Logo

 

ഹാജറും ഇസ്‌മാഈലും വാസമുറപ്പിച്ചത്‌ മക്കയിലല്ലെന്ന് ബൈബ്‌ൾ തെളിയിക്കുന്നുണ്ടോ?

28 September 2020 | Study

By

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 4

? അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും പിന്നീട്‌ ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത വളര്‍ന്നുവന്നതെന്നുമുള്ള മുഹമ്മദ്‌ നബി (സ) യുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് ബൈബ്‌ൾ തെളിയിക്കുന്നുവെന്ന മിഷനറിമാരുടെ വാദത്തില്‍ കഴമ്പില്ലേ? ഹാജറും ഇസ്മാഈലും ഇബ്റാഹീമിനാല്‍ ഉപേക്ഷിക്കപ്പെട്ടത് മക്കയിലല്ലെന്ന് ബൈബ്ൾ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലേ?

-ഇല്ല. അബ്രഹാം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍നിന്ന് മനസ്സിലാകുന്നുണ്ടെന്നും അതിനാല്‍ ഇബ്റാഹീമും ഇസ്മാഈലും ചേര്‍ന്നാണ് കഅ്ബ നിര്‍മിച്ചതെന്ന പ്രവാചകാധ്യാപനം അടിസ്ഥാനരഹിതമാണെന്നും സമര്‍ത്ഥിക്കുവാനാണ് മിഷനറിമാര്‍ ശ്രമിച്ചുവരാറുള്ളത്. കഅ്ബയുടെ അബ്രഹാമിക പശ്ചാത്തലം മുഹമ്മദ് നബി(സ)ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികള്‍ക്കും അവരെ പരിചയമുണ്ടായിരുന്നവര്‍ക്കും ബോധ്യമുണ്ടായിരുന്നതാണെന്നും കഅ്ബ ഏകദൈവാരാധനക്കുവേണ്ടി അബ്രഹാം സ്ഥാപിച്ചതാണെന്ന വസ്തുതയെ നിരാകരിക്കുന്ന യാതൊരു ചരിത്രരേഖയുമില്ലെന്നും നാം നേരത്തെ കണ്ടുകഴിഞ്ഞു. മുഹമ്മദ് നബി (സ) പുതുതായി അവതരിപ്പിച്ച ഒരു വാദത്തെയല്ല, മറിച്ച് വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ അറബികൾക്കും അറബ്‌ ചരിത്രത്തിൽ പരിജ്ഞാനമുള്ളവർക്കും നേരത്തെ തന്നെ തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തെയാണ് മിഷനറിമാര്‍ ബൈബ്ളുപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നാണിതിനര്‍ത്ഥം.

കഅ്ബ ഇബ്റാഹീമും ഇസ്മാഈലും ചേര്‍ന്ന് സ്ഥാപിച്ചതല്ലെന്ന് പറയാന്‍ മിഷനറിമാരുടെ കയ്യില്‍ ബൈബ്ളല്ലാത്ത യാതൊരു പ്രമാണവുമില്ല. അതുകൊണ്ടുതന്നെ, ബൈബ്ൾ പ്രമാദങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമായ ചരിത്രസ്രോതസ്സാണെങ്കില്‍ മാത്രമേ ഈ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്നു പറയാനാകൂ. ക്വുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണെന്നാണ് ക്വുര്‍ആനും മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുള്ളത്; മുസ്‌ലിം ലോകം നാളിതുവരെയായി അങ്ങനെയാണ് മനസ്സിലാക്കി വന്നിട്ടുള്ളതും. ബൈബ്‌ൾ ക്രൈസ്തവരുടെ വേദഗ്രന്ഥമാണെന്നാണ് പറയപ്പെടാറുള്ളതെങ്കിലും അത് പ്രപഞ്ചരക്ഷിതാവിന്റെ വചനങ്ങളുടെ മാത്രം സമാഹാരമാണെന്ന് ബൈബിളെഴുത്തുകാര്‍ക്കോ ക്രൈസ്തവലോകത്തിനോ തന്നെ അവകാശവാദമില്ല. പ്രവാചകന്‍മാരുടെയും ഇസ്രാഈൽ സമൂഹത്തിന്റെയും ചരിത്രം പല കാലങ്ങളിലായി പല മനുഷ്യര്‍ എഴുതിവെച്ചതിന്റെ സമാഹാരമാണ് ബൈബ്ള്‍ പഴയ നിയമം. ആ ചരിത്രം പറഞ്ഞുപോകുമ്പോള്‍ പ്രവാചകവചനങ്ങൾ എന്ന നിലയിൽ എഴുത്തുകാർ ആരിൽ നിന്നെങ്കിലുമൊക്കെ കേട്ടിട്ടുള്ള പലതും ബൈബ്‌ളിൽ കടന്നുവരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. അതാത് പ്രവാചകന്‍മാരുടെ മരണം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടതിനുശേഷമാണ് ബൈബ്‌ൾ പുസ്തകങ്ങള്‍ പലതും രചിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ, ബൈബ്‌ളിൽ നമുക്കിന്ന് വായിക്കാന്‍ കഴിയുന്ന പ്രവാചകചരിത്രത്തിലും അതിന്റെ ഭാഗമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന പ്രവാചക വചനങ്ങളിലും സ്ഖലിതങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇങ്ങനെ സ്ഖലിത സാധ്യതകളോടുകൂടി എഴുതപ്പെട്ടു എന്നതിനുപുറമെ, എഴുതപ്പെട്ടതിനുശേഷം പില്‍ക്കാലക്കാരുടെ തിരുത്തലുകള്‍ക്ക് നിരന്തരമായി വിധേയമായി എന്നത് ബൈബ്ൾ വിവരണങ്ങളുടെ ആധികാരികതയെ പിന്നെയും സംശയാസ്പദമാക്കുന്നു. സത്യസന്ധരായ ബൈബ്‌ൾ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത വസ്തുതകളാണിവയെല്ലാം. ബൈബ്‌ൾ പറയുന്നു എന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയാകണമെന്നില്ല എന്നു തന്നെയാണ് ഇതിന്റെയര്‍ത്ഥം. ബൈബ്‌ൾ പറയുന്ന ചരിത്രത്തില്‍ അനേകം അബദ്ധങ്ങളുണ്ടെന്ന് ഇതിനകം ചരിത്രഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇബ്റാഹീം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ പറയുന്നണ്ടെങ്കിൽ തന്നെയും, അതുകൊണ്ടുമാത്രം അത് മക്കയിലല്ല എന്നു വരികയില്ലെന്ന് ചുരുക്കം. ‘ഞങ്ങളുടെ ബൈബ്ൾ പറയുന്നു; അതിനാല്‍ ലോകം അത് അംഗീകരിക്കണം’ എന്നു പറയുന്ന അന്ധമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഷ മിഷനറിമാരുടെ മനസ്സമാധാനത്തിനു മാത്രമേ ഉപകരിക്കൂ. ബൈബ്‌ൾ കുറ്റമറ്റ ചരിത്രസ്രോതസ്സാണെന്നും അതില്‍ യാതൊരുവിധ അബദ്ധവുമില്ലെന്നും തെളിയിക്കുവാന്‍ മിഷനറിമാര്‍ സന്നദ്ധമാകാത്തിടത്തോളം കാലം സത്യാന്വേഷികള്‍ അതിന് യാതൊരു വിലയും കല്‍പിക്കുകയില്ല.

ഇബ്റാഹീം നബി(അ)യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മക്കാ ബന്ധം നിഷേധിക്കുവാന്‍ മിഷനറിമാര്‍ ആശ്രയിക്കുന്നത് പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളെയാണ്; കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അവയില്‍ ആദ്യത്തേതായ ഉല്‍പത്തി പുസ്തകത്തെ. ഉല്‍പത്തി, പുറപ്പാട്, സംഖ്യ, ലേവ്യ, ആവര്‍ത്തനം എന്നിവയടങ്ങുന്ന പഞ്ചഗ്രന്ഥി തോറയാണെന്ന് സാമാന്യമായി പലരും പറഞ്ഞുപോകാറുണ്ടെങ്കിലും മോശെ പ്രവാചകനവതരിപ്പിക്കപ്പെട്ട തോറ അതേപടി സംരക്ഷിക്കപ്പെട്ടതല്ല, മറിച്ച് അതിലേക്ക് പല കാലങ്ങളിലായി പലതും പുരോഹിതന്‍മാര്‍ സ്വധാരണകള്‍ക്കനുസരിച്ച് എഴുതിച്ചേര്‍ത്തുണ്ടാക്കിയതാണ് പഞ്ചപുസ്തകങ്ങളുടെ ഉള്ളടക്കമെന്ന് ബൈബ്‌ൾ പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തന പുസ്തകത്തിലെ മുപ്പത്തിനാലാം അധ്യായത്തില്‍ മോശെയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ പോലുമുണ്ട്. മോശെക്ക് കര്‍ത്താവ് അവതരിപ്പിച്ചുകൊടുത്ത വചനങ്ങള്‍ അപ്പടി പരിരക്ഷിക്കപ്പെടുന്നതല്ല പഞ്ചഗ്രന്ഥങ്ങളെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. മോശെ പ്രവാചകനുശേഷവും പഞ്ചപുസ്തകങ്ങളില്‍ പലതും എഴുതിച്ചേര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം. അബ്രഹാമിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച മോശെയുടെ മരണശേഷവും പുരോഹിതന്‍മാര്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രം വെച്ച് അബ്രഹാം ഹാഗറിനെ കൊണ്ടുചെന്നാക്കിയത് മക്കയിലല്ല എന്നു തീരുമാനിക്കാന്‍ കഴിയുക എങ്ങനെയാണ്? പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരിയാണ്! “വേദക്കാരേ, ഇബ്റാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ്ചിന്തിക്കാത്തത്? ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹനീഫും മുസ്‌ലിമും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, മുഹമ്മദ്‌ നബിയും, മുഹമ്മദ്‌ നബിയിൽ വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.”1

ഹാജറിന്റെയും ഇസ്മാഈലിന്റെയും പലായനമുണ്ടായത് മക്കയിലേക്കല്ലെന്ന് ബൈബ്ള്‍ പുസ്തകങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വാദിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് നമുക്ക് വ്യക്തമായി. എന്നാൽ, മിഷനറിമാർ അവകാശപ്പെടുന്നതുപോലെ, ഇബ്റാഹീമിന്റെ ജീവിതത്തിലെ അറേബ്യന്‍ അധ്യായങ്ങള്‍ ബൈബ്ൾ യഥാർത്ഥത്തിൽ നിരാകരിക്കുന്നുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്‌. പ്രവാചകന്റെ കാലത്തെ യഹൂദരോ ക്രൈസ്തവരോ, മക്കയുടെ അബ്രഹാമിക പാരമ്പര്യം ഉയർത്തിപ്പിടിക്കുകയും യഹൂദ-ക്രൈസ്തവ ഗ്രന്ഥങ്ങളിൽ സിറിയൻ പുരോഹിതൻമാരിൽ നിന്നും മറ്റുമായി പരിജ്ഞാനം നേടുകയും ചെയ്തിരുന്ന അറബ്‌ ഹനീഫുകളോ ഒന്നും ബൈബ്ൾ ആധാരമാക്കി ഇങ്ങനെയൊരു വാദം ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്‌. എന്തിനധികം പറയുന്നു, ഉമവീ ഭരണകാലത്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ പ്രജയായി‌ ദമസ്കസിലും ജെറൂസലേമിലും ദിമ്മിയായി ജീവിക്കുകയും ക്രൈസ്തവ പക്ഷത്തു നിന്നുകൊണ്ടുള്ള ഇസ്‌ലാം വിമർശന പഠനങ്ങൾക്ക്‌ ചരിത്രത്തിൽ പ്രഖ്യാതമായ നിലയിൽ തുടക്കം കുറിക്കുകയും ചെയ്ത പ്രസിദ്ധ ക്രിസ്തുമത വൈദികൻ ജോൺ ഓഫ്‌ ദമസ്കസ്‌ പോലും മക്കയുടെ ഇസ്‌മാഈലീ പൈതൃകത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നു മാത്രവുമല്ല, മുഹമ്മദ്‌ നബി(സ)യെയും അനുയായികളെയും ജോൺ വിശേഷിപ്പിക്കുന്നത്‌ തന്നെ ‘ഇശ്മാഈല്യർ’ എന്നും ‘ഹാജരികൾ’ എന്നുമൊക്കെ ആണ്‌.2 ഹാജറും ഇസ്‌മാഈലും പാർപ്പുറപ്പിച്ചത്‌ മക്കയിലല്ലെന്ന് ഇസ്‌ലാം വിമർശനത്തിൽ അതീവ തൽപരനായിരുന്ന ഒരു ബൈബ്ൾ പണ്ഡിതനുപോലും അക്കാലഘട്ടത്തിൽ തോന്നിയില്ല എന്നത്‌, ആധുനിക മിഷനറിമാർ പ്രചരിപ്പിക്കുന്നതുപോലെയുള്ള അസന്നിഗ്ധമായ ഒരു മക്കാ വിരുദ്ധ തീർപ്പൊന്നും ബൈബ്‌ൾ ഈ വിഷയത്തിൽ നടത്തുന്നില്ലെന്ന് തന്നെയാണ്‌ കാണിക്കുന്നത്‌. ‌

ഇശ്മയേലിന്റെ പുത്രനായി ബൈബ്ൾ പരിചയപ്പെടുത്തുന്ന കേദാറിന്റെ 3 സന്തതിപരമ്പരകള്‍ അറേബ്യയിലാണ് നിവസിക്കുന്നതെന്ന് ബൈബ്ളെഴുത്തുകാര്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. യെശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ‘അറേബ്യയെക്കുറിച്ചുള്ള സന്ദേശം’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന വചനങ്ങള്‍ വായിക്കുക: “അറേബ്യയെക്കുറിച്ചുളള അരുള്‍പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്ക് ജലം നല്‍കുവിന്‍, പലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍. എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍ നിന്നും കുലച്ച വില്ലില്‍ നിന്നും യുദ്ധത്തിന്റെ നടുവില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നവരാണ്. കര്‍ത്താവ് എന്നോട് അരുളി: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വ മഹത്വവും നശിക്കും. കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കം ചിലർ മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളി ചെയ്തിരിക്കുന്നത്.”4അറേബ്യയിൽ മികച്ച യുദ്ധതന്ത്രങ്ങളിൽ പ്രാവീണ്യം നേടി ഫിലസ്ത്വീനിലെ ഇസ്രാഈല്യർക്കടക്കം വെലുവിളിയായി കേദാറിന്റെ സന്തതികൾ തഴച്ചുവളർന്ന ഒരു ചരിത്രസന്ധിയിൽ, അവരെ തോൽപിക്കാൻ കഴിയുമെന്ന സുവിശേഷം കർത്താവ്‌ ചില ഫിലസ്ത്വീൻ ഗോത്രങ്ങൾക്ക്‌ നൽകുന്നതായാണ്‌‌ ഈ വരികളിൽ ഉള്ളത്‌.5ഇശ്മയേലിന്റെ സന്തതികൾ അറേബ്യയിലാണ്‌ വ്യാപിച്ചതെന്ന് ഉൽപത്തി പുസ്തകത്തിന്റെ തന്നെ സ്ഥലനാമ സൂചനകളിൽ നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ.6 ബൈബ്ൾ പരാമര്‍ശിക്കുന്ന ഇസ്മാഈല്‍ സന്തതികളില്‍പ്പെട്ടവരാണ് മക്കയില്‍ നിവസിക്കുന്നതെന്ന് അവരെ പരിചയമുണ്ടായിരുന്ന ജൂതന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് മദീനയിലെ ജൂതന്‍മാര്‍ക്കു മുതല്‍ പ്രാചീന റോമില്‍ ജീവിച്ച ജോസിഫസിനും സോസിമേമസിനും വരെ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടാകാതിരുന്നത്. മിഷനറിമാര്‍ നൂറുശതമാനം ആധികാരികമെന്ന് വിശ്വസിക്കുന്ന ബൈബ്ൾ വിവരണങ്ങള്‍പോലും അറേബ്യയുടെ ഇസ്മാഈലി വേരുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് സാരം.

‘ഇശ്മയേല്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു’ എന്ന ബൈബ്ൾ വചനമാണ്7 ഇസ്മാഈലും ഹാജറും പാര്‍പ്പുറപ്പിച്ചത് മക്കയിലല്ലെന്ന് ബൈബ്ൾ സൂചിപ്പിക്കുന്നുവെന്ന് പറയാനായി മിഷനറിമാര്‍ ഉപയോഗിക്കാറുള്ളത്. ‘പാറാന്‍’ എന്ന പ്രയോഗം ബൈബ്ളിൽ പലയിടങ്ങളിലായി കാണാന്‍ കഴിയും. അവിടെയെല്ലാം ബൈബ്ൾ ഉദ്ദേശിച്ചത് ഇന്ന് നമുക്ക് പരിചയമുള്ള ഏത് പ്രദേശത്തെയാണ് എന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നതാണ് വാസ്തവം. ഇശ്മയേല്‍ പാര്‍ത്ത പാറാന്‍ ഏതാണെന്ന കാര്യത്തിലും ബൈബ്ൾ പണ്ഡിതന്‍മാര്‍ക്കിടയില്‍ അനേകം അഭിപ്രായവ്യത്യാസങ്ങളുണ്ട്. ‘പാറാന്‍’ എന്ന, ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലാത്ത, അനേകം അര്‍ത്ഥസാധ്യതകള്‍ അവശേഷിപ്പിക്കുന്ന അവ്യക്തമായ പ്രയോഗമാണ് ഇസ്മാഈല്‍ വളര്‍ന്ന പ്രദേശത്തെക്കുറിച്ച് ബൈബ്ൾ നടത്തുന്നതെന്നര്‍ത്ഥം. പാറാന്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടത് ഇന്ന പ്രദേശമാണെന്ന് തറപ്പിച്ചു പറയാന്‍ നിര്‍വാഹങ്ങളൊന്നുമില്ലെന്നിരിക്കെ, ബൈബ്ളെഴുത്തുകാരന്‍ ഉദ്ദേശിച്ചത് മക്കയല്ലെന്ന് മിഷനറിമാര്‍ക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയാണ്? പാറാന്‍ ഒരു മരുഭൂമിയാണെന്ന അധികവിവരം മാത്രമാണ് പരാമൃഷ്ട ബൈബിള്‍ വചനത്തില്‍നിന്നു ലഭിക്കുന്നത്. ആ വിവരമാകട്ടെ, പാറാന്‍ മക്കയാകാനുള്ള സാധ്യതയെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഫലസ്ത്വീനിലെ ‘ബിഅ്ര്‍ ശബ’യാണ് പാറാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്ന് ബൈബ്ൾ വചനങ്ങള്‍ തന്നെ വ്യക്തമാക്കുന്നതായി ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. പാറാന്‍ മരുഭൂമിയെക്കുറിച്ച് പറയുന്നതിനു തൊട്ടുമുമ്പ് ബൈബ്ൾ ഹാജറിന്റെ ബിഅ്ര്‍ ശബ അനുഭവങ്ങളെക്കുറിച്ച് പറയുന്നുവെന്നതാണ് അവരുടെ ന്യായം. വചനങ്ങള്‍ ഇപ്രകാരമാണ്: “അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറേ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗറിന്റെ തോളില്‍ വെച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി. ബിഅ്ര്‍ ശബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകല്‍ സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞ് മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ എന്നുപറഞ്ഞ് അവള്‍ കുറേ അകലെ, ഒരു അമ്പെയ്ത്ത് ദൂരെച്ചെന്ന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍ നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കയ്യിലെടുക്കുക. അവനില്‍ നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്ന് സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവര്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു.”8

ബിഅ്ര്‍ ശബയാണ് പാറാന്‍ എന്ന് ഈ ബൈബ്ൾ ഖണ്ഡികയില്‍ നിന്ന് നിര്‍ധരിച്ചെടുക്കുന്നത് അബദ്ധമാണ് എന്നാണ് സൂഷ്മ വായനയില്‍ ബോധ്യപ്പെടുന്നത്. ഈ വാചകങ്ങള്‍ക്ക് തൊട്ടുമുകളിലുള്ള ബൈബ്‌ൾ വചനങ്ങള്‍ കൂടി പരിശോധിക്കുക: “ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രഹാത്തിന് ജനിച്ച മകന്‍, തന്റെ മകനായ ഇസ്ഹാഖിനോടുകൂടെ കളിക്കുന്നത് സാറ കണ്ടു. അവള്‍ അബ്രഹാത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസ്ഹാഖിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്മൂലം മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. എന്നാല്‍, ദൈവം അബ്രഹാത്തിനോട് അരുളിചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ നീ ചെയ്യുക. കാരണം ഇസ്ഹാഖിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.”9 ഇശ്മയേലിനോടും ഹാജറിനോടും സാറയ്ക്ക് അസഹിഷ്ണുത തോന്നിയെന്നും തന്റെയും ഇസ്ഹാഖിന്റെയും ജീവിതപരിസരങ്ങളില്‍ നിന്ന് ഹാജറിനെയും ഇശ്മയേലിനെയും പുറത്താക്കാന്‍ സാറ അബ്രഹാമിനോട് ആവശ്യപ്പെട്ടുവെന്നും ഇതില്‍ അസ്വസ്ഥനായ അബ്രഹാമിനെ, സാറയുടെ ആവശ്യം രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ അബ്രഹാമിന്റെ രണ്ട് സന്തതിശാഖകള്‍ മഹാ ജനസഞ്ചയങ്ങളായി മാറുക എന്ന ദൈവികപദ്ധതിയുടെ നിവൃത്തിയായി മാറുമെന്ന് പറഞ്ഞ് കര്‍ത്താവ് ആശ്വസിപ്പിച്ചുവെന്നും തദടിസ്ഥാനത്തില്‍ ഇസ്ഹാഖും സാറയും താമസിച്ചിരുന്ന നാട്ടില്‍ നിന്ന് വിദൂരവും സുരക്ഷിതവുമായ മറ്റൊരിടത്തേക്ക് അബ്രഹാം ഹാഗറിനെയും ഇശ്മയേലിനെയും പറഞ്ഞുവിട്ടുവെന്നും ആണ് ഉപര്യുക്ത ബൈബ്ൾ വചനങ്ങള്‍ വിശദീകരിക്കുന്നത്. ബൈബ്‌ൾ പ്രകാരം ഹാഗറിന്റെയും ഇശ്മയേലിന്റെയും പാലായനത്തിന്റെ ലക്ഷ്യം തന്നെ സാറയുടെയും ഇസ്ഹാഖിന്റെയും ചുറ്റുവട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടലായിരുന്നുവെന്ന് സാരം.

ബിഅ്ര്‍ ശബ അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും സാറയുടെയും സ്വന്തം തട്ടകമാണെന്ന് ബൈബ്‌ളിൽ നിന്ന് വ്യക്തമാണ്. നെഗവ്‌ മരുഭൂമിയിലെ ബിഅ്ര്‍ ശബ പ്രദേശം ഉള്‍ക്കൊള്ളുന്ന ഫിലസ്ത്വീന്‍ പ്രവിശ്യകളിലാണ് സാറയും ഇസ്ഹാഖും ഇസ്ഹാഖിന്റെ സന്തതിപരമ്പരകളും നിലനിന്നതെന്ന് ബൈബ്ളെഴുത്തുകാര്‍ സൂചിപ്പിക്കുന്നുണ്ട്.10 ഇതിനര്‍ത്ഥമെന്താണ്? ബിഅ്ര്‍ ശബയില്‍ തന്നെ ഹാജറും ഇശ്മയേലും പാര്‍പ്പുറപ്പിച്ചാല്‍ അബ്രഹാം എന്തിനു വേണ്ടിയാണോ അവരെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചത്, ആ ലക്ഷ്യം നിറവേറുകയില്ല എന്നല്ലേ? വാസ്തവത്തില്‍, ഫിലസ്ത്വീനില്‍ നിന്ന് പാലായനം ആരംഭിക്കുന്ന ഹാജറും ഇശ്മയേലും ബിഅ്ര്‍ ശബയില്‍ അലഞ്ഞുതിരിയുക എന്നത് വളരെ സ്വാഭാവികമാണ്; കാരണം അവര്‍ അതുവരെ ജീവിച്ച പ്രദേശമാണത്. തോല്‍ സഞ്ചിയും കൈക്കുഞ്ഞുമായി ബിഅ്ര്‍ ശബ മരുഭൂമിയിലൂടെ തന്നെയായിരിക്കണം ഹാജര്‍ പ്രയാണമാരംഭിച്ചിട്ടുണ്ടാവുക. എന്നാല്‍ വെള്ളം തീര്‍ന്നതും കിണറുകള്‍ കാണാതെ ഹാജർ അസ്വസ്ഥമായതും മലക്ക് പ്രത്യക്ഷപ്പെട്ടതുമെല്ലാം അവിടെവെച്ചാണെന്ന് ബൈബ്ളെഴുത്തുകാര്‍ ഉദ്ദേശിച്ചിരിക്കണമെന്നില്ല. ഒന്നാമതായി, ബിഅ്ര്‍ ശബ അവര്‍ക്ക് ചിരപരിചിതമാണ്. രണ്ടാമതായി, ബിഅ്ര്‍ ശബ വെള്ളക്കിണറുകള്‍കൊണ്ട് സമൃദ്ധമാണ്. ആ കിണറുകളില്‍ പലതും ഹാഗാറിന്റെ ഭര്‍ത്താവായ അബ്രഹാം പണി കഴിപ്പിച്ചതുമാണ്.11 ബിഅ്ര്‍ എന്ന വാക്കിനുതന്നെ അര്‍ത്ഥം കിണര്‍ എന്നാണ്; ശബ എന്നാൽ ഏഴ്‌ എന്നും. (അറബിയില്‍ ബിഅ്ര്‍ അസ്സബ്അ്). ബിഅ്ര്‍ ശബ എന്നാല്‍ ഏഴിന്റെ കിണർ എന്നു പറയാം. അബ്രഹാമും ഒരു രാജാവും തമ്മിൽ അവിടെയുള്ള ഒരു കിണറിനെ സംബന്ധിച്ച്‌ തർക്കമുണ്ടാവുകയും ഒടുവിൽ അതിൽ ഒരു മാധ്യസ്ഥം അംഗീകരിക്കപ്പെടുകയും അതിനെ ആഘോഷിച്ചുകൊണ്ട്‌‌ കർത്താവിന്‌ ഏഴ്‌ ആടുകൾ ബലിയായി അർപ്പിക്കപ്പെടുകയും ചെയ്തതാണ്‌ ആ നാമനിഷ്പത്തിക്കു പിന്നിലെ ബൈബ്‌ളികമായ ഐതിഹ്യം. ബിഅ്ര്‍ ശബ ആ പേരില്‍ അറിയപ്പെടാന്‍ ഇടയായതു തന്നെ അവിടുത്തെ ജലസംഭരണികളുമായി ബന്ധപ്പെട്ടാണെന്ന് സാരം.12

തനിക്ക് ചിരപരിചിതമായിരുന്ന, ജലസ്രോതസ്സുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഹാജറ കുഞ്ഞിനെ മരണവക്കില്‍കിടത്തി വെള്ളത്തിനുവേണ്ടി കരയുക എന്നത് മനസ്സിലാക്കുവാന്‍ പ്രയാസമുള്ള കാര്യമാണ്. ബൈബ്ളെഴുത്തുകാരന്‍ ഉദ്ദേശിച്ചിരിക്കാന്‍ സാധ്യത ഇതാണ്: ബിഅ്ര്‍ ശബയില്‍ നിന്നാണ് ഹാജര്‍ പ്രയാണമാരംഭിച്ചത്. ആ പ്രയാണം അവരെ അപരിചിതവും ജലശൂന്യവുമായ മറ്റൊരു മരുപ്രദേശത്തെത്തിച്ചു. ഉല്‍പത്തി പുസ്തകത്തിലെ 21ാം അധ്യായത്തിലെ പതിനാലാം വചനം പലായനത്തിന്റെ തുടക്കത്തില്‍ ബിഅ്ര്‍ ശബയില്‍ സംഭവിച്ച കാര്യത്തിലേക്കും 15 മുതല്‍ 21 വരെയുള്ള വചനങ്ങള്‍ മറ്റൊരു മരുഭൂമിയില്‍ നടന്ന സംഭവങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതാകാനാണ് സാധ്യതയുള്ളതെന്ന് ചുരുക്കം. ആ മരുഭൂമിയെയാണ് വചനങ്ങളുടെ കര്‍ത്താവ് പാറാന്‍ എന്നു വിളിക്കുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ദൈവം സവിശേഷ ദാനമായി സൃഷ്ടിച്ച വെള്ളക്കിണറാണ് പാറാന്റെ അടയാളമായി ഉല്‍പത്തി പുസ്തകം പറയുന്നതെന്ന് നാം കണ്ടു. ഹാജറിന്റെ മനോവ്യഥക്കും ഇശ്മയേലിന്റെ നിലവിളിക്കും പരിഹാരമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ഉറവയെടുത്ത സംസം കിണര്‍ നിലനില്‍ക്കുന്ന മക്കയല്ലാതെ മറ്റേതാണീ പ്രദേശം? മറ്റൊരു നാട്ടിലും ഇത്തരമൊരു ജലപ്രവാഹമുണ്ടായതായി ബൈബ്ളില്‍ എവിടെയും പറയുന്നില്ല. ഹാഗാര്‍ പാലായനം ചെയ്തത് മക്കയിലേക്കല്ലെന്ന് ബൈബ്ളുപയോഗിച്ച് സമര്‍ത്ഥിക്കുവാനാകില്ലെന്ന് ചുരുക്കം. ബൈബിളിനെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ബൈബ്ൾ വിവരണങ്ങളുടെ മാത്രം വെളിച്ചത്തിലുള്ള ചരിത്രാഖ്യാനത്തെ അംഗീകരിക്കാന്‍ കഴിയൂ എന്ന് നാം നേരത്തെ പറഞ്ഞു. എന്നാല്‍ ബൈബ്ളിനുപോലും ഇല്ലാത്ത വാദങ്ങള്‍ ബൈബ്ളിനുമേല്‍ കെട്ടിവെച്ച് ഇശ്മയേലിനെ മക്കയില്‍നിന്ന് ‘തള്ളിപ്പുറത്താക്കാന്‍’ ശ്രമിക്കുന്ന മിഷനറിമാര്‍ എന്തു വൈജ്ഞാനിക സത്യസന്ധതയാണ് പുലര്‍ത്തുന്നത്?

കുറിപ്പുകൾ

  1. 1. ക്വുര്‍ആന്‍ 3: ആലു ഇംറാൻ: 65-68.
  2. 2. ഗ്രീക്ക്‌ ഭാഷയിലാണ്‌ ജോണിന്റെ ഇസ്‌ലാം അപഗ്രഥനം. ക്രൈസ്തവർക്കിടയിലെ ആഭ്യന്തര ദൈവശാസ്ത്ര തർക്കങ്ങളിൽ ഗ്രീക്ക്‌ ഓർത്തഡോക്സ്‌ പക്ഷത്തിന്റെ വാദങ്ങളെ സമർത്ഥിക്കുവാൻ വേണ്ടി നല്ലൊരു ഭാഗം നീക്കിവെക്കപ്പെട്ടിരിക്കുന്ന The Fount of Knowledge എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ തന്നെയാണ്‌ ഇസ്‌ലാമും ചർച്ചയാകുന്നത്‌. ഇസ്‌ലാമിനെ സംബന്ധിച്ച അധ്യായത്തിന്റെ ശീർഷകം തന്നെ ‘The Heresy of Ishmaelites’ എന്ന് അർത്ഥം വരുന്നതാണ്‌. നിരവധി ആധുനിക ഇംഗ്ലീഷ്‌ വിവർത്തനങ്ങൾ C. E. എട്ടാം നൂറ്റാണ്ടിലെ ഈ പുസ്തകത്തിന്‌ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.
  3. 3. ഉല്‍പത്തി 25 : 13; ദിനവൃത്താന്തം 1 : 29.
  4. 4. എശയ്യ 21 : 13-17.
  5. 5. For some details, see Paul J. Achtemeier (ed. ), Harper’s Bible Dictionary (Bangalore: Theological Publications in India, 1994), p. 523.
  6. 6. ഉൽപത്തി 25: 18; See also, Achtemeier, Ibid, p. 375.
  7. 7. ഉല്‍പത്തി 21 : 20.
  8. 8. ഉല്‍പത്തി 21 : 14-21.
  9. 9. ഉല്‍പത്തി 21 : 9-13.
  10. 10. അധ്യായം 25 നോക്കുക.
  11. 11. ഉൽപത്തി 26: 15.
  12. 12. www.bible-archeology.info/bible-city- beershaba.html. Also, Achtemeier, p. 101. അബ്രഹാം പണി കഴിപ്പിച്ച ഒരു ബിഅ്ർ ശബ കിണർ നിന്ന സ്ഥാനം എന്ന അവകാശവാദത്തോടെ ആധുനിക ഫിലസ്ത്വീനിൽ ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രം തന്നെയുണ്ട്‌.

Tags :


mm

Musthafa Thanveer