാലകള്‍വെച്ചു പഠിപ്പിച്ചും വരുന്നു. ഇങ്ങനെ തങ്ങളുടെ വേദപ്രചരണത്തിനായി പണം കൊണ്ടും ദേഹം കൊണ്ടും ഒരുക്കമായിരിക്കുന്നത് അവര്‍ക്കുള്ള അവകാശമാണെന്നും ഉത്തമക്രിയയെന്നും വിചാരിക്കേണ്ടതാകുന്നു.”(മക്തി തങ്ങള്‍. കഠോരകുഠാരം/കരീം(എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (കോഴിക്കോട:് വചനം ബുക്‌സ്, 2006), പുറം 30). എന്നാല്‍ മിഷനറിമാര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ പ്രവാചക സന്ദേശങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളാണെന്ന് വിശ്വസിക്കുന്ന തനിക്കും മിഷനറിമാര്‍ക്കുള്ള അതേ മതപ്രബോധനാവകാശമുള്ളതുകൊണ്ട്, അവര്‍ക്കുള്ള മറുപടി താനും പ്രസിദ്ധീകരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് തങ്ങള്‍ ‘പീഠിക’ അവസാനിപ്പിക്കുന്നത്: “ഉപദേഷ്ടാക്കളുടെ വചനങ്ങള്‍ കേട്ടും ലേഖനങ്ങള്‍ വായിച്ചും സുവിശേഷങ്ങളോട് യോജിപ്പിച്ച് നോക്കുമ്പോള്‍ കേവലം അസംബന്ധമായി കാണുകകൊണ്ടും കുത്സിത വചനങ്ങള്‍ കൂടെ കൂടെ ചെവിട്ടില്‍ തറക്കുന്നത് കൊണ്ടും ഇതുവരെ മലയാള ഭാഷയില്‍ സുവിശേഷ പരിശോധന കാണായ്കയാല്‍ സ്ത്രീകളുടെ ലാവണ്യ അലങ്കാരങ്ങളും തുംഗസ്തനങ്ങളും മനോഹരലീലകളും അമൃതോപമ വചനങ്ങളും പുഞ്ചിരികൊഞ്ചലും കണ്‍മയക്കങ്ങളും കണ്ട് മോഹിച്ച് അന്തര്‍ഭൂത ദോഷങ്ങളെ ഓര്‍ക്കാതെ പെട്ടെന്ന് പെട്ടുപോകുന്നതുമായ ക്രിസ്തുമതത്തിന്റെ ഉപദേശ പ്രസാധനങ്ങളും പരിപാലന വൈചിത്ര്യങ്ങളും കണ്ട് അല്‍പജ്ഞാനികള്‍ ആന്തരാര്‍ത്ഥം ഗ്രഹിക്കാതെ പൊടുന്നനെ ചേര്‍ന്നുപോകുന്നതുകൊണ്ടും അന്യവേദമോ ശാസ്ത്രമോ ചേര്‍ക്കാതെ സുവിശേഷങ്ങളില്‍ നിന്നുതന്നെ ചില വാക്യങ്ങളെ എടുത്തു നിയമാനുസരണമായി ക്രിസ്ത്യാനികള്‍ അളന്നുവരുന്ന അളവിനാല്‍ തന്നെ അവര്‍ക്കും അളക്കുന്നു. ദൈവം തുണക്കട്ടെ ആമീന്‍.”(Ibid, പുറം 33).

മക്തി തങ്ങള്‍ തന്നെ മേല്‍വരികളില്‍ സൂചിപ്പിക്കുന്നതുപോലെ മലയാളത്തിലെ ഒന്നാമത്തെ ക്രിസ്തുമത വിമര്‍ശന ഗ്രന്ഥമായിരുന്നു കഠോരകുഠാരം. ഒരു മുസ്‌ലിം പണ്ഡിതനും (ഒരു മുന്‍ഷി: അറബി/ഉര്‍ദു/പേര്‍ഷ്യന്‍ അധ്യാപകനോ ഗവണ്‍മെന്റ് വിവര്‍ത്തകനോ) ഒരു ക്രൈസ്തവ ഉപദേശിയും തമ്മിലുള്ള സംഭാഷണ രൂപേണയാണ് കഠോരകുഠാരത്തിന്റെ ഉള്ളടക്കം. ത്രിയേക ദൈവവിശ്വാസം അടിസ്ഥാനരഹിതമാണെന്ന് ഇവര്‍ തമ്മിലുള്ള സാങ്കല്‍പിക സംഭാഷണം മുഖേന ഗ്രന്ഥകാരന്‍ വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ത്രിത്വം പ്രവാചക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ തങ്ങള്‍ തന്റെ കൃതിയില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദങ്ങള്‍ ഇവയാണ്:

ആദം മുതല്‍ മോശെയും യോഹന്നാന്‍ സ്‌നാപകനും വരെയുള്ള പ്രവാചകന്‍മാര്‍ ശുദ്ധമായ ഏകദൈവത്വമാണ് പ്രബോധനം ചെയ്തതെന്ന് ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നു. അവര്‍ക്കാര്‍ക്കും ത്രിത്വത്തെ സംബന്ധിച്ച നേരിയ ധാരണപോലും ഉണ്ടായിരുന്നില്ലെന്ന് പഴയ നിയമ പുസ്തകങ്ങളില്‍നിന്ന് സ്പഷ്ടമാണ്. മോക്ഷത്തിന് ആധാരമായ ഒരു അടിസ്ഥാന വിശ്വാസം പൂര്‍വപ്രവാചകന്‍മാരുടെയൊന്നും ഉപദേശങ്ങളില്‍ കടന്നുവരാതിരിക്കുക അസംഭവ്യമാണ്.

പഴയ നിയമത്തിന്റെ കാതലായ ഏകദൈവവിശ്വാസത്തെ യേശു ദുര്‍ബലപ്പെടുത്തുക എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ന്യായപ്രമാണത്തെയോ മുന്‍ പ്രവാചകന്‍മാരെയോ നീക്കം ചെയ്യാനല്ല, ശക്തിപ്പെടുത്താനാണ് യേശു വന്നിരിക്കുന്നതെന്ന് മത്തായി 5:17 പഠിപ്പിക്കുന്നുണ്ട്. ഏകദൈവവിശ്വാസത്തിന്റെ പരിശുദ്ധിയെ എത്ര പ്രാധാന്യത്തോടുകൂടിയാണ് പഴയ നിയമം പരിഗണിക്കുന്നത് എന്ന് ആവര്‍ത്തനം 32: 38, 39ല്‍ നിന്ന് വ്യക്തമാകും.

പുതിയ നിയമം യേശുവിന് ദൈവം അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമല്ല. യേശുവിന്റെ തിരോധാനം കഴിഞ്ഞ് പതിറ്റാണ്ടുകള്‍കഴിഞ്ഞ് എഴുതപ്പെട്ടതും യേശുവിന് പരിചയമില്ലാത്ത അനേകം ആശയങ്ങളുടെ കറപുരണ്ടതും പലവിധ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായതും ആണ്. യേശുവിന്റെ അധ്യാപനങ്ങള്‍ ഗ്രഹിക്കാനുള്ള വിശ്വസനീയമായ സ്രോതസ്സുകളായി പുതിയനിയമ പുസ്തകങ്ങളെ സ്വീകരിക്കാനാകില്ലെന്ന് ആധുനിക ബൈബിള്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം യേശുവിന്റെ ദൈവസങ്കല്‍പം തെളിയിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

പുതിയ നിയമ പുസ്തകങ്ങളില്‍ പോലും ത്രിത്വം പ്രഖ്യാപിക്കുന്ന വചനങ്ങളില്ല. ഉണ്ട് എന്ന് സ്ഥാപിക്കാന്‍ മിഷനറിമാര്‍ ഉന്നയിക്കുന്ന തെളിവുകള്‍ അതീവ ബാലിശങ്ങളാണ്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തി” (മത്തായി 28:19, 20) എന്ന വചനത്തില്‍ മൂന്നുപേരെയും പരാമര്‍ശിച്ചു എന്നല്ലാതെ മൂന്നും ഒന്നാണെന്ന് പറഞ്ഞിട്ടില്ല. നാമങ്ങളില്‍ എന്നു പറയാതെ നാമത്തില്‍ എന്നു പറഞ്ഞത് ത്രിത്വം സൂചിപ്പിക്കുന്നു എന്നത് ഒരു മിഷനറി കുതര്‍ക്കം മാത്രമാണ്. ‘എന്റെയും നിന്റെയും പേരില്‍’ എന്നൊക്കെ പറയുന്നതുപോലുള്ള ഒരു ഭാഷാ പ്രയോഗമാണത്. ഉല്‍പത്തി 2:19ല്‍ സകല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആദാം ‘എന്ത് പേരുകള്‍ ഇടും എന്ന് കാണാനായി’ എന്നല്ല, ‘എന്ത് പേരിടും എന്ന് കാണാനായി’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ‘സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നു’ എന്ന റോമര്‍ വചനത്തില്‍ മൂന്ന് അവനും സാക്ഷാല്‍ ദൈവത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പുത്രനോ പരിശുദ്ധാത്മാവോ കടന്നുവരുന്നേയില്ല. ലൂക്കോസ് 3:22ല്‍ യേശുവിനെ അഭിസംബോധന ചെയ്ത് സ്വര്‍ഗത്തില്‍ നിന്ന് “നീ എന്റെ പ്രിയ പുത്രന്‍”  എന്ന ശബ്ദമുണ്ടായി എന്ന അവകാശവാദമുണ്ട്. അതിലും പക്ഷേ ത്രിത്വമില്ല. ദൈവപുത്രന്‍ എന്ന് യേശുവിനെക്കുറിച്ച് മാത്രമല്ല, ദാവീദിനെയും സോളമനെയും യാക്കോബിനെയും ഇസ്രായേല്‍ വംശക്കാരെയും മുഴുവന്‍ വിശ്വാസികളെയും എല്ലാം കുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. അവരെയാരെയും ക്രിസ്ത്യാനികള്‍ ത്രിത്വത്തില്‍ അംഗമാക്കുന്നില്ല. പിതാവില്ലാതെ ജനിച്ചതുകൊണ്ടാണ് യേശുവിന്റെ പുത്രത്വം സവിശേഷമാകുന്നതെങ്കില്‍ പിതാവില്ലാതെ ജനിച്ച ആദമിനും ഹവ്വയ്ക്കും അതേ സ്ഥാനം വകവച്ചുകൊടുക്കേണ്ടി വരും.  ആദാം ദൈവപുത്രനാണ് എന്ന് ലൂക്കോസ് 3:38ല്‍ പറഞ്ഞിട്ടുണ്ട്.  ദൈവവും അവന്റെ ഭക്തരും തമ്മിലുള്ള സ്‌നേഹം സൂചിപ്പിക്കുന്ന സാഹിത്യപ്രയോഗം മാത്രമാണ് ബൈബിളിലെ പുത്രപ്രയോഗം എന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. യോസേഫിന്റെ മകനായി യേശുവിനെ പരിചയപ്പെടുത്തുന്ന പുതിയ നിയമത്തിന്റെ ആളുകള്‍ക്ക് യേശുവിന്റെ അത്ഭുത ജനനത്തെക്കുറിച്ച് പറയാന്‍ വലിയ അവകാശമൊന്നും ഇല്ല.

“യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങള്‍ യേശു ദൈവമാണെന്നും ത്രിയേകദൈവത്തിലെ ആളത്വമാണെന്നും തെളിയിക്കുന്നുവെന്ന മിഷനറി വാദം അടിസ്ഥാനരഹിതമാണ്. യേശു മാത്രമല്ല, മുന്‍ പ്രവാചകന്‍മാരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏലീശ മരിച്ചവരെ ജീവിപ്പിച്ചതായും (2 രാജാക്കന്‍മാര്‍ നാലാം അധ്യായം, 1 രാജാക്കന്‍മാര്‍ 17ാം അധ്യായം) കുഷ്ഠരോഗികളെ സുഖപ്പെടുത്തിയതായും (2 രാജാക്കന്‍മാര്‍ അഞ്ചാം അധ്യായം) പഴയ നിയമം വിശദീകരിക്കുന്നുണ്ട്. ഹെസക്കേല്‍ ഉണങ്ങിയ അസ്ഥികളെ ജീവിപ്പിച്ച് വന്‍ സൈന്യമാക്കിത്തീര്‍ത്തു എന്നാണ് പഴയ നിയമ പരാമര്‍ശം (ഹെസക്കേല്‍ 37 ാം അധ്യായം). ഏലീശയും ഹെസക്കേലുമെല്ലാം ഇതുകൊണ്ട് ദൈവമാകുന്നില്ലെങ്കില്‍ യേശുവും ദൈവമല്ല.”

“1 യോഹന്നാന്‍ 5:7 ല്‍ “എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗത്തില്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ മൂന്നുപേര്‍ -പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഈ മൂവരും ഒന്നാകുന്നു” എന്നുണ്ട്. പക്ഷേ യേശു ത്രിയേക വിശ്വാസം പഠിപ്പിച്ചു എന്നതിന് ഇത് തെളിവാകുന്നില്ല. ഒന്നാമതായി ഇത് യേശുവിന്റെ വചനമല്ല. യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ പല ആദര്‍ശങ്ങളും പ്രചരിപ്പിച്ച യോഹന്നാന്റെ പേരിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. രണ്ടാമതായി, യോഹന്നാന്റെ ലേഖനത്തില്‍ തന്നെ ഇത് പില്‍കാലത്ത് കടത്തിക്കൂട്ടപ്പെട്ടതാണെന്ന് പ്രഗല്‍ഭരായ പാശ്ചാത്യന്‍ ബൈബിള്‍ പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അനേകം വചനങ്ങള്‍ പലപ്പോഴായി പുതിയ നിയമത്തില്‍ കടത്തിക്കൂട്ടപ്പെട്ടിട്ടുണ്ട് എന്നതിന് ആധുനിക പുതിയ നിയമത്തിന്റെ പാഠം തന്നെ സാക്ഷിയാണ്. (ത്രിയേക ദൈവസങ്കല്‍പം പ്രഖ്യാപിക്കുന്ന പുതിയ നിയമത്തിലെ ഒരേയൊരു വചനമാണ് യഥാര്‍ത്ഥത്തില്‍ 1 യോഹന്നാന്‍ 5:7. ആ വചനം പില്‍കാലത്ത് പുരോഹിതന്‍മാര്‍ കടത്തിക്കൂട്ടിയതാണെന്ന കഠോരകുഠാരത്തിന്റെ സമര്‍ഥനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ കേരളീയ ക്രൈസ്തവ പൗരോഹിത്യം മലയാളം ബൈബിളുകളില്‍നിന്ന് പ്രസ്തുത വചനം എടുത്തുമാറ്റുകയാണ് ചെയ്തത്. 1889 വരെയാണ് ഈ വചനം മലയാളം ബൈബിളില്‍ നിലനിന്നതെന്ന് തങ്ങള്‍ എഴുതിയിട്ടുണ്ട്. 1 യോഹന്നാന്‍ 5:7 നീക്കം ചെയ്യപ്പെട്ടതിനെ സംബന്ധിച്ച് അദ്ദേഹം ഇപ്രകാരം വിശേഷിപ്പിച്ചു: “ഇതില്‍പരമായ കേട് ത്രിയേകവൃക്ഷത്തിന് ഇനിമേല്‍ തട്ടാനും ഇല്ല. മുരടു തന്നെ പറിഞ്ഞുപോയിരിക്കുമ്പോള്‍ കേടു തട്ടാന്‍ തടി എവിടെ?”( Ibid, പുറം 553). മക്തി മനക്ലേശം എന്ന ആത്മകഥാ രൂപത്തിലുള്ള കൃതിയില്‍ ത്രിയേക ദൈവസങ്കല്‍പത്തിനുണ്ടായിരുന്ന ഒരേയൊരു പ്രമാണം വ്യാജമാണെന്ന് തെളിയിക്കാനും മലയാളം ബൈബിളില്‍നിന്ന് എടുത്തുനീക്കിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: “ഇസ്‌ലാം മതത്തിന്നെതിരായ ത്രിയേകവിശ്വാസത്തിനു സാക്ഷിയാക്കി പ്രമാണത്തില്‍ കയറ്റിവെച്ചിരുന്നതും പത്തൊമ്പതാം നൂറ്റാണ്ടവസാനം വരെ ദൈവവചനമെന്നാദരിച്ചും രക്ഷാര്‍ഥമെന്ന് വിശ്വസിച്ചും വന്നിരുന്നതുമായ വ്യാജവചനത്തെ (1 യോഹന്നാന്‍ 5:7) സ്വന്തം കൈകളക്കൊണ്ട് നീക്കിച്ചു പ്രമാണം ശുദ്ധമാക്കി എന്നുതന്നെയുമല്ല, അത് സംബന്ധമായി കെട്ടിച്ചമച്ചുണ്ടാക്കിയതും ഉണ്ടാക്കുന്നതുമായ സൂത്ര ന്യായങ്ങളെയും നിര്‍ലജ്ജ ഉപയോഗങ്ങളെയും അരിഞ്ഞിടിച്ചു ശുദ്ധിയാക്കി പാറ്റിക്കളഞ്ഞിരിക്കുന്നു. ‘മൂന്ന് ഒന്ന്’ എന്നുള്ള മൊഴി ക്രിസ്തീയ കൃതിയായി അവരുടെ നാവ്, പല്ല,് ചുണ്ട് എന്നീ മൂന്നില്‍ അടങ്ങിയിരിക്കുന്നതല്ലാതെ പ്രമാണത്തില്‍ രേഖപ്പെട്ട് കാണ്‍മാനോ കാണിപ്പാനോ ഇല്ലാതായി.” (മക്തി തങ്ങള്‍, മക്തി മനക്ലേശം/കരീം (എഡി.), Ibid, പുറം 692). ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ RSV ബൈബിള്‍ പുറത്തിറങ്ങിയത് ഈ വചനമില്ലാതെയാണ്. എന്നാല്‍ ഇംഗ്ലീഷ് ബൈബിളുകള്‍ക്കുമുമ്പുതന്നെ മലയാളം ബൈബിളുകള്‍ ത്രിത്വത്തിന്റെ ‘മുരട്’ മുറിച്ചുകളഞ്ഞിരുന്നു!)”

“ത്രിത്വം സ്ഥാപിക്കുന്ന ഒരു വചനവും പുതിയ നിയമത്തില്‍ ഇല്ല എന്നു മാത്രമല്ല, ത്രിത്വത്തെ നഷേധിക്കുന്ന അനേകം വചനങ്ങള്‍ അതിലുണ്ട് താനും. “ഞാന്‍ പിതാവിനാലാണ് ജീവിക്കുന്നത്” (യോഹന്നാന്‍ 6:57), “ആ നാളിനെയും നാഴികയെയും പിതാവല്ലാതെ സ്വര്‍ഗത്തിലെ ദൂതന്‍മാരാകട്ടെ, പുത്രനാകട്ടെ, അറിയുന്നില്ല” (മാര്‍ക്കോസ് 13:32), “പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന്നു താനായിട്ട് ഒന്നും ചെയ്യാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 5:19) തുടങ്ങിയ യേശുവചനങ്ങള്‍ യേശുവിന്റെ സ്ഥാനം പിതാവായ ദൈവത്തിന്റേതിനു സമശീര്‍ഷമല്ല, മറിച്ച് താഴെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതേപ്രകാരം, “ആരെങ്കിലും മനുഷ്യപുത്രനു വിരോധമായി വല്ലതും പറഞ്ഞാല്‍ അത് അവനോട് ക്ഷമിക്കപ്പെടും. എന്നാല്‍ ആരെങ്കിലും പരിശുദ്ധാത്മാവിന് വിരോധമായി വല്ലതും പറഞ്ഞാല്‍ അത് അവനോട് ഇഹലോകത്തിലും പരലോകത്തിലും ക്ഷമിക്കപ്പെടുകയും ഇല്ലാ” (മത്തായി 12:32) എന്ന വചനം യേശുവും പരിശുദ്ധാത്മാവും ഒന്നല്ല എന്ന് തെളിയിക്കുന്നു.”

“പഴയ നിയമമോ പുതിയ നിയമമോ പഠിപ്പിക്കാത്ത ത്രിത്വം ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ടത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെയും നിഖിയാ സുനഹദോസിന്റെയും തുടര്‍ന്നു നടന്ന മറ്റു ചില സുനഹദോസുകളുടെയും ഇടപെടലുകള്‍ വഴിയാണ്. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ക്രിസ്തുവിനുശേഷം മുന്നൂറില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം ഒരു ചക്രവര്‍ത്തിയുടെ അധികാര പിന്‍ബലത്തില്‍ പുരോഹിതന്‍മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു വിശ്വാസം യേശുവിനുമേല്‍ കെട്ടിവെക്കുന്നതും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്യുന്നതും അപലപനീയമാണ്.”

കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവായിരുന്നു മക്തി തങ്ങളുടെ കഠോരകുഠാരം. ജാതിപീഡനങ്ങളുടെ തുടലുകള്‍ പൊട്ടിച്ച് മമ്പുറം സയ്യിദ് അലവി തങ്ങളെപ്പോലുള്ളവരുടെ നന്മ നിറഞ്ഞ ജീവിതത്തില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് സംഘടിത അവര്‍ണ മതപരിവര്‍ത്തനങ്ങള്‍ നടന്ന പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിതസ്ഥിതിയല്ല പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ കേരളത്തില്‍ നിലനിന്നത്. മുഹമ്മദ് നബി (സ)യെ വ്യക്തിഹത്യ ചെയ്തും ക്രിസ്തുമതാശയങ്ങള്‍ സമര്‍ത്ഥിച്ചും കൊടുമ്പിരി കൊള്ളാന്‍ തുടങ്ങിയ പുതിയ വൈജ്ഞാനിക പോര്‍മുഖത്തിന്റെ മാനങ്ങളെ ശരിയായി ഉള്‍ക്കൊണ്ട്, മതതാരതമ്യ പഠനത്തിന്റെയും ഇസ്‌ലാമിന്റെ യുക്തിഭദ്രമായ സമര്‍ത്ഥനത്തിന്റെയും നബിവിമര്‍ശനങ്ങള്‍ക്ക് മറുപടി പറയലിന്റെയും സാഹിത്യപ്രവര്‍ത്തനത്തിന്റെയുമെല്ലാം പുതിയ വഴികള്‍വെട്ടി ദഅ്‌വത്തിനെ കാലത്തോടൊപ്പം മുന്നോട്ടുകൊണ്ടുപോയ ചരിത്ര പുരുഷനായിരുന്നു തങ്ങള്‍. ഇസ്‌ലാമിക പ്രബോധനത്തിന്റെ ഈ പുതിയ പാത തെളിക്കുന്നതില്‍ കേരളത്തില്‍ അദ്ദേഹം ഏറെക്കുറെ ഒറ്റയാനായിരുന്നുവെന്ന് പറയാം. പ്രവാചകന്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഇതികര്‍ത്തവ്യതാ മൂഢരായി ഇരുന്നുപോയ മുഖ്യധാരാ മുസ്‌ലിം നേതൃത്വത്തോട് കലഹിച്ച് പ്രവാചകനുവേണ്ടി ഒറ്റയ്ക്ക് മുന്നില്‍ നടക്കാന്‍ ധൈര്യം കാണിക്കുകയായിരുന്നു മക്തി തങ്ങള്‍. പ്രവാചകനുവേണ്ടി മുന്നില്‍ നടന്ന ഒരു ബ്രിട്ടീഷ്‌കാല മലയാളി മുസ്‌ലിം ജീവിതത്തിന്റെ സമരസാക്ഷ്യങ്ങളാണ് മക്തി തങ്ങളുടെ പുസ്തകങ്ങളെല്ലാം. കഠോരകുഠാരത്തില്‍ തുടങ്ങിയ പ്രവാചകനുവേണ്ടിയുള്ള മക്തി തങ്ങളുടെ തൂലികായുദ്ധം, അദ്ദേഹത്തിന്റെ മരണത്തിനുമുമ്പ് പുറത്തുവന്ന അന്‍പതോളം പുസ്തകങ്ങളിലൂടെ തുടര്‍ന്നു.