മനുഷ്യശരീരത്തിന്റെ ഒരടിസ്ഥാന സവിശേഷത, ലൈംഗികാനന്ദവും പ്രത്യുല്‍പാദനവും സാധ്യമാക്കാനാവശ്യമായ സംവിധാനങ്ങളെല്ലാം അതില്‍ ഒരുക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. ശരീരത്തിനകത്ത് പ്രത്യുല്‍പാദനത്തിനു വേണ്ടി സജ്ജീകരിക്കപ്പെട്ടിട്ടുള്ള അവയവങ്ങളെക്കുറിച്ചുള്ള പഠനം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. കുറ്റമറ്റ ഒരു ലൈംഗിക വ്യവസ്ഥ പ്രായപൂര്‍ത്തിയായ ഓരോ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളെ ശ്രദ്ധിക്കുക. നാലു സെന്റിമീറ്ററോളം നീളവും രണ്ടേമുക്കാല്‍ സെന്റിമീറ്റര്‍ വീതിയുമുള്ള ലൈംഗിക ഗ്രന്ഥികളാണ് പുരുഷന്റെ വൃഷണങ്ങള്‍. പയര്‍മണിയുടെ ആകൃതിയിലുള്ള ഈ ഗ്രന്ഥികള്‍ക്കകത്തുവെച്ചാണ് പുംബീജത്തിന്റെ ഉല്‍പാദനം നടക്കുന്നത്. ശരീരത്തിന്റെ സാധാരണ താപനിലയെക്കാള്‍ അല്‍പം കുറഞ്ഞ ഊഷ്മാവില്‍ മാത്രമേ പുരുഷ ബീജങ്ങളുടെ ഉല്‍പാദനം സാധ്യമാകൂ. വൃഷണങ്ങള്‍ രണ്ടും സ്ഥിതിചെയ്യുന്നത് ശരീരത്തില്‍ നിന്നും അല്‍പം താഴോട്ട് തൂക്കിയിട്ടിരിക്കുന്ന വൃഷണസഞ്ചിയിലായതുകൊണ്ടാണ് ബീജോല്‍പാദനത്തിനാവശ്യമായ ഈ കുറഞ്ഞ താപനിലയില്‍ വൃഷണങ്ങളെ നിലനിര്‍ത്താന്‍ ശരീരത്തിന് കഴിയുന്നത്. വൃഷണസഞ്ചിയുടെ ബാഹ്യഭാഗത്ത് ധാരാളം ചുളിവുകളുണ്ടല്ലോ. ചൂടുകൂടുമ്പോള്‍ ഈ ചുളിവുകള്‍ നിവരുകയും വൃഷണങ്ങള്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ താഴോട്ടിറങ്ങുകയും ചെയ്യും. ചൂടു കുറയുമ്പോഴാകട്ടെ, വൃഷണ സഞ്ചി സങ്കോചിക്കുകയും ഉദരപേശികളുമായുള്ള സമ്പര്‍ക്കത്തിലൂടെ ആവശ്യമായ ചൂട് നേടിയെടുക്കുകയുമാണ് ചെയ്യുക.
വൃഷണങ്ങളില്‍ വെച്ച് നിര്‍മിക്കപ്പെടുന്ന പുംബീജം ശുക്ലത്തില്‍ കലര്‍ന്ന് ശരീരത്തിന് പുറത്തേക്ക് ചലിക്കുന്നത് ലിംഗത്തില്‍ കൂടിയാണല്ലോ. അതേ പുരുഷലിംഗത്തില്‍ കൂടിത്തന്നെയാണ് മൂത്രം പുറത്തേക്ക് വരുന്നതും. എന്നാല്‍ ലിംഗത്തില്‍ വെച്ച് മൂത്രവും ശുക്ലവും തമ്മില്‍ കൂടിക്കലരാതിരിക്കാനുള്ള കാര്യക്ഷമമായ മുന്‍കരുതലുകള്‍ ശരീരം സ്വീകരിക്കുന്നുണ്ട്. ലൈംഗികോത്തേജന സമയത്ത് പുരുഷലിംഗം ഉദ്ധരിക്കപ്പെടുന്നത് വഴി നിര്‍വഹിക്കപ്പെടുന്നത് ഈയൊരു ധര്‍മം കൂടിയാണ്. മൂത്രനാളം അകത്ത് ധാരാളം പഴുതുകളുള്ള നീണ്ട രണ്ടു മാംസദളങ്ങള്‍ (corpora caversona) കൊണ്ടാണ് പൊതിയപ്പെട്ടിരിക്കുന്നത്. ഉത്തേജന സമയത്ത് പഴുതുകളില്‍ രക്തം നിറയുകയും മാംസദളങ്ങള്‍ വീര്‍ക്കുകയും ചെയ്യുന്നു. ലിംഗോദ്ധാരണമുണ്ടാകുന്നത് അങ്ങനെയാണ്. ഉദ്ധാരണത്തോടു കൂടി മൂത്രനാളിയുടെ കവാടങ്ങള്‍ അടയുകയാണ് ചെയ്യുന്നതെന്ന് സാരം. അതുകൊണ്ടുതന്നെ മൂത്രവും ശുക്ലവും ഒരിക്കലും കൂടിക്കലരുന്നില്ല. മൂത്രത്തിന് അമ്ലഗുണമാണുള്ളതെന്നും അതിന് ബീജങ്ങളെ നശിപ്പിക്കാനാകുമെന്നും തിരിച്ചറിയുമ്പോഴാണ് ഈ സംവിധാനത്തിന്റെ പ്രാധാന്യം നമുക്ക് പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുക.
അണ്ഡാശയമാണ് ഏറ്റവും പ്രധാനപ്പെട്ട സ്ത്രീലൈംഗികാവയവം. ഗര്‍ഭാശയത്തിന്റെ താഴെ ഇരുവശങ്ങളിലായാണ് രണ്ട് അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 3.5 സെന്റിമീറ്റര്‍ നീളവും രണ്ടു സെന്റിമീറ്റര്‍ കനവും 48 ഗ്രാം തൂക്കവും ബദാം പരിപ്പിന്റെ ആകൃതിയും ആണ് ഇവക്കുള്ളത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ച് പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയിലേക്ക് നയിക്കുകയും അണ്ഡോല്‍സര്‍ജനം നടത്തുകയുമാണ് അണ്ഡാശയങ്ങളുടെ ദൗത്യം. ഒരു ഇഞ്ചിന്റെ ഇരുനൂറിലൊന്ന് വലിപ്പമുള്ള അണ്ഡകോശത്തില്‍ ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ പോഷകങ്ങള്‍ മുഴുവന്‍ സംഭരിച്ചുവെച്ചിട്ടുണ്ട്. സ്ത്രീജനനേന്ദ്രിയത്തിലൂടെ വളരെ ദൂരം വാല്‍ ചലിപ്പിച്ച് മുന്നോട്ടു നീങ്ങിയാണ് പുംബീജം അണ്ഡത്തിന്റെ സമീപത്തെത്തുന്നതും ബീജസങ്കലനം നടത്തുന്നതും. ഒരു തവണ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ കോടിക്കണക്കിന് ബീജങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇവ മുഴുവന്‍ അണ്ഡത്തിന്റെ ദിശയിലേക്ക് അതിവേഗതയില്‍ ചലിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഈ മത്സരയോട്ടത്തിനൊടുവില്‍ ഒരൊറ്റ ബീജം മാത്രമാണ് അണ്ഡത്തെ കണ്ടുമുട്ടി ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നത്.
ബീജസങ്കലനം നടന്നുണ്ടാകുന്ന സിക്താണ്ഡം വളരുന്നത് ഗര്‍ഭപാത്രത്തിലാണ്. ഏതാനും മാസങ്ങളുടെ വികാസപരിണാമങ്ങള്‍ക്കും വളര്‍ച്ചക്കും ശേഷം പരിപൂര്‍ണ്ണതയുള്ള ഒരു മനുഷ്യക്കുഞ്ഞായി ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരുന്നു. അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ മുഴുവന്‍ ഗര്‍ഭപാത്രം യഥാസമയങ്ങളില്‍ നടത്തുന്നുണ്ട്. കുഞ്ഞ് പുറത്തുവന്നയുടനെ കുഞ്ഞിനാവശ്യമായ മുലപ്പാല്‍ ചുരത്താന്‍ മാതാവിന്റെ സ്തനങ്ങള്‍ക്ക് കഴിയുന്നു. സ്തനം യഥാര്‍ഥത്തില്‍ ഒരു ഗ്രന്ഥിയാണ്. ചോരയെ പാലാക്കി മാറ്റുന്ന ഗ്രന്ഥി! മുന്തിരിക്കുലയുടെ ആകൃതിയിലുള്ള സഹസ്രക്കണക്കിന് ആല്‍വിയോളസ്സുകള്‍ മുലക്കകത്ത് പാല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. പ്രസവിച്ചശേഷം കുഞ്ഞ് മുല ചപ്പാന്‍ തുടങ്ങുന്നയുടനെ മുലക്കണ്ണിലെ നാഡികള്‍ തലച്ചോറുമായി ആശയവിനിമയം നടത്തി മുലകളെ പാല്‍ ചുരത്താന്‍ പ്രചോദിപ്പിക്കും. പ്രസവം നടന്നതിനു തൊട്ടുശേഷമുള്ള ഏതാനും ദിവസങ്ങളില്‍ മുലപ്പാലില്‍ കൊഴുപ്പ് നന്നേ കുറവും രോഗപ്രധിരോധാര്‍ഥമുള്ള ആന്റീബോഡികള്‍ കൂടുതലുമായിരിക്കും. ഇതുമൂലം കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ധിക്കുന്നു. എല്ലാ അര്‍ഥത്തിലും കുഞ്ഞിനനുയോജ്യമായ ഒരു സമീകൃതാഹാരമാണ് നിസ്സംശയം മുലപ്പാല്‍. മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവയെല്ലാം ആവശ്യമായ അനുപാതത്തിലുണ്ട് എന്നതിനു പുറമെ, പെട്ടെന്ന് ദഹിക്കും എന്നതും പുറത്തുനിന്ന് രോഗാണുക്കള്‍ക്ക് പ്രവേശിക്കാനാകില്ല എന്നതും മുലപ്പാലിന്റെ പ്രത്യേകതയാണ്. മനുഷ്യന്റെ മുലപ്പാലിന്റെ ഉള്ളടക്കം ആള്‍കുരങ്ങടക്കമുള്ള ഇതര സസ്തനികളുടേതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മാംസപേശികള്‍ വളരാനാവശ്യമായ പ്രോട്ടീനുകളാണ് മൃഗങ്ങളുടെ മുലപ്പാലില്‍ കൂടുതലായുള്ളത്. ഇതുമൂലം മുലകുടിപ്രായത്തില്‍ തന്നെ മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ പരിഗണനീയമായ തൂക്കം കൈവരിക്കും. എന്നാല്‍ പേശീ വികാസത്തിനുവേണ്ട പ്രോട്ടീനുകളേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കകോശങ്ങളുടെ വളര്‍ച്ചക്കാവശ്യമായ ഗ്ലൂക്കോസാണ് മനുഷ്യന്റെ മുലപ്പാലില്‍ അധികമുള്ളത്. ഇതര മൃഗങ്ങളുടെ ബാഹ്യശരീരം വളരുന്ന സമയത്ത് മനുഷ്യക്കുഞ്ഞിന്റെ തലച്ചോര്‍ വളരുന്നു! ‘ബുദ്ധിജീവി’യായി മനുഷ്യന്‍ വളരുവാനാവശ്യമായ പോഷകാനുപാതം പോലും മുലപ്പാല്‍ കൃത്യമായി പാലിക്കുന്നുവെന്നത് എന്തുമാത്രം ആശ്ചര്യകരമല്ല!
പ്രത്യുല്‍പാദന വ്യവസ്ഥയുടെ കാര്യക്ഷമമായ നടത്തിപ്പിലും രതിവേളകളെ ഉല്ലാസകരമാക്കുന്നതിലും നിര്‍ണായകമായ ഒരു പങ്ക് ഹോര്‍മോണുകള്‍ക്കുണ്ട്. ശരീരത്തിലെ അന്തസ്രാവഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഹോര്‍മോണുകള്‍. രക്തക്കുഴലുകളിലൂടെ വിവിധ ശരീരകോശങ്ങളിലെത്തി അവയെ ഉത്തേജിപ്പിക്കുകയാണ് ഹോര്‍മോണുകളുടെ ജോലി. ലൈംഗിക ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രജനുകളും ഈസ്ട്രജനുകളും ആണ് മനുഷ്യന്റെ രതിയനുഭവങ്ങള്‍ സുഖകരമാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്. പുരുഷ ലൈംഗിക ഹോര്‍മോണുകളാണ് ആന്‍ഡ്രജനുകൾ; ഈസ്ട്രജനുകൾ സ്ത്രീ ലൈംഗിക ഹോര്‍മോണുകളും. ആന്‍ഡ്രജനുകള്‍ വൃഷണത്തിലും ഈസ്ട്രജനുകള്‍ അണ്ഡാശയത്തിലുമാണ് പ്രധാനമായും ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഈ ഹോര്‍മോണുകളുടെ ഉല്‍പാദനം താരതമ്യേന കുറവാണ്. എന്നാല്‍ പ്രായപൂര്‍ത്തിയോടനുബന്ധിച്ച് ഈസ്ട്രജനുകളുടെയും ആന്‍ഡ്രജനുകളുടെയും ഉല്‍പാദനം ത്വരിതപ്പെടുന്നു. കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളിലുണ്ടാകുന്ന പേശീവികാസം, ശാരീരിക വളര്‍ച്ച, രോമവളര്‍ച്ച, ശബ്ദമാറ്റം എന്നിവയെയും, പെണ്‍കുട്ടികളിലുണ്ടാകുന്ന സ്തനവളര്‍ച്ച, ആര്‍ത്തവം, ഇതര സ്‌ത്രൈണ സവിശേഷതകള്‍ എന്നിവയെയും ഉത്തേജിപ്പിക്കുന്നത് ഈ ഹോര്‍മോണുകളാണ്.
ആന്‍ഡ്രജനുകള്‍ക്കും ഈസ്ട്രജനുകള്‍ക്കും പുറമെ മറ്റു ചില ഹോര്‍മോണുകള്‍ കൂടി നമ്മുടെ ലൈംഗിക ജീവിതത്തെ കാര്യമായി സഹായിക്കുന്നുണ്ട്. പിറ്റിയൂറ്ററി ഗ്രന്ഥിയുടെ പിന്‍പാളികളില്‍ നിര്‍മിക്കപ്പെടുന്ന വളര്‍ച്ചാഹോര്‍മോണുകള്‍ (Growth hormones) ആണ് ശരീരത്തിന്റെ വളര്‍ച്ചയെ സാമാന്യമായും ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയെ പ്രത്യേകമായും പ്രചോദിപ്പിക്കുന്നത്. പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുതന്നെയുണ്ടാകുന്ന ഗൊണാഡോട്രോഫിക് ഹോര്‍മോണുകള്‍ (Gonodotrophic hormones) സ്ത്രീകളെ അണ്ഡോല്‍പാദനത്തിനും പുരുഷന്മാരെ ബീജോല്‍പാദനത്തിനും സജ്ജമാക്കുന്നു. പുറമെ, ഗര്‍ഭാശയത്തില്‍ ഭ്രൂണത്തെ ഉറപ്പിക്കുവാനും വളര്‍ത്തുവാനും സഹായിക്കുന്നു. പ്രോലാക്റ്റിന്‍ എന്ന പേരിലറിയപ്പെടുന്ന ലാക്‌റ്റോജനിക് ഹോര്‍മോണ്‍ ആണ് പൂര്‍ണവളര്‍ച്ചയെത്തിയ സ്ത്രീയുടെ സ്തനങ്ങളില്‍ നിന്ന് മുലപ്പാല്‍ ചുരത്തുന്നത്.
മനുഷ്യശരീരത്തിനകത്തെ ലൈംഗിക സംവിധാനങ്ങളുടെ ജീവശാസ്ത്രപരമായ സവിശേഷതകളിലൂടെയാണ് നാമിത്രനേരം കടന്നുപോയത്. ഈ വിശകലനത്തില്‍ നിന്ന് വ്യക്തമാകുന്ന അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമുണ്ട്-യാദൃച്ഛികമായി രൂപപ്പെട്ടതാകാന്‍ ഒരു സാധ്യതയുമില്ലാത്തവണ്ണം സങ്കീര്‍ണ്ണവും ആസൂത്രിതവും വ്യവസ്ഥാപിതവും അന്യൂനവും അത്ഭുതകരവുമാണ് മനുഷ്യലൈംഗികത എന്ന യാഥാര്‍ഥ്യം! ലൈംഗിക ജീവിതത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ മുഴുവന്‍ മനുഷ്യശരീരത്തിലൊരുക്കിയ ഒരു സ്രഷ്ടാവുണ്ട് എന്ന വസ്തുതയിലേക്കാണ് ഈ യാഥാര്‍ഥ്യം നമ്മെ സ്വാഭാവികമായും കൊണ്ടെത്തിക്കുന്നത്. അങ്ങനെയല്ല എന്ന് അഭിപ്രായമുള്ളവര്‍ നെഞ്ചുതൊട്ടൊന്ന് ഉത്തരം പറയട്ടെ: വൃഷണങ്ങളെ ഒരു തുകല്‍ സഞ്ചിയിലാക്കി ശരീരത്തില്‍ നിന്ന് അല്‍പം താഴേക്ക് തൂക്കിയിടാനുള്ള കൃത്യമായ തീരുമാനത്തിനു പിന്നിലെ യുക്തി ആരുടേതാണ്? മൂത്രവും ശുക്ലവും തമ്മില്‍ കൂടിക്കലരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ പുരുഷലിംഗത്തിന് പഠിപ്പിച്ചുകൊടുത്തതാരാണ്? അണ്ഡകോശത്തില്‍ ഭ്രൂണവളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ സമാഹരിച്ചുവെച്ച ആസൂത്രകനേതാണ്? പുരുഷബീജങ്ങളെ അണ്ഡത്തിനരികിലേക്ക് നയിച്ചുകൊണ്ടുപോകുന്ന വഴികാട്ടിയാരാണ്? ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്ന സംവിധായകന്റെ പേരെന്താണ്? പെണ്ണിന്റെ സ്തനങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചയുടനെ പാല്‍ ചുരത്താനുള്ള കഴിവ് നല്‍കിയത് ഏതു കാരുണ്യവാനാണ്? ആരാണ് മനുഷ്യരിലെ പ്രത്യുല്‍പാദന വ്യവസ്ഥ കാര്യക്ഷമമാക്കുന്നതിനു വേണ്ടി അനേകം ഹോര്‍മോണുകളെ നിര്‍മിച്ചത്? സങ്കീര്‍ണമായ ഈ നാഡീവ്യൂഹത്തിന്റെ നിര്‍മാതാവ് ആരാണ്? യാദൃച്ഛികതയാണിതെല്ലാമെന്നു പറയുന്നവരെ നമുക്ക് വെറുതെ വിടാം-കാരണം അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല! ഒരു മൊട്ടുസൂചി പോലും യാദൃച്ഛികമായി ഉണ്ടാവുകയില്ലെന്നിരിക്കെ അതിസങ്കീര്‍ണമായ ഈ ഘടനകള്‍ മുഴുവന്‍ യാദൃച്ഛികമായി ഉടലെടുക്കുന്നതെങ്ങനെ? അപ്പോള്‍, ഇതിനു പിന്നില്‍ ഒരു സ്രഷ്ടാവുണ്ട്. ആ സ്രഷ്ടാവ് മനു ഷ്യന്‍ തന്നെയാണോ? ഇതര മൃഗങ്ങളാണോ? ഏതെങ്കിലും സസ്യങ്ങളാണോ? സൂര്യനോ ചന്ദ്രനോ ആകാശഗോളങ്ങളോ മണ്ണോ വിണ്ണോ ആണോ? അല്ല എന്ന് എല്ലാവരും സമ്മതിക്കും. അവയൊക്കെയും ആ സ്രഷ്ടാവിന്റെ സൃഷ്ടികള്‍ മാത്രമാണ്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ജീവജാലങ്ങളുടെയുമെല്ലാം സ്രഷ്ടാവായവന്‍ ആരോ, അവനാണ് ഈ സംവിധാനങ്ങള്‍ മുഴുവന്‍ ശരീരത്തില്‍ ഒരുക്കി വെച്ചത്. അവനെയാണ് അറബി ഭാഷയില്‍ അല്ലാഹു എന്ന് വിളിക്കുന്നത്.
ശരീരത്തിനകത്തെ ലൈംഗിക/പ്രത്യുല്‍പാദന സജ്ജീകരണങ്ങള്‍ വ്യക്തമാക്കുന്നത് അവക്കുപിന്നില്‍ ഒരു സ്രഷ്ടാവുണ്ട് എന്ന് മാത്രമല്ല, പ്രത്യുത ആ സ്രഷ്ടാവ് അവന്റെ അപാരമായ കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യര്‍ക്ക് ഈ കഴിവുകളൊക്കെയും നല്‍കിയത് എന്നു കൂടിയാണ്. രതി അനുഭൂതിജനകമാക്കാനാവശ്യമായ എന്തെന്തു സംവിധാനങ്ങളാണ് അല്ലാഹു നമ്മുടെ ശരീരത്തില്‍ ഒരുക്കിവെച്ചിട്ടുള്ളത്! ആ സംവിധാനങ്ങളില്ലായിരുന്നുവെങ്കില്‍ മനുഷ്യര്‍ക്കാര്‍ക്കും ലൈംഗികബന്ധത്തിന് താല്‍പര്യം തോന്നുമായിരുന്നില്ല.അത്തരത്തിലുള്ള ഏതാനും സംവിധാനങ്ങളെ പരിഗണിക്കുക: വിശപ്പിനെയോ ദാഹത്തിനെയോ പോലെയല്ല മനുഷ്യനെ സംബന്ധിച്ചേടത്തോളം ലൈംഗിക വികാരം. വിശപ്പിന് ശമനമായി ഭക്ഷണവും ദാഹത്തിന് ശമനമായി വെള്ളവും ലഭ്യമാകാത്ത സ്ഥിതിവിശേഷമുണ്ടായാല്‍ മനുഷ്യന്‍ മരിച്ചുപോകും. ശ്വസനവായുവിന്റെ കാര്യവും ഇതുപോലെത്തന്നെ. മനുഷ്യര്‍ ഒന്നടങ്കം ലൈംഗികബന്ധങ്ങളില്‍ നിന്നു മാറി നിന്നാല്‍ മാനവരാശി ഭൂമുഖത്തുനിന്ന് കുറ്റിയറ്റുപോകുമെന്നത് ശരിയാണ്. എന്നാല്‍ ഒരു വ്യക്തി എന്ന അര്‍ഥത്തില്‍ ഏതെങ്കിലുമൊരാള്‍ ലൈംഗികജീവിതത്തിലേക്ക് പ്രവേശിക്കാതിരുന്നാല്‍ അയാളുടെ ജീവന്‍ അപകടത്തിലാകുമെന്ന് പറയാന്‍ തെളിവുകളൊന്നുമില്ല. ലൈംഗികബന്ധങ്ങള്‍ കൂടാതെയും ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നര്‍ഥം. എന്നിട്ടും ബഹുഭൂരിപക്ഷം മനുഷ്യരും ലൈംഗിക ബന്ധത്തിന് പ്രേരിതരാകുന്നു. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? കാമവികാരങ്ങളുടെ ശമനത്തിന് പ്രചോദിപ്പിക്കുന്ന ചില ‘ശക്തികളെ’ ശരീരത്തിനകത്തും പുറത്തും അല്ലാഹു വിന്യസിച്ചിരിക്കുന്നതാണ് ഇതിന്റെ കാരണം. പ്രത്യേകിച്ച് വികാരോദ്ദീപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന തോന്നല്‍ മനുഷ്യന് ഇടക്കിടെയുണ്ടാകും. വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന പലരും സ്വയംഭോഗം പോലുള്ള വൃത്തികേടുകളില്‍ ‘അഭയം’ കണ്ടെത്തുന്നത് ഈ ‘ഉള്‍പ്രേരണ’ കൊണ്ടാണ്. ഇതാണ് ലൈംഗിക പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ ‘പിടിച്ചുവലിക്കുന്ന’ ശരീരത്തിനകത്തുള്ള ‘ശക്തി’. എന്നാല്‍ ഈ ഉള്‍പ്രേരണ മാത്രമല്ല മനുഷ്യന്റെ ലൈംഗികജീവിതത്തിനു പിന്നിലുള്ള ചാലകശക്തി. ചില ‘പുറം പ്രേരണകള്‍’ കൂടി അവനെ കാമകേളിക്ക് നിര്‍ബന്ധിക്കുന്നുണ്ട്. ഉദാഹരണത്തിന് പെണ്ണിന്റെ നഗ്നത ദര്‍ശിക്കുന്നത് പുരുഷനില്‍ വൈകാരികമായ ഉത്തേജനമുണ്ടാക്കും. പുരുഷന്റെ തലോടലും സംസാരവും പെണ്ണിനെയും ലൈംഗികമായി പ്രചോദിപ്പിക്കും. ‘അകം പ്രേരണകള്‍’ തീവ്രമാകുന്നതും സഫലമാകുന്നതും ‘പുറം പ്രേരണകള്‍’ ചുറ്റുഭാഗത്തുമുണ്ടാകുമ്പോഴാണെന്ന് ചുരുക്കം. അകത്തു നിന്നും പുറത്തു നിന്നുമുള്ള ഈ പ്രേരണകളാണ് ജീവന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമല്ലാത്ത ഈ ശാരീരിക പ്രവര്‍ത്തനത്തിലേക്ക് മനുഷ്യരെ നയിക്കുന്നതെന്ന് പറയാം.
ആണും പെണ്ണുമാകുന്ന ഇണകള്‍ തമ്മിലുണ്ടാകുന്ന ആകര്‍ഷണമാണല്ലോ മനുഷ്യന്റെ ലൈംഗികവര്‍ത്തനങ്ങളുടെയെല്ലാം സുപ്രധാനമായ ഒരടിത്തറ. ആണിനെ ഇണയായി സ്വീകരിക്കാന്‍ കഴിയുന്ന രൂപത്തിലാണ് പെണ്ണിന്റെ ശരീരഘടന പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിരിക്കുന്നത് . നേരെ തിരിച്ച്, ആണിന്റെ ശരീരഘടന പെണ്ണിനെ ഇണയായി സ്വീകരിക്കാന്‍ കഴിയും വിധത്തിലാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഘടനാപരമായ സാമ്യതകളും വൈജാത്യങ്ങളും ആ രൂപത്തില്‍ ക്രമീകരിച്ചിരിക്കുന്നു അല്ലാഹു. പരസ്പര പൂരകമായി വരുന്ന ശരീര ഘടനകള്‍! അത്ഭുതകരമായ പാരസ്പര്യമാണ് ഓരോ ശരീരഭാഗങ്ങളിലും ആണും പെണ്ണും തമ്മില്‍ നിലനില്‍ക്കുന്നത്. നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമല്ലാത്തത്രയും സൂക്ഷ്മമായ ലൈംഗിക കോശങ്ങളില്‍ മുതല്‍ക്ക് ബാഹ്യമായ ലൈംഗികാവയവങ്ങളിലും ശരീരശാസ്ത്രപരവും ജീവശാസ്ത്രപരവും സ്വഭാവപരവുമായ സവിശേഷതകളിലും വരെ ഈ പാരസ്പര്യം നിലനില്‍ക്കുന്നുണ്ട്. ഇണകള്‍ തമ്മിലുള്ള ശാരീരികമായ ആകര്‍ഷണം വിജയകരമായ ലൈംഗികജീവിതത്തിന്റെ മുന്നുപാധികളിലൊന്നാണെന്ന് നമുക്കറിയാം. ഇണയെ ആകര്‍ഷിക്കുന്ന ശരീരഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് മുഖത്തിനുള്ളത്. യൗവ്വനയുക്തമായ മുഖകാന്തി വരന്റെയും വധുവിന്റെയും മുഖ്യാകര്‍ഷണങ്ങളിലൊന്നായി എല്ലാവരും അംഗീകരിക്കുന്നതാണല്ലോ. എങ്ങനെയാണ് നമ്മുടെ മുഖത്തിന് ഇത്രയും ഭംഗി കൈവരുന്നത്? കൗമാരപ്രായത്തിനുശേഷം മൂക്കിന്റെ സൈനസുകള്‍ ദ്രുതഗതിയില്‍ വളരുന്നതുകൊണ്ടാണ് യുവാക്കളുടെ മുഖത്തിന് സവിശേഷമായ ഒരു ഛായ ലഭിക്കുന്നത്. ചുണ്ടുകളും കവിളുകളും ഇണയെ വൈകാരികമായി വശീകരിക്കുന്ന മുഖഭാഗങ്ങളാണ്. യഥാര്‍ഥത്തില്‍ വളരെ ശക്തിയേറിയ പേശികള്‍ കൊണ്ടാണ് നമ്മുടെയെല്ലാം കവിള്‍ത്തടം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും ആ ഭാഗത്ത് ഒരു ‘കണ്ണാടിത്തിളക്കം’ ഉള്ളതുപോലെ ഇണക്ക് അനുഭവപ്പെടുന്നു. ഇതിനു കാരണം കവിളുകളിലെ തൊലിക്ക് തൊട്ടുതാഴെ കൊഴുപ്പ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതാണ്. നനുത്ത ആവരണകലകള്‍ നല്‍കപ്പെട്ടിരിക്കുന്നത് മൂലം അകത്തുള്ള രക്തചംക്രമണം പുറത്തേക്ക് ദൃശ്യമാകുന്നത് കൊണ്ടാണ് ചുണ്ടുകള്‍ ചുവന്നിരിക്കുന്നത്. മുഖത്തിന്റെ സ്വാഭാവികമായ സൗന്ദര്യം പോലെത്തന്നെ പ്രധാനമാണ് മനോവികാരങ്ങള്‍ക്കനുസരിച്ച് അതിലുണ്ടാകുന്ന ചിരിയും ശൃംഗാരഭാവവും നാണവുമെല്ലാം. ഇത്തരം ഭാവപ്രകടനങ്ങള്‍ക്ക് നമ്മെ സഹായിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, വികസിപ്പിക്കാന്‍ കഴിയുന്ന മുഖപേശികള്‍. വായ, മൂക്ക്, കണ്ണ്, പുരികങ്ങള്‍, നെറ്റി എന്നിവിടങ്ങളിലെ പേശികള്‍ ചെറുതായി ചലിപ്പിച്ച് മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയും. രണ്ട്, നമ്മുടെ മാനസികാവസ്ഥക്കനുസരിച്ച് സിംപതെറ്റിക്ക് നാഡീവ്യൂഹം രക്തപ്രവാഹം വര്‍ധിപ്പിക്കുകയോ കുറയ്‌ക്കുകയോ ചെയ്യുന്നതുകൊണ്ട് ഇത്തരം ഭാവപ്പകര്‍ച്ചകള്‍ വഴി ഇണക്കുള്ള സൂചനകള്‍ നല്‍കാന്‍ മുഖത്തിന് സാധിക്കുന്നു. നവവധുവിന്റെ മുഖം നാണം മൂലം ചുവന്ന് തുടുക്കുന്നത് സിംപതെറ്റിക്ക് നാഡീവ്യൂഹം ഇപ്രകാരം ത്വക്കിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നത് കൊണ്ടാണ്.ലൈംഗികജീവിതത്തിന്റെ ആസ്വാദ്യത ഉയര്‍ത്തുന്ന ഈ ‘മുഖസവിശേഷതകള്‍’ മുഴുവന്‍ കനിഞ്ഞരുളി നമ്മെ അനഗ്രഹിച്ച നാഥന്‍ നമ്മോട് എത്ര വാത്സല്യമുള്ളവനാണ്!
നമ്മുടെ ത്വക്കിനെക്കുറിച്ച് ആലോചിച്ചുനോക്കുക. ശരീരത്തെ മുഴുവനായി പൊതിയുന്ന ആ ആവരണമില്ലായിരുന്നുവെങ്കില്‍ രതിജന്യമായ അനുഭൂതികളില്‍ ആറാടാന്‍ ഒരാള്‍ക്കും തന്നെ കഴിയുമായിരുന്നില്ല. തൊലിയാണല്ലോ സ്പര്‍ശനത്തെ അനുഭവഭേദ്യമാക്കുന്ന ഇന്ദ്രിയം. സ്പര്‍ശനങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയില്ലാത്തവര്‍ക്ക് രതിലീലകള്‍ ആസ്വദിക്കാന്‍ കഴിയുന്നതെങ്ങനെ! ചില പ്രത്യേക ശരീരഭാഗങ്ങള്‍ക്ക് സ്പര്‍ശനത്തെ ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയും. ഉയര്‍ന്ന സംവേദനശേഷിയുള്ള പ്രസ്തുത അവയവങ്ങളില്‍ തലോടി ഇണയെ ലൈംഗികമായി ഉദ്ദീപിപ്പിക്കാന്‍ മനുഷ്യന് കഴിയുന്നു. ജനനേന്ദ്രിയങ്ങള്‍ക്ക് പുറമെ ചുണ്ടുകളും ചെവികളുമൊക്കെ ഇത്തരത്തിലുള്ള ശരീരഭാഗങ്ങളാണ്. തൊലിക്കു താഴെ ധാരാളം നാഡികള്‍ ഉള്ളതുകൊണ്ടാണ് അവക്ക് ഈ സവിശേഷത കൈവരുന്നത്. സ്പര്‍ശനം വഴി നടക്കുന്ന ലൈംഗികോത്തേജനത്തില്‍ ശരീരതാപത്തിനും പങ്കുണ്ട്. ആണിന്റെ ശരീരതാപത്തേക്കാള്‍ അല്‍പം ഉയര്‍ന്നതാണ് പെണ്ണിന്റെ ശരീരതാപം. ഇതുമൂലം പെണ്‍സ്പര്‍ശം ആണിന് ‘ചൂട് പകരുന്നു’. ആണ്‍സ്പര്‍ശമാകട്ടെ, പെണ്ണിന് ‘കുളിര് കോരുന്ന’ അനുഭവമായി മാറുകയും ചെയ്യുന്നു. എല്ലാം സംഭവിക്കുന്നത് തൊലിയുള്ളതുകൊണ്ടുതന്നെ! എല്ലാം അല്ലാഹുവിന്റെ കാരുണ്യം തന്നെ! ത്വക്കിന്റെ സംരക്ഷണത്തിനുവേണ്ടി ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു തരം എണ്ണയാണ് സീബം (Sebum). ത്വക്കിലുടനീളം പരന്നുകിടക്കുന്ന സീബഗ്രന്ഥികള്‍ (Sebaceous glands) പുറത്തുവിടുന്ന ഈ എണ്ണക്കും ലൈംഗികമായ ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മുഖത്തും ഗുഹ്യഭാഗങ്ങളിലും എണ്ണയുടെ ഉല്‍പാദനം അല്‍പം കൂടുതലായിരിക്കും. ഉപദ്രവകാരികളായ ബാക്റ്റീരിയകളെ നശിപ്പിക്കുകയാണ് ഗുഹ്യഭാഗത്ത് ഇത് ചെയ്യുന്നത്. സ്ത്രീകളുടെ മുലക്കണ്ണുകളെ ‘സീബം’ സ്‌നിഗ്ധമാക്കുന്നതുകൊണ്ട് മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെ ചുണ്ട് ഉരഞ്ഞുപൊട്ടാതിരിക്കുന്നു. മുഖചര്‍മത്തെ സംരക്ഷിക്കുന്നതിലും സീബത്തിന് അതിന്റേതായ ഭാഗധേയമുണ്ട്.
സംയോഗാവസരങ്ങളില്‍ ശരീരം ചില പ്രത്യേകമായ പ്രക്രിയകളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് മനുഷ്യര്‍ക്കെല്ലാവര്‍ക്കും ലൈംഗികബന്ധം ആഹ്ലാദകരമായിത്തീരുന്നത്. ലൈംഗികോത്തേജനമുണ്ടാകുന്ന സമയത്ത് ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ശരീരോപരിതലത്തിലെ രക്തസഞ്ചാരവും വര്‍ധിക്കും. ഇത്, ശരീരതാപം ഉയരുന്നതിനും ശരീരഭാഗങ്ങള്‍ക്ക് ചുവപ്പുനിറം കൈവരുന്നതിനും നിമിത്തമാകുന്നു. ഈ ഘട്ടത്തില്‍ പുരുഷന്റെ ലിംഗവും സ്ത്രീയുടെ സ്തനവും വികസിച്ചു വരും. ഉത്തേജനം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നാലാണ് ലൈംഗികാനന്ദത്തിന്റെ പരമകാഷ്ഠയായി വ്യവഹരിക്കപ്പെടുന്ന രതിമൂര്‍ഛ എന്ന അവസ്ഥ പ്രാപിക്കാന്‍ സ്ത്രീക്കും പുരുഷനും കഴിയുക. രതിമൂര്‍ഛയുടെ സന്ദര്‍ഭത്തിന് ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രത്യേകതകളുണ്ട്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പൊടുന്നനെ വര്‍ധിക്കും. ഇടുപ്പിലെ പേശികള്‍ക്ക് തരിപ്പ് അനുഭവപ്പെടും. തല്‍ഫലമായി പുരുഷനില്‍ ശുക്ലസ്ഖലനവും സ്ത്രീയില്‍ യോനീസങ്കോചവുമുണ്ടാവും. പെട്ടെന്നുള്ള ഒരു സന്തോഷാധിക്യത്തിലേക്ക് ഇണകള്‍ എടുത്തെറിയപ്പെടുകയും ചെയ്യും. ചിലര്‍ ഈ ആനന്ദമൂര്‍ഛയില്‍ വായകൊണ്ട് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക പോലും ചെയ്യാറുണ്ട്. അത്രത്തോളം സന്തോഷകരമായ അനുഭവമായി ലൈംഗികതയെ അല്ലാഹു നമുക്ക് മാറ്റിത്തന്നിരിക്കുന്നു എന്നര്‍ഥം.
അപ്പോള്‍, പ്രപഞ്ചസ്രഷ്ടാവില്‍ നിന്നുള്ള ഒരു സമ്മാനമാണ് നമ്മിലോരോരുത്തരുടെയും ലൈംഗികജീവിതവും അതിലെ ആനന്ദങ്ങളും. ഇണകള്‍ക്ക് കാമകേളികളിലേര്‍പ്പെട്ട് സന്തോഷിക്കുവാനാവശ്യമായ സംവിധാനങ്ങളെല്ലാമൊരുക്കിയത് അവനാകുന്നു. അല്ലാഹുവാണ് മനുഷ്യശരീരത്തെ കാരുണ്യപൂര്‍വം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത് വളര്‍ത്തിക്കൊണ്ടുവരുന്നതെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി ഊന്നിപ്പറയുന്നുണ്ട്: ”ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.” (ഖുര്‍ആന്‍ 3:6) ”നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.” (ഖുര്‍ആന്‍ 82:7,8) ”നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.” (ഖുര്‍ആന്‍ 71:13,14) ”താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.” (ഖുര്‍ആന്‍ 32:7-9) ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.” (ഖുര്‍ആന്‍ 23:12-14)