Reports

ധ്യാന കൾട്ടിനെ വിഗ്രഹവൽകരിച്ച് ഡി. സി. ബുക്‌സ് സാഹിത്യമേളക്ക് തുടക്കം

By Admin

March 29, 2017

കോഴിക്കോട്/സ്റ്റാഫ് റിപ്പോർട്ടർ: ധ്യാനാത്മക ആത്മീയതയുടെ കൾട്ട് ബ്രാൻഡുകളെ ഉത്സവമാക്കി ഡി. സി. ബുക്‌സ് കേരള സർക്കാരിന്റെ സാംസ്‌കാരിക, വനം, പട്ടികജാതി-പട്ടികവർഗ, കായിക-യുവജനക്ഷേമ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിന് കടപ്പുറത്ത് അറുബോറൻ തുടക്കം. സച്ചിദാനന്ദനെപ്പോലൊരു തീവ്ര പുരോഗമന, മതനിരപേക്ഷ വാദിയുടെ മുഖ്യ മേൽനോട്ടത്തിൽ നടക്കുന്ന മേളയായിട്ടുപോലും ഉൽഘാടന ദിവസം തന്നെ മേളക്ക്‌ ‘ആർഷഭാരത’ ആത്മീയ നിറം കൈവന്നത് കനത്ത ഉൽകണ്ഠക്കിടയാക്കുന്നുണ്ട്. യോഗാ പ്രചാരകനും ബി. ജെ. പി സർക്കാർ ഈ വർഷം പത്മവിഭൂഷൺ നൽകി ആദരിച്ച ‘ആത്മീയാചാര്യനും’ ആയ ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ ‘സദ്ഗുരു’ ആണ് സംഘാടകർ പരസ്യം ചെയ്‌തതു പോലെ ഉദ്ഘാടന സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയത്. ‘പ്രഭാഷണ’ത്തോടൊപ്പം  സദ്ഗുരു ശിഷ്യരുടെ ‘ആത്മീയ സംഗീതക്കച്ചേരിയും’ വൻ  പ്രാധാന്യത്തോടെ വേദിയും സമയവും കവർന്നു.

സാംസ്‌കാരിക ഷോവിനിസ്റ്റുകൾ ആഗ്രഹിക്കുന്നതുപോലെ ഭാരതീയ ഋഷിമാരുടെ ബഹുദൈവാരാധനാപരമായ മതപാരമ്പര്യങ്ങൾക്ക് മതനിരപേക്ഷതയുടെയും സംസ്‌കാരത്തിന്റെയും ചിരപുരാതനത്വത്തിന്റെയും ദേശാഭിമാനത്തിന്റെയുമെല്ലാം മുഖം നൽകി സെമിറ്റിക് സമൂഹങ്ങളിലടക്കം അതിനെ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്ന അന്താരാഷ്‌ട്ര പ്രസിദ്ധനായ യോഗിയാണ് ന്യൂയോർക്കും കോയമ്പത്തൂരും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സദ്ഗുരു. ശിവപൂജ, ലിംഗാരാധന, കൃഷ്‌ണഭക്തി, യോഗ, ധ്യാനം എന്നീ ഹൈന്ദവ പ്രമേയങ്ങളെ ഉപജീവിച്ചുകൊണ്ടുള്ളതാണ് സദ്ഗുരുവിന്റെ ദർശനവും ആചാര പദ്ധതികളും. പിന്തിരിപ്പൻ അന്ധവിശ്വാസങ്ങളുടെ വാണിജ്യമേള കൂടിയാക്കി സാഹിത്യമേളയെ മാറ്റിയതിനു പിന്നിൽ മലയാളിയുടെ വലത്തോട്ടുള്ള ചായലിനെ ഉന്നമാക്കിയുള്ള സംഘാടകൻ രവി ഡി. സിയുടെ കച്ചവടതന്ത്രം ഒളിഞ്ഞിരിക്കുന്നത് കാണാനെളുപ്പമാണ്. കോയമ്പത്ത്തൂരിനടുത്ത് സദ്ഗുരു നടത്തുന്ന ആത്മീയ കേന്ദ്രത്തിൽ പുരുഷലിംഗത്തിന്റെ പടുകൂറ്റൻ പ്രതിമയാണ് പ്രതിഷ്‌ഠ. ‘ധ്യാനലിംഗം’ എന്ന പേരിലാണ് ആശ്രമം ഇതിനെ ആഘോഷിക്കുന്നത്. പ്രതിഷ്ഠക്കുമുന്നിൽ ധ്യാനനിരതനായി ഇരുന്നാൽ മനശാന്തി ലഭിക്കുമെന്നാണ് പ്രചാരണം. മാഹാശിവരാത്രി നാളിൽ നടക്കുന്ന സമൂഹ ധ്യാനത്തിന് സദ്ഗുരു നേതൃത്വം നൽകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ ഇതിനെത്തിച്ചേരുന്നതായി ഇഷാ ഫൗണ്ടേഷൻ അവകാശപ്പെടുന്നു. കച്ചവട ആത്മീയക്കെതിരിൽ പ്രകോപനപരമെന്ന് പോലും തോന്നുന്ന തരത്തിൽ ആഞ്ഞടിക്കാറുള്ള സക്കറിയ സദ്ഗുരു മുഖ്യപ്രഭാഷകനായ വേദിയിൽ ‘അച്ചടക്കമുള്ള’ ഉദ്ഘാടകൻ ആയത് മേളയിലെ ഏറ്റവും വലിയ അശ്ലീലക്കാഴ്ചയായി.

സദ്ഗുരുവിന്റെ പുസ്തകങ്ങൾക്ക് വൻ കവറേജ് നൽകിയ ഡി. സി പുസ്തക പവിലിയന് പുറമെ ഇഷാ ഫൗണ്ടേഷന്റെ സ്വന്തം പുസ്തക-ഡി. വി. ഡി സ്റ്റാളും മേളയിലുണ്ട്. ഫെബ്രുവരി 24ന് ഈ വർഷത്തെ മഹാശിവരാത്രിക്ക് കോയമ്പത്തൂരിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പടുകൂറ്റൻ ഫ്ലകസ് ബോർഡ് മേളയിലെ സന്ദർശകരെ വരവേൽക്കുന്നു. ലിംഗപ്രതിഷ്‌ഠക്കുശേഷമുള്ള അടുത്ത പടിയെന്ന നിലയിൽ ഫൗണ്ടേഷൻ നിർമാണം പൂർത്തീകരിച്ച വമ്പൻ ശിവപ്രതിഷ്ഠയുടെ അനാച്ഛാദനം ശിവരാത്രി നാളിൽ നടക്കുമെന്ന് മേളയിലെ ബോർഡുകളും ലഘുലേഖകളും ആവേശപൂർവം അറിയിക്കുന്നു. ശിവരാത്രിക്ക് ആമുഖമായി കോയമ്പത്തൂർ യാത്രക്കുള്ള മുന്നൊരുക്കമെന്ന നിലയിൽ അനുഷ്ഠിക്കേണ്ട ജപങ്ങളുടെയും ആരാധനകളുടെയും ഭക്ഷണ-വസ്ത്ര മര്യാദകളുടെയും വിപുലമായ വിവരങ്ങളും മേളയിൽ ലഭ്യമാണ്.

ഡി. സി. ബുക്‌സ് ഫാഷിസത്തിന്റെ കാലത്ത് കൂടുതൽ വിധേയപ്പെടാനും കാവിവൽകരിക്കപ്പെടാനും തീരുമാനിച്ചാൽ അതവരുടെ സ്വാതന്ത്ര്യമായിരിക്കും. എന്നാൽ പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് മതേതര സർക്കാർ വകുപ്പുകൾ  ഒരു മതവിശ്വാസത്തിന്റെ വിപണനത്തോട് ‘സഹകരിക്കുന്നതിന്റെ’ ന്യായമെന്താണെന്ന ചോദ്യത്തെ എളുപ്പത്തിൽ മറികടക്കുക ആർക്കും സാധ്യമല്ല.