ഹനീഫ് മൗലവി ജയിൽ മോചിതനായി
29 March 2017 | Reports
മുംബൈ: പ്രാർത്ഥനകളും കാത്തിരിപ്പും വെറുതെയായില്ല. യു. എ. പി. എ വകുപ്പുകൾ പ്രകാരം ആറുമാസം മുംബൈ ജയിലിൽ അന്യായ തടവ് അനുഭവിച്ച വയനാട് കമ്പളക്കാട് ഹനീഫ് മൗലവി ഇന്ന് ഉച്ചയോട് കൂടി ജയിൽ മോചിതനായി. ഇന്നലെ ഉച്ചയോടടുത്താണ് കോടതി ഹനീഫ് മൗലവിക്ക് ജാമ്യം അനുവദിച്ചത്. കോടതിവിധിയുടെ പകർപ്പുകൾ ഇന്നലെ രാത്രി ജയിലിൽ എത്തി. മൗലവിയെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ട്.
ഉദ്ദേശം രണ്ടു മാസം മുമ്പ് ഹനീഫിനുവേണ്ടി സമർപ്പിക്കപ്പെട്ട ജാമ്യ അപേക്ഷ എൻ. ഐ. എയുടെ എതിർവാദങ്ങൾ മുഖവിലക്കെടുത്ത് 2016 ഡിസംബർ 23ന് മുംബൈ സിറ്റി സിവിൽ ആൻഡ് സെഷൻ കോർട്ട് സ്പെഷ്യൽ ജഡ്ജ് വി. വി. പാട്ടീൽ തള്ളിയിരുന്നു. 2016 ഓഗസ്റ്റ് മാസം മുതൽ മുംബൈ ആർതർ റോഡിലെ സെൻട്രൽ പ്രിസണിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഹനീഫ്. ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ മാത്രമാണ് താൻ നടത്തിയിട്ടുള്ളതെന്നും ഭീകരവാദവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഹനീഫ് അഭിഭാഷകൻ മുഖേന നൽകിയ ജാമ്യ അപേക്ഷകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിസംബറിൽ ഹനീഫിന്റെ വാദങ്ങൾ തള്ളുകയാണ് കോടതി ചെയ്തിരുന്നത്.
ഫെബ്രുവരി 9നാണ് വീണ്ടും ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിക്കപ്പെട്ടത്. അത് തള്ളപ്പെടരുതേ എന്ന പ്രാർത്ഥനയിലായിരുന്നു നീതിബോധമുളള മനുഷ്യരെല്ലാം. പ്രാർത്ഥനകൾ സഫലമായിരിക്കുന്നു. ജാമ്യം ഇന്നലെ അനുവദിക്കപ്പെട്ടു, ഹനീഫ് മൗലവി ഇന്ന് പുറത്തിറങ്ങി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നീണ്ട ആറു മാസത്തിനുശേഷം ഒരു ചെറുപ്പക്കാരൻ ശ്വസിച്ചു തുടങ്ങുമ്പോൾ ഇനിയൊരു നിരപരാധിക്കും ഈ ഗതി വരാതിരിക്കട്ടെയെന്നും ജയിൽ മുറികളിൽ ഉള്ള സകല നിരപരാധികളും മോചിപ്പിക്കപ്പെടട്ടെയെന്നും അവർക്കുവേണ്ടി സംസാരിക്കാനുള്ള ധൈര്യം സകലരുടെയും സിരകളിൽ നിറയട്ടെയെന്നും പ്രാർത്ഥിക്കാതിരിക്കാനാകില്ല, മനസ്സാക്ഷിയുള്ള ആർക്കും!