Feature

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ

By Admin

July 16, 2017

ഇന്റർവ്വ്യൂ ഫീച്ചർ/ യഹ്‌യാ സകരിയ്യ. എൻ. വി

സമരാവേശമുറങ്ങുന്ന സ്മൃതിപഥങ്ങള്‍

വെള്ളപ്പട്ടാളക്കാരന്റെ ഹുങ്കിനുനേരെ വിരിമാറു കാണിച്ചു പോരാടിയതിന്റെ വീരകഥകള്‍ മലബാറിന്റെ മണല്‍ത്തരികള്‍ക്കുപോലും പറയാനുണ്ട്; നിറതോക്കിനെയും കാക്കിയുടുപ്പിനെയും നെഞ്ചുറപ്പ് കൊണ്ട് നേരിടാന്‍ സന്നദ്ധരായ മാപ്പിളമക്കളുടെ വീരേതിഹാസങ്ങള്‍! ബ്രിട്ടീഷുകാരന്റെ അധിനിവേശത്തെ കശക്കിയെറിയാന്‍ പരിശ്രമിച്ച പ്രപിതാക്കളെക്കുറിച്ചുള്ള അറിവുകൾ അയവിറക്കാനാവശ്യപ്പെട്ടപ്പോള്‍ അരീക്കോട്ടെ എണ്ണം പറഞ്ഞ കാരണവന്‍മാര്‍ക്കൊക്കെ നൂറുനാവ്. അതുവഴി ശേഖരിക്കപ്പെട്ടത് നാട്ടുചരിത്രത്തിലെ അമൂല്യരത്‌നങ്ങള്‍.

മലബാര്‍ കലാപം

തൊള്ളായിരത്തിയിരുപത്തിയൊന്നില്‍ നടന്ന മലബാർ കലാപമാണ്‌ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോര്‍വീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രകാശനമായിരുന്നു മലബാര്‍ സമരമെന്ന് പഴയതലമുറ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലെ നമ്പൂതിരിമാര്‍ വിശാലമായ ഭൂപ്രദേശം അധീനതയില്‍വെച്ച ജന്മിമാരായിരുന്നു. പാവപ്പെട്ട കുടിയാന്‍മാരെ ചൂഷണം ചെയ്തുപോന്ന ഈ വരേണ്യവര്‍ഗം മാപ്പിളയുടെ മതത്തെയും സംസ്‌കാരത്തെയും ചവിട്ടിമെതിച്ച വിദേശികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഹൃദയാന്തരങ്ങളിലൊളിഞ്ഞുനിന്ന രോഷവും വേദനയുമാണ് 1921ൽ പൊട്ടിത്തെറിച്ചത്. ഭൗതികമായ സ്വത്ത് സമ്പാദനമായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് പറയുന്നവരോട് പ്രായമായവര്‍ക്ക് പറയാനുള്ളതിതാണ്: ”നിങ്ങള്‍ക്കറിയുമോ, ഒരു ബാങ്ക് മുഴുവന്‍ കൊള്ളയടിച്ചിട്ട് ചില്ലിക്കാശ് സ്വന്തം കീശയിലാക്കാത്തവരായിരുന്നു 1921ലെ മാപ്പിള പോരാളികൾ.”

തിരൂരങ്ങാടിയിലാണ് കലാപം ആരംഭിച്ചത്. ചുറ്റുവട്ടങ്ങളിലേക്ക് ദ്രുതഗതിയില്‍ വളര്‍ന്ന പോര്‍വീര്യം അരീക്കോടിനെയും പിടിച്ചുലച്ചു. ഹിച്ച്കോക്ക്‌ എഴുതിയ കലാപത്തെ സംബന്ധിച്ച ബ്രിട്ടീഷ്‌ പൊലീസിന്റെ ഔദ്യോഗിക ഭാഷ്യത്തിൽ അരീക്കോട്‌ നിരവധി തവണ പരാമർശ വിധേയമാകുന്നുണ്ട്‌. അരീക്കോട്ടെ ഖിലാഫത്ത്‌ കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത് വാഴയില്‍ പള്ളിയുടെ എതിർവശത്തുണ്ടായിരുന്ന, അമ്പാഴത്തിങ്ങൽ അബ്ദുറസാഖ്‌ സാഹിബിന്റെ പഴയ വീടിന്റെ മുകള്‍നിലയിലായിരുന്നു.

കലാപം നാട്ടിലെ സമുദായ മൈത്രിക്ക്‌ ഇളക്കമൊന്നും തട്ടിച്ചിരുന്നില്ല എന്ന് അരീക്കോടിന്റെ ചരിത്രത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള സഖാവ് സൈതലവി (നാട്ടുകാരുടെ സെയ്ദ) വിശദീകരിച്ചു. കലാപത്തിന്റെ പേരിൽ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള അതിക്രമങ്ങൾക്ക്‌ ചില മാപ്പിളമാർ മുതിർന്നപ്പോൾ അവർക്കെതിരു നിന്ന് ധര്‍മം നിറവേറ്റിയ സ്വന്തം പിതാവിനെ പുത്തലത്തെ യു.ഹസന്‍കുട്ടി മാസ്റ്റര്‍ ഓര്‍ക്കുന്നുണ്ട്. നിര്‍ബന്ധിതാവസ്ഥയില്‍ അവർക്ക്‌ തോക്ക് നല്‍കിയതിന്റെ പേരില്‍ പിന്നീട് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായതത്രെ. അപൂര്‍വം ചിലർ കലാപത്തിന്റെ മറവിൽ ഭൗതികമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അന്യരുടെ സ്വത്തുക്കള്‍ കയ്യേറാന്‍ ശ്രമിച്ചതിനെ കാവനൂര്‍ ഇരിവേറ്റിയിലെ എണ്‍പത് വയസ്സ് പിന്നിട്ട അലവ്യാക്ക എന്ന പഴയ പട്ടാളക്കാരന്‍ ശക്തിയായി വിമര്‍ശിക്കുന്നു. ‘ഹക്വും ബാത്വിലും നോക്കാതെ ആരാന്റെ മുതല്‍ തിന്നു വയറുനിറച്ച പടച്ചോനെ പേടിയില്ലാത്തവര്‍’ കാവനൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നുവെന്ന് അലവ്യാക്ക. എന്നാല്‍ അപവാദങ്ങളെ സാമാന്യവല്‍ക്കരിച്ച് കലാപത്തെ വിമര്‍ശിക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്ന കാര്യത്തില്‍ ആർക്കും പക്ഷാന്തരമില്ല. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ ആരോപിക്കപ്പെട്ട പല കൃത്യങ്ങളും മറ്റാരുടെയൊക്കെയോ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് കാണാനാകും.

ജന്മി വിചാരണ, സ്റ്റേഷൻ ആക്രമണം, എം.എസ്.പി ക്യാമ്പ്

വികസനത്തിന്റെ ആദ്യാക്ഷരം പോലും കുറിക്കപ്പെടാതിരുന്ന കാലത്താണ് മലബാര്‍ കലാപം ഉണ്ടാകുന്നത്. ഗതാഗതസൗകര്യങ്ങള്‍ തുടര്‍ന്നില്ലാത്തതിനല്‍ അരീക്കോട്ടായിരുന്നു ‘ലോകാവസാനം’. താളും തവരയും ഭക്ഷിച്ച് ജനം പട്ടിണിമാറ്റി. കലാപത്തിന്റെ ഭാഗമായി അരീക്കോട്ട്‌ നടന്ന സുപ്രധാനസംഭവങ്ങളാണ് അധികാരിയുടെ ജനകീയ വിചാരണയും പോലീസ് സ്റ്റേഷന്‍ ആക്രമണവും. ബ്രിട്ടീഷ് ശിങ്കിടിയും നമ്പൂതിരി കുടുംബാംഗവുമായിരുന്ന സ്ഥലം അധികാരിയെ ജനം കെട്ടിയിട്ട് അരീക്കോട് ചന്തയില്‍വച്ച് വിചാരണ ചെയ്തു. ലഹളക്കാര്‍ കയ്യേറാന്‍ വന്നതിനെത്തുടര്‍ന്ന് അരീക്കോട് സ്റ്റേഷനിലുണ്ടായിരുന്ന നാലു പോലീസുകാര്‍ ഓടിരക്ഷപെട്ടത് പഴമക്കാര്‍ ഓര്‍ക്കുന്നു. കലാപത്തെ അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റ് സ്ഥാപിച്ച പട്ടാളക്യാമ്പുകളിലൊന്ന് അരീക്കോട്ടായിരുന്നു. എം.എസ്.പി ക്യാമ്പ് എന്ന് ഇന്ന് വിളിക്കുന്ന കേന്ദ്രം തന്നെ. ഒ.വി വിജയന്റെ അച്ഛന്‍ എം.എസ്.പി ക്യാമ്പിലുണ്ടായിരുന്നത് അരീക്കോട്‌ സ്കൂളിൽ വിജയന്റെ സഹപാഠി ആയിരുന്ന എന്‍.വി അഹമ്മദ്കുട്ടി മാസ്റ്റര്‍ ഓർക്കുന്നു.

ക്ഷേത്രവളപ്പിലെ ഏറ്റുമുട്ടല്‍

മാപ്പിള കലാപകാരികളും ബ്രിട്ടീഷ്‌ പട്ടാളവും പുത്തലം സാളിഗ്രാമ ക്ഷേത്രത്തില്‍ വെച്ചേറ്റുമുട്ടി. ക്ഷേത്രത്തിനു മുമ്പിലുണ്ടായിരുന്ന കിണറ്റിലാണ് കലാപകാരികള്‍ ആയുധമൊളിപ്പിച്ചിരുന്നത്. നിലമ്പൂരില്‍ നിന്നും റോഡുമാര്‍ഗം പട്ടാളം വരുന്നുണ്ടോ എന്നു നിരീക്ഷിച്ച് അമ്പലത്തിലൊളിഞ്ഞിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് പിന്നിലൂടെ ചാലിയാര്‍ വഴിയെത്തിയ വെള്ളപ്പട്ടാളക്കാരെ കാണാന്‍ കഴിഞ്ഞില്ല. പട്ടാളക്കാരുടെ ആക്രമണത്തില്‍ നിരവധി മാപ്പിളമാര്‍ രക്തസാക്ഷികളായി.

വെള്ളപ്പട്ടാളത്തിന്റെ ക്രൂരതകള്‍

വെള്ളപ്പട്ടാളമിറങ്ങി നരനായാട്ടു നടത്തിയ കഥ പ്രായമായവര്‍ക്കൊക്കെ പറയാനുണ്ട്. പെരകമണ്ണയിലെ തൊണ്ണൂറുകാരനായ മുഹമ്മദ് കാക്ക അത്തരം സംഭവങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എടവണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോരുന്നവഴി പട്ടാളക്കാര്‍ ഒരു വിനോദമെന്ന നിലക്ക് കാണുന്നവരെയൊക്കെ വെടിവെച്ചു ‘രസിച്ചു’വത്രെ. വെടിവെപ്പില്‍ രക്തസാക്ഷികളായവരും രക്ഷപ്പെട്ടവരും നിരവധി. ഖിലാഫത്തുകാരുടെ നേതാവായിരുന്ന പള്ളിമുക്കിലെ തങ്ങളെ ബ്രിട്ടീഷുകാര്‍ ചെയ്യാത്ത കുറ്റമാരോപിച്ച് തൂക്കിക്കൊല്ലുകയാണ് ചെയ്തത്.

പട്ടാളത്തിന്റെ ആയുധപ്രയോഗങ്ങളുടെ ശേഷിപ്പുകള്‍ അരീക്കോട്ടും പരിസരപ്രദേശങ്ങളിലും ഇന്നും കാണാം. താഴത്തങ്ങളാടി പള്ളിയുടെ തൂണുകളില്‍ വാളുകൊണ്ട അടയാളങ്ങളുണ്ട്. പള്ളിക്കുമുമ്പിലുള്ള വീട്ടിലും ഇതുകാണാം. പുത്തലത്തെ പുഴവക്കത്തുള്ള മണ്ണില്‍ തറവാടിന്റെ വാതിലില്‍ തന്നെ ബയണറ്റുകൊണ്ടുള്ള ആക്രമണത്തിന്റെ പാടുണ്ട്. പ്രൊഫ. എന്‍.വി ബീരാന്‍ സാഹിബിന്റെ വീട്ടില്‍ ഇപ്പോഴുള്ള പഴയ ഒരലമാരയിലും ‘വികൃതി’യുടെ തിരുശേഷിപ്പുകള്‍ നിലനില്‍ക്കുന്നു. പട്ടാളം വീടുകളില്‍ കടന്നു നിരങ്ങിയ കാലത്ത് അരീക്കോട്ടുകാരെല്ലാം ചാലിയാര്‍ കടന്ന് അക്കരെയുള്ള മലമ്പ്രദേശങ്ങളില്‍ അഭയം തേടി. കൊല്ലത്തൊടി അബൂട്ട്യാക്ക അന്ന് അരീക്കോടുണ്ടായിരുന്ന രണ്ട് തോണികളിലൊന്ന് തന്റെ പിതാവിന്റേതായിരുന്നുവെന്ന് ഓര്‍ക്കുന്നു. ഡോ. എം.ഉസ്മാന്‍ സാഹിബിനെ പ്രസവിക്കുന്നത് ഇത്തരമൊരു ഒളിസങ്കേതത്തില്‍ വച്ചാണ്. ഭക്ഷണത്തിനാവശ്യമായ ധാന്യം ചാക്കുകളിലാക്കി രാത്രിസമയത്ത് തോണി മാര്‍ഗം അക്കരേക്ക്‌ കടത്തി. എന്‍.വി ബീരാന്‍ സാഹിബ് അന്ന് തീരെ ചെറിയകുട്ടി. പഞ്ചസാരപ്രിയനായിരുന്ന അദ്ദേഹത്തിനുവേണ്ടി പിതാവ് പ്രത്യേകം പഞ്ചസാരച്ചാക്കുകള്‍ ഏര്‍പ്പാടാക്കിയിരുന്നത് ബീരാന്‍ സാഹിബിന്റെ പത്‌നി ഖദീജ സാഹിബ ഒരു മന്ദസ്മിതത്തോടെയാണനുസ്മരിച്ചത്.

കലാപം അമര്‍ന്നശേഷം ഗവണ്‍മെന്റ് പ്രതികാരനടപടികള്‍ ആരംഭിച്ചു. ‘ലഹള’യുടെ പേരുപറഞ്ഞ് ആണുങ്ങളെയൊക്കെ അറസ്റ്റ് ചെയ്തു. മലബാറിലെ ഗ്രാമപ്രദേശങ്ങളില്‍ പുരുഷന്‍മാരില്ലാതായി. പലരെയും ആന്തമാന്‍, വെല്ലൂര്‍, തൃശ്ശിനാപ്പള്ളി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തി. അരീക്കോട്ടുകാരായ കലാപകാരികള്‍ പലരും ഇത്തരം കേന്ദ്രങ്ങളില്‍വെച്ചാണ് തൂക്കിലേറ്റപ്പെട്ടത്.

ഒതായിപ്പള്ളിയിലെ കൂട്ടക്കൊല

അരീക്കോട്ടും പരിസരപ്രദേശങ്ങളിലും നടന്ന ഐതിഹാസികമായ പോരാട്ടങ്ങളില്‍ സുപ്രധാനമാണ് ഒതായിപ്പള്ളിയില്‍ വച്ച് വെള്ളപ്പട്ടാളവും നാട്ടുകാരും തമ്മില്‍ നടന്ന സംഘട്ടനം. പി.വി മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് ഒതായിയില്‍ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ബ്രിട്ടീഷ് പട്ടാളം ഒതായിയിലേക്ക് മാര്‍ച്ച് ചെയ്തു. സമരസേനാനികള്‍ ഒതായി ജുമാഅത്ത് പള്ളിയില്‍ ഒരുമിച്ചുകൂടി. പള്ളിക്കുമുകളില്‍ നിന്ന് പട്ടാളത്തലവനു നേരെ വെടിവെച്ചു. ക്രുദ്ധരായ പട്ടാളക്കാര്‍ പള്ളിക്കുള്ളിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ചു. പള്ളിക്കുമുകളില്‍ കയറിയ പട്ടാളം തട്ടുപലകകള്‍ അടര്‍ത്തി ഉള്ളിലേക്ക് ബോംബിട്ടു. മരിക്കാതെ അവശേഷിച്ചവരെ ബയനറ്റ് കൊണ്ടുകുത്തിയും ബൂട്ടിട്ട് ചവിട്ടിയും കൊന്നു. മുപ്പത്തിരണ്ടുപേര്‍ വിശുദ്ധ മന്ദിരത്തില്‍വച്ച് വീരമൃത്യു വരിച്ചു. ഒതായിപ്പള്ളിയില്‍ പട്ടാള ആക്രമണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും കാണാം.

കൊണ്ടോട്ടി എന്ന അഭയകേന്ദ്രം

കൊണ്ടോട്ടി തങ്ങള്‍ ബ്രിട്ടീഷുകാരുടെ ഉറ്റമിത്രമായിരുന്നതിനാല്‍ തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ നാട്ടുകാര്‍ സുരക്ഷിതരായിരുന്നു. പട്ടാളത്തിന്റെ മാപ്പിളവേട്ട മൂര്‍ച്ഛിച്ചപ്പോള്‍ അരീക്കോടടക്കമുള്ള പരിസരപ്രദേശങ്ങളില്‍ നിന്ന് നാട്ടുകാര്‍ കൂട്ടത്തോടെ കൊണ്ടോട്ടിയിലേക്ക് പലായനം ചെയ്യുകയാണ് ചെയ്തത്. പട്ടാളം വരുന്നെന്നുപറഞ്ഞ് പിതാവ് തന്നെ കയ്യിലെടുത്ത് വനപ്രദേശങ്ങളിലൂടെ കൊണ്ടോട്ടിയിലേക്കു കടന്നത് ജംഇയ്യത്തുല്‍ മുജാഹിദീന്റെ സ്ഥാപകാംഗങ്ങളിലൊരാളും എന്‍.വി അബ്ദുസ്സലാം മൗലവിയുടെ സഹപ്രവര്‍ത്തകനുമായ ഹൈദവാക്കാക്ക് നിറമുള്ള ഓര്‍മയാണ് ഇന്നും. കൊണ്ടോട്ടിയിലേക്കുള്ള യാത്രയിൽ കടുങ്ങല്ലൂര്‍ തോടിന്റെ മറുകരയെത്താന്‍ തോണിയാണ് ഉപയോഗിച്ചിരുന്നത്.

അരീക്കോട്ടുനിന്നും കൊണ്ടോട്ടിയിലേക്കു പോരുന്ന വഴിയില്‍ എക്കാപറമ്പില്‍വച്ചു പട്ടാളത്തിന്റെ വെടിയേറ്റുമരിച്ച ഏതാനും മാപ്പിളമാരുടെ ക്വബര്‍ എക്കാപറമ്പ്‌-ഒഴുകൂർ റോഡിനു സമീപത്ത് ഇപ്പോഴും കാണാം. ആത്മീയവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ നിര്‍ബാധം തുടര്‍ന്നുവന്നിരുന്ന കൊണ്ടോട്ടി തങ്ങള്‍ സാമ്രാജ്യത്വത്തിന്റെ സ്വന്തക്കാരനായത്‌ സ്വാഭാവികമായിരുന്നു. എന്നാല്‍ പാവപ്പെട്ട പൊതുജനം തങ്ങളുടെ അമാനുഷികതയായാണ് കൊണ്ടോട്ടിയിലെ സമാധാനത്തെ കണ്ടത്.

ഒരിക്കല്‍ കലാപകാരികൾ കൊണ്ടോട്ടി തങ്ങളെ സമീപിച്ച് സമരത്തിനിറങ്ങാനാവാശ്യപ്പെട്ടുവത്രെ. സ്വന്തം നാട്ടുകാരനും സമുദായക്കാരനുമായ സംഘനേതാവിനെ വെടിവച്ചു കൊന്നുകൊണ്ടാണ് തങ്ങള്‍ ബ്രിട്ടീഷുകാരോടുള്ള കൂറ് പ്രകടമാക്കിയത്. മരണവേദനയില്‍ പുളയുമ്പോള്‍ കലപകാരികളുടെ നേതാവ് ‘ഞാനൊരു മുസ്‌ലിമാണ്, എനിക്കല്‍പം വെള്ളം തരൂ’ എന്നുപറഞ്ഞതായി ഉദ്ധരിക്കുന്നുണ്ട്. തോക്കില്‍ നിന്നൊരുണ്ടകൂടി പായിച്ചുകൊണ്ടാണ് തങ്ങള്‍ അപ്പോഴും പ്രതികരിച്ചതെന്നു പഴമക്കാരോര്‍ക്കുന്നു.

ചെറുവാടി പള്ളിയിലെ കൂട്ടക്കൊല

മലബാര്‍ കലാപസമയത്ത് പട്ടാളത്തിന്റെ ഹീനമായ കടന്നുകയറ്റങ്ങളിലൊന്ന് ചാലിയപ്പുറം പള്ളിക്കുനേരെയാണുണ്ടായത്. പള്ളിയില്‍ കയറി മുസ്വ്ഹഫുകള്‍ വലിച്ചിട്ട പട്ടാളക്കാര്‍ മുസ്‌ലിം ജനസാമാന്യത്തില്‍ പ്രതികാരബുദ്ധി വളര്‍ത്തി. പകരം വീട്ടാനുറച്ച മുസ്‌ലിംകള്‍ കൊടിയത്തൂര്‍ അംശം അധികാരിയുടെ നേതൃത്വത്തില്‍ ചെറുവാടി ജുമുഅത്ത് പള്ളിക്കുമുകളിലൊരുമിച്ചുകൂടി. തുടര്‍ന്ന് പട്ടാളം നടത്തിയ വെടിവെപ്പിൽ അന്‍പതിലധികം മാപ്പിളമാര്‍ രക്തസാക്ഷികളായി. ഇവരെയെല്ലാം കൂടി ഒരേ കുഴിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ചെറുവാടി പള്ളിയില്‍ വച്ച് ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട അരീക്കോട്ടുകാരിലൊരാളാണ് തെക്കേത്തലയിലെ കുഞ്ഞിമാന്‍ക്കാന്റെ പിതാവ് കുഞ്ഞഹമ്മദ് സാഹിബ്. പഴയ പട്ടാളക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കുഞ്ഞിമാന്‍ക്കാക്ക് എണ്‍പത്തിയാറാം വയസ്സിലും സംഭവങ്ങള്‍ ഉമ്മയില്‍ നിന്നും മറ്റും കേട്ടത് ചികഞ്ഞെടുക്കാനാവുന്നുണ്ട്.

രാഷ്ട്രീയ പ്രാധാന്യമുള്ള  ഇതരസംഭവങ്ങള്‍

മലബാർ കലാപാനന്തരം ഇന്‍ഡ്യയുടെ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അരീക്കോട്ടും അനുരണനങ്ങള്‍ സൃഷ്ടിച്ചു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും പ്രവര്‍ത്തനങ്ങള്‍ അരീക്കോട്ട് സജീവമായിരുന്നു. കെ.എം മൗലവിയുടെയും മറ്റും സ്വാധീനഫലമായി ആദ്യം കോൺഗ്രസുകാർ ആയിരുന്ന എന്‍.വി അബ്ദുസ്സലാം മൗലവിയും സഹപ്രവര്‍ത്തകരും ലീഗിന്റെ മുന്നണിപ്പോരാളികളായി മാറി. ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി വഴിയോരങ്ങളിലൂടെ കടന്നുപോയിരുന്ന കോണ്‍ഗ്രസ്, ലീഗ് ജാഥകള്‍ അന്ന് ചെറുപ്പമായിരുന്ന ഇന്നത്തെ പഴയ തലമുറ മറന്നിട്ടില്ല. കോണ്‍ഗ്രസിന്റെയും ലീഗിന്റെയുമൊക്കെ ഉന്നതരായ നേതാക്കള്‍ അരീക്കോട്ടുവന്ന് പ്രസംഗിച്ചിരുന്നു. ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, സത്താര്‍ സേട്ട് തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം.

പ്രായമായവരില്‍ പലരുടെയും മനസ്സില്‍ ഒരു ധീരനായകന്റെ റോളില്‍ നിലനില്‍ക്കുന്നത് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബാണ്. ദേശീയ മുസ്‌ലിം എന്നറിയപ്പെട്ടിരുന്ന സാഹിബ് അരീക്കോട്ടുകാര്‍ക്ക് സുപരിചിതനായിരുന്നു. കൊടിയത്തൂരില്‍ വച്ചായിരുന്നു സാഹിബിന്റെ അവസാന പ്രസംഗം. കൊടിയത്തൂരിലെ പരിപാടിക്ക് പോകുന്ന വഴിക്ക് അദ്ദേഹം അരീക്കോട്ട് പ്രസംഗിച്ചിരുന്നു. അന്ന് സാഹിബിന്റെ പ്രസംഗം കേള്‍ക്കാനവസരം ലഭിച്ചയാളാണ് സൗത്ത് കൊടിയത്തൂരിലെ ഉണ്ണിമോയി.

ഹിച്ച്‌കോക്ക് പ്രതിമ

വള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച് കോക്കിന്റെ പ്രതിമ സ്വാതന്ത്ര്യസമരസേനാനികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നു. നാട്ടുകാരെ വേണ്ടുവോളം ദ്രോഹിച്ചിട്ടുള്ള ഹിച്ച് കോക്ക് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ പ്രതിമ നീക്കം ചെയ്യുക കോണ്‍ഗ്രസുകാരുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായിരുന്നു.

‘ഹിച്ച് കോക്ക് സ്മാരകം

പൊളിക്കണം, നീക്കണം’

തുടങ്ങിയ ഈരടികള്‍ അക്കാലത്ത് വ്യാപകമായിരുന്നു. 1939ല്‍ മോങ്ങത്ത് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശാഭിമാനികള്‍ യോഗം ചേര്‍ന്ന് വള്ളുവമ്പ്രത്തേക്ക് പ്രകടനമായി നീങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസ് ലാത്തി വീശി പ്രകടനക്കാരെ തുരത്തി. അന്ന് സാഹിബിന്റെ കൂടെ പൊതുയോഗത്തില്‍ പങ്കെടുത്ത അരീക്കോട്ടുകാരുണ്ട്. സൗത്ത് പുത്തലത്ത് വിശ്രമ ജീവിതം നയിക്കുന്ന ടി.എച്ച് കുഞ്ഞിമാന്‍ക്ക അവരിലൊരാളാണ്. ഇദ്ദേഹം ക്വിറ്റ് ഇന്‍ഡ്യ സമരത്തില്‍ പങ്കെടുക്കുകയും രാഷ്ട്രീയ ബന്ധം കാരണം വെള്ളപ്പട്ടാളത്തില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത വ്യക്തിയാണ്.

സ്വാതന്ത്ര്യപ്പുലരി

ഒന്നാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെയാണ് അരീക്കോട്ട് ആഘോഷിക്കപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന സഖാവ് സൈതലവി 1947ല്‍ അരീക്കോട് ജി.എം യു.പി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് യൂണിയന്‍ ജാക്ക് ആയിരുന്നു നാട്ടില്‍ പാറിക്കളിച്ചിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും ജന്മദിനങ്ങള്‍ അരീക്കോട്ട്‌ വന്‍ ആഘോഷദിവസങ്ങളായിരുന്നു. കൊടിതോരണങ്ങള്‍, ആന, ഘോഷയാത്ര, അന്നദാനങ്ങള്‍, ഗാനാലാപനങ്ങള്‍ തുടങ്ങിയ എല്ലാ മേളക്കൊഴുപ്പോടും കൂടിയായിരുന്നു ഉത്സവങ്ങള്‍. സ്വാതന്ത്ര്യപ്പൊന്‍പുലരിയില്‍ യൂണിയന്‍ ജാക്ക് താഴ്ന്നു. മുവര്‍ണക്കൊടികള്‍ വിദ്യാലയമുറ്റത്തുയര്‍ന്നു. അന്നു നടന്ന മധുരവിതരണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ വികാരതീവ്രത മുറ്റിനിന്നിരുന്നു.

( ഇത്തരം വിവരങ്ങൾ തേടി കാരണവന്മാരെ സന്ദർശിച്ചതും സംസാരിച്ചതും പതിനൊന്നോളം വർഷങ്ങൾക്ക്‌ മുമ്പാണ്‌. അന്നെഴുതിയ ലേഖനമാണ്‌ കാര്യമായ ഭേദഗതികൾ ഒന്നുമില്ലാതെ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്‌‌. വിവരങ്ങൾ നൽകിയ, ഫീച്ചറിൽ പേരു പരാമർശിക്കപ്പെട്ട മിക്കവരും ഇന്നില്ല. അവർക്കുവേണ്ടി പ്രാർഥിക്കുന്നു-ലേഖകൻ)