അയോധ്യ: ഇൻഡ്യൻ ഭരണഘടനയെ തിണ്ണമിടുക്ക് കൊണ്ട് മറികടന്ന് ഹിന്ദുത്വം നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ് പട്ടാപകൽ തച്ചുനിരപ്പാക്കിയിട്ട് ഈ വരുന്ന ഡിസംബർ ആറിന് ഇരുപത്തിയേഴ് വർഷങ്ങൾ തികയാനിരിക്കെ സുപ്രീം കോടതി പ്രശ്നത്തിൽ വിധി പറയാൻ ഒരുങ്ങുന്നു. ഏതാനും ആഴ്ചകൾക്കകം വിധിപ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതുന്നത്.
മസ്ജിദ് പുനർനിർമ്മിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്ത് നിയമവാഴ്ചയും നീതിപാലനവും ഉറപ്പുവരുത്തി മതനിരപേക്ഷതക്ക് ആഴത്തിലേറ്റ മുറിവ് ഉണക്കാനും മുസ്‌ലിം ന്യൂനപക്ഷത്തിന് ആത്മവിശ്വാസം പകരാനും രാജ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളി പൊളിച്ച ഹിന്ദുത്വം ഇപ്പോൾ നമ്മുടെ ‘ജനാധിപത്യ’ത്തിന്റെ തണലിൽ ഇൻഡ്യയും യു.പി.യും ഭരിക്കുന്നു. പള്ളി പൊളിക്കാൻ ഉള്ള മനുഷ്യവിഭവശേഷി ആയി മാറിയ വി. എച്ച്. പി. യും പള്ളി പൊളിച്ച ഉന്മാദത്തിൽ മുസ്‌ലിം കൂട്ടക്കൊലകളുമായി തെരുവിൽ തിമർത്താടിയ ശിവസേനയും ഇപ്പോഴും അതേ ശൗര്യത്തോടെ ഇൻഡ്യയിൽ ഉറഞ്ഞുതുള്ളുന്നു.
ഹിന്ദുക്കളെ അടിസ്ഥാനതലത്തില്‍ വര്‍ഗീയവല്‍കരിക്കാനും മുസ്ലിം വിരുദ്ധമായ ആള്‍ക്കൂട്ട ഹിംസ അവരില്‍ വളര്‍ത്തിയെടുക്കാനും ആണ് ആർ. എസ്. എസ്. അയഞ്ഞ സംഘടനാഘടനയും ബഹുജന സ്വഭാവവുമുള്ള വിശ്വഹിന്ദുപരിഷത്തിന് ജന്മം നല്‍കിയത്. എല്ലാ ഹിന്ദുക്കളുടെയും പൊതുവേദിയാക്കി വി. എച്ച്. പിയെ മാറ്റി ആര്‍. എസ്. എസിന്റെ ഉപകരണമായ ഒരു ഹിന്ദു ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. സന്യാസിമാരെയും പണ്ഡിതന്‍മാരെയും നേതൃസ്ഥാനത്തിരുത്തി, മതഭക്തിയുള്ള ഹിന്ദുക്കളുടെ മുഴുവന്‍ സ്വാഭാവിക കൂട്ടായ്മയാണ് വി. എച്ച്. പി എന്ന് വരുത്തിത്തീര്‍ക്കുകയാണ് സംഘം ചെയ്തത്. ആര്‍. എസ്. എസിന്റെ ചരടുവലികള്‍ക്കനുസരിച്ച് ഹിന്ദു ആള്‍ക്കൂട്ടത്തിനുമുന്നില്‍ മതഭക്തിയുടെ മുഖംമൂടിയണിഞ്ഞു തുള്ളിയ പാവകളായിരുന്നു എല്ലാ കാലത്തും വി. എച്ച്. പി നേതാക്കള്‍. 1964ല്‍ ആര്‍. എസ്. എസ് പ്രതിനിധി എന്ന നിലയില്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ സൈദ്ധാന്തികാചാര്യന്‍ എം. എസ്. ഗോള്‍വാള്‍ക്കര്‍ ബോംബെയിലെ ഒരു കൂട്ടം സന്യാസിമാരുമായും ഹിന്ദു പ്രാദേശിക സംഘടനാ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയാണ് വി. എച്ച്. പിയുടെ ജന്മത്തിന് നിമിത്തമായത്. ആര്‍. എസ്. എസിന് ഇഷ്ടമുള്ളപ്പോള്‍ ഇളക്കിവിടാന്‍ കഴിയുന്ന സാധാരണ ഹിന്ദുക്കളുടെ എണ്ണം ഇന്‍ഡ്യയില്‍ വര്‍ധിച്ചു എന്നതായിരുന്നു വി. എച്ച്. പി രൂപീകരണം സാംസ്‌കാരിക ഷോവിനിസ്റ്റുകള്‍ക്കുണ്ടാക്കികൊടുത്ത രാഷ്ട്രീയ നേട്ടം.
ഹിന്ദുത്വ തെരുവു ഗുണ്ടായിസത്തിന് ഹിന്ദു ആണ്‍കുട്ടികളെ കായികമായി പരിശീലിപ്പിക്കുന്നതിനാണ് വി. എച്ച്. പി ബജ്‌റംഗ് ദള്‍ എന്ന ഉപവിഭാഗം രൂപീകരിച്ചത്. ബംഗാളില്‍ പുരുഷന്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ വാഹിനിയും യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗാ വാഹിനിയും ബജ്‌റംഗ് ദളിന്റെ പേരുമാറ്റങ്ങള്‍ മാത്രമാണ്. അയോധ്യയില്‍ പൊലീസും പട്ടാളവും കോടതിയും ഗവണ്‍മെന്റുമുള്ള ഒരു ജനാധിപത്യരാജ്യത്ത് നിയമം പച്ചയ്ക്ക് കയ്യിലെടുത്ത് 1992 ഡിസംബര്‍ ആറിന് ബബരി മസ്ജിദ് തല്ലിപ്പൊളിച്ച ‘കര്‍സേവകര്‍’ പ്രധാനമായും ബജ്‌റംഗ് ദളിന്റെ ‘പടയാളികള്‍’ തന്നെയായിരുന്നു. നിയമം കയ്യിലെടുത്തുള്ള ഫാഷിസ്റ്റ് മോബ് പൊലീസിംഗിന്റെ ഇന്‍ഡ്യാ ചരിത്രത്തിലെ ഏറ്റവും പ്രകടമായ ഒരു സന്ദര്‍ഭമായി ബാബരി ധ്വംസനം അടയാളപ്പെടും.
ദാദായിസവും ക്രിമിനല്‍ അധോലോകവും സ്വാസ്ഥ്യം കെടുത്തിയിരുന്ന ബോംബെ മഹാനഗരത്തിന്റെ മണ്ണിലേക്ക് വര്‍ഗീയ, പ്രാദേശികവാദ ഗുണ്ടായിസത്തെ ആക്ഷന്‍ പ്ലാനാക്കി സ്വീകരിച്ചുകൊണ്ടാണ് 1966ല്‍ ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന കടന്നുവന്നത്. ശിവസേനാ പൊതുയോഗങ്ങളില്‍ താക്കറെ നടത്തിയ വിക്ഷുബ്ധവും വിഷലിപ്തവുമായ പ്രഭാഷണങ്ങള്‍, നിയമം കയ്യിലെടുക്കാനുള്ള പച്ചയായ ആഹ്വാനങ്ങളുള്‍കൊള്ളുന്നവയായിരുന്നു. 1984 ഏപ്രില്‍ മാസം പ്രസിദ്ധമായ ഛൗപാത്തി ബീച്ചില്‍ വെച്ചുനടത്തിയ പ്രസംഗത്തില്‍ മുസ്‌ലിംകള്‍ ഈ ‘രാജ്യത്തെ ബാധിച്ചിരിക്കുന്ന കേന്‍സര്‍’ ആണെന്ന് പ്രസ്താവിച്ച അദ്ദേഹം, ‘ഓ ഹിന്ദുക്കളേ, നിങ്ങളുടെ കയ്യില്‍ ആയുധമെടുക്കുക; ഈ കേന്‍സറിനെ അതിന്റെ അടിവേരുകളോടെ തന്നെ നീക്കം ചെയ്യുക’ എന്ന ആഹ്വാനം മുഴക്കി.
നിയമലംഘനത്തെ ഹിന്ദു ആത്മാഭിമാനത്തിന്റെ പ്രകാശനമായി പ്രസംഗങ്ങളില്‍ അവതരിപ്പിച്ച താക്കറെ, ബാബരി ധ്വംസനത്തെ നിയമം കയ്യിലെടുക്കാനും ആയുധമെടുക്കാനുമുള്ള തീരുമാനത്തിന്റെ ഗംഭീര വിജയമായി വിളംബരം ചെയ്യുകയും പ്രസ്തുത വിജയത്തെ ആഘോഷിക്കാന്‍ ശിവസേനാ പ്രവര്‍ത്തകരോടാവശ്യപ്പെടുകയും ചെയ്തു. 1992 ഡിസംബര്‍ മാസത്തിലും 1993 ജനുവരി മാസത്തിലും ബോംബെയുടെ വിവിധ ഭാഗങ്ങളില്‍ ബാബരിപ്പള്ളിയുടെ തകര്‍ച്ച ആഘോഷിക്കാന്‍ ശിവസേന സംഘടിപ്പിച്ച ‘മഹാ ആരതി’ എന്ന പേരിലുള്ള കൂട്ടുപ്രാര്‍ഥനകള്‍, ഭരണകൂടത്തെ മറികടന്ന് ആയുധപ്രയോഗങ്ങള്‍ നടത്താനുള്ള ശേഷിയുടെയും ശക്തിയുടെയും പ്രതീകാത്മക പ്രഖ്യാപനങ്ങളായിരുന്നു. 1993 ജനുവരി രണ്ടാം വാരത്തില്‍ ബോംബെയുടെ ബഹുസ്വര മതേതര മനസ്സാക്ഷിയെ മരവിപ്പിച്ച് തകര്‍ത്താടിയ ബീഭത്സമായ മുസ്‌ലിം വിരുദ്ധ വംശീയ കലാപത്തിന്റെ കൊടിയും പടയും മഹാ ആരതികള്‍ കഴിഞ്ഞ് പുറത്തുവന്ന ശിവസൈനികര്‍ തന്നെയായിരുന്നു.
ബാബരിക്ക് നിലനിൽപില്ലാതാവുകയും ആർ എസ് എസിനും വി എച്ച് പിക്കും ശിവസേനക്കും നിലനിൽപുണ്ടാവുകയും ചെയ്യുന്ന ഇൻഡ്യയല്ല, മറിച്ച് ബാബരി പുനർനിർമ്മിക്കപ്പെടുകയും ഷോവിനിസ്റ്റ് റൗഡി സംഘങ്ങൾ അമർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഇൻഡ്യയാണ് ഭരണഘടനയുടെ താൽപര്യം. അത് സാക്ഷാൽകരിക്കപ്പെടാതെ പോകുമോ എന്നാണ് ഭരണഘടനയെ സ്നേഹിക്കുന്നവർ ഇപ്പോൾ ഉത്കണ്‌ഠപ്പെടുന്നത്.