തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം
1 July 2024 | Review
‘തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയകാലത്തെ ഹിജാബനുഭവങ്ങൾ’ എന്ന പേരിൽ ദിൽറുബ.കെ തയ്യാറാക്കിയ പുസ്തകം വായിച്ചു. പ്രൊഫൗണ്ട് പ്രസ്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇരുപത് ദക്ഷിണ ഇൻഡ്യൻ സ്ത്രീകൾ ഹിജാബണിഞ്ഞതിൻ്റെ പേരിൽ കലാലയങ്ങളിലും തൊഴിലിടങ്ങളിലും നേരിടേണ്ടി വന്ന വിവേചനങ്ങളുടെയും പരിഹാസത്തിൻ്റെയും നേരനുഭവങ്ങൾ അതിശയോക്തിയുടെ രുചിക്കൂട്ടുകൾ ചേർക്കാത്ത പങ്കുവെപ്പാണ് ഈ കൃതി എന്നാണ് എൻ്റെ വായനാനുഭവം. പുസ്തകം പരിചയപ്പെടുത്തുന്ന ഓരോ സ്ത്രീയിലും വിവേചനങ്ങൾക്കെതിരെ പോരാടുകയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന പോരാളികളെ കാണാനാവുന്നുണ്ട്. ശിലായുഗത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഹിജാബ് എന്ന് പരിഹസിക്കുന്നവരോട് അത് പെൺമയുടെ പൂർണ്ണതയാണ് എന്ന് ജീവിതാനുഭവങ്ങളിലൂടെ അവരെല്ലാം പറയാൻ ശ്രമിക്കുന്നുണ്ട്.
2021 ഡിസംബർ മാസം കർണ്ണാടകയിൽ നടന്ന ഹിജാബ് നിരോധനമാണ് പുസ്തകത്തിന്റെ ഇതിവൃത്തമെങ്കിലും, ആഗോള തലത്തിലുള്ള ഹിജാബ് വെറുപ്പിൻ്റെ രാഷ്ട്രീയവും ഇൻഡ്യൻ ഫാഷിസത്തിന്റെ തട്ടത്തോടുള്ള യുദ്ധപ്രഖ്യാപനവുമെല്ലാം പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. 2015 ലെ അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷാ കാലത്ത് ‘കോപ്പിയടി’ തടയാൻ എന്ന വ്യാജേന സർക്കുലറിറക്കി മുസ്‌ലിം സ്ത്രീയുടെ തട്ടമൂരിയ തിട്ടൂരത്തെ കുറിച്ചും, കർണ്ണാടക ഹിജാബ് വിവാദത്തെ കുറിച്ചുമുള്ള ഇരകളുടെ സംസാരവും, പുസ്തകത്തിന്റെ അവസാനത്തിൽ ഹിജാബ് വിരുദ്ധതക്കെതിരെ Team hijab എന്ന പേരിൽ മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനമായ എം. എസ്. എം. നടത്തിയ പോരാട്ടങ്ങളും, തുടർന്ന് മുസ്‌ലിം ലീഗ് വിദ്യാർത്ഥി പ്രസ്ഥാനമായ എ. എസ്. എഫും, എം. എസ്. എമ്മും ചേർന്ന് joint action Council for Hijab Rights (JACHR) എന്ന പേരിൽ സമരസമിതി രൂപീകരിച്ചു നടത്തിയ പോരട്ടങ്ങളും അനുബന്ധമായി ചേർത്തതോടെ ഹിജാബ് വെറുപ്പിനെതിരെയുള്ള പോരാട്ടത്തിൻ്റെ കിടയറ്റ ചരിത്ര രേഖയായി പുസ്തകം മാറുന്നുണ്ട്.
ഇസ്‌ലാം ഭീതി തളംകെട്ടി നിൽക്കുന്ന കാലത്ത് പർദ്ദയണിഞ്ഞ് പുറത്തിറങ്ങുന്ന പെണ്ണിന് നേരിടേണ്ടി വരുന്ന നിരവധി ചോദ്യങ്ങൾ ഓരോ എഴുത്തുകാരികളുടെ അനുഭങ്ങളിലും ആവർത്തിച്ചു വരുന്നതായി കാണാൻ സാധിക്കുന്നുണ്ട്. ‘പിന്തിരിപ്പൻ ആശയങ്ങളുടെ സിമ്പലായ’ ഹിജാബ് അണിയുന്നത് ആരെങ്കിലും അടിച്ചേൽപ്പിച്ചത് കൊണ്ടാണോ? കറുത്ത വസ്ത്രം വെയിലിനെ ആഗിരണം ചെയ്യുന്നത് കാരണം ചൂടെടുക്കില്ലെ? ചൊറിച്ചിലനുഭവപ്പെടുന്നില്ലെ? തുടങ്ങി നിരവധി ചോദ്യങ്ങൾ. ഹിജാബികൾ ഇത്തരം ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് ഓരോരുത്തരും അവരുടെ അനുഭവങ്ങളിലൂടെ വായനക്കാലേക്ക് പകരുമ്പോൾ ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പെൺ പ്രതിരോധമാകാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്. പർദ്ദ എല്ലാ പുരോഗതികൾക്കുമുള്ള വിലങ്ങാണെന്ന പൊതുബോധം സജീവമായി നിലനിൽക്കുന്ന കാലത്ത്, ഉടുപ്പഴിച്ച് ‘സ്വതന്ത്രയാകാനും’ ‘പുരോഗമിക്കാനും’ ഉപദേശകക്കൂട്ടം ആവശ്യപ്പെടുമ്പോഴും, നിർഭയം ഇലതുന്നി നാണം മറക്കേണ്ടിവന്ന ശിലായുഗത്തിൽ നിന്ന് ശരീരം മുഴുവൻ മറയുന്ന ഹിജാബിലേക്കുള്ള മാറ്റമാണ് യഥാർത്ഥമായ പുരോഗമനമെന്ന് അനുഭവങ്ങളിലൂടെ ആണയിട്ടു പറയാൻ ഈ പുസ്തകത്തിലെ ഓരോ പെണ്ണെഴുത്തിനും സാധ്യമാകുന്നുണ്ട് എന്നത് പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.
സ്ത്രീ ലൈംഗികതയെ സജീവമാക്കുന്നത് തൻ്റെ പങ്കാളിയുടെ സംസാരവും സഹവാസവുമെല്ലാമാണെന്ന വസ്തുതയോതോടൊപ്പം തന്നെ, പുരുഷനിൽ ലൈംഗിക ഉത്തേജനം പകരുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് അവൻ്റെ കാഴ്ച്ചയാണ് എന്ന ശാസ്ത്രീയ യാഥാർത്ഥ്യത്തിൽ ഊന്നി പർദ്ദ നൽകുന്ന സ്വാതന്ത്ര്യവും സ്വസ്ഥതയും ഹിജാബികൾ അനുഭവങ്ങളിൽ നിന്ന് പങ്കുവെക്കുന്നുണ്ട്. പുരുഷൻ്റെ കണ്ണുകെട്ടലല്ല പുരുഷ വൈകാരികതയെ ഇക്കിളിപ്പെടുത്തുന്ന കാഴ്ചകളിൽ നിന്ന് സ്ത്രീ അവളുടെ ശരീരത്തെ മറച്ചുവെക്കലാണ് പുരുഷനാൽ ശല്യം ചെയ്യപ്പെടാതിരിക്കാൻ ഒരു സ്ത്രീ ചെയ്യേണ്ട പ്രതിരോധമെന്നും, മുസ്‌ലിം പെണ്ണിന് അല്ലാഹു നിശ്ചയിച്ചു നൽകിയ ഹിജാബ് അത് നിർവഹിക്കുന്നുണ്ടെന്നും പുസ്തകം തെളിയിക്കുന്നുണ്ട്. അമുസ്‌ലിമായ കാലത്ത് നിരത്തുകളിൽ കഴുകക്കണ്ണുകളാൽ വ്യഭിചരിക്കപ്പെടുന്നതിൻ്റെ വേദനകൾ മുസ്‌ലിംകളായ സഹപാഠിനികളോട് പങ്കുവെച്ചപ്പോൾ പർദ്ദധാരികളായ തങ്ങൾക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ല എന്ന മറുപടിയിൽ നിന്ന് അമുസ്‌ലിമായിരിക്കെ തന്നെ ഹിജാബ് ധരിക്കുകയും അതുവഴി തൻ്റെ വസ്ത്രധാരണം തന്നെയാണ് ആൺനോട്ടങ്ങളെ തന്നിലേക്ക് ആകർശിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞ് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത ഒരു വനിതയുടെ അനുഭവക്കുറിപ്പ് എന്നെ തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. ഈ പുസ്തകത്തിൽ പങ്കുവെക്കപ്പെട്ട ഇരുപത് പെണ്ണനുഭവങ്ങളും ഖുർആനിലെ ഒരു ആയത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത് എന്ന് തോന്നിപ്പോയി. “നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു”. [Surah Al-Aḥzāb: 59]
സ്ത്രീ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ഫെമിനിസവും അതിൻ്റെ ആരോപണ പീരങ്കികൾ തിരിച്ചു വെക്കുന്നത് ഇസ്‌ലാമിന് നേരെയാണ്. പർദ്ദ അടിച്ചേൽപ്പിക്കപ്പെട്ടതല്ല സ്വയം തന്നെ എടുത്തണിഞ്ഞതാണെന്ന് ആണയിട്ട് പറഞ്ഞാലും വിശ്വസിക്കാൻ അവർക്ക് സാധിക്കുന്നില്ല! അൽപ്പവസ്ത്രം ധരിച്ച് ആണിടങ്ങളിലേക്ക് കയറിച്ചെല്ലുമ്പോൾ ലഭിക്കുന്ന ‘സ്വാതന്ത്ര്യ’മാണ് അവരും മുന്നോട്ടുവെക്കുന്നത്!. പെണ്ണുടൽ പ്രദർശനത്തിലൂടെയാണ് സ്ത്രീ സ്വതന്ത്രയാവുക എന്ന് സിദ്ധാന്തിക്കുന്ന ഇത്തരം ‘പെൺ പ്രതിരോധ സംഘങ്ങൾ’ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ് എന്ന് പുറമെ വാദിക്കുന്നുവെങ്കിലും യഥാർത്ഥത്തിൽ വേട്ടക്കാരന് വേണ്ടരീതിയിൽ ഇരയെ ഒരുക്കുകയും അവൻ്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ഇവർ ചെയ്യുന്നത്.
ഹിജാബും, സ്ത്രീ വസ്തരധാണവും, അവകാശങ്ങളും ഉൾക്കൊള്ളിച്ച പെണ്ണെഴുത്തിനെ വായിക്കുന്ന പുരുഷ വായനക്കാരനെന്ന നിലയിൽ കാമാസക്തി മൂത്ത തുറിച്ചു നോട്ടങ്ങൾ സ്ത്രീയെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നത് പെണ്ണനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നത് കൊണ്ട് തന്നെ സ്ത്രീ ശരീരങ്ങളിൽ നിന്ന് കണ്ണുകൾ താഴ്ത്തിയാണ് ഇച്ഛകളെ പ്രതിരോധിക്കേണ്ടെത് എന്ന ഖുർആനിക കൽപ്പന എത്രമാത്രം മാന്യവും യുക്തിഭദ്രവുമാണ് എന്നുമുള്ള തിരിച്ചറിവ് പകരുന്നുണ്ട്. അതോടൊപ്പം അണിഞ്ഞൊരുങ്ങി ആൺനോട്ടങ്ങളെ തന്നിലേക്ക് ആകർശിപ്പിക്കുന്ന അൽപ്പവസ്ത്രധാരികൾ സമൂഹത്തിലുണ്ടാക്കുന്ന കുഴപ്പം എത്ര വലുതാണെന്ന് കൂടി വ്യക്തമാകുന്നുണ്ട്. സൈബറിടങ്ങളിൽ പെണ്ണഴക് തുറന്നു വെച്ച് കാഴ്ചക്കാർക്ക് ‘വിരുന്നൊരുക്കി’ ലൈക്കുകൾ വാരിക്കൂട്ടുന്നവരും, മേനി തുറന്ന ചിത്രങ്ങളായി വഴിയരികിലെ ഫ്ലക്സ് ബോർഡുകളിൽ മുതലാളിത്ത ഉൽപ്പനങ്ങളിലേക്ക് ആൺശ്രദ്ധയെത്തിക്കുന്ന പ്രദർശന വസ്തുക്കളാവാൻ വിധിക്കപ്പെടുന്നവരും, ടെലിവിഷൻ പരസ്യങ്ങളിൽ നൃത്ത ചുവടുകളാൽ പുരുഷന് ‘ആനന്ദം’ പകരുന്ന മോഡലുകളും യഥാർത്ഥത്തിൽ മുതലാളിത്തം ലക്ഷ്യം വെക്കുന്ന രീതിയിൽ പുരുഷ നോട്ടത്തെ തങ്ങളിലേക്ക് അടുപ്പിക്കുകയും അതിലൂടെ അവരുടെ വാണിജ്യ ലാഭം കൊയ്തെടുക്കുന്നതിന് വേണ്ട ഇരകളാക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ഇസ്‌ലാം സ്ത്രീ ശരീര വിപണനത്തിനും, സൗന്ദര്യ പ്രദർശനത്തിനും എതിരാണെന്നതിനാലും, പെണ്ണഴകിലേക്ക് ഒളിഞ്ഞും തുറിച്ചും നോക്കുന്ന കഴുകകണ്ണുകൾക്ക് ഇസ്‌ലാം അവൾക്ക് സമ്മാനിച്ച വസ്ത്രം പ്രതിരോധം തീർക്കുന്നു എന്നതിനാലും ആഗോളതലത്തിൽ തന്നെ ഹിജാബിനെതിരെ മുതലാളിത്തവും ഇസ്‌ലാം വിരുദ്ധരും കലിതുള്ളുന്നത് സ്വാഭാവികം മാത്രം. അതുകേട്ട് ഇസ്‌ലാമിക വസ്ത്രം പാരതന്ത്ര്യവും പിന്തിരിപ്പനുമാണ് എന്ന് ചിന്തിച്ച് അത് ഊരിയെറിഞ്ഞ് അൽപവസ്ത്രമണിയുന്നവർ അതാണ് സ്വാതന്ത്ര്യമെന്ന് മൂഢമായി ധരിക്കുകയാണ്. അവർ ആരോ പഠിപ്പിച്ചു കൊടുത്തത് ഏറ്റു പറയുക മാത്രമാണ് ചെയ്യുന്നത്. പണ്ട് ആരോ വെച്ച കെണിയിൽ പെട്ട് വാല് മുറിഞ്ഞ കുറുക്കനെ പോലെ. വാലു മുറിഞ്ഞ വേദന മറച്ചുവെച്ച് കുറുക്കൻ പറഞ്ഞത്രെ താൻ ഇപ്പോൾ പക്ഷികളെ പോലെ സ്വതന്ത്രനായെന്ന്. മനോഹരമായ വർണ്ണനകൾ കേട്ട് മറ്റൊരു കുറുക്കനും വാല് മുറിച്ചു. അതിൻ്റെ വേദനയും പ്രയാസവും ആദ്യം വാലുമുറിച്ച കുറുക്കനോട് പറഞ്ഞപ്പോൾ അത് പറഞ്ഞത്രേ. ഇത് ആരോടും പറയരുത് കാരണം മറ്റുള്ളവർ നമ്മെ കളിയാക്കും, അതുകൊണ്ട് എല്ലാവരെയും വാല് മുറിക്കാൻ പ്രേരിപ്പിക്കുന്ന വിധം സംസാരിക്കുക. അങ്ങനെ എല്ലാവരും വാലു മുറിച്ചാൽ നമുക്ക് വാലുള്ള കുറുക്കന്മാരെ കളിയാക്കാം എന്ന്.
ചുരുക്കത്തിൽ തട്ടവും തിട്ടൂരങ്ങളും എന്ന ഈ പുസ്തകം ഒരേ സമയം ഇസ്‌ലാമോഫോബിയയോടും പൊതു ബോധത്തോടുമുള്ള പോരാട്ടവും പ്രതിരോധവുമായി മാറുന്നുണ്ട്. ഫാഷിസത്തിന്റെയും വർഗീയതയുടെയും എതിർ ചേരിയിൽ നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്ന ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഈ പുസ്തകത്തിൻ്റെ കോപ്പികൾ ഇ-ബുക്ക് രൂപത്തിൽ Amazon Kindle ൽ ലഭ്യമാണ് ( https://amzn.in/d/03AsFI8U ). അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
