Logo

 

സമരചുംബനങ്ങൾ പുനർജനിക്കുമ്പോൾ

29 March 2017 | Study

By

തങ്ങൾക്കിഷ്ടമില്ലാത്തതിനെയൊക്കെ തെരുവുഗുണ്ടായിസം വഴി ‘നേരെയാക്കുകയാണ്’ ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്ന ഫാഷിസ്റ്റ് റൗഡികൾ മറൈൻ ഡ്രൈവിലെ ‘കുടമറകൾ’ തിരഞ്ഞെത്തി ചൂരൽ വീശി ‘കുടിയൊഴിപ്പിക്കൽ’ നടത്തിയതിൽ അവരുടെ ദർശനവും പൂർവചരിത്രവും വെച്ച് യാതൊരത്ഭുതത്തിനും വകയില്ലെന്നതാണ് നേര്. കേരളത്തിന്റെ നിരത്തുവക്കുകളിൽ പോലും പോലീസ് കാവലിൽ കൂകിയാർക്കാനുള്ള ധൈര്യം കൾച്ചറൽ ഷോവിനിസം സംഭരിക്കുന്നതിനെ നിസ്സാരമായി കടന്നുപോകാനാണ് നമ്മുടെ ഭാവമെങ്കിൽ, ‘ജനാധിപത്യ’ത്തിന് വലിയ ആയുസ്സൊന്നും മലയാള നാട്ടിലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മോറൽ പൊലീസിംഗിനെ ചെറുക്കാനെന്നു പറഞ്ഞ് ഒരിക്കൽ കൂടി മറൈൻ ഡ്രൈവിൽ നിറയാൻ ശ്രമിച്ച സമരചുംബനങ്ങളുടെ രാഷ്ട്രീയം അനിവാര്യമായ ഈ ഫാഷിസ്റ്റ് വിരുദ്ധതയാണോ? അല്ലെന്ന് മനസ്സിലാക്കാൻ ഇതേ സംഘാടകരുടെ മുൻകയ്യിൽ നടന്ന ഒന്നാം ചുംബനസമരത്തിന്റെ ഓർമകളിലേക്ക് തിരിച്ചുപോയാൽ മതി.

ഒന്നാം ചുംബനസമരവും  എം. എസ്. എം സംവാദങ്ങളും
”ചുംബനസമരം ആകാശത്തുനിന്ന് പൊട്ടിവീണ ഒരു സമരമല്ല. കേരളത്തിലെ മീഡിയ സമര്‍ഥമായി സജീവ ചര്‍ച്ചകളില്‍നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ച ഒരു കാര്യം, ചുംബനസമരം എന്ന ആശയത്തിന്റെ ഉറവിടമാണ്. ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ ഊന്നുവടിയായ ഇസ്‌ലാമോഫോബിയയുടെ കൂട്ടിക്കൊടുപ്പുകാരായ ‘ഫ്രീ തിങ്കേഴ്‌സ്’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് ചുംബനസമരം എന്ന നിര്‍ദേശം കേരളത്തിനുമുന്നില്‍ സമര്‍പ്പിക്കപ്പെടുന്നത്. ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം വിരുദ്ധ മനോഭാവം പങ്കിടുകയും അതുവഴി സംഘ് പരിവാറിന് ‘വൈജ്ഞാനിക ന്യായീകരണങ്ങള്‍’ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയിട്ടുള്ള ഈ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ സംഘാടകര്‍ക്ക് ഫാഷിസത്തെയോര്‍ത്ത് രക്തം തിളക്കാനുള്ള സാധ്യത വളരെ വിരളമാണ്. പിന്നെയെന്താണ് ഇത്തരം ഒരു സമരപദ്ധതിയുമായി ഇവര്‍ രംഗത്തുവരാന്‍ കാരണം? അതു മനസ്സിലാകണമെങ്കില്‍ ഇവരുടെ ദാര്‍ശനിക പശ്ചാതലമറിയണം.

‘ഫ്രീ തിങ്കേഴ്‌സ്’, കേരളീയ യുക്തിവാദികളുടെ ഒരു സംരംഭമാണ്. അതില്‍ ചുംബനസമരം എന്ന ആശയവുമായി പ്രത്യക്ഷപ്പെട്ടതാകട്ടെ, അറിയപ്പെടുന്നൊരു യുക്തിവാദി പ്രഭാഷകനുമാണ്. യുക്തിവാദികള്‍ക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട് ഒരു വീക്ഷണമുണ്ട്. ആ വീക്ഷണം കേരളത്തില്‍ വിപണനം ചെയ്യുകയായിരുന്നു ചുംബനസമരത്തിന്റെ ലക്ഷ്യം. ഫാഷിസത്തിനെതിരായ മുദ്രാവാക്യങ്ങള്‍, ആളെപ്പറ്റിക്കാന്‍ വേണ്ടി മാത്രമാണ് അതിന്റെ തിരുനെറ്റിയിലെഴുതിപ്പിടിപ്പിച്ചത്. ഭൗതികവാദത്തിന്റെ ലൈംഗിക ദര്‍ശനമെന്താണെന്ന് നീട്ടി വിശദീകരിക്കാതെ തന്നെ എല്ലാവര്‍ക്കുമറിയാം. ഡെസ്മണ്ട് മോറിസിനെപ്പോലുള്ളവര്‍ പാടുപെട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന, മനുഷ്യന്റെ ലൈംഗിക പ്രകൃതം മൃഗതുല്യമാണെന്ന സങ്കല്‍പമാണ് അതിന്റെ കാതല്‍. മൃഗങ്ങള്‍, വിവാഹം കഴിക്കുകയോ ലൈംഗികതക്ക് സ്വകാര്യത നിഷ്‌കര്‍ഷിക്കുകയോ ചെയ്യാറില്ല. അപ്പോള്‍ മനഷ്യനും ഇതിന്റെയൊന്നും ആവശ്യമില്ല എന്ന സങ്കല്‍പമാണ് ഭൗതികവാദികള്‍ക്കുള്ളത്. ഇത് അവരുടെ പ്രപഞ്ചവീക്ഷണത്തില്‍നിന്നുതന്നെ ജന്മമെടുക്കുന്ന ഒരു നിലപാടാണ്. സ്ത്രീശരീരത്തിന്റെ സൗന്ദര്യം പുരുഷനുമുന്നില്‍ തുറന്നുവെക്കപ്പെടുന്നതും അന്യ സ്ത്രീയും പുരുഷനും  പരസ്പരം ചുംബിക്കുന്നതുമെല്ലാം ലൈംഗികമാണെന്ന് കാപട്യങ്ങള്‍ മാറ്റിവെച്ചാലോചിച്ചാല്‍ എല്ലാവര്‍ക്കും അംഗീകരിക്കേണ്ടി വരും. ഇവയൊന്നും ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രം നടക്കേണ്ടതല്ലെന്നും, കുടുംബം എന്ന സ്ഥാപനം കാലഹരണപ്പെട്ടതാണെന്നുമാണ് ഫ്രീ തിങ്കേഴ്‌സ് പ്രതീകാത്മകമായി പറയാന്‍ ശ്രമിച്ചത്. ചുംബനം മാത്രമല്ല, ലൈംഗിക ബന്ധവും ആര്‍ തമ്മിലും എവിടെവെച്ചും എപ്പോഴും എങ്ങനെയും ആകാം എന്നാണ് ഫ്രീ തിങ്കേഴ്‌സിന്റെ വീക്ഷണം. ചുംബന സമരം കേരളത്തെ മുഴുവന്‍ അത്തരമൊരു വീക്ഷണത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്‌തെടുക്കാനുള്ള പരിശ്രമങ്ങളുടെ നാന്ദിയായിരുന്നു.

സ്വതന്ത്ര ലൈംഗികതയുടെ സിദ്ധാന്തവല്‍കരണത്തില്‍ താല്‍പര്യമുള്ളവരെയൊക്കെ സാമ്രാജ്യത്വം ഇപ്പോള്‍ കേരളത്തില്‍ വാടകക്കെടുക്കും. ലൈംഗികാരാജകത്വത്തിനനുഗുണമായ ആദര്‍ശനിലം കേരളത്തില്‍ ഒരുക്കിവെച്ചശേഷം യൂറോപ്യന്‍-അമേരിക്കന്‍ ലൈംഗിക മനോരോഗികളെ കേരളത്തിലേക്ക് വിനോദസഞ്ചാരികളായി കൊണ്ടുവന്ന് ‘രോഗശമന’ത്തിനുള്ള  ഉപഭോഗവസ്തുക്കളായി മലയാളിപ്പെണ്‍കൊടികളെ അവര്‍ക്കെറിഞ്ഞുകൊടുക്കാനാണ് മുതലാളിത്തം കരുക്കള്‍ നീക്കുന്നത്. സെക്‌സ് ടൂറിസം എന്ന ഓമനപ്പേരില്‍ ഇവിടെ നടക്കാനിരിക്കുന്നത് അതാണ്. കേരളം സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുമ്പോഴേക്ക് വിവാഹബാഹ്യ ലൈംഗികാസ്വാദനങ്ങള്‍ തെറ്റാണെന്ന നിലപാടിന്റെ കഴുത്തറുക്കുകയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. വിദേശികളെ തൃപ്തിപ്പെടുത്താനായി തുണിയുരിയാനും നൃത്തം വെക്കാനും കിടപ്പറ പങ്കിടാനും മാതാപിതാക്കളുടെ സമ്മതത്തോടുകൂടി മലയാളിപ്പെണ്‍കുട്ടികളെ കിട്ടാന്‍ പിന്നീട് വിഷമമുണ്ടാകില്ല. സെക്‌സ് മാത്രം ലക്ഷ്യം വെച്ച് കേരളത്തില്‍ വിമാനമിറങ്ങുന്ന വിദേശികള്‍ക്ക് പിന്നെ കയ്യും കണക്കുമുണ്ടാകില്ല; അവരില്‍ നിന്നെല്ലാം ലൈംഗികാസ്വാദനത്തിനും യാത്രാ ചെലവുകള്‍ക്കുമായി കുത്തകകള്‍ വന്‍തുക ഈടാക്കുകയും ചെയ്യും. അത്തമൊരു അവസ്ഥയിലേക്ക് കേരളത്തെ നയിക്കണോ എന്നാണ് എല്ലാവരും കൂടി ആലോചിക്കേണ്ടത്. സെക്‌സ് ടൂറിസത്തിന്റെ രംഗപ്രവേശനം ചെറിയരീതിയില്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ ഉണ്ടായിട്ടും വലിയ പ്രതിഷേധങ്ങളൊന്നും അതിനെതിരെ ഉയരാത്തത് ഭീതിയോടുകൂടിമാത്രമേ വീക്ഷിക്കാന്‍ കഴിയൂ.

സെക്‌സ് ടൂറിസം കേവലമായൊരു ഒരു പേടിസ്വപ്നമല്ല. സെക്‌സ് ടൂറിസത്തിന്റെ നിലവിലുള്ള പറുദീസകളിലൊന്നായ തായ്‌ലാന്‍ഡില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവുള്ളവര്‍ക്ക് കേരളത്തില്‍ എന്തൊക്കെയാണ് നടക്കുകയെന്ന് പ്രവചിക്കുക പ്രയാസകരമാവില്ല. ബാങ്കോംഗിനടുത്തുള്ള പാറ്റ്‌പോംഗിലെ തെരുവുകളില്‍ ‘രാത്രിയാസ്വദിക്കാന്‍’ വേണ്ടി അനേകായിരം വിദേശികളാണ് ഓരോ ദിവസവും തായ്‌ലാന്‍ഡിലെത്തുന്നത്. ഇത് നേടിത്തരുന്ന വിദേശവരുമാനമാണ് തായ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആധാരം തന്നെ! ലോകഭൂപടത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള അമേരിക്കയില്‍ നിന്ന് കിഴക്കേ അറ്റത്തുള്ള തായ്‌ലാന്‍ഡിലേക്ക് കണ്ണിനും ശരീരത്തിനും  സെക്‌സ് ലഭിക്കാന്‍ വേണ്ടി വെള്ളക്കാരന്‍ ലക്ഷങ്ങള്‍ ചെലവാക്കി കടന്നുവരുന്നുവെന്ന് പറയുമ്പോള്‍ അയാളുടെ ആസക്തിയും ലൈംഗികഭാവനകളും എത്ര വന്യമായിരിക്കും എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പെണ്‍ശരീരദൃശ്യങ്ങള്‍ സുലഭമായ യൂറോപ്പിലും അമേരിക്കയിലും ലഭ്യമല്ലാത്ത തരം ‘കാഴ്ചകള്‍’ ടൂറിസ്റ്റിന് സമ്മാനിക്കാന്‍ വേണ്ടി പാറ്റ്‌പോംഗില്‍ ഒരുക്കിവെച്ചിരിക്കുന്നത് അനേകം നിശാനൃത്തശാലകളാണ്. അവിടങ്ങളില്‍ തായ്‌പെണ്‍കുട്ടികള്‍ കുടുംബം പോറ്റാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ പറയുന്നതരത്തിലെല്ലാം ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചലിക്കുകയും നിശ്ചലമാവുകയും ചെയ്യുന്നു. ഒടുവില്‍ പ്രകൃതിവിരുദ്ധ മാര്‍ഗങ്ങളിലടക്കം അവരുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നു. ടൂറിസ്റ്റ് നല്‍കുന്ന ‘കൈമടക്കു’മായി പുലര്‍ച്ചെ വീടുകളിലേക്ക് മടങ്ങുന്നു. വേശ്യകളുടെ നാട്! വേശ്യകള്‍ പോറ്റുന്ന നാട്! മിക്കവാറും എല്ലാ വീട്ടിലും വേശ്യകളുള്ള നാട്! ‘Pornocracy'(വേശ്യാധിപത്യം)യാണ് പാറ്റ്‌പോംഗില്‍ നിലനില്‍ക്കുന്നതെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ പറയാനുള്ള കാരണമിതാണ്. തായ്‌ലാന്‍ഡിലെ എയ്ഡ്‌സ് പ്രഭവകേന്ദ്രം കൂടിയാണ് അതിനാല്‍ തന്നെ പാറ്റ്‌പോംഗ്. ഭൂഗോളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള HIV വൈറസുകള്‍ ടൂറിസ്റ്റുകള്‍ വഴി പാറ്റ്‌പോംഗിലെത്തുന്നു. അവിടെനിന്ന് ടൂറിസ്റ്റുകള്‍ എയ്ഡ്‌സിനെ വിവിധ ലോകരാഷ്ട്രങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. പണത്തിനുവേണ്ടി മാനവും ആരോഗ്യവും വെള്ളക്കാരന് വിറ്റ ജനത! കേരളത്തെ ഇങ്ങനെയാക്കിത്തീര്‍ക്കാനാണ് നമ്മുടെയെല്ലാം മൗനം കൂട്ടുനില്‍ക്കുന്നതെന്ന് നമ്മളോര്‍ക്കുന്നുണ്ടോ?

മറൈന്‍ ഡ്രൈവില്‍ നടന്നത് അനൗപചാരികമായ ഒരു ലൈംഗിക വിദ്യാഭ്യാസ പരിപാടിയാണ്. ആ വാക്കാണ് അതിനുപിന്നിലുള്ള ലക്ഷ്യങ്ങളെ വെളിപ്പെടുത്താന്‍ ഏറ്റവും സഹായകം എന്നതുകൊണ്ടാണ് അതുതന്നെ എം. എസ്. എം തിരഞ്ഞെടുക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന വാക്ക് കൃത്യമായ ഒരു ചരിത്രവും രാഷ്ട്രീയവും പേറുന്നതാണ്. അറുപതുകളിലുണ്ടായ ലൈംഗികവിപ്ലവാനന്തരം യൂറോപ്പിലെ സ്‌കൂളുകളില്‍ കരിക്കുലത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ട ലൈംഗികപാഠങ്ങളാണ് ഇതുപോലുള്ള സംരംഭങ്ങളിലൂടെ കേരളത്തിന്റെ മണ്ണിലേക്കും മനസ്സിലേക്കും ഇറക്കുമതി ചെയ്യാന്‍ മുതലാളിത്തം ശ്രമിക്കുന്നത്. കുടുംബം തകര്‍ക്കുകയും ഉദാരലൈംഗികത സാക്ഷാത്കരിക്കുകയും ചെയ്യുന്ന പരുവത്തിലേക്ക് യുറോപ്പിനെ കൊണ്ടുചെന്നെത്തിച്ച, സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ധൈഷണികനേതൃത്വത്തിലുണ്ടായ, സാമൂഹിക മാറ്റങ്ങളാണല്ലോ ലൈംഗിക വിപ്ലവം എന്ന പേരിലറിയപ്പെടുന്നത്. ലൈംഗികവിപ്ലവത്തെത്തുടര്‍ന്ന് യൂറോപ്പില്‍ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ പാപമല്ലെന്നു പഠിച്ച ഒരു കൗമാരം വളര്‍ന്നുവന്നു. ഉദാരലൈംഗികതയുടെ ഒന്നാം തലമുറ! ആ തലമുറയും അവരുടെ രക്ഷിതാക്കളും തമ്മില്‍ സ്വാഭാവികമായും ആശയസംഘര്‍ഷങ്ങളുണ്ടായി. തുറന്ന ലൈംഗികതക്കുവേണ്ടി നിലയുറപ്പിച്ച പുതുതലമുറ ‘erotophilics’ (ലൈംഗികാസക്തര്‍) എന്നും ഭാര്യയില്‍ ‘ഒതുങ്ങിക്കൂടണം’ എന്ന ‘യാഥാസ്ഥിതിക’ നിലപാട് ഉയര്‍ത്തിപ്പിടിച്ചപഴയ തലമുറയിലെ പുരുഷന്മാര്‍  ‘erotophobics’ (ലൈംഗികഭീതിയുള്ളവര്‍) എന്നും വിളിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി.

യൂറോപ്പില്‍ അവിഹിത കൗമാര ഗര്‍ഭങ്ങള്‍ വ്യാപകമാകുന്നത് ഈ കാലഘട്ടത്തിലാണ്. സ്വാഭാവികമായും കൗമാരഗര്‍ഭങ്ങള്‍ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കള്‍ മക്കളെ വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരമൊരു പശ്ചാതലത്തിലാണ് യഥാര്‍ഥത്തില്‍ ലൈംഗികവിദ്യാഭ്യാസം യൂറോപ്യന്‍ ഹൈസ്‌കൂളുകളിലേക്ക് കടന്നുവന്നത്. ലൈംഗിക വിദ്യാഭ്യാസം ചെയ്തത്, കൗമാരഗര്‍ഭം ഭയന്ന് പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ബന്ധങ്ങള്‍ വിസമ്മതിക്കുന്ന അവസ്ഥയെ നേരിടുകയാണ്. ഗര്‍ഭനിരോധന മരുന്നുകളും ഉറകളും ഉപയോഗിച്ചാല്‍ ഗര്‍ഭം തടയാന്‍ കഴിയുമെന്നും ഗര്‍ഭധാരണം ഭയന്ന് കൗമാരപ്രായത്തില്‍ ലൈംഗിക ബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതില്ലെന്നും വിവാഹപൂര്‍വ/വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അധാര്‍മികമാണെന്ന പഴയതലമുറയുടെ നിലപാട് അശാസ്ത്രീയമായ ഒരു ഗൃഹാതുരത മാത്രമാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ലൈംഗിക വിദ്യാഭ്യാസം യൂറോപ്പില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തപ്പെട്ടത്. സെക്‌സ് എഡ്യൂക്കേഷന്‍ പിരിയേഡുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം തൊടീച്ചും ആലിംഗനം ചെയ്യിപ്പിച്ചും ചുംബനങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചുമെല്ലാം സ്ത്രീ-പുരുഷ സ്പര്‍ശനം നിരുപദ്രവകാരിയാണെന്ന് വിദ്യാര്‍ഥികളെ പ്രായോഗികമായി പഠിപ്പിക്കുവാന്‍ അധ്യാപകര്‍ ‘പ്രയത്‌നിച്ചു’. യൂറോപ്പിന്റെയും അമേരിക്കയുടെയും ധാര്‍മിക നിലവാരം ഇന്നത്തെ രീതിയില്‍ അധ:പതിച്ചതില്‍ ലൈംഗിക വിദ്യാഭാസത്തിന് സാരമായ പങ്കുണ്ട്. കേരളത്തില്‍ ചുംബനമേളകള്‍ക്ക് അരങ്ങൊരുക്കിയവരുടെയും ലക്ഷ്യം അതുതന്നെയാണ് – പുതുതലമുറയുടെ ധാര്‍മികത ചോര്‍ത്തിക്കളഞ്ഞ് അവരെ സെക്‌സ് ടൂറിസത്തിന് ചുവന്ന പരവതാനി വിരിക്കുന്നവരാക്കിത്തീര്‍ക്കുക. ആ ലക്ഷ്യത്തിനാണ് നമ്മുടെ ബുദ്ധിജീവികള്‍ വളരെ ‘നിഷ്‌കളങ്കമായി’ കുടപിടിച്ചുകൊടുക്കുന്നത്. ബുദ്ധിജീവികളെന്ന് പറയുന്നവര്‍, ഇത്രയും വലിയ വിഡ്ഢികളായിപ്പോകുന്നതെന്തുകൊണ്ടാണ്?!”

ചുംബനസമരം നടന്നയുടനെ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് (എം. എസ്. എം) സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച ഈ ചുംബനങ്ങള്‍ ചുട്ടുചാമ്പലാക്കുന്നത് ഫാഷിസത്തെയല്ല’ എന്ന പുസ്തകത്തില്‍നിന്നുള്ള ഏതാനും വരികളാണ് മുകളില്‍ ചേര്‍ത്തത്.  2015 മാര്‍ച്ച് 13,14,15 തിയതികളില്‍ കൊല്ലത്തുവെച്ച് എം. എസ്. എം സംഘടിപ്പിച്ച പത്തൊമ്പതാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ (പ്രോഫ്‌കോണ്‍) പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘സദാചാരനിഷേധം വിമോചനമല്ല, സര്‍വനാശമാണ്’എന്ന തലക്കെട്ടില്‍ സംസ്ഥാനത്തുടനീളം ചുംബനസമരത്തിന്റെ പശ്ചാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട സാമൂഹിക സംവാദങ്ങളില്‍ എം. എസ്. എം പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ നിരന്തരമായി സൂചിപ്പിച്ചിരുന്നു. ചുംബനസമര വിഷയത്തില്‍ എം. എസ്. എം നിലപാടുകളോട് ശക്തമായി വിയോജിച്ച രണ്ട് പ്രഗല്‍ഭരായ മലയാളി ബുദ്ധിജീവികളുമായി എം. എസ്. എം സദസ്സിനുകൂടി ചോദ്യങ്ങള്‍ക്ക് അവസരം നല്‍കി തുറന്ന സംവാദങ്ങള്‍ നടത്തുകയും ഇതേ കാര്യങ്ങള്‍ അവരോടും പറയുകയും ചെയ്തു- കോഴിക്കോട്ട് ‘ചുംബിച്ചുതോല്‍പിക്കാനാകുമോ ഫാഷിസത്തെ’ എന്ന ശീര്‍ഷകത്തില്‍ എം. എന്‍. കാരശ്ശേരിയുമായും കണ്ണൂരില്‍ ‘സമരം-സദാചാരം-സംസ്‌കാരം’ എന്ന തലവാചകത്തില്‍ എം. എം നരായണനുമായും ആണ് എം. എസ്. എം പ്രതിനിധി സംവാദം നടത്തിയത്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്നെ വേറിട്ട ഇടപെടലുകളായി മാറിയ പ്രസ്തുത സംവാദങ്ങള്‍ക്ക് സാക്ഷികളായവരെല്ലാം ചുംബനസമരത്തിന്റെ പിന്നിലുള്ള മുതലാളിത്ത അജണ്ടയെക്കറിച്ചുള്ള മുന്നറിയിപ്പുകള്‍ എം. എസ്. എം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നത് ഓര്‍ക്കുന്നുണ്ടാവും.

 
സമരവും മുസ്‌ലിം നിലപാടും

2014 നവംബര്‍ മാസം രണ്ടാം തീയതിയാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍വെച്ച് ചുംബനസമരത്തിനുള്ള ആദ്യത്തെ ശ്രമമുണ്ടായത്. തുടര്‍ന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും ചില കേന്ദ്ര സര്‍വകലാശാലകളിലും ഐ.ഐ.ടികളിലും കേരളത്തിലെ ചില കോളേജുകളിലുമെല്ലാം സമരത്തിന് പലവിധമുള്ള തുടര്‍ച്ചകളുണ്ടായി. സവര്‍ണ ഷോവിനിസത്തിന്റെ തെരുവ് ഗുണ്ടായിസത്തിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് ചുംബനസമരം പ്രഖ്യാപിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ സമരത്തോട് എന്തു നിലപാടാണെടുക്കേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ സങ്കീര്‍ണത സമരസംഘാടകരുടെ കുടിലസാമര്‍ത്ഥ്യത്തിന്റെ പരിണിതിയായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി. ഫാഷിസത്തിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ പൊതുബോധത്തിന്റെ അനുഭാവം നേടിയെടുക്കുകയും അതിനെ സമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിനുള്ള സാമൂഹികമായ അനുകൂലനമാക്കി ഉപയോഗിക്കുകയുമായിരുന്നു കിസ്സ് ഓഫ് ലൗ പ്രസ്ഥാനം വികസിപ്പിച്ചെടുത്ത സ്ട്രാറ്റജി. സാംസ്‌കാരിക ദേശീയതയുടെ സങ്കുചിതത്വത്തോടും സദാചാര പോലീസിംഗിന്റെ റൗഡി മനോഭാവത്തോടുമുള്ള നല്ല മനുഷ്യരുടെ സ്വാഭാവികമായ വിപ്രതിപത്തിയെ മറയും മൂലധനവുമാക്കി ഉദാരലൈഗികതയുടെ തത്ത്വശാസ്ത്രത്തിന് വിപണി കണ്ടെത്തുകയായിരുന്നു സമരചുംബന പ്രസ്ഥാനം.

സ്വതന്ത്രരതിയും പരസ്യരതിയും പാപമാണെന്ന മതബോധത്തോടുള്ള ഭൗതികവാദത്തിന്റെ സൈദ്ധാന്തിക വിയോജിപ്പാണ് ഫാഷിസ്റ്റ് വിരുദ്ധതയുടെ മുഖംമൂടിയുമായി തെരുവുചുംബനക്കാരുടെ രൂപത്തില്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് മനസ്സിലാക്കുക വാസ്തവത്തില്‍ വളരെ എളുപ്പമായിരുന്നു. വിവാഹേതരരതിയും പരസ്യരതിയും അതിലേര്‍പ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കില്‍ അതില്‍ അപകടമോ തിന്മയോ ആയി യാതൊന്നുമില്ലെന്നും മലയാളിയെ പറഞ്ഞും ചെയ്തും പഠിപ്പിക്കാനാണ് പ്രതീകാത്മകമായി ചുംബനസമരക്കാര്‍ ശ്രമിച്ചതെന്ന് ഇവ്വിഷയകയമായി അവര്‍ നടത്തിയ പത്ര/ചാനല്‍ പ്രസ്താവനകളും എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പുകളും അവരെ അനൂകൂലിച്ച ലിബറല്‍ ബുദ്ധിജീവികളുടെ ലേഖനങ്ങളുമെല്ലാം സുതരാം വ്യക്തമാക്കുന്നുണ്ട്. സദാചാര പോലീസിംഗിനെതിരായ തികച്ചും ന്യായമായ പൊതുവികാരത്തെ പ്രത്യയശാസ്ത്ര പ്രചരണത്തിനുള്ള നിലമായിക്കാണുകയും അതില്‍ സദാചാരത്തെത്തന്നെ വേരോടെ പിഴുതെറിയാനാവശ്യമായ വിഷമരുന്ന് പ്രയോഗത്തിന് ശ്രമിക്കുകയുമാണ് ഫ്രീ തിങ്കേഴ്‌സ് ചെയ്തത്. ഇത് ചൂണ്ടിക്കാണിക്കുന്നവരെ മുഴുവന്‍, ഫാഷിസത്തിനെതിരായ സമരത്തെ എതിര്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും ചുംബനസമരത്തെ എതിര്‍ക്കുന്നതോടുകൂടി നിങ്ങളും ഫാഷിസ്റ്റുകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി മാറുന്നുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു സമരസംഘാടകര്‍.

ഇന്‍ഡ്യയിലെ സവര്‍ണ ഫാഷിസത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിം ന്യൂനപക്ഷമാണെന്നതുകൊണ്ടുതന്നെ, മുസ്‌ലിം സമൂഹം ഒരു കാരണവശാലും ചുംബനസമരത്തിന് എതിരായിക്കൂടെന്ന് ചിലര്‍ വാദിച്ചു. മുസ്‌ലിം വിരോധത്തിന്റെയും ഇസ്‌ലാം ഭീതിയുടെയും വേരറുക്കുവാനാണ് ചുംബനസമരം ശ്രമിക്കുന്നത് എന്ന വാദത്തിന്റെ പരിഹാസ്യത സംഘാടകരെ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു മനോരോഗ നിലവാരത്തിലുള്ള ഇസ്‌ലാം വിരോധമുള്ള തീവ്രസാമ്രാജ്യത്വ പക്ഷപാതികളും സാമുവല്‍ പി.ഹണ്ടിംഗ്ടണിന്റെ കടുത്ത ആരാധകരുമായ അരാജക യുക്തിവാദികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഫാഷിസ്റ്റ് വിരോധം വിളമ്പിയത് മുസ്‌ലിംകളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്ന് തിരിച്ചറിയുന്നതില്‍ ആരെങ്കിലും പരാജയപ്പെട്ടുവെങ്കില്‍, അവരുടെ വിശകലന ‘പാടവ’മോര്‍ത്ത് കരയാന്‍ മാത്രമേ നമുക്ക് കഴിയൂ.

മുസ്‌ലിംകള്‍ ചുംബനസമരത്തെ എതിര്‍ക്കുന്നത് ‘അനിസ്‌ലാമികം’ ആണെന്ന് വാദിച്ചുകൊണ്ട് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു മലയാളി പ്രൊഫസര്‍ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ ലേഖനമെഴുതുക പോലുമുണ്ടായി. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെയും ഭര്‍ത്താവ് ഭാര്യയെയും ഒരേ ലിംഗത്തില്‍പെട്ട ആത്മസുഹൃത്തുക്കള്‍ പരസ്പരവും സന്ദര്‍ശകര്‍ മയ്യിത്തിനെയുമെല്ലാം ചുംബിച്ചതിന് ഇസ്‌ലാമിക പാരമ്പര്യത്തില്‍ തെളിവുണ്ട് എന്നതിനാല്‍ ചുംബനസമരത്തെ മുസ്‌ലിംകള്‍ എതിര്‍ത്തുകൂടാ എന്നായിരുന്നു ലേഖകന്റെ വാദം. ചുംബനസമരം ഇപ്പറഞ്ഞതിനെയൊന്നുമല്ല പ്രതീകവല്‍ക്കരിക്കുന്നതെന്നും വിവാഹേതരരതിയും പരസ്യരതിയും തിന്മയല്ലെന്ന പൊതുബോധം നിര്‍മിച്ചെടുക്കലാണതിന്റെ ലക്ഷ്യമെന്നും അതിനാല്‍ തന്നെ ചുംബനസമരത്തിന്റെ ശത്രുപക്ഷത്തു മാത്രമേ മുസ്‌ലിമിന് നിലനില്‍ക്കാനാകൂ എന്നുമുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ കേവലം വാചകക്കസര്‍ത്തുകൊണ്ട് കുഴിച്ചുമൂടാന്‍ ശ്രമിച്ച പരാമൃഷ്ട ലേഖനത്തെ, മുസ്‌ലിംകള്‍ക്കുള്ള ഫലപ്രദമായ ‘ഉദ്‌ബോധന’മായി നമ്മുടെ ചില ബുദ്ധിജീവികള്‍ കൊണ്ടാടി!

മുസ്‌ലിമിന് ചുംബനസമരത്തിന്റെ ലൈംഗിക ദര്‍ശനത്തെ പ്രശ്‌നവല്‍കരിക്കാതിരിക്കുവാനാകില്ലെന്ന് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലുമുള്ള ആര്‍ക്കും അംഗീകരിക്കേണ്ടി വരും. ചുംബനസമരത്തെ അനൂകൂലിക്കാന്‍ മുസ്‌ലിമിനെ നിര്‍ബന്ധിക്കുന്നത് അയാളുടെ മതത്തെ വഴിയിലുപേക്ഷിക്കാന്‍ ആജ്ഞാപിക്കുന്നതിന് തുല്യമാണ്. സ്വതന്ത്രരതിയെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഫാഷിസ്റ്റുകളോട് പൊരുതുകയില്ലെന്ന് മുസ്‌ലിംകളോട് പറയാതെ പറയുന്ന സമരചുംബന ബുദ്ധിജീവികള്‍, മതസ്വാതന്ത്ര്യം അടിയറ വെച്ചില്ലെങ്കില്‍ മുസ്‌ലിംകളെ തങ്ങള്‍ ശത്രുക്കളായി കണക്കാക്കും എന്ന പ്രഖ്യാപനം തന്നെയാണ് നടത്തുന്നത്. ഇതുതന്നെയല്ലേ, സാംസ്‌കാരിക ഷോവിനിസ്റ്റുകളും മറ്റൊരു ഭാഷയില്‍ ഇന്‍ഡ്യന്‍ മുസ്‌ലിമിനോട് പറയുന്നത്?

ഫാഷിസത്തിന്റെ പ്രാദേശിക സംസ്‌കാരവാദത്തെയോ സദാചാരത്തിന്റെ പേരിലുള്ള മസിലുപിടിക്കലിനെയോ മുസ്‌ലിമിന് അംഗീകരിക്കാനാവില്ല. അതുകൊണ്ടു തന്നെ ചുംബനസമരത്തോടുള്ള മുസ്‌ലിമിന്റെ എതിര്‍പ്പ് അവ രണ്ടും ന്യായീകരിക്കാനുള്ള ശ്രമവുമല്ല. വ്യഭിചാരം നന്മയാണെന്ന് സ്ഥാപിക്കുവാനുള്ള ധൈഷണിക സന്നാഹങ്ങള്‍ക്കെതിരില്‍ മതം അനുശാസിക്കുന്ന ആദര്‍ശജാഗ്രത പുലര്‍ത്തുക മാത്രമാണ് മുസ്‌ലിം ചെയ്യുന്നത്. മുസ്‌ലിമിന് ഫാഷിസത്തോടും ഉദാരലൈംഗികതയോടും കടുത്ത എതിര്‍പ്പാണ്. ഒന്നുകില്‍ ഫാഷിസത്തിന്റെ കൂടെ, അല്ലെങ്കില്‍ ഉദാരലൈംഗികതയുടെ കൂടെ എന്നാക്രോശിച്ച് മൂന്നാമതൊരു പക്ഷത്തിന്റെ സാധ്യതയെയും സാധുതയെയും നിഷേധിക്കുവനാണ് ചുംബനസമര സംഘാടകര്‍ ശ്രമിച്ചത്. ആ ആക്രോശത്തിന്റെ അപകടകരമായ രാഷ്ട്രീയം തിരിച്ചറിയുകയും പറയേണ്ടത് പറയേണ്ടതുപോലെ പറയുകയും ചെയ്തു എന്ന കാര്യത്തില്‍, എം. എസ്. എമ്മിന് തീര്‍ച്ചയായും അഭിമാനിക്കാം.

ചുംബനസമരത്തിന്റെ അജണ്ടകളെ തുറന്നുകാണിക്കുവാനുള്ള ഇസ്‌ലാമിക പരിശ്രമങ്ങളെ തുടക്കത്തില്‍ തന്നെ വ്യാജ ഫാഷിസ്റ്റ് വിരുദ്ധ പരിവേഷമുപയോഗിച്ച് നുള്ളിക്കളയാന്‍ കിസ്സ് ഓഫ് ലൗ നേതാക്കള്‍ ശ്രമിച്ചത് കേവലമായ ഒരു യാദൃഛികതയല്ല. ഭൗതികവാദത്തിന്റെയും അതിന്റെ ഉദാര ലൈംഗിക ജീവിതവീക്ഷണത്തിന്റെയും അന്തസാര ശൂന്യത തുറന്നുകാണിക്കുവാന്‍ ശേഷിയുള്ള ഒരേയൊരു ആദര്‍ശം മാത്രമേ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നുള്ളൂ; അത് ഇസ്‌ലാമാണ്. സെക്‌സിനെ മനുഷ്യന്റെ ഏറ്റവും മഹത്തായ ജൈവിക ചോദനകളിലൊന്നായി പരഗണിക്കുകയും അതിന്റെ മാനവികമായ സാക്ഷാത്കാരം കുടുംബം വഴിയാണുണ്ടാകേണ്ടതെന്ന് വ്യക്തമാക്കുകയും വിവാഹേതരരതി വൈയക്തികവും സാമൂഹികവുമായ ദുരന്തങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും മാത്രമാണ് വഴിവെക്കുകയെന്നും അതിനാല്‍ തന്നെ അതിന്റെ എല്ലാ രൂപങ്ങളും നിഷിദ്ധമാണെന്നും അസന്നിഗ്ധമായി ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഇസ്‌ലാം, കോടിക്കണക്കിന് വരുന്ന അതിന്റെ അനുയായികളെ ഉദാരലൈംഗിക മുദ്രാവാക്യങ്ങളെ നിശിതമായി തിരസ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ അനിതരമായ വിജയമാണ് കൈവരിക്കുന്നത്.

ഭൗതികവാദം സിദ്ധാന്തവല്‍ക്കരിക്കുവാന്‍ ശ്രമിച്ച കുടുംബം തകര്‍ക്കുക എന്ന, ലൈംഗികതക്ക് കുടുംബബാഹ്യമായ പ്രകാശനങ്ങളുണ്ടാകരുത് എന്ന മതനിലപാടിനെ മനുഷ്യന്റെ ലൈംഗിക വികാരങ്ങളുടെ അടിച്ചമര്‍ത്തലായിക്കാണുന്ന വീക്ഷണത്തില്‍ നിന്നുണ്ടാകുന്ന ആഹ്വാനത്തെ ലോകത്തെക്കൊണ്ടേറ്റെടുപ്പിക്കേണ്ടത് സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും അടിസ്ഥാന താല്‍പര്യമായി വന്നിരിക്കുന്ന സവിശേഷമായ കാലസന്ധിയിലാണ് നമ്മളിപ്പോഴുള്ളത്. സകലതിനെയും കച്ചവടവല്‍ക്കരിക്കുവാനുള്ള മുതലാളിത്ത വ്യഗ്രത, സെക്‌സിന്റെ വിപണിവല്‍ക്കണം പടിപടിയായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സെക്‌സ് വിറ്റ് വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ലൈംഗികാസ്വാദനത്തിന്റെ മുഴുവന്‍ തലങ്ങളും നിയമാനുസൃത ഇണകള്‍ക്കിടയില്‍ മാത്രം സംഭവിക്കേണ്ടതാണെന്ന ഇസ്‌ലാമിക വീക്ഷണം അലോസരമുണ്ടാക്കുക തികച്ചും സ്വാഭാവികമാണ്. സെക്‌സ് വിപണിയുടെ നട്ടെല്ലായി മാറുന്ന നവലോക സംസ്‌കാരനിര്‍മിതിക്ക് ഇസ്‌ലാമിനെയാണ് ആദ്യമായി തകര്‍ക്കേണ്ടതെന്നറിയാവുന്ന മുതലാളിത്ത ബുദ്ധിജീവികള്‍, ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക സദാചാരസങ്കല്‍പത്തെ തമസ്‌കരിക്കുവാനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ സ്വാഭാവികമായ പ്രതിഫലനങ്ങളാണ് കേരളത്തിലുമുണ്ടായത്. ഇസ്‌ലാമിന് ഉദാരലൈംഗികവാദികളോട് ഉന്നയിക്കുവാനുള്ള ശക്തമായ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുകേള്‍ക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഫാഷിസ്റ്റ് വിരുദ്ധ ലേബലിലുള്ള ‘സഖ്യവാഗ്ദാന’മെന്നാണ് മനസ്സിലാകുന്നത്.

സമരനായകർ അടിവരയിട്ട സത്യങ്ങൾ

സെക്‌സ് വില്‍പനക്കുവെച്ച ഒരു കമ്മോഡിറ്റിയാകുന്നതോടെ അത് ശരീരകേന്ദ്രീകൃതം മാത്രമായ ഒരിടപാടായിത്തീരുന്നു. സ്‌നേഹം, കാരുണ്യം, വിശ്വാസം തുടങ്ങിയ വികാരങ്ങള്‍ അപ്രസക്തമാവുകയും ഭോഗേഛ തീര്‍ക്കുവാനുള്ള ‘വസ്തുക്കളായി’ കിടപ്പറയിലെ ശരീരങ്ങള്‍ മാറുകയും ചെയ്യുന്നു. ഈ വസ്തുവല്‍കരണം തീര്‍ത്തും പുരുഷാധിപത്യപരമായ ഒരു പ്രക്രിയയാണ്. പുരുഷന് ലൈംഗികാസ്വാദനത്തിന് ഒരു ശരീരം മാത്രമേ ആവശ്യമുള്ളൂ. പെണ്ണിന് അങ്ങനെയല്ല. ലൈംഗികസംതൃപ്തിക്ക് ഒരു പുരുഷശരീരം മാത്രം പോര അവള്‍ക്ക്, അയാളുടെ മനസ്സുകൂടി വേണം. തന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തനിക്ക് വിശ്വസിക്കാമെന്നും അവള്‍ക്കുറപ്പുള്ള ഒരു പുരുഷന്റെ ശരീരം മാത്രമേ അവളുടെ ലൈംഗികവികാരങ്ങളെ മനശാസ്ത്രപരമായി സ്‌നിഗ്ധമാക്കൂ. പുരുഷന് അതങ്ങനെയല്ലാത്തതുകൊണ്ടാണ് കേവലം ശരീരങ്ങള്‍ക്കുവേണ്ടി അവന്‍ ആര്‍ത്തികൊള്ളുന്നതും ബലാത്സംഗങ്ങള്‍ക്കു മുതിരുന്നതും. പെണ്ണിനാവശ്യമായ ലൈംഗികപരിസരമൊരുക്കിക്കൊടുക്കാന്‍ വിവാഹത്തിനുമാത്രമേ കഴിയൂ. ഇവിടെ, സെക്‌സിന്റെ കച്ചവടവല്‍ക്കണം നടക്കണമെങ്കില്‍ വിവാഹത്തിനു പുറത്തുള്ള രതിക്ക് പെണ്ണിനെക്കൂടി മാനസികമായി സജ്ജീകരിക്കണമെന്ന് (Conditioning) മുതലാളിത്തത്തിനറിയാം. പ്രൊപഗണ്ടയിലൂടെ ഭര്‍ത്താവല്ലാത്ത പുരുഷന്‍മാര്‍ക്കുവേണ്ടി കേവലം ശരീരങ്ങളായി നിന്നുകൊടുക്കാന്‍ പെണ്ണിനെ പ്രേരിപ്പിക്കുന്ന സമ്മിതിനിര്‍മാണ പ്രക്രിയവഴി  പെണ്‍വേട്ടക്കാരായ പുരുഷന്‍മാര്‍ക്ക് ആവശ്യത്തിന് പെണ്‍ശരീരങ്ങള്‍ ലഭിക്കുന്ന സാംസ്‌കാരിക കാലാവസ്ഥ സൃഷ്ടിക്കുകയും അതിന് പണമീടാക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത്.

പെണ്‍നഗ്നതയുടെ പരസ്യരംഗങ്ങളില്‍ മുതല്‍ ഡാന്‍സ് ബാറിലും പ്രോണോഗ്രാഫിക് വെബ്‌സൈറ്റുകളിലും വരെയുള്ള പ്രദര്‍ശനം മുതല്‍ക്ക് നേര്‍ക്കുനേരെ ‘ശരീരം’ ഇടപാടുകാരനായ പുരുഷനെത്തിച്ചുകൊടുക്കുന്ന സെക്‌സ് റാക്കറ്റ് ശൃംഖല വരെ നീളുന്ന ഈ ലൈംഗിക കമ്പോളത്തില്‍ കുമിഞ്ഞുകൂടുന്നത് കോടികളുടെ വരുമാനമാണ്. ശരീരത്തിന് സ്വയം നിര്‍ണയാവകാശമുണ്ടെന്നും ശരീരം ‘വെറുതെ’ കളയുന്നതിനേക്കാള്‍ നല്ലത് അതിനെ സാമ്പത്തികമായി ‘ഉല്‍പാദനക്ഷമ’മാക്കലാണെന്നും പെണ്‍കുട്ടികളെക്കൊണ്ടു തന്നെ പറയിപ്പിച്ച് അവരെ പുരുഷലൈംഗിക വേട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ഈ പൈശാചികമായ ലാഭക്കൊതി, മാദകത്വം മുറ്റിനില്‍ക്കുന്ന പ്രായം കഴിഞ്ഞാല്‍ വിപണിമൂല്യം ഇടിഞ്ഞുവെന്ന് പറഞ്ഞ് ഇതേ പെണ്‍കുട്ടികളെ ജീവിതത്തിന്റെ പുറമ്പോക്കില്‍ കൊണ്ടുപോയി ചവച്ചുതുപ്പാനും മറക്കാറില്ല. പെണ്ണിനെ ചൂടുപകരുന്ന ഒരു തുണ്ട് മാംസമായി മാത്രം കാണുന്ന ഈ രതിമുതലാളിത്തത്തിന് അന്താരാഷ്ട്ര ഇടപാടുകാരെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന നില വരുമ്പോഴാണ് ചില നാടുകളില്‍ സെക്‌സ് ടൂറിസത്തിന്റെ തഴച്ചുവളരലുകളുണ്ടാകുന്നത്. പൊണോഗ്രാഫി മാഫിയക്കും സെക്‌സ് റാക്കറ്റുകള്‍ക്കും സെക്‌സ് ടൂറിസ്റ്റ് വ്യവസായത്തിനും ചുവന്ന പരവതാനി വിരിക്കാന്‍ സമൂഹങ്ങളെ സജ്ജമാക്കുകയാണ് ഉദാരത ലൈംഗികതക്കുവേണ്ടിയുള്ള കാംപയിനുകളിലൂടെ മുതലാളിത്തം ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ തുറന്നുവെച്ച കണ്ണും കാതും അന്ധത ബാധിക്കാത്ത മനസ്സും മാത്രമേ ആവശ്യമുള്ളൂ. ഇതുകൊണ്ടാണ്, ഭൗതികവാദികള്‍ സാമ്രാജ്യത്വത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തുന്ന സദാചാരവിരുദ്ധ കുരിശുയുദ്ധങ്ങളെ കേവലം ആശയപ്രചരണങ്ങളായി കണ്ടുകൂടെന്നും അവക്കു പിന്നില്‍ ലൈംഗികക്കച്ചവടക്കാരുടെ കഴുകന്‍ കണ്ണുകളുണ്ടെന്നും പറയേണ്ടി വരുന്നത്.

കേരളത്തില്‍ സെക്‌സ് റാക്കറ്റുകള്‍ക്കും സെക്‌സ് ടൂറിസത്തിനും ക്ലീന്‍ ചിറ്റ് നല്‍കപ്പെടുന്ന ഒരു ബൗദ്ധികാന്തരീക്ഷമുണ്ടാക്കിയെടുക്കാനാണ് കിസ്സ് ഓഫ് ലൗ പണിപ്പെടുന്നതെന്ന  മുന്നറിയിപ്പ് അക്ഷരംപ്രതി സത്യമായിരുന്നുവെന്നാണ് സമരനേതാവിനെക്കുറിച്ച് പിന്നീട് വന്ന പോലീസ് വെളിപ്പെടുത്തലുകള്‍ തെളിയിച്ചത്. ചുംബനസമരകാലത്ത് രണ്ടാം സ്വാതന്ത്ര്യസമരമായും നവകേരളപ്പിറവിയായും ലൈംഗികവിമോചന പൊന്‍പുലരിയുടെ വിളംബരമായും സമരത്തെ അവതരിപ്പിക്കുകയും അതിന്റെ മുഖ്യസംഘാടകന് കേരളീയ നവോത്ഥാനത്തിന് അനിവാര്യമായ തുടര്‍ച്ച നല്‍കാനെത്തിയ മിശിഹയാക്കി നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ സ്ഥിരം കസേര നല്‍കാന്‍ മത്സരിക്കുകയും ചെയ്ത ബുദ്ധിജീവികളും മാധ്യമങ്ങളും അവരുടെ പൂര്‍വാശ്രമത്തിനുചുറ്റും ഇപ്പോള്‍ തീര്‍ത്തിട്ടുള്ള മൗനവാല്‍മീകത്തിനകത്ത് നടക്കുന്നത് ആത്മാര്‍ത്ഥമായ പുനരാലോചനകളാണെങ്കില്‍, അവര്‍ക്കും കേരളത്തിനും അത്രയെങ്കിലും നല്ലത് എന്നുപറയാം. അതല്ല, ഇത്തരം സെക്‌സ് റാക്കറ്റ് തന്നെയാണ് തങ്ങള്‍ സ്വപ്നം കണ്ട ലൈംഗിക വിപ്ലവത്തിന്റെ ലക്ഷണങ്ങളിലൊന്ന് എന്ന് അകമേ പറഞ്ഞ് പുറമേക്ക് മൗനം പുലര്‍ത്തുകയാണ് അവരെങ്കില്‍, അവരോളം കേരളത്തെ ദ്രോഹിക്കുവാന്‍ ശേഷിയുള്ള മറ്റാരും ഉണ്ടാവുകയില്ല തന്നെ.

ചുംബനസമരത്തിന് സോഷ്യല്‍ മീഡിയയില്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുകയും അതിന്റെ വക്താക്കളായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും സമരത്തെ മുന്നില്‍നിന്ന് നയിക്കുകയും സമരത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ മുന്‍കയ്യെടുക്കുകയും ചെയ്ത ദമ്പതികള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരണങ്ങളും ഇന്റര്‍നെറ്റില്‍ വിവാഹേതരരതീതല്‍പരരായ പുരുഷന്‍മാര്‍ക്കു ലഭ്യമാകുംവിധം പ്രസിദ്ധീകരിച്ചുവെന്നും ‘അനുയോജ്യ’രെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നിയവരെ കിടപ്പുമുറിയിലെത്തിച്ചുകൊടുക്കുന്ന ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നുമുള്ള വാര്‍ത്തയെ ആരുടെയും വ്യക്തിപരമായ കുറ്റകൃത്യങ്ങളെ തങ്ങള്‍ക്കേറ്റെടുക്കാനാവില്ലെന്ന നിസ്സാരവല്‍ക്കരിക്കലിലൂടെയാണ് ചുംബനസമരമുന്നണിയിലെ അവരുടെ സഹപ്രവര്‍ത്തകരും ബുദ്ധിജീവി സഹയാത്രികരും മറികടക്കാന്‍ നോക്കിയത്. പൊലീസ് കയ്യോടെ പിടികൂടിയത് ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ കൂട്ടിക്കൊടുപ്പ് വ്യവസായത്തെയല്ലെന്നും മറിച്ച് ഒരു ദര്‍ശനത്തിന്റെ പ്രയോഗവല്‍ക്കരണത്തെയാണെന്നുമുള്ള വസ്തുതയെ തമസ്‌കരിക്കുവാനുള്ള അവരുടെ പരിശ്രമത്തെ ശുദ്ധ കാപട്യമെന്നു മാത്രമേ വിളിക്കാനാകൂ.

ചുംബനസമരക്കാര്‍ ആദര്‍ശവല്‍ക്കരിക്കുവാന്‍ ശ്രമിച്ച ഒരു ലൈംഗികക്രമത്തെ പ്രായോഗികമായി വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക മാത്രമാണ് സമരനേതാവ് ചെയ്തിട്ടുള്ളത് എന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ എന്താണ് പൊലീസ് പ്രതിസ്ഥാനത്തു നിര്‍ത്തിയ ഓണ്‍ലൈന്‍ ഡെയ്റ്റിംഗ് സന്നാഹങ്ങളില്‍ ഉള്ളതെന്ന് വ്യക്തമാക്കുവാന്‍ ചുംബനസമര നേതാക്കള്‍ക്കെല്ലാം ബാധ്യതയുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കില്‍ അത്തരം ഇടപാടുകളില്‍ എന്താണ് കുഴപ്പമെന്നും ലൈംഗികതയെ ധനാഗമന മാര്‍ഗം കൂടിയാക്കി പരിവര്‍ത്തിപ്പിക്കുന്നതിലെ അധാര്‍മികതയെന്താണെന്നും പരമ്പരാഗതമായ സദാചാര ധാരണകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത യാഥാസ്ഥിതിക തലച്ചോറുകളുടെ വികാരവിക്ഷോഭമാണ് ഓണ്‍ലൈന്‍ ഡെയ്റ്റിംഗ് റാക്കറ്റിനെതിരെ സംഭവിക്കുന്നതെന്നും ‘ഉയര്‍ന്ന’ ധൈഷണികജീവിതം നയിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതും പാശ്ചാത്യന്‍ നാടുകളില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നതുമായ തുറന്ന ലൈംഗികസമൂഹത്തിന്റെ സാംപിള്‍ സൃഷ്ടിക്കുക മാത്രമാണ് ചുംബനസമരനേതാവ് ചെയ്തിട്ടുള്ളതെന്നും ‘ആത്മാര്‍ത്ഥത’യുള്ള പല സമരാനുകൂലികളും അടക്കം പറയുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.

യഥാര്‍ത്ഥത്തില്‍, യൂറോപ്യന്‍ ഹ്യൂമനിസം ആദര്‍ശവല്‍ക്കരിച്ച അരാജകമായ ജീവിതം പ്രത്യയശാസ്ത്ര പ്രചോദിതമായി പിന്തുടരുന്നതിനിടയില്‍ സമാനമനസ്‌കരുടെ ഒരു സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അതിന്റെ കമ്പോളസാധ്യതകള്‍ കൂടി കണ്ടെത്തുകയുമാണ്  അറസ്റ്റിലായ കിസ്സ് ഓഫ് ലവ് നേതാക്കൾ ചെയ്‌തത്‌. ഇന്റര്‍നെറ്റില്‍ ശരീരം പരസ്യപ്പെടുത്തി ‘ആവശ്യമുള്ളവര്‍ ഇടനിലക്കാരനെ സമീപിച്ച് വില പറഞ്ഞുറപ്പിക്കുക’ എന്ന അടിക്കുറിപ്പെഴുതി വെക്കാന്‍ മനസ്സങ്കോചമില്ലാത്ത പെണ്‍കുട്ടികളെ സൃഷ്ടിച്ചെടുത്ത് കേരളത്തില്‍ പുതിയൊരു പെണ്‍മാംസവിപണിക്ക് പരിസരമൊരുക്കുക എന്ന ചുംബനസമരത്തിന്റെ ഹിഡന്‍ അജണ്ട തന്നെയാണ് സമരനേതാക്കളിലൂടെ നടപ്പിലായി വന്നത്. മലയാളിക്ക് പരിചയമില്ലാത്ത ‘ബിക്കിനി മോഡല്‍’ സംസ്‌കാരം കേരളത്തിലേക്കിറക്കുമതി ചെയ്യാന്‍ പരസ്യമായി ശ്രമിക്കുകയും പല പോസിലുളള തന്റെ അശ്ലീലചിത്രങ്ങള്‍ ‘ചങ്കൂറ്റത്തോടെ’ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് അതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് സൈദ്ധാന്തികമായി മറുപടി പറയുകയും ചെയ്തുവന്ന് നേരത്തെത്തന്നെ കുപ്രസിദ്ധിയാര്‍ജിച്ചിരുന്ന സമരനേതാവിന്റെ ഭാര്യ, എങ്ങനെയാണ് പെണ്‍കുട്ടികളുടെ ലൈംഗികവിമോചനം നടക്കേണ്ടതെന്ന് പ്രത്യയശാസ്ത്രത്തോട് തികഞ്ഞ കൂറുപുലര്‍ത്തി കേരളത്തെ പഠിപ്പിക്കുവാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. സ്വന്തം ഭാര്യയെ ആറു വയസ്സുകാരനായ മകനെയും കൂട്ടിവന്ന് മറ്റൊരാളുടെ കിടപ്പറയിലേക്ക് പറഞ്ഞയക്കുന്ന മനഃശാസ്ത്രം, ചുംബനസമരത്തിന്റെ ആശയാടിത്തറയില്‍ നിന്നുതന്നെയാണ് ജന്മമെടുക്കുന്നതെന്ന വസ്തുതയെ നിഷേധിക്കുവാന്‍ സത്യസന്ധനായ ഒരാള്‍ക്കുമാവില്ല. ഇതേ മനഃശാസ്ത്രം കേരളത്തിലെ മുഴുവന്‍ മാതാപിതാക്കള്‍ക്കും ഉണ്ടാകണമെന്നും അവര്‍ തങ്ങളുടെ പെണ്‍മക്കളെ സെക്‌സ് ടൂറിസ്റ്റുകളുടെ ഇംഗിതങ്ങള്‍ക്ക് പണം മാത്രം ലക്ഷ്യമാക്കി നിര്‍ബാധം  വിട്ടുകൊടുക്കുന്ന സ്ഥിതിവിശേഷം സംജാതമാകണമെന്നും ആഗ്രഹിച്ച് മുതലാളിത്തം സ്‌പോണ്‍സര്‍ ചെയ്ത നാടകമായിരുന്നു ചുംബനസമരം. ഇനിയും ഈ യാഥാര്‍ത്ഥ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെ അവരുടെ പാട്ടിനു വിടാനേ നമുക്ക് കഴിയൂ.

 
തെരുവുചുംബന പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനശ്രമം

ശിവസേനയുടെ മസിലുപെരുപ്പിക്കലിനെ തങ്ങൾക്കുള്ള ഓക്സിജൻ ആയി ഉപയോഗിക്കാനാണ് പുതിയ ചുംബനസമരം വഴി കിസ്സ് ഓഫ് ലവ് പ്രസ്ഥാനം ശ്രമിക്കുന്നത്. നേരത്തെ സമരത്തിന്റെ മുഖമായിരുന്നവരുടെ പ്രഭാവം വാണിഭവാർത്തകൾ വഴി ചോർന്നുപോയതിന്റെ ക്ഷീണം പ്രസ്ഥാനം അനുഭവിക്കുന്നുണ്ടെന്ന് താരതമ്യേന തണുത്തതാണ് ഇത്തവണ പ്രതികരണങ്ങൾ എന്ന വസ്തുതയിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. എന്നാൽ ഒരു ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്‌മിന്മാരുടെ ചെറുപദ്ധതിയല്ല, മറിച്ച് സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ വിപുലമായ ലൈംഗിക വ്യാപാരക്കിനാവുകളാണ് ചിത്രം വരച്ചും കുട ചൂടിയും  നാടകം കളിച്ചും പാട്ടു പാടിയും ചേർന്നിരുന്നും ഉമ്മ വെച്ചും മറൈൻ ഡ്രൈവിൽ ഒരുവട്ടം കൂടി വന്ന് നിറയാൻ ശ്രമിച്ചതെന്നും അവ നമ്മെയും നമ്മുടെ നാടിനെയും ഒരു മാംസക്കൂനയാക്കാൻ പല കോലത്തിൽ ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കുമെന്നും ഉള്ള തിരിച്ചറിവ് അതുണ്ടാക്കിയെ തീരൂ. ജാഗ്രതയും ബൗദ്ധികമായ ചെറുത്തുനിൽപ്പും ഉണ്ടാകേണ്ടത് അവിടെയാണ്. സ്വവർഗാനുരാഗം മറൈൻ ഡ്രൈവിൽ പരസ്യചുംബനത്തിനെത്തിയവരുടെ വലിയ പ്രമേയങ്ങളിലൊന്നായി മാറിയത് തീരെ യാദൃച്‌ഛികമല്ല. അറിയുക, പീഡോഫീലിയ(ശിശുകാമം)ക്കെന്താണ് കുഴപ്പമെന്നാണ് പല ഉദാരലൈംഗികതാ വാദികളുടെയും ഏറ്റവും പുതിയ ചോദ്യം! അതെ, അതിരടയാളങ്ങൾ മുഴുവൻ മായ്‌ക്കാൻ ശ്രമിക്കുകയാണ്‌ ദുര മൂത്ത് ഭ്രാന്തായവർ. വരും തലമുറയുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനാണ് നിലം സമർത്ഥമായി ഒരുക്കപ്പെടുന്നത്. ധാർമിക വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് വിശ്രമിക്കാൻ സമയമില്ല തന്നെ!


Tags :


mm

Musthafa Thanveer