തക്ഫീർ അല്ല, ഇസ്വ്‌ലാഹാണ് നവോത്ഥാനത്തിന്റെ വഴി
24 August 2024 | Opinion
അഹ്-ലുൽ ഖിബ്-ല എന്ന ഒരു വിഭാഗത്തെ കുറിച്ച് റസൂൽ (സ്വ) നമുക്ക് വിശദീകരിച്ച് തരികയും അവരോട് വിശ്വാസി സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. റസൂൽ (സ്വ) പറയുന്നു: ” ആര് നാം നമസ്കരിക്കുന്നത് പോലെ നമസ്ക്കരിക്കുകയും, നമ്മുടെ ഖിബ്-ലയിലേക്ക് തിരിഞ്ഞ് നമസ്ക്കരിക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ മുസ്‌ലിമാണ്. (ബുഖാരി)
അത്കൊണ്ട് തന്നെ ശഹാദത്ത് പ്രഖ്യാപിക്കുകയും, ഇസ്‌ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളെ നിഷേധിക്കാതിരിക്കുകയും, നമ്മെ പോലെ നമസ്കാരവും മറ്റ് ആരാധനാ കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവരെ മുസ്‌ലിമായാണ് വിശാസി പരിഗണിക്കേണ്ടത്. അവരിൽ വലിയ പാപങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും അഹ്-ലുൽ ഖിബ്-ലയെ കാഫിർ, മുശ്രിക്ക് എന്ന് വിളിക്കാൻ പാടില്ല എന്നതാണ് അഹ്-ലുസ്സുന്നഃയുടെ നിലപാട്.
യുദ്ധമുഖത്ത് പോലും ഒരാൾ വാൾ തലപ്പിന് മുന്നിൽ ശഹാദത്ത് പ്രഖ്യാപിച്ചാൽ അയാളെ വധിക്കാനോ, അയാളുടെ സമ്പത്ത് അപഹരിക്കാനോ പാടില്ല എന്നും, മുസ്‌ലിംകളോടുള്ള എല്ലാ ബാധ്യതകളും അയാളോട് നിർവഹിക്കണമെന്നും, വിശ്വാസികളിൽ നിന്ന് സ്വീകരിക്കുന്ന സകാത്ത് അടക്കമുള്ള ബാധ്യതകൾ അയാളിൽ നിന്ന് സ്വീകരിക്കണമെന്നും,അയാളുടെ കാര്യം അല്ലാഹുവിലേക്ക് വിടണമെന്നുമാണ് ഹദീഥുകൾ വ്യക്തമാക്കുന്നത്.
വേദം നൽകപ്പെട്ട ജൂദ കൃസ്ത്യാനികളെ “അഹ്-ലുൽ കിതാബ്” (വേദത്തിന്റെ ആളുകൾ) എന്നാണ് ക്വുർആൻ പലവേള സംബോധന ചെയ്യുന്നത്. അവർ അറുത്തത് കഴിക്കാമെന്നും, അവരിൽ നിന്നുള്ള സ്തീകളെ വിവാഹം കഴിക്കാമെന്നും അനുവാദം നൽകുക വഴി മക്കാ മുശ്രിക്കുകൾ അടക്കമുള്ള ബഹുദൈവാരാധകരിൽ നിന്ന് വേദക്കാർക്ക് ചില സവിശേഷതകളുണ്ട് എന്നാണ് ഖുർആൻ വ്യക്തമാക്കുന്നത്. അതോടൊപ്പം മുശ്രിക്കുകൾ അറുത്തത് കഴിക്കുന്നും, അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നും മതം പാടെ വിലക്കുകയും ചെയ്യുന്നു.
യഹൂദികളുടെ വേദഗ്രന്ഥമായ തൗറാത്തിൽ റസൂൽ (സ്വ) യെ പറ്റിയുള്ള
പ്രവചനവും, പ്രവാചകൻ്റെ പേരുമുണ്ടായിരുന്നു. എന്നാൽ ഇസ്റാഈൽ
സന്തതികളിൽ നിന്നല്ല അന്ത്യ പ്രവാചകൻ നിയോഗിതനായത് എന്നത്
കൊണ്ട് അവർ പ്രവാചകൻ (സ്വ) യെ സ്വീകരിക്കാൻ തയ്യാറായില്ല.
റസൂലിനോടും ഇസ്‌ലാമിനോടുമുള്ള വെറുപ്പ് കാരണം
വിഗ്രഹാരാധകരായ മുശ്രിക്കുകളാണ് വിശ്വാസികളെക്കാൾ ഉത്തമർ
എന്നുവരെ അവർ പറഞ്ഞുവെച്ചു. ഇതിനെ വിമർശിച്ച് കൊണ്ട് ഖുർആൻ
പറയുന്നത് കാണുക:
വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ
നോക്കിയില്ലെ? അവര്‍ ക്ഷുദ്രവിദ്യകളിലും
ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു.
സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ്
വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം
പ്രാപിച്ചവരെന്ന് (ക്വുർആൻ: 4: 51).
പരസ്പരമുള്ള ആരോഗ്യപരമായ ആശയ സംവാദങ്ങൾ നടക്കേണ്ടതുണ്ട് എന്നതോടൊപ്പം തന്നെ അഹ്-ലുൽ ഖിബ്-ലയിൽ പെട്ടയാളുകളെയും, അവർ നിർമിച്ച മസ്ജിദുകളെയുമെല്ലാം മുശ്രിക്കുകളുടെ ആരാധനാലയങ്ങളോട് ഉപമിക്കുന്നത് ശരിയായ രീതിയല്ല. അവർ മുസ്‌ലിംകളായിരിക്കെ തന്നെ ഒരു വേള അവരിൽ നിന്ന് സംഭവിച്ച് പോകാവുന്ന വൻ പാപങ്ങളിൽ നിന്ന്, അവർ അംഗീകരിക്കുന്നു എന്ന് പറയുന്ന പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് തന്നെ തിരുത്താനുള്ള ശ്രമങ്ങളാണ് നമ്മിൽ നിന്ന് ഉണ്ടാകേണ്ടത്.
