ശ്രീനാരായണ ഗുരുവിൽ നിന്ന് തുടങ്ങി സഹോദരനയ്യപ്പനിലൂടെ കടന്നുപോകുന്നതായിട്ടാണ് കേരളത്തിലെ യുക്തിവാദി സംഘത്തിൻ്റെ നാൾവഴി പൊതുവെ പറയപ്പെടാറുള്ളത്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ, സഹോദരൻ അയ്യപ്പൻ്റെ ചിന്തകളോ യുക്തിവാദത്തെ നേരിട്ട് സ്വാധീനിക്കുകയോ നിര്‍ണയിക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കാൻ കഴിയും വിധമുള്ള തെളിവുകളൊന്നും കാണുവാൻ സാധിക്കില്ല. ജാതിവ്യവസ്ഥക്കും തീണ്ടലുകള്‍ക്കുമെതിരായ സമരപോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തില്‍ പുരോഗമനപരമായ ചില സമീപനങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവരൊക്കെ മതങ്ങളുടെ ദൗത്യങ്ങളെയും വ്യക്തികളുടെ വിമലീകരണത്തില്‍ മതങ്ങള്‍ക്കുള്ള പങ്കിനെയും അംഗീകരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ കേരളത്തിലുണ്ടായ ജാതിവിരുദ്ധ പരിശ്രമങ്ങളുടെ ഓരം ചേർന്ന് അപ്രതീക്ഷിതമായി മുളച്ചുപൊന്തിയ ഒരു പാഴ്ച്ചെടിയാണ് യഥാർത്ഥത്തിൽ കേരളീയ യുക്തിവാദം. ജന്മത്തിൻ്റെ അടിസ്ഥാനത്തിൽ ജീവിതരീതി കൽപ്പിക്കുന്ന തീർത്തും മനുഷ്യത്വവിരുദ്ധമായ ജാതീയതക്കപ്പുറം ഒരാൾക്ക് സ്വന്തം ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ എപ്പോൾ വേണമെങ്കിലും സ്വീകരിക്കാനും നിരാകരിക്കാനും കഴിയുന്ന മതവിശ്വാസത്തോടാണ് യുക്തിവാദികൾ കൂടുതൽ യുദ്ധം ചെയ്തിട്ടുണ്ടാവുക.
കേരളീയ യുക്തിവാദത്തിൻ്റെ ഈ മതവിരുദ്ധ (പ്രത്യേകിച്ച് ഇസ്‌ലാം വിരുദ്ധ) പോരാട്ടം ഒരുപതിറ്റാണ്ടോളമായി കേരളത്തിൽ ഉന്മാദ സമാനമായി തിമർത്താടുകയാണ്. ഇസ്‌ലാം വിമർശനം എന്ന പേരിൽ പരിഹാസങ്ങളും വെറുപ്പ് വ്യാപാരവും തെറിവിളികളുമൊക്കെ ദിനചര്യയാക്കി സൈബറിടങ്ങളിൽ മുടിയഴിച്ച് തുള്ളിക്കൊണ്ടിരിക്കുകയാണ് നാസ്തികർ. ആഗോള സാമ്രാജ്യത്വത്തിൻ്റെയും, അതിൻ്റെ സന്തതിയായ നവനാസ്തികതയുടെയും, സംഘ്പരിവാറിൻ്റെയും, ക്രിസ്ത്യൻമിഷണറിമാരുടെയും പ്രത്യക്ഷവും പരോക്ഷവുമായ സംഭാവനയും അവർക്കതിന് കിട്ടിക്കൊണ്ടിരിക്കുന്നു.
ആയിടക്കാണ് മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലെ നാസ്തികപക്ഷത്തെ ഇസ്‌ലാം വിരുദ്ധ പ്രോപ്പഗണ്ടയുടെ ഇപ്പോഴത്തെ മുഖ്യ ആചാര്യൻ ഇ എ ജബ്ബാർ തൻ്റെ വീഡിയോയിൽ ഒരു വെല്ലുവിളി നടത്തിയത്. അറേബ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പുരാണങ്ങളിൽ ഉള്ളതല്ലാത്ത, ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന ആശയങ്ങളെന്തെങ്കിലുമൊന്ന് ഖുർആനിലുണ്ടെന്ന് തെളിയിച്ചാൽ താൻ ശഹാദത്ത് ചൊല്ലി മുസ്‌ലിമാകാമെന്നും ഇതേ വരെ താൻ ഇസ്‌ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നും മേലിൽ താൻ ഇസ്‌ലാം വിമർശനം നടത്തുകയില്ല എന്നായിരുന്നു പ്രസ്തുത വെല്ലുവിളി. സ്വന്തം ശരീരത്തെക്കാളധികം തങ്ങൾ സ്നേഹിക്കുന്ന മുഹമ്മദ് നബി(സ)യെ പരസ്യമായി നിന്ദിക്കുന്നവരുമായി വേദി പങ്കിടാനുള്ള വൈമനസ്യം കൊണ്ടും യുക്തിവാദികൾക്കിടയിൽ ഒരു നബിനിന്ദകന് സ്വീകാര്യത ലഭിക്കുന്നതിന് തങ്ങളുടെ പ്രവർത്തനം നിമിത്തമാകരുതെന്ന് കരുതുന്നത് കൊണ്ടും ഇ എ ജബ്ബാറുമായി വേദി പങ്കിട്ട് സംവദിക്കാൻ കേരളത്തിലെ ഇസ്‌ലാമിക പ്രബോധകർക്ക് പൊതുവെ ലജ്ജയാണ്. അത് മനസിലാക്കിയത് കൊണ്ടുതന്നെയായിരിക്കണം ഇസ്‌ലാമിനെതിരെയുള്ള തൻ്റെ ആവേശപ്രസംഗത്തിനിടയിൽ ഇത്തരമൊരു വെല്ലുവിളി അദ്ദേഹം നടത്തിയതും! എന്നാൽ ഈ വെല്ലുവിളിക്ക് മറുപടി പറഞ്ഞാൽ അദ്ദേഹവും കൂട്ടരും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതിയും വെറുപ്പും മലയാളികൾക്കിടയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ധ്രുവീകരണവും ഇസ്‌ലാംവിദ്വേഷവും ഇല്ലാതെയാക്കാൻ നിമിത്തമാവുമെന്ന ബോധ്യത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇസ്‌ലാമിക പ്രബോധനരംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന എം എം അക്ബർ അത് ഏറ്റെടുത്തു.
കേരളീയസമൂഹം നിഷ്പക്ഷനെന്ന് അംഗീകരിക്കുന്ന ആരെങ്കിലുമാകണം സംവാദത്തിൻ്റെ മധ്യസ്ഥൻ, ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന ആശയങ്ങളെന്തെങ്കിലുമൊന്ന് ഖുർആനിലുണ്ടെന്ന് തെളിയിക്കാമോയെന്ന വെല്ലുവിളിക്ക് താൻ ഉത്തരം നൽകിയിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് മൂന്നുപേരിൽ കുറയാത്ത അംഗങ്ങളുള്ള ഒരു പാനൽ ആയിരിക്കണം എന്നിവയായിരുന്നു അക്ബർ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ.
എം എം അക്ബറിൻ്റെ സംവാദ സന്നദ്ധതയെ പിന്നീട് ഇ എ ജബ്ബാർ അംഗീകരിക്കുകയും സംവാദത്തിന് വ്യവസ്ഥയുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തു. സംവാദത്തിൻ്റെ സംഘാടനം ആദ്യമായി എക്സ് മുസ്‌ലിം കൂട്ടായ്മയാണ് ഏറ്റെടുത്തത്. എന്നാൽ കൃത്യമായ മേൽവിലാസമുള്ള സംഘടനയ്ക്ക് കീഴിലാണ് സംവാദം നടക്കേണ്ടതെന്ന ഇസ്‌ലാമിക പക്ഷത്തിൻ്റെ ആവശ്യം അംഗീകരിക്കേണ്ടി വന്നതിനാൽ ദിവസങ്ങൾ മാത്രം പ്രായമുള്ള സോഷ്യൽ മീഡിയാ കൂട്ടായ്മയായ എക്സ് മുസ്ലിമിന് സംഘാടന ചുമതലയിൽ നിന്ന് ഒഴിയേണ്ടിവരികയും കേരള യുക്തിവാദി സംഘം സംവാദം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ യുക്തിവാദ സംഘത്തിൻ്റെ സംവാദം ഏറ്റെടുത്തത് മുതൽക്കുള്ള ഇടപെടൽ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ജനാധിപത്യം, ശാസ്ത്രീയ ഘടന, നിഷ്പക്ഷത എന്നിവയോടൊക്കെ ഇവർക്കിത്ര അയിത്തമാണോ എന്ന് തോന്നിപ്പോകും! കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സംവാദവുമായി ബന്ധപ്പെട്ട് നടന്ന ഇരുവിഭാഗത്തിൻ്റെയും പ്രസ്താവനകൾ വായിച്ചാൽ തന്നെ നിഷ്പക്ഷനായ ഒരാൾക്ക് നിലപാടെടുക്കാൻ സംവാദം കഴിയുന്നത് വരെ കാത്ത്നിൽക്കേണ്ടതില്ലായിരിക്കാം!
ആധുനികത, പുരോഗമനം എന്നിവയെ കുറിച്ചെല്ലാം വാചാലരാവുന്ന യുക്തിവാദി സംഘം സംവാദകർക്ക് ഒരു മണിക്കൂർ വീതം സമയമാണ് ‘കൽപിച്ചത്’. ഒരു വിഷയത്തെ ശ്രദ്ധിച്ചിരിക്കാനുള്ള മനുഷ്യബുദ്ധിയുടെ ശേഷിയെയും അന്താരാഷ്ട്രതലം മുതൽ നാട്ടിൻപുറങ്ങളിൽ വരെ നടക്കുന്ന സംവാദങ്ങളുടെ ഘടനയെയും പരിഹസിക്കും വിധമുള്ള ഈ തീരുമാനത്തിൽ നിന്ന് പക്ഷേ യുക്തിവാദി സംഘം മാറിയതേയില്ല. ഒരു വെല്ലുവിളിയുടെ അടിസ്ഥാനത്തിലുള്ള സംവാദമായതു കൊണ്ടു തന്നെ ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന ആശയങ്ങളെന്തെങ്കിലുമൊന്ന് ഖുർആനിലുണ്ടെന്ന് തെളിയിക്കാമോയെന്ന വെല്ലുവിളിക്ക് താൻ ഉത്തരം നൽകിയിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് മൂന്നുപേരിൽ കുറയാത്ത അംഗങ്ങളുള്ള ഒരു പാനൽ ആയിരിക്കണം എന്ന എം എം അക്ബറിൻ്റെ ന്യായമായ ആവശ്യം ജനാധിപത്യത്തെ കുറിച്ചൊക്കെ വലിയവായിൽ സംസാരിക്കുന്ന യുക്തിവാദി സംഘം പരിഗണിച്ചതേയില്ല. കേരളീയസമൂഹം നിഷ്പക്ഷനെന്ന് അംഗീകരിക്കുന്ന ആരെയെങ്കിലുമാകണം സംവാദത്തിൻ്റെ മധ്യസ്ഥൻ എന്ന ആവശ്യത്തോട് നിഷ്പക്ഷത മുഖമുദ്രയാക്കിയ യുക്തിവാദി സംഘം പ്രതികരിച്ചത് ഇ എ ജബ്ബാറിനെ ഇമിറ്റേറ്റ് ചെയ്യുന്ന ഒരു ഇസ്‌ലാം വിരോധിയെ മോഡറേറ്ററാക്കിയായിരുന്നു! പൊതുജനങ്ങളുടെ പ്രതിഷേധം കാരണം പ്രസ്തുത ഇസ്‌ലാം വിരോധിക്ക് മധ്യസ്ഥ സ്ഥാനം ഒഴിയേണ്ടിവന്നു. സംവാദത്തിന് തയ്യാറാക്കിയ ഘടനയിലെ തീർത്തും അശാസ്ത്രീയവും, യുക്തിരഹിതവും, ഏകപക്ഷീയവുമായ കാര്യങ്ങളെ എം എം അക്ബർ വിമർശനവിധേയമാക്കിയപ്പോഴെല്ലാം ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലൊക്കെ എഴുന്നേറ്റ് നിന്ന് വാചകക്കസർത്ത് നടത്താറുള്ള യുക്തിവാദി സംഘം പ്രതികരിച്ചത് സംഘാടകരുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ പാടില്ല എന്നായിരുന്നു!
സംവാദവുമായി ബന്ധപ്പെട്ട ചർച്ചകൾ മുഴുവൻ സോഷ്യൽ മീഡിയയിലൂടെ പരസ്യമായിട്ടായിരിക്കണം എന്ന എം എം അക്ബറിൻ്റെ നിർബന്ധത്തിന് പിന്നിലെ ദീർഘവീക്ഷണത്തിൻ്റെ വലുപ്പം കേരളീയ പൊതു സമൂഹത്തിന് ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ടാവും. ഒരു ജനാധിപത്യ സമൂഹത്തിന് മുന്നിൽ മുന്നോട്ട് വെക്കാൻ കഴിയാത്തത് എന്ന് തങ്ങൾക്ക് തന്നെ ബോധ്യപ്പെട്ട സംവാദ ഘടനയിൽ ഒരു നിലയ്ക്കും വിട്ടുവീഴ്ച ചെയ്യാൻ നാസ്തികരും യുക്തിവാദി സംഘവും സമ്മതിക്കാതിരുന്നതിന് പിന്നിലെ കാരണം കേരളത്തിലെ ഇസ്‌ലാം – നാസ്തിക ചർച്ചകൾ ശ്രവിക്കുന്ന ആർക്കും മനസിലാവും. തനിക്ക് അംഗീകരിക്കാൻ പറ്റാത്ത സംവാദ ഘടന കാണുമ്പോൾ എം എം അക്ബർ സംവാദത്തിൽ നിന്ന് പിൻവാങ്ങുമെന്നും അതുവഴി ‘അക്ബർ പരാജയപ്പെട്ടു’വെന്ന് കാമ്പയ്ൻ നടത്താമെന്നും വിചാരിച്ച നാസ്തികരുടെ വ്യാമോഹങ്ങളെ അസ്ഥാനത്താക്കിയായിരുന്നു എം എം അക്ബറിൻ്റെ ഓരോ ചുവടുകളും.
ആവേശപ്പുറത്ത് നടത്തിയ ഒരു വെല്ലുവിളിയാൽ ഉണ്ടായ, നടക്കില്ലെന്ന് തങ്ങൾ വിചാരിക്കുകയും ആഗ്രഹിക്കുകയും ചെയ്ത സംവാദത്തിലേക്ക് ഒടുവിൽ 2021 ജനുവരി 9 ൻ്റെ പ്രഭാതത്തിൽ അവർക്ക് എത്തേണ്ടിവന്നു.
തൻ്റെ വിഷയാവതരണത്തിൻ്റെ ആദ്യപകുതിക്ക് ശേഷമാണ് ഇ എ ജബ്ബാർ വിഷയത്തിലേക്ക് വന്നത്. അതുവരെ സംവാദത്തിൻ്റെ നാൾവഴികൾ വിശദീകരിക്കുകയാണ് ചെയ്തത്. താൻ നടത്തിയ വെല്ലുവിളി ഇങ്ങനെ ഒരു സംവാദത്തിൽ കലാശിക്കുമെന്ന് വിചാരിച്ചിട്ടേയുണ്ടായിരുന്നില്ല എന്നാണ് ജബ്ബാറിൻ്റെ സംവാദ നാൾവഴി വിശദീകരണത്തിൻ്റെ രത്നച്ചുരുക്കം. പിന്നീട് വിഷയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് പറഞ്ഞ് ക്വുർആൻ-ശാസ്ത്ര മേഖലകളിൽ ഇടപെട്ട ചിലരുടെ ഭീകരവാദ ബന്ധത്തെ കുറിച്ചും സലഫിസത്തെ പറ്റിയുമൊക്കെ പറയാൻ ശ്രമിച്ചു. അവതരണത്തിൻ്റെ അവസാന ഭാഗത്ത് തൻ്റെ സഹജമായ പരിഹാസം കൂട്ടിച്ചേർത്ത് ക്വുർആനിലെ ഭൂമി ഉരുണ്ടതോ പരന്നതോ, ക്വുർആനിലെ ഭ്രൂണശാസ്ത്രം, ക്വുർആനിലെ ഹൃദയവും മസ്‌തിഷ്കവും എന്നിങ്ങനെയുള്ള പഴകിപ്പുളിച്ചതും ബാലിശമായതുമായ ആരോപണങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തുറന്ന് ഒരുമണിക്കൂർ തികച്ചു.
രണ്ടാമത് വിഷയമവതരിപ്പിച്ച എം എം അക്ബർ നേരിട്ടു തന്നെ വിഷയത്തിലേക്ക് പ്രവേശിച്ചു. അറേബ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പുരാണങ്ങളിൽ ഉള്ളതല്ലാത്ത ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽ എന്തെങ്കിലുമുണ്ടോയെന്ന ഇ എ ജബ്ബാറിൻ്റെ വെല്ലുവിളിക്ക് മറുപടിയായി അക്ബർ ക്വുർആനിലെ ഒരു വചനവും ആ വചനത്തിൻ്റെ അടിസ്ഥാനത്തിലുള്ള നാല് വസ്തുതകളുമാണ് വിശദീകരിച്ചത്. ആഴക്കടലിൽ ഒന്നിന് മുകളിൽ മറ്റനേകം ഇരുട്ടുകളുണ്ട്, ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ ആഴക്കടലിലുണ്ട്, ആഴക്കടലിലെ തിരമാലകളെ പൊതിയുന്ന വേറെയും തിരമാലകളുണ്ട്, ആഴക്കടലിലെ ഇരുട്ടിൽ സ്വന്തം കൈകളെ പോലും കാണാൻ ഒരാൾക്ക് കഴിയില്ല എന്നിവയായിരുന്നു അദ്ദേഹം അവതരിപ്പിച്ച വസ്തുതകൾ. താൻ ഉന്നയിച്ച വസ്തുതകൾ ഇ എ ജബ്ബാറിന് സ്വീകാര്യമല്ലെന്ന് നാല് രീതിയിലൂടെ തെളിയിക്കാമെന്നും അക്ബർ പറഞ്ഞു. ആ നാല് രീതിയിൽ ഒന്ന്, ആഴക്കടൽ അന്ധകാരമെന്ന് നാടോടികൾക്ക് അറിയാമായിരുന്നു എന്നതിനുള്ള തെളിവ്, രണ്ട്, ആഴക്കടലിൽ ഒന്നിന് മുകളിൽ ഒന്നായി അനേകം ഇരുട്ടുകൾ ഉണ്ടെന്ന് അന്നുള്ളവർക്ക് അറിയാമായിരുന്നു എന്നതിനുള്ള തെളിവ്, മൂന്ന്, ആഴക്കടലിൽ ആരെങ്കിലും പോയാൽ അവരുടെ കൈകൾ പോലും അവർക്ക് കാണാനാവില്ലെന്ന് അവർക്കറിയാമായിരുന്നു എന്നതിനുള്ള തെളിവ്, മൂന്ന്, ആന്തരിക തിരമാലകൾ ഉണ്ടായിരുന്നു എന്ന് അറബികൾക്ക് അറിയില്ലായിരുന്നു എന്നതിനുള്ള തെളിവ്. വളരെ കൃത്യമായി ആധുനിക ശാസ്ത്രത്തിൻ്റെ അളവ്കോലുകൾ ഉപയോഗിച്ച് സമർത്ഥിച്ച് 46 മിനിറ്റിനുള്ളിൽ തൻ്റെ വിഷയാവതരണം എം എം അക്ബർ അവസാനിപ്പിച്ചു.
അക്ബറിൻ്റെ വിഷയാവതരണത്തോട് പ്രതികരിക്കേണ്ട ഇ എ ജബ്ബാർ പക്ഷേ തൻ്റെ പ്രതിവാദത്തിനുള്ള സമയം മുഴുവൻ ഉപയോഗിച്ചത് നേരത്തെ തുടങ്ങിവെച്ച ആരോപണ ലിസ്റ്റ് പൂർത്തീകരിക്കുവാനാണ്. അക്ബറിനുള്ള മറുപടി അടുത്ത സെഷനിലേക്ക് മാറ്റിവെച്ചു. പിന്നീട് എം എം അക്ബർ ഇദ്ദേഹം ആരോപിച്ച ആരോപണങ്ങൾ കേവലം ആരോപണങ്ങൾ മാത്രമെന്ന് തെളിവുകൾ സഹിതം തന്നെ സമർത്ഥിക്കാൻ ശ്രമിച്ചു. അക്ബറിന് അത് തെളിയിക്കാനുള്ള ബാധ്യത ഒട്ടുമില്ല എന്നത് മറ്റൊരുകര്യം. കാരണം ഒരു വെല്ലുവിളിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ സംവാദം എന്ന നിലയിൽ വെല്ലുവിളിക്ക് താൻ നൽകിയ മറുപടിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മാത്രമേ അദ്ദേഹത്തിന് പ്രതികരിക്കേണ്ടതുള്ളൂ.
തൻ്റെ മൂന്നാമത്തെ അവസരത്തിലാണ് എം എം അക്ബർ വിഷയാവതരണത്തിൽ അവതരിപ്പിച്ച വസ്തുതകളോട് ഇ എ ജബ്ബാർ പ്രതികരിച്ചത്. രണ്ട് കാര്യങ്ങൾ സൂചിപ്പിച്ച് പ്രസ്തുത ഖണ്ഡനം അദ്ദേഹം പെട്ടന്ന് തന്നെ അവസാനിപ്പിച്ചു. കൈ പുറത്തെടുക്കുക എന്ന് ഖുർആൻ പറഞ്ഞത് ഒരാൾ മുങ്ങിത്താഴുമ്പോൾ കൈ കടലിൽ നിന്ന് പുറത്തേക്ക് നീട്ടുക എന്ന അർത്ഥത്തിലാണ്, ആഴക്കടലിലുള്ള ഇരുട്ടല്ല: സമുദ്ര നിരപ്പിന് താഴെ, ഒരാൾക്ക് കൈ ഉപരിതലത്തിലേക്ക് നീട്ടാൻ കഴിയുന്ന അത്ര മാത്രം താഴെയുള്ള ഇരുട്ടാണ് ഖുർആൻ പരാമർശിക്കുന്നത് എന്നുമാണ് അക്ബറിൻ്റെ വാദങ്ങൾക്ക് മറുപടിയായി ജബ്ബാർ സൂചിപ്പിച്ചത്. പിന്നീട് തൻ്റെ പ്രതിവാദത്തിൻ്റെ സമയത്ത് ഈ രണ്ട് കാര്യങ്ങളുടെയും, അതോടൊപ്പം അവസരത്തിലും അനവസരത്തിലുമൊക്കെയായി ജബ്ബാർ ഉന്നയിച്ച ആരോപണങ്ങളുടെയും മുനയൊടിക്കാൻ എം എം അക്ബറിന് സാധിച്ചു. അതോടെ ഖണ്ഡനമണ്ഡനങ്ങൾ അവസാനിച്ചു.
സംവാദത്തിൻ്റെ അവസാന സമയത്ത് നടന്ന ചോദ്യോത്തരവേളയിൽ തനിക്ക് നേരെ വന്ന ചോദ്യങ്ങളോടും വിമർശനങ്ങളോടും വസ്തുനിഷ്ഠമായി പ്രതികരിക്കാൻ ഇ എ ജബ്ബാറിന് കഴിഞ്ഞിട്ടില്ലയെന്നത് വ്യക്തമാണ്. രണ്ട് ചോദ്യങ്ങൾക്ക് എനിക്കറിയില്ല, ഓർമ്മയില്ല എന്നിങ്ങനെയൊക്കെയും മറുപടി പറഞ്ഞു. ഉൾക്കനമുള്ള ചോദ്യങ്ങൾ ഉയർന്നുവന്ന ആ സെഷൻ ഫലപ്രദമായിത്തന്നെ എം എം അക്ബർ ഉപയോഗപ്പെടുത്തി. ഗുണകാംക്ഷയിൽ പൊതിഞ്ഞ ചില ആക്ഷേപങ്ങൾ ഇസ്ലാമിനുനേരെ ഉന്നയിച്ചതൊഴിച്ചാൽ ഏറെക്കുറെ സംവാദത്തെ നിഷ്പക്ഷമായി നിയന്ത്രിക്കാൻ അധ്യക്ഷൻ പരിശ്രമിച്ചു.
ഇ എ ജബ്ബാറിൻ്റെ വെല്ലുവിളിക്ക് കൃത്യമായി എം എം അക്ബർ മറുപടി പറഞ്ഞു എന്നും, അക്ബറിൻ്റെ മറുപടിയെ വസ്തുനിഷ്ഠമായി ഖണ്ഡിക്കാൻ ജബ്ബാറിന് കഴിഞ്ഞില്ലെന്നും നിഷ്പക്ഷമായി സംവാദം വിലയിരുത്തുന്ന ആർക്കും ബോധ്യമാവുന്ന കാര്യമാണ്. ബോധ്യമാവാത്തവരോട് എം എം അക്ബർ ചോദിച്ച നാല് ചോദ്യങ്ങൾ തന്നെയാണ് ചോദിക്കാനുള്ളത്; ഒന്ന്, ആഴക്കടൽ അന്ധകാരമെന്ന് നാടോടികൾക്ക് അറിയാമായിരുന്നു എന്നതിനുള്ള തെളിവ്? രണ്ട്,ആഴക്കടലിൽ ഒന്നിന് മുകളിൽ ഒന്നായി അനേകം ഇരുട്ടുകൾ ഉണ്ടെന്ന് അന്നുള്ളവർക്ക് അറിയാമായിരുന്നു എന്നതിനുള്ള തെളിവ്? മൂന്ന്,ആഴക്കടലിൽ ആരെങ്കിലും പോയാൽ അവരുടെ കൈകൾ പോലും അവർക്ക് കാണാനാവില്ലെന്ന് അവർക്കറിയാമായിരുന്നു എന്നതിനുള്ള തെളിവ്? നാല്,ആന്തരിക തിരമാലകൾ ഉണ്ടായിരുന്നു എന്ന് അറബികൾക്ക് അറിയില്ലായിരുന്നു എന്നതിനുള്ള തെളിവ്?
കേരളീയ മുസ്ലിം സമുദായത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ദിവസമായിരുന്നു യഥാർത്ഥത്തിൽ 2021 ജനുവരി 9. വെറുപ്പു വ്യാപാരം ദിനചര്യയാക്കിയ നാസ്തികരെ വിശുദ്ധ ക്വുർആനിൻ്റെ ആഴക്കടലിൽ മുക്കിയെടുക്കാൻ ഇസ്ലാമിക പ്രബോധകർക്ക് സാധിച്ചു. അതോടൊപ്പം ആന്തരികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പൊതുശത്രുവിനെ നേരിടാൻ സമുദായം ഒരുമിച്ചുണ്ടാവുമെന്നും ഈ സംവാദം തെളിയിച്ചു.