Study

രോഹിതിന്റെ മരണം: വര്‍ണാശ്രമ ‘ധര്‍മ’ത്തിലേക്കാണ് ചർച്ച നീളേണ്ടത്!

By Musthafa Thanveer

March 29, 2017

രോഹിത് വെമുലയുടെ ചോരക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ നാം നേടിയെടുക്കേണ്ട മൗലികമായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? ദളിതനായിപ്പിറന്നതിന്റെ പേരില്‍ മാത്രം ആധുനിക ഇന്‍ഡ്യയില്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ധിഷണാശാലിയായ ഒരു പൗരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വകലാശാല അധികൃതരുടെയും വേട്ടക്കിരയാവുകയും ആത്മാഹുതി നടത്തുകയും ചെയ്തുവെന്ന വസ്തുത, ജാതിയെ വഴിയിലുപേക്ഷിക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം നീണ്ട ഏഴര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ലെന്ന ഭീഷണമായ യാഥാര്‍ത്ഥ്യത്തിനു തന്നെയാണ് ശക്തിയായി അടിവരയിടുന്നത്.

രോഹിത് വെമൂല സംഭവത്തെ കേവലമായ ഒരു വിദ്യാര്‍ത്ഥി പ്രശ്‌നമായോ ദരിദ്രന്‍ നേരിടുന്ന നീതി നിഷേധമായോ ഒക്കെ വ്യാഖ്യാനിക്കാന്‍ പാടുപെടുന്നവര്‍, രോഹിതിന്റെ ജാതിയാണ് അവനെ കൊടിയ വിവേചനങ്ങളുടെ തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞത് എന്ന അനിഷേധ്യമായ യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാന്‍ ശ്രമിച്ച് സ്വയം അപഹാസ്യരാവുക മാത്രമാണ് ചെയ്യുന്നത്. ജാതിയാണ് താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ശരിയായ അടിത്തറയെന്ന് മനസ്സിലാക്കുകയും കേവലമായ ‘ദേശീയത’ക്കോ ‘തൊഴിലാളിവര്‍ഗ വിചാരങ്ങള്‍’ക്കോ താന്‍ നേരിടുന്ന ഘടനാപരമായ അനീതികളെ സൂക്ഷ്മമായി അഭിമുഖീകരിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ് സ്വത്വബോധത്തിന്റെ ആത്മധൈര്യവുമായി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃനിരയിലേക്ക് കടന്നുചെല്ലുകയും ചെയ്ത രോഹിതിന്റെ രാഷ്ട്രീയമായ ഉള്‍ക്കാഴ്ചകള്‍ കൂടിയാണ് സവര്‍ണമേലാളരെ അത്യധികം പ്രകോപിപ്പിച്ചതെന്ന് മനസ്സിലാക്കാം. ജീവിതകാലത്ത് രോഹിത് നിര്‍വഹിച്ച പ്രഭാഷണങ്ങളിലും എഴുതിയ കുറിപ്പുകളിലും വിളിച്ച മുദ്രാവാക്യങ്ങളിലും മുതല്‍ മരിക്കുന്നതിനു തൊട്ടുമുമ്പവശേഷിപ്പിച്ച ആത്മഹത്യാകുറിപ്പില്‍ വരെയുള്ള പ്രതിഭയുടെ കാന്തികസ്പര്‍ശം ദലിതന്‍ എന്തായി ഒതുങ്ങിയിരിക്കണമെന്ന സവര്‍ണനിര്‍വചനങ്ങളെ മുഴുവന്‍ ആവേശപൂര്‍വം മറികടന്നതിന്റെ അസ്വസ്ഥത തന്നെയാണ്, നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും തികട്ടിവന്നത്.

ജ്ഞാനാന്വേഷണവും ബൗദ്ധിക വ്യായാമങ്ങളും ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണെന്നും ബ്രാഹ്മണനുള്ള അച്ചടക്കത്തോടുകൂടിയ പാദസേവയാണ് ശൂദ്രന്റെയും അവര്‍ണന്റെയും ‘സ്വധര്‍മ’മെന്നുമുള്ള ഇന്‍ഡ്യന്‍ ജാതി വ്യവസ്ഥിതിയുടെ അടിസ്ഥാനവാദത്തെ തന്നെ വെല്ലുവിളിച്ചുകൊണ്ടാണല്ലോ, രോഹിതുമാര്‍ വിഖ്യാതമായ കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുവാനും ചിന്തിക്കുവാനുമെത്തുന്നത്. ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും ‘പുരോഗമന’ കാമ്പസുകളില്‍ ‘വിപ്ലവ’ത്തിന്റെ പേരില്‍ മുഴങ്ങുന്ന ഇടത്-ലിബറല്‍ വായ്‌ത്താരിക്കുപകരം ജാതിക്കെതിരായ അംബേദ്കര്‍-ഫൂലെ മാര്‍ഗം പിന്തുടര്‍ന്നുകൊണ്ടുള്ള തീവ്രമായ ആശയസമരത്തെ നെഞ്ചോടുചേര്‍ക്കുന്നതില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുള്ള ഹൈദരാബാദിലെ ദലിത് വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യാന്‍ ‘മുഖ്യധാരാ ഇന്‍ഡ്യ’യെ നിര്‍ബന്ധിക്കുന്നതിന് രോഹിതിന്റെ മരണത്തിന് കഴിയുമോ എന്നാണ് ഇനി നാം ചോദിക്കേണ്ടത്. അതിന് കഴിയുംവിധം കാമ്പസുകളില്‍ വളര്‍ന്നുവന്നിട്ടുള്ള പ്രക്ഷുബ്ധതകളെ വിചാരപരമായി ചാനലൈസ് ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അതൊരു വലിയ വിജയമായിരിക്കും.

ജാതിയെ കാപട്യങ്ങളില്ലാതെ അപഗ്രഥിക്കുവാനുള്ള സന്നദ്ധതയില്ലായ്മയാണ്, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ അകമേ ജാതിയില്‍ വിശ്വസിക്കുകയും പുറമേക്ക് ജാതി എന്ന പേരില്‍ അതിനപ്പുറത്തും ഇപ്പുറത്തുമുള്ള മറ്റെന്തിനൊക്കെയെയോ കല്ലെറിയുകയും ചെയ്യുന്ന കാപട്യമാണ്, വര്‍ണവ്യവസ്ഥക്കെതിരെ ആധുനിക ഇന്‍ഡ്യയില്‍ ഫലപ്രദമായ ബൗദ്ധിക കലാപങ്ങള്‍ വളര്‍ന്നുവരാതിരുന്നതിന്റെ മൂലകാരണം. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി സ്വാതന്ത്ര്യസമരം നടത്തുമ്പോള്‍ ‘ജാതിപ്രശ്‌നം’ എടുത്തിട്ട് ഇന്‍ഡ്യക്കാരെ പരസ്പരം ‘ഭിന്നിപ്പിക്കുന്നത്’ ദേശക്കൂറില്ലായ്മയാണെന്ന പൊതുബോധം സൃഷ്ടിച്ച് അംബേദ്കറിനെ ‘കുറ്റവാളി’യായി ചിത്രീകരിച്ച ദേശീയ പ്രസ്ഥാന നേതാക്കളില്‍ മുതല്‍ വര്‍ണസമരമല്ല, വര്‍ഗസമരമാണ് രാഷ്ട്രീയമെന്ന് സിദ്ധാന്തിച്ച് സാമ്പത്തിക സമത്വമാണ്, ജാതിസമത്വമല്ല വേണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളില്‍ വരെ ഈ കാപട്യം നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. തിലകനും ദയാനന്ദനും ബങ്കിംചന്ദ്രനും വിവേകാനന്ദനും മുതല്‍ ഗാന്ധി വരെയുള്ള ഹിന്ദുമത പരിഷ്‌കര്‍ത്താക്കള്‍ ജാതിയെ താത്ത്വികമായി ന്യായീകരിക്കുകയാണ് ആത്യന്തികമായി ചെയ്തതെന്ന് അവരുടെ രചനകള്‍ വ്യക്തമാക്കുന്നുണ്ട്. തൊടലിനെയും തീണ്ടലിനെയും അയിത്തത്തെയുമെല്ലാം ചൊല്ലി അസ്വസ്ഥനായ ഗാന്ധി, അവയെയെല്ലാം ജാതിയുടെ ‘ദുരുപയോഗ’ങ്ങളായി കാണാന്‍ ശ്രമിച്ചത് ചാതുര്‍വര്‍ണ്യം അടിസ്ഥാനപരമായി വിശുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചതുകൊണ്ടാണ്.

എന്തുകൊണ്ട് ജാതിയെ തിരസ്‌കരിക്കുവാന്‍ ഗാന്ധിയടക്കമുള്ളവര്‍ക്ക് കഴിയുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരമായി ‘ജാതി ഹിന്ദുവിന് മതമാണ്’ എന്ന വസ്തുത ഉറക്കെ വിളിച്ചുപറഞ്ഞു എന്നതാണ് അംബേദ്കര്‍ക്ക് ഇന്‍ഡ്യാ ചരിത്രത്തിലുള്ള ഏറ്റവും വലിയ പ്രസക്തി. ഇപ്പോള്‍ നിര്‍വചിക്കപ്പെടുന്ന ‘ഹിന്ദു ധര്‍മ’ത്തിനകത്തുനിന്നുകൊണ്ട് ശൂദ്ര-അവര്‍ണവിമോചനം ഒരിക്കലും സാധ്യമാകില്ലെന്നും ഹിന്ദുമതത്തില്‍ നിന്ന് പുറത്തുവരിക മാത്രമാണ് ദലിത് വിമോചനത്തിന്റെ വഴിയെന്നും അദ്ദേഹം വസ്തുനിഷ്ഠമായി സമര്‍ത്ഥിച്ചു. മനുഷ്യര്‍ അവര്‍ണരും സവര്‍ണരുമാണെന്നും അവര്‍ണര്‍ മൃഗതുല്യരാണെന്നും സവര്‍ണരില്‍ ബ്രാഹ്മണന്‍ ഉന്നതനും ക്ഷത്രിയനും വൈശ്യനും ‘കുഴപ്പമില്ലാത്ത’ ഇടത്തരക്കാരും ശൂദ്രന്‍ അധമനുമാണെന്നും സങ്കല്‍പിക്കുന്ന ചാതുര്‍വര്‍ണ്യം, ചതുര്‍വേദങ്ങളെയും ഉപനിഷത്തുക്കളെയും ബ്രാഹ്മണങ്ങളെയും സ്മൃതിഗ്രന്ഥങ്ങളെയും ഇതിഹാസങ്ങളെയും പുരാണങ്ങളെയുമെല്ലാം വിശുദ്ധമായി പരിഗണിക്കുന്നവരെ സംബന്ധിച്ചടുത്തോളം മതത്തില്‍ നിന്നുള്ള വ്യതിയാനമോ മതത്തിന്റെ ദുരുപയോഗമോ അല്ല, പ്രത്യുത ശരിയായ മതാധ്യാപനം മാത്രമാണ്. ആ മതാധ്യാപനങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥയുടെ ഉപോല്‍പന്നങ്ങള്‍ മാത്രമാണ് അവര്‍ണന് നടവഴി നിഷേധിച്ച നാട്ടുമാടമ്പിത്തരം മുതല്‍ സര്‍വകലാശാല നിഷേധിച്ച ഭരണകൂട മാടമ്പിത്തരം വരെ.

മനുഷ്യര്‍ക്കിടയില്‍ നാല് വര്‍ണങ്ങളും മനുഷ്യജീവിതത്തില്‍ നാല് ആശ്രമങ്ങളും നിരൂപിക്കുന്ന ‘വര്‍ണാശ്രമ ധര്‍മം’ വൈദികസാഹിത്യങ്ങളുടെ പ്രാമാണികതയംഗീകരിക്കുന്ന സവര്‍ണ ഹൈന്ദവമതത്തിന്റെ പര്യായപദമായിപ്പോലും നിലനില്‍ക്കുന്നത്, ജാതി ഇന്‍ഡ്യയില്‍ വിശ്വാസത്തിന്റെ എത്ര വലിയ തണലാണ് അനുഭവിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വിശ്വാസങ്ങളെയും അവക്കാധാരമായ മതഗ്രന്ഥങ്ങളെയും പ്രശ്‌നവല്‍ക്കരിക്കാതെയും അവയ്‌ക്കെതിരെ ധൈഷണികപോരാട്ടം നടത്താതെയും ജാതിയുടെ വിഷദ്രംഷ്ടങ്ങളില്‍ നിന്ന് ഇന്‍ഡ്യയെ വിമോചിപ്പിക്കുവാനാകില്ലെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ, രോഹിത് വെമൂല ജന്മം നല്‍കിയ ജാതിവിരുദ്ധ നവകാമ്പസ് മുന്നേറ്റത്തിന് ലക്ഷ്യം കാണാനാകൂ. മനുഷ്യര്‍ക്കിടയില്‍ ജന്മത്തിന്റെ പേരില്‍ ഉച്ചനീചത്വം കല്‍പിക്കുന്ന ശുദ്ധപൈശാചികതക്ക് മതം കുടപിടിച്ചുകൊടുത്താല്‍ ആ ‘മത’ത്തിനുനേരെ മൗനം പാലിക്കുവാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കൊന്നും അവകാശമില്ലെന്നതാണ് വാസ്തവം. വര്‍ണാശ്രമം ധര്‍മമല്ല, അധര്‍മമാണ് എന്നാണ് പുതിയ സാഹചര്യത്തില്‍ കാമ്പസുകള്‍ ഉറക്കെ ആഞ്ഞുവിളിക്കേണ്ടതെന്നും അപ്പോള്‍ മാത്രമേ രോഹിതുമാരെ വേട്ടായാടുന്ന ജാതി സമ്പ്രദായത്തിന്റെ അടിക്കല്ലുകള്‍ ഇളകൂ എന്നും തന്നെയാണ് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ചതുര്‍വേദങ്ങളില്‍ ഏറ്റവും പഴക്കമുള്ള ഋഗ്വേദസംഹിതയില്‍ തന്നെയാണ് ചാതുര്‍വര്‍ണ്യത്തിനാധാരമായ ആദ്യപരാമര്‍ശമുള്ളത് എന്ന വസ്തുതയില്‍ നിന്നുതന്നെ, ചതുര്‍വേദങ്ങളെ ദൈവപ്രോക്തമായി പരിഗണിക്കുന്ന ആര്‍ക്കും വര്‍ണവിവേചനത്തെ പില്‍ക്കാല വ്യതിയാനമായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുന്നുണ്ട്. ആദ്യവേദത്തില്‍ തന്നെ അനുശാസിക്കപ്പെട്ടിട്ടുള്ള വിശുദ്ധ മതപാഠമാണ് സനാതന ഹിന്ദുവിന് ജാതി. ‘ബ്രാഹ്മണാസ്യ മുഖമാസിദ് ബാഹു രാജന്യ കൃതഹ, ഊരൂ തദസ്യ യദ്‌വൈശ്യ പദ്ഭ്യാം ശൂദ്രോ അജായത’ (വിരാട് പുരുഷന്റെ മുഖത്തില്‍ നിന്ന് ബ്രാഹ്മണനും കൈകളില്‍ നിന്ന് ക്ഷത്രിയനും തുടകളില്‍ നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും സൃഷ്ടിക്കപ്പെട്ടു) എന്നുപറയുന്ന ഋഗ്വേദത്തിലെ പ്രശസ്തമായ പുരുഷസൂക്തത്തിന്റെ ഭാഗം (ഋഗ്വേദം 10:90:12) ജാതി ദൈവസൃഷ്ടമാണെന്നാണ് നേര്‍ക്കുനേരെ തന്നെ വാദിക്കുന്നത്. ദൈവം തമ്പുരാനെ വിശദമായി പരിചയപ്പെടുത്തുകയും സൃഷ്ടിപ്രക്രിയയുടെ വിശദാംശങ്ങള്‍ പ്രതിപാദിക്കുകയും ചെയ്യുന്ന പുരുഷസൂക്തത്തിലെ ഋക്കുകളിലൊന്ന് പുരുഷരൂപം പൂണ്ട പരമേശ്വരന്റെ മുഖത്തുനിന്ന് സൃഷ്ടിക്കപ്പെട്ടവരായി ബ്രാഹ്മണരെയും പാദത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരായി ശൂദ്രരെയും പ്രാധാന്യപൂര്‍വം നിര്‍വചിക്കുമ്പോള്‍, ഋഗ്വേദഭക്തിയുള്ളവര്‍ക്ക് ദൈവവിശ്വാസത്തിന്റെ ഭാഗം തന്നെയണ് ജാതിവിശ്വാസവുമെന്നാണ് തെളിയുന്നത്. ബ്രാഹ്മണന്റെ ഔന്നിത്യവും ശൂദ്രന്റെ അധമത്വവും ദൈവതാല്‍പര്യമാണെന്നും ദൈവം മുഖത്തില്‍ നിന്ന് ജനിപ്പിച്ചവരും പാദത്തില്‍ നിന്ന് സൃഷ്ടിച്ചവരും തമ്മിലുള്ള സ്വാഭാവികമായ അന്തരമാണ് ‘മതനിഷേധി’കളാല്‍ ‘വിവേചന’മായി വ്യാഖ്യാനിക്കപ്പെടുന്നതെന്നും മനസ്സിലാക്കുവാന്‍ മാത്രമേ ‘ഋഗ്വേദി’കള്‍ക്ക് കഴിയൂ. ഋഗ്വേദത്തിന്റെ ദൈവസങ്കല്‍പത്തെ വെറുതെ വിട്ടുകൊണ്ട് ജാതിക്കെതിരായ പോരാട്ടത്തെ ഒരിക്കലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് ഇതിനര്‍ത്ഥം.

ദൈവശിരസ്സില്‍ നിന്ന് ജന്മം കൊണ്ടവരെന്ന നിലയ്ക്ക് ബ്രാഹ്മണര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും അതില്‍ പാദങ്ങളില്‍ നിന്ന് പിറ കൊണ്ടവരും ‘പാദസേവ’ക്കുമാത്രം അനുയോജ്യരുമായ ശൂദ്രര്‍ അസ്വസ്ഥരാവുകയും കലാപങ്ങള്‍ക്ക് മുതിരുകയും ചെയ്യുന്നത് പാപമാണെന്നുമുള്ള മതബോധമാണ് വൈദിക ‘ധാര്‍മിക നിയമ’ങ്ങളുടെയെല്ലാം പൊതുവായ അടിത്തറ. ബ്രാഹ്മണനെ അപമാനിക്കുന്നതും സ്വത്ത് കവരുന്നതും മഹാപാപമാണെന്ന അഥര്‍വവേദാധ്യാപനത്തിന്റെ (10 : 18,19) സാമൂഹിക പശ്ചാത്തലം ഇതാണ്. ജാതിവിരുദ്ധ സമരങ്ങള്‍ ‘മതനിന്ദ’യാണെന്ന് പഠിപ്പിക്കപ്പെട്ടവര്‍ അത്തരം സമരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു!

വൈദികസാഹിത്യങ്ങളില്‍ ദൈവസങ്കല്‍പത്തെ മാത്രമല്ല, മരണാനന്തരജീവിതത്തിലുള്ള വിശ്വാസത്തെയും വര്‍ണവ്യവസ്ഥയില്‍ നിന്ന് വേര്‍പെടുത്തുക പ്രയാസകരമാണ്. ഭാരതീയ സമൂഹത്തില്‍ പ്രചുരപ്രചാരമാര്‍ജിച്ചിട്ടുള്ള ചാക്രിക പുനര്‍ജന്മസങ്കല്‍പം നിര്‍മിച്ചിട്ടുളളതുതന്നെ സവര്‍ണരുടെ ജാതിക്കോയ്മയെ ന്യായീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണെന്നതാണ് വാസ്തവം. ആത്മാര്‍ത്ഥതയുള്ള പുനര്‍ജന്മവിശ്വാസികള്‍ക്കെല്ലാം, അതുകൊണ്ടുതന്നെ, ജാതി അഴിച്ചുവെക്കാന്‍ കഴിയാത്ത അടിസ്ഥാനവിശ്വാസമാണ്. പുനര്‍ജന്മ സങ്കല്‍പത്തെ പ്രശ്‌നവല്‍ക്കരിക്കാതെയുള്ള ജാതിവിരുദ്ധ സമരങ്ങള്‍ എപ്പോഴും ഉപരിപ്ലവമായിരിക്കുമെന്ന് പറയാനുള്ള കാരണമതാണ്. ചാക്രിക പുനര്‍ജന്മത്തിലുള്ള വിശ്വാസം നിലനില്‍ക്കുന്നേടത്തോളം കാലം ജാതിയും ഇന്‍ഡ്യയില്‍ നിലനില്‍ക്കുമെന്നതാണ് സത്യം. പുനര്‍ജന്മ സങ്കല്‍പത്തിനുപോല്‍ബലകമായ വചനങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഛന്ദോഗ്യോപനിഷത്തിലാണ്. സാമവേദത്തിനനുബന്ധമായി വളര്‍ന്നുവന്ന സുദീര്‍ഘമായ ഛന്ദോഗ്യത്തില്‍ തന്നെ പുനര്‍ജന്മം നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ജാതിയുടെ സങ്കേതങ്ങളുപയോഗിച്ചുകൊണ്ടാണ്. ജാതിയെ നിഷേധിക്കുന്ന ആര്‍ക്കും അതിലെ പുനര്‍ജന്മവിശദീകരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ”ഇവരില്‍ പുണ്യകര്‍മികളായിട്ടുള്ളവര്‍ സ്വകര്‍മാനുസരണം ബ്രാഹ്മണ യോനിയിലോ ക്ഷത്രിയ യോനിയിലോ ജനിക്കുന്നു. അശുഭ കര്‍മികള്‍ ശീഘ്രം തന്നെ നീചയോനികളില്‍- അതായത് പട്ടിയുടെയോ പന്നിയുടെയോ ചണ്ഡാളന്റെയോ യോനിയില്‍ ജനിക്കുന്നു” (5:10:7) എന്ന ഛന്ദോഗ്യ പ്രസ്താവന എത്രത്തോളം ഭീകരമായാണ് പുനര്‍ജന്മ വിശ്വാസം ജാതിവെറിയെ ആന്തരീകരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്. ബ്രാഹ്മണ മേധാവിത്തം പ്രസ്തുത ജാതിയില്‍ ജനിച്ചവരുടെ പൂര്‍വജന്മ സുകൃതമാണെന്നും അവര്‍ണപീഡനങ്ങള്‍ മുജ്ജന്മ പാപങ്ങള്‍ക്കുള്ള ദൈവശിക്ഷയാണെന്നും ഉളള അന്ധവിശ്വാസങ്ങള്‍ വളര്‍ത്തി ജാതിയിലധിഷ്ഠിതമായ സാമൂഹ്യക്രമത്തിന്റെ അനീതികള്‍ക്ക് പൊതുസമ്മിതി നേടിയെടുക്കുകയാണ് പുനര്‍ജന്മ സങ്കല്‍പം ചെയ്യുന്നതെന്നാണ് ഛന്ദോഗ്യോപനിഷത്ത് സുതരാം ബോധ്യപ്പെടുത്തുന്നത്. അവര്‍ണനെ പന്നിക്കും പട്ടിക്കും തുല്യനായി പ്രതിഷ്ഠിക്കുകയും അടുത്ത ജന്മത്തിലെങ്കിലും ഉയര്‍ന്ന ജാതിയില്‍ പിറക്കാന്‍ അച്ചടക്കത്തോടുകൂടി സ്വധര്‍മം (ബ്രാഹ്മണസേവ) നിര്‍വഹിക്കുകയാണ് വേണ്ടതെന്ന് അവനെ ഉപദേശിക്കുകയും ചെയ്യുന്ന പുനര്‍ജന്മ വിശ്വാസത്തിനുമുന്നില്‍ മതത്തിന്റെ ബോര്‍ഡുള്ളതുകൊണ്ടുമാത്രം ഏതെങ്കിലും സമത്വവാദികള്‍ മൗനം പാലിക്കുന്നുണ്ടെങ്കില്‍, ആത്മീയ വാണിഭക്കാര്‍ കണ്ണുരുട്ടിയാല്‍ തീരുന്ന ‘വിപ്ലവ’മേ അവരുടെ രക്തത്തിലുള്ളൂ എന്നാണതിനര്‍ത്ഥം.

ബ്രാഹ്മണര്‍ വിരാട് പുരുഷന്റെ ശിരസ്സില്‍ നിന്നുണ്ടായവരും മുജ്ജന്മ സുകൃതത്തിന്റെ സദഫലങ്ങളനുഭവിക്കുന്നവരുമാണെന്ന, യഥാക്രമം സവര്‍ണ ഹൈന്ദവതയുടെ ദൈവസങ്കല്‍പത്തില്‍ നിന്നും മരണാനന്തര ജീവിത സങ്കല്‍പത്തില്‍ നിന്നും ജനിക്കുന്ന, അന്ധവിശ്വാസങ്ങളുടെ സ്വാഭാവികമായ പ്രതിഫലനങ്ങള്‍ മാത്രമാണ് ഇന്‍ഡ്യയില്‍ ജാതിയെ ആധാരമാക്കി നടമാടിയ മുഴുവന്‍ ക്രൂരതകളുമെന്നതാണ് സത്യം. ദൈവസമാനനായ ബ്രാഹ്മണന് മൃഗസമാനനായ അവര്‍ണനെ ചവിട്ടി മെതിക്കാനുള്ള മതപരമായ അനുവാദത്തെയാണ് ആര്‍ഷഭാരതം വര്‍ണാശ്രമധര്‍മം എന്നുവിളിച്ചത്!

‘യഥാര്‍ത്ഥത്തില്‍ ദേവന്‍മാര്‍ രണ്ട് തരമാണ്. ദേവന്‍മാര്‍ സ്വതവേ ദേവന്‍മാര്‍ ആണെന്നത് ഉറപ്പാണല്ലോ. അവര്‍ കഴിഞ്ഞാല്‍ വേദവിദ്യ പഠിക്കുന്നവരും പഠിച്ചവരുമായ പുരോഹിതന്‍മാര്‍ (ബ്രാഹ്മണര്‍) മനുഷ്യരൂപികളായ ദേവന്‍മാരാണ്’ എന്ന ശതപഥ ബ്രാഹ്മണത്തിന്റെ പരാമര്‍ശം (2:22:6) വര്‍ണാശ്രമ ധര്‍മം കൃഷി ചെയ്ത മനോനിലവാരത്തിന്റെ ഏറ്റവും മികച്ച പ്രത്യക്ഷമാണ്; ബ്രാഹ്മണന്‍ മനുഷ്യരൂപം പൂണ്ട ദൈവങ്ങളാണെന്ന വിശ്വാസം! അവരെ പൂജിക്കുകയും അവര്‍ക്ക് വിധേയപ്പെടുകയുമാണ് ‘വിശ്വാസികള്‍’ ചെയ്യേണ്ടതെന്നും അവരുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നത് ‘ദൈവനിന്ദ’യാണെന്നും പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ! ‘ബ്രാഹ്മണന്‍ ദൈവസമാനനും നിര്‍ബന്ധമായും അനുസരിക്കപ്പെടേണ്ടവനുമാണ്’ എന്ന് മനുസ്മൃതിയും ‘വിഡ്ഡിയായാലും വിദ്വാനായാലും ബ്രാഹ്മണന്‍ ഈശ്വരതുല്യനാണ്; അഗ്നി അടുപ്പിലായാലും ചുടലയിലായാലും പൂജിക്കപ്പെടേണ്ടതാണ്’ എന്ന് നാരദസ്മൃതിയും ‘ബ്രാഹ്മണന്‍ ദുര്‍മാര്‍ഗിയാണെങ്കിലും പൂജ്യനാണ്; ശൂദ്രനാകട്ടെ ജിതേന്ദ്രിയനായാല്‍ പോലും പൂജ്യനാവുകയില്ല’ എന്ന് പരാശരസ്മൃതിയും നിയമങ്ങളായി എണ്ണിപ്പഠിപ്പിക്കുന്നത്, ശതപഥ ബ്രാഹ്മണത്തിന്റെ അധ്യാപനങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തിക്കൊണ്ടുതന്നെയാണ്. ലോകം കണ്ട ഏറ്റവും ഭീകരമായ അടിമത്തം ചാതുര്‍വര്‍ണ്യത്തിന്റെ രൂപത്തില്‍ ഇന്‍ഡ്യയില്‍ നിലനിന്നത് മതപരമായ വേരുകള്‍ മണ്ണില്‍ ആഴത്തില്‍ ആഴ്‌ത്തിക്കൊണ്ടുതന്നെയാണെന്ന് ചുരുക്കം. അതേ വേരുകളില്‍ നിന്നുതന്നെ ഇപ്പോഴും മതം പഠിക്കുന്നവരില്‍ നിന്ന്, അവര്‍ എത്രവലിയ വിദ്യാഭ്യാസം നേടിയാലും എത്ര ഉന്നതമായ സ്ഥാനങ്ങളിലെത്തിപ്പെട്ടാലും, മറിച്ചൊരു നിലപാടുണ്ടാവുക അസംഭവ്യമാണ്. രോഹിതിന്റെ പിന്നില്‍ കുരുച്ചുനടന്ന് അവനെ മരണക്കയത്തിലേക്ക് തുരത്തിയവര്‍ ഈ ആധുനികകാലത്തും ജാതിഭ്രാന്തരായി നിലനിന്നത് അവര്‍ മതോന്‍മത്തരായതുകൊണ്ടാണെന്ന് സാരം.

വേദാന്തിയായതിനാല്‍ മാനവസാഹോദര്യത്തിന്റെ പ്രവാചകനാണ് ശ്രീ ശങ്കരാചാര്യര്‍ എന്ന് പ്രസംഗിക്കുന്നവര്‍, ശങ്കരന്റെ ‘വേരുകള്‍’ ഇപ്പറഞ്ഞ സങ്കല്‍പങ്ങളുടെ മണ്ണില്‍ തന്നെയാണെന്നും ആയതിനാല്‍ അദ്ദേഹം മാനവസമത്വവാദിയാവുക അസംഭവ്യമാണെന്നുള്ള വസ്തുതയാണ് മറക്കുന്നത്. ‘ശൂദ്രന് ബ്രഹ്മജ്ഞാനത്തിന് അധികാരമില്ല. എന്തെന്നാല്‍ സ്മൃതി അയാള്‍ വേദം കേള്‍ക്കുന്നതിനെയും അധ്യായനം ചെയ്യുന്നതിനെയും പ്രതിഷേധിച്ചിരിക്കുന്നു. വേദശ്രവണത്തിന്റെ പ്രതിഷേധവും വേദാര്‍ത്ഥ ജ്ഞാനത്തിന്റെയും വേദാനുഷ്ഠാനത്തിന്റെയും പ്രതിഷേധവും ശൂദ്രനെ സംബന്ധിച്ച് സ്മൃതികളില്‍ ചെയ്തിരിക്കുന്നു. ശ്രവണപ്രതിഷേധത്തിന് ഉദാഹരണങ്ങള്‍: ‘വേദവാക്യം ശ്രവിച്ചാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയവും അരക്കും ഉരുക്കിയൊഴിക്കണം.’ ‘ശൂദ്രന്‍ സഞ്ചരിക്കുന്ന ശ്മശാനമാകുന്നു. അതുകൊണ്ട് ശൂദ്രന് അടുത്തുവെച്ച് വേദാധ്യായനം പാടില്ല.’ ഇതുകൊണ്ട് അധ്യായന പ്രതിഷേധവും വിധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏതൊരുവന്റെ സമീപം അധ്യായനം പാടില്ലയോ അവന്‍ സ്വയം അധ്യായനം ചെയ്യുന്നതെങ്ങനെ? ‘അവര്‍ വേദോച്ഛാരണം ചെയ്താല്‍ ജിഹാഛേദം ചെയ്യണം; വേദമന്ത്രങ്ങള്‍ ധരിച്ചാല്‍ കൊല്ലണം’ എന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ അയാള്‍ക്ക് വേദാര്‍ത്ഥജ്ഞാനവും അനുഷ്ഠാനവനും പാടില്ലെന്ന് സിദ്ധാന്തിക്കുന്നു. ശൂദ്രന് ജ്ഞാനം കൊടുക്കരുത് എന്നും പറഞ്ഞിട്ടുണ്ട്.’ എന്ന ശങ്കര പ്രസ്താവന (ബ്രഹ്മസൂത്ര ശങ്കരഭാഷ്യം 1:3:38) അദ്ദേഹത്തിന്റെ മതപശ്ചാത്തലത്തെക്കുറിച്ച് അറിയാവുന്നവരില്‍ യാതൊരു അത്ഭുതവുമുളവാക്കുകയില്ലെന്നതാണ് സത്യം.

ഇന്ന് ഇന്‍ഡ്യയില്‍ ഹിന്ദുമത നവോത്ഥാനത്തിന്റെയും ഹിന്ദു ‘ഏകീകരണ’ത്തിന്റെയും നാവും തൂലികയുമായി ‘ജ്വലിക്കുന്ന’ ആത്മീയ പ്രഭാഷകരെല്ലാം ഭഗവത്ഗീതയെയാണ് തങ്ങളുടെ മതവ്യാഖ്യാനത്തിനാധാരമാക്കുന്നത്. ‘ചാതുര്‍വര്‍ണ്യം മായാസൃഷ്ടം’ എന്ന് പ്രഖ്യാപിച്ച് (4:13) ജാതികള്‍ സ്വധര്‍മത്തില്‍ ഒതുങ്ങിക്കൂടുകയാണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കുന്ന ഗീതയില്‍ നിന്ന് ഈ കാവിവേഷക്കാര്‍ക്ക് ‘സമത്വ’ത്തിന്റെ പാഠങ്ങള്‍ കിട്ടുമെന്ന് ധരിക്കുന്നവരോട് സഹതപിക്കുവാന്‍ മാത്രമേ നമുക്ക് കഴിയൂ.

വര്‍ണാശ്രമ (അ)ധര്‍മത്തിലധിഷ്ഠിതമായ സ്വേഛാധിപത്യ ഭരണത്തെയാണ് രാഷ്ട്രീയ സ്വയംസേവക് സംഘം രാഷ്ട്രം എന്നുവിളിക്കുന്നത്. സവര്‍ണമേധാവിത്തവും ശൂദ്ര-അവര്‍ണ പീഡനവും പുലരുന്ന ആര്‍ഷഭാരത പുനഃസൃഷ്ടിയാണതിന്റെ ലക്ഷ്യം! അംബേദ്കര്‍ ജാതിവിവേചനങ്ങളെ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചുകൊണ്ടെഴുതിയ ഭരണഘടനയെ അടിസ്ഥാനമാക്കി മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ വികസിച്ചുവന്ന ഇന്‍ഡ്യ ആശയത്തോട് ആര്‍.എസ്.എസിന് തരിമ്പും മതിപ്പില്ല. വൈദികസാഹിത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മതരാഷ്ട്രം-സവര്‍ണന്റെ മതദത്തമായ ‘അധികാര’മാണ് ആ രാഷ്ട്രം ഊട്ടിയുറപ്പിക്കുക; അതിനെതിരെ വരുന്ന വെല്ലുവിളികളെ അടിച്ചമര്‍ത്താനാണ് ആ രാജ്യം പോലീസിനെയും പട്ടാളത്തെയും ഉപയോഗിക്കുക -എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംഘം തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ക്കുതന്നെ ഇന്‍ഡ്യയില്‍ മുന്നോട്ടുപോയത്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം പ്രചരിപ്പിക്കുന്ന സമഗ്രാധിപത്യരാഷ്ട്രമെന്ന ആശയവും മനുസ്മൃതി ഉറപ്പുവരുത്തുന്ന സവര്‍ണജാതിക്കോയ്മയും ഒരു ആധുനിക രാഷ്ട്രത്തിന്റെ നിര്‍മിതിക്ക് എങ്ങനെ അടിയാധാരമാക്കാം എന്ന ഗവേഷണമാണ് സംഘ് പാളയത്തിലെ ‘രാഷ്ട്രമീമാംസ’കരുടെയെല്ലാം ചര്‍ച്ചകളുടെ കാതല്‍. അര്‍ത്ഥശാസ്ത്രവും മനുസ്മൃതിയുമാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടനയെന്ന് ഈ രണ്ട് പുസ്തകങ്ങളോടും പരിവാര്‍ ബുദ്ധിജീവികള്‍ക്കെല്ലാമുള്ള അനാദൃശമായ പ്രിയം വ്യക്തമാക്കുന്നുണ്ട്.

ഗോള്‍വാള്‍ക്കറുടെ വിചാരധാര ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് തികഞ്ഞ മതിപ്പോടുകൂടി സംസാരിക്കുന്നതും ഇന്‍ഡ്യയുടെ സുരക്ഷിതത്വത്തിനും കെട്ടുറപ്പിനും അത് നിലനില്‍ക്കേണ്ടതനിവാര്യമാണെന്ന് വാദിക്കുന്നതും ചാതുര്‍വര്‍ണ്യം ദുര്‍ബലമായപ്പോഴാണ് മുസ്‌ലിംകള്‍ ഇന്‍ഡ്യയില്‍ ആധിപത്യം നേടിയതെന്ന് വിശദീകരിക്കുന്നതും ഇവ്വിഷയകമായ ഫാഷിസ്റ്റ് മാനിഫെസ്റ്റോ എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഹിന്ദുത്വത്തെ ഒരു ജനകീയ പ്രതിഭാസമാക്കി മാറ്റുന്നതിനുവേണ്ടി എണ്‍പതുകള്‍ മുതല്‍ ശ്രീരാമനെ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഒരു മാതൃകാ രാഷ്ട്രനായക ബിംബമായി വി.എച്ച്.പി വിപണനം ചെയ്തത് യാദൃഛികമായ ഒരക്ഷരത്തെറ്റല്ലെന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകന്‍. തന്റെ രാജ്യത്ത് ഒരു ബ്രാഹ്മണപുത്രന്‍ ‘അകാലത്തില്‍'(!) മരിച്ചതിന്റെ കാരണം ശംബൂകന്‍ എന്ന ശൂദ്രന്‍ തപസ്സനുഷ്ഠിക്കുന്നതുമൂലമുള്ള (ബ്രാഹ്മണന് മാത്രമാണ് തപസ്സിനധികാരം) ദേവകോപമാണെന്ന് ‘മനസ്സിലാക്കി’ ശംബൂകന്റെ തലയെടുക്കുകയും തദ്ഫലമായി ദേവന്‍മാരുടെ സന്തോഷസൂചകമായ പുഷ്പവൃഷ്ടിക്ക് വിധേയനാവുകയും ബ്രാഹ്മണപുത്രന് ജീവന്‍ തിരികെ നല്‍കുകയും ചെയ്തുവെന്ന് രാമായണം പറയുന്ന ശ്രീരാമനില്‍ സംഘം വിഭാവനം ചെയ്യുന്ന ‘മാതൃകാ ഭരണാധികാരി’യുടെ യഥാര്‍ത്ഥ ചിത്രമുണ്ട്.

വിചാരധാര മനസ്സിലുള്ളവരാണ് ഇപ്പോള്‍ ഇന്‍ഡ്യയുടെ അധികാരസ്ഥാനങ്ങളിലുള്ളതെന്ന് നമുക്കറിയാം. അവര്‍ക്കാവശ്യം സവര്‍ണ ഷോവിനിസത്തിന്റെ തിട്ടൂരങ്ങള്‍ക്ക് വിധേയപ്പെടുന്ന, വന്ധ്യംകരിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി തലമുറയെയാണ്; ചാതുര്‍വര്‍ണ്യത്തിന്റെ ചട്ടക്കൂടിനകത്ത് സുഖനിദ്രകൊണ്ട് ഭാരതമാതാ കീ ജയ് എന്നുവിളിക്കുന്ന കാവിക്കാമ്പസുകളെ! ആ അച്ചടക്കത്തെയാണ് അവര്‍ ദേശീയത എന്നുവിളിക്കുന്നത്; അതിനെയാണവര്‍ ഇപ്പോള്‍ കേന്ദ്രസര്‍വകലാശാലകളില്‍ വമ്പന്‍ ദേശീയ പതാകകളുടെ പ്രതിഷ്ഠയിലൂടെ പ്രതീകാത്മകമായി വാഴിക്കുവാന്‍ ശ്രമിക്കുന്നത്. സര്‍വകലാശാലകള്‍, അവയ്ക്കകത്ത് പണയം വെക്കാത്ത യുവമസ്തിഷ്‌കങ്ങളുള്ളിടത്തോളം കാലം, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സ്വപ്നങ്ങള്‍ക്ക് അരുനില്‍ക്കുകയില്ലെന്ന് രോഹിത് ഒരിക്കല്‍കൂടി അവരെ ബോധ്യപ്പെടുത്തി. സ്വതന്ത്രചിന്തക്കും പ്രശ്‌നവല്‍ക്കരണങ്ങള്‍ക്കുമുള്ള അസാമാന്യമായ ഊര്‍ജ്ജം സിരകളില്‍ നിക്ഷേപിക്കുന്ന സര്‍വകലാശാലാ തുറസ്സുകള്‍ സവര്‍ണനിയന്ത്രിത ഇന്‍ഡ്യക്കുവേണ്ടിയുള്ള ചാണക്യതന്ത്രങ്ങളുടെ ശത്രുപക്ഷത്തേക്ക് നൂറുകണക്കിന് രോഹിതുമാരെ ഇനിയും സംഭാവന ചെയ്‌തേക്കുമെന്ന ഭീതിയാണ് മനുവാദികളെ ഇപ്പോള്‍ ഭരിക്കുന്നത്.

വര്‍ണാശ്രമ ധര്‍മത്തിന്റെ മാനവവിരുദ്ധതയെ ഏറ്റവും നന്നായി തുറന്നുകാണിക്കുവാന്‍ കഴിയുക ഇസ്‌ലാമിക പ്രബോധകര്‍ക്കാണ്. ദേശീയതയ്ക്ക് ഹിറ്റ്‌ലറുടെ മാതൃകയില്‍ പുതിയ കരിങ്കല്‍ നിര്‍വചനങ്ങളുണ്ടാക്കുകയും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് മാനവസമത്വത്തിന് വേണ്ടി സംസാരിക്കുവാന്‍ ശ്രമിക്കുന്നവരെ ‘ദേശദ്രോഹിപ്പട്ടം’ കാണിച്ച് ഭയപ്പെടുത്തി മൗനത്തിലേക്കുള്‍വലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക തന്നെയാണ് കേന്ദ്രം വികസിപ്പിച്ചു കൊണ്ടുവന്നിട്ടുള്ള സ്ട്രാറ്റജി. ഭീതിയുടെ കരിമ്പുതപ്പുകള്‍ക്കത്ത് നീതിബോധത്തെ ഉറക്കിക്കിടത്താനുള്ള ഷോവിനിസ്റ്റ് പദ്ധതിയെ ഭയമില്ലാത്ത തുറന്നുപറച്ചിലുകള്‍ക്കൊണ്ടതിജീവിക്കുവാനുള്ള സ്ഥൈര്യം ഇസ്‌ലാമിക പ്രബോധകര്‍ കാണിച്ചേ മതിയാകൂ.

ഇസ്‌ലാം ആരോടും ശത്രുതയുളള ആദര്‍ശമല്ല; പ്രത്യുത മുഴുവന്‍ മാനവരാശിക്കും ശരിയായ മാനവികതയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ വേണ്ടി പ്രപഞ്ചനാഥന്‍ മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തീകരിച്ചിട്ടുള്ള ദിവ്യസന്ദേശമാണ്. ദൈവദൂതന്‍മാരുടെ പേരില്‍ ദൈവം പഠിപ്പിച്ചിട്ടില്ലാത്ത പൈശാചികാശയങ്ങള്‍ പുരോഹിതന്‍മാര്‍ സമൂഹങ്ങളെ പഠിപ്പിച്ചുതുടങ്ങിയ സമയത്ത് ദൈവദൂതന്‍മാരുടെ യഥാര്‍ത്ഥ അധ്യാപനങ്ങളെ പുനഃസ്ഥാപിക്കുകയും പുരോഹിത ദുര്‍വ്യാഖ്യാനങ്ങളെ തുറന്നുകാണിക്കുകയും ചെയ്തുകൊണ്ടാണ് അന്തിമപ്രവാചകനായ മുഹമ്മദ് നബി (സ) അറേബ്യയില്‍ തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. മനുഷ്യമോചനത്തിന് നിമിത്തമാകേണ്ട ആത്മീയതയുടെ പേരില്‍ മനുഷ്യര്‍ക്കുമേല്‍ പാരതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ചങ്ങലകള്‍ കെട്ടിവെക്കപ്പെട്ട ദുര്യോഗത്തെയാണ് ദൈവികവെളിപാടുകളുടെ പിന്‍ബലത്തില്‍ ലോകത്തിന്റെ അന്തിമാചാര്യന്‍ ചോദ്യം ചെയ്തത്. പ്രവാചകദൗത്യത്തിന്റെ ഈ തലത്തെ, ‘അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു’ എന്ന പരിശുദ്ധ ക്വുര്‍ആനിന്റെ പ്രസ്താവന (7:157) അതിസുന്ദരമായി വാക്കുകളിലേക്കാവാഹിക്കുന്നുണ്ട്.

പ്രവാചകപാഠങ്ങളുടെ പിന്‍ബലത്തില്‍ പുരോഹിതന്‍മാര്‍ മതദുര്‍വ്യാഖ്യാനത്തിലൂടെ ഓരോ നാട്ടിലും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുളള മാനവവിരുദ്ധമായ ആശയങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയാണ് അവിടങ്ങളിലെ ഇസ്‌ലാമിക പ്രബോധകരുടെ സുപ്രധാനമായ ദൗത്യങ്ങളിലൊന്ന്. ഭാരതത്തിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാര്‍ പഠിപ്പിച്ചിട്ടില്ലാത്ത ആശയങ്ങള്‍ അവരുടെ പേരില്‍ മതഗ്രന്ഥങ്ങളിലെഴുതിച്ചേര്‍ത്തുകൊണ്ടാണ് വര്‍ണവ്യവസ്ഥയുടെ വിഷവിത്തുകള്‍ വൈദിക സാഹിത്യകാരന്‍മാര്‍ ഇന്‍ഡ്യാ ഉപഭൂഖണ്ഡത്തില്‍ മുളപ്പിച്ചെടുത്തതെന്ന കാര്യം സുതരാം വ്യക്തമാണ്. മനുഷ്യനുമായി യാതൊരു സമാനതകളുമില്ലാത്ത അത്യുന്നതനായ പ്രപഞ്ചസ്രഷ്ടാവിനെക്കുറിച്ച് സംസാരിക്കുകയും മനുഷ്യര്‍ മുഴുവന്‍ തങ്ങളുടെ നന്മതിന്മകളെക്കുറിച്ച് കണിശമായി വിചാരണ ചെയ്യപ്പെട്ട ശേഷം സ്വര്‍ഗത്തിലോ നരകത്തിലോ പ്രവേശിപ്പിക്കപ്പെടുമെന്നും അനശ്വരമായ പരലോകജീവിതമാണ് ഒരേയൊരു ഇഹലോക ജീവിതത്തിനുശേഷം വരാനുള്ളതെന്നും അസന്നിഗ്ധമായി പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍മാരുടെ പാതയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് തലയും കാലുമുള്ള വിരാട് പുരുഷനെക്കുറിച്ചുള്ള സങ്കല്‍പവും ചാക്രിക പുനര്‍ജന്മത്തിലുള്ള വിശ്വാസവും ഉടലെടുത്തതെന്ന് പരിശുദ്ധ ക്വുര്‍ആനിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കുന്നവര്‍ക്കെങ്ങനെയാണ് ജാതിയുടെ വേരുകളായിത്തീര്‍ന്ന ഈ വിശ്വാസവ്യതിയാനങ്ങളുടെ അപകടങ്ങളെക്കുറിച്ച് സമൂഹത്തോട് സംസാരിക്കാതിരിക്കാന്‍ കഴിയുക? തങ്ങള്‍ ദൈവശിരസ്സിന്റെ സന്തതികളും ആയതിനാല്‍ ഉന്നതരുമാണെന്ന മതജന്യമായ അഹംബോധം കൊണ്ടുനടക്കുന്ന ഭക്തബ്രാഹ്മണരെയും അവരുടെ പാദസേവക്ക് നിര്‍ബന്ധിക്കപ്പെടുന്ന ശൂദ്രരെയും ‘പട്ടിജന്മ’ങ്ങളായി മുദ്രകുത്തപ്പെടുന്ന ചണ്ഡാളരെയും നിങ്ങള്‍ ഇതൊന്നുമല്ലെന്നും വിരാട് പുരുഷനോ ചാക്രിക പുനര്‍ജന്മമോ ഇല്ലെന്നും അന്തിമ പ്രവാചകനിലും അദ്ദേഹത്തിനവതരിപ്പിക്കപ്പെട്ട അന്തിമവേദത്തിലും ശരിയായ ദൈവ-പരലോക വിശ്വാസങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നും ബോധ്യപ്പെടുത്താന്‍ പ്രബോധകര്‍ക്ക് കഴിയണം. ദൈവശിരസ്സില്‍ നിന്ന് ചില മനുഷ്യരും പാദങ്ങളില്‍ നിന്ന് മറ്റുചില മനുഷ്യരും പിറക്കുകയോ മുജ്ജന്മ കര്‍മങ്ങളുടെ ഫലമായി മനുഷ്യര്‍ പല തരക്കാരായി സൃഷ്ടിക്കപ്പെടുകയോ അല്ല ചെയ്യുന്നതെന്നും സമ്പൂര്‍ണാര്‍ത്ഥത്തില്‍ ഏകനായ പ്രപഞ്ചസ്രഷ്ടാവ് ആദിപിതാവിന്റെയും ആദിമാതാവിന്റെയും സന്തതിപരമ്പരകളായി മാനവരെ ഭൂമുഖത്ത് വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നും ഏകോദര സഹോദരങ്ങളും സമന്‍മാരുമായ അവര്‍ക്കിടയില്‍ ജന്മത്തിന്റെ പേരില്‍ ആരും ഉന്നതരോ അധമരോ ആകുന്നില്ലെന്നും ജന്മമല്ല, ജീവിതവിശുദ്ധിയാണ് മാനവമഹത്വത്തിന്റെ നിദാനമെന്നും പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരാശിയോട് പരിശുദ്ധ ക്വുര്‍ആനിലൂടെ പ്രഖ്യാപിച്ചിട്ടുളള കാര്യം ഇസ്‌ലാമിക പ്രബോധകരല്ലാതെ മറ്റാരാണ് ഭാരതീയ സമൂഹത്തോട് തുറന്നുപറയുക?

‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന് ”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13) എന്ന പരിശുദ്ധ ക്വുര്‍ആന്‍ വചനമുദ്ധരിച്ച് ഇന്‍ഡ്യയില്‍ ഭയലേശമന്യേ ഉറക്കെപ്പറയല്‍ തന്നെയാവും സ്ഥലത്തോടും കാലത്തോടും ക്വുര്‍ആനിന്റെ അനുയായികള്‍ കാണിക്കുന്ന നീതി. ‘ജനങ്ങളേ, നിങ്ങളുടെയെല്ലാം ദൈവം ഒന്നാണ്; നിങ്ങളുടെ ആദിപിതാവും ഒന്നാണ്. അറബിക്ക് അനറബിയെക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവന് കറുത്തവനെക്കാളുമോ കറുത്തവന് വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല; ജീവിതവിശുദ്ധിയുടെ അടിസ്ഥാനത്തിലല്ലാതെ’ എന്ന മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപനത്തിലുള്ള (മുസ്‌നദ് അഹ്മദ്) വംശീയതക്കും ജാതീയതക്കുമെതിരായ അതിശക്തമായ നിലപാടാണ് മുഴുവന്‍ ദൈവദൂതന്‍മാരുടെയും നിലപാടെന്നും ഭാരത്തില്‍ വളര്‍ന്നുവന്ന വര്‍ണാശ്രമ വിശ്വാസങ്ങള്‍ക്ക് ദൈവദൂതന്‍മാരുമായൊന്നും യാതൊരു ബന്ധവുമില്ലെന്നും തുറന്നുപറയാന്‍ സന്നദ്ധമാവുക നാം!

മക്കാവിജയത്തിന്റെ സമയത്ത് കറുത്ത നീഗ്രോ അടിമ വംശജനായിരുന്ന ബിലാലിനെ(റ) മുഴുവന്‍ വിശ്വാസി സമൂഹത്തിനുവേണ്ടി കഅ്ബക്ക് മുകളില്‍ നിന്ന് പ്രാര്‍ത്ഥനാഹ്വാനം മുഴക്കാന്‍ നിയോഗിച്ച മുഹമ്മദ് നബി(സ)ക്കുവേണ്ടിത്തന്നെയാണ്, അല്ലാതെ ശൂദ്രനും അവര്‍ണനും ആത്മീയാന്വേഷണങ്ങള്‍ നിഷിദ്ധമാണെന്ന് വാദിക്കുന്ന വര്‍ണാശ്രമികള്‍ക്കുവേണ്ടിയല്ല, മാനവകുലം ദാഹിക്കുന്നത്. ആ ദാഹം ശമിപ്പിക്കാനാകട്ടെ ഇസ്‌ലാമിക സമൂഹത്തിന്റെ ഊര്‍ജ്ജം പുതിയ സന്ദര്‍ഭത്തില്‍ വിനിയോഗിക്കപ്പെടുന്നത്.