Opinion

ഹാദിയക്കും ആഇശക്കും ശേഷം…

By Admin

August 02, 2017

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെക്കുറിച്ചുളള ചര്‍ച്ചകളോടെയായിരുന്നു ഇക്കഴിഞ്ഞ റമദാന്റെ തുടക്കം. രണ്ട് ഇന്‍ഡ്യന്‍ പൗരന്‍മാരുടെ അടിസ്ഥാനപരമായ പൗരാവകാശങ്ങളെ നിഷേധിക്കുന്നതാണ് വിധിയെന്നും മതനിരപേക്ഷ പൊതുസമൂഹത്തിന്റെ നേര്‍ക്കുനേരെയുള്ള ഇടപെടലുണ്ടാകേണ്ട പൗരാവകാശ പ്രശ്‌നമാണിതെന്നുമുള്ള പ്രതികരണങ്ങളുണ്ടായി. കേസ് കൈകാര്യം ചെയ്തവര്‍ അതിനെ വൈകാരികമായി തെരുവിലേക്കു വലിച്ചിഴച്ചതിനെ ന്യായീകരിച്ചും വിമര്‍ശിച്ചുമുള്ള പ്രസ്താവനകളുമുണ്ടായി. ഭീകരവാദം മലയാളിയുവാക്കളെ തട്ടിയെടുക്കുവാന്‍ വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹാദിയയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള കോടതിവിധിയുണ്ടായതെന്ന ന്യായീകരണമുണ്ടായി. ഒച്ചപ്പാടുകളെല്ലാം വാര്‍ത്ത വന്നു ഏതാനും ദിവസത്തേക്കു മാത്രമായിരുന്നു. റമദാനില്‍ തന്നെ മറ്റുപല വാര്‍ത്തകളും വന്നു, മലയാളികള്‍ ഹാദിയയെയും ഹാദിയ പ്രശ്‌നവും മറന്നു.

ഇപ്പോൾ ആഇശയായി മാറി മതസ്വാതന്ത്ര്യവും മതപഠനാവസരവും എന്ന നിബന്ധനയോടെ മാതാപിതാക്കളുടെ കൂടെ പോയ ആതിരയെക്കുറിച്ചുള്ള ചർച്ചകൾ വഴി ഒരിക്കൽ കൂടി അത്തരം സംവാദങ്ങൾ സജീവമായിരിക്കുന്നു. ഇതും കുറച്ചുകഴിയുമ്പോൾ നിലച്ചേക്കും. പക്ഷേ ആരു മറന്നാലും ഇസ്‌ലാമിക പ്രബോധനരംഗത്തുള്ളവര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല ഹാദിയ-ആഇശമാരുയർത്തിയ ചോദ്യങ്ങൾ. വരുംവരായ്കകള്‍ വൈകരികമല്ലാതെ വിലയിരുത്തി പരിഹാരം കാണാന്‍ കഴിയാതിരുന്നാല്‍ അത് പ്രബോധനരംഗത്തെ വലിയ പ്രതിസന്ധികള്‍ക്കു നിമിത്തമാകും. പ്രബോധനരംഗത്തുള്ളവരുടെയെല്ലാം അടിയന്തിര ശ്രദ്ധയുണ്ടാകേണ്ട ചില വസ്തുതകള്‍ താഴെ കൊടുക്കുന്നു.

1. അത്യുത്തമമായ പ്രവര്‍ത്തനവും(41: 33) പ്രവാചകനെ പിന്‍തുടരുന്നവരെല്ലാം നിര്‍വഹിക്കേണ്ട ബാധ്യതയുമായാണ് (12: 108) ക്വുര്‍ആന്‍ ഇസ്‌ലാമിക പ്രബോധനത്തെ പരിചയപ്പെടുത്തുന്നത്; മുസ്‌ലിംകളുടെയെല്ലാം ബാധ്യതയാണ് അല്ലാഹുവിലേക്കുള്ള ക്ഷണമെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുമുണ്ട്. മുസ്‌ലിംകള്‍ക്കായിരുന്നാലും അമുസ്‌ലിംകള്‍ക്കായിരുന്നാലും ഇസ്‌ലാമിന്റെ സത്യസന്ദേശം എത്തിച്ചുകൊടുക്കുകയെന്ന പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ പ്രവാചകനെ (സ) പിന്‍തുടരുന്നവര്‍ക്കൊന്നും കഴിയുകയില്ല.

2. ഇസ്‌ലാമിക പ്രബോധനത്തെ ഒരു സാമൂഹിക ബാധ്യതയായും ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. (3:104, 3:110) ശക്തമായ ഒരു സാമൂഹിക മുന്നേറ്റമായി ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ തന്നെ നേതൃത്വത്തിലാണ്. വ്യത്യസ്ത സമൂഹങ്ങളിലുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക, ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്ക് ആവശ്യമായ മതപാഠങ്ങളും പരിശീലനവും നല്‍കുക, ശത്രുക്കളില്‍ നിന്ന് അവരെ സംരക്ഷിക്കുക, മുസ്‌ലിം സമൂഹത്തിലെ അംഗീകാരമുള്ള അംഗമായി ജീവിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്യുക എന്നിവയെല്ലാം മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളാണ്. ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്നിടത്ത് ഭരണാധികാരിയാണ് പ്രസ്തുത ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക. ഭരണമില്ലാത്തിടങ്ങളില്‍ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട കൂട്ടായ്മകളാണ് അത് നിര്‍വഹിക്കുക; ഇവ്വിഷയകമായ മഹല്ലുകളുടെയും സംഘടനകളുടെയും ബാധ്യതയതാണ്.

3. പ്രവാചകന്റെയോ (സ) സ്വഹാബിമാരുടെയോ കാലത്ത് കേരളത്തിലേക്കു ഇസ്‌ലാം കടന്നുവന്ന അന്നുമുതല്‍ തന്നെ ഇവിടെ ഇസ്‌ലാമിക പ്രബോധനവും മുസ്‌ലിമാകുന്നവര്‍ക്ക് പഠനപരിശീലനത്തിനുള്ള സംവിധാനങ്ങളും നിലനിന്നു പോന്നിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവ നടന്നുവന്നത്.

4. സാമൂഹികമായ ഈ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമായാണ് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയും കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്‌ലം സഭയും സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ട പ്രസ്തുത കേന്ദ്രങ്ങളില്‍ ഇസ്‌ലാം സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധിപേര്‍ എത്തുകയും അവിടെവെച്ച് ഇസ്‌ലാം സ്വീകരിക്കുകയും അവിടെയുള്ള മൂന്നു മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റും വാങ്ങി പുറത്തുപോവുകയും ചെയ്യുന്നുണ്ട്.

5. കേരളത്തിലെ സംഘടനകളുടെ ബാഹുല്യത്തിനനുസരിച്ച് മുസ്‌ലിംകളല്ലാത്തവര്‍ക്കിടയില്‍ ഇസ്‌ലാമിനെ എത്തിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ്മകളുമുണ്ടായി. മുജാഹിദ് പ്രവര്‍ത്തകര്‍ രൂപീകരിച്ച നിച്ച് ഓഫ് ട്രൂത്ത്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടേതായ കേരള ഇസ്‌ലാമിക് മിഷന്‍, സമസ്തയുടെ പ്രവര്‍ത്തകര്‍ രൂപം നല്‍കിയ ഇബാദ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടേതായ സത്യസരണി എന്നീ കൂട്ടായ്മകള്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കിടയില്‍ ഇസ്‌ലാം എത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. ലഘുലേഖകള്‍ വിതരണം ചെയ്തും പ്രഭാഷണങ്ങളും ചോദ്യോത്തരവേദികളും സംഘടിപ്പിച്ചും നേര്‍ക്കുനേരെയുള്ള വ്യക്തിപരമായ ആശയസംവേദനങ്ങള്‍ വഴിയും ഇസ്‌ലാമിനെ എത്തിക്കുയെന്ന ദൗത്യമാണ് ഈ കൂട്ടായ്മകളെല്ലാം നിര്‍വഹിക്കുന്നത്. നിര്‍ബന്ധിതമായോ പ്രലോഭനങ്ങള്‍ വഴിയോ ആരും തന്നെ മതം പ്രബോധനം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന മതപ്രബോധനാവകാശം വിനിയോഗിക്കുക മാത്രമാണ് എല്ലാവരും ചെയ്യുന്നതെന്നര്‍ത്ഥം.

6. ഇസ്‌ലാമിക പ്രബോധനത്തെയും ഇസ്‌ലാം സ്വീകരണത്തെയും കായികമായി നേരിടുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ കേരളത്തില്‍ പലത വണയുണ്ടായിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ചിരുതക്കുട്ടിയെ സ്വന്തം സഹോദരന്‍ കുത്തിക്കൊന്നത് മഞ്ചേരി കോടതി പരിസരത്തുവെച്ചായിരുന്നു. ഡോ. സത്യനാഥനെ ഇസ്‌ലാം സ്വീകരിച്ചതിനാല്‍ മരുന്നു കുത്തിവെച്ച് മനോരോഗിയാക്കിത്തീര്‍ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍, മുസ്‌ലിം സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന റഹിമയെന്ന പുതുമുസ്‌ലിമിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പൂര്‍വമതത്തിലേക്കു തിരികെ കൊണ്ടപോയത്, ഇസ്‌ലാം സ്വീകരിച്ച് ഇസ്‌ലാമിക പ്രബോധകനായിത്തീര്‍ന്ന യാസിറിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്, അവസാനം ഇസ്‌ലാം സ്വീകരിച്ച ഫൈസലിനെ ക്രൂരമായി കൊന്നുതള്ളിയത്… ഈ സംഭവങ്ങളിലെല്ലാം കേരളത്തിലെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നില്‍ക്കുകയും നീതിക്കുവേണ്ടി നിയമപരമായ പോരാട്ടം നടത്തുകയുമാണ് ചെയ്തത്.

7. ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞാല്‍, അയാളെ പിന്‍തുടര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചും പ്രലോഭിപ്പിച്ചുംകൊണ്ട് പൂര്‍വമതത്തിലേക്കു തിരിച്ചുകൊണ്ടുപോകുവാന്‍ വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. നിസ്വാര്‍ത്ഥരായി ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ജീവന്‍ മുതല്‍ മാനസികാരോഗ്യം വരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കുന്ന കൂട്ടായ്മകള്‍ സജീവമാണ്. അത്തരക്കാരില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച നമ്മുടെ സഹോദരങ്ങളെ രക്ഷപ്പെടുത്തുകയും അവര്‍ക്കാവശ്യമായ നിയമപരിരക്ഷ നല്‍കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിം സംഘടനകളുടെയെല്ലാം അജണ്ടയിലുണ്ടാവേണ്ട കാര്യങ്ങളിലൊന്നാണിത്.

8. ഇസ്‌ലാം സ്വീകരിച്ച പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വന്തം ഇണകളായി അവരെ സ്വീകരിക്കുകയും നല്ല രീതിയില്‍ ദാമ്പത്യജീവിതം തുടരുകയും ചെയ്യുന്ന നിരവധി മുസ്‌ലിം ചെറുപ്പക്കാരുണ്ട്. അവരില്‍ പലരും ഈ പെണ്‍കുട്ടികളെ പരിചയപ്പെടുന്നതുപോലും അവര്‍ ഇസ്‌ലാം സ്വീകരിച്ചതിനുശേഷമാണ്. തങ്ങളുടെ ഭാര്യമാരുടെ മാതാപിതാക്കളും കുടുംബക്കാരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും അവരുമായി എല്ലാനിലയ്ക്കും പരസ്പരം സ്‌നേഹിക്കുകയും ചെയ്യുന്നവരാണ് അവരില്‍ പലരും. ഇത്തരം ചെറുപ്പക്കാരെയാണ് ലൗ ജിഹാദിന്റെ ആളുകളായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

9. ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാം സ്വീകരണവുമെല്ലാം ഭീകരത വളര്‍ത്താനുള്ള ശ്രമങ്ങളായി തെറ്റിദ്ധരിപ്പിക്കുവാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും മത്സരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുവാന്‍ സമുദായം ശ്രദ്ധിക്കേണ്ടതുണ്ട്. ഹാദിയ കേസിലെ 95 പുറങ്ങളുള്ള വിധിന്യായം പരിശോധിച്ചാല്‍ ഇസ്‌ലാം സ്വീകരണമെന്നാല്‍ ഭീകരതയിലേക്കുള്ള റിക്രൂട്ട്‌മെന്റ് എന്ന പ്രചാരണക്കെണിയില്‍ വിധിയെഴുതിയവര്‍ കുടുങ്ങിയത് വ്യക്തമായി വായിച്ചെടുക്കാനാവും. ഭരണഘടനക്ക് പുറത്തുനിന്നുകൊണ്ട് വിധിയെഴുതുവാന്‍ കോടതികളെ വരെ പ്രേരിപ്പിക്കാന്‍ മാത്രം ശക്തമാണ് പ്രചാരണങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. ഈയൊരു അവസ്ഥയെ ശരിയ്ക്കുള്‍ക്കൊള്ളുകയും അതില്ലാതാക്കുന്ന തരത്തിലുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് സമുദായ നേതൃത്വത്തിന്റെ ബാധ്യതയാണ്.

10. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാള്‍ക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം വര്‍ധിക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കളെ ശത്രുക്കളായി കാണാനോ അവരോട് വിരോധം വെച്ചു പുലര്‍ത്തുവാനോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ഇസ്‌ലാം സ്വീകരണം ഒരു ക്രിമിനല്‍ കുറ്റമായി പഠിപ്പിക്കപ്പെടുന്ന കാലത്ത് തങ്ങളുടെ മക്കളുടെ ഇസ്‌ലാം സ്വീകരണത്തെ ഭീതിയോടു കൂടിയായിരിക്കും മാതാപിതാക്കള്‍ കാണുകയെന്നുറപ്പാണ്. അവരുടെ ഭീതിയില്ലാതാക്കുകയും ഇസ്‌ലാം സ്വീകരണം വഴി തങ്ങള്‍ക്ക് മക്കളെ നഷ്ടപ്പെടുകയല്ല, നല്ല മക്കളായി തിരിച്ചുകിട്ടുകയാണ് ചെയ്തിട്ടുള്ളതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഇസ്‌ലാം സ്വീകരിച്ചവരുടെയും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരുടെയും ബാധ്യതയാണ്. ഈ ബാധ്യത നിര്‍വഹിക്കുന്നതില്‍ വിജയിച്ചാല്‍ മാതാപിതാക്കളുടെ വെറുപ്പും വിദ്വേഷവും ഒരു പരിധിവരെ ഇല്ലാതാക്കുവാന്‍ കഴിയും.

11. ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാം സ്വീകരണവും ഭീകരതയിലേക്കുളള പാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ട ഇന്നത്തെ സാമൂഹ്യക്രമത്തില്‍ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങള്‍ വളരെ സൂക്ഷിച്ചും അവധാനതയോടെയും മാത്രം നിര്‍വഹിക്കപ്പെടേണ്ടവയാണ്. ഇസ്‌ലാം സ്വീകരണത്തെ ഭീകരതയുമായി കൂട്ടിക്കെട്ടുന്ന പൊതുബോധത്തെ ദൃഢീകരിക്കുന്ന രീതിയിലുള്ളതാകരുത് നമ്മുടെ പ്രതികരണങ്ങള്‍. സംഘടനാനേട്ടങ്ങള്‍ക്കുവേണ്ടി ഇത്തരം സംഗതികളെ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കുന്നതിനു പകരം ദഅ്‌വത്തിന് അപകടമുണ്ടാകാത്ത രീതിയില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് സംഘടനാ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ടത്. ദഅ്‌വത്ത് സമം ഭീകരതയെന്ന സമവാക്യസൃഷ്ടിക്കായി പരിശ്രമിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാവരുത് നമ്മുടെ പ്രതികരണങ്ങള്‍.

12. മുസ്‌ലിമായവര്‍ക്ക് അടിസ്ഥാനപരമായ പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവുമ്പോള്‍, അത്തരം വിഷയങ്ങള്‍ സമുദായ നേതൃത്വം ഗൗരവതരമായി ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ധരിക്കുകയും ചെയ്യേണ്ടതുണ്ട്. വിവേകത്തോടുകൂടി നയിക്കേണ്ട ഉത്തരവാദിത്തമുള്ളവര്‍ അത് ചെയ്യാതിരുന്നാല്‍ വികാരജീവികള്‍ രംഗം വഷളാക്കുന്ന സ്ഥിതിയാണുണ്ടാവുക. വികാരജീവികളെ ഇത്തരം വിഷയങ്ങള്‍ ഏല്‍പിച്ചാല്‍ അതിന്റെ ദുരിതം പേറേണ്ടി വരിക മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇരകളും സമുദായം മൊത്തത്തിലുമായിരിക്കും. അതില്ലാത്ത രീതിയില്‍ സമുദായത്തെ നയിക്കാന്‍ ബാധ്യസ്ഥരായവര്‍ ഈ ബാധ്യതയേറ്റെടുക്കണം.

അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)