Study

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ?

By Musthafa Thanveer

June 08, 2020

 

ചില ഹദീഥുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഇന്‍ഡ്യക്കെതിരില്‍ യുദ്ധം ചെയ്യാന്‍ പ്രവാചകന്റെ (സ) കല്‍പനയുണ്ടെന്ന് ‘സ്ഥാപിക്കുന്ന’ പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍ഡ്യാവിരുദ്ധമായ സൈനികസന്നാഹങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ഭീകര പ്രസ്ഥാനങ്ങളില്‍ അണിചേരല്‍ വിശ്വാസപരമായ ബാധ്യതയായി കരുതുന്നവരാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകളെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ പ്രചാരവേലയ്ക്ക് പ്രധാനമായും മുന്‍കയ്യെടുക്കുന്നത്. മുസ്‌ലിം വംശഹത്യ ‘രാജ്യരക്ഷാപരമായ’ അനിവാര്യതയാണെന്ന് സമര്‍ത്ഥിക്കല്‍ പ്രത്യയശാസ്ത്ര ബാധ്യതയായ ഹിന്ദുത്വ ദേശീയത അതിനുവേണ്ടി നബി(സ)യുടെ പേരില്‍ വരെ നുണ പറയുന്നതില്‍ അത്ഭുതമൊന്നുമില്ല. മുസ്‌ലിമിന്റെ രക്തം കുടിക്കുവാനുള്ള തീവ്രദേശീയതയുടെ ആവേശത്തെ ‘ബഹുമാനത്തോടെ’ നോക്കിക്കാണുന്ന ഇസ്‌ലാമോഫോബിക് യുക്തിവാദികളും മിഷനറിമാരും, ഇന്‍ഡ്യയെ ആക്രമിക്കാന്‍ പഠിപ്പിക്കുന്ന ഹദീഥുകളുണ്ടെന്ന ‘കണ്ടെത്തലില്‍’ വേറെ പരിശോധനകള്‍ക്കൊന്നും മുതിരാതെ മതിമറന്നാഹ്‌ളാദിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില മിഷനറി പ്രവർത്തകരുടെ ഇവ്വിഷയകമായ പ്രസംഗങ്ങൾ കണ്ടാൽ, ഗോൽവൽക്കറിനെയാണോ ഇവർ യേശു എന്ന പേരിൽ ആരാധിക്കുന്നത്‌ എന്നുപോലും തോന്നിപ്പോകും. മുസ്‌ലിംകളെ കൊന്നുതിന്നാന്‍ പുതിയ കാരണങ്ങളുണ്ടാക്കാനുള്ള ഈ ആവേശത്തിമര്‍പ്പില്‍ സംഭവിക്കുന്നത് ഇന്‍ഡ്യയിലെ മുസ്‌ലിം സമൂഹത്തിനെതിരായ രാഷ്ട്രീയ ഹിംസ മാത്രമല്ല, ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ജീവിച്ച ഒരു മഹാപുരുഷന്റെ ജീവിതത്തോടുള്ള വൈജ്ഞാനിക ഹിംസ കൂടിയാണ്. ഇന്‍ഡ്യയിലെ മുസ്‌ലിം വിരുദ്ധ വംശീയത ക്വുര്‍ആനില്‍നിന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍നിന്നും വൈജ്ഞാനിക സത്യസന്ധത തീരെയില്ലാതെ ചുരണ്ടിയെടുക്കുന്ന ഉദ്ധരണികളുടെയെല്ലാം വക്കുകളില്‍നിന്ന് സന്ദര്‍ഭം പൊട്ടിയടര്‍ന്നു പോയതിനാല്‍ ചോര പൊടിയുന്നത് സൂക്ഷിച്ചുനോക്കിയാല്‍ എല്ലാവര്‍ക്കും കാണാം; ഇന്‍ഡ്യയോട് പോരാടാന്‍ പറയുന്ന ഹദീഥുകള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

മുഹമ്മദ് നബി (സ) ഇന്‍ഡ്യയെ ശത്രുവായി കാണാനും ഇന്‍ഡ്യയെ തകര്‍ക്കാനുള്ള പ്രയത്‌നങ്ങളില്‍ മുഴുകാനും മുസ്‌ലിംകളെ പഠിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതായി ഉന്മാദ ദേശീയതയുടെ വക്താക്കള്‍ അവകാശപ്പെടുന്ന ഹദീഥുകള്‍ നമുക്ക് പരിശോധിക്കുക.

1. ”എന്റെ സമുദായത്തില്‍പെട്ട ചിലര്‍ ഇന്‍ഡ്യ കീഴടക്കുകയും അവിടുത്തെ രാജാക്കന്‍മാരെ ബന്ധനസ്ഥരാക്കുകയും ചെയ്യും; അങ്ങനെ ചെയ്തതിനുള്ള പ്രതിഫലമായി അല്ലാഹു ആ മുസ്‌ലിംകള്‍ക്ക് പാപമോചനം നല്‍കും. ശേഷം അവര്‍ ശാമിലേക്ക് മടങ്ങും -അവിടെ അവര്‍ ഈസബ്‌നു മർയമിനെ കണ്ടുമുട്ടും” എന്ന് നബി (സ) പറയുന്നത് ശിഷ്യന്‍ അബൂ ഹുറയ്‌റ (റ) കേട്ടു എന്ന് നുഐം ഇബ്‌നു ഹമ്മാദ് എന്ന പണ്ഡിതന്റെ, കിതാബുല്‍ ഫിതന്‍ എന്ന താരതമ്യേന അപ്രശസ്തവും ആധികാരികത കുറഞ്ഞതുമായ(1) ഹദീഥ് സമാഹാരത്തിലെ ഒരു നിവേദനത്തില്‍(2) വന്നിട്ടുള്ളതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു കാര്യം. ഈ സമാഹാരത്തില്‍ തന്നെയുള്ള മറ്റൊരു ഹദീഥില്‍, ഏകദേശം ഇതേ ആശയം നബി(സ)യില്‍നിന്ന് കേട്ടപ്പോള്‍ അബൂ ഹുറയ്‌റ (റ), പ്രസ്തുത യുദ്ധം നടക്കുമ്പോള്‍ താന്‍ ജീവനോടെയുണ്ടെങ്കില്‍ സ്വത്തുക്കളെല്ലാം വിറ്റ് ആ സൈന്യത്തോടൊപ്പം ചേരുമെന്നും തിരിച്ചുവരുമ്പോള്‍ ഈസ നബി(അ)യെ കണ്ടുമുട്ടുമെന്നും പ്രവാചകന്റെ മുന്നില്‍വെച്ച് പ്രത്യാശ പ്രകടിപ്പിച്ചതായും പറയുന്നുണ്ട്.(3) എന്നാല്‍ ഈ രണ്ട് ഹദീഥുകള്‍ക്കുമുള്ളത്, അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഈ വിവരങ്ങള്‍ ആരാണ് കേട്ടത് എന്നുപോലും സൂചിപ്പിക്കാനാവാത്തവിധം ദുര്‍ബലമായ നിവേദക പരമ്പരകളാണ്. അസ്വീകാര്യമാണെന്ന് സുവ്യക്തമായ ഈ ഹദീഥുകള്‍ ഇങ്ങനെയൊരു സംഭാഷണം നബി(സ)ക്കും അബൂ ഹുറയ്‌റ(റ)ക്കുമിടയില്‍ നടന്നതായി തെളിയിക്കുന്നേയില്ലെന്ന് ചുരുക്കം.

2. ഇമാം അഹ്‌മദിന്റെ ബൃഹദ്‌ സമാഹാരമായ മുസ്‌നദില്‍ ഉളളതാണ് മറ്റൊരു ഹദീഥ്. ”സിന്ധിലേക്കും ഹിന്ദിലേക്കുമുള്ള ഒരു സൈനികനീക്കം ഈ സമുദായത്തില്‍ നിന്നുണ്ടാകും എന്ന് സത്യസന്ധനായ എന്റെ കൂട്ടുകാരന്‍ -അല്ലാഹുവിന്റെ പ്രവാചകന്‍- എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ശഹീദായാല്‍ അതെനിക്ക് നല്ലതാണ്; ജീവനോടെ മടങ്ങി വന്നാലോ, എനിക്ക് പാപങ്ങളെല്ലാം പൊറുക്കപ്പെട്ട പുതിയൊരു വ്യക്തിയാവുകയും ചെയ്യാം” എന്ന് ശിഷ്യനായ അബൂ ഹുറയ്‌റ (റ) പറഞ്ഞതായാണ് ഹദീഥിലുള്ളത്.(4) അബൂ ഹുറയ്‌റ(റ)യില്‍ നിന്നും യാതൊന്നും നേരിട്ടുകേള്‍ക്കാന്‍ അവസരമുണ്ടായിട്ടില്ലാത്ത ഹസനുൽ ബസ്വരി (റ)യോടാണ്(5) അബൂ ഹുറയ്‌റ (റ) ഇങ്ങനെ പറഞ്ഞതായി ഈ ഹദീഥ്‌ രേഖപ്പെടുത്തുന്നത്‌ എന്നതില്‍ നിന്നുതന്നെ, ഇത് വിശ്വസനീയമല്ലെന്നു വ്യക്തമാണ്. ഇതിനുപുറമെ, ഹദീഥിന്റെ പരമ്പരയില്‍ ബറാഅ് ബ്നു അബ്ദില്ലാഹ്‌ എന്ന എന്ന ദുര്‍ബലനായ വ്യക്തിയും ഉണ്ട്‌.(6) ഇതുകൊണ്ടൊക്കെത്തന്നെ ഹദീഥ് പണ്ഡിതന്‍മാര്‍ ദുര്‍ബലം എന്ന് വിധിക്കുന്ന ഹദീഥ് ആണിത്.(7) ഇമാം അഹ്‌മദിന്റെ സമകാലികനായ ഇബ്‌നു അബീ അസ്വിം മറ്റൊരു പരമ്പരയിലൂടെ ഇതേ ഹദീഥ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും(8) ആ പരമ്പരയിലും ഹാശിം ഇബ്‌നു സഈദ് എന്ന അസ്വീകാര്യനായ വ്യക്തിയുടെ(9) സാന്നിധ്യമുണ്ട്.

ഇമാം അഹ്‌മദിന്റെ മുസ്‌നദില്‍ തന്നെ, അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഇതേ ആശയം മറ്റൊരു ഹദീഥിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ”അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക് ഇന്‍ഡ്യാ യുദ്ധം വാഗ്ദാനം ചെയ്തു. അതില്‍ രക്തസാക്ഷിയായാല്‍ എനിക്ക് രക്തസാക്ഷികളുടെ കൂട്ടത്തിലെ ഉത്തമനാകാം; മരിക്കാതെ വിജയശ്രീലാളിതനായി മടങ്ങിയാലോ, നരകത്തില്‍നിന്ന് രക്ഷപ്പെട്ട വ്യക്തിയായി ജീവിതം തുടരുകയും ചെയ്യാം” എന്ന് അബൂ ഹുറയ്‌റ (റ) പറഞ്ഞതായാണ് ആ ഹദീഥ്.(10) ഇതിന്റെ നിവേദക പരമ്പരയും അസ്വീകാര്യമാണ്. കാരണം അബൂ ഹുറയ്‌റയില്‍ നിന്ന് ഇതുദ്ധരിക്കുന്നത് ജബ്ർ ഇബ്നു അബീദ എന്ന അജ്ഞാതന്‍(11) ആണ്. ഇതിനാല്‍ തന്നെ, പ്രസ്തുത ഹദീഥ് ദുര്‍ബലമാണെന്ന് പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(12) അഹ്‌മദിന്റെയും ഇബ്‌നു അബീ ആസ്വിമിന്റെയും സമാഹാരങ്ങളിലുള്ള പരാമൃഷ്ട ‘ഇന്‍ഡ്യാ ഹദീഥുകളില്‍’ ഒന്നുപോലും നബി(സ)യില്‍ നിന്നുള്ള ആധികാരികമായ നിവേദനമല്ലെന്ന് ചുരുക്കം. അവയില്‍ നബി(സ)യുടേതായി കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ യഥാര്‍ത്ഥത്തില്‍ നബി(സ)യുടേത് തന്നെയാണെന്ന് സ്ഥിരപ്പെടുത്താന്‍ ഹദീഥ് നിദാനശാസ്ത്രമറിയുന്ന ആരും സന്നദ്ധമാവുകയില്ല.

3. ഒരു സമാഹാരം എന്ന നിലയില്‍ ആധികാരികതക്ക് പ്രസിദ്ധമായ ഇമാം അഹ്‌മദുന്നസാഇയുടെ സുനനുസ്സുഗ്റാ ആണ് ഈ വിഷയത്തില്‍ ഹദീഥുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു സ്രോതസ്സ്. ‘ഗസ്‌വത്തുല്‍ ഹിന്ദ്’ (ഇന്‍ഡ്യാ യുദ്ധം) എന്ന അധ്യായത്തില്‍ നസാഇ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ഹദീഥുകള്‍ ഉണ്ട്.(13) ഇതില്‍ ഒന്ന് ചില്ലറ പദഭേദങ്ങളോടെ, മുകളില്‍ മുസ്‌നദ് അഹ്‌മദിൽ കണ്ട ‘അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക് ഇന്‍ഡ്യാ യുദ്ധം വാഗ്ദാനം ചെയ്തു’ എന്നു തുടങ്ങുന്ന അതേ ഹദീഥ് തന്നെയാണ്. അബൂ ഹുറയ്‌റയില്‍ നിന്ന് രണ്ട് വ്യത്യസ്ത നിവേദക പരമ്പരകളിലൂടെ ഈ ഹദീഥ് നസാഇ രേഖപ്പെടുത്തുന്നു. എന്നാല്‍ ഈ രണ്ട് നിവേദക പരമ്പരകളിലും അബൂ ഹുറയ്‌റ(റ)ക്ക് തൊട്ടുശേഷമുള്ള ആള്‍ മുസ്‌നദില്‍ കണ്ട ജബ്റുബ്‌നു അബീദ തന്നെയാണ്. ഇതുകൊണ്ടുതന്നെ, ഇവ രണ്ടും ദുര്‍ബലങ്ങളാണെന്ന് ശൈഖ് നാസ്വിറുദ്ദീനുല്‍ അല്‍ബാനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(14)

നസാഇയിലെ രണ്ടാമത്തെ ഹദീഥ് അബൂ ഹുറയ്‌റ(റ)യില്‍ നിന്നല്ല, മറിച്ച് മറ്റൊരു പ്രവാചകശിഷ്യനായ ഥൗബാനില്‍ നിന്നാണ്. നബി (സ) ഇങ്ങനെ പറയുന്നത് ഥൗബാന്‍ (റ) കേട്ടതായാണ് ഹദീഥിലുള്ളത്: ”എന്റെ സമുദായത്തിലെ രണ്ടു സംഘങ്ങള്‍ക്ക് അല്ലാഹു നരകത്തില്‍ നിന്ന് രക്ഷ നല്‍കിയിട്ടുണ്ട് -ഇന്‍ഡ്യ കീഴടക്കുന്ന സംഘത്തിനും ഈസബ്‌നു മർയമിന്റെ കൂടെയുണ്ടാകുന്ന സംഘത്തിനും.” ഇതേ ഹദീഥ്, ഥൗബാനില്‍നിന്നുതന്നെ അഹ്‌മദിന്റെ മുസ്‌നദിലും കാണാം.

‘ഇന്‍ഡ്യന്‍ യുദ്ധ’വുമായി ബന്ധപ്പെട്ട് വിവിധ ഗ്രന്ഥങ്ങളിലെ അബൂ ഹുറയ്‌റ(റ)യില്‍ നിന്നുള്ള പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായി നസാഇയും അഹ്‌മദും രേഖപ്പെടുത്തുന്ന, ഥൗബാനില്‍ നിന്നുള്ള പരമ്പര പ്രബലമാണെന്ന് ചില പണ്ഡിതന്‍മാരൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനിക ഹദീഥ് പണ്ഡിതന്‍മാരില്‍ അഗ്രേസരനായ ശയ്ഖ് നാസ്വിറുദ്ദീന്‍ അൽ അല്‍ബാനി ഈ ഹദീഥ് ‘സ്വഹീഹ്’ ആണെന്നു വിധിക്കുന്നത് കാണാം.(15) ജീവിക്കുന്ന രാജ്യത്തിനെതിരായ സൈനിക നീക്കങ്ങള്‍ നടത്തേണ്ടത് മതപരമായ ഉത്തരവാദിത്തമായി കണക്കാക്കുന്ന അപകടകാരികളാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകളെന്ന് വാദിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്ന ഹദീഥുകളില്‍ നബി(സ)യില്‍ നിന്നുള്ള ആധികാരികമായ നിവേദനം എന്നു പറയുന്നത് ഈ ഒരു ഹദീഥ് മാത്രമാണ്. അതെ, ”എന്റെ സമുദായത്തിലെ രണ്ടു സംഘങ്ങള്‍ക്ക് അല്ലാഹു നരകത്തില്‍നിന്ന് രക്ഷ നല്‍കിയിട്ടുണ്ട് -ഇന്‍ഡ്യ കീഴടക്കുന്ന സംഘത്തിനും ഈസബ്‌നു മർയത്തിന്റെ കൂടെയുണ്ടാകുന്ന സംഘത്തിനും” എന്ന ഹദീഥ്.

‘എന്റെ സമുദായത്തില്‍നിന്ന് ഇന്‍ഡ്യയെ സൈനിക നടപടിക്ക് വിധേയമാക്കുന്ന സംഘത്തിന് നരകമുക്തിയുണ്ട്’ എന്ന് മുഹമ്മദ് നബി (സ) പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്തായിരിക്കും? ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് സാമാന്യപരിജ്ഞാനമെങ്കിലുമുള്ള ആര്‍ക്കും അത് മനസ്സിലാക്കുക വളരെ എളുപ്പമാണ്. ഒന്നര സഹസ്രാബ്ദത്തോളം മുമ്പുണ്ടായ ഒരു പ്രസ്താവനയുടെ ഉദ്ദേശ്യം ഗ്രഹിക്കുവാന്‍ അതിന്റെ ചരിത്രസന്ദര്‍ഭം അറിയല്‍ അനിവാര്യമാണെന്ന അടിസ്ഥാന ബോധമെങ്കിലുമുള്ളവര്‍ക്കേ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാവൂ. മുഹമ്മദ് നബി (സ) തന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അറേബ്യയിലെ ഹിജാസിലെ മദീന ആസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനത്തിന്റെ അധിപനായിത്തീരുകയുണ്ടായി എന്ന കാര്യം സുവിദിതമാണ്‌. ഗോത്രാധിപത്യ സ്വഭാവമുണ്ടായിരുന്ന ഹിജാസിയന്‍ സാമൂഹ്യവഴക്കങ്ങളില്‍ നിന്ന് അല്‍പം മാറി ആദര്‍ശസാഹോദര്യത്തിലധിഷ്ഠിതമായ ഒരു ചെറിയ നഗരരാജ്യം പോലെയാണ് മുഹമ്മദ് നബി (സ) ഭരണാധികാരിയായി മദീന എന്ന ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വന്നത്. മുഹമ്മദ് നബി (സ) പ്രബോധനം ചെയ്തിരുന്ന ഇസ്‌ലാമിക വിശ്വാസസംഹിതയെയും അതിന്റെ അനുയായികളെയും ഭൂമിയില്‍നിന്ന് വേരോടെ പിഴുതെറിയാനുള്ള ഉപജാപങ്ങളില്‍ നിരതരായിരുന്ന ഹിജാസിലെ വിവിധ പ്രദേശങ്ങളിലെ ബഹുദൈവാരാധക അറബ് ഗോത്രങ്ങള്‍, അതിനുള്ള പ്രായോഗികവഴി മദീനയെ യുദ്ധങ്ങളിലൂടെ സംഹരിക്കലാണെന്ന് നിശ്ചയിക്കുകയും തത്‌‌സംബന്ധമായ പരിശ്രമങ്ങളില്‍ നിരന്തരമായി ഏര്‍പ്പെടുകയും ചെയ്തിരുന്നു.

തന്റെ രാജ്യത്തിന്റെ ഭദ്രതയും അതിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ രാഷ്ട്രത്തലവന്‍ എന്ന നിലയിലും ഇസ്‌ലാമിക ആദര്‍ശത്തിന്റെ നിലനില്‍പ്പിനായി സാധ്യമാകുന്നതൊക്കെ ചെയ്യാന്‍ പ്രവാചകന്‍ എന്ന നിലയിലും ബാധ്യസ്ഥനായിരുന്ന മുഹമ്മദ് നബി (സ), മദീനയുടെ സൈന്യത്തെ ഉപയോഗിച്ച് മദീനയുടെ പ്രാന്തങ്ങളിലും മക്കയിലും ത്വാഇഫിലുമൊക്കെയുണ്ടായിരുന്ന ഇത്തരം ശത്രുഗോത്രങ്ങളുമായി യുദ്ധങ്ങള്‍ നടത്തുകയും അവരുടെയെല്ലാം സ്വപ്നങ്ങളെ കരിച്ചുകളഞ്ഞ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഹിജാസ് മാത്രമല്ല, ഏതാണ്ട് അറേബ്യ തന്നെ പൂര്‍ണമായി ജയിച്ചടക്കുകയും ഇസ്‌ലാമിക സമൂഹത്തിന്റെ നില ഭദ്രമാക്കുകയും ചെയ്തത്, ലോക ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയ സംഭവമാണ്. ഇക്കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മുഴുവന്‍ മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് ഇസ്‌ലാം പ്രോജ്വലിച്ചു നില്‍ക്കുവാന്‍ നിമിത്തമായ ആ യുദ്ധങ്ങളില്‍ സര്‍വായുധ സജ്ജരായിരുന്ന ഇസ്‌ലാം വിദ്വേഷികളോട് പരിമിതമായ സന്നാഹങ്ങളുമായി പ്രവാചകന്റെ (സ) ഇടവും വലവും നിന്ന് പോരാടിയ ധീരരായ നബിശിഷ്യര്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് സംഭാവനയര്‍പ്പിച്ചത് കേവലം ഒരു രാജ്യത്തിന്റെ സംരക്ഷണത്തിനും വികാസത്തിനും മാത്രമായിരുന്നില്ല, മറിച്ച് വിശുദ്ധമായ ഒരു ആദര്‍ശത്തിന്റെ അതിജീവനത്തിനു കൂടിയായിരുന്നുവെന്ന കാര്യം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയും മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് പ്രോജ്വലിച്ചു നില്‍ക്കുവാനായി ഇസ്‌ലാമിനെ ഭൂമിയിലവശേഷിപ്പിക്കുവാന്‍ അല്ലാഹു നിമിത്തമാക്കിയത് അവരുടെ ത്യാഗപരിശ്രമങ്ങളെയായിരുന്നുവെന്ന കാര്യം ഓര്‍ത്താല്‍ മതി. അതുകൊണ്ടുതന്നെ, ഈ യുദ്ധങ്ങളിലെ പങ്കാളിത്തം വ്യക്തമായും ഒരു പുണ്യകര്‍മമായിരുന്നു. ഏതു ഗോത്രവും അത് അധിവസിക്കുന്ന പ്രദേശത്തെ കൂടി പ്രതിനിധീകരിച്ച് മറ്റൊരു ഗോത്രത്തെ/ പ്രദേശത്തെ ആക്രമിക്കുക/കീഴടക്കുക എന്നത് സ്വാഭാവിക ഗോത്രധർമമായി സ്വീകരിച്ചിരിക്കപ്പെട്ടിരുന്ന അന്നത്തെ ഹിജാസിയന്‍ രാഷ്ട്രീയ ആവാസവ്യവസ്ഥയില്‍ മദീന ചവിട്ടിയരക്കപ്പെടാതിരിക്കാന്‍ ചോര കൊടുക്കുക എന്നത് ആ സ്ഥലകാലത്തിന്റെ വിശ്വാസപരമായ തേട്ടമായിരുന്നു.

താന്‍ നയിച്ച/കല്‍പിച്ച യുദ്ധങ്ങളെക്കുറിച്ച് പൊതുവെയും അവയില്‍ ചിലതിനെ പേരെടുത്തു പറഞ്ഞുമൊക്കെ രക്തസാക്ഷിത്വത്തിന്‌/പങ്കാളിത്തത്തിന്‌ പരലോകത്ത് വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നബി(സ)യുടെ പ്രസിദ്ധമായ പല വര്‍ത്തമാനങ്ങളും നടക്കുമ്പോള്‍ മദീനയുടെ ശത്രുപക്ഷത്തുണ്ടായിരുന്നത് ഹിജാസിലെ തന്നെ വിവിധ അറബ് ഗോത്രങ്ങളോ പ്രദേശങ്ങളോ ആണ്. പ്രസ്തുത ഗോത്രങ്ങളോടോ പ്രദേശങ്ങളോടോ ഇസ്‌ലാമിന് വിശ്വാസപരമായി സ്ഥിരവും കേവലവുമായ ശത്രുതയുണ്ടെന്നോ അവയോട് യുദ്ധം ചെയ്യുന്നത് ലോകാവസാനം വരെ പുണ്യമാണെന്നോ അല്ല ഉപര്യുക്ത നബിവാചകങ്ങളുടെ അര്‍ത്ഥമെന്നും നബി(സ)യുടെ മദീനയും അവയും തമ്മില്‍ അന്ന് നിലനിന്നിരുന്ന യുദ്ധാന്തരീക്ഷത്തില്‍ ഇടപെടുന്നതിനെക്കുറിച്ചാണ് നബി (സ) സംസാരിച്ചുകൊണ്ടിരുന്നതെന്നും സല്‍ബുദ്ധിയുള്ള ആര്‍ക്കും സമ്മതിക്കേണ്ടി വരും. ഇസ്‌ലാമിന്റെ ഒന്നാമത്തെ വിശുദ്ധ നഗരമായ മക്കയും അവിടെ അധിവസിച്ചിരുന്ന, നബി(സ)യുടെ സ്വന്തം കുടുംബക്കാരായ ഖുറയ്‌ശ് ഗോത്രവുമായിരുന്നു മദീനയുടെ ശത്രുപട്ടികയില്‍ ഒന്നാമതുണ്ടായിരുന്നത് എന്ന ഒറ്റക്കാര്യം ആലോചിച്ചാല്‍ തന്നെ ഇത് മനസ്സിലാകും. മക്കക്കാരോട് യുദ്ധം ചെയ്യുന്നതിനാണ് ബദ്‌റിലും ഉഹ്ദിലും ഖന്‍ദക്കിലുമൊക്കെ വലിയ പുണ്യങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതുവെച്ച് ഇന്ന് മക്കയെ ആക്രമിക്കുന്നത് പുണ്യമാണെന്ന് മനസ്സിലാക്കുന്ന ഒരാളെക്കുറിച്ച് നാമെന്താണ് പറയുക? മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തില്‍ നടന്ന ഒന്നാമത്തെ യുദ്ധം തന്നെ-ബദ്‌ർ-മക്കക്കാര്‍ക്കെതിരില്‍ ആയിരുന്നു. മക്കക്കാര്‍ക്കെതിരില്‍ ബദ്‌ർ യുദ്ധത്തില്‍ അണിനിരന്ന വിശ്വാസികള്‍ക്കെല്ലാം ആ യുദ്ധത്തിനുശേഷം അവരില്‍നിന്ന് വന്നുപോയേക്കാവുന്ന സകലപാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടെന്നാണ് നബി (സ) പഠിപ്പിച്ചത്.(16)

മദീന ഇസ്‌ലാമിക രാജ്യവും മക്കയിലെ ബഹുദൈവാരാധക ഖുറയ്‌ശ് ഗോത്രവും തമ്മിലുണ്ടായ യുദ്ധനൈരന്തര്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായകവും പ്രസിദ്ധവുമായ വഴിത്തിരിവായിരുന്നു ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ ഹുദയ്ബിയ എന്ന സ്ഥലത്തുവെച്ച് നിലവില്‍ വന്ന പ്രസിദ്ധമായ സമാധാനക്കരാര്‍. യുദ്ധമുദ്ദേശിക്കാതെ, അതിനുവേണ്ട സന്നാഹങ്ങളൊന്നുമില്ലാതെ, സമാധാനപരമായി ഉംറ നിര്‍വഹിക്കാന്‍ വേണ്ടി മാത്രമായി നബി(സ)യും സഹചരരും ഹിജ്‌റ ആറാം വര്‍ഷം മദീനയില്‍നിന്ന് മക്കയിലേക്ക് ചെന്നപ്പോള്‍ മക്കക്കാര്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് തന്റെ പ്രഗല്‍ഭനായ ശിഷ്യന്‍ ഉഥ്മാന്‍ ഇബ്‌നു അഫ്ഫാനെ നബി (സ) അനുരജ്ഞന ചര്‍ച്ചകള്‍ക്കുവേണ്ടി ഖുറയ്‌ശികളുടെയടുത്തേക്ക് പറഞ്ഞയച്ചതോടെയാണ് ഹുദയ്ബിയ സന്ധിക്ക് കളമൊരുങ്ങിയത്. എന്നാല്‍ സംഭാഷണത്തിനുവേണ്ടി മദീനാ രാജ്യം ഔദ്യോഗികമായി നിയോഗിച്ച ദൂതനായ ഉഥ്മാനെ (റ) മക്കക്കാര്‍ ധാര്‍ഷ്ഠ്യത്തോടെ കൊന്നുകളഞ്ഞുവെന്ന ഒരു വാര്‍ത്ത ആദ്യഘട്ടത്തില്‍ മുസ്‌ലിം പക്ഷത്തെ തേടിയെത്തിയിരുന്നു. അന്നേരം, ആ വാര്‍ത്ത ശരിയാണെങ്കില്‍ തല്‍സമയം മക്കക്കാരോട് പോരാട്ടത്തിലേര്‍പ്പെടാന്‍ -യുദ്ധത്തിനുള്ള മാനസികവും ഭൗതികവുമായ സജ്ജീകരണങ്ങളില്ലാതെയാണ് വന്നതെന്നത് വകവെക്കാതെ- ഒരുക്കമാണെന്ന് നബി(സ)ക്ക് ആയിരത്തില്‍പരം ശിഷ്യന്‍മാര്‍ ഒരു മരച്ചുവട്ടില്‍ വെച്ച് ഉറപ്പുകൊടുക്കുന്നുണ്ട്.(17) ഇതിനെ പ്രശംസിച്ചുകൊണ്ട് അവതരിച്ച ക്വുര്‍ആന്‍ വചനത്തിന്റെ സാരം മക്കക്കാരോട് യുദ്ധം ചെയ്യാമെന്ന് നബി(സ)ക്ക് ഉറപ്പുകൊടുത്ത വിശ്വാസികളില്‍ അല്ലാഹു സംപ്രീതനാണെന്നും അവര്‍ക്ക് ഏറെ താമസിയാതെ മക്ക ജയിക്കാനാകുമെന്ന് അല്ലാഹു ഉറപ്പ് നല്‍കുന്നു എന്നും ആണ്.(18) ഇതുവെച്ചുകൊണ്ട്‌, മക്കക്കാരോട്‌ പോരാടാനിറങ്ങുന്നവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ടെന്നും അവര്‍ക്ക് മക്ക ജയിച്ചടക്കാന്‍ കഴിയുമെന്നും ക്വുര്‍ആനും ഹദീഥും ഉദ്ധരിച്ച് സ്ഥാപിച്ച് ഒരു മക്കാവിരുദ്ധ ഭീകരപ്രസ്ഥാനമുണ്ടാക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ സന്ദര്‍ഭവും സാഹചര്യവുമാണ് അക്ഷരങ്ങള്‍ക്ക് ആശയം കൊടുക്കുന്നതെന്ന് അവരെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമോ? ഇതേപോലെത്തന്നെയാണ് ‘ഇന്‍ഡ്യന്‍ യുദ്ധ’ത്തെക്കുറിച്ച് പറയുന്ന ഹദീഥിന്റെ കാര്യവും. അതിന്റെ സന്ദര്‍ഭം നമുക്ക് പരിശോധിക്കുക; സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റിയാല്‍ ‘ഇന്‍ഡ്യാ വിരുദ്ധത’യേക്കാള്‍ കൂടുതല്‍ ‘മക്കാ വിരുദ്ധത’യാണ് ഇസ്‌ലാമില്‍ ആരോപിക്കാന്‍ കഴിയുക എന്ന ബോധ്യത്തോടുകൂടി: ഇന്‍ഡ്യയുടെ കാര്യം പറയുന്ന സ്വഹീഹായ ഒരൊറ്റ ഹദീഥേ ഉള്ളൂ, മക്കയോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ആയത്തുകളും ഹദീഥുകളും നിരവധിയാണ്!

(തുടരും)

കുറിപ്പുകള്‍

1. അല്‍ ഹാഫിദ് ശംസുദ്ദീനുദ്ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഅ്, ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ തഖ്‌രീബുത്തഹ്ദീബ് തുടങ്ങിയവ നോക്കുക.

2. നുഐം ഇബ്‌നു ഹമ്മാദ്‌, കിതാബുല്‍ ഫിതന്‍ (ബയ്‌റൂത്: ദാറുല്‍ ഫിക്ർ, 2003) -‘ഗസ്‌വത്തുല്‍ ഹിന്ദ്’ എന്ന അധ്യായം കാണുക.

3. നുഐം, Ibid.

4. ഇമാം അഹ്‌മദ്‌ ഇബ്‌നു ഹമ്പല്‍, മുസ്‌നദ് -മുസ്‌നദ് അബീ ഹുറയ്‌റ.

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ തഹ്ദീബുത്തഹ്ദീബ്, അദ്ദഹബിയുടെ മീസാനുല്‍ ഇഅ്തിദാൽ ഫീ നഖ്ദിര്‌രിജാല്‍ തുടങ്ങിയവ നോക്കുക.

6. തഹ്ദീബുത്തഹ്ദീബ്.

7. ഉദാഹരണത്തിന് കാണുക: മുസ്‌നദുല്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ -തഹ്ഖീഖുശ്ശയ്ഖ് ശുഅയ്ബുല്‍ അര്‍നാഊത്വ് (ബയ്‌റൂത്: മുഅസ്സ്വസതുര്‌രിസാല, 2001).

8. ഇബ്‌നു അബീ ആസ്വിം, കിതാബുല്‍ ജിഹാദ് (മദീന: മക്തബതുല്‍ ഉലൂമി വല്‍ ഹികം, 1989).

9. തഹ്ദീബുത്തഹ്ദീബ്.

10. അഹ്‌മദ്‌, Ibid.

11. തഹ്ദീബുത്തഹ്ദീബ്.

12. അഹ്‌മദ്‌/അര്‍നാഊത്വ്.

13. നസാഇ, സുനന്‍ (കിതാബുല്‍ ജിഹാദ് -ബാബു ഗസ്‌വതില്‍ ഹിന്ദ്).

14. നാസ്വിറുദ്ദീനുല്‍ അല്‍ബാനി, ദഈഫു സുനനുന്നസാഇ -202, 203.

15. അല്‍ബാനി, സില്‍സിലതുല്‍ അഹാദീഥിസ്സ്വഹീഹതി വ ശയ്‌ഊൻ മിൻ ഫിഖ്ഹിഹാ വ ഫവാഇദിഹാ -ഹദീഥ്‌ നമ്പർ 1934.

16. ബുഖാരി, സ്വഹീഹ് (കിതാബുല്‍ മഗാസി -ബാബു ഫദ്‌ലു മന്‍ ശഹിദ ബദ്‌റന്‍).

17. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ഇമാറ -ബാബു ഇസ്തിഹ്‌ബാബി മുബായഅതില്‍ ഇമാമില്‍ ജയ്ശി ഇന്‍ദ ഇറാദതില്‍ ഖിതാലി വ ബയാനി ബയ്അതിര്‌രിദ്‌വാനി തഹ്തശ്ശജറതി).

18. ക്വുര്‍ആന്‍ 48 ഫത്ഹ്: 18.