Essay

മുസ്‌ലിംകളിലും കമ്മ്യൂണിസ്റ്റുകളോ?

By Admin

April 15, 2019

[യഥാർത്ഥ മുസ്‌ലിംകൾക്ക്‌ ഒരിക്കലും കൊമ്മ്യൂണിസ്റ്റ്‌ ആകാനോ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ പ്രവർത്തകർ ആകാനോ സാധ്യമല്ലെന്നും മുസ്‌ലിം സമുദായത്തിൽ നിന്ന് ചിലർ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ പെട്ടുപോകുന്നത്‌ അവരുടെ അജ്ഞതയും ദാരിദ്ര്യവും കാരണമാണെന്നും മുസ്‌ലിംകളിൽ നിന്ന് ചിലർ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾ ആകുന്ന ഭീകരമായ ദുരവസ്ഥ തടയാൻ സമുദായ നേതൃത്വം വിവേകപൂർണമായ നടപടികൾ സ്വീകരിക്കണമെന്നും വിശദീകരിച്ചുകൊണ്ട്‌ പ്രമുഖ പണ്ഡിതനും എഴുത്തുകാരനും എറണാകുളം മഹാരാജാസ്‌ കോളജിലെ അറബി അധ്യാപകനും ആയിരുന്ന, പരേതനായ ഇ. കെ. മൗലവി 1958 ഡിസംബർ ലക്കം മിശ്കാതുൽ ഹുദാ മാസികയിൽ എഴുതിയ ലേഖനം. കേരളീയ മുസ്‌ലിം സമുദായത്തിൽ മതപരമായ പ്രബുദ്ധത നന്നേ കുറവായിരുന്ന, സോവിയറ്റ്‌ യൂണിയൻ നിലനിന്നിരുന്ന, കേരളത്തിൽ ഒന്നാം കൊമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ ഭരിച്ചുകൊണ്ടിരുന്ന, കിഴക്കനേറനാട്ടിൽ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടി മാപ്പിളമാരെ ആകർഷിക്കാൻ കലാപരിപാടികളും തൊഴിലാളി പ്രശ്നങ്ങളുമായി രംഗത്തിറങ്ങിയ, കാലത്താണ്‌ മൗലവിയുടെ ഈ രചന ഉണ്ടാകുന്നത്‌. കടവത്തൂരിൽ ജനിക്കുകയും വാഴക്കാട്ട് ചാലിലകത്തിന്റെ ശിഷ്യനായി‌ പഠിക്കുകയും കൊടുങ്ങല്ലൂരിലും തലശ്ശേരിയിലും തിരൂരങ്ങാടിയിലും ഇസ്‌ലാഹീ പ്രവർത്തനങ്ങളുടെ നട്ടെല്ലായി നിൽക്കുകയും ചെയ്ത ഇ. കെ. മൗലവി മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യതുൽ ഉലമാഇന്റെയും കേരള നദ്‌വതുൽ മുജാഹിദീന്റെയും സ്ഥാപക നേതാക്കളിൽ പ്രധാനിയും അൽ ഇർശാദ്‌, അൽ മുർശിദ്‌, അൽ ഇത്തിഹാദ്‌ തുടങ്ങിയ ആദ്യകാല സലഫീ ആനുകാലികങ്ങളിലെ സജീവ ലേഖകനും ആയിരുന്നു. എൻ. വി. അബ്ദുസ്സലാം മൗലവിയുടെ പത്രാധിപത്യത്തിൽ 1958-59 കാലയളവിൽ പുറത്തിറങ്ങിയിരുന്ന മാസികയാണ്‌ മിശ്കാതുൽ ഹുദാ. ‘മാപ്പിള സഖാക്കൾ’ എന്ന വിചിത്രമായ സംവർഗം ചർച്ചയാകുമ്പോൾ ഈ ലേഖനം പുനപ്രസിദ്ധീകരിക്കുന്നതിന്‌ പ്രസക്തിയുണ്ടെന്ന് മില്ലി റിപ്പോർട്ട്‌ കരുതുന്നു.]

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്രയോ അബ്ദുല്ലമാരെയും, മുഹമ്മദ്മാരെയും, ആഇശമാരെയും കണ്ടേക്കാം. എന്നാൽ ഇസ്ലാമിനെപറ്റിയും കമ്മ്യൂണിസത്തെപറ്റിയും ഒരു സാമാന്യജ്ഞാനമെങ്കിലും സമ്പാദിച്ചിട്ടുള്ളവർ അദ്ഭുതത്തോടുകൂടി ചോദിക്കുന്ന ഒരു ചോദ്യമാണ് മേലെഴുതിയ തലക്കെട്ട്. ഒരു മുസ്ലിം ദൈവത്തിലും, മതത്തിലും, അന്ത്യദിനത്തിലും ദൃഢമായി വിശ്വസിക്കുന്നവനാണ്. അതേ അവസരത്തിൽ കമ്മ്യൂണിസത്തിൽ ദൈവമില്ല, മതമില്ല, അന്ത്യദിനം എന്നൊന്നില്ല. മറ്റൊരു ഭാഷയിൽ പറയുകയാണെങ്കിൽ ഒരു കമ്യൂണിസ്റ്റുകാരൻ പ്രകാരാന്തരേണ ദൈവനിഷേധിയും, മതനിഷേധിയും, പരലോകനിഷേധിയുമാണെന്നു പറഞ്ഞാൽ അതിൽ തെറ്റില്ല. ആ സ്ഥിതിക്ക് കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടത്തിൽ അബ്ദുല്ലായും, മുഹമ്മദും, ആഇശയും, നഫീസയും ഉണ്ടെന്നറിയുമ്പോൾ മേൽപ്രകാരം ചോദിച്ചുപോകുന്നുണ്ടെങ്കിൽ അതിലെന്താണത്ഭുതം?

ഇന്നത്തെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ല. ‘യഥാരാജ തഥാപ്രജ’ എന്നാണല്ലോ ആപ്തവാക്യം. ഭരണാധികാരിയുടെ മതമായിരിക്കും ഭരണീയരുടെ മതവും എന്നാണ് ചുരുക്കത്തിൽ മേലുദ്ധരിച്ച പഴമൊഴിയുടെ താല്പര്യം. അതുതന്നെയായിരിക്കാം മുസ്ലിം സമുദായത്തിന്നിടയിൽ കേരളത്തെ സംബന്ധിച്ചേടത്തോളം കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നത്. വാസ്തവം പറയുകയാണെങ്കിൽ ഇസ്‌ലാമിനെക്കുറിച്ചു പഠിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്തിട്ടുള്ള യാതൊരു മുസ്ലിമും ഒരു കമ്യൂണിസ്റ്റുകാരനായി പരിവർത്തനം ചെയ്യപ്പെടുകയില്ലതന്നെ. വസ്തുസ്ഥിതി ഇതാണെങ്കിൽ കേരള മുസ്ലിം സമുദായത്തിന്നിടയിൽ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം ഇത്രയധികം വർദ്ധിച്ചു വരുവാനുള്ള കാരണമെന്താണ്? ഇതിനെപ്പറ്റി ഞാൻ വളരെ അധികം ചിന്തിച്ചിട്ടുണ്ട്. അവസാനം എനിക്കു കിട്ടിയ ഉത്തരം രണ്ടേരണ്ടു കാരണമാണ്. ഒന്ന് അജ്ഞത. മറ്റൊന്ന് ദാരിദ്ര്യം.

ഇനി നമുക്ക് ഈ രണ്ടു കാരണങ്ങളെക്കുറിച്ചും പരിചിന്തനം ചെയ്യാം. നമ്മുടെ മുസ്ലിം സമുദായത്തിൽ ബഹുഭൂരിപക്ഷവും പരമ്പരയാ മുസ്ലിം കുടുംബത്തിൽ ജനിച്ചവരാണെന്നുള്ളതിൽ കവിഞ്ഞ് ഇസ്ലാമിനെക്കുറിച്ച് പഠിച്ചിട്ടില്ലാത്തവരാണ്. എങ്ങനെയെങ്കിലും ചിലർ ഖുർആൻ ഓതുവാൻ പഠിച്ചെന്നുവരാം. മാതാപിതാക്കൾ നമസ്കരിക്കുന്നവരാണെങ്കിൽ മക്കളും ആ ചടങ്ങ് കണ്ടു പഠിച്ചിട്ടുണ്ടായിരിക്കും. ഇടക്കൊരു മൗലൂദോ, റാത്തീബോ, മാലപ്പാട്ടോ, മുല്ലയെ വിളിച്ച് ഓതിക്കുകയും പാടിക്കുകയും ചെയ്താൽ ഒരു ശരിയായ മുസ്ലിമായി എന്നാണ് വെപ്പ്. ഇസ്ലാം എന്നാലെന്ത്? അതിന്റെ മൂലപ്രമാണങ്ങൾ ഏതൊക്കെയാണ്? അവയിൽ അന്തർലീനമായിക്കിടക്കുന്ന തത്ത്വങ്ങളും യുക്തികളും എന്തൊക്കെയാണ് എന്നൊന്നും നമ്മുടെ മുസ്ലിംകളിൽ ബഹുഭൂരിപക്ഷത്തിന്നും അറിഞ്ഞുകൂടെന്നു പറഞ്ഞാൽ അതിൽ തെറ്റില്ല. അവരത് പഠിച്ചിട്ടില്ല, പഠിക്കുവാനുള്ള സന്ദർഭം ലഭിച്ചതുമില്ല. അവരെ പഠിപ്പിക്കുവാൻ കടപ്പെട്ടവർ അവരെ പഠിപ്പിച്ചതുമില്ല.

ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഇസ്ലാമെന്ന പേരിൽ ഒരു ‘ബാപ്പാ മത’മാണ് അവരിൽ നിലകൊള്ളുന്നത്. ആ സ്ഥിതിക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരു മുസ്ലിമിനെ കണ്ടുപിടിച്ച് നിനക്കു ഈ ലോകത്തുതന്നെ സ്വർഗ്ഗം സ്വർഗ്ഗം ലഭിക്കണമോ – എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുക, നീ അങ്ങിനെ ചേർന്നാൽ കണ്ണെല്ലാത്തതെല്ലാം പൊന്നാക്കിത്തരാം, കണ്ടില്ലേ സ്വർഗ്ഗലോകം ഇന്നു ഞങ്ങൾ റഷ്യയിൽ പണിതു കഴിഞ്ഞു, ഇപ്പോൾ പല രാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്, നിന്റെ സമുദായത്തിൽ പെട്ടവർ ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ നിന്നെ വഞ്ചിതനാക്കിയിരിക്കയാണ് എന്നിങ്ങനെ ഉപദേശിച്ചാൽ അവനെ പരാജയപ്പെടുത്തുവാൻ മതിയായത്ര കെൽപും കോപും ഇന്നത്തെ മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷത്തിന്നും ഇല്ലെന്ന് തന്നെ പറയാം.

രണ്ടാമത്തെ കാരണം ദാരിദ്ര്യമാണെന്നു പറഞ്ഞുവല്ലോ. മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും അന്നന്ന് തൊഴിൽചെയ്ത് ജീവിക്കുന്നവരാണ്. അവർക്ക് വിശപ്പടക്കാനുള്ള വക മുതലാളിയിൽനിന്ന് ലഭിക്കാതെ കേണുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു കമ്യൂണിസ്റ്റുകാരൻ ഒരു തൊഴിലാളി മുസ്ലിമിനെ സമീപിക്കുന്നത്‌. കമ്യൂണിസ്റ്റുകാരൻ പറയുന്നു, നീയെന്തിന്നിങ്ങനെ കഷ്ടപ്പെടുന്നു; നീ ഞങ്ങളുടെ പാർട്ടിയിൽ ചേരുക, മുതലാളിയുടെ സമ്പാദ്യം മുഴുവനും നിന്റെ രക്തത്തിൽനിന്നുള്ളതാണ്, മുതലാളിയുടെ ധനത്തിന്റെ ശരിയായ അവകാശി നീയാണ്, നീ ഞങ്ങളുടെ പാർട്ടിയിൽ ചേരുന്നതായാൽ വേണ്ടിവന്നാൽ ഞങ്ങളുടെ ചുടുരക്തം ചിന്തിയും നിനക്ക് നിന്റെ അവകാശം മുതലാളിയിൽനിന്നു് വാങ്ങിത്തരാം. ഇങ്ങനെ ഗുണദോഷിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചക്കരവാക്കിൽ ആ മുസ്ലിം തൊഴിലാളി വഞ്ചിതനായിപ്പോകുന്നുണ്ടെങ്കിൽ അതിലെന്താണത്ഭുതം? ഇത്രയും പറഞ്ഞതിൽനിന്ന് നമുക്ക് മനസ്സിലാക്കാം കേരള മുസ്ലിംകളെ കമ്യൂണിസത്തിന്റെ ബാധയിൽനിന്നും രക്ഷിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം അവരുടെ ഇടയിൽ ശരിയായ ഇസ്ലാമിക സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുകയും അവരെ മതബോധവും നിഷ്ഠയും ഉള്ളവരാക്കിത്തീർക്കുന്നതോടുകൂടിത്തന്നെ അവരുടെ ഇടയിൽനിന്ന് ദാരിദ്ര്യത്തെ നശിപ്പിക്കുന്നതിന്നായി വേണ്ടപ്പെട്ടവർ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുകയാണ്.

ഇതൊക്കെ ആര് ചെയ്യും? ഈ ചോദ്യത്തിന് എളുപ്പത്തിൽ ഉത്തരം പറയാം. സമുദായത്തിലെ നേതാക്കന്മാരും പണ്ഡിതന്മാരും ധനവാന്മാരുമാണ് ഈ കാര്യം നിർവഹിക്കേണ്ടത്. എന്നാൽ ഇന്നത്തെ നിലയെന്ത്? പണ്ഡിതന്മാർ അവരുടെ കർത്തവ്യങ്ങൾ വേണ്ടതുപോലെ നിർവ്വഹിക്കുന്നില്ല. പള്ളികളിലിരുന്ന് കിതാബുകൾ ചൊല്ലിക്കൊടുത്തതു കൊണ്ടോ, ഉറുദിയും, വഅദും പറഞ്ഞതുകൊണ്ടോ പൊതുജനങ്ങൾക്കു യഥാർത്ഥ ഇസ്ലാമിക സിദ്ധാന്തങ്ങൾ ഗ്രഹിക്കുന്നതിന്നോ, അവരെ മതബോധമുള്ളവരാക്കിത്തീർക്കുന്നതിന്നോ സാധിക്കുമെന്ന് എനിക്കഭിപ്രായമില്ല. അതിന്നു പര്യാപ്തമായ നിലയിലല്ല ഇന്നത്തെ ദർസുകളും വഅദുകളുമൊക്കെ എന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല.

പണ്ഡിതന്മാരുടെ കാര്യം അങ്ങനെ കിടക്കട്ടെ. നമ്മുടെ മുതലാളിമാർ വലിയ കൊട്ടാരങ്ങൾ പണിതു മാളികമുകളിലേറി സുഖലോലുപരായി കഴിഞ്ഞുകൂടുമ്പോൾ അതിന്റെ ചുറ്റുപാടും ഒന്നും രണ്ടും ദിവസമായിട്ട് തീപ്പുകപൊന്തിയിട്ടില്ലാത്ത എത്ര കുടിലുകളുണ്ടെന്ന് ഈ മുതലാളിമാരിൽ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ആ പട്ടിണിപ്പാവങ്ങളെ തട്ടിക്കൊണ്ടുപോകുവാൻ കമ്യൂണിസ്റ്റുകാർക്ക് വല്ല പ്രയാസവുമുണ്ടോ? അബ്ദുല്ലയും, മുഹമ്മദും കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നുവെന്നു കേട്ടാൽ ഉടനെ മുതലാളി മുസ്ലിയാരെ വിളിച്ചു വിവരമറിയിക്കും. എന്നാൽ അവർ രണ്ട് പേരും കാഫിറായിയെന്ന് മുസ്ലിയാര് ഫത്‌വയും കൊടുക്കും. അത്രയല്ലാതെ ആ പട്ടിണിപ്പാവങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കു പോയത് അവരുടെ ദാരിദ്ര്യം കൊണ്ടാണെന്നും അതിന്നു മുതലാളി വല്ല പരിഹാരവും ചെയ്തോ എന്നും ചോദിക്കുവാനുള്ള ധൈര്യം നമ്മുടെ മുസ്ലിയാർക്കുമുണ്ടായിരിക്കുകയില്ല.

ഞാൻ ഇന്നത്തെ ഭയങ്കര സ്ഥിതിയെ വിവരിച്ചുകൊണ്ട് ഒരു ദീർഘ ലേഖനമെഴുതുവാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഈ അവസരത്തിൽ സമുദായ നേതാക്കളോടും പ്രമാണികളോടും പണ്ഡിതന്മാരോടുമാണ് ചിലത് പറയുവാനുള്ളത്. മേൽ പറഞ്ഞവരെല്ലാം ഒരേ തരക്കാരാണെന്ന് ഞാൻ പറയുന്നില്ല. അവരിൽ ചിലരെങ്കിലും സമുദായത്തിന്റെ അഭ്യന്തര രോഗങ്ങൾ ചികിത്സിച്ചു സുഖപ്പെടുത്തുവാൻ യത്നിക്കുന്നവരുണ്ടെന്നെനിക്കറിയാം. രണ്ടോ നാലോ പേർ അങ്ങിനെ ശ്രമിച്ചതു കൊണ്ട് കാര്യമായില്ല. സമുദായ നേതാക്കന്മാർ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. രക്തത്തിളപ്പുള്ള യുവസഹോദരന്മാർ പ്രത്യേകിച്ചും ഇക്കാര്യത്തിൽ ശ്രദ്ധപതിക്കണം.

വായനക്കാരുടെ ശ്രദ്ധക്കായി ഒരു സംഗതികൂടി ഞാനിവിടെ വിവരിച്ചു കൊള്ളട്ടെ. കേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിലുള്ള തോട്ടങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന നമ്മുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും നിലയെപ്പറ്റി നിങ്ങൾ വല്ലതും ചിന്തിച്ചിട്ടുണ്ടോ? അനേകം ആഇശമാരും നഫീസമാരും ചെങ്കൊടിയുംപിടിച്ചു ജാഥകൾ നയിക്കുന്ന കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ? അബ്ദുല്ലായും മുഹമ്മദും ആഇശയും സ്റ്റേജുകളിൽ കയറി ഇസ്ലാമിനെ അവഹേളിച്ചുകൊണ്ട് അഭിനയിക്കുന്ന വിവരങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? അത്തരക്കാരെ ആ മഹാ നരകത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? സഹോദരന്മാരെ, ഒരു സംഗതികൂടി ഞാൻ ലജ്ജയോടുകൂടി തുറന്നു പറഞ്ഞുകൊള്ളട്ടെ. ചില മുല്ലമാരും ഇസ്മുപണിക്കാരും അവരുടെ കൂട്ടത്തിൽ ചെന്നു അവർക്ക് ഏലസ്സ് എഴുതിക്കൊടുത്തും നൂലു മന്ത്രിച്ചുകൊടുത്തും, വെള്ളം മന്ത്രിച്ചുകൊടുത്തും, ഹോമം മുതലായത് നടത്തിയും ആ സാധു തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? അതിന്നിടക്കു ഈ മുല്ലമാർ ആരെങ്കിലും അവരെ മതബോധവും മതനിഷ്ഠയുമുള്ളവരാക്കിത്തീർക്കുവാൻ വല്ല ശ്രമവും ചെയ്യാറുണ്ടോ? ഹാ! കഷ്ടം!!

നേതാക്കന്മാരെ, യുവാക്കളെ, നിങ്ങൾ ഉണരുവീൻ. നമ്മുടെ മുസ്ലിം സഹോദരന്മാരെയും സഹോദരിമാരെയും കമ്യൂണിസമാകുന്ന ഭയങ്കരരോഗത്തിൽനിന്നും രക്ഷിക്കുവാനും അവരെ യഥാർത്ഥ മുസ്ലിംകളാക്കിത്തീർക്കുവാനും നിങ്ങൾ ഉണർന്നെഴുന്നേൽക്കുവീൻ. തോളോടുതോൾ ചേർന്നുനിന്നു മുമ്പോട്ടു ഗമിക്കുവിൻ. ശ്രമം നിങ്ങളുടേതാണ്. വിജയം അല്ലാഹുവിങ്കൽനിന്നാണ്.