Reports

അരിയിൽ ശുകൂർ വധം: തനിക്കെതിരിൽ ‌ആക്ഷേപമുന്നയിക്കുന്നത്‌ തീവ്രവാദികളും മതഭ്രാന്തന്മാരുമാണെന്ന് പി ജയരാജൻ

By Admin

March 11, 2019

വടകര: 2012ൽ എം എസ്‌ എഫ്‌ പ്രവർത്തകൻ അരിയിൽ ശുകൂറിനെ സി പി എം പ്രവർത്തകർ മണിക്കൂറുകളോളം ബന്ദിയാക്കി വിചാരണ ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വിവാദ മറുപടിയുമായി വടകര ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫ്‌ സ്ഥാനാർഥിയും ഉന്നത സി പി എം നേതാവുമായ പി ജയരാജൻ. ന്യൂസ്‌ 18 കേരള ചാനൽ നടത്തിയ അഭിമുഖത്തിൽ പ്രമാദവും അതിക്രൂരവുമായ ചില കൊലപാതകക്കേസുകളിൽ പ്രതിയായ ജയരാജനോട്‌ ജനങ്ങൾക്ക്‌‌ വെറുപ്പുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ പ്രതികരിക്കവെയായിരുന്നു പരാമർശം. അരിയിൽ ശുകൂർ സംഭവത്തെ ഉദ്ദേശിച്ചുകൊണ്ട്‌, വധിക്കപ്പെട്ടയാളുടെ മാതാവ്‌ ജയരാജനെ പ്രതിയായി കാണുന്ന സ്ഥിതിവിശേഷം ഗുരുതരമല്ലേ എന്ന് ചോദിച്ചപ്പോൾ ആണ്‌ ‘രാഷ്ട്രീയ പ്രബുദ്ധത’ ഉള്ള ആളുകൾക്ക്‌ തന്നെ അറിയാം എന്നും ‘കടുത്ത തീവ്രവാദി’കളും ‘മതഭ്രാന്തന്മാരും’ ആണ്‌ തന്നെ അംഗീകരിക്കാത്തതെന്നും ജയരാജൻ വാദിച്ചത്‌.

ശുകൂർ വധക്കേസിൽ ജയരാജനെ കൊലക്കുറ്റത്തിന്‌ പ്രതിയാക്കി സി ബി ഐ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. മുസ്‌ലിം സമുദായത്തിൽ പെട്ട 24 വയസ്സുകാരനായ വിദ്യാർത്ഥിയെ കൊല ചെയ്തതിൽ ജയരാജന്‌ നേതൃപരമായ പങ്കുണ്ടെന്ന് അടുത്ത ബന്ധുക്കൾ വരെ മനസ്സിലാക്കുന്ന സാഹചര്യത്തെക്കുറിച്ച്‌ ചോദ്യം ഉയർന്നപ്പോഴേക്ക്‌ തീവ്രവാദം, മതഭ്രാന്ത്‌ എന്നീ പദങ്ങളിലേക്ക്‌ ജയരാജൻ ചാടിവീണത്‌ സി പി എമ്മിനെ വെട്ടിലാക്കും. മുസ്‌ലിംകൾ കൊലപാതകത്തിനെതിരിൽ പ്രതിഷേധിക്കുന്നതുപോലും തീവ്രവാദവും മതഭ്രാന്തും ആണെന്നാണ്‌ ജയരാജന്റെ സംസാരത്തിന്റെ ധ്വനി. സി പി എം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളോട്‌ മൗനവിധേയത്വം കാണിച്ച്‌ മതനിരപേക്ഷത തെളിയിക്കേണ്ട ഉത്തരവാദിത്തം ശുകൂറിന്റെ ഉമ്മയടക്കമുള്ളവരുടെ തലയിൽ കെട്ടിവെക്കുന്ന കടുത്ത ധാർഷ്ട്യമാണ്‌ ജയരാജന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്‌‌.