Memoir

മാൽകം എക്‌സ് വധത്തിന് 52 വയസ്സ്

By Admin

March 29, 2017

ന്യൂയോർക്ക്: വിഖ്യാതനായ അമേരിക്കൻ  ഇസ്‌ലാമിക പ്രബോധകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന മാൽകം എക്‌സ് വധിക്കപ്പെട്ടിട്ട് ഇന്നേക്ക് 52 വർഷങ്ങൾ തികയുന്നു. 1965 ഫെബ്രുവരി 21നാണ് ഒരു പൊതുപരിപാടിയിൽ വെച്ച് കേവലം 39 വയസ്സ് മാത്രം പ്രായമുണ്ടായിരിക്കെ മാൽക്കം വെടിയേറ്റു മരിക്കുന്നത്. ഇസ്‌ലാം സ്വീകരിച്ച ശേഷം തന്റെ  കർമഭൂമിയായിരുന്ന നേഷൻ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തോട് 1964ൽ ആശയപരമായ വിയോജിപ്പുകൾ കാരണം മാൽക്കം എക്‌സ് വിട പറഞ്ഞിരുന്നു. ഇതിൽ കുപിതരായ പ്രസ്ഥാന പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വ്യാപകമായി കരുതപ്പെട്ടിരുന്നത്. എന്നാൽ കറുത്ത വർഗക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വന്നതിനുള്ള പ്രതികാരമായി അമേരിക്കൻ ഭരണകൂടം സി. ഐ. എയെയും എഫ്. ബി. ഐയെയും ഉപയോഗപ്പെടുത്തി ആസൂത്രണം ചെയ്തതാണ് മാൽക്കം വധം എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പിൽകാലത്ത് പുറത്തുവന്നു.

പൗരാവകാശങ്ങള്‍ക്ക് പരമപ്രാധാന്യം കല്‍പിക്കുന്ന, വലുപ്പം തീരെ കുറവെങ്കിലും മാനവികതകൊണ്ട് ഏറ്റവും ഉജ്ജ്വലമായ ഒരു ഭരണഘടനയുടെ പേരില്‍ അഭിമാനിക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ വിവിധ ദേശരാഷ്ട്രങ്ങള്‍ക്കുനേരെ വാള്‍വീശി ലോകപോലീസ് ചമയുകയും ചെയ്യുന്ന അമേരിക്കക്കാര്‍ സ്വന്തം നാട്ടിലെ കറുത്ത വര്‍ഗക്കാരെ കൈകാര്യം ചെയ്ത രീതികളെക്കുറിച്ചുള്ള അറിവുകള്‍ കൊട്ടിഘോഷിക്കപ്പെടുന്ന പാശ്ചാത്യന്‍ സമത്വസങ്കല്‍പത്തിന്റെയും ജനാധിപത്യബോധത്തിന്റെയും അകം തീര്‍ത്തും പൊള്ളയാണെന്ന് വ്യക്തമാക്കാന്‍ പോന്നവയാണ്. തദ്ദേശീയരായ ആദിവാസികളെ പിറന്ന മണ്ണില്‍ ചവിട്ടിത്തേച്ചാണ് ഇംഗ്ലീഷ് വെള്ളക്കാര്‍ അമേരിക്കന്‍ ഐക്യനാടുകള്‍ കുടിയേറി സ്വന്തമാക്കിയത് എന്നിടത്തുനിന്ന് ആരംഭിക്കുന്നുണ്ട് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരിക വൈരുദ്ധ്യം. വെള്ളക്കുടിയേറ്റക്കാരെ സേവിക്കാന്‍ ആഫ്രിക്കയില്‍നിന്ന് അസംഖ്യം നീഗ്രോകളെയാണ് കോളനിക്കാലത്ത് സാമ്രാജ്യത്വ ദുഷ്പ്രഭുത്വം അമേരിക്കയിലേക്ക് അടിമകളാക്കി കപ്പല്‍ കയറ്റിക്കൊണ്ടുപോയത്. മൃഗാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട കഠിനയാതനകളില്‍ നീഗ്രോ കറുപ്പ് വിയര്‍ത്തൊലിച്ചുനില്‍ക്കുന്നത് വെളുത്ത അമേരിക്ക നിസംഗമായി നോക്കിനില്‍ക്കുകയും ആസ്വദിക്കുകയും ചെയ്തു. അബ്രഹാം ലിങ്കണ്‍ന്റെ കാലത്തോളം കാത്തുനിന്ന് അടിമപ്പട്ടം ഉപേക്ഷിക്കാനായെങ്കിലും തൊലിനിറത്തിന്റെ പേരില്‍മാത്രം തങ്ങളോടും തങ്ങളുടെ വരുംതലമുറകളോടും അമേരിക്ക അയിത്തം തുടരുകയാണെന്ന് അടിമവംശജര്‍ വേദനയോടെ തിരിച്ചറിഞ്ഞു. കൊടിയ വിവേചനത്തിന്റെയും പീഡനത്തിന്റെയും ആ കറുത്തകാലം ഇപ്പോഴും അവസാനിചചിട്ടില്ലെന്നും ഇരുപതാം നൂറ്റാണ്ടില്‍ പോലും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും റോസാ പാര്‍ക്‌സുമെല്ലാം കറുത്തവര്‍ മനുഷ്യരാണെന്നംഗീകരിച്ചു കിട്ടാനുള്ള സമരഗോദയിലായിരുന്നവെന്നു പറയുമ്പോള്‍ ആധുനികതയുടെ വിമോചനം വിവേചനപരമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ആഫ്രോ-അമേരിക്കന്‍ എന്ന അപരാടിധാനത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടാന്‍ തുടങ്ങിയ അടിമവംശജര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമായിത്തുടങ്ങുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. ക്രൈസ്തവതയും ആധുനികതയും ബഹിഷ്‌കരിച്ച കറുപ്പിനെ വെളുപ്പിന് സമശീര്‍ഷകമായി ഉള്‍ക്കൊള്ളാനാവുക ഇസ്‌ലാമിന് മാത്രമാണെന്ന് ആഫ്രോ-അമേരിക്കന്‍ ബുദ്ധിജീവികളില്‍ ചിലര്‍ തിരിച്ചറിയാനാരംഭിക്കുകയായിരുന്നു. ദൈവം ഏകനാണെന്നും ആദമിന്റെയും ഹവ്വയുടെയും മക്കളായി ഭൂമിയില്‍ വ്യാപിച്ചവരാണ് സര്‍വമനുഷ്യരുമെന്നതുകൊണ്ട് നിറവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്നും വെളുപ്പോ കറുപ്പോ അല്ല, മറിച്ച് ജീവിതവിശുദ്ധിയും ധര്‍മനിഷ്ഠയുമാണ് മാനവമഹത്വത്തിനും സ്വര്‍ഗപ്രവേശനത്തിനും നിദാനമെന്നും തൊലിപ്പുറം നോക്കിയുള്ള ഉച്ചനീചത്വങ്ങള്‍ മുഴുക്കെ ദൈവനിന്ദാപരമാണെന്നും കണിശമായി ആവര്‍ത്തിച്ച് പറഞ്ഞുപഠിപ്പിക്കുന്ന പരിശുദ്ധ ക്വുര്‍ആനും മുഹമ്മദ് നബി(സ)യുടെ ജീവിതചര്യയും മാത്രമാണ് അകറ്റി നിര്‍ത്തപ്പെട്ട കറുത്ത വര്‍ഗക്കാര്‍ക്ക് തണലും തണുപ്പുമാവുക എന്ന തിരിച്ചറിവ് ഇസ്‌ലാം വായിക്കപ്പെട്ടതോടുകൂടി പ്രബലമായിത്തീര്‍ന്നത് തികച്ചും സ്വാഭാവികം മാത്രമായിരുന്നു.

എന്നാല്‍, അമേരിക്കയിലെ സവിശേഷമായ പശ്ചാത്തലത്തില്‍ കറുത്തവര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള ഒരു വംശീയ രാഷ്ട്രീയത്തെ വികസിപ്പിച്ചുകൊണ്ടുവരാന്‍ ഇസ്‌ലാമിനെ ഒരുപകരണമാക്കുക എന്ന പ്രവണത നിര്‍ഭാഗ്യവശാല്‍ ഉരുത്തിരിഞ്ഞുവന്നു. ആഫ്രോ-അമേരിക്കക്കാരുടെ പൂര്‍വികമതമായിരുന്നു ഇസ്‌ലാം എന്നും ഇസ്‌ലാം കറുത്ത വര്‍ഗക്കാരുടേത് മാത്രമാണെന്നും വെളുപ്പ് ഇസ്‌ലാമിനിഷ്ടമല്ലെന്നുമെല്ലാം ധ്വനിപ്പിക്കുകയും ഇസ്‌ലാമിക ഏകദൈവ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് കറുത്തവരുടെ വിമോചനത്തിനുവേണ്ടി വന്ന ദൈവാവതാരമാണ് തങ്ങളുടെ പ്രസ്ഥാനസ്ഥാപകന്‍ എന്ന വിചിത്രവാദം ഉന്നയിക്കുകയുമെല്ലാം ചെയ്‌ത്‌ ഇസ്‌ലാമിന്റെ മേല്‍വിലാസത്തില്‍ പുതിയൊരു കള്‍ട്ട് സ്ഥാപിച്ച് രംഗത്തുവന്ന നേഷന്‍ ഓഫ് ഇസ്‌ലാം വമ്പിച്ച വളര്‍ച്ചയാണ് കുറഞ്ഞ കാലയളവുകൊണ്ട് അമേരിക്കയില്‍ നേടിയത്. പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കുവന്ന എലിജാ മുഹമ്മദിന്റെ പ്രതിഭ നിരവധിപേരെ അതിന്റെ കുടക്കീഴിലേക്ക് കൊണ്ടുവന്നു. മാല്‍ക്കം എക്‌സും നേരത്തെ കാഷ്യസ് ക്ലേ ആയിരുന്ന മുഹമ്മദ് അലിയുമെല്ലാം നേഷന്‍ ഓഫ് ഇസ്‌ലാം അംഗങ്ങളാവുകയാണ് ഇസ്‌ലാം ആശ്ലേഷം എന്ന പേരില്‍ ചെയ്തത്.

കറുത്തവരില്‍ ഇസ്‌ലാമിനോടുള്ള സ്‌നേഹവും ആത്മാഭിമാനവും ജ്വലിപ്പിക്കുവാനും അവരെ ധാര്‍മികമായി സംസ്‌കരിക്കുവാനും ഈ വംശീയ ഉയിര്‍പ്പ് സഹായകരമായെങ്കിലും യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്ന് അതിലേക്കൊരുപാട് അകലമുണ്ടായിരുന്നു. മാല്‍ക്കം എക്‌സ് ഫയ്‌സല്‍ രാജാവ് സഊദി അറേബ്യ ഭരിച്ചിരുന്ന കാലത്ത് സര്‍ക്കാര്‍ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയതോടെയാണ് നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇസ്‌ലാമിന് ഒരു വംശീയതയുമില്ലെന്നും വെളുപ്പിനുമുകളില്‍ കറുപ്പിനെയോ കറുപ്പിനുമുകളില്‍ വെളുപ്പിനെയോ സ്ഥാപിക്കുകയല്ല, മറിച്ച് കറുപ്പും വെളുപ്പുമെല്ലാം ദൈവദൃഷ്ടിയില്‍ തുല്യമാണെന്ന് പഠിപ്പിക്കുകയാണ് അത് ചെയ്യുന്നതെന്നും സഊദി-ഹജ്ജ് അനുഭവങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞ മാല്‍ക്കം അമേരിക്കയിലേക്ക് തിരിച്ചുചെന്ന് പ്രസ്ഥാനമുപേക്ഷിക്കുകയും യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പ്രബോധകനും പ്രചാരകനുമാവുകയും ചെയ്തു. പിന്നീട് മുഹമ്മദ് അലിയും ആ പാത പിന്തുടരുകയുംയഥാര്‍ത്ഥ ഇസ്‌ലാമിന്റെ മധുരം അനുഭവിച്ചുതുടങ്ങുകയും ചെയ്തു. എലിജാ മുഹമ്മദിന്റെ മരണശേഷം നേഷന്റെ നേതാക്കളില്‍ തന്നെ നല്ലൊരു ശതമാനം തങ്ങളുടെ തെറ്റ് മനസ്സിലാക്കുകയും ശരിയായ ഇസ്‌ലാമികാധ്യാപനങ്ങളിലേക്ക് മടങ്ങുകയുമാണ് ചെയ്തത്. പത്രപ്രവർത്തകനായ അലക്‌സ് ഹാലിയുമായി ചേർന്ന് മാൽകം എക്‌സ് എഴുതിയ ആത്മകഥ വിശ്വപ്രസിദ്ധമാണ്.