ന്യൂയോർക്ക്: അമേരിക്കൻ സാമ്പത്തിക വിനിമയങ്ങളുടെ സിരാകേന്ദ്രമായ ന്യൂയോർക്ക് എക്സ്ചെയ്ഞ്ചിൽ ‘ശരീഅത്ത്’ നടപ്പിലാകുന്നു. ന്യൂയോർക്ക് നഗരത്തിൽ എക്‌സ്ചെയ്ഞ്ച് നിലകൊള്ളുന്ന വാൾസ്ട്രീറ്റ് ഫലത്തിൽ ‘ശരീഅത്ത്’ നിയമങ്ങളെ ഉൾകൊള്ളാനൊരുങ്ങുന്നുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ഓഫീസ്, സിനിമ, രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങിയ, സ്ത്രീ-പുരുഷ ഇടകലരലുകൾക്ക് പരിധിയില്ലാത്ത ലിബറൽ പൊതുഇടങ്ങളിൽ അനേകം സ്ത്രീകളെ അവസരം കിട്ടിയപ്പോൾ പ്രശസ്തരും പ്രമുഖരുമായ പല പുരുഷന്മാരും ലൈംഗികാതിക്രമങ്ങൾക്കിരയാക്കി എന്ന സത്യം മീ റ്റൂ കാമ്പയ്നിലൂടെ പുറത്തുവന്ന പശ്ചാതലത്തിലാണ് വാൾസ്ട്രീറ്റ് ഇസ്‌ലാമിക ‘ശരീഅത്ത്’ പരീക്ഷിച്ചുനോക്കാൻ ഒരുങ്ങുന്നത്. അടച്ചിട്ട മുറിയിൽ അന്യസ്ത്രീകളോടൊപ്പം ഒരുമിച്ചാകാതിരിക്കുക, അന്യസ്ത്രീകളോടോപ്പം സ്വകാര്യ ഡിന്നറുകൾക്ക് പോകാതിരിക്കുക, ഫ്ലൈറ്റിലും ട്രെയിനിലും അന്യസ്ത്രീകളുടെ തൊട്ടടുത്ത് ഇരിക്കുന്നത് ഒഴിവാക്കുക, ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി അന്യസ്ത്രീയുടെ കൂടെ ഒറ്റയ്ക്കുള്ള യാത്രകൾ ഉപേക്ഷിക്കുക – ഇങ്ങനെയുള്ള പെരുമാറ്റച്ചട്ടങ്ങൾ ‘മീ റ്റൂ വെളിപ്പെടുത്തലുകൾക്ക്’ വഴിവെക്കാതിരിക്കാൻ വാൾ സ്ട്രീറ്റിലെ ഉന്നത പുരുഷ ഉദ്യോഗസ്ഥർ വ്യാപകമായി സ്വയം സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ബ്ലൂംബർഗ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. സ്വന്തം ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയുടെയും കൂടെ താൻ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാറില്ലെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട നിലപാടിനെ അനുസ്മരിപ്പിക്കുന്നതാണ് വാൾസ്ട്രീറ്റിലെ പുതിയ അനുഭവം. സ്ത്രീ-പുരുഷ ഇടകലരലുകൾ ശക്തമായി നിയന്ത്രിക്കുന്ന ഈ പുതിയ സമീപനം ‘പെൻസ് ഇഫക്റ്റ്’ ആയി വായിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
സ്ത്രീസുരക്ഷയെ അപകടത്തിലാക്കുമെന്ന കാരണത്താൽ ഇസ്‌ലാമിക ശരീഅത്ത് നിശ്ചയിച്ചിട്ടുള്ള അതേ പെരുമാറ്റചട്ടം തന്നെയാണ് വാൾസ്ട്രീറ്റ് മീ റ്റൂ വെളിപ്പെടുത്തലുകളെത്തുടർന്ന് തെരഞ്ഞെടുക്കുന്നത്. ശരീഅത്തിനെ പിന്തുടർന്നുകൊണ്ട് സുഊദി അറേബ്യ പോലുള്ള രാജ്യങ്ങൾ ജെൻഡർ സെഗ്രഗേഷൻ നടപ്പിലാക്കുന്നത് അങ്ങേയറ്റം പിന്തിരിപ്പൻ ആണെന്നാണ് അമേരിക്കൻ പൊതുബോധം. എന്നാൽ ആത്യന്തികമായി ഇസ്‌ലാമിക നിയമങ്ങളുടെ മാനവികത അമേരിക്കൻ സമൂഹത്തിനുപോലും അംഗീകരിക്കേണ്ടി വരികയാണ്.