Logo

 

‘ഇത്‌ ഇൻഡ്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും മോശം ദിനം’ – പി. ചിദംബരം

5 August 2019 | Reports

By

ന്യൂ ഡൽഹി: ഭരണഘടനയുടെ ആർട്ടിക്ക്ൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനത്തെ ഇല്ലാതാക്കി തൽസ്ഥാനത്ത്‌ കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയുണ്ടായ ഇന്നത്തെ ദിവസം ഇൻഡ്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും മോശം ദിനമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരെ കണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ കൈവെച്ചുകൊണ്ടുള്ള ബി. ജെ. പി. ധാർഷ്ട്യം ജമ്മു കശ്‌മീരിന്‌ അംഗഭംഗം വരുത്തിയിരിക്കുന്നു എന്നും ഏത്‌ സംസ്ഥാനത്തോടും എപ്പോൾ വേണമെങ്കിലും ഇപ്പോഴത്തെ കേന്ദ്രം എന്തുവേണമെങ്കിലും ചെയ്യും എന്നാണിതിന്‌ അർത്ഥം എന്നും ഇൻഡ്യ എന്ന ആശയം ആണ്‌ മരിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന് മനസ്സിലാക്കി എല്ലാവരും ഒറ്റക്കെട്ടായി കശ്‌മീരിലെ ജനങ്ങൾക്കുനേരെയുള്ള ബി. ജെ. പി അക്രമത്തെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ സ്വത്വപരമായ സവിശേഷതകൾ സംരക്ഷിക്കപ്പെടാൻ ഇൻഡ്യയുടെ ഫെഡറൽ സംവിധാനത്തിൽ ജമ്മു-കശ്മീർ സംസ്ഥാനത്തിന്‌‌ കൂടുതൽ സ്വാതന്ത്ര്യവും പ്രത്യേക അവകാശങ്ങളും ലഭിക്കണം എന്ന ആവശ്യം ഭരണഘടനയുടെ ആർട്ടിക്ക്ൾ 370 പ്രകാരം ഇൻഡ്യ അംഗീകരിച്ചപ്പോഴാണ്‌ കശ്‌മീർ ഇൻഡ്യൻ യൂണിയനിൽ ചേർന്നത്‌. ഈ ഭരണഘടനാ വകുപ്പാണ്‌ കേന്ദ്രം എടുത്തുകളഞ്ഞത്‌. കേന്ദ്രസർക്കാർ കശ്‌മീരികളെ വഞ്ചിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌ എന്ന് സി. പി. ഐ. (എം) കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. ആർട്ടിക്കൾ 370 പ്രകാരമുള്ളത്‌ പോയിട്ട്‌ ഒരു സാധാരണ സംസ്ഥാനത്തിന്റെ പ്രാദേശിക സ്വഭാവം പോലും ഇല്ലാതെ കശ്‌മീർ ഭരണം പൂർണ്ണമായി കേന്ദ്രത്തിൽ നേരിട്ട്‌ നിക്ഷിപ്തമാകുന്നതോടെ ഭരണകൂട ഭീകരത കൂടുതൽ ശക്തിയോടെ പ്രദേശത്ത്‌ പത്തി വിടർത്തുമെന്ന് നിരീക്ഷകരിൽ പലരും ഭയക്കുന്നു. ഇന്നത്തെ പ്രഖ്യാപനത്തിന്‌ മുന്നോടിയായി കശ്മീരിൽ വൻ തോതിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുകയും വ്യാപകമായ കർഫ്യൂ നടപ്പിലാക്കുകയും രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്ത്‌ കേന്ദ്രം യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഭീകര സംഘങ്ങൾക്കും ഭരണകൂട അനീതികൾക്കും അന്ത്യം വന്ന് താഴ്‌വരയിൽ ശാന്തി പുലരുക എന്നാണെന്ന ആശങ്ക ഇതോടെ വീണ്ടും ശക്തമാവുകയാണ്‌. ചിദംബരത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ താഴെ കാണാം.

https://youtu.be/lRyJzmMuEY0


Tags :


mm

Admin