ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’
23 January 2019 | Reports
ബാബരി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം എന്ന് 1987ൽ ഇ എം എസ് പ്രസംഗിച്ചതായുള്ള വാർത്ത വീണ്ടും ചർച്ചയാകുന്നു. 1987 ജനുവരി 11ന്റെ മാതൃഭൂമി ദിനപത്രത്തിൽ വന്ന റിപ്പോർട്ട് ആണ് ആരോപണത്തിന് ആധാരമായി ഉണ്ടായിരുന്നത്. മനോരമ ന്യൂസ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മുസ്‌ലിം ലീഗ് നേതാവ് അബ്ദുർറഹ്‌മാൻ രണ്ടത്താണി ഇ എം സിന്റെ മുസ്‌ലിം വിരുദ്ധത ചൂണ്ടിക്കാണിക്കാൻ മാതൃഭൂമി വാർത്ത ഉദ്ധരിച്ചതോടെയാണ് വിവാദം വീണ്ടും സജീവമായത്.
രണ്ടത്താണിയുടെ വിമർശനം വസ്തുതാപരമല്ലെന്നും സംഘ് പരിവാർ കേന്ദ്രങ്ങൾ ഇ എം സിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന വ്യാജമാണ് പള്ളിപൊളി പരാമർശം എന്നും അവതാരകയായ ഷാനി പ്രഭാകർ വാദിച്ചു. ഇ എം എസിന്റെ പ്രസംഗം മാതൃഭൂമി റിപ്പോർട്ട് ചെയ്തത് ശരിയായ രീതിയിൽ അല്ലെന്ന് ഏതാനും ദിവസങ്ങൾക്കകം (1987 ജനുവരി 15) ദേശാഭിമാനി പത്രം ചൂണ്ടിക്കാണിച്ചതാണെന്നും പ്രസംഗത്തിലെ യഥാർത്ഥ വാചകങ്ങൾ ദേശാഭിമാനി റിപ്പോർട്ടിൽ എടുത്തുചേർത്തിട്ടുണ്ടെന്നും പറഞ്ഞ ഷാനി, ആ വാചകങ്ങൾ വായിക്കുകയും ചെയ്തു. എന്നാൽ ഷാനി ദേശാഭിമാനിയിൽ നിന്ന് വായിച്ച ഇ എം എസിന്റെ ‘ശരിയായ പ്രസ്താവന’ ബാബരി മസ്ജിദ് വിഷയത്തിൽ തീർത്തും പ്രതിലോമപരമായ നിലപാട് ആണ് നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നത് എന്നാണ് വ്യക്തമാക്കുന്നത്. സഖാവിനെ പ്രതിരോധിക്കാനുള്ള ഷാനിയുടെ ശ്രമം ഫലത്തിൽ അദ്ദേഹത്തെ കൂടുതൽ വെട്ടിലാക്കുകയാണ് ചെയ്യുന്നത്.
ബാബരി മസ്ജിദ് കെട്ടിടം സംരക്ഷിക്കുകയാണ് ഇൻഡ്യൻ മതനിരപേക്ഷതയുടെയും നിയമവ്യവസ്ഥയുടെയും ഉത്തരവാദിത്തം എന്ന ലളിത യാഥാർത്ഥ്യം അംഗീകരിക്കാൻ പോലും ഇ എം എസ് പ്രസ്താവനയിൽ സന്നദ്ധമാകുന്നില്ല. പള്ളിയുടെ ഒരു നില പൊളിച്ച് അമ്പലം പണിയണം എന്ന വിചിത്രമായ നിർദ്ദേശമാണ് ദേശാഭിമാനി റിപ്പോർട്ട് പ്രകാരം ഇ എം എസ് മുന്നോട്ടുവെച്ചത്. ബാബരി മസ്ജിദിൽ സംഘ് ഫാഷിസം ഉന്നയിച്ച അവകാശവാദങ്ങളെ പാതി ശരിവെച്ചുകൊണ്ടാണ് ഇ എം സിന്റെ സംസാരം. പള്ളിയുടെ ഒരു നില അമ്പലത്തിന് വിട്ടുകൊടുത്ത് പ്രശ്നം ‘പരിഹരിക്കുകയും’ ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രതിസന്ധികളിൽ ശ്രദ്ധയൂന്നുകയുമാണ് ഭരണകൂടം ചെയ്യേണ്ടത് എന്ന, ‘പള്ളിയല്ല, പള്ളയാണ് പ്രശ്നം’ എന്ന ലൈനിൽ ആണ് പ്രസംഗം. ഇൻഡ്യയിൽ സാമ്പത്തിക വിവേചനങ്ങൾക്കുപുറമെ മതവിവേചനങ്ങൾ കൂടി ഉള്ളതായി അംഗീകരിക്കാൻ പ്രത്യയശാസ്ത്ര സ്വാധീനം കാരണം നമ്പൂതിരിപ്പാടിന് കഴിയാതെ പോയതിന്റെ ഏറ്റവും നല്ല പ്രത്യക്ഷമാണ് പ്രസംഗം. പള്ളി പൊളിക്കണമെന്ന് ആക്രോശിക്കുന്ന ആർ എസ് എസും പള്ളി യഥാസ്ഥിതിയിൽ സംരക്ഷിക്കണം എന്നാവശ്യപ്പെടുന്ന മുസ്‌ലിം ലീഗും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്ന അത്യന്തം അശ്ലീലമായ വാദവും പ്രസംഗത്തിൽ ഉണ്ട്. ആർ എസ് എസും ലീഗ് നേതാവ് ഇബ്‌റാഹീം സുലയ്മാൻ സേട്ടുവും ‘പ്രശ്നം’ ഉണ്ടാക്കുകയാണെന്നും രണ്ടു കൂട്ടരെയും അവഗണിച്ച് പള്ളിയും അമ്പലവും ഉള്ള സംവിധാനം ബാബരി ഭൂമിയിൽ വേണം എന്നുമുള്ള, ഭരണഘടനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ ‘മാധ്യസ്ഥം’ ആണ് ഇ എം എസ് പ്രസംഗത്തിൽ ചമയുന്നത്.